ഒരു കുഞ്ഞില്ലാത്തതിന്റെ പേരിൽ അമ്മയും നാത്തൂനും അവരെ വല്ലാതെ നോവിച്ചിരുന്നു..

കുടുംബ ചിത്രങ്ങൾ
(രചന: സൃഷ്ടി)

ബസിറങ്ങി വീട്ടിലേക്ക് ദൃതിയിൽ നടക്കുകയായിരുന്നു കൃഷ്ണ… നേരം കുറച്ചു വൈകിയിട്ടുണ്ട്..

അല്ലെങ്കിലേ താൻ ജോലിക്ക് പോകുന്നത് മനുവേട്ടന്റെ അമ്മയ്ക്ക് ഇഷ്ടമല്ല.. നേരം വൈകി വരുകയോ, പതിവിലും നേരത്തെ ഇറങ്ങുകയോ  ചെയ്യുന്ന ദിവസം മുഖം വീർത്തു കെട്ടും..

മനുവേട്ടന്റെ ഏട്ടനും ഏട്ടത്തിയും അമ്മയും ഉള്ള കൂട്ടുകുടുംബമാണ്.. വിവാഹം കഴിഞ്ഞുപോയ നാത്തൂൻ മല്ലിക തൊട്ടടുത്താണ് താമസം..

അമ്മായിയമ്മയ്ക്കും നാത്തൂനും തങ്ങൾ മരുമക്കളെ വലിയ മതിപ്പില്ല.. നാത്തൂൻ തന്നാലാവും വിധം ദ്രോഹിക്കും.. ഏട്ടന്റെ ഭാര്യയുടെ സഹകരണം കൊണ്ടാണ് കാര്യങ്ങൾ ഒരുവിധം നടക്കുന്നത്..

” കൃഷ്ണേ…  അപ്പുമോന്റെ കാര്യങ്ങളൊക്കെ നീ നോക്കണം.. അല്ലാതെ അപ്പുമോനെ കണ്ട മച്ചിപ്പെണ്ണുങ്ങൾക്ക് തട്ടിക്കളിക്കാൻ ഇട്ടു കൊടുക്കുകയല്ല വേണ്ടത്.. ”

വീട്ടിൽ വന്നു കയറിയ ഉടനെ കൃഷ്ണയെ വരവേറ്റത് മനുവിന്റെ അമ്മ, രാധമ്മയുടെ മുറുകിയ മുഖവും രൂക്ഷമായ വാക്കുകളും ആണ്.. അവൾക്ക് കാര്യമൊന്നും മനസ്സിലായില്ല..

” എന്താ അമ്മേ കാര്യം?? ”

കൃഷ്ണ അന്വേഷിച്ചു..

” ഓ.. എന്ത് കാര്യം.. ആ മൂധേവി.. അപ്പുമോനെ അടിച്ചു.. അത് തന്നെ.. ഞാൻ കണ്ടത് കൊണ്ട് അവളുടെ കള്ളി വെളിച്ചത്തായി..

ആ.. പെറാത്ത പെണ്ണുങ്ങൾക്ക് വേറെ കുഞ്ഞുങ്ങളെ കാണുമ്പോ ഇങ്ങനത്തെ സൂക്കേടൊക്കെ തോന്നും.. ”

അവരുടെ സംസാരം മുഴുവൻ കേൾക്കുന്നതിന് മുൻപ് തന്നെ കൃഷ്ണ അടുക്കളയിൽ എത്തി.. അവിടെ മനുവിന്റെ ഏട്ടന്റെ ഭാര്യ രാജി ഉണ്ടായിരുന്നു…

രാജിയ്ക്ക് കുഞ്ഞുങ്ങൾ ഉണ്ടാകില്ല.. അതുകൊണ്ട് തന്നെ അതിന്റെ പേരിൽ രാജിയും ഭർത്താവ് മഹേഷും ഒരുപാട് വിഷമിക്കുന്നുണ്ട്..

താൻ വിവാഹം കഴിഞ്ഞ് വന്നപ്പോൾ തൊട്ട് ഒരു കൂടപ്പിറപ്പിനെ പോലെയാണ് ഏട്ടത്തി കണ്ടിട്ടുള്ളൂ..

ഏട്ടത്തിയുടെ സ്വഭാവം മോശമാണെന്ന തരത്തിൽ അമ്മായിയമ്മയും  നാത്തൂനും പലതും പറഞ്ഞിട്ടുണ്ട്..

പക്ഷേ പണ്ട് മുതൽ തന്നെ ഒരാളെയും മറ്റൊരാളുടെ വാക്കുകളിൽ വിലയിരുത്താറില്ല. അതുകൊണ്ട് തന്നെ രാജി എന്നും പ്രിയപ്പെട്ട ഏട്ടത്തി ആണ്..

അമ്മായിയമ്മയും നാത്തൂനും ഇഷ്ടക്കേട് തോന്നാനുള്ള കാരണം ഏട്ടത്തിയുടെ താഴ്ന്ന സാമ്പത്തികമാണെന്ന് അതിനോടകം തന്നെ മനസിലായിരുന്നു..

തനിക്ക് ജോലിയും വിദ്യാഭ്യാസവും അത്യാവശ്യം സാമ്പത്തികവും ഉള്ളത് കൊണ്ടാണ് തന്നോട് ഇത്തിരി മയമെന്നും..

പക്ഷേ, അവരുടെ കുത്തുവാക്കുകൾക്കൊന്നും പ്രതികരിക്കാതെ, അടുക്കളപ്പുറത്തും ഏട്ടന്റെ നെഞ്ചിലും മാത്രം ഒതുങ്ങിയിരുന്ന ഏട്ടത്തി തനിക്കെന്നും  അത്ഭുതമായിരുന്നു.. അതുപോലെ തന്നെ ഏട്ടനും..

ഏട്ടത്തിയെ സ്നേഹം കൊണ്ടു പൊതിയുന്ന ഏട്ടൻ.. രാത്രി എല്ലാവരും കിടന്ന ശേഷം ഉമ്മറത്തിണ്ണയിൽ ഏട്ടത്തിയുടെ മടിയിൽ തല വെച്ച് കിടക്കുന്ന ഏട്ടനെ ആദ്യമൊക്കെ കാണുമ്പോൾ കൗതുകമായിരുന്നു..

എന്നും ഏട്ടൻ ഏട്ടത്തിയ്ക്കായി കൊണ്ടുവരുന്ന നാരങ്ങാമിട്ടായി പോലെ അവരുടെ മധുരം വറ്റാത്ത പ്രണയം പലപ്പോളും നോക്കി നിൽക്കാറുണ്ട്..

ചിലപ്പോളൊക്കെ തോന്നും പ്രണയിച്ചു വിവാഹിതരായ തങ്ങളെക്കാൾ പരസ്പരം അറിയാതെ വിവാഹം കഴിച്ച ഇവർക്കാണു കൂടുതൽ ഇഴയെടുപ്പമെന്നു..

ഒരു കുഞ്ഞില്ലാത്തതിന്റെ പേരിൽ അമ്മയും നാത്തൂനും അവരെ വല്ലാതെ നോവിച്ചിരുന്നു.. ഏട്ടത്തിയ്ക്ക് ഏറ്റവും വേദനയുള്ളതും അതിലായിരുന്നു..

താൻ ഗർഭിണി ആണെന്നറിഞ്ഞപ്പോൾ ഏട്ടത്തിയുടെ കണ്ണ് പറ്റേണ്ട എന്നും, അവരെന്തെങ്കിലും കലക്കി തരുമെന്നും സൂക്ഷിക്കണമെന്നും ഒക്കെ നാത്തൂൻ പറഞ്ഞപ്പോൾ ഞെട്ടലായിരുന്നു..

പക്ഷേ ഈ വിവരമറിഞ്ഞപ്പോൾ നിറഞ്ഞ ഏട്ടത്തിയുടെ കണ്ണുകളിൽ ഒരിക്കലും അസൂയയോ നിരാശയോ കണ്ടിട്ടില്ല.. മറിച്ച് സ്നേഹവും സന്തോഷവും മാത്രം..

അതുപോലെ ഓരോ ഇഷ്ടങ്ങൾ ചോദിച്ചു ഓരോന്നു ചെയ്തു തരുമ്പോൾ ഒക്കെയും അവർ തനിക്ക് അമ്മ കൂടിയാവുകയായിരുന്നു..

തനിക്ക് വേണ്ടി വഴിപാടുകളും പ്രാർത്ഥനയുമൊക്കെ ചെയ്യുമ്പോൾ മനുവേട്ടൻ പലപ്പോളും പറയും..

” കൃഷ്ണേ.. നീ വയറ്റിൽ ചുമക്കുന്ന കുഞ്ഞിനെ ഏട്ടത്തി മനസ്സിൽ ചുമക്കുന്നുണ്ട്.. കുഞ്ഞ് വരുമ്പോൾ അവരെ അകറ്റരുത് ” എന്ന്..

ഏഴാം മാസത്തിൽ പ്രസവത്തിനു കൂട്ടിക്കൊണ്ടുപോകുന്ന ചടങ്ങിൽ വെച്ച് അമ്മയുടെയും നാത്തൂന്റെയും വാക്ക് മുഖവുരയ്ക്ക് എടുക്കാതെ ഏട്ടത്തിയെ താൻ ചേർത്തു നിർത്തിയത് അവർക്ക് ഇഷ്ടക്കേടായിരുന്നു..

കുഞ്ഞ് ജനിച്ചപ്പോൾ ആശുപത്രിയിൽ പോലും ഏട്ടത്തിയെ വരാൻ അവർ സമ്മതിച്ചില്ല..

നൂലുകെട്ട് ചടങ്ങിൽ മനുവേട്ടനും താനും നിർബന്ധിച്ചു ഏട്ടത്തി വന്ന് അപ്പുവിന്റെ കാലിലൊരു പൊൻതള ചാർത്തിയപ്പോൾ ഏട്ടന്റെ മനസ്സ് നിറഞ്ഞിരുന്നു..

അന്ന് തന്റെ അമ്മ പറഞ്ഞത് ഇന്നും ഓർമയുണ്ട്.. ഈ നന്മ കുഞ്ഞിന് ഭാഗ്യമായി വരുമെന്ന്..

അപ്പുമോനെ പ്രസവിച്ച ശേഷം ഇങ്ങോട്ട് വരുമ്പോൾ ഏട്ടത്തിയെ എല്ലാവരും മനഃപൂർവം മാറ്റി നിർത്തുകയായിരുന്നു..

അപ്പുവിന്റെ വാശിയ്ക്കും കുറുമ്പിനും എന്തിനധികം കുത്തിവെപ്പിന്റെ വേദനയ്ക്ക് പോലും ഏട്ടത്തിയായിരുന്നു കാരണക്കാരി..

അവന്റെ കരച്ചിൽ കേൾക്കുമ്പോ മുറിയുടെ പുറത്ത് നിന്നു ആന്തലോടെ, മടിയോടെ നിന്നിരുന്ന ഏട്ടത്തിയെ മനുവേട്ടൻ തന്നെയാണ് കൈ പിടിച്ചു കൂട്ടി കൊണ്ടു വന്നത്..

നിറഞ്ഞ മനസ്സോടെ തന്നെയാണ് അന്ന് അപ്പുവിനെ ഏട്ടത്തിയുടെ കയ്യിലേക്ക് കൊടുത്തത്.. ഏട്ടത്തി അവനെ നെഞ്ചിലേക്ക് ചേർത്ത് നോക്കിയ ഒരു നോട്ടമുണ്ട്..നന്ദിയോടെ..

അനിർവചനീയമായ ആനന്ദത്തോടെ നോക്കിയ നോട്ടം.. അന്നുതൊട്ട് ഏട്ടത്തിയും ഏട്ടനും അവനെ പ്രാണനെ പോലെയാണ്.. തിരിച്ചു അവനും വല്യച്ഛനും വല്യമ്മയും അത്രമേൽ പ്രിയപ്പെട്ടവരാണ്..

അമ്മയും നാത്തൂനും പല മുറുമുറുപ്പുകളും ഉണ്ടായിരുന്നു.. താൻ അതൊന്നും കാര്യമാക്കിയില്ല..

പ്രസവിച്ചില്ലെന്നു കരുതി മാതൃത്വത്തിന്റെയും വാത്സല്യത്തിന്റെയും ഉറവ വറ്റുന്നതെങ്ങനെ?? സ്നേഹം മനസ്സിലല്ലേ..

ഇപ്പൊ അപ്പുവിന് മൂന്ന് വയസായി.. അവന് എട്ട് മാസം ഉള്ളപ്പോളാണ് ജോലി ശരിയാവുന്നത്..

കുഞ്ഞിനെ നോക്കാതെ ജോലിക്ക് പോകുന്നതിൽ അമ്മയ്ക്കും നാത്തൂനും വലിയ എതിർപ്പായിരുന്നു.. പക്ഷേ ഏട്ടത്തിയാണ് പറഞ്ഞത്..

അപ്പുവിന്റെ കാര്യം ഓർത്തു ജോലി കളയരുത് എന്നു.. ആ വാക്കിന്റെ ബലത്തിൽ അന്ന് തൊട്ട് താൻ ജോലിക്ക് പോകുന്നുണ്ട്.. അന്നുതൊട്ട് ഇന്നുവരെ അപ്പുവിനെ സ്വന്തമായി നോക്കുന്നത് ഏട്ടത്തിയാണ്..

താൻ ജോലിക്ക് പോകുന്നതിനു അമ്മ ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കും.. ഏട്ടത്തി കുഞ്ഞിനെ നോക്കിയാൽ ഉണ്ടാകുന്ന ദോഷങ്ങളെ കുറിച്ചുള്ള ആ സംസാരം താനോ മനുവേട്ടനോ അതൊന്നും ഗൗനിക്കാറില്ല..

അത് പോരാഞ്ഞു തന്റെ വീട്ടിൽ നിന്നു ആരെങ്കിലും വന്നാലും ഓരോന്ന് പറഞ്ഞു കൊടുക്കും.. തനിക്കില്ലാത്ത കുഴപ്പം അവർക്കും ഉണ്ടാവാറില്ല..

അതിനൊക്കെ മനസ്സ് വിഷമിക്കുന്ന ഒരെ ഒരാൾ ഏട്ടത്തി തന്നെയാണ്.. അപ്പുമോന് വല്യമ്മയോടുള്ള സ്നേഹം മാത്രം കണ്ടാൽ മതി.. അവരെങ്ങനെ കാര്യമായി കുഞ്ഞിനെ നോക്കുന്നുണ്ട് എന്നറിയാൻ..

” കൃഷ്ണേ.. ”

രാജി വിളിച്ചപ്പോളാണ് കൃഷ്ണ ചിന്തകളിൽ നിന്നുണർന്നത്.. രാജിയുടെ മുഖവും കണ്ണുമൊക്കെ ചുവന്നു കിടന്നിരുന്നു..

” അപ്പൂട്ടൻ റോട്ടിലേക്ക് ഓടാൻ തുടങ്ങുകയായിരുന്നു.. ഒത്തിരി ഞാൻ പറഞ്ഞിട്ടും കേട്ടില്ല..

പറഞ്ഞാൽ കേട്ടില്ലെങ്കിൽ അടി കിട്ടുമെന്ന് പറഞ്ഞോന്നു ഓങ്ങിയതേ ഉള്ളൂ.. സത്യമായിട്ടും അടിച്ചിട്ടില്ല.. എന്റെ മോനല്ലേ.. അപ്പോളേക്കും അമ്മയും മല്ലികയും കൂടി… സത്യമാണ് കൃഷ്ണേ.. ”

രാജി വിതുമ്പിക്കൊണ്ട് പറഞ്ഞപ്പോൾ കൃഷ്ണ വല്ലാതെയായി.. എന്നാലും മുഖത്ത് ഗൗരവം ഭാവിച്ചു.

” ഏട്ടത്തി അപ്പുവിനെ സ്വന്തം മോനായി തന്നെ കാണുന്നുണ്ടോ? ”

രാജി കൃഷ്ണയെ തറഞ്ഞു നോക്കി..

” എന്റെ ഏട്ടത്തി.. സ്വന്തം മക്കളേ അമ്മമാരു ചെലപ്പോ അടിച്ചു എന്നൊക്കെ ഇരിക്കും..

ഇനിയിപ്പോ വല്ല കുറുമ്പും കാട്ടി ഏട്ടത്തി അപ്പുവിന് ഒന്ന് കൊടുത്താലും കുഴപ്പമൊന്നുമില്ല.. അമ്മ വല്ലതുമൊക്കെ പറയുന്നത് കേട്ട് ഇങ്ങനെ വിഷമിക്കാതെ.. ”

കൃഷ്ണ പറഞ്ഞതും രാജി അവളുടെ കൈ എടുത്ത് കൂട്ടിപ്പിടിച്ചു.. അതിൽ ഉണ്ടായിരുന്നു എല്ലാം..

” ഒരു കുഞ്ഞിനെ പ്രസവിക്കാൻ ഇത് വരെ ഏട്ടത്തിയ്ക്ക് കഴിഞ്ഞില്ല.. പ്രസവിച്ച എനിക്കാവട്ടെ അവനെ നോക്കി ഇവിടെ ഇങ്ങനെ ഇരിക്കാനും പറ്റുന്നില്ല..

രണ്ടിലും അമ്മയ്ക്ക് ബുദ്ദിമുട്ട് ഉണ്ട്.. അതുകൊണ്ട് അവർ ഓരോന്ന് പറയും.. നമ്മളത് കേൾക്കണ്ട.. അപ്പുവിനെ നോക്കാൻ ഏട്ടത്തി ഉണ്ടെന്ന ധൈര്യത്തിലാണ് ഞാൻ ജോലിക്ക് പോകുന്നത്..

അതുകൊണ്ട് ഏട്ടത്തി ആരെങ്കിലുമൊക്കെ പറയുന്ന കേട്ട് വിഷമിക്കണ്ട.. അപ്പു നമ്മടെ കുട്ടിയാണ്.. ഞാൻ അങ്ങനെയേ കരുതിയിട്ടുള്ളൂ.. ”

രാജി സന്തോഷത്തോടെ തല കുലുക്കി.. അപ്പോളേക്കും അപ്പു എണീറ്റു വന്നിരുന്നു..

” വല്യമ്മേ.. ”

അവൻ ചിണുങ്ങിക്കൊണ്ട് രാജിയുടെ മേൽ ചാഞ്ഞപ്പോൾ കൃഷ്ണ കഴിക്കാനുള്ള പാത്രങ്ങളുമായി പിന്നമ്പുറത്തേക്ക് നടന്നു..

മരുമക്കൾ തമ്മിൽ പ്രതീക്ഷിച്ച പോലെ കലഹം ഉണ്ടാക്കാത്തത്തിൽ മുറുമുറുത്ത് രാധമ്മ ഉമ്മറത്തേക്കും നീങ്ങി….

Leave a Reply

Your email address will not be published.