അന്ന് കാവിൽ വച്ച് അവൻ എന്നോട് ഉമ്മ ചോദിച്ചു, ഇരുട്ടിൽ ആരും കാണാതെ..

(രചന: Syam Varkala)

“ഇതിപ്പോ നിർത്തിയില്ലെങ്കിൽ ഞാനിപ്പോ ഈ കിണറ്റിൽ ചാടും.. സത്യം..”

പീലി വിറച്ചു കൊണ്ട് പറഞ്ഞു.
എല്ലാവരും പീലിയുടെ ഭാവം കണ്ട് അമ്പരന്നു. അവൾ കിണറിനു മുകളിൽ കയറി ഇരിക്കുകയാണ്..

ഒരു കാൽ കിണറ്റിലേയ്ക്കിട്ട്… ജോലിക്കാരിൽ ചിലർ പീലിയെ നോക്കി ചിരിക്കുന്നുണ്ടായിരു‌ന്നു

വാസ്തു വിധിപ്രകാരം കിണർമൂടാൻ ആൾക്കാർ വന്ന നേരത്താണ്
പീലിയും ഭർത്താവ് കിഷോറും
പീലി ജനിച്ച് വളർന്ന തറവാട്ടിലേയ്ക്ക് വന്നത്.

കിണർ മൂടുന്ന വിവരം കേട്ടപ്പോൾ തന്നെ പീലിയുടെ നെഞ്ച് പിടയ്ക്കാൻ തുടങ്ങി..

“വേണ്ട മിനിക്കുഞ്ഞേ…. നിങ്ങളൊക്കെ ജനിച്ചപ്പൊ തൊട്ടുള്ള കിണറല്ലേ… നമ്മളൊക്കെ ഒരുപാട് വെള്ളം കുടിച്ച കിണറല്ലേ …ചാമ്പക്കിണർ മൂടണ്ട കുഞ്ഞേ..?”

“അതിന് നീയെന്തിനാ പീലീ കരയുന്നത്..
മനുഷ്യനെ കുഴിച്ച് മൂടുന്ന കാര്യോന്നുവല്ലല്ലോ.. അവൾടൊരു ചാമ്പക്കിണർ.. ഇതേ വാസ്തുവാ… അതിന് പരിഹാരം ചെയ്തില്ലെങ്കിൽ നമ്മൾക്കെല്ലാർക്കും ദോഷമാ….”

പീലി കിഷോറിനെ നോക്കി. കിഷോർ ഞാനെന്ത് ചെയ്യാനാ എന്ന ഭാവത്തിൽ ചുണ്ട് മലർത്തിക്കാട്ടി.
പീലി വേദനയോടെ ചാമ്പക്കിണറിനെ നോക്കി.

കിണറിനടുത്തായുണ്ടായിരുന്ന ചാമ്പമരം മുറിച്ച് മാറ്റിയിരിക്കുന്നു.
കുളിമുറിയും കുളിമുറിയോട് ചേർന്നുണ്ടായിരുന്ന തിട്ടയും ഇടിച്ചു പൊളിച്ചിട്ടിരിക്കുന്നു..ആ തിട്ടയിലിരു‌ന്നായിരു‌ന്നു ചാമ്പയും കടിച്ച് തിന്ന് പീലി പഠിച്ചിരുന്നത്.

ചാമ്പക്കിണറെന്ന് പേരിട്ടത് പീലിയായിരുന്നു. കുഞ്ഞിലേ കിണറ്റിൽ കരയിയിൽ നിർത്തി അമ്മ കുളിപ്പിക്കവേ

“നാണമാകുന്നു മേനി നോവുന്നുവെന്ന് പാട്ട് പാടിയതും…പെൺകുട്ട്യോള് പാടേണ്ട പാട്ടല്ലതെന്ന് പറഞ്ഞ് അമ്മ കണ്ണരുട്ടിയതും…ഒക്കെ..ഒക്കെ അവളോർത്തു …

അതാ ഒരാൾ ഒരു കുട്ട നിറയെ മണ്ണ് കിണറ്റിലേയ്ക്കിടുന്നു. പീലിക്ക്‌ ശ്വാസം മുട്ടും പോലെ തോന്നി അവളുടെ കാതിൽ ചാമ്പക്കിണറിലെ വെള്ളത്തിന്റെ നിലവിളി കേട്ടു.. പീലി ചെവി പൊത്തി… പിന്നെയൊരോട്ടമായിരുന്നു..

ആര് പറഞ്ഞിട്ടും പീലി അനങ്ങിയില്ല..
ഒടുവിൽ രണ്ടും കൽപ്പിച്ച് കിഷോർ അടുത്ത് ചെന്ന് പീലിയെ കടന്നു പിടിച്ചു. അവൾ അവനോട് കെഞ്ചിപ്പറഞ്ഞു….

“ചാമ്പക്കിണർ മൂടല്ലേന്ന് പറ കിഷോ….പ്ലീസ്…” പീലി മിനിക്കുഞ്ഞയെ നോക്കി ..

“കിണർ മൂടല്ലേ കുഞ്ഞേ..”

കിഷോർ അവളെ ചേർത്തു പിടിച്ചു.

“പീലീ..താനെന്തൊക്കെയാ ഈ കാട്ടുന്നേ.. നമ്മൾ നാളെ തിരിച്ച് ബാംഗ്ലൂർ പോകും … ഇന്നല്ലെങ്കിൽ നാളെ അവർ കിണർ മൂടും..അതോ നീയീ കിണറിന് കാവലിരിക്കാൻ തീരുമാനിച്ചോ..?”

പീലി കിഷോറിനെ നോക്കി.. “…എങ്കിൽ..എങ്കിലെനിക്കത് വേണം കിഷോ..അതെനിക്ക് എടുത്ത് താ…
ആ കിണറിനുള്ളിലുണ്ടത്…”

കിണറിൽ നിന്നും മുകളിലേയ്ക്കുയർന്നു വരുന്ന ഓരോ ബക്കറ്റ് ചളിയിലും പീലിയുടെ കൈകളും മിഴികളും പരതിക്കൊണ്ടേയിരുന്നു. ഒടുവിൽ..

“നിനക്കെന്താ പീലീ ഭ്രാന്ത് പിടിച്ചോ കാൽ തെറ്റി ആ കിണറ്റിലെങ്ങാനും വീണിരുന്നെങ്കിലോ..?” കിഷോർ ദേഷ്യത്തിൽ പീലിയെ നോക്കി ചോദിച്ചു കൊണ്ട് ആക്സിലേറ്ററിൽ കാലമർത്തി.

പീലി മുഖമുയർത്തിയില്ല, ഒന്നും മിണ്ടാതെ തല കുമ്പിട്ട് കൈവെള്ളയിലെ ചെളി പുരണ്ടൊരു ചുവന്ന റിബണിലേയ്ക്ക് നോക്കിയിരുന്നു. അവളുടെ സാരിയിലും, കൈകളിലും അങ്ങിങ്ങായ് ചളി‌പറ്റിയിരുപ്പുണ്ട്.

“ഹൊ..ആ ജോലിക്കാരൊക്കെ തന്റെ ഷോ കണ്ട് ചിരിച്ചതോർക്കുമ്പോ…
മനുഷ്യൻ നാറി നാണം കെട്ടു..” കിഷോർ പീലിയെ വീണ്ടും നോക്കി.

“ഈ ഒരു തുണ്ട് തുണിക്കാണോ
നീയീ ഭ്രാന്തൊക്കെ കാണിച്ചത്…
എന്ത് തേങ്ങയാ അതില്..?..”

“പ്രേമം….ന്റെ പവി.” പീലി മുഖമുയർത്തി കിഷോറിനെ നോക്കി ചിരിക്കാൻ ശ്രമിച്ചു..

“ഓഹ്….അപ്പോ അതാണ്…. പി‌ന്നെ കുറച്ചു നേരം കിഷോർ ഒന്നും മിണ്ടിയില്ല.

“എന്നോട് പങ്കു വയ്ക്കാത്തതായ് ഒന്നിമില്ലെന്നൊക്കെ പറഞ്ഞതപ്പോ കള്ളമായിരുന്നല്ലേ…?” കിഷോർ ദേഷ്യം അയഞ്ഞ് ചിരിച്ചു.

“ഒന്നുമില്ലല്ലോ ഇപ്പോ അതും അറിഞ്ഞില്ലേ.. ഇനിയിപ്പോ ചോദ്യങ്ങൾ ചോദിക്കാം ഞാൻ ഉത്തരം പറയാൻ റെഡിയാണ്..”

പീലി കൈയ്യിലെ റിബൺ മുറുകെ പിടിച്ച് ഗ്ലാസ് താഴ്ത്തി പുറത്തേയ്ക്ക് നോക്കി.

കിഷോർ അടുത്ത് കണ്ട കടയുടെ മുന്നിൽ നിർത്തി മിനറൽ വാട്ടർ വാങ്ങി
കൈയ്യിലെയും സാരിയിലെയും ചളി കഴുകിക്കളയാൻ പീലിക്ക് നേരെ നീട്ടി..

അവൾ ആദ്യം തന്നെ ആ റിബൺ വൃത്തിയാക്കി. കിഷോർ അപ്പോഴാണ് അതൊരു റിബണായിരുന്നു എന്ന് മനസ്സിലാക്കിയത്.

“കാമുകൻ ഗിഫ്റ്റ് തന്നതായിരിക്കും
ആ റിബൺ ല്ലേ..?

“അല്ല…അതെന്റെതാ..”

“പിന്നെന്താ അതിന് പ്രത്യേകത…
കിണറ്റിലൊക്കെ ചാടാനും വേണ്ടി..??”

അവൾ മുറുകെ പിടിച്ചിരുന്ന കൈവിരലുകൾ നിവർത്തി. ആ റിബണിന്റെ നടുക്കുള്ള കെട്ടഴിക്കാൻ തുടങ്ങി. അതിനുള്ളിൽ
ഒരു കുഞ്ഞ് മോതിരം.!… ഇത്രയും നാൾ ചാമ്പക്കിണറിലെ കുളിർമ്മയിൽ അവൾ ഒളിപ്പിച്ച അവളുടെ പ്രണയം…

പക്ഷേ ചാമ്പക്കിണർ ഇപ്പോൾ മരിച്ചു കൊണ്ടിരിക്കുകയാണല്ലോ എന്നോർത്ത് അവളുടെ കണ്ണുകൾ നിറഞ്ഞു. അവളുടെ കാതിൽ കിണറിന്റെ നിലവിളി മുഴങ്ങി.

“ഇതാ അവൻ തന്ന ഗിഫ്റ്റ്..!” പീലി മോതിരത്തിലേയ്ക്ക് നോക്കിപ്പറഞ്ഞു.

“കൊള്ളാല്ലോ… ഇതെപ്പോഴാ ..സ്കൂൾ ടൈം‌ ലവ്വാ…?” കിഷോറിന് രസം പിടിച്ചു.

“ഒൻപതാം ക്ലാസിൽ പഠിച്ചപ്പോ.. അവൻ ഈ മോതിരം നീട്ടിയാ എന്നെ പ്രപ്പോസ് ചെയ്തത്..ഞാൻ പേടിച്ച് ഓടിപ്പോയി… പക്ഷേ അടുത്ത ദിവസം അവനെന്നെ വഴിയിൽ തടഞ്ഞു നിർത്തി.

“പീലീ.. നിനക്കെന്നെ ഇഷ്ട്ടമാണെങ്കിൽ നീയിത് വാങ്ങണം..എന്റെ അച്ഛൻ എനിക്ക് പിറന്നാൾ സമ്മാനായി തന്ന മോതിരം വിറ്റാ ഞാനിത് വാങ്ങിയത്… നിനക്ക് വേണ്ടി..

കണ്ടില്ലേ മോതിരം കളഞ്ഞ് പോയീന്ന് പറഞ്ഞതിന് അച്ഛനെനെന്ന അടിച്ച പാടാ…” പവിത്രൻ കൈനീട്ടി അടി കൊണ്ട പാട് കാണിച്ചു കൊണ്ട് പറഞ്ഞു.

“എനിക്കാ മോതിരം വാങ്ങാതിരിക്കാനായില്ല.. അവനോട് സഹതാപം തോന്നീട്ടല്ല … എനിക്കവനെ… പവിയെ വല്ല്യ ഇഷ്ട്ടായിരുന്നു‌.” പീലി കിഷോറിനെ നോക്കി വേദനയോടെ ചിരിച്ചു.

“പവിത്രൻ …പവി.. ഒമ്പതാം ക്ലാസുകാരൻ ..സ്വർണ്ണമോതിരം കൊടുത്ത് പ്രപ്പോസിങ്ങ്…സംഗതി ക്ലീഷേയാണെങ്കിലും അന്നത്തെ കാലം വച്ചു നോക്കിയാ ഫ്രഷ് അറ്റംപ്ന്റാ…

എ‌ന്നിട്ടിതെങ്ങെനെ കിണറ്റിൽ പോയി?..”
കിഷോറിന് കഥ കേൾക്കാൻ താല്പര്യം കൂടി.

“മോതിരം കൈയ്യിൽ കിട്ടിയതും ഞാൻ വിയർക്കാൻ തുടങ്ങി.. ഇതെന്ത് ചെയ്യും.. എവിടെ ഒളിപ്പിക്കും.. ആരെങ്കിലും കണ്ടു പിടിച്ചാലോ.. ചോദിച്ചാലോ….

എന്ത് സമാധാനം പറയും… എനിക്ക് പേടിയായിട്ട് ഉറക്കം പോയി…
ഇടയ്ക്കിടെ മോതിരം ഇട്ടുവച്ച ഇൻസ്റ്റുമെന്റ് ബോക്സിൽ ഞാൻ നെടുവീർപ്പോടെ നോക്കും.

പിറ്റേന്ന് ഞായറാഴ്ച്ച… അമ്മ പല വട്ടം വന്ന് വിളിച്ചാലും എഴുന്നേൽക്കാതെ ഞാൻ ബെഡ്ഡിൽ കിടന്നു. ‘ആ കപ്പിയേളിച്ചിരി എണ്ണയിട് ബിന്ദൂ…

കരയിക്കാതെ’ അമ്മ അയലത്തെ ബിന്ദു ചേച്ചിയോട് വിളിച്ചു പറയുന്നത് കേട്ടതും ഞാൻ ചാടിയെഴുന്നേറ്റു…

പിന്നെല്ലാം പെട്ടെന്നായിരുന്നു. റിബൺ എടുത്തതും മോതിരം അതിൽ വച്ച് കെട്ടിയതും കിണറ്റിലേയ്ക്കിട്ടതും.. എല്ലാം…”

“ഹ..ഹ..ഹ….എമ്മാതിരി പേടി….
എന്നിട്ട് പിന്നെന്ത് പറ്റി കക്ഷിയിപ്പോ എവിടുണ്ട്..എത്രയാ കുട്ടികൾ..?”

കിഷോർ കണ്ണിറുക്കി ചിരിച്ച് കൊണ്ട് പീലിയെ നോക്കി. പീലി ചിരിയൊതുക്കി വിതുമ്പലടക്കി കൊണ്ട് പറഞ്ഞു…

“മരിച്ചു.”…

“ഓഹ്.‌…റിയലി…!!!..ഓഹ്..
എപ്പോ…???” കിഷോർ അതൊട്ടും പ്രതീക്ഷിച്ചില്ല‌

പീലി‌ കൈയ്യിലെ റിബൺ കൊണ്ട്
കണ്ണ് തുടച്ചു.

“അന്ന് ഞങ്ങൾ പത്താം ക്ലാസിലാ..
കിഷോറിനറിയില്ലെ വീട്ടിന് താഴെയുള്ള അപ്പൂപ്പൻ കാവ്.. അവിടുത്തെ ഉത്സവം കണ്ട് വീട്ടിലേയ്ക്ക് പോകുന്ന വഴി ….പാ മ്പ്..കടിച്ചു…”

കിഷോർ പെട്ടെന്ന് കാർ സ്ലോ ചെയ്ത്
സൈഡിൽ ഒതുക്കി..

“ഹൊ…. ഗോഡ്… പത്താം ക്ലാസിൽ പഠിക്കുമ്പോഴോ..” കിഷോർ പീലിയെ കൈനീട്ടി ചേർത്തു പിടിച്ചു. അവൾ കരയുന്നുണ്ടായിരുന്നു.

“അന്ന് കാവിൽ വച്ച് അവൻ എന്നോട് ഉമ്മ ചോദിച്ചു… ഇരുട്ടിൽ ആരും കാണാതെ എന്റെ ഇരു കവിളിലും പവി എന്നെ ഉമ്മ വച്ചു…ഞാൻ പവിയുടെയും…..

രാവിലെ ഞാൻ കണ്ടു എന്നെ ചുംബിച്ച
എന്റെ പവിയുടെ ചുണ്ടുകൾ മരവിച്ചുറങ്ങുന്നത്.. …പവിയും, ഇപ്പോൾ ചാമ്പക്കിണറും …മണ്ണിനടിലായ് കിഷോ… രണ്ടു പേരും എന്നെ വിട്ടു പോയി..

“..മതി പീലീ..നിർത്ത്… ഇതൊക്കെ മനസ്സിൽ വച്ച് നീറിയാല്ലേ നീയിത്ര കാലം എ‌‌ന്നെ സ്നേഹിച്ചത്….പറയാരുന്നില്ലേ നിനക്ക്… ഇങ്ങനെ ചേർത്തു പിടിക്കില്ലാരുന്നോ ഞാ‌ൻ അന്നേ..?

കിഷോർ പീലിയുടെ നെറ്റിയിൽ ചുംബിച്ചു.

ഇടവപ്പാതി ഭൂമിയെ കനി‌ഞ്ഞനുഗ്രഹിച്ചു… പെയ്ത് നിറഞ്ഞ് കുളിർ കോരുന്നൊരു പെരുമഴക്കാലം..
ഒരു പകലിൽ പീലിയെ അയൽ വീട്ടിലെ ബിന്ദു ചേച്ചി വിളിച്ചു.

“… പീലീ…ഒരു സന്തോഷവർത്താനണ്ട്..
മണ്ണിട്ട് മൂടി ഇന്റർലോക്കിട്ട നിന്നെ പുന്നാര ചാമ്പക്കിണറില്ലേ…അതിന്നലെ ഇടിഞ്ഞ് താഴ്ന്നെഡി മോളേ….. നെറച്ചും വെള്ളം…”

പീലിയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. ഓടിച്ചെന്ന് ഒരു തൊട്ടി വെള്ളം കോരി മുഖം പൊത്തിക്കുടിക്കാൻ തോന്നി അവൾക്ക്…

മഴക്കാലം കഴിഞ്ഞപ്പോൾ മിനിക്കുഞ്ഞ പിന്നെയും ചാമ്പക്കിണർ ആളെ നിർത്തി മൂടി., പക്ഷേ എന്നിട്ടും രക്ഷയുണ്ടായില്ല അടുത്ത ഇടപ്പാതിയിൽ കിണർ വീണ്ടും പ്രത്യക്ഷപ്പെട്ടു…

“പീലിയേ…ഞാനിതാ വീണ്ടും വന്നേന്ന്…”
അതിൽപ്പിന്നെ കുഞ്ഞ ചാമ്പക്കിണറിനോട് തോറ്റ് കിണറിന് അരഞ്ഞാണമൊക്കെ കെട്ടി
ഇരുമ്പ് വലയിട്ട് മൂടി..

പീലി ചെല്ലുമ്പോൾ മാത്രം ആ കിണർ തുറക്കും… തൊട്ടിയും കയറും ചാമ്പക്കിറിലെ നീരിനെ ഇക്കിളിപ്പെടുത്തും… തൊട്ടിയിലെ വെള്ളം അവൾ മുഖം പൊത്തി കുടിച്ച് ചിറിതുടയ്ക്കും….

അവൾക്കപ്പോൾ വർഷങ്ങളായ് ഒളിപ്പിച്ച് വച്ചിരുന്ന തന്റെ പ്രണയത്തിന്റെ സ്വാദ് നാവിലൊട്ടും.. ഹൃദയം മുട്ടും…

മിനിക്കുഞ്ഞയുടെ ദേഷ്യം കൊണ്ട് വീർത്ത മുഖത്ത് നോക്കി ഏമ്പക്കം വിടും…

Leave a Reply

Your email address will not be published. Required fields are marked *