ഏട്ടന്റെ കല്യാണവാർത്ത അറിഞ്ഞപ്പോൾ നെഞ്ചിടിപ്പ് കൂടി, നാട്ടിൽ വരാനുള്ള മടി..

ഹൃദയത്തിലെന്നും
(രചന: സൃഷ്ടി)

ഇളംനീല കർട്ടനുകൾ വകഞ്ഞു മാറ്റി ജനാല തുറന്നിട്ടപ്പോൾ ഒരു കുഞ്ഞിളം കാറ്റ് അകത്തേക്ക് കയറി..!ആ കാറ്റിനു ചെമ്പകപ്പൂവിന്റെ മണമാണെന്ന് തോന്നി..

” നിന്റെ മുടിയ്ക്ക് ചെമ്പകപ്പൂവിന്റെ മണമാണ് പെണ്ണേ ”

” ഒന്ന് പോയെ.. ചെക്കന്റെ കൊഞ്ചല് ”

കിലുകിലെ ചിരിച്ചു കൊണ്ട് ഓടുന്ന ഒരുവൾ.. അവളുടെ പാദസരത്തിന്റെ കിലുക്കം.. മുടിയിലെ കാച്ചെണ്ണയുടെ മണം..

ഓർമകൾ ആഞ്ഞു പുൽകിയപ്പോൾ ജനാല കൊട്ടിയടച്ചു.. കണ്ണുകൾ നിറഞ്ഞു വന്നു.. അത് ആരും കാണാതെ തുടച്ചു കളഞ്ഞു..!

” പവീ … ”

താഴെ നിന്ന് വല്യമ്മ വിളിക്കുന്ന ശബ്ദം കേട്ടപ്പോൾ മുഖമൊന്നു അമർത്തി തുടച്ചു അങ്ങോട്ട് ചെന്നു..! വല്യമ്മയും അപ്പച്ചിമാരും അമ്മായിയും ഒക്കെ കൂടി താഴെ എത്തിയിട്ടുണ്ട്..

താൻ വന്നുവെന്ന് അറിഞ്ഞിട്ടുള്ള വരവാണ്.. ! അവരുടെ ഇടയിൽ ചെന്നു നിൽക്കുന്നത് കഷ്ടമാണ്.. എന്നാലും പോകാതെ തരമില്ല..!

” എന്നാലും എന്റെ പവീ.. എത്ര കാലായി നിന്നെ ഒന്ന് കണ്ടിട്ട്!”

അപ്പച്ചി തുടക്കമിട്ടു..

” നിന്റെ അമ്മേടെ സങ്കടമെങ്കിലും ഒന്ന് കാണണ്ടേ കുട്ട്യേ.. നാലഞ്ച് കൊല്ലായിട്ട് വീട്ടില് കടക്കാതെ അന്യനാട്ടില് നില്ക്കാ ന്നു പറഞ്ഞാ.. ”

” പറഞ്ഞാൽ ഒന്നുല്ല്യ അമ്മായീ..! ”

അമ്മായിയെ പറഞ്ഞു തീർക്കാൻ സമ്മതിക്കാതെ ഏട്ടൻ ഇടയ്ക്ക് കയറിയപ്പോൾ ഞെട്ടിപ്പോയി..!

” എന്റെ പവിക്കുട്ടന് നല്ലൊരു ജോലി കിട്ടി.. അവൻ അതിനു പോയി.. നാട്ടിൽ വരാൻ ഒഴിവു കിട്ടിയില്ല.. അതുകൊണ്ട് വന്നില്ല..

അവൻ ഫോൺ വിളിക്കാറുണ്ടല്ലോ! വിശേഷം അറിയാറുമുണ്ട്.. ഇപ്പൊ അവന്റെ ഏട്ടന്റെ കല്യാണം ആയി.. അപ്പോൾ ലീവ് എടുത്തു വന്നു.. ഇതിൽ ഇത്ര പറയാൻ എന്തിരിക്കുന്നു!!”

” അതല്ല… എന്നാലും ”

” ഒരെന്നാലുമില്ല.. നിങ്ങള് ചായ കുടിക്ക്.. ചായ തണുക്കും ”

ഏട്ടന്റെ സംസാരം ഇഷ്ടപ്പെടാഞ്ഞിട്ടോ എന്തോ പിന്നെ അധികമാരും ഒന്നും പറഞ്ഞില്ല.. കുറച്ചു നേരം അവിടെ നിന്ന ശേഷം മെല്ലെ പുറത്തിറങ്ങി..

പടിഞ്ഞാറേ തൊടിയിൽ ചെന്നു നിന്നു.. ദൂരെ പാടത്തിന്റെ അക്കരെയുള്ള കാവ് കണ്ടപ്പോൾ ഓർമ്മകൾ അങ്ങനെ തെളിഞ്ഞു വന്നു.. വെറും ഓർമ്മകളല്ല.. അവളുടെ നനുത്ത ഓർമ്മകൾ..

എന്റെ അമ്മു.. അവളിപ്പോ എവിടെയാവും?? വെറുത്തു കാണുമോ?? മറന്നു കാണുമോ?? വല്ലാത്തൊരു നൊമ്പരം നെഞ്ചിൽ കൂടു കൂട്ടി..

പവൻ എന്ന എന്റെ ജീവിതത്തിലെ ഒരേയൊരു പ്രണയമായിരുന്നു അവൾ.. അമൃത.. എന്റെ അമ്മു..

അധ്യാപകരായ അച്ഛന്റെയും അമ്മയുടെയും ഇളയ മകനായിരുന്നു താൻ. ഏട്ടനേക്കാൾ ഒത്തിരി ഇളയത് ആയതുകൊണ്ട് ആവശ്യത്തിൽ കൂടുതൽ സ്നേഹവും പരിഗണനയും കിട്ടിയാണ് വളർന്നത്..

മറ്റൊരു തരത്തിൽ തന്നോടുള്ള വാത്സല്യം നിമിത്തം അന്ധരായിരുന്നു അവർ..

അതിരു കവിഞ്ഞ ആ സ്നേഹവും ലാളനയും പക്ഷേ വിപരീതമായിട്ടാണ് തന്നിൽ പതിച്ചത്.. പ്ലസ്ടു കഴിഞ്ഞു എഞ്ചിനീയറിംഗ് കോളേജിൽ ചേർന്നതോടെ ജീവിതം തീർത്തും മാറുകയായിരുന്നു.. കൂട്ടുകാര്..

അവരോടൊപ്പമുള്ള സന്തോഷങ്ങൾ.. ആവശ്യത്തിന് പണം… വീട്ടിൽ നിന്നുള്ള അമിതമായ വാത്സല്യം.. വിശ്വാസം.. എല്ലാം കൊണ്ടും അനുകൂലമായ സാഹചര്യം..

പക്ഷേ ആ സമയം തന്നിലത്രയും ലഹരി നിറയുകയായിരുന്നു..

പഠിക്കാനെന്ന പേരിൽ താമസം കൂട്ടുകാരോടൊപ്പം ആക്കിയതോടെ വല്ലപ്പോളും ഉണ്ടായിരുന്ന പു കവലിയും മ ദ്യപാനവും ഒക്കെ ഏറെക്കുറെ സ്ഥിരമായി..

കൂട്ടത്തിൽ ചതിയൻ പച്ചയുടെ കട്ടിപ്പുകച്ചുരുളുകളിൽ മുന്നോട്ടുള്ള വഴി തന്നെ അവ്യക്തമാവാൻ തുടങ്ങിയിരുന്നു.. ആ കാലയളവിലാണ് അമ്മുവിനെ കാണുന്നത്..

നാട്ടിൽ തന്നെയുള്ള ഒരു പെൺകുട്ടി ആയിരുന്നു അവൾ.. ഒരു പാവം അമ്പലവാസി കുട്ടി.. അമ്മയുടെ ശിഷ്യ.. ചെറുപ്പത്തിൽ തന്നെ അമ്മ മരിച്ചപ്പോൾ അച്ഛന്റെ ജീവതാളം തന്നെ ആയവൾ..

അമ്പലത്തിൽ നടന്ന ഉത്സവത്തിനു താലം പിടിച്ചുകൊണ്ടു അവളെ കണ്ടപ്പോൾ ഹൃദയം നിലച്ച പോലെ തോന്നി.. അവളുടെ കരിമിഴിക്കണ്ണുകൾക്ക് തന്നോട് നൂറു കഥകൾ പറയാനുണ്ടെന്ന് തോന്നി..!

അവളുടെ വിടർന്നു നീണ്ട ചുരുൾമുടിയ്ക്കുള്ളിൽ മുഖമൊളിപ്പിക്കാൻ തോന്നി.. അന്നോളമറിയാത്ത പുതിയ വികാരങ്ങൾ.. വിചാരങ്ങൾ..!! പക്ഷേ ആ പ്രണയം അവളിൽ എത്തിക്കുക എളുപ്പമായിരുന്നില്ല..

പിന്നെ എല്ലാ ആഴ്ചയും വീട്ടിൽ വരാൻ തുടങ്ങി.. അവിചാരിതമെന്നോണം ഉണ്ടാക്കിയ കണ്ടുമുട്ടലുകൾ.. വായനശാലയിൽ..

അമ്പലത്തിൽ.. അവളുടെ ഡാൻസ് ക്ലാസ്സിൽ.. അവളൊറ്റയ്ക്ക് വിളക്ക് വെക്കാൻ പോകുന്ന അക്കരെ കാവിൽ..

അങ്ങനെ അവൾക്ക് പിന്നാലെ.. ആദ്യമൊക്കെ നനുത്ത ഒരു പുഞ്ചിരി മാത്രം തന്നിരുന്നവൾ പിന്നെ ഒന്നോ രണ്ടോ വാക്ക് പറയാൻ തുടങ്ങി.. മെല്ലെ അതൊരു സൗഹൃദവും, പ്രണയവുമായി…

അപ്പോളും അവൾക്ക് മുന്നിൽ തനിക്കൊരു ക്ലീൻ ചിറ്റ് ആയിരുന്നു.. അവളുടെ പവിയേട്ടാ എന്നുള്ള ആ വിളിയ്ക്ക് വല്ലാത്തൊരു സുഖമായിരുന്നു..

കാലം കഴിഞ്ഞു പോയപ്പോൾ ലഹരി ഭരിക്കാൻ തുടങ്ങിയിരുന്നു..

എത്ര ഒളിപ്പിക്കാൻ ശ്രമിച്ചിട്ടും കുഴഞ്ഞ ശബ്ദത്തിൽ നിന്നും, എന്റെ ഇടറിയ ശ്വാസത്തിൽ നിന്നും ചുവന്നു കലങ്ങിയ കണ്ണുകളിൽ നിന്നും അവൾ പലതും ഊഹിച്ചെടുത്തിരുന്നു..

അല്ലെങ്കിൽ അവളുടെ ആ കളങ്കമില്ലാത്ത സ്നേഹത്തിനു മുന്നിൽ എനിക്ക് എന്നേ ഒളിപ്പിക്കാൻ കഴിഞ്ഞില്ല എന്ന് വേണം പറയാൻ..! കൂടെ തലച്ചോറിനെ ലഹരി ഭരിച്ചപ്പോൾ കൂട്ടായി കിട്ടിയ കുറേ പരാജയങ്ങളും..

പ്രണയം നിറഞ്ഞിരുന്ന അവളുടെ സ്വരത്തിൽ ഉപദേശങ്ങളും ശാസനകളും കലർന്നപ്പോൾ ഉള്ളിലെ ലഹരിയ്ക്ക് പിടിച്ചില്ല..

അവളുടെ പുഞ്ചിരി മാത്രം തിളങ്ങിയിരുന്ന കണ്ണുകളിൽ വിഷാദം തളം കെട്ടി തുടങ്ങി.. അപേക്ഷയും ഉപദേശവുമായി വരുന്നവളോട് അകലം പാലിക്കാൻ തുടങ്ങിയിരുന്നു..

കൊള്ളരുതാത്തവൻ തന്നെയാണെന്നും വേറെ നല്ല ഒരുത്തനെ കിട്ടിയെങ്കിൽ പൊയ്ക്കോളാനും അവളുടെ മുഖത്ത് നോക്കി അലറുകയായിരുന്നു.. അന്നാണ് അവളെ അവസാനമായി കണ്ടത്…

പിന്നെ അവളെ കണ്ടില്ല.. പതിവായി വിളിക്കുന്നവൾ വിളിച്ചില്ല.. ആകെപ്പാടെ സമനില തെറ്റിയ സമയത്താണ് ഏട്ടന്റെ വരവ്.. ലഹരിയിൽ സ്വയം മറന്നു ഒരു ഭ്രാന്തനായി മാറിയ അനിയനെ കണ്ട് ഏട്ടന് നൊന്തിരിക്കും..

അറിയില്ല.. ഒന്നും തിരിച്ചറിയാൻ കഴിയാത്ത മാനസികാവസ്ഥയിൽ ആയിരുന്നില്ല.. പിന്നെ ഓർമ വരുമ്പോൾ ഒരു ആശ്രമത്തിലാണ്..

ലഹരിയിൽ നിന്നും ജീവിതത്തെ തിരിച്ചു പിടിക്കാനുള്ള യുദ്ധം..വീട്ടുകാരെ കാണാതെ.. കൂട്ടുകാരെ കാണാതെ.. അമ്മുവിനെ കാണാതെ..

തീർത്തും ഒറ്റയ്ക്കൊരു പോരാട്ടം.. ഒടുക്കം മാസങ്ങൾക്കു ശേഷം ഏട്ടനും അമ്മയും കൂടി കാണാൻ വന്നപ്പോൾ അവരുടെ പവിക്കുട്ടൻ ആയി മാറിതുടങ്ങിയിരുന്നു..

അമ്മയുടെ കണ്ണീരു വീണു മനസ്സ് പൊള്ളി.. ഇവിടെ വന്നു അച്ഛന് കാണാൻ വയ്യെന്ന് പറഞ്ഞ് അമ്മ കരഞ്ഞപ്പോൾ തിരിച്ചറിയുകയായിരുന്നു ചെയ്ത് പോയ തെറ്റുകളുടെ വ്യാപ്തി.. അതിലേറെ നോവായിരുന്നു ഏട്ടന്റെ മൗനം..!

പിന്നെയും ആശ്രമത്തിൽ തുടർന്നു.. അവിടെ തന്നെപോലെ ഒരുപാട് പേര് ഉണ്ടായിരുന്നു.. തന്നെപ്പോലെ പുകച്ചുരുളുകളിൽ കാഴ്ച മറഞ്ഞവർ..!

പതിയെ പതിയെ ജീവിതത്തിലേക്ക് പിന്നെയും പിച്ച വെച്ചു.. തോറ്റുപോയ വിഷയങ്ങൾ എഴുതിയെടുക്കാൻ സഹായിച്ചത് ആശ്രമത്തിൽ ഉണ്ടായിരുന്ന ആളുകളാണ്..

തന്നെപോലെ വേറെയും സ്റ്റുഡന്റസ് ഉണ്ടായിരുന്നു.. കോഴ്സ് ഒരുവിധം പൂർത്തിയാക്കിയപ്പോൾ നാട്ടിൽ വരാൻ തോന്നിയില്ല..

അമ്മു.. അവളുണ്ടാക്കിയ നഷ്ടം തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു.. അവളുടെ ഓർമകളിലേക്ക് വീണ്ടും വന്നാൽ മനസ്സ് കൈവിട്ടു പോകുമോ എന്ന് ഭയം..

എന്തായാലും ആശ്രമത്തിൽ നിന്നും നേരെ പോയത് ഒരു ജോലിക്കാണ്.. കുറഞ്ഞ ശമ്പളമാണെങ്കിലും അവിടെ പിടിച്ചു നിന്നു.. ദിവസവും അമ്മ ഫോണിൽ വിളിക്കും..

നാട്ടിലേയും വീട്ടിലെയും ഒക്കെ ഓരോ കുഞ്ഞു വിശേഷങ്ങളും പറയും.. അതിലൊക്കെ അമ്മുവിന്റെ എന്തെങ്കിലും വിവരമുണ്ടോ എന്ന് താൻ നോക്കിയിരിക്കും.. വെറുതെ..

ഏട്ടന്റെ കല്യാണവാർത്ത അറിഞ്ഞപ്പോൾ നെഞ്ചിടിപ്പ് കൂടി.. നാട്ടിൽ വരാനുള്ള മടി.. ഭയം.. എന്നാലും ഇനി താൻ മൂലം വീട്ടുകാർക്ക് ഒരു കുഞ്ഞിനോവ് പോലും ഉണ്ടാകരുത് എന്നുള്ള തീരുമാനത്തിൽ നാട്ടിലേക്ക് വന്നു..

എത്രയോ നാളുകൾക്ക് ശേഷം കണ്ടപ്പോൾ.. ആ വികാരങ്ങളെ പറഞ്ഞറിയിക്കാൻ വയ്യ..!!

കണ്ണിൽ നിന്നും നീർമണികൾ ഉതിർന്നു വീണു..

” പവിയേട്ടാ… ”

ചിരപരിചിതമായ ആ സ്വരം കാതിൽ വീണതും ഹൃദയം പെരുമ്പറ കൊട്ടി..

” അമ്മൂ…. ”

വാക്കുകൾ എല്ലാം ഞങ്ങളോട് പിണങ്ങിയെന്നു തോന്നി.. ഒരക്ഷരം പോലുംപുറത്തു വരാത്ത അവസ്ഥ.. അവളെ ഒന്ന് ശരിക്കും നോക്കാൻ പോലും ധൈര്യം കിട്ടിയില്ല..

അവളുടെ പാദസരത്തിന്റെ ശബ്ദം അടുത്ത് വരുന്നത് അറിയുന്നുണ്ടായിരുന്നു..

” പവിയേട്ടാ.. എന്നെയൊന്നു നോക്കെന്നെ ”

വർഷങ്ങൾക്കിപ്പുറം അമ്മുവിന്റെ കൊഞ്ചൽ.. വിശ്വസിക്കാനാവാതെ കണ്ണുകൾ ഉയർത്തി നോക്കി… കണ്ണുകൾ നിറച്ചു പ്രണയവുമായി തന്റെ അമ്മു..

” അമ്മൂ.. ”

ശബ്ദം ഇടറിപ്പോയിരുന്നു.. അവളുടെ മുഖം കണ്ണീർക്കാഴ്ചയിൽ മങ്ങി.. അവളുടെ വിരലുകളുടെ തണുപ്പ് മുഖത്തറിഞ്ഞു..

” അതേയ്.. ഇനി വല്യേട്ടന്റെ കല്യാണം കഴിഞ്ഞാൽ വേഗം ഒരു താലി പണിയിപ്പിച്ചോ ട്ടോ.. എനിക്കിനി കാത്തിരിക്കാനൊന്നും വയ്യ ”

എന്നോ മറന്ന അവളുടെ കുറുമ്പുകൾ..
അവളെ തന്നെ തുറിച്ചു നോക്കി..

” നീ അവളെ നോക്കി അന്തം വിടണ്ട.. നീ ഇപ്പൊ ഞങ്ങളുടെ മുന്നിൽ ഇങ്ങനെ നിക്കുന്നതിനു കാരണം തന്നെ അവളല്ലേ.. അപ്പൊ അവളുടെ ആഗ്രഹം പോലെ കാര്യങ്ങളൊക്കെ നടക്കും ”

ഏട്ടൻ ചിരിയോടെ അവളെ ചേർത്തു പിടിച്ചു പറഞ്ഞപ്പോൾ വീണ്ടും മനസ്സിൽ ചോദ്യങ്ങൾ ഉയരുകയായിരുന്നു..

” പവിക്കുട്ടാ… നിന്റെ പോക്ക് ശരിയല്ലെന്ന് ഇവിടെ വന്നു കരഞ്ഞു പറഞ്ഞത് അമ്മുവാണ്..

ഞങ്ങള് അതൊന്നും വിശ്വസിക്കാതെ ഇവളെ ചീത്ത പറഞ്ഞപ്പോളും അമ്മയുടെ കാലിൽ വീണു പവിയേട്ടനെ തിരിച്ചു കൊടുക്കണേ എന്ന് പറഞ്ഞു കരഞ്ഞവളാണ് അമ്മു..

അങ്ങനെയാണ് ഏട്ടൻ അന്ന് നിന്നെ പറയാതെ കാണാൻ വന്നതും നിന്നെ അങ്ങനെ കണ്ടതും… ”

ഏട്ടൻ പറഞ്ഞതൊക്കെ അമ്പരപ്പോടെയാണ് കേട്ടു നിന്നത്..

” അതേടാ.. ഇവൾ തക്ക സമയത്ത് ഇടപെട്ടത് കൊണ്ടാണ്.. അവളുടെ സ്നേഹം സത്യമായത് കൊണ്ടാണ്.. അതുകൊണ്ടാണ് ഞങ്ങളുടെ പവിയെ ഞങ്ങൾക്ക് കിട്ടിയത്.. ”

ഏട്ടന്റെ കണ്ണ് നിറഞ്ഞപ്പോൾ എന്റെ നെഞ്ചും പൊടിഞ്ഞിരുന്നു.. അമ്മുവിന്റെ രണ്ടു കൈകളും ചേർത്തു പിടിച്ചു എന്റെ നെറ്റിയിൽ മുട്ടിച്ചപ്പോൾ ഞങ്ങളെ മാത്രമാക്കി വിട്ട് ഏട്ടൻ തിരിഞ്ഞു പോയി..

” അമ്മൂ.. ”

എനിക്ക് മറുപടിയായി അവളൊന്നു മൂളി..

” നിനക്കെങ്ങനെ ഇങ്ങനെയൊക്കെ പറ്റുന്നെടി.. ഇതിനൊക്കെ എനിക്ക് യോഗ്യതയുണ്ടോ?? ”

അവളോട് ചോദിച്ചപ്പോളേക്കും ശബ്ദം ഇടറിപ്പോയിരുന്നു..

” ഞാൻ നിങ്ങളെ ഹൃദയം കൊണ്ട് സ്നേഹിച്ചു പവിയേട്ടാ… ആ സ്നേഹമാണ് പവിയേട്ടന്റെ യോഗ്യത.. തെളിഞ്ഞ മനസുള്ള സമയത്ത് എന്നേ സ്നേഹിച്ചിരുന്ന ഒരു പവിയേട്ടൻ ഉണ്ടായിരുന്നു..

ആ സ്നേഹമാണ് എനിക്ക് വേണ്ടത്.. അങ്ങനെ ആയിക്കൂടെ?? നമുക്കു നമ്മൾ കണ്ട സ്വപ്നങ്ങളൊക്കെ നേടണ്ടെ?? നമുക്കും ജീവിക്കണ്ടേ പവിയേട്ടാ ”

ഉള്ളു നിറഞ്ഞ പ്രണയത്തോടെ കണ്ണ് നിറച്ചു പ്രതീക്ഷയുമായി നിൽക്കുന്നവളെ നെഞ്ചോടു ചേർക്കുമ്പോൾ ഞാനും പൊട്ടിക്കരയുകയായിരുന്നു..

അത് കണ്ടു നിന്ന അച്ഛനും അമ്മയും ഏട്ടനും പവിയുടെ അച്ഛനും മനസ്സ് നിറഞ്ഞു ഞങ്ങളെ അനുഗ്രഹിക്കുന്നത് ഞാൻ കണ്ടു..

ഇതാണ് എന്റെ പ്രണയം. എന്റെ ഹൃദയത്തനുള്ളിൽ നിറഞ്ഞു കവിയുന്ന പ്രണയം…

Leave a Reply

Your email address will not be published. Required fields are marked *