കള്ളത്തരം പറയാ എല്ലാരും, ന്റെ കുട്ടി ന്നേ കളയാൻ കൊണ്ടോയതൊന്നും അല്ലാ അവനങ്ങനെ ചെയ്യേം ഇല്ല്യാ..

വാർത്തകൾക്കപ്പുറം
(രചന: സൃഷ്ടി)

“” അമ്മയെ അമ്പലനടയിൽ ഉപേക്ഷിച്ച മകനെ കണ്ടുപിടിച്ചു അമ്മയെ തിരിച്ചേൽപ്പിച്ചു നാട്ടുകാർ.. ” ”

“” വൃദ്ധമാതാവിനെ ഉപേക്ഷിക്കാൻ ശ്രമം.. പദ്ധതി പൊളിച്ചു നാട്ടുകാർ “”

“” ലജ്ജിക്കുക കേരളമേ.. “”

“” അമ്മേ.. മാപ്പ് “”

ഓൺലൈൻ മാധ്യമങ്ങൾ വാർത്ത ആഘോഷിക്കുകയാണ്..

കഴിഞ്ഞ ദിവസം പ്രസിദ്ധമായ ക്ഷേത്രത്തിലാണ് സംഭവം.. നാട്ടിൻപുറത്തു നിന്നു വളരെ ദൂരെയുള്ള ക്ഷേത്രത്തിലേക്ക്  ദർശനത്തിനായി വന്ന്, അവിടെ ഒരു കടയുടെ മുന്നിൽ അമ്മയെ നിർത്തി പോകുകയായിരുന്നു മകൻ.

ഏതാണ്ട് എൺപത്തി അഞ്ച് വയസ്സ് പ്രായമുള്ള ആ അമ്മ ഇരുപത് മിനിറ്റോളം അവിടെ നിൽക്കുകയും പിന്നീട് തളർച്ച തോന്നി അവിടെ കുഴഞ്ഞു വീഴുകയും ചെയ്തു.. ബോധരഹിതയായ അമ്മയെ കടക്കാർ ആശ്വസിപ്പിക്കുമ്പോളാണ് അവരുടെ കയ്യിൽ ചുരുട്ടി പിടിച്ച കടലാസ് കണ്ടത്..

അതിൽ കണ്ട നമ്പറിലേക്ക് വിളിച്ചപ്പോൾ അത് മകന്റെതായിരുന്നു.. മകൻ ഉടനെ തിരിച്ചെത്തുകയും അമ്മയെ കൂട്ടി പോകുകയും ചെയ്തു.. ഇതിനിടയിൽ അമ്മയെ ഉപേക്ഷിക്കാൻ ശ്രമിച്ച മകനെതിരെ ജനരോഷം ശക്തമായി.. ചീത്തവിളികൾക്കും തെറിവിളികൾക്കും ഒന്നും മകൻ പ്രതികരിച്ചില്ല.. ഉടനെ അമ്മയെയും കൂട്ടി മടങ്ങുകയായിരുന്നു..

ഇനി ഈ പരിസരത്ത് കാണരുതെന്ന് ജനങ്ങൾ പ്രതിഷേധിച്ചു.. സ്ഥലത്തു ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് രംഗം ശാന്തമാക്കി ജനക്കൂട്ടം പിരിച്ചു വിട്ടു..

” ഈ വാർത്ത കണ്ടോ സുമേഷേ.. നമുക്ക് ഇതിന്റെ പുറകെ ഒന്ന് പോകാം”

” അതൊക്കെ വേണോ എന്റെ ദീപുസാറേ.. ”

” എടോ.. താൻ ഈ വാർത്തയുടെ അടിയിൽ വരുന്ന കമന്റ്സ് ഒന്ന് നോക്കിക്കേ.. മകനിട്ട് പൊങ്കാല ആണ്. ആൾക്കാർ ഇതങ്ങു ഏറ്റെടുത്തില്ലേ? ഇനി നമ്മള് ഈ വാർത്ത കൊടുത്താൽ എന്താവും റീച്ച്. ”

ഒരു സിഗരറ്റിനു തീ കൊളുത്തി കൊണ്ട് ദീപു ചോദിച്ചു.. സുമേഷ് മടുപ്പോടെ തലയാട്ടി.. കേരളത്തിലെ പ്രശസ്തമായ ഒരു ഓൺലൈൻ മീഡിയയുടെ റിപ്പോർട്ടറും ക്യാമറമാനുമാണ് അവർ.. തങ്ങളുടെ ചാനലിന് പ്രശസ്തി കിട്ടാൻ ചൂടൻ വാർത്തകൾ കണ്ടുപിടിക്കുകയാണ് അവർ.

” ഞാൻ അന്വേഷിച്ചു സാറേ.. ഇത് അത്ര സംഭവം ഒന്നുമല്ല.. അതാണ്‌ കേസ് ഒന്നും ഇല്ലാത്തെ.. അവരാണെങ്കി ഉൾനാട്ടിലാണ്.. അവിടെ നമ്മുടെ ചാനൽ ഒന്നും ആരും അറിയില്ല.. നമ്മള് വെറുതെ..   ”

സുമേഷിനു ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല.

” എടോ.. നമ്മള് അവിടെ ചെന്നു കാര്യങ്ങൾ ഒക്കെ അന്വേഷിച്ചു മനസ്സിലാക്കണം.. ശരിക്കും എന്താ ഉണ്ടായത് എന്നൊക്കെ.. ഈ തള്ളയുടെ.. അല്ലാ. അമ്മയുടെ ഇപ്പോളത്തെ അവസ്ഥ ഒക്കെ നോക്കി നല്ല സ്റ്റൈലൻ ക്യാപ്‌ഷൻ അങ്ങോട്ട് ഇടണം. ഉള്ളിലെ വാർത്ത അതിനൊപ്പിച്ചു എഴുതണം.. ആളുകൾ കേറി കൊത്തും.. നമുക്ക് അറിയില്ലെടോ എങ്ങനെ ചെയ്യണമെന്ന്.. ”

” എന്നാലും.. ”

” ഒരേന്നാലും ഇല്ലാ.. നാളെ കാലത്ത് ഇവിടെ വേണം താൻ ”

ദീപു കർക്കശമായി  പറഞ്ഞു.. സുമേഷ് മനസ്സില്ലാതെ മൂളി

” ചേട്ടാ.. ഈ സദാശിവൻ ചേട്ടന്റെ വീട് എവിടാ?? ” വഴിയിൽ കണ്ട ഒരു ചായക്കടയിൽ കാർനിർത്തി ദീപു ചോദിച്ചു. ചായക്കടക്കാരൻ സംശയത്തോടെ അവരെ നോക്കി.

” നിങ്ങളാരാ? എവിടുന്നാ? ഇതിനു മുൻപ് കണ്ടിട്ടില്ലാലോ? ”

അത് കേട്ടപ്പോൾ ദീപു പുറത്തേക്കിറങ്ങി.. വാർത്തകൾ കിട്ടുന്ന പ്രധാന സ്ഥലങ്ങളിൽ ഒന്നാണ് ഇങ്ങനെയുള്ള ചായക്കടകൾ എന്ന് അവന്റെ ഇത്രയും കാലത്തെ അനുഭവം കൊണ്ട് വ്യക്തമായിരുന്നു..

” അല്ല ചേട്ടാ.. ഞങ്ങൾ കുറച്ചു ദൂരെ നിന്നാണ്.. കഴിഞ്ഞ  ദിവസം അമ്പലത്തില് നടന്ന സംഭവങ്ങളുമായി.. ”

” ഹാ എനിക്ക് തോന്നി.. ഇനി അതിൽ പിടിച്ചു ഓരോ നാറിയ മക്കൾ വലിഞ്ഞു കേറി വരുമെന്ന് ”

അരിശത്തോടെ അയാൾ പറഞ്ഞപ്പോൾ ദീപു മുഖത്ത് അടിയേറ്റ പോലെ വിളറിപ്പോയി.. സുമേഷ് ഊറി വന്ന ചിരി അമർത്തി പിടിച്ചു..

” അങ്ങനെയല്ല ചേട്ടാ.. സത്യങ്ങൾ എന്താണെന്ന് അറിയണ്ടേ! ”

ദീപു ഉടനെ തന്നെ കേറി പറഞ്ഞു..

” ശരിക്കും എന്താ ഉണ്ടായേ? സദാശിവൻ ചേട്ടൻ ആളെങ്ങനെയാ? അമ്മയെ കളയാൻ  നോക്കുന്ന ആളാണെന്നൊന്നും എനിക്ക് തോന്നുന്നില്ല.”

ദീപു തന്ത്രപരമായി പറഞ്ഞപ്പോ ചായക്കടയിലെ ചേട്ടൻ അവനെ ഒന്ന് സൂക്ഷിച്ചു നോക്കി..

” എന്റെ സാറമ്മാരെ.. ഈ നാട്ടില് പ്രായമായ തന്തേം തള്ളേം കൊറേ ഉണ്ട്.. പല സ്വഭാവം ഉള്ളോര്.. വീട്ടില് പല പൊട്ടിത്തെറിയും ഉണ്ടാകും.. എന്റെ വീട്ടിലും ഉണ്ട് കിടക്കസ്വൈര്യം തരാത്തൊരു തള്ള.. പക്ഷേങ്കി ഞങ്ങളാരും  അവരെ എവിടേം കൊണ്ടോയി കളയാറില്ല.. നിങ്ങള് ചെല്ല്.. അതാ ആ വളവ് തിരിയുമ്പോ കാണുന്നതാണ് സദാശിവൻ ചേട്ടന്റെ വീട്”

അയാൾ തന്റെ പണിയിലേക്ക് തിരിഞ്ഞതോടെ ദീപു തിരിച്ചു കാറിൽ കയറി.. അയാളുടെ നിസ്സഹകരണവും, പ്രതീക്ഷിക്കാത്ത പെരുമാറ്റവും ദീപുവിനെ അലോസരപ്പെടുത്തിയിരുന്നു.. എന്തായാലും കാര്യങ്ങളൊക്കെ വിശദമായി അറിയട്ടെ എന്നവൻ തീരുമാനിച്ചു

മുന്നിൽ പുഞ്ചിരി തൂകി ഇരിക്കുന്ന സദാശിവനെ കണ്ടപ്പോൾ ദീപുവിന് ചെറിയൊരു ജാള്യത തോന്നി.. തങ്ങൾ മീഡിയകാരാണ് എന്നറിഞ്ഞിട്ടും യാതൊരു ഭാവമാറ്റവും ഇല്ലാ.. നേരിയ പരിഭ്രമം പോലുമില്ല..

” നിങ്ങളെന്ത് ചെയ്യുന്നു?? ”

” സഹകരണ ബാങ്കിൽ ആയിരുന്നു.. ഇപ്പോൾ റിട്ടയേർഡ് ആയി.. ഇതെന്റെ ഭാര്യ.. വിജയം. ഇവൾ ഹൗസ് വൈഫ്‌ ആണ്.. എനിക്ക് രണ്ടു മക്കളാണ്.. മകളുടെ വിവാഹം കഴിഞ്ഞു.. മകൻ എഞ്ചിനീയറിംഗ് പഠിക്കുന്നു ”

ചായ കൊണ്ടുവന്ന സ്ത്രീയെ അയാൾ പരിചയപ്പെടുത്തി.. അവരും നന്നായി ചിരിച്ചു.

” അമ്മ..? ”

” അകത്തുണ്ട്.. ഉപേക്ഷിച്ചിട്ടില്ല.. ”

സദാശിവൻ ചിരിയോടെ പറഞ്ഞതും ദീപു ചൂളിപ്പോയി..

” സത്യത്തിൽ അന്ന് എന്താണ് ഉണ്ടായത് എന്ന് പറയാമോ? ”

ദീപുവിന്റെ ചോദ്യത്തിന് മറുപടിയായി സദാശിവൻ ഒന്ന് ചിരിച്ചു ..

” ഇനി പറഞ്ഞിട്ടെന്താ സാറേ… ആളുകൾക്ക് ഞാനെന്റെ അമ്മയെ കളയാൻ കൊണ്ടുപോയ നാറിയും കൊള്ളരുതാത്തവനും ഒക്കെയല്ലേ.. പിന്നെ എന്നെ അറിയുന്നവർക്ക് ഞാൻ ആരാണ് എന്നറിയാം. ബാക്കി ഒന്നും ഞാൻ ഇപ്പോ കണക്കിൽ എടുക്കുന്നില്ല ”

” പക്ഷെ മക്കൾക്ക് ഒരുപാട് വിഷമം ഉണ്ട്.. മോൻ പറഞ്ഞു ഈ ഫേസ്ബുക്കിലു ലൈവായിട്ട് പറയണം എന്നൊക്കെ.. മരുമോനും കേസ് കൊടുക്കണം എന്നാ പറഞ്ഞേ.. ഇങ്ങേരു സമ്മതിച്ചില്ല ”

അയാളുടെ ഭാര്യ ഒരു പരിഭവം എന്നപോലെ പറഞ്ഞു.. അപ്പോളും സദാശിവന്റെ മുഖത്തൊരു ചിരിയായിരുന്നു.

” അമ്മ കുറേ നാളായിട്ട് പറയുകയായിരുന്നു സാറേ ആ അമ്പലത്തിൽ ഒന്ന് കൊണ്ടുപോകണം എന്ന്.. എപ്പോളും പറ്റാറില്ല.. അന്ന് എന്തായാലും പോകാം എന്ന് കരുതി ഇറങ്ങുമ്പോളാണ് ഇവളുടെ കുടുംബത്തിൽ ആരോ പ്രസവിച്ചത്.. ഇവൾക്ക് പെറ്റ പെല വന്നത് കൊണ്ട് വരാൻ പറ്റില്ല എന്ന് പറഞ്ഞു.. പിന്നെ പുറപ്പെട്ട സ്ഥിതിക്ക് ഇനി യാത്ര മുടക്കേണ്ട എന്ന് കരുതി അമ്മയും ഞാനും കൂടി പോയതാണ്.. ”

” എന്നിട്ട് എന്തുണ്ടായി? ”

” എന്നിട്ട് ഞങ്ങൾ അസ്സലായി തൊഴുതു വഴിപാടും ഒക്കെ ചെയ്തു.. അമ്പലത്തിൽ നിന്നിറങ്ങിയപ്പോൾ അമ്മയ്ക്ക് പായസം വേണമെന്ന് പറഞ്ഞു. ആ കൌണ്ടർ കുറച്ചു മാറിയിട്ടായിരുന്നു..നല്ല തിരക്കും.. അമ്മ അവിടെ വന്നു ക്ഷീണിക്കണ്ട എന്നോർത്തു അമ്പലത്തിന്റെ പുറത്തുള്ള ഒരു കടയിൽ ഒരു കസേരയിൽ ഇരുത്തി ഞാൻ  പോയി..”

സദാശിവൻ ഒന്ന് നെടുവീർപ്പിട്ടു..

” ആ കടക്കാരൻ അവിടെ വേറെ കസ്റ്റമർസ് വന്നപ്പോ എന്റെ അമ്മയെ അവിടെ നിന്നു എണീപ്പിച്ചു പുറത്തേക്ക് നിർത്തി.. പത്തെൺപത്തഞ്ചു  വയസ്സുള്ള ഒരാളാണ് എന്നോർക്കണം.. അമ്മയ്ക് കുറച്ചു നേരം ആ വെയിലത്തു നിന്നപ്പോൾ തല കറങ്ങി.. ആരുടെയോ ഭാഗ്യത്തിന് മറിഞ്ഞു വീണില്ല.. അപ്പോളേക്കും കടയിൽ വന്ന ആരൊക്കെയോ പിടിച്ചു.. ”

ദീപുവും സുമേഷും പരസ്പരം നോക്കി.

” പിന്നെ അമ്മയുടെ മുണ്ടിന്റെ കോന്തലയിൽ എന്റെ നമ്പർ എഴുതി വെച്ചിരുന്നു. അത് അമ്മയുടെ കയ്യിൽ നിന്നു കിട്ടിയപ്പോൾ ആരോ എന്നെ വിളിച്ചു.. ഞാൻ വരുമ്പോ അവിടെ ആളൊക്കെ കൂടിയിട്ടുണ്ട്.. കടക്കാരനിട്ട് രണ്ട് പറയാൻ വാന്നപ്പോളേക്കും അയാൾ ഇങ്ങോട്ട് എന്തൊക്കെയോ പറഞ്ഞു.

അപ്പോളേക്കും രംഗം വഷളായി. പിന്നെ പോലീസ്കാര് സഹായിച്ചിട്ടാണ് ആശുപത്രിയിൽ കൊണ്ടുപോയത്. പിന്നെ അമ്മയ്ക്ക് ബോധം വന്ന് കാര്യങ്ങൾ മനസിലായപ്പോൾ പോലീസ് ഞങ്ങളെ വിട്ടു ”

സദാശിവൻ നേർത്ത ചിരിയോടെ പറഞ്ഞു. ആ ചിരിയിൽ ഒളിപ്പിച്ച വേദന സുമേഷിനു കൃത്യമായി മനസ്സിലായി. കുറച്ചു സമയം ആരും ഒന്നും പറഞ്ഞില്ല..

” അമ്മയെ ഒന്ന് കാണാൻ പറ്റുമോ? ” ദീപു ചോദിച്ചു..

” പിന്നെന്താ ”

പറഞ്ഞുകൊണ്ട് സദാശിവൻ അകത്തേ മുറിയിലേക്ക് കൊണ്ടുപോയി. അത്യാവശ്യം വലിപ്പമുള്ള ഇളനീലനിറത്തിൽ ചുവരുകളുള്ള മുറിയായിരുന്നു അത്. തൂവെള്ള നിറത്തിൽ കർട്ടനുകളും, വൃത്തിയായി വിരിച്ച കിടക്കയും.. അതിൽ കുളിയൊക്കെ കഴിഞ്ഞു വലിയ ചന്ദനക്കുറിയിട്ട് ആ അമ്മ ശാന്തമായി ഉറങ്ങുന്നു..

അരികിലുള്ള മേശപ്പുറത്തു മരുന്നുപെട്ടിയും കണ്ണടയും ഏതൊക്കെയോ പുസ്തകങ്ങളും വൃത്തിയായി വെച്ചിരിക്കുന്നു.. ആ മുറിയും അമ്മയെയും കണ്ടാൽ തന്നെ എത്ര സ്നേഹത്തോടെയാണ് അവരെ അവർ നോക്കുന്നത് എന്ന് വ്യക്തമായിരുന്നു..

” അമ്മേ.. അമ്മേ.. ”

സദാശിവൻ വിളിച്ചപ്പോൾ അവർ മെല്ലെ കണ്ണ് തുറന്നു.

” അന്നത്തെ സംഭവത്തിന്‌ ശേഷം അമ്മയ്‌ക്കൊരു ക്ഷീണം ഉണ്ട്.. അല്ലെങ്കി ഇങ്ങനെ പകൽ ഉറക്കം ഒന്നുമില്ല.. എന്തെങ്കിലും വായിക്കും.. അല്ലെങ്കി ഉമ്മറത്തോ അകത്തോ വർത്തമാനം പറഞ്ഞിരിക്കും.. അടുത്തുള്ള വീടുകളിലും, അമ്പലത്തിലും ഒക്കെ ഒറ്റയ്ക്ക് പോകും. ”

അപ്പോളേക്കും അവർ എണീറ്റു..

” അമ്മേ.. ഇവര് പത്രക്കാരാ. അന്നത്തെ ആ അമ്പലത്തിലെ സംഭവമില്ലേ.. അതിനെ പറ്റി ചോദിക്കാൻ വന്നതാ.. ”

നറുചിരി ഉണ്ടായിരുന്ന മുഖം മങ്ങുന്നതും, കണ്ണുകൾ നിറയുന്നതും അവർ വ്യക്തമായി കണ്ടു..

” കള്ളത്തരം പറയാ എല്ലാരും.. ന്റെ കുട്ടി ന്നേ കളയാൻ കൊണ്ടോയതൊന്നും അല്ലാ.. അവനങ്ങനെ ചെയ്യേം ഇല്ല്യാ.. എല്ലാരും കൂടി സങ്കടപ്പെടുത്താണ് എന്റെ കുട്ട്യോളെ ”

ആ വൃദ്ധ മുണ്ടിന്റെ അറ്റം കൊണ്ട് കണ്ണ് തുടച്ചപ്പോൾ ആ ദൃശ്യം സുമേഷിന്റെ ക്യാമറയിൽ പതിഞ്ഞു.. അവരോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ സുമേഷും ദീപുവും മൗനമായിരുന്നു..

സുമേഷിന്റെ മനസ്സിൽ വരേണ്ടിയിരുന്നില്ല എന്ന തോന്നലാണെങ്കിൽ, തന്റെ മുകളിൽ ഉള്ളവരോട് എന്തു പറയും എന്നായിരുന്നു ദീപുവിന്റെ ചിന്ത.. വാർത്തകൾക്ക് കിട്ടുന്ന ഹൈപ്പും റീച്ചും ആയിരുന്നു അവന്റെ നിലനിൽപ്..

” മകൻ ഉപേക്ഷിക്കാൻ നോക്കിയ അമ്മയുടെ കണ്ണീരോടെയുള്ള വെളിപ്പെടുത്തൽ ”

പിറ്റേന്ന് പ്രമുഖ ഓൺലൈൻ മാധ്യമത്തിൽ ചിത്രസഹിതം റിപ്പോർട്ട്‌ വന്നു.. ജനങ്ങൾ link തുറന്നുപോലും നോക്കാതെ രൂക്ഷമായി പ്രതികരിച്ചു.. വാർത്തയ്ക്കുള്ളിൽ യഥാർത്ഥ സത്യം ഒന്നോ രണ്ടോ വരികളിൽ നിസ്സാരമായി ഒതുങ്ങി.. കുമിഞ്ഞു കൂടുന്ന റിയാക്ഷനും കമ്മെന്റുകളും ദീപു ആത്മനിന്ദയോടെ നോക്കി.. മൗനമായി അവരോട് മാപ്പ് പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *