ഇക്കാ ഞാൻ നാലു മാസം ഗർഭിണിയാണ്, ങേ നീ ചുമ്മ ഓരോന്ന് പറയുവാണോ ഒരു..

(രചന: സ്നേഹ)

ഇരുപത്തിയഞ്ചു വർഷത്തെ പ്രവാസ ജീവിതം മതിയാക്കി സുബൈർ ഇന്ന് നാട്ടിൽ തിരിച്ചെത്തി …

തൻ്റെ ലെഗേജുകൾ അടങ്ങിയ ബാഗുകൾ ഓരോന്നായി ടാക്സി കാറിലേക്ക് എടുത്തു വെച്ചതിന് ശേഷം പിൻ സിറ്റിലേക്ക് സുബൈറും കയറി …..

തനിക്ക് പോകാനുള്ള സ്ഥലത്തിൻ്റെ പേരു പറഞ്ഞതിന് ശേഷം സുബൈർ സിറ്റിലേക്ക് ചാരി കിടന്നു കൊണ്ട് പുറത്തെ കാഴ്ചകളിലേക്ക് തൻ്റെ മിഴികൾ പായിച്ചു….

ഇരുപത്തിയഞ്ചു വർഷം മുൻപാണ് സുബൈർ പ്രവാസലോകത്തേക്ക് പറന്നിറങ്ങിയത്….

തടി പണിക്കാരനായ വാപ്പാക്ക് ആക്സിമകമായുണ്ടായ അപകടം നട്ടെല്ലിന് ക്ഷതം പറ്റി കിടപ്പിലായി… ഉമ്മയുടെയും ഇളയത്തുങ്ങളുടേയും ദയനീയമായ മുഖം കണ്ടില്ലന്ന് നടിക്കാൻ തനിക്ക് ആവില്ലായിരുന്നു…..

കുട്ടുകാരൻ അയച്ചു തന്ന വിസയിൽ ഡ്രൈവറായി സൗദിയിൽ ജോലിക്ക് കയറുമ്പോൾ തനിക്ക് പ്രായം ഇരുപത്തിരണ്ട്…..

കഷ്ടപാടു നിറഞ്ഞ ജോലിയും തുച്ഛമായ ശമ്പളമായിരുന്നു ആദ്യകാലത്ത് … പലപ്പോഴും ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് പോകാൻ മനസ്സുകൊതിക്കും…..

നാട്ടിൽ തളർന്നു കിടക്കുന്ന വാപ്പയുടെ മുഖവും പട്ടിണിയും പരിവട്ടവുമായി മറ്റ് ആറുമക്കളേയും ചേർത്തു പിടിച്ച് കണ്ണീർ വാർക്കുന്ന ഉമ്മയുടെ മുഖവും മനസ്സിൽ തെളിയുമ്പോൾ തൻ്റെ ആഗ്രഹങ്ങൾ മനസ്സിൽ തന്നെ കുഴിച്ചുമൂടും…..

അങ്ങനെ താൻ കഷ്ടപെടാൻ തയ്യാറായി…. വീട്ടിലെ പട്ടിണിക്കും അറുതി വന്നു തുടങ്ങി വാപ്പയുടെ മരുന്നിനുള്ളതും കുടുംബത്തിലെ ചിലവിനുള്ളതും നാട്ടിലേക്ക് അയച്ചു കഴിഞ്ഞാൽ പിന്നെ ഒന്നും ഉണ്ടാകില്ല കൈയിൽ ……

ഒന്നും ആരേയും അറിയിക്കാതെ നാട്ടിലുള്ള അനിയൻമാരുടെയും അനിയത്തിമാരുടെയും ആവശ്യങ്ങൾ നിറവേറ്റികൊടുക്കുമ്പോൾ മനസ്സിനൊരു സംതൃപ്തിയാണ്……

രണ്ടു വർഷങ്ങൾക്ക് ശേഷം ആദ്യമായി നാട്ടിലേക്ക് പോകുമ്പോൾ സ്വന്തക്കാർക്കും ബന്ധുക്കാർക്കുമുള്ള ഓരോ സാധനങ്ങൾ വാങ്ങാൻ രണ്ടു മൂന്നു കൂട്ടുകാരോട് കടം വാങ്ങിയാണ് നാട്ടിലേക്ക് തിരിച്ചത്……

നാട്ടിലെത്തിയപ്പോൾ ഉമ്മ നൂറുകൂട്ടം ആവശ്യം എൻ്റെ മുന്നിൽ അവതരിപ്പിച്ചു.

ഇനി നീ രണ്ടു വർഷം കഴിഞ്ഞല്ലേ വരു… അപ്പോഴേക്കും നിൻ്റെ പെങ്ങൻമാർ പുര നിറഞ്ഞു നിൽക്കും അതുകൊണ്ട് ഈത്തവണ നീ പോകും മുൻപ് രണ്ടു പെങ്ങൻമാരുടെയും കല്യാണം നടത്തണം…..

ഉമ്മ പറഞ്ഞതു കേട്ട് ഞാൻ ഞെട്ടി പോയി രണ്ടു പെങ്ങൻമാരെ കെട്ടിക്കണമെങ്കിൽ കാശ് എത്ര വേണന്ന് ഉമ്മക്ക് അറിയോ…?

അതിനൊരു വഴി ഞാൻ കണ്ടിട്ടുണ്ട്

എന്ത് വഴി ?ഞാൻ ആകാംക്ഷയോടെ ഉമ്മയുടെ മുഖത്തേക്ക് നോക്കി…..

ആദ്യം ൻ്റെ മോൻ്റെ കല്യാണം അങ്ങട് നടത്തണം ….. ഗൾഫുകാരൻ അല്ലേ ൻ്റെ മോൻ നല്ല സ്ത്രീധനം വാങ്ങി തന്നെ കെട്ടണം എന്നിട്ടാ സത്രീധനം കൊണ്ടു ഇവിടുത്തൂങ്ങളെ കെട്ടിച്ചു വിടണം….

അടുത്ത വരവിന് അടുത്ത ആൾടെ കല്യാണവും നടത്തണം ഇളയവളുടെ കല്യാണം പതുക്കെ മതീലോ അവൾക്കിപ്പോ പത്ത് വയസല്ലേ ആയുള്ളു….

പറഞ്ഞപ്പോ എത്ര നിസ്സാരം .. ഞാൻ മനസ്സിലോർത്തുകൊണ്ട് മറുപടി ഒന്നും പറയാതെ വീടിനു വെളിയിലേക്കിറങ്ങി -..

പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു ആദ്യം എൻ്റെ വിവാഹം നടന്നു. ….

രണ്ടു മാസത്തിനുള്ളിൽ മൂന്നു വിവാഹവും നടത്തി എടുക്കാൻ പറ്റാത്ത അത്ര കടവും ആയി തൻ്റെ പ്രിയപ്പെട്ടവളോട് യാത്രയും പറഞ്ഞ് വീണ്ടും പ്രവാസത്തിലേക്ക്…

തിരിച്ചെത്തി ജോലിക്ക് കയറി .. പ്രിയപ്പെട്ടവളെ തനിച്ചാക്കി പോന്നതിൻ്റെ സങ്കടം … ഇന്നത്തെപ്പോലെ ഫോണും വീഡിയോ കോളും ഒന്നും ഇല്ല വല്ലപ്പോഴും കിട്ടുന്ന എഴുത്തിൽ നിന്ന് നാട്ടിലെ വിശേഷം അറിയും….

ആദ്യം വന്ന കത്തിലെ വിശേഷം അറിഞ്ഞ് തലചുറ്റുന്ന പോലെ തോന്നി….. പെങ്ങൻമാർ രണ്ടു പേർക്കും വിശേഷം ഒപ്പം തൻ്റെ ഭാര്യക്കും വിശേഷം…..

പിന്നത്തെ ദിനരാത്രങ്ങൾക്ക് ഉറക്കവും വിശ്രമവും ഇല്ലായിരുന്നു……. പുറത്തെ ചുട്ടുപൊള്ളുന്ന ചൂട് മനസ്സിനേയും ചുട്ട് പൊള്ളിച്ചുകൊണ്ടിരുന്നു…..

നാട്ടിൽ നിന്നുള്ള ആവശ്യങ്ങൾ കൂടി കൂടി വന്നു കൊണ്ടിരുന്നു…. കെട്ടിച്ചയച്ച പെങ്ങൻമാരുടെ വീട്ടിലെ ഓരോരു ചടങ്ങുകളും വിശേഷങ്ങളും അനിയത്തിമാരുടെയും അനിയൻമാരുടെയും പഠിപ്പ് …. ഉപ്പാടെ മരുന്ന് ….

വീട്ടു ചിലവ് അങ്ങനെ ആവശ്യങ്ങൾ മാത്രം…. ആകെയൊരു സമാധാനം പ്രിയപ്പെട്ടവളുടെ കത്ത് കൈയിൽ കിട്ടുമ്പോൾ മാത്രമാണ്….. പരാതിയില്ല … പരിഭവമില്ല…. ആവശ്യങ്ങളില്ല.. നിറഞ്ഞ സ്നേഹമാത്രം…..

മാസങ്ങൾ കടന്നു പൊയ്കൊണ്ടിരുന്നു രണ്ടു പെങ്ങൻമാരെയും പ്രസവത്തിന് വീട്ടിലേക്ക് കുട്ടി കൊണ്ടുവന്നു. തൻ്റെ പ്രിയപ്പെട്ടവളെ അവളുടെ വീട്ടിലേക്കും കൂട്ടികൊണ്ടു പോയി…

വീട്ടിലെ ആവശ്യങ്ങൾ കൂടി വന്നു കൊണ്ടിരുന്നു… പെങ്ങൻമാരുടെ പ്രസവം പ്രസവരക്ഷ അങ്ങനെ അങ്ങനെ.. നീണ്ടുപൊയി കൊണ്ടിരുന്നു ആവശ്യങ്ങൾ…

രണ്ടുമാസത്തെ ലീവിന് വീണ്ടും നാട്ടിലെത്തി അടുത്ത അനിയത്തിയുടെ വിവാഹം നടത്തിപ്പോന്നു കൂടത്തിൽ ഭാര്യയുടെ ഉദരത്തിൽ അടുത്ത കുഞ്ഞിന് ജന്മവും നൽകി….

അങ്ങനെ വർഷങ്ങൾ കടന്നു പോയി അനിയൻ രണ്ടുപേരേയും നന്നായി പഠിപ്പിച്ചു അവർ രണ്ടു പേരും ഗർഫിൽ തന്നെ നല്ല ജോലിക്കും കയറി ഇളയ സഹോദരിയുടെ വിവാഹവും നടത്തി

ഒന്ന് നടുവ് നിവർത്താം എന്നു ഓർത്തപ്പോളേക്കും അനിയൻ്റെ വിവാഹം ആയി അവനാണ് വീടു പുതുക്കി പണിതത് അതുകൊണ്ട് വീട് അവനുള്ളതാന്ന് ഉമ്മ പറഞ്ഞപ്പോൾ

ഉമ്മയോട് ഒന്നും പറയാതെ ഭാര്യയോട് പറഞ്ഞു മക്കളേയും കൂട്ടി വാടക വീട്ടിലേക്ക് മാറിക്കോളാൻ..

പിന്നെ മക്കളുടെ പഠനം…. ലോണെടുത്ത് ചെറിയ ഒരു വീടും പത്തു സെൻ്റ് സ്ഥലവും വാങ്ങി …. പിന്നെ ആ കടവും പഴയ കടവും എല്ലാം കൂടി നല്ലൊരു തുക കടമായി……

പാവം ഐഷ എല്ലാം നോക്കിം കണ്ടും കൈകാര്യം ചെയ്തോളും ആർഭാടമായി ഒന്നും ചിലവഴിക്കില്ല..കാരണം അഞ്ചാറു മക്കൾ ഉള്ള വീട്ടിൽ കഷ്ടപ്പാടുകൾ അറിഞ്ഞ് വളർന്ന് വന്നവളാണ് ഐഷ….

ഐഷയുടെ ഉപ്പാക്ക് കൃഷിപ്പണി ആയിരുന്നു ഇഞ്ചി മഞ്ഞൾ വാഴ എന്നിവ പാട്ടത്തിന് പറമ്പെടുത്ത് കൃഷി ചെയ്തും നാൽകാലികളെ വളർത്തിയുമാണ് മക്കളെ പഠിപ്പിച്ചതും വളർത്തിയതും കെട്ടിച്ചതും

തരക്കേടില്ലാത്ത സ്ത്രീധനം തന്നാണ് മുത്തമകളെ എനിക്ക് കെട്ടിച്ചു തന്നത്…. എന്നിട്ടും എൻ്റെ ഐഷക്ക് കഷ്ടപ്പാടു നിറഞ്ഞ ജീവിതമായിരുന്നു എൻ്റെ വീട്ടിൽ…

അവൾക്കായി ഒന്നും കൊണ്ടു ചെല്ലാറില്ലായിരുന്നു ഞാൻ അതിനായി വഴക്കിടുകയോ പരാതി പറയുകയോ മുഖം വീർപ്പിച്ച് ഇരിക്കുകയോ ഒന്നും ഇല്ല….

അവളാകെ ആവശ്യപ്പെടുന്നത് ജോലി മതിയാക്കി നാട്ടിൽ ചെന്ന് എന്തേലും ജോലി ചെയ്തു ജീവിക്കാം എന്നാണ്.

മക്കൾക്ക് വല്ലപ്പോഴും ചെല്ലുന്ന വിരുന്നുകാരൻ മാത്രമായിരുന്നു ഞാൻ …..

മക്കളുടെ ആവശ്യങ്ങൾ നടത്തി കൊടുക്കാനുള്ള ക്യാഷ്യർ മാത്രമായി മാറി ഓരോ ദിവസവും അവർ ഓരോ ആവശ്യങ്ങളുമായി ഐഷയെ സമീപിക്കും ഐഷ അത് തൻ്റെ അടുത്ത് പറയുമ്പോൾ

ഞാൻ ഓർക്കും നമ്മളെത്ര കഷ്ടപ്പെട്ടാ വളർന്നത് തടി പണിക്കാനായ ഉപ്പ ഞങ്ങൾ ഏഴു മക്കൾക്കും ഭാര്യക്കും വയറു നിറച്ച് ഭക്ഷണം തരാൻ ഒത്തിരി കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്.

അതിനിടയിൽ ഞങ്ങളുടെ മറ്റ് ആവശ്യങ്ങൾ വാപ്പ കണ്ടില്ലന്ന് നടിച്ചു…..

വർഷത്തിലൊരിക്കൽ മാത്രമാണ് പുത്തനുടുപ്പ് കിട്ടുന്നത് ഒരിക്കലും തൻ്റെ പാകത്തിനോ സ്റ്റൈലിനോ പുത്തനുടുപ്പ് തയ്ക്കാൻ വാപ്പ സമ്മതിച്ചിരുന്നില്ല…

മുട് കീറിയ നിക്കറും ഇട്ടോണ്ട് സ്കൂളിൽ പോയിട്ടുണ്ട്.. സ്വന്തക്കാരുടെയും അയൽപക്കത്തെ കുട്ടിയുടെയും പഴയ ഉടുപ്പിട്ടായിരുന്നു ബാല്യവും കൗമാരവും ഒക്കെ പിന്നിട്ടത്. ……

അതൊന്നും തൻ്റെ മക്കൾക്കുണ്ടാകരുതെന്നോർത്ത് താൻ ഐഷയോട് പറയും അവരുടെ ആവശ്യങ്ങൾക്ക് ഒന്നിനും കുറവ് വരുത്തരുതെന്ന്…..

പക്ഷേ അവൾ ചില സമയം കർക്കശ്യക്കാരിയാകും … അത് അവരിലെ വാശിയെ കൂട്ടി…ഐഷയോട് മക്കൾക്ക് ദേഷ്യമായി ….

മക്കളെ ദേഷ്യം പിടിപ്പിക്കണ്ടാന്ന് കരുതിയിടാകും അവളും അവരുടെ ആവശ്യങ്ങൾക്ക് മുന്നിൽ കണ്ണടച്ചു…..

അവസാനമായി നാട്ടിൽ പോയി വന്നിട്ട് മൂന്നു മാസമേ ആയിട്ടുള്ളു. അന്നവൾ തൻ്റെ നെഞ്ചിൽ കിടന്ന് പൊട്ടിക്കരഞ്ഞുകൊണ്ടു പറഞ്ഞു. എനിക്ക് പറ്റണില്ല ഈ മക്കളെക്കൊണ്ട് അനുസരണ എന്നൊന്നില്ല….

അതുമാത്രമല്ല നേരം വൈകിയ നേരത്താണ് വീടെത്തുക എവിടെ ആയിരുന്നു ഇതുവരെ എന്നു ചോദിച്ചാൽ ദേഷ്യപ്പെടും മക്കൾക്ക് ഇരുപത്തിരണ്ടും ഇരുപതും വയസ്സായി ഇനി എന്നേ കൊണ്ടാകില്ല ഇവരെ മര്യാദ പഠിപ്പിക്കാൻ …

അതു കൊണ്ട് നിങ്ങളനി തിരിച്ചു പോകണ്ടിക്കാ

അങ്ങനെ പറയല്ലേ ഐഷു നമ്മളിതു വരെ നമുക്കായി ഒന്നും സമ്പാദിച്ചില്ല .. … കടം എല്ലാം വീട്ടി കഴിഞ്ഞു ……

രണ്ടു വർഷം കൂടി നീ സഹിക്കണം ഈ രണ്ടു വർഷത്തിനുള്ളിൽ എന്തെങ്കിലും ജോലി കണ്ടു പിടിച്ച് മക്കളെ അങ്ങോട് കൊണ്ടുപോകണം അതുകഴിഞ്ഞാൽ പിന്നെ എൻ്റെ ഐഷുവിനെ വിട്ട് ഞാനൊരിടത്തേക്കും പോകില്ല.

അടുത്ത വരവിന് വന്നാൽ പിന്നെ ഞാൻ പോകില്ല ഉറപ്പാണ് ഐഷുവിനെ നെഞ്ചോട് ചേർത്തു പിടിച്ചു കൊണ്ടു ഞാൻ പറഞ്ഞു…..

മനസ്സില്ലാ മനസ്സോടെ അവൾ സമ്മതിച്ചു അങ്ങനെ വീണ്ടും പ്രവാസത്തിലേക്ക്…. പോരുന്നതിൻ്റെ തലേന്ന് മക്കളെ രണ്ടു പേരേയും അടുത്ത് വിളിച്ച് ഉപദേശിച്ചു…… തൻ്റെ കഷ്ടപ്പാടുകളെ കുറിച്ച് അവരുടെ മുന്നിൽ വിവരിച്ചു…..

തിരികെ വന്ന് മൂന്ന് മാസം കഴിഞ്ഞൊരു ദിവസം ഐഷുവിൻ്റെ ഫോൺ തന്നെ തേടിയെത്തി ….

നിങ്ങള് ഉടനെ തന്നെ നാട്ടിലെത്തണം

എന്താ ഐഷു എന്താ പറ്റിയെ….. ഞാൻ നിന്നോടെല്ലാം പറഞ്ഞിട്ടല്ലേ പോന്നത്

എനിക്ക് അതൊന്നും അറിയണ്ട…. നിങ്ങൾ ഉടനെ വരണം

എന്താടി മക്കളുമായി വഴക്കിട്ടോ?

എത്ര ചോദിച്ചിട്ടും അവൾ ഒന്നും പറയാതെ ഒരേ ഒരു കാര്യം മാത്രം പറഞ്ഞു കൊണ്ടിരുന്നു….. ഉടനെ നാട്ടിലെത്തണം ഉടനെ നാട്ടിലെത്തണം.

എന്നു പറഞ്ഞു കൊണ്ടിരിക്കുന്നതു കേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നു ഞാൻ വല്ലാതെ പൊട്ടിത്തെറിച്ചു ഫോൺ കട്ട് ചെയ്തു ഫോൺ പോക്കറ്റിലിട്ടു……

ദേഷ്യമാറിയപ്പോൾ ഫോണെടുത്ത് ഐഷുൻ്റെ നമ്പറിലേക്ക് തിരികെ വിളിച്ചു.. ഒറ്റ ബെല്ലിൽ തന്നെ ഐഷു കോളെടുത്തു.. :…. അടഞ്ഞ ശബ്ദത്തിൽ ഹലോ എന്ന് പറയുമ്പോൾ ഐഷു വിതുമ്പി പോയിരുന്നു……..

സോറി ഐഷു എന്താ ഇക്കാൻ്റെ ഐഷൂന് പറ്റിയത്

ഇക്കാ……

എന്താ ഐഷു നീ നിൻ്റെ ഇക്കാനെ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറ

ഇക്കാ ഞാൻ നാലു മാസം ഗർഭിണിയാണ്….

ങേ…. നീ ചുമ്മ ഓരോന്ന് പറയുവാണോ ?ഒരു നടുക്കത്തോടെ ഞാൻ ചോദിച്ചു.:.

അതെ ഇക്ക …. ഇന്ന് ഞാൻ തലചുറ്റി വീണു അയൽപക്കത്തെ ലീല ചേച്ചിയാണ് എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയത് … ടെസ്റ്റു ചെയ്തു … ഗർഭിണിയാണിക്കാ…

മക്കളറിഞ്ഞോ ഐഷു …..

ഇതുവരെ അറിഞ്ഞില്ല അവരു അറിയും മുൻപ് നിങ്ങള് വരാൻ നോക്ക്…..

സാരമില്ല ഐഷു അവരറിയട്ടെ…..

വേണ്ടിക്ക…. ഈ കുഞ്ഞ് നമുക്ക് വേണ്ട

ഐഷു…… നീ എന്താ ഈ പറയുന്നത്….

വേണ്ട … ഇതിനെ നശിപ്പിച്ചു കളയണം അതിനാ ഇക്കായോട് നാട്ടിലേക്ക് വരാൻ പറഞ്ഞത്….

എന്തിനാ ഐഷു ഇപ്പോ അതിനെ നശിപ്പിച്ചു കളയുന്നത്…. വയസാം കാലത്ത് നമുക്ക് താലോലിക്കാൻ വേണ്ടി പടച്ചോൻ തന്നതാണങ്കിലോ…? പണ്ട് നമ്മൾ ആഗ്രഹിച്ചതു പോലെ ഇതൊരു പെൺകുട്ടി ആണെങ്കിലോ….?

പെണ്ണാണങ്കിലും ആണാണങ്കിലും നമുക്കിതിനെ വേണ്ട. പെണ്ണുകെട്ടാറായ രണ്ടാൺ മക്കളുടെ ഉമ്മയാണ് ഞാൻ….. ഞാനിനി എങ്ങനെ അവരുടെ മുഖത്തു നോക്കും…

അതുകൊണ്ടാ പറഞ്ഞത് അവരു അറിയും മുൻപ് ഇതിനെ നശിപ്പിക്കാന്ന്…..

ഐഷു ഇതു പോലെ വേറെ ഒന്നിനും വേണ്ടി ഇതുപോലെ വാശി പിടിച്ചിട്ടില്ല. .. അവളുടെ തീരുമാനം ഉറച്ചതായിരുന്നു…..

നീ ഒരു കാര്യം ചെയ്യ് നാളെ നിൻ്റെ അനിയത്തിയേയും കുട്ടിപ്പോയി ഡോക്ടറെ കാണ്…. ഞാൻ ലീവ് ചോദിച്ചു നോക്കട്ടെ …..

ഞാനും ആലോചിച്ചപ്പോ ശരിയാണ് എനിക്ക് നാൽപ്പത്തിയൊൻപതും നിനക്ക് നാൽപ്പത്തിയഞ്ചും വയസായി…. ഇനിയൊരു കുഞ്ഞു ജനിച്ച് അതിനെ പഠിപ്പിച്ച് ഓ വേണ്ട…

തൻ്റെ സമ്മതം കിട്ടിയപ്പോൾ പിറ്റേന്ന് അനിയത്തിയേയും കൂട്ടി ഡോക്ടറെ കാണാൻ പോകാം എന്ന് സമ്മതിച്ചു. എന്നാൽ പിറ്റേന്ന് ഡോക്ടറെ കണ്ടപ്പോളാണ് ഡോക്ടർ പറഞ്ഞത്.

ഗർഭം നാലു മാസം കഴിഞ്ഞു അതു മാത്രമല്ല ഐഷു വിൻ്റെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതി വെച്ചിട്ട് ഇപ്പോ ഒരു അബോർഷൻ പറ്റില്ലന്ന് .

ഡോക്ടർ പറഞ്ഞതു കേട്ട് ഐഷു ആകെ തകർന്നു പോയി….. ഐഷുവിൻ്റെ അടുത്തെത്തി ഐഷുവിനെ ആശ്വസിപ്പിക്കണമെന്നുണ്ടായിരുന്നു. പക്ഷേ അറമ്പി തനിക്ക് ലീവ് തന്നില്ല……

പതുക്കെ മക്കൾ വിവരം അറിഞ്ഞു ..ഉമ്മാൻ്റെ പുതിയ വിശേഷം അറിഞ്ഞ് മക്കൾ പൊട്ടിത്തെറിച്ചു……

അവരു ഐഷുവിനെ ശ്രദ്ധിക്കാതെയായി തോന്നുമ്പോൾ പുറത്തു പോകും തോന്നുമ്പോൾ കയറി വരും ഭക്ഷണം പുറത്തൂന്ന് ആക്കി…….

എൻ്റെ വീട്ടുകാരും ഐഷൂൻ്റെ വീട്ടുകാരും ഐഷൂനെ കുറ്റപ്പെടുത്തി എന്തോ മഹാപാതകം ചെയ്തു പോലെ പരിഹസിച്ചു ഒറ്റപ്പെടുത്തി….

ഫോൺ ചെയ്യുമ്പോൾ ഓരോരുത്തരും പറഞ്ഞത് പറഞ്ഞ് കരയും ഇങ്ങനെ പോയാൽ ശരിയാകില്ല എന്നു തോന്നി ആദ്യത്തെ രണ്ടു മക്കളെ ഗർഭിണി ആയിരുന്നപ്പോ പോലും അവളു പറഞ്ഞിട്ടില്ല താൻ അടുത്ത് വേണന്ന്

എന്നാൽ ഇപ്പോ എന്നു വിളിച്ചാലും അവൾ പറയുന്ന ഒരു കാര്യമാണ് എന്നോട് നാട്ടിലേക്ക് വരാൻ മൂന്നു മാസം കഴിഞ്ഞിട്ടും ലീവ് കിട്ടാതെ വന്നപ്പോൾ ജോലി അവസാനിപ്പിച്ചാണ് ഈത്തവണ നാട്ടിലേക്ക് പോന്നത്.

ഐഷുവിനോട് പറഞ്ഞിട്ടില്ല താനിന്ന് വരും എന്ന് അപ്രതീക്ഷിതമായി തന്നെ കാണുമ്പോൾ അവളുടെ സന്തോഷം കാണാൻ വേണ്ടിയാണ് ഈത്തവണ പറയാതെ വന്നത്……. സുബൈറിൻ്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു ……

സാർ സ്ഥലം എത്തി ഇനി ഇവിടുന്ന് എങ്ങോട്ടാണ് ? ടാക്സി ഡൈവറുടെ ചോദ്യം കേട്ട് സുബൈർ കണ്ണു തുറന്നു പുറത്തേക്ക് നോക്കി എന്നിട്ട് കൈത്തണ്ടയിലെ വാച്ചിലേക്കും നോക്കി…..

തൻ്റെ നാട്ടിലെത്തിയിരിക്കുന്നു…. വീട്ടിലേക്ക് തിരിയുന്ന കവലയിൽ എത്തിയിട്ടാണ് ടാക്സി ഡ്രൈവർ ചോദിച്ചത്…..

ദാ ആ കാണുന്ന ഇടവഴിയിലൂടെ പൊയ്ക്കോ… സുബൈർ മുന്നോട്ട് അഞ്ഞിരുന്ന് വഴി ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു….. കുറച്ചു കൂടി മുന്നോട്ട്… സുബൈർ വഴി പറഞ്ഞു കൊടുത്തു…..

തൻ്റെ വീടിൻ്റെ ഗ്രേറ്റിന്മുന്നിൽ എത്തിയപ്പോൾ സുബൈർ ഡ്രൈവറോട് കാർ നിർത്താൻ പറഞ്ഞു. ഇവിടെ നിർത്തിയാൽ മതി ….

കാർ നിർത്തി ലേഗേജുകൾ എടുത്ത് പുറത്തുവെച്ച് ഡ്രൈവർക്ക് കാശും കൊടുത്ത് പേഴ്സ് പോക്കറ്റിലക്കിട്ടു കാർ തിരിച്ചുപോയി കഴിഞ്ഞപ്പോൾ

സുബൈർ കുനിഞ്ഞ് ഇരുകൈകളിലും ബാഗും എടുത്ത് നിവർന്നപ്പോളാണ് തൻ്റെ മുറ്റത്തേക്ക് കയറിപ്പോകുന്ന ആളുകളെ കണ്ടത്….. അവരുടെ പിന്നാലെ സുബൈറും ഗേറ്റ് കടന്ന് മുറ്റത്തേക്ക് കയറി…

എടാ സുബൈറേ നീ വരുന്ന വഴിയാണോ? മുറ്റത്തു നിന്ന് പുറത്തേക്ക് പോകാൻ വന്ന ജബ്ബാർ ചോദിച്ചു.

അതേടാ…. ഇപ്പോഴാ ലീവ് കിട്ടിയത്.

ഇന്നലെ മുതൽ നിന്നെ എത്ര പ്രാവശ്യം വിളിച്ചു ….. വിളിച്ചിട്ട് കിട്ടുന്നില്ലായിരുന്നു

ഇങ്ങോട്ട് പോരാനുള്ള തിരക്കിൽ ഫോൺ ചാർജ് ചെയ്യാൻ മറന്നു…. എന്തിനായിരുന്നുടാ വിളിച്ചത്….

നീ ചെല്ല് … ജബ്ബാർ സുബൈറിൻ്റ പുറത്ത് തട്ടികൊണ്ടു പറഞ്ഞു…..

നിങ്ങളെന്താ ഇവിടെ ? ഞാനവൾക്ക് ഒരു സർപ്രൈസ് കൊടുക്കാൻ വേണ്ടി അവളോട് പറയാതെയാണ് വന്നത്…..

നീ അകത്തേക്ക് ചെല്ല്…..

ശരിയടാ ഞാനിനി പോകുന്നില്ല നമുക്ക് കാണാം…. അതും പറഞ്ഞ് സുബൈർ ലേഗേജും എടുത്തോട്ട് നടന്നു….

സുബൈർ കണ്ടു മുറ്റത്ത് അവിടേയും ഇവിടേയും അയി. കൂട്ടം കൂടി നിൽക്കുന്ന ആളുകളെ….

ഇവരെല്ലാം എന്താ ഇവിടെ എന്നോർത്തു കൊണ്ട് സുബൈർ സിറ്റൗട്ടിലേക്ക് കയറി അവിടെ നിന്നും ഹാളിലേക്കും സുബൈറിനെ കണ്ടതും മയ്യത്തിൻ്റെ മൂടിയിരുന്ന വെള്ളത്തുണി മാറ്റി സുബൈർ ഒന്നേ നോക്കിയുള്ളു. തൻ്റെ ഐഷു…

സുബൈറിന് തൻ്റെ കണ്ണിൽ ഇരുട്ട് കയറുന്നതു പോലെ തോന്നി….. സുബൈർ ആശ്രയത്തിനായി അടുത്ത് നിന്ന് ആളുടെ കൈയിൽ പിടിച്ചു. തൻ്റെ മായിയുടെ മോൻ സുധി ആയിരുന്നു

എന്താ പറ്റിയത് വിറക്കുന്ന ശബ്ദത്തോടെ സുബൈർ ചോദിച്ചു.

ഇന്നലെ രാത്രി പ്രസവവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചു….. ഉച്ചക്ക് തുടങ്ങിയ പെയിൻ ആയിരുന്നു. ആരും അടുത്ത് ഉണ്ടായിരുന്നില്ല..

പിന്നെ വേദന സഹിക്കാൻ പറ്റാതെ ആയപ്പോളാണ് അടുത്ത വീട്ടിലെ ലീല ചേച്ചിയോട് പറഞ്ഞത് ചേച്ചിയും ഭർത്താവും കൂടി ആശുപത്രിയിലെത്തിച്ചു.

പ്രസവം നടന്നു പക്ഷേ പ്രസവശേഷം ബ്ലീ ഡിംഗ് നിന്നില്ല പിന്നെ പെട്ടന്ന് പ്രഷർ താഴ്ന്നു. ഡോക്ടർ ചെയ്യാനുള്ളതെല്ലാം ചെയ്തു ജീവൻ രക്ഷിക്കാൻ സാധിച്ചില്ല……..

എൻ്റെ മക്കളെവിടെ ….?

അവർ ഇന്ന് രാവിലെയാണ് വിവരം അറിഞ്ഞത്…. ഇവിടെ എവിടെയോ ഉണ്ട്…….

സുബൈർ ഒന്നും മിണ്ടാതെ തങ്ങളുടെ ബെഡ് റൂമിലേക്ക് പോയി….

ചടങ്ങുകൾ എല്ലാം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു പോയി കൊണ്ടിരുന്നു…..

അവസാനം സുബൈറും മക്കളും മാത്രമായി

വാപ്പ ഞങ്ങൾ കാരണമാണ് ഉമ്മ ഇത്ര പെട്ടന്ന് പോയത്….. മക്കൾ രണ്ടു പേരും സുബൈറിൻ്റെ അടുത്തെത്തി പറഞ്ഞു…..

അല്ല ഞാനാണ് കാരണം…. എൻ്റെ പെണ്ണ് എത്ര നാളു കൊണ്ട് പറയുന്നതാ നാട്ടിലേക്ക് വാ എന്ന് എന്നിട്ട് ഞാനതു കേൾക്കാതെ നിങ്ങൾക്കു വേണ്ടി നിങ്ങളുടെ ഭാവിക്കു വേണ്ടി ഞാനവളുടെ വാക്കുകൾ കേട്ടില്ലന്ന് നടിച്ചു….

അവൾ എൻ്റെ ഐഷു ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് എന്താണന്ന് നിങ്ങൾക്കറിയോ…? പട്ടിണി ആണെങ്കിലും എന്നോടൊപ്പം ഒരുമിച്ച് ജീവിക്കാൻ ആണ് …..

ഇരുപത്തിമൂന്ന് വർഷം കഴിഞ്ഞു അവൾ എൻ്റെ കൂടെ കൂടിയിട്ട് ഇതിനിടയിൽ ആകെ കൂടി മൂന്നു വർഷം പോലും ഞങ്ങൾ ഒരുമിച്ച് ജീവിച്ചിട്ടില്ല….

ബാക്കി ഇരുപത് വർഷവും അവൾ ജീവിച്ചത് നിങ്ങൾക്കും എൻ്റെ കുടുംബത്തിനും വേണ്ടിയാ എന്നിട്ട് നിങ്ങൾ അവൾക്കെന്താ തിരിച്ച് നൽകിയത് അവഗണയും കുറ്റപ്പെടുത്തലുകളും മാത്രം….

കുറെ നാളായി അവളുടെ സങ്കടം നിങ്ങളെ കുറിച്ചോർത്ത് മാത്രമായിരുന്നു…..

എൻ്റെ ഐഷുവിനൊപ്പം ശേഷിച്ച കാലം ജീവിക്കാൻ വേണ്ടി അവൾക്കൊരു സർപ്രൈസ് കൊടുക്കാൻ അവളോടു പറയാതെ ഓടി വന്നതാ ഞാൻ അപ്പോഴെക്കും അവളെനിക്ക് സർപ്രൈസ് തന്നു ഒരു വാക്കു പോലും പറയാതെ എൻ്റെ ഐഷു…..

സുബൈറിൻ്റെ വാക്കുകൾ മുറിഞ്ഞു….

പെട്ടന്ന് എന്തോ ഓർത്തെട്ടെന്നതു പോലെ സുബൈർ ചാടി എഴുന്നേറ്റു….

എവിടെ …. എവിടെ എൻ്റെ മോൾ?

മോളോ?… വാപ്പ എന്താ ഈ പറയുന്നത്

എൻ്റെ ഐഷു എനിക്ക് തന്നിട്ടുപോയ സമ്മാനം അതുമോളായിരിക്കും…..

അതെ മോളാണ് ആശുപത്രിയിലാണ് മോളിപ്പോ മാസം തികയാതെ ഉണ്ടായതല്ലേ:…തൂക്കവും കുറവാണ്….. അങ്ങോട്ടു വന്ന സുബൈറിൻ്റെ ഉമ്മ പറഞ്ഞു

എനിക്ക് എൻ്റെ മോളെ കാണണം….

ഇനി നീ ആ മോളെ കാണണ്ട അതിനെ ഇനി ആരാ നോക്കീം കണ്ടും വളർത്തുന്നത് ….അതിനെ വല്ല യത്തീംഖാനയിലും ആക്കാൻ നോക്ക്……

എന്താ ഉമ്മ പറഞ്ഞത് എൻ്റെ കുഞ്ഞിനെ യത്തീംഖാനയിൽ ആക്കാനോ അവളുടെ ഉമ്മയെ പോയിട്ടുള്ളു അവളുടെ വാപ്പ ജീവിച്ചിരിക്കുന്നുണ്ട് അവളെൻ്റമോളാ ഞാൻ വളർത്തും എൻ്റെ മോളെ…..

ഉമ്മ പറയുന്നത് കേൾക്ക് മോൻ…. ആ ഇത്തിരി പോന്ന ആ കുട്ടിയേയും വളർത്തി നീ നിൻ്റെ കാലം കഴിക്കാൻ പോവുകയാണോ…?

പോയവർ പോയി നിനക്ക് അധികം പ്രായം ഒന്നും ആയിട്ടില്ല… നിനക്കിനിയും ജീവിതം ഉണ്ട് ഈ കുഞ്ഞ് ആ ജീവിതത്തിന് ഒരു തടസ്സമാകും അതാ ഉമ്മ പറഞ്ഞത് ആ കുഞ്ഞിനെ യത്തീംഖാനയിലാക്കാൻ….

അന്ന് വാപ്പാക്ക് അപകടം പറ്റിയപ്പോൾ ഉമ്മയെന്താ ഉമ്മാടെ മക്കളെ യത്തീംഖാനയിൽ ആക്കാതിരുന്നത്……

ഉമ്മാക്ക് ഞങ്ങൾ മക്കൾ എത്ര വലുതായിരുന്നോ അതുപോലെ തന്നെയാ എനിക്കെൻ്റെ മോള് അന്ന് ഉമ്മാടെ മക്കൾക്കു വേണ്ടി ഞാൻ കടലു കടന്നതാ കെട്ടിയ പെണ്ണിനേയും ഞങ്ങൾക്ക് ജനിച്ച ഈ മക്കളേയും സ്നേഹിക്കാൻ പറ്റിയില്ല….

ഉമ്മാടെ പെൺമക്കൾക്കു വേണ്ടിയാ അന്ന് ഉമ്മാടെ വാക്കും കേട്ട് ഞാനാ പാവം പിടിച്ച പെണ്ണിനെ കെട്ടിയത് എന്നിട്ട് അവളോട് നീതി പുലർത്താൻ എനിക്ക് സാധിച്ചില്ല….

അതു കൊണ്ട് ആരുടേയും വാക്കു കേട്ട് ജീവിക്കാൻ ഞാൻ തയ്യാറല്ല എൻ്റെ ജീവിതം എങ്ങനെ വേണം എന്ന് ഇനി ഞാനാ തീരുമാനിക്കുന്നത്…… എൻ്റെ ഐഷുനെ മറന്ന് ഇനി എനിക്കൊരു ജീവിതം ഇല്ല….

ഒരിക്കൽ നിങ്ങൾ എല്ലാവർക്കും വേണ്ടി ഞാനെൻ്റെ ഐഷുനെ മനപൂർവ്വം അല്ലങ്കിലും ഞാൻ മറന്നു…..

അത്രയും പറഞ്ഞ് സുബൈർ ഡ്രസ് മാറി മോൾ കിടക്കുന്ന ആശുപത്രിയിലെത്തി മോളെ കണ്ട് മോൾടെ വിവരങ്ങൾ തിരക്കി

രണ്ടു മാസങ്ങൾക്ക് ശേഷം ആശുപത്രിയിലെ നേഴ്സിൻ്റെ കൈയിൽ നിന്ന് തൻ്റെ മോളെ വാങ്ങി തൻ്റെ മാറോട് ചേർത്തു. ഇനി നീ വളരുന്നത് ഈ വാപ്പാടെ നെഞ്ചിലെ ചൂടു പറ്റിയാകും……

നിൻ്റെ ഐഷു ഉമ്മ നിനക്കായി തരാൻ കരുതി വെച്ച സ്നേഹം നിൻ്റെ വാപ്പിച്ചി തരും….. കുഞ്ഞിൻ്റെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് സുബൈർ പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *