ഒരു സ്ത്രീക്ക് ഒരു കുഞ്ഞിനെ കൊടുക്കാൻ കഴിവില്ലാത്തയാൾ ഒരു ഭർത്താവാണോ സാർ..

(രചന: സോണി അഭിലാഷ്)

” സദാശിവാ നീയിങ്ങനെ മിണ്ടാതിരിന്നിട്ട് എന്താ കാര്യം..എത്രയും പെട്ടന്ന് പോലീസിൽ അറിയിക്കാൻ നോക്ക്..” അടുത്ത വീട്ടിലെ അലിയാരിക്ക പറയുന്നത് കേട്ടാണ് സദാശിവൻ തലയൊന്ന് ഉയർത്തിയത്..

അയാൾ ദയനീയമായി അലിയാരെ നോക്കി.. വീടിന്റെ മുറ്റത്തു അവിടെ ഇവിടെയായി കുറച്ചാളുകൾ കൂടി നില്പുണ്ട്.. എല്ലാവരു ടെയും മുഖത്തു സഹതാപം മാത്രം.. പലരും അടക്കിപ്പിടിച്ചു ഓരോന്ന് പറയുന്നുണ്ട്..

അയാൾ വീണ്ടും നിശബ്ദനായി..

ഇത് സദാശിവൻ ഒരു ബസ് ഡ്രൈവറാണ് ഭാര്യ രേണുകയോടൊപ്പം ഒരു വാടക വീട്ടിലാണ് താമസം.. കുട്ടികൾ ഇല്ലങ്കിലും പരസ്പരം സ്നേഹത്തോടെയാണ് അവർ കഴിഞ്ഞത്..

കുട്ടികൾ വേണമെന്നത് രേണുകയുടെ ആഗ്രഹമായിരുന്നു..പക്ഷേ സദാശിവന് അതിനുള്ള കഴിവ് ദൈവം നൽകിയിരുന്നില്ല..

” സദാശിവ നീ വാ ആ എസ്‌ഐ പോകുന്നതിനു മുൻപ് പോയി പരാതി കൊടുക്കാം..”

വീണ്ടും അലിയാരിക്കയുടെ വാക്കുകൾ അയാളിലേക്കെത്തി.

ബാക്കിയുള്ളവർ കൂടി നിർബന്ധിച്ചപ്പോൾ സദാശിവൻ പോകാനായി എഴുനേറ്റു.. അവർ ഒരു ഓട്ടോയിൽ പോലീസ് സറ്റേഷനിലെത്തി.. അകത്തേക്ക് ചെന്നു.

” സാറേ എസ്‌ഐ സാറുണ്ടോ..? ”

അലിയാർ പുറത്തു നിൽക്കുന്ന പോലീസുകാരനോട് ചോദിച്ചു.

” മ്മ് ഉണ്ട്..എന്ത് വേണം..? ”

” അത് സാറിനെ നേരിൽ കണ്ട്‌ ഒരു പരാതി പറയാനാ..”

” മ്മ് ഇവിടെ നില്ക്കു..ഞാൻ അകത്തുപോയി ചോദിച്ചു വരാം..”

അത് പറഞ്ഞിട്ട് പോലീസുകാരൻ അകത്തേക്ക് പോയി. സദാശിവനും അലിയാരും കൂടെ വന്നവരും അവിടെ നിന്നു..

തലതാഴ്ത്തി നിൽക്കുന്ന സദാശിവനെ അവരെല്ലാവരും ഓരോന്ന് പറഞ്ഞു ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.

” രണ്ട് പേരോട് അകത്തേക്ക് ചെല്ലാൻ പറഞ്ഞു..”

തിരിച്ചു വന്ന് പോലീസുകാരൻ പറയുന്നത് കേട്ട് സദാശിവനെയും കൂട്ടി അലിയാർ അകത്തേക്ക് ചെന്നു..എസ്‌ഐ അവരെ ഒന്ന് നോക്കിയിട്ട് ഇരിക്കാൻ പറഞ്ഞു..

” മ്മ്..എന്താ പരാതി..ആരാ പരാതിക്കാരൻ..”

എസ്‌ഐയുടെ ശബ്ദം കാതിൽ പതിഞ്ഞതും സദാശിവൻ അലിയാരെ നോക്കി..കാര്യം പറയാൻ അയാൾ കണ്ണുകൊണ്ട് പറഞ്ഞു..

” അത്..പിന്നെ സാർ എന്റെ പേര് സദാശിവൻ..ഞാൻ ഈ സിറ്റിയിൽ ഓടുന്ന ഒരു ബസിലെ ഡ്രൈവറാണ്..എന്റെ ഭാര്യ രേണുകയെ കാണാനില്ല..”

ഒരു വിധം വിക്കികൊണ്ട് അയാൾ പറഞ്ഞൊപ്പിച്ചു..

” ഭാര്യയെ കാണാനില്ലാന്നോ..അവർ എവിടെ പോകുന്നെന്ന് തന്നോട് പറഞ്ഞില്ലേ..” ?

” അത് സാർ..അവൾ സാധാരണ ജോലിക്ക് പോകുന്നത് പോലെ പോയതാണ്..

ടൗണിലെ ഒരു ലേഡീസ് സ്റ്റോറിലാണ് ജോലിക്ക് പോകുന്നത് എന്നും വൈകിട്ട് ഏഴുമണിയോടെയാണ് വരുന്നത് അതുകൊണ്ട് കാര്യമാക്കിയില്ല പക്ഷേ പതിനൊന്ന് മണിയായിട്ടും
കാണുന്നില്ല..”

” അവർ എവിടെയെങ്കിലും പോയതായി രിക്കും വല്ല ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വീട്ടിൽ.. നിങ്ങൾ അവിടെ യൊന്നും തിരക്കിയില്ലേ..”

” അറിയാവുന്നിടത്തെല്ലാം തിരക്കി പക്ഷേ എങ്ങും ചെന്നട്ടില്ല..ഇന്ന് കടയിലും ചെന്നിട്ടില്ല…”

” മ്മ് ഭാര്യക്ക് മൊബൈൽ ഫോണുണ്ടോ..? ”

” ഉണ്ട് സാർ..ആദ്യം ഒരു സാധാരണ ഫോണായിരുന്നു..ഈ അടുത്തിടക്കാണ് നെറ്റ് ഒക്കെ ഉപയോഗിക്കാവുന്ന പുതിയ ഫോൺ വാങ്ങിയത്..”

” ശരി..നിങ്ങളുടെ വല്ല പ്രേമ വിവാഹമോ മറ്റോ ആയിരുന്നോ..”

” അല്ല സാർ..വീട്ടുകാര് ആലോചിച്ചു നടത്തിയതാണ്..”

” നിങ്ങൾക്കിടയിൽ വല്ല അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നോ..? ”

” ഇല്ല സാർ ഞങ്ങൾ നല്ല സ്നേഹത്തിലാ യിരുന്നു പിന്നെ കുഞ്ഞുങ്ങൾ ഇല്ലാ എന്ന ഒരു ദുഃഖമേ ഉണ്ടായിരുന്നുള്ളു.. അത് എന്റെ കുഴപ്പം കൊണ്ടാണ്.. എന്നിട്ടും ഒരു പരാതിയും അവൾ പറഞ്ഞട്ടില്ല..”

” ഓക്കേ…സദാശിവൻ ഒരു കാര്യം ചെയ്യ്‌ ഒരു പരാതി എഴുതികൊടുത്തേക്ക് ഞാൻ ഒന്ന് അന്വേഷിക്കട്ടെ.. എന്തെങ്കിലും വിവരമറിഞ്ഞാൽ ഞാൻ വിളിച്ചോളാം ഭാര്യയുടെ ഫോട്ടോ ഉണ്ടെങ്കിൽ അതും തന്റെയും ഭാര്യയുടെയും ഫോൺ നമ്പർ കൂടി കൊടുത്തേക്ക്..”

” ശരി സാർ…”

എസ്‌ഐക്ക് നന്ദിയും പറഞ്ഞു സദാശിവനും അലിയാരും പരാതിയും എഴുതി കൊടുത്തിട്ട് അവിടന്നിറങ്ങി..

” സദാശിവാ വീട്ടിൽ ഏതെങ്കിലും കഴിക്കാൻ ഉണ്ടോ..? ” അലിയാർ ചോദിച്ചു

” എനിക്കൊന്നും വേണ്ടാ ഇക്ക..വിശപ്പില്ലാ”

അവനെ വീട്ടിലാക്കിയിട്ട് കുറച്ചു നേരംകൂടി അവിടെ നിന്നിട്ട് നാളെ വരാം എന്ന് പറഞ്ഞു എല്ലാവരും പിരിഞ്ഞു..ആ വീട്ടിൽ സദാശിവൻ ഒറ്റക്കായി…

പതിവില്ലാതെ അവൻ എല്ലാ ലൈറ്റുകളും ഓൺ ചെയ്തു പതിവില്ലാത്തൊരു നിശബ്ദത ആ വീടിനുള്ളിൽ നിറഞ്ഞു നിന്നു.. സദാശിവൻ ഉമ്മറത്തെ ചാരുകസേ രയിലേക്ക് ഇരുന്നു.

” ഇത്രയും നാളത്തെ ജീവിതത്തിൽ തനിക്കു എവിടെയെങ്കിലും തെറ്റ് പറ്റിയോ.. എന്നാലും എവിടെക്കായിരിക്കും രേണുക പോയിട്ടുണ്ടാവുക.. ഇനിയവൾക്ക് മറ്റാരെങ്കിലും ആയി എന്തെങ്കിലും ബന്ധം ഉണ്ടായിട്ടുണ്ടാകോ..? ”

അവൻ സ്വയം ചോദിച്ചു..

വളരെയധികം സംസാരിക്കുന്ന പെൺ കുട്ടിയായിരുന്നു രേണുക.. ഇരു നിറമാണെങ്കിലും കാണാൻ സുന്ദരിയായിരുന്നു..

തന്റെ പെങ്ങൾ വഴിയാണ് ആലോചന വന്നത്. കണ്ട്‌ രണ്ട് പേർക്കും പരസ്പരം ഇഷ്ടമായിട്ടാണ് കല്ല്യാണം നടന്നത്..

കല്ല്യാണം കഴിഞ്ഞു കുറച്ചു നാള് കഴിഞ്ഞപ്പോഴേക്കും ഇവിടെ ഒരു സ്കൂൾ ബസിൽ ജോലി കിട്ടി ഇങ്ങോട്ട് പോന്നു.. ഇവിടെ വന്നിട്ട് എട്ട് വർഷമായി..

അതിനിടയിൽ കുട്ടികൾ ഉണ്ടാവാത്തത് കൊണ്ട് ഡോക്ടറെ കണ്ട്‌ പല പരിശോധ
നകൾ നടത്തി അതിൽ നിന്നും ഒന്ന് മനസിലായി തന്റെ കാരണം കൊണ്ടാണ് കുട്ടികൾ ഉണ്ടാവാത്തത് എന്ന്.

കുഞ്ഞുങ്ങളെ ഇഷ്ടമായിരുന്ന അവൾ പക്ഷേ എന്റെ ആ അവസ്ഥയെ അംഗീകരിക്കുകയാണ് ചെയ്തത്. വളരെ സ്നേഹമായി തന്നെയാണ് ജീവിച്ചതും..

അവളുടെ ഓരോ ചെറിയ ആഗ്രഹങ്ങളും താൻ നിറവേറ്റി കൊടുത്തിട്ടുണ്ട്..അടുത്ത വീടുകളിലെ കുട്ടികളെ അവൾ വാത്സല്യത്തോടെ നോക്കുമ്പോൾ പലപ്പോഴും തന്റെ നെഞ്ച് വിങ്ങിയട്ടുണ്ട്..

വേറെ വിവാഹം കഴിക്കാൻ പറഞ്ഞതുമാണ്…അന്ന് അതെല്ലാം അവൾ ചിരിച്ചുകൊണ്ട് അവഗണിച്ചതാണ്.

വീട്ടിലിരുന്ന് മടുത്തപ്പോൾ ഒരു ജോലിക്ക് പോയാലോയെന്ന് അവൾ തന്നെയാണ് ചോദിച്ചത്..

ആദ്യം എതിർത്തെങ്കിലും അവസാനം സമ്മതിച്ചു കൊടുത്തത് കൊണ്ടാണ് ടൗണിലെ ലേഡീസ് സ്റ്റോറിൽ ജോലിക്ക് പോയി തുടെങ്ങിയത്..അത് ഒരു വലിയ കടയായിരുന്നു..

കുറെ ജോലിക്കാരും ഉണ്ടായിരുന്നു. നല്ല തിരക്കുമായിരുന്നു..ജോലിക്ക് പോയി തുടെങ്ങിയിട്ടും തന്റെയും വീട്ടിലെയും കാര്യങ്ങൾ അവൾ ഭംഗിയായി തന്നെ കൊണ്ടുപോയി..

ഒരു കാര്യത്തിലും അവൾ വീഴ്ചകൾ ഒന്നും വരുത്തിയിരുന്നില്ല..

ആദ്യത്തെ ശമ്പളം കിട്ടിയ സമയത്തു ഒരു ദിവസം അവളൊരു കാര്യം തന്നോട് ചോദിച്ചു..

” ശിവേട്ടാ..ഞാനൊരു കാര്യം പറഞ്ഞാൽ ദേഷ്യം വരോ..? ”

” ആദ്യം നീ കാര്യം പറയ്..എന്നിട്ടല്ലേ ബാക്കി കാര്യം…”

” അത് വേറെയൊന്നുമല്ല എനിക്കൊരു ഫോൺ വാങ്ങി താരോ..”

” നിനക്ക് ഇപ്പോ ഒരു ഫോൺ ഉണ്ടല്ലോ അത് പോരെ..? ”

” അതല്ല ശിവേട്ടാ..ഈ നെറ്റ് ഒക്കെ ഉപയോഗിക്കാൻ പറ്റുന്ന ഫോൺ ഈ ഫേസ് ബുക്കും വാട്സാപ്പ് ഒക്കെ ഉപയോഗിക്കാൻ പറ്റുന്നത്..”

” മ്മ് വാങ്ങാം…അടുത്ത ശമ്പളത്തിൽ വാങ്ങാം..ഒരു ദിവസം ലീവെടുത്തു ഞാനും വരാം കുറെയായിയില്ലേ നമ്മളൊന്നിച്ചു പുറത്തേക്ക് പോയിട്ടും…”

അവൾ സന്തോഷത്തോടെ തലയാട്ടി..
പിറ്റേ മാസം പൈസ കിട്ടി കഴിഞ്ഞപ്പോൾ തന്നെ അവളുമായി പോയി നല്ലൊരു ഫോൺ വാങ്ങി അവൾ വലിയ സന്തോഷത്തിലായിരുന്നു..

പിന്നെ ഫേസ് ബുക്കും വാട്സാപ്പ് ഒക്കെ അവൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്തു..

വാട്സാപ്പിലും ഫേസ് ബുക്കിലും പല ഗ്രുപ്പുകളിൽ അവൾ അംഗമായിരുന്നു.. ജോലി കഴിഞ്ഞു വന്നാൽ പിന്നെ അവളുടെ ലോകം അതുമാത്രമായിരുന്നു.. അവൾക്ക് വരുന്ന മെസ്സേജുകളുടെ സൗണ്ട് ആ വീട്ടിൽ നിരന്തരം മുഴങ്ങി.

ഇതെല്ലാം കുറച്ചു കൂടുതലാണെന്ന് പല പ്രാവശ്യം അവളോട് പറഞ്ഞതാണ് അപ്പോഴെല്ലാം ലാളിക്കാനോ ഒമാനിക്കാനോ ഒരു കുഞ്ഞില്ലാത്ത ഞാൻ വേറെയെന്ത് ചെയ്യാനാ എന്നായിരുന്നു മറുപടി..

പക്ഷേ തന്റെ കാര്യങ്ങളിലൊന്നും ഒരു കുറവും വരാതെ അവൾ ശ്രെദ്ധിച്ചിരുന്നു..

ഇനി ഈ സോഷ്യൽ മീഡിയ സൗഹൃദത്തിൽ അവൾ ഏതെങ്കിലും പുതിയ ബന്ധത്തിൽ ചെന്ന് ചേർന്നോ..

ചില സമയങ്ങളിൽ അവൾ ആരോടൊക്കെയോ സംസാരിക്കുന്നത് കാണാറുണ്ട് ചോദിക്കുമ്പോഴെല്ലാം തനിക്കറിയാവുന്ന ഏതെങ്കിലും കൂട്ടുകാരിയുടെ പേര് പറയും..

ഓരോന്ന് ഓർത്തുകിടന്ന സദാശിവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി… എവിടെയാണ് ഇനി ഞാൻ അവളെ തിരഞ്ഞു പോകേണ്ടത്..

ഒരു വിധത്തിൽ അവൻ നേരം വെളുപ്പിച്ചു..പിറ്റേദിവസം രാവിലെ തന്നെ അലിയാർ അവന്റെ വീട്ടിലെത്തി കൈയിൽ ഒരു പ്ലാസ്റ്റിക് സഞ്ചിയും ഉണ്ടായിരുന്നു..

” സദാശിവാ..” വിളികേട്ട് അവൻ പുറത്തിറങ്ങി.

” ങ്ഹാ..ഇക്കയാണോ..? ”

” നീ വല്ലതും കഴിച്ചാ.. ഇല്ലന്ന് അറിയാം..ഇത് ഇത്തിരി പുട്ടും കടലയും ചായയുമാണ്.. ഇന്നലെ മുതൽ പട്ടിണിയല്ലേ.. ഇത് കഴിക്ക് ”

അത് വേണ്ടാന്ന് പലവട്ടം പറഞ്ഞിട്ടും അവസാനം അയാളുടെ നിർബന്ധത്തിനു വഴങ്ങി അവനത് കഴിച്ചു.. അപ്പോഴേക്കും അവന്റെ കൂട്ടുകാരും ചില അയൽവക്ക
ക്കാരും അങ്ങോട്ട് വന്നു..

അവരെയെല്ലാം അഭിമുഖീകരിക്കാൻ അവനെന്തോ പ്രയാസം തോന്നി… രേണുകയെ കാണാനില്ല എന്ന വാർത്ത ആ നാട്ടിൽ പരന്നു.

എന്തെങ്കിലും വിവരം കിട്ടിയോന്നും
പോലീസ് സ്റ്റേഷനിൽ നിന്നും വിളിച്ചോ എന്നെല്ലാം വന്നവർ അവനോട് ചോദിച്ചു.. മൗനം മാത്രമായിരുന്നു അതിനുള്ള ഉത്തരം..

പോലീസുകാരും അന്വേഷണം തുടെങ്ങി രണ്ട് ദിവസം കഴിഞ്ഞിട്ടും ഒരു വിവരവും കിട്ടിയില്ല.. പിന്നെ എസ്‌ഐ യുടെ നിർദേശപ്രകാരം എല്ലാ പേപ്പറിലും കാണ്മാനില്ല എന്നൊരു പരസ്യവും കൊടുത്തു..

വിവരമറിഞ്ഞു സദാശിവന്റെയും രേണുകയുടെയും കുടുംബങ്ങളും എത്തി..

എല്ലാവരും ഓരോ വഴിക്ക് അന്വേഷിച്ചിട്ടും ഒരു വിവരവും കിട്ടിയില്ല.. ഒരാഴ്ച്ച കഴിഞ്ഞു
ആളുകളുടെ ചോദ്യങ്ങളും കുറഞ്ഞു പത്ര പരസ്യം കൊടുത്തിട്ടും ഒരു ഗുണവും ഉണ്ടായില്ല..

അങ്ങിനെയിരിക്കെ ഒരു ദിവസം സദാശിവന് ഒരു ഫോൺ വന്നു.

” ഹാലോ സദാശിവൻ അല്ലേ..ഇത് എസ്ഐ ആണ് സ്റ്റേഷനിൽ നിന്നും താൻ ഒന്ന് ഇവിടെ വരെ വരണം..”

” സാർ..എന്താ സാർ..എന്തേലും പ്രശനം ഉണ്ടോ..? ” അവൻ പരിഭ്രാന്തനായി ചോദിച്ചു..

” താൻ നേരിട്ട് വാ എന്നിട്ട് സംസാരിക്കാം..”

അവൻ അപ്പോൾ തന്നെ വിവരം അലിയാരെയും വീട്ടുകാരെയും അറിയിച്ചു രേണുകയുടെ ആങ്ങളയും സദാശിവന്റെ പെങ്ങളുടെ ഭർത്താവും അവർക്കൊപ്പം സ്റ്റേഷനിലേക്ക് പോയി..

അവിടെയെത്തിയ അവർ നേരെ എസ്ഐയുടെ റൂമിലെത്തി.

” സദാശിവൻ ഇരിക്കൂ..ഇതൊക്കെ ആരാണ്..ഇയാളെ എനിക്ക്‌ അറിയാം അന്ന് വന്നതല്ലേ..” എസ്‌ഐ ചോദിച്ചു

സദാശിവൻ അവരെ പരിചയപ്പെടുത്തി
അപ്പോൾ തന്നെ എസ്‌ഐ അടുത്തുള്ള പോലീസുകാരനെ കണ്ണ് കാണിച്ചു അവർ ഇരിക്കുന്നതിന്റെ അടുത്തുള്ള മുറി തുറന്നു അതിൽ നിന്നും രേണുക ഇറങ്ങി വന്നു അതിനു പിന്നിലായി ഒരു ചെറുപ്പക്കാരനും രണ്ട് പെൺകുട്ടികളും വന്നു..

രേണുകയെ കണ്ട്‌ സദാശിവൻ സന്തോഷിച്ചു എന്നാൽ അവൾ അവനെ ശ്രെദധിച്ചതുപോലുമില്ല.

” സദാശിവൻ ഇതല്ലേ നിങ്ങളുടെ കാണാതെ പോയ ഭാര്യ…? ”

” അതെ സാർ..”

” എന്നാൽ ഇവരെ കാണാതെ പോയതല്ല ഇവര് ഇയാളുടെ കൂടെ ഇറങ്ങിപോയതാണ് ”

അത് കേട്ട് സദാശിവനും കൂടെയുള്ളവരും ഒരു നിമിഷം സ്തംഭിച്ചു നിന്നു..എസ്‌ഐ തുടർന്നു..

” പത്ര പരസ്യം കണ്ടിട്ട് ഇവർ ഇവിടെ വന്നതാണ്…ഇത് ശ്രീനിവാസ് ഇവിടെ അടുത്തു തന്നെയാണ് താമസം..ഭാര്യ മരിച്ചുപോയി രണ്ട് ചെറിയ പെൺകുട്ടി കളുണ്ട്..ഇയാളും മക്കളും ഇവരുടെ കടയിൽ സ്ഥിരം വരുന്നവരാണ്..

പരിചയ മായി സൗഹൃദമായി..പിന്നാലെ പ്രണയവുമായി..ശ്രീനിവാസിന്റെ അമ്മയും വന്ന് കണ്ടു എല്ലാവർക്കും പരസ്പരം ഇഷ്ടമായി അതിന്റെ അടിസ്ഥാനത്തിൽ തീരുമാനിച്ചതാണ് ഈ ഇറങ്ങിപോക്ക്..”

കഥ കേട്ട് എല്ലാവരും തരിച്ചിരുന്നു.. എസ്‌ഐ തുടർന്നു…

” ഇനി ഇവരോടൊപ്പം താമസിക്കാനാണ് രേണുകയുടെ തീരുമാനം അതിന്റെ കാരണം സദാശിവൻ അറിയണം.. രേണുക നിങ്ങൾ തന്നെ ആ കാരണം അറിയിച്ചോളു …”

അവൾ സദാശിവനെ ഒന്ന് നോക്കി എന്നിട്ട് പറഞ്ഞു തുടെങ്ങി..

” എനിക്ക് കല്ല്യാണത്തിനു മുൻപ് തന്നെ ഇയാളെ ഇഷ്ടമല്ലായിരുന്നു…പിന്നെ എന്റെ വീട്ടുകാരുടെ നിർബന്ധമാണ് ഞാൻ സമ്മതിക്കാൻ കാരണം.. ഉള്ളിലെ അമർഷം കാണിക്കാതെ ഇത്രയും വർഷം ഞാൻ ജീവിച്ചു ഇയാൾക്ക് ഒരു കുഞ്ഞിനെ താരനുള്ള കഴിവുമില്ല.

പിന്നെ അതിൽ നിന്നെല്ലാം രക്ഷപെടാൻ വേണ്ടിയാണ് ഞാൻ ജോലിക്ക് പോകണമെന്ന് പറഞ്ഞതും പോയി തുടെങ്ങിയതും.. ശ്രീനിയെ പരിചയപ്പെട്ടതും..പിന്നെ സമ്പത്തിലും ജോലിയിലും മുന്നിലാണ് ശ്രീനി..”

അവൾ പറഞ്ഞു നിർത്തിയത് വിശ്വസി ക്കാനാവാതെ സദാശിവൻ ഇരുന്നു..

അത് കണ്ട്‌ എസ്‌ഐ രേണുകയുടെ ആങ്ങളയോട് പറഞ്ഞതെല്ലാം സത്യമാണോന്ന് ചോദിച്ചപ്പോൾ അയാൾ എല്ലാം സമ്മതിച്ചു..അതും സദാശിവന് ഒരു ഷോക്ക് തന്നെയായിരുന്നു..

” ശ്രീനിവാസൻ ഇനിയെന്താണ് നിങ്ങളുടെ പ്ലാൻ..” എസ്‌ഐ ചോദിച്ചു.

” വിവാഹം തന്നെ..പിന്നെ രേണുകക്ക് ഉപേക്ഷിക്കാൻ ഈ ഭർത്താവ് മാത്രമല്ലേ ഉള്ളു..വേറേ ബാധ്യതകൾ ഒന്നുമില്ലല്ലോ ”

” ശ്രീനിവാസൻ പറഞ്ഞത് ശരിയാണ്.. രേണുകക്ക് ഉപേക്ഷിക്കാൻ ഈ ഒരു ഭർത്താവേ ഉള്ളു…

ഈ ഭർത്താവ് കഴിഞ്ഞ ഒരാഴ്ച്ചയായി ഈ ഭാര്യയെ തിരക്കി ഊണും ഉറക്കവും ഇല്ലാതെ അലയുകയാ യിരുന്നു..തന്റെ ഭാര്യയുടെ മനസിൽ തന്നോട് വെറുപ്പ് മാത്രമാണെന്നറിയാതെ..” എസ്‌ഐ പറഞ്ഞു

” ഒരു സ്ത്രീക്ക് ഒരു കുഞ്ഞിനെ കൊടുക്കാൻ കഴിവില്ലാത്തയാൾ ഒരു ഭർത്താവാണോ സാർ..” ശ്രീനിവാസൻ ചോദിച്ചു..

” ഓക്കേ ഈ ചോദ്യത്തിനുള്ള ഉത്തരം രേണുക പറയട്ടെ..” എസ്‌ഐ രേണുകക്ക് നേരെ തിരിഞ്ഞു..

” നിങ്ങൾ എന്നാണ് അറിഞ്ഞത് സദാശി വൻ ഒരു അച്ഛനാവില്ലന്ന്..”

” അത് കല്ല്യാണം കഴിഞ്ഞു രണ്ട് വർഷങ്ങൾ കഴിഞ്ഞപ്പോൾ..”

” ഓക്കേ അതറിഞ്ഞിട്ട് നിങ്ങൾ വല്ല ചികിത്സകൾ നടത്തിയിരുന്നോ..? ”

” കുറെനാള് മരുന്ന് കഴിച്ചു പക്ഷേ പ്രയോജനം ഉണ്ടായില്ല..”

” ഓക്കേ…അത് കൊണ്ട് സദാശിവൻ നിങ്ങളോട് എന്തെങ്കിലും പറഞ്ഞിരുന്നോ വല്ല വിവാഹമോചനത്തിനെ കുറിച്ചോ ഒരു കുഞ്ഞിനെ ദത്തെടുക്കലിനെ കുറിച്ചോ ”

” ഉവ്വ്..ഇത് രണ്ടും എന്നോട് പറഞ്ഞിട്ടുണ്ട്..”

” എന്നിട്ട് നിങ്ങൾ എന്താ മനസിൽ ഇത്രയും വെറുപ്പുണ്ടായിട്ടും അത് സമ്മതിക്കാതിരുന്നത്..”

” അപ്പോൾ അങ്ങനെയൊന്നും തോന്നിയിരുന്നില്ല പിന്നെ ജോലിക്ക് പോയി തുടെങ്ങിയപ്പോഴാണ് കാഴ്ചപ്പാടുകൾ മാറിയത്..”

” ഓക്കേ ഇനി എന്താണ് നിങ്ങൾക്ക് വേണ്ടത്..”

” ഇയാൾ എന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു മാറണം..അതിന് വിവാഹമോചനം വേണം സാർ…”

” മ്മ് അപ്പോൾ അതാണ് രേണുകയുടെ ആവശ്യം അല്ലേ..”

എല്ലാം കേട്ട് നിശബ്ദനായി ഇരിക്കുകയായിരുന്നു സദാശിവൻ.. അവൾ പറഞ്ഞ ഓരോ കാര്യങ്ങളും അവനു പുതിയ അറിവുകളായിരുന്നു..

ഒന്നിച്ചുള്ളപ്പോൾ ഒരിക്കൽ പോലും അവൾ അതൊന്നും പുറത്തുകാട്ടിയിരുന്നില്ല എന്നത് അവനെ അത്ഭുതപ്പെടുത്തി..

” സദാശിവൻ ഇനി നിങ്ങളാണ് പറയേണ്ടത് എന്താ നിങ്ങളുടെ അഭിപ്രായം..” എസ്‌ഐ ചോദിച്ചു

” സാർ ഞാനെന്ത് പറയാനാണ്.. രേണു പറഞ്ഞ കാര്യങ്ങളെല്ലാം എനിക്ക് പുതിയ അറിവാണ്..അങ്ങിനെ എന്തെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ അത് തുറന്നു പറയാനുളള സ്വാതന്ത്ര്യം രേണുവിന് എന്റെ അടുത്തുണ്ടായിരുന്നു..

ഇപ്പോ അവൾക്ക് നല്ലത് എന്ന് തോന്നുന്ന ജീവിതമാണ് കിട്ടിയിരിക്കുന്നതെങ്കിൽ എനിക്ക് അത് സന്തോഷമാണ്..”

അവൻ പറയുന്നതെല്ലാം അവൾ കേട്ടിരുന്നു..അത് കണ്ട്‌ സദാശിവൻ തുടർന്നു..

” ഒരു കുറവും വരുത്താതെ ഇതുവരെ അവളെ ഞാൻ നോക്കി എന്ന് തന്നെയാണ് എന്റെ വിശ്വാസം..കാരണം ഞാൻ രേണുവിനെ അത്രമേൽ സ്നേഹിച്ചിരുന്നു…

പിന്നെ ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളുടെ അമ്മയുമായി അവൾ സന്തോഷത്തോടെ ജീവിക്കുമെങ്കിൽ അത് ഒരു നല്ല കാര്യമാണ്..ഇനി ഞാൻ എന്താണ് ചെയേണ്ടത് എന്ന് പറഞ്ഞാൽ മതി സാർ..”

” സാർ എന്റെ അഡ്വക്കേറ്റ് ഡിവോഴ്സിനു ള്ള പേപ്പറുകൾ റെഡിയാക്കി പുറത്തു നില്പുണ്ട്..ഇവിടെ വച്ചു ഇവർ പരസ്പര സമ്മതത്തോടെ ഒപ്പിട്ടാൽ അത് നന്നായിരുന്നു..” ശ്രീനിവാസൻ പറഞ്ഞു

” അപ്പോ എല്ലാ സെറ്റപ്പും ശരിയാക്കിയാണല്ലേ വന്നത്..എന്നാലും രേണു സദാശിവനെ പോലൊരു പാവത്തിനോട് നീ കാണിച്ച ചതി നന്നായി..

നാളെ വേറൊരാളെ കാണുമ്പോൾ നീ ഇവനെയും ഉപേക്ഷിക്കണം കേട്ടോ..”

അലിയാർ അയാളുടെ ദേഷ്യം അടക്കി വെച്ചില്ല..എന്നാൽ സദാശിവൻ അയാളെ തടഞ്ഞു..

എസ്‌ഐ അവിടെ നിന്ന പോലീസുകാരനോട് അഡ്വക്കേറ്റിനെ വിളിക്കാൻ പറഞ്ഞു..

അയാൾ അകത്തേക്ക് കയറി വന്ന് കയ്യിലുണ്ടയിരുന്ന പേപ്പറുകൾ എസ്‌ഐക്ക് കൈമാറി..എസ്‌ഐ അതെല്ലാം വായിച്ചു നോക്കി..

” സദാശിവൻ നിങ്ങൾക്കിത് വായിക്കണമെന്നുണ്ടോ..”

” വേണ്ടാ സാർ..സാർ വായിച്ചല്ലോ
അത് മതി..”

” ഇനി വീട്ടുകാരുമായി സംസാരിക്കണോ.? ”

” വേണ്ടാ സാർ..ഞങ്ങളുടെ രണ്ടുപേരുടെയും വേണ്ടപ്പെട്ടവർ ഇവിടെ ഉണ്ടല്ലോ…”

എസ്‌ഐ രണ്ടുപേരെയും അടുത്തേക്ക് വിളിച്ചു ഒപ്പിടേണ്ട ഭാഗം കാണിച്ചു കൊടുത്തു..ആദ്യം രേണുകയാണ് ഒപ്പിട്ടത് അവളുടെ അടുത്തു നിന്ന്‌ പേന വാങ്ങിയപ്പോൾ അവൻ അവളെയൊന്നു നോക്കിയിട്ട് വിറക്കുന്ന കൈയോടെ ആ പേപ്പറിൽ ഒപ്പിട്ടു..

അവരുടെ ബന്ധുക്കൾ അതിന് സാക്ഷികൾ ആയി നിന്നു…എട്ട് വർഷത്തെ ദാമ്പത്യം രണ്ട് ഒപ്പുകളിലൂടെ അവർ വേണ്ടാന്ന് വച്ചു.

സ്റ്റേഷനിലെ കാര്യങ്ങൾ കഴിഞ്ഞു എല്ലാവരും പുറത്തിറങ്ങി..

സദാശിവനെ കണ്ടിട്ടും അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഒരു കുറ്റബോധവുമില്ലാതെ ശ്രീനിവാസനൊപ്പം അവൾ കാറിൽ കയറിപ്പോകുന്നത് കണ്ടപ്പോൾ

സദാശിവന്റെ മനസിൽ അവൾക്ക് നന്മകൾ ഉണ്ടാവണേയെന്ന പ്രാർത്ഥനകൾ മാത്രമായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *