കല്യാണം ഉറപ്പിച്ചു എന്ന് കേട്ടപ്പോൾ പേടിയായിരുന്നു, അമ്മയുടെ ജീവിതം മുന്നിൽ ഉള്ളത് കൊണ്ട്..

ഇത്ര മാത്രം
(രചന: സൃഷ്ടി)

” നിനക്കീ നെയിൽ പോളിഷ് ഒന്ന് മുഴുവൻ ഇട്ടൂടെ.. അല്ലെങ്കി ഇതങ്ങു റിമൂവ് ചെയ്തൂടെ.. ” നീന ചോദിച്ചപ്പോൾ സുരഭി ജാള്യതയോടെ കാലുകൾ ഒളിപ്പിക്കാൻ നോക്കി.

” അതുപോലെ ഒന്ന് ഐബ്രോ ഒക്കെ ത്രെഡ് ചെയ്ത്.. നന്നായി നടന്നൂടെ നിനക്ക്.. ഇതൊരു മാതിരി തല മുഴുവൻ എണ്ണയും, അവളുടെ ഒരു സാരിയും ഏതോ അമ്മായി വന്ന പോലെ ഉണ്ട്.. ”

നീന സുരഭിയെ ദേഷ്യത്തോടെ നോക്കി.. സുരഭി നേർമയായി ചിരിച്ചതേയുള്ളൂ.. നീനയ്ക്ക് അതിശയമായിരുന്നു..

” നീ വല്ലാതെ മാറിപ്പോയി.. ”

നീന പറഞ്ഞപ്പോൾ സുരഭി പിന്നെയും ചിരിച്ചു.. നീനയുടെ കളർ ചെയ്ത മുടിയിലും, അവളുടെ ഭംഗിയായി ഷേപ്പ് ചെയ്ത പുരികങ്ങളിലും, അവൾ ധരിച്ചിരിക്കുന്ന ഉടുപ്പിലും സുരഭിയുടെ കണ്ണുകൾ ഓടി നടന്നു.. ശരിയാണ്.. മാറിയത് താൻ മാത്രമാണ്..

നീനയും സുരഭിയും ഒന്നിച്ചു പഠിച്ചവർ ആണ്.. ഡിഗ്രി വരെ ഒരൊറ്റ ആത്മാവായി കഴിഞ്ഞിരുന്ന സുഹൃത്തുക്കൾ..

ഡിഗ്രി കഴിഞ്ഞതോടെ ഒരു ബിസിനസുകാരനായ രാജീവിനെ വിവാഹം ചെയ്ത് സുരഭി അയാളുടെ ഭാര്യ എന്ന പദവിയിൽ മറഞ്ഞു.

നീന വീട്ടിലെ സാഹചര്യം കാരണം പിന്നെയും പഠിച്ചു ജോലി നേടി അടുത്ത കാലത്തായി വിവാഹം കഴിഞ്ഞിട്ടേ ഉള്ളൂ. പ്രണയവിവാഹമായിരുന്നു..

ദീർഘ നാളായി കാണാതിരുന്ന സുഹൃത്തുക്കൾ അവസാനം നീനയുടെ നിർബന്ധത്തിന് വഴങ്ങി അവളുടെ വീട്ടിലേക്ക് വന്നതാണ്.. നീനയും ഭർത്താവ് റോയിയും ചേർന്ന് സുരഭിയുടെ ഭർത്താവ് രാജീവിനെ നേരിട്ട് വിളിച്ചാണ് സമ്മതിപ്പിച്ചത്..

അഞ്ചു വർഷങ്ങൾ കൊണ്ട് സുരഭി വല്ലാതെ മാറിയതായി നീനയ്ക്ക് തോന്നി.. ഒരുപാട് പ്രായം ചെന്ന പോലെ.. പഴയ കുസൃതിയും ചിരിയും കലപില സംസാരവും ഇല്ലാത്ത സുരഭിയെ നീനയ്ക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല..

സുരഭിയാവട്ടെ വന്നതു മുതൽ തന്നെ മൂന്നര വയസ്സുള്ള മൂത്ത മകന്റെ പിന്നാലെ ആയിരുന്നു.. അവനൊന്ന് ഉറങ്ങിയപ്പോളാണ് ഒന്ന് സംസാരിക്കാൻ പറ്റിയത്..

അതുവരെ അമ്മക്കുട്ടിയായ മകനെ പറ്റിയുള്ള സംസാരം മാത്രമേ അവൾക്കുണ്ടായിരുന്നുള്ളൂ..

സച്ചുവിന്റെ വാശി.. സച്ചുവിന്റെ കളികൾ.. സച്ചുവിന്റെ ശീലങ്ങൾ.. കുറുമ്പുകൾ.. അങ്ങനെ അങ്ങനെ.. അവളുടെ ലോകത്ത് മറ്റാരുമില്ലെന്ന് നീനയ്ക്ക് തോന്നി..

” നീനാ… ഫുഡ്‌ കഴിച്ചാലോ! ”

ലിവിങ് റൂമിൽ നിന്നും റോയ് വിളിച്ചു ചോദിച്ചപ്പോൾ നീനയും ഒപ്പം സുരഭിയും എണീറ്റു.. സുരഭി രണ്ടു മൂന്ന് തലയണകൾ കൊണ്ട് സച്ചുവിന് ചുറ്റും തട വെക്കുന്നതും, പിന്നെയും പിന്നെയും നോക്കി ഉറപ്പു വരുത്തുന്നതും നീന ശ്രദ്ധിച്ചു..

രാജീവ്‌ ഗൗരവക്കാരനായിരുന്നു.. എന്നാൽ പരുക്കൻ ഒന്നുമല്ല താനും.. സംസാരപ്രിയനായ റോയിച്ചന്റെ സംസാരങ്ങളിൽ ചുരുങ്ങിയ വാക്കുകളും ഇടയ്ക്ക് നേർത്ത ചിരിയുമായി അയാൾ പങ്കു ചേർന്നു..

കഴിക്കാൻ വന്നപ്പോൾ സുരഭി തന്നെ രാജീവിന് വിളമ്പി കൊടുത്തു.. അതിനു ശേഷം മാറി നിന്ന സുരഭിയെ നീന നിർബന്ധിച്ചു ഇരുത്തി..

എല്ലാവരും സന്തോഷത്തോടെ കഴിച്ചു.. കഴിക്കുന്നതിനിടയിലും സുരഭി കുഞ്ഞ് ഉണരുന്നുണ്ടോ എന്ന് പലകുറി നോക്കുകയും, രാജീവിന്റെ ആവശ്യങ്ങൾ നോക്കുകയും ഒക്കെ ചെയ്യുന്നത് നീന കാണുന്നുണ്ടായിരുന്നു..

” നിനക്കിഷ്ടപ്പെട്ട ഒരു ഐറ്റം ഞാൻ സ്പെഷ്യൽ ആയി ഉണ്ടാക്കിയിട്ടുണ്ട്.. ”

എല്ലാവരും അതെന്താണെന്ന് ആകാംഷയോടെ നോക്കി.. നീന ഒരു ബൗൾ ഗുലാബ് ജാമെടുത്തു സുരഭിയുടെ നേർക്ക് നീട്ടി..

സുരഭിയുടെ മുഖം സന്തോഷം കൊണ്ട് വിടരുന്നത് നീനയെക്കാളും റോയിയെക്കാളും കൗതുകത്തോടെ നോക്കിയത് രാജീവ്‌ ആയിരുന്നു..

അവൾക്ക് അങ്ങനെ ഒരു ഇഷ്ടമുണ്ടായിരുന്നോ എന്നയാൾ ആലോചിച്ചു.. ഇതുവരെ അങ്ങനെ ഒന്ന് കഴിച്ചു കണ്ടിട്ടില്ല.. ചോദിച്ചും കേട്ടിട്ടില്ല..

അല്ലെങ്കിൽ തന്നെ അവൾക്ക് എന്തെങ്കിലും ഇഷ്ടങ്ങൾ ഉണ്ടായിരുന്നുവോ? താനത് ചോദിച്ചിട്ടും ഇല്ലാലോ.. അവൾ പറഞ്ഞിട്ടുമില്ല.. അയാൾ ആദ്യമായി ഓർത്തു..

” കേട്ടോ രാജീവ്‌.. ഞങ്ങളുടെ  കൂട്ടത്തിൽ ഉള്ള എല്ലാവരിലും വെച്ച് ഈ സുരഭിയായിരുന്നു എന്റെ ബെസ്റ്റ് ഫ്രണ്ട് .. ക്ലാസ്സിൽ ഇരുന്ന് വർത്തമാനം പറഞ്ഞതിന് എത്ര വഴക്ക് കേട്ടിട്ടുണ്ട് എന്നറിയാമൊ? കുറേ പഴങ്കഥകൾ ഒക്കെ ഉണ്ട് ഇവളുടെ കയ്യിൽ.. ”

നീന പൊട്ടിച്ചിരിച്ചു.. സുരഭി പതറിക്കൊണ്ട് രാജീവിനെ നോക്കി.. രാജീവിനു അതും ഒരു പുതിയ അറിവായിരുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ സുരഭി അങ്ങനെ സംസാരിച്ചു കണ്ടിട്ടില്ല..

മിതമായ സംസാരം അതും പതിഞ്ഞ ശബ്ദത്തിൽ.. മോനുണ്ടായ ശേഷം അവനോട് ഓരോന്ന് പറഞ്ഞു ചിരിക്കുന്നത് കാണാം.. അതായിരുന്നു അവൾ..

” അന്നൊക്കെ ഇവളെന്ത് സുന്ദരി ആയിരുന്നു എന്നറിയാമോ? നന്നായി ഒരുങ്ങിയേ കോളേജിൽ വരുള്ളൂ.. ഡ്രെസ്സിനു മാച്ച് ചെയ്ത കളർ പൊട്ടും, കുപ്പിവളയും..

ആള് ഭയങ്കര ബ്യൂട്ടി കോൺഷ്യസും ആയിരുന്നു.. സുരഭി അടുത്ത് വന്നാൽ തന്നെ ഒരു പ്രത്യേക സുഗന്ധം ആയിരുന്നു.. ഞങ്ങളൊക്കെ പറയും അറിഞ്ഞിട്ട പേരാണ് സുരഭി എന്നൊക്കെ ”

നീന ഓർമകളിൽ ആയിരുന്നു.. ആ ഓർമ്മകൾക്കിടയിൽ സുരഭി അവൾ എന്നോ മറന്നുപോയ അവളെ തന്നെ തിരയുമ്പോൾ, അന്നോളം താൻ അറിയാതെ പോയ ഒരാളെ അറിയുകയായിരുന്നു രാജീവ്‌..

” അന്ന് സുരഭിയ്ക്ക് കുറേ ഫാൻസും ഉണ്ടായിരുന്നു കേട്ടോ.. കത്തുകളും, പൂക്കളും ഒക്കെ കുറേ വന്നിട്ടുണ്ട്.. ഇവള് പിന്നെ ആർക്കും പിടി കൊടുത്തില്ല ”

നീന ഉറക്കെ ചിരിച്ചപ്പോൾ സുരഭിയുടെ കണ്ണുകൾ രാജീവിന്റെ മുഖത്തായിരുന്നു.. അവിടെ കണ്ട ഭാവം എന്താണെന്ന് അവൾക്ക് മനസ്സിലായില്ല. എങ്കിലും വല്ലാത്തൊരു ഭീതി അവളിൽ ഉടലെടുത്തു.

” ഈ സുരഭി തന്നെയല്ലേ അന്നൊക്കെ മാഗസിനിൽ കവിത എഴുതിയിരുന്നത്?”

എന്തോ ഓർത്ത പോലെ റോയ് ചോദിച്ചു..  റോയിയും അതേ കോളേജിലായിരുന്നു പഠിച്ചത്..

നീന അതെപ്പറ്റി പറഞ്ഞതും അകത്തേ മുറിയിൽ നിന്നും സച്ചുമോന്റെ കരച്ചിൽ ഉയർന്നു.. സുരഭി ഓടി മുറിയിലേക്ക് പോയി.. മറ്റുള്ളവർ പിന്നെയും സംസാരം തുടർന്നു..

സുരഭി തന്നെയായിരുന്നു സംസാരവിഷയം, നീനയും റോയിയും പറയുന്ന സുരഭി തനിക്ക് അപരിചിതയാണെന്ന് രാജീവിന് തോന്നി.. ആ സുരഭിയെ തനിക്കറിയില്ല എന്നയാൾക്ക് തോന്നി.  എന്തുകൊണ്ടോ അയാളുടെ കണ്ണിൽ പല കുറി കണ്ണീർ പൊടിഞ്ഞു..

മടക്കയാത്രയിൽ സുരഭിയുടെ മനസ്സ് ആകെ കലങ്ങിയിരുന്നു.. നീനയെ കണ്ട് മടങ്ങിയതിന്റെ വിഷമവും ഒപ്പം രാജീവിന്റെ പ്രതികരണങ്ങളും അവളെ അസ്വസ്ഥയാക്കി.

പതിവുള്ളതെങ്കിലും കാറിൽ തളം കെട്ടി നിന്ന മൗനം അവളെ വീർപ്പു മുട്ടിച്ചു..

” കാതിൽ തേൻ മഴയായ് പാടൂ കാറ്റേ കടലേ..”

കാറിലെ സ്റ്റീരിയോയിൽ നിന്നു പാട്ടുയർന്നപ്പോൾ അവൾ ഞെട്ടിക്കൊണ്ട് രാജീവിനെ നോക്കി..

ആള് ഡ്രൈവിങ്ങിൽ ശ്രദ്ദിച്ചിരിക്കുകയാണ്.. സുരഭി  മകനെ ചേർത്തു പിടിച്ചു കൊണ്ട് കണ്ണുകൾ പുറത്തേക്ക് പായിച്ചു.. രാജീവിന്റെ കണ്ണുകളിൽ വിരിഞ്ഞൊരു ചിരി അവൾ കണ്ടില്ല..

വീട്ടിൽ എത്തിയപ്പോളേക്കും സന്ധ്യ ആയിരുന്നു.. ദൃതി കൂട്ടി അവൾ കാറിൽ നിന്നിറങ്ങുന്നതും അകത്തേക്ക് ഓടുന്നതുമൊക്കെ ആദ്യമായി രാജീവ് ശ്രദ്ധിച്ചു..

കുഞ്ഞിനെ അകത്തേ മുറിയിൽ കിടത്തി ദൃതിയിൽ തന്നെ കയ്യും മുഖവും ഒക്കെ കഴുകി അവൾ വിളക്ക് കൊളുത്തി. അടുക്കളയിലേക്ക് ഓടിപ്പോയി ചായയ്ക്ക് വെള്ളം വെച്ചപ്പോളേക്കും പിന്നിൽ നിന്നുവന്ന ഒരു കൈ ഗ്യാസ് ഓഫാക്കി..

അവൾ ഞെട്ടിക്കൊണ്ട് നോക്കി.

” നിനക്കിപ്പോൾ ചായ വേണോ? ”

രാജീവ്‌ സ്വല്പം ഗൗരവത്തോടെ ചോദിച്ചു..

” എനിക്കല്ല.. ഞാൻ ഏട്ടനിപ്പോൾ ”

” എനിക്ക് വേണ്ടി വെക്കേണ്ട.. ”

രാജീവ്‌ അടുക്കളയിൽ നിന്നു പുറത്തേക്ക് നടന്നപ്പോൾ സുരഭി അങ്ങനെ തന്നെ നിന്നു.

” രാത്രി കഴിക്കാൻ എന്താ?? ”

” ചോറ് വെക്കാം.. പിന്നെ വെണ്ടയ്ക്ക കറി ഉണ്ടാക്കാം.. മുട്ടയുണ്ട്.. അത് പൊരിക്കാം.. പപ്പടവും അച്ചാറും ഉണ്ട്.. ”

അവൾ പരിഭ്രമത്തോടെ തന്നെ പറഞ്ഞു, ഈ ചോദ്യമൊന്നും പതിവില്ലാത്തതാണ്..

” അപ്പൊ മോന് കൊടുക്കാൻ വൈകില്ലേ? ”

” അവന് ഗോതമ്പു ദോശ ഉണ്ടാക്കാം ചട്ണി അരക്കാം ”

” എന്നാ പിന്നെ മാവുണ്ടെങ്കിൽ നമുക്കും അത് പോരെ? ”

അവൾ യാന്ത്രികമായി തലയാട്ടി.. രാജീവ്‌ പോയപ്പോളും അവളാകെ ചിന്തയിൽ ആയിരുന്നു.. ദൃതിയിൽ മാവ് കലക്കി ദോശ ചുട്ട്, ചട്ണിയും അരച്ച് കുഞ്ഞിനെ എടുക്കാൻ ചെന്നപ്പോൾ അവിടെ കണ്ട കാഴ്ച്ചയിൽ അവൾ തറഞ്ഞു നിന്നു..

മോനെ മേലൊക്കെ കഴുകിച്ചു പുതിയ ഉടുപ്പൊക്കെ ഇടീപ്പിച്ചിട്ടുണ്ട്.. ഇട്ടിരിക്കുന്ന ബനിയൻ ഒക്കെ നനഞ്ഞു രാജീവും ഉണ്ട്. മുഖത്ത് നല്ല ചിരിയാണ്.

” ആകെ നനച്ചു എന്നെ.. കുറുമ്പൻ ” തന്നെ കടന്നു പോയ രാജീവിനെ സുരഭി ആദ്യമായെന്ന പോലെ നോക്കി.  അല്ലാ.. ആദ്യമാണ്.. ഇതൊക്കെ ആദ്യമാണ്..

അന്ന് ആ വീട്ടിൽ മൊബൈൽ നോട്ടിഫിക്കേഷനുകൾ ഇടതലവില്ലാതെ  കേട്ടില്ല.. ടീവിയിൽ ചാനൽ ചർച്ചകൾ മാറി മാറി ഉറക്കെ മുഴങ്ങിയില്ല.. പകരം ഒരു അച്ഛന്റെ വാത്സല്യം നിറഞ്ഞ കൊഞ്ചിക്കലുകൾ മാത്രം നിറഞ്ഞു നിന്നു. അത്‌ കണ്ട് സുരഭി നിശ്ശബ്ദയായി..

ഭക്ഷണം കഴിഞ്ഞ് കുഞ്ഞിന് കൊച്ചു ടീവി വെച്ചു കൊടുത്ത് രാജീവ്‌ കഴിക്കാനിരുന്നു.. മോന്റെ അടുത്തേക്ക് പോകാനാഞ്ഞ സുരഭിയെ അയാൾ തടഞ്ഞു.

” അവൻ അത് കാണുകയല്ലേ.. നീ ഭക്ഷണം കഴിക്കൂ.”

സുരഭി വിട്ടുമാറാത്ത ഞെട്ടലോടെ തന്നെ കഴിക്കാനിരുന്നു.. ഇതെന്താണ് പറ്റിയതെന്ന ചിന്ത അവളുടെ ഉള്ളിനെ മദിച്ചു കൊണ്ടിരുന്നു.. പക്ഷേ.. മുഖമുയർത്തി രാജീവിനെ നോക്കാനോ എന്തെങ്കിലും ചോദിക്കാനോ അവൾക്ക് ധൈര്യം ഉണ്ടായില്ല..

അടുക്കളയിൽ ബാക്കിയുള്ള പണികൾ തീർക്കുമ്പോളും, കുളിക്കുമ്പോളും ഒക്കെ സച്ചു രാജീവിനോടൊപ്പം ആയിരുന്നു.. സുരഭി എല്ലാം കഴിഞ്ഞു വന്നപ്പോളേക്കും മോൻ ഉറങ്ങിക്കഴിഞ്ഞു.

” ഇവനെ കിടത്തിക്കോ.. ഞാനൊന്നു കുളിക്കട്ടെ.. ”

കുഞ്ഞിനെ കിടത്തി ഒപ്പം കിടന്ന സുരഭിയുടെ മനസ്സിൽ നൂറായിരം ചോദ്യങ്ങളും ഉണ്ടായിരുന്നു.. അതോടൊപ്പം ഉള്ളിനെ വിറങ്ങലിപ്പിക്കുന്ന ഭയവും..

തൊട്ടടുത്തായി രാജീവ്‌ വന്നു കിടന്നത് സുരഭി അറിഞ്ഞു.. അയാളുടെ കൈ അവളുടെ ദേഹത്തെ ചുറ്റിയടുപ്പിച്ചപ്പോൾ, അയാളുടെ ദേഹത്തിന്റെ തണുപ്പ് അവളിലേക്കും പടർന്നു.

” എന്തേ.. ഒരിഷ്ടങ്ങളും എന്നോട് പറഞ്ഞില്ല?? ”

കാറ്റുപോലെ നേർത്ത രാജീവിന്റെ സ്വരം സുരഭിയുടെ കാതിനെ പൊള്ളിച്ചു.. അവൾ ഒന്നും മിണ്ടാഞ്ഞപ്പോൾ അയാൾ അവളെ തന്റെ നേർക്ക് കിടത്തി.. താണുപോയ മുഖം തന്റെ ചൂണ്ടുവിരലാൽ ഉയർത്തി..

” പറ. ഇഷ്ടമല്ലാഞ്ഞിട്ടാണോ?? ”

രാജീവിന്റെ സ്വരത്തിലെ പരിഭവം അറിഞ്ഞു അവൾ പിടഞ്ഞു കൊണ്ട് അവനെ നോക്കി..

” അല്ലാ.. അങ്ങനെയല്ല.. പേടിച്ചിട്ടാ.. ”

” എന്നെയോ?? ഞാൻ എന്തു ചെയ്തു പേടിക്കാൻ?? ”

രാജീവ്‌ ഇത്തിരി ദേഷ്യത്തോടെ, അതിലേറെ ആകാംഷയോടെ ചോദിച്ചു, അവൾ അവന്റെ കൈകളിൽ നിന്നെണീറ്റു.. പിന്നാലെ അവനും.

” അത്.. അച്ഛൻ അങ്ങനെ ആയിരുന്നു. അമ്മയെ അടിക്കും.. അമ്മയുടെ ശബ്ദം പൊന്തിയാൽ.. അമ്മ ചിരിച്ചാൽ..

നല്ല ഡ്രസ്സ് ഇട്ടാൽ.. ഒരുങ്ങിയാൽ ഒക്കെ അമ്മയെ അടിക്കും.. കേട്ടാൽ അറപ്പ് തോന്നുന്ന ചീത്ത പറയും.. അമ്മയ്ക്ക് ഇഷ്ടങ്ങളൊന്നും ഇല്ലായിരുന്നു.. എനിക്കും. സ്വപ്‌നങ്ങൾ കാണാൻ പേടിയായിരുന്നു . ”

അവൾ വിക്കി വിക്കി പറഞ്ഞപ്പോൾ രാജീവ്‌ അമ്പരപ്പോടെ കേട്ടിരുന്നു. എപ്പോളും ഗൗരവത്തോടെ കാണുന്ന സുരഭിയുടെ അച്ഛനെയും, സാധുവായ അവളുടെ അമ്മയെയും അവൻ ഓർത്തു..

” കോളേജിൽ പഠിച്ച മൂന്ന് വർഷം അപ്പച്ചിയുടെ വീട്ടിൽ ആയിരുന്നു നിന്നിരുന്നത്. അച്ഛന്റെ കാര്യങ്ങൾ ഒക്കെ അറിയുന്നത് കൊണ്ട് അപ്പച്ചിയ്ക്ക് എന്നോട് പ്രത്യേക ഇഷ്ടമായിരുന്നു..

ഇഷ്ടമുള്ള ഡ്രസ്സ് ഇടീപ്പിച്ചും, ഒരുക്കിയും ഒക്കെ നടത്തും.. ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ ഉണ്ടാക്കി തരും. അവിടെ ജീവിച്ച ആ മൂന്നു വർഷമാണ് ശരിക്കും പറഞ്ഞാൽ ഞാൻ ജീവിച്ചത്.. ”

സുരഭി ഒന്ന് തേങ്ങി..

” കല്യാണം ഉറപ്പിച്ചു എന്ന് കേട്ടപ്പോൾ പേടിയായിരുന്നു.. അമ്മയുടെ ജീവിതം മുന്നിൽ ഉള്ളത് കൊണ്ട്.. കല്യാണം കഴിഞ്ഞു പോരുമ്പോൾ ഇനി സ്വന്തമെന്നു കരുതി അങ്ങോട്ട് ചെല്ലരുത് എന്ന് അച്ഛൻ പറഞ്ഞിരുന്നു..

പിന്നെ രാജീവേട്ടനെ സന്തോഷിപ്പിക്കാനും തൃപ്തിപ്പെടുത്താനും ഒക്കെ എന്നെ കൊണ്ട് കഴിയും പോലെ നോക്കി.. എന്റെ അമ്മയെ പോലെ.. ഞാൻ അമ്മയായി മാറുകയായിരുന്നു.. ”

പൊട്ടികരഞ്ഞ സുരഭിയെ രാജീവ്‌ നെഞ്ചോട് ചേർത്തു പിടിച്ചു നെറുകയിൽ മുകർന്നു. അയാളുടെ കണ്ണുകളും നിറഞ്ഞു തൂവിയിരുന്നു..

” ചെറുപ്പത്തിൽ തന്നെ അമ്മ ഇല്ലാതെ വളർന്ന ഒരുത്തൻ.. പെങ്ങന്മാരോ കൂട്ടുകാരോ ഇല്ലാത്ത ഒരുത്തൻ.. അച്ഛനും പോയി തനിച്ചായപ്പോൾ ഒറ്റയ്ക്ക് ജീവിച്ചവൻ. ഒരു കൂട്ട് വേണമെന്ന് തോന്നി..
അങ്ങനെ കിട്ടിയതാണ് നിന്നെ.. കുറേ മോഹിച്ചിട്ട് തന്നെ ”

സുരഭി അവനെ തല ഉയർത്തി നോക്കി..

” പിന്നെ പെണ്ണിന് പേടി കൂടുതലാണ്.. സംസാരം കുറവാണ് എന്നൊക്കെ പറഞ്ഞത് കൊണ്ട് അടുക്കാൻ മടി.. പിന്നെ ഒറ്റയ്ക്ക് ചെയ്തതൊക്കെ ഭാര്യ ചെയ്തു തന്നപ്പോൾ അത് തന്നൊരു സുഖം..

പിന്നെ എല്ലാ അർത്ഥത്തിലും ഒന്നായിട്ടും നീ കാണിച്ച മൗനം.. ആകെ മടുപ്പ് തോന്നിപ്പോയി.. മോൻ കൂടി വന്നതോടെ നീ അവനിലേക്ക് മാത്രമായി ഒതുങ്ങി..

ഞങ്ങൾക്കിടയിൽ വരാൻ എന്തോ മടി.. അതെനിക്കും തോന്നി.. എന്റെ ഭാഗത്തും തെറ്റുണ്ട്.. നീ എന്നോട് ക്ഷമി.. ” പറഞ്ഞു തീരും മുൻപ് അവളവന്റെ വാ പൊത്തി.. അരുതെന്നു കാണിച്ചു.. രാജീവ്‌ അവളെ ഇറുക്കെ പുണർന്നു.

” കഴിഞ്ഞതൊക്കെ പോട്ടെ.. ഇനി നമുക്ക് ഒന്നീന്നു തുടങ്ങാം.. ” കുസൃതിചിരിയോടെ രാജീവ്‌ പറഞ്ഞപ്പോൾ സുരഭി അവനോട് ഒന്നുകൂടി ചേർന്നു നിന്നു.

ഇഷ്ടങ്ങളും സ്വപ്നങ്ങളും ആശകളുമൊക്കെ പങ്കുവെച്ച രാത്രിയ്ക്ക് നല്ല മധുരമായിരുന്നു.. പ്രണയത്തിന്റെ മധുരം..

Leave a Reply

Your email address will not be published. Required fields are marked *