കുഞ്ഞ് ആരുടെയെന്നു ഉറപ്പില്ലാത്തത് കൊണ്ട് ഏറ്റെടുക്കാൻ ആരും വന്നില്ല..

അയാൾ
(രചന: സൃഷ്ടി)

നഗരത്തിലെ ലോഡ്ജിലെ ആ ഒറ്റമുറിയിലെ താമസക്കാരനായിരുന്നു അയാൾ.. ആ നഗരത്തിൽ വന്ന കാലം മുതൽ അയാൾ ഒറ്റയ്ക്കാണ്..

അയാൾക്ക് കൂട്ടുകാരോ ബന്ധുക്കളോ ഇല്ലാ.. സഹപ്രവർത്തകരുമായും ഒരു പരിധിയിൽ കവിഞ്ഞ സൗഹൃദം ഇല്ലാ.. രാവിലെ ഉണരും . കുളിയൊക്കെ കഴിഞ്ഞ് പുറത്തിറങ്ങും..

ലോഡ്ജിന്റെ താഴെയുള്ള ചെറിയ ഹോട്ടലിൽ അയാൾ ചെന്നാൽ ഒന്നും പറയാതെ തന്നെ രണ്ടു ദോശയും തേങ്ങാ ചട്ണിയും കട്ടൻചായയും കിട്ടും..

അത് കഴിച്ചു കഴിഞ്ഞ് അയാൾ പുറത്തിറങ്ങുമ്പോളേക്കും ഒരു പൊതിച്ചോറ് കൗണ്ടറിൽ എത്തിയിരിക്കും..

അതും വാങ്ങി അയാൾ ഒന്നും മിണ്ടാതെ അയാളുടെ പഴയ സ്കൂട്ടറിൽ നീങ്ങും.. നേരെ ഓഫീസിലേക്ക്..

പിന്നെ ജോലിയിൽ മാത്രം ശ്രദ്ധ.. വെട്ടിച്ചുരുക്കിയ സംഭാഷാണങ്ങൾ..! ഓഫീസ് സമയം കഴിഞ്ഞു അയാൾ നേരെ പാർക്കിലേക്ക് പോകും..

അവിടെ കളിചിരികളുമായി ആഘോഷിക്കുന്ന കുഞ്ഞുങ്ങളെയും, കരുതലോടെ അവരെ പരിപാലിക്കുന്ന മാതാപിതാക്കളെയും, പുതുസ്വപ്നങ്ങൾ നെയ്യുന്ന യുവമിഥുനങ്ങളെയും നോക്കി സന്ധ്യ വരെ ഇരിക്കും..

സന്ധ്യ കഴിഞ്ഞാൽ നേരെ ഹോട്ടലിലേക്ക്.. രണ്ടു ചപ്പാത്തിയും കുറുമയും പൊതിഞ്ഞു വാങ്ങി മുറിയിൽ കയറി വാതിലടയ്ക്കും..

അയാളുടെ നാടോ വീടോ ആർക്കും അറിയില്ല.. അയാളുടെ വിചാരങ്ങൾ.. വികാരങ്ങൾ.. എല്ലാം എല്ലാം ഒരു മൂടുപടത്തിനുള്ളിൽ എന്ന പോലെ അന്യമായിരുന്നു..

മറ്റുള്ളവർക്ക് പിടി കിട്ടാത്ത ഒരു കടങ്കഥയായി അയാൾ ആ നഗരത്തിൽ കഴിഞ്ഞു പോന്നു..

ജോലിയന്വേഷിച്ചു നഗരത്തിൽ വന്ന നാളുകളിലാണ് ഞാൻ അയാളെ ശ്രദ്ധിച്ചു തുടങ്ങിയത്..

തുച്ഛമായ വാടക മാത്രമുണ്ടായിരുന്ന ആ ലോഡ്ജിൽ ഇദ്ദേഹത്തെ പോലെ ഒരു സർക്കാർ ഉദ്യോഗസ്ഥൻ എന്തിനു കഴിയുന്നു എന്നായിരുന്നു എന്റെ സംശയം

മറ്റുള്ളവരെ പോലെ അയാളെ ഒഴിവാക്കി വിടാൻ എനിക്ക് തോന്നിയില്ല…

എന്തോ ഒന്ന് എന്നേ അയാളിലേക്ക് അടുപ്പിച്ചു കൊണ്ടിരുന്നു..

അയാളുമായി ഒരു സൗഹൃദം നേടണമെന്ന് എനിക്ക് വാശി തോന്നി.. അതുകൊണ്ട് തന്നെയാണ് അയാളുടെ മാത്രം സ്വകാര്യ ലോകമായിരുന്ന ആ മുറിയിലേക്ക് ഞാൻ ഇടിച്ചു കയറിയത്..

അത് ഒട്ടും എളുപ്പമായിരുന്നില്ല.. അയാളുടെ അസ്വസ്ഥത നിറഞ്ഞ നോട്ടത്തെ അവഗണിച്ചു കൊണ്ട് ഞാൻ പിന്നെയും പിന്നെയും അയാളെ ശല്യപ്പെടുത്തി..

എന്റെ പരാതികളും വിശേഷങ്ങളും ഒക്കെ ഞാൻ അയാളോട് പറഞ്ഞു കൊണ്ടിരുന്നു..

ആദ്യമൊക്കെ ഒട്ടും താല്പര്യമില്ലാതെ അസ്വസ്ഥതയോടെ കേട്ടിരുന്ന ആള് പിന്നെ അതൊക്കെ ശ്രദ്ദിച്ചു തുടങ്ങിയത് ഞാൻ അറിയുന്നുണ്ടായിരുന്നു..

ഭക്ഷണം വാങ്ങി മുറിയിലേക്ക് പോയാലുടനെ അടയുന്ന ആ മുറിയുടെ വാതിൽ എനിക്ക് വേണ്ടി അടയാതെ തുറന്നു കിടന്നു.. അയാളുടെ രണ്ട് ചപ്പാത്തിയുടെ കൂടെ എന്റെ ഭക്ഷണവും ആ മുറിയിൽ എത്താൻ തുടങ്ങി..

അത്താഴം കഴിഞ്ഞു ഉറങ്ങുന്ന വരെയുള്ള സമയം അയാൾ അത്ഭുതത്തോടെ, ചിരിയോടെ കൗതുകത്തോടെ എന്നേ കേൾക്കാൻ തുടങ്ങി..

അയാളുമായി തുടങ്ങിയ സൗഹൃദം തുടക്കത്തിൽ ഒരു നേരം പോക്കായിരുന്നെങ്കിലും, പിന്നീട് അത് എനിക്കും വിലപ്പെട്ട ഒന്നായി തീർന്നു..

ആഗ്രഹിച്ച ജോലിയും വരുമാനവും ഒന്നുമില്ലാതെ നഗരത്തിൽ കിട്ടുന്ന പണിക്കൊക്കെ പോകുന്ന ഒരു പ്രാരാബ്ദക്കാരനായ ചെറുപ്പക്കാരന്റെ ആകുലതകൾ ഒക്കെയും ഞാൻ അയാളോട് പങ്കു വെച്ച് പോന്നു..

അപ്പോളും അയാൾ എന്നത് എനിക്ക് പിടി കിട്ടാത്ത ഒരു ചോദ്യമായിരുന്നു.

ആയിടെയാണ് വീട്ടിൽ നിന്നുള്ള വിളി വന്നു ഞാൻ അങ്ങോട്ടേക്ക് പോയത്..

അച്ഛന് അപകടം പറ്റി എന്നാണ് വിവരം കിട്ടിയത് എങ്കിലും അച്ഛൻ വിട്ടുപോയെന്നു അവിടെ എത്തിയപ്പോളാണ് അറിഞ്ഞത്..

അപ്പോളും വീടിന്റെ നെടുന്തൂണായ അച്ഛന്റെ വിയോഗം എന്നേ പാടെ തളർത്തിയിരുന്നു..

ഇനി വീടിന്റെ ചുമതലകൾ.. അസുഖക്കാരിയായ അമ്മ.. എല്ലാം കൂടെ വലിയ ചോദ്യചിഹ്നങ്ങളായി എന്റെ നേർക്ക് വന്നു..

അച്ഛന്റെ ചടങ്ങുകൾക്ക് ശേഷം ഇരുളിലേക്ക് കണ്ണും നട്ടിരിക്കുമ്പോളാണ് ഞാൻ അയാളെ കുറിച്ച് ഓർത്തത്.. നാട്ടിലേക്ക് പോന്നത് അയാളോട് പറഞ്ഞിട്ടില്ല..

അയാളെ ഒന്ന് വിവരമറിയിക്കാൻ ഒരു ഫോൺ നമ്പർ പോലും കയ്യിലില്ല.. എന്തുകൊണ്ടോ അയാളെ ഒന്ന് കാണണമെന്ന് വല്ലാത്ത ആഗ്രഹം തോന്നി..

അമ്മയെ വിട്ട് ദൂരേക്ക് പോകേണ്ട എന്നായിരുന്നു പിന്നെ ഉണ്ടായ തീരുമാനം.. അങ്ങനെ വീട്ടിൽ തന്നെ ഒതുങ്ങിക്കൂടി.. അച്ഛൻ ജോലിയെടുത്തിരുന്ന സ്ഥാപനത്തിൽ കുറച്ചു കൂടി നല്ല ഒരു ജോലി കിട്ടി..

അവിടെ ഇരുന്നുകൊണ്ട് വേറെ ജോലികൾക്ക് ശ്രമിക്കുകയും ഒക്കെ ചെയ്തുകൊണ്ടിരുന്നു.. ജീവിതവുമായി മെല്ലെ മെല്ലെ ഞാൻ പൊരുത്തപ്പെട്ടു..

പക്ഷേ എന്നും അത്താഴം കഴിക്കുമ്പോൾ, അത്താഴം കഴിഞ്ഞ് പുറത്തെ തിണ്ണയിൽ ഒറ്റയ്ക്കിരിക്കുമ്പോൾ ഞാൻ അയാളെ ഓർക്കുമായിരുന്നു..

അയാൾ ഇപ്പൊ എന്ത് ചെയ്യുകയാവും..! അയാൾ എന്നേ ഓർക്കുന്നുണ്ടാവുമോ??

നാളുകൾക്ക് ശേഷം ഒരു സന്ധ്യ മയങ്ങിയ നേരത്ത് ഉമ്മറതിണ്ണയിൽ ഇരിക്കുമ്പോളാണ് ഒരു നിഴൽരൂപം പടി കടന്നു വരുന്നത് ഞാൻ കണ്ടത്..

ആരാണെന്നു നോക്കി നിൽക്കവേ മുന്നിൽ വന്ന അയാളുടെ രൂപം എന്നേ അതിശയപ്പെടുത്തി..

നാളുകളായിട്ടുള്ള അലച്ചിലിന്റെ ശേഷിപ്പെന്ന പോലെ മുഷിഞ്ഞ വേഷവും തളർന്ന മുഖവുമായി അയാൾ..

പക്ഷേ എന്നേ കണ്ടതുകൊണ്ടാണോ ആ കണ്ണുകൾക്ക് മാത്രം തിളക്കമുണ്ടായിരുന്നു..

എന്ത് പറയണമെന്നോ എന്ത് ചോദിക്കണമെന്നോ അറിയാതെ കടന്നുപോയ കുറച്ചു സമയത്തിനോടുവിൽ അയാൾ എന്നേ കെട്ടിപ്പിടിച്ചു..

ഞാൻ തരിച്ചു പോയിരുന്നു.. അയാളുടെ കണ്ണുനീരിന്റെ ചൂട് എന്റെ ദേഹത്തു ഞാൻ അറിയുന്നുണ്ടായിരുന്നു..

” നീ എന്തിനാണ് എന്റെ ജീവിതത്തിലേക്ക് ഇടിച്ചു കയറി വന്നത്! ഞാൻ ഒറ്റയ്ക്ക് ഈ ലോകത്ത് എങ്ങനെയെങ്കിലും ജീവിച്ചു മരിക്കുമായിരുന്നില്ലേ?? എന്തിനാണ് നീ.. ”

അയാളുടെ ശബ്ദം ഇടറിപ്പോയിരുന്നു.. ഒരുപക്ഷെ അത്രയും വാചകങ്ങൾ അയാൾ എന്നോട് പറയുന്നത്..

അയാൾ അപ്പോളും കരയുകയായിരുന്നു.. അപ്പോളും എനിക്ക് മനസ്സിലാകാതിരുന്നത് അയാൾ എന്തിന്.. എങ്ങനെ എന്നേ അന്വേഷിച്ചു വന്നു എന്നാണ്..

അമ്മയോട് നഗരത്തിൽ നിന്നൊരു സുഹൃത്ത് വന്നതാണെന്ന് പറഞ്ഞു.. അമ്മയെ അയാൾ വല്ലാത്തൊരു നോട്ടം നോക്കുന്നത് കണ്ടു..

അമ്മ വിളമ്പിക്കൊടുത്ത കഞ്ഞി അയാൾ ആർത്തിയോടെ കുടിച്ചു.. അത്താഴത്തിനു ശേഷം പുറത്ത് ഒറ്റയ്ക്ക് കണ്ണ് നിറച്ചിരിക്കുന്ന ആളെ ഞാൻ പോയി വിളിച്ചു..

” ബാലൂ…. ”

അയാൾ എന്നേ വിളിച്ചപ്പോൾ ഞാൻ അയാളെ തന്നെ നോക്കി.. ആദ്യമായിട്ടാവണം അയാളെന്റെ പേര് വിളിച്ചത്..

” കൊ ലപാതകി ആയിരുന്നു എന്റെ അമ്മ.. കാമുകന്റെ കൂടെ ജീവിക്കാൻ വേണ്ടി സ്വന്തം ഭർത്താവിനെ കൊലപ്പെടുത്തിയ കൊ ലപാതകി..

അവരുടെ ക്രൂരതയ്ക്ക് ശിക്ഷ കിട്ടിയ ശേഷമാണ് അവരുടെ വയറ്റിൽ ഞാൻ കുരുത്ത വിവരം അറിയുന്നത്.. കുഞ്ഞ് ആരുടെയെന്നു ഉറപ്പില്ലാത്തത് കൊണ്ട് ഏറ്റെടുക്കാൻ ആരും വന്നില്ല.. ജയിലിൽ ആയിരുന്നു കുട്ടിക്കാലം..

കാ മത്താൽ അന്ധയായ ഒരുത്തിയുടെ ഉദരത്തിൽ കുരുത്ത പടുമുള.. അതായിരുന്നു ഞാൻ.. അവഗണനയും പരിഹാസവും മാത്രം അനുഭവിച്ച നാളുകൾ ”

അയാൾ അനുഭവിച്ച അവസ്ഥകളെക്കാളും അയാൾ എത്ര ഭംഗിയായി സംസാരിക്കുന്നു എന്നാണ് ഞാൻ ചിന്തിച്ചത്..

അനാഥാലയത്തിൽ അയാൾ അനുഭവിച്ച ക്രൂരതകളും ഒറ്റപ്പെടലുകളും ഒക്കെ എന്നോട് പറഞ്ഞു അയാൾ വിതുമ്പുമ്പോൾ.

അയാളുടെ ഏകാന്തജീവിതം എന്തുകൊണ്ടാണ് എന്ന എന്റെ സംശയത്തിന് ഉത്തരം കിട്ടുകയായിരുന്നു..

കാലങ്ങളായി ആരും കൂടെ കൂട്ടാത്തത് കൊണ്ട് ഈ ലോകത്ത് ഒറ്റയ്ക്കായ ഒരാൾ..! കടുത്ത അപകർഷതയും ഭയവും കൊണ്ട് തന്നിലേക്ക് മാത്രമൊതുങ്ങി ജീവിച്ച ഒരാൾ..

അയാളുടെ ലോകത്തേക്ക് ആദ്യമായി ഇഷ്ടത്തോടെ ചെന്നത് ഞാനാണ്.. അയാളെ അവജ്ഞയോടെ അല്ലാതെ നോക്കിയത്..

അയാളോട് അടുത്ത് ഇടപഴകിയത്.. ഒപ്പം ഭക്ഷണം കഴിച്ചത്.. അയാളോട് ചിരിച്ചു സംസാരിച്ചത്.. ഒക്കെ ഞാനാണ്.. മറ്റുള്ളവർക്ക് നിസ്സാരമായി തോന്നുമെങ്കിലും..

അയാൾക്കിതൊക്കെ എത്ര വലിയ കാര്യങ്ങൾ ആയിരുന്നു എന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. അയാളോട് ഒരു വാക്ക് പറയാതെ പോന്നതിൽ എനിക്ക് വിഷമം തോന്നി..

അയാൾ എന്നേ ഒത്തിരി പ്രതീക്ഷിച്ചുവത്രേ.. മറ്റുള്ളവരോട് ചോദിക്കാനും മറ്റും മടിയായിരുന്നു എന്ന്..

ഒടുവിൽ ഒട്ടും സഹിക്കാൻ വയ്യാത്തവണ്ണം ശൂന്യത തോന്നിയപ്പോൾ ആണത്രേ ലോഡ്ജിൽ നിന്നും എന്റെ അഡ്രസ് വാങ്ങി തെരഞ്ഞു വന്നത്..

അയാൾ പറഞ്ഞു നിർത്തുമ്പോൾ എന്റെ കണ്ണുകളും നിറഞ്ഞിരുന്നു..

ഇനിയെന്നും ഒരു കൂട്ടുകാരനായും കൂടപ്പിറപ്പായും ഒക്കെ ഞാനുണ്ടാകുമെന്ന് വാക്ക് കൊടുക്കുമ്പോൾ ഞാൻ അറിയുകയായിരുന്നു.. സ്നേഹത്തിന്റെ ശക്തി…

Leave a Reply

Your email address will not be published.