നീ ആ വീട്ടിലല്ലേ താമസം, സ്വന്തം ഭാര്യ അനുഭവിക്കുന്നതൊന്നും നീ അറിയുന്നില്ലേ, കുറ്റപ്പെടുത്താലോടെ അനിത പറഞ്ഞു..

(രചന: Sivapriya)

വൈകുന്നേരം ഓഫീസിൽ നിന്ന് വീട്ടിലലെത്തിയ പ്രദീപിനെ വരവേറ്റത് നിർത്താതെ കരയുന്ന കുഞ്ഞിന്റെ കരച്ചിൽ ശബ്ദമാണ്.

മൂന്നുമാസം പ്രായമുള്ള പ്രദീപിന്റെ കുഞ്ഞിനെയും ഭാര്യ അമ്മുവിനെയും ഒരു മാസം മുൻപാണ് പ്രദീപ് സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നത്. കുഞ്ഞിന്റെ ഉച്ചത്തിലുള്ള കരച്ചിൽ അവനിൽ ആധി പടർത്തി.

“അമ്മൂ…” ഭാര്യയെ പേര് ചൊല്ലി വിളിച്ചു കൊണ്ട് കൈയിലിരുന്ന ബാഗ് സോഫയിലേക്ക് ഇട്ട് അവൻ ഹാളിൽ പ്രവേശിച്ചു.

മുൻവശത്തെ വാതിൽ മലർക്കേ തുറന്ന് കിടക്കുകയായിരുന്നു.

“ഈ വീട്ടിൽ ഉള്ളവരൊക്കെ ചത്തോ… കുഞ്ഞ് കരയുന്നത് ആർക്കും കേൾക്കാൻ പാടില്ലേ.”സ്വയം പിറുപിറുത്തു കൊണ്ട് പ്രദീപ് റൂമിലേക്ക് ചെന്ന് നോക്കി.

നിലത്ത് പായയിൽ കിടന്ന് കൈകാലിട്ടടിച്ചു കരയുകയായിരുന്നു പ്രദീപിന്റെയും അമ്മുവിന്റെയും ഏക മകളായ മൂന്നു മാസം പ്രായമുള്ള മാളൂട്ടി.

“അച്ഛന്റെ മാളൂട്ടിയേ…” ഓടിച്ചെന്ന് കുഞ്ഞിനെ വാരിപ്പുണർന്ന് നെഞ്ചോട് ചേർത്ത് പ്രദീപ് മാളൂട്ടിയുടെ കരച്ചിൽ അടക്കാൻ ശ്രമിച്ചു.

കുഞ്ഞി കൈകൾ കൊണ്ട് അവന്റെ ഷർട്ടിൽ പിടുത്തമിട്ട് മാളൂട്ടി കരഞ്ഞുകൊണ്ടിരുന്നു.

കുഞ്ഞിനെ തോളിൽ കിടത്തി തട്ടിക്കൊണ്ടു മുറിയിലൂടെ ഉലാത്താൻ തുടങ്ങുമ്പോഴാണ് കട്ടിലിന്റെ അരികത്തായി ഭിത്തിയോട് ചേർന്ന് മൂലയിലേക്ക് ഒതുങ്ങി കൂടി കാൽമുട്ടിൽ മുഖം അമർത്തി കിടക്കുന്ന അമ്മുവിനെ പ്രദീപ് കണ്ടത്.

ഒരു നിമിഷം ആ കാഴ്ച കണ്ട് പ്രദീപ് ഞെട്ടി. കുഞ്ഞിനെ ബെഡിൽ കിടത്തി അവൻ അവൾക്കരികിലേക്ക് ചെന്നു.

“അമ്മൂ… ഡി… എന്താടി പറ്റിയെ..” അവളെ പിടിച്ചുലച്ചുകൊണ്ട് അവൻ ചോദിച്ചു.

“പ്രദീപേട്ടാ..” കുഴഞ്ഞ ശബ്ദത്തിൽ അവൾ വിളിച്ചു.

വാടിയ താമര തണ്ട് കണക്കെ അമ്മു അവന്റെ നെഞ്ചിലേക്ക് വീണു. അവളുടെ ഇടത് കൈത്തണ്ടയിലെ മുറിവിൽ നിന്ന് രക് തം വാർന്നൊഴുകുന്നുണ്ടായിരുന്നു. അമ്മുവിന്റെ ഡ്രെസ്സിലും നിലത്തും പടർന്ന ചോരത്തുള്ളികൾ പ്രദീപ് അപ്പോഴാണ് കണ്ടത്.

“നീ.. മതി നീ ഇത് എന്ത് അബദ്ധമാ കാണിച്ചത്.?” വിറപൂണ്ട സ്വരത്തിൽ അവൻ ചോദിച്ചു.

“എനിക്ക് മരിച്ചാൽ മതി… അങ്ങനെ എങ്കിലും എന്റെ കുഞ്ഞ് എന്റെ കൈയ്യിൽ നിന്ന് രക്ഷപെട്ടോട്ടെ..” അർദ്ധബോധവസ്ഥയിലും അവൾ പിറുപിറുത്തു.

അമ്മുവിനെ താങ്ങിപ്പിടിച്ചു കട്ടിലിൽ കിടത്തിയിട്ട് അവൻ പെട്ടന്ന് തന്നെ ഒരു തുണികഷ്ണം കീറി അവളുടെ മുറിവിൽ ചുറ്റിക്കെട്ടി വച്ചു.

പിന്നെ വേഗം അമ്മയുടെ ഫോണിലേക്ക് വിളിച്ചു നോക്കി. ആദ്യമൊക്കെ കാൾ കട്ടാക്കി വിടുകയായിരുന്നു പ്രദീപിന്റെ അമ്മ വിലാസിനി. വീണ്ടും വീണ്ടും അവൻ വിളിച്ചു കൊണ്ടിരുന്നപ്പോൾ അവർ ഫോൺ എടുത്തു.

“ഹലോ… അമ്മേ… നിങ്ങളിതെവിടാ?”
പ്രദീപ് ചോദിച്ചു.

“ഞങ്ങളിവിടെ നിന്റെ അച്ഛന്റെ കൂട്ടുകാരന്റെ മോന്റെ കല്യാണ പാർട്ടിക്ക് വന്നതാ. നീ ഇങ്ങനെ കിടന്ന് വിളിച്ചു ശല്യപ്പെടുത്തുന്നെ എന്തിനാ? ഫോൺ വയ്ക്ക്.”

“അച്ഛനും അമ്മയും പെട്ടന്ന് ഇങ്ങോട്ട് വരണം. അമ്മുവിന് സുഖമില്ല.”

“ഓ നിന്റെ ഭാര്യയ്ക്ക് മേലനങ്ങി പണിയെടുക്കാൻ വയ്യ.. അത് തന്നെയാ അവളുടെ അസുഖം. നീ ഫോൺ വച്ചേ. ഞങ്ങൾ വരാൻ സന്ധ്യ കഴിയും.” അലസമട്ടിൽ പറഞ്ഞുകൊണ്ട് പ്രദീപിന്റെ മറുപടിക്ക് പോലും കാത്ത് നിൽക്കാതെ വിലാസിനി ഫോൺ കട്ട്‌ ചെയ്തു.

അമ്മയുടെ ആ പ്രവർത്തി പ്രദീപിനെ വല്ലാതെ ദേഷ്യം പിടിപ്പിച്ചു. ബെഡിൽ കിടന്ന് കരയുന്ന കുഞ്ഞിനെ തോളിൽ എടുത്തു കിടത്തി അവൻ അടുത്ത വീട്ടിലേക്ക് ചെന്നു.

“ചേച്ചി നിങ്ങൾ രണ്ടാളും എന്റെ കൂടെ ഒന്ന് ഹോസ്പിറ്റലിലേക്ക് വരാമോ.? അമ്മുവിന് ഒട്ടും വയ്യ. അച്ഛനും അമ്മയും വീട്ടിലില്ല.” അത് പറയുമ്പോൾ അവന്റെ ശബ്ദമൊന്നു ഇടറി.

“അതിനെന്താ പ്രദീപേ വരാലോ.” സുഗതൻ പറഞ്ഞു.

“ഞാനെന്ന ഒരു ഓട്ടോ വിളിച്ചു വരാം.”

“അത് വേണ്ട പ്രദീപേ… അമ്മുവിനെ നമുക്ക് എന്റെ കാറിൽ കൊണ്ട് പോകാം.” ഓട്ടോ വിളിക്കാനായി പിന്തിരിഞ്ഞു പോകാൻ തുടങ്ങിയ അവനെ തടഞ്ഞുകൊണ്ട് സുഗതൻ പറഞ്ഞു.

പ്രദീപിന്റെ വീടിന്റെ അയല്പക്കത്തെ വീട്ടിലെ താമസക്കാരാണ് അനിതയും ഭർത്താവ് സുഗതനും. അവരുടെ മക്കൾ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നവരാണ്. പ്രദീപ് ഹോസ്പിറ്റലിൽ പോകാൻ കൂടെ വരാമോ എന്ന് ചോദിച്ചതും ഇരുവരും പെട്ടെന്ന് പോയി റെഡിയായി വന്നു.

“ചേച്ചി കുഞ്ഞിനെ ഒന്ന് എടുക്കാമോ.. ഞാൻ പോയി അമ്മുവിനെ കൊണ്ട് വരാം.”

“മോളെ ഇങ്ങ് തന്നോ ഞാൻ എടുത്തോളാം. പ്രദീപ് പോയി അമ്മുവിനെ കൂട്ടികൊണ്ട് വരൂ.” പ്രദീപിന്റെ തോളിൽ തല ചായ്ച്ചു മയങ്ങിതുടങ്ങിയ മാളൂട്ടിയെ അനിത തന്റെ കൈയ്യിലേക്ക് വാങ്ങി.

കലുഷിതമായ മനസ്സോടെ പ്രദീപ് അമ്മുവിന്റെ അരികിലേക്ക് ഓടി. അർദ്ധബോധവസ്ഥയിൽ കിടക്കുന്ന അമ്മുവിനെ വാരിയെടുത്തുകൊണ്ട് അവൻ കാറിനരികിലേക്ക് ചെന്നു.

സുഗതന്റെ സഹായത്തോടെ ബാക്ക് സീറ്റിൽ അമ്മുവിനെ കിടത്തി പ്രദീപും ഒപ്പമിരുന്നു.

“ഇതെന്താ അമ്മുവിന്റെ ഡ്രെസ്സിലൊക്കെ ചോ ര.?” അവളുടെ വസ്ത്രത്തിൽ പടർന്ന ചോ രക്കറയും കൈയ്യിൽ വച്ചുകെട്ടിയ മുറിവും കണ്ടപ്പോൾ സുഗതനും അനിതയും പ്രദീപിനോട് ചോദിച്ചു.

“അമ്മു ആത്മഹത്യയ്ക്ക് ശ്രമിച്ചതാ. ഞാൻ ജോലി കഴിഞ്ഞു വരുമ്പോൾ അവൾ അർദ്ധ ബോധാവസ്ഥയിൽ മുറിയുടെ മൂലയ്ക്ക് കിടക്കുകയായിരുന്നു.” അവന്റെ കണ്ണുകൾ ഈറനായി.

“ഈ പൊടികൊച്ചിനെയും അമ്മുവിനെയും ഒറ്റയ്ക്കാക്കി വീട്ടിലുള്ളവർ എങ്ങോട്ട് പോയി. ഇവൾക്ക് എന്തെങ്കിലും സംഭവിച്ചു പോയിരുന്നെങ്കിൽ എന്ത് ചെയ്തേനെ?” സുഗതൻ ചോദിച്ചു.

പ്രദീപ്‌ ഒന്നും മിണ്ടാതെ തല താഴ്ത്തി ഇരുന്നു.

“പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് പ്രദീപേ. നിന്റെ അച്ഛനും അമ്മയും ഈ കൊച്ചിനെ നല്ലോണം കഷ്ടപ്പെടുത്തുന്നുണ്ട്. അതിന്റെ കോലം കണ്ടില്ലേ നീ. വീട്ടീന്ന് വരുമ്പോൾ എങ്ങനെ ഇരുന്ന കൊച്ചാ. ഇപ്പൊ നേരാവണ്ണം സമയത്തിന് ആഹാരോം ഇല്ല ഉറക്കവും ഇല്ലാതെ അതിന് ഭ്രാന്ത് പിടിച്ചു കാണും.

രണ്ടു ദിവസം മുൻപ് ഇത്തിരി ഇല്ലാത്ത ഈ പൊടികൊച്ചിനെയും തോളിലിട്ട് കൊണ്ട് ടെറസിൽ തുണി വിരിക്കുന്നത് കണ്ടപ്പോൾ നിന്റെ അമ്മയോട് കൊച്ചിനെ വാങ്ങിച്ചൂടെ അല്ലെങ്കിൽ ആ തുണി വാങ്ങി പിഴിഞ്ഞ് വിരിച്ചൂടെ എന്ന് ചോദിച്ചപ്പോൾ എന്നോട് “നീ നിന്റെ കാര്യം നോക്കി പോടീ ” എന്നാ നിന്റെ അമ്മ പറഞ്ഞത്.

നീ ആ വീട്ടിലല്ലേ താമസം. സ്വന്തം ഭാര്യ അനുഭവിക്കുന്നതൊന്നും നീ അറിയുന്നില്ലേ.” കുറ്റപ്പെടുത്താലോടെ അനിത പറഞ്ഞു.

“ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല ചേച്ചി.. അമ്മു എന്നോടൊന്നും പറഞ്ഞിട്ടില്ല.” നിറഞ്ഞ കണ്ണുകൾ പ്രദീപ് തുടച്ചു.

ഡോക്ടർ പരിശോധിച്ചിട്ട് അമ്മുവിനെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തു. കുഞ്ഞിനും നല്ല പനിക്കുണ്ടായിരുന്നു, അതുകൊണ്ട് മാളൂട്ടിയെയും അഡ്മിറ്റ്‌ ആക്കി. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കാമെന്ന് പറഞ്ഞു സുഗതനെയും അനിതയെയും പ്രദീപ്‌ വീട്ടിലേക്ക് തിരിച്ചയച്ചു.

പ്രദീപ് കാല് പിടിച്ചു പറഞ്ഞത് കൊണ്ട് മാത്രമാണ് അമ്മുവിന്റെ ആത്മഹത്യ ശ്രമം ഡോക്ടർ പോലീസിൽ അറിയിക്കാതെ വിട്ടത്.

അമ്മുവിന്റെ അരികിലായി കുഞ്ഞിനെ കിടത്തിയിട്ട് പ്രദീപ് കസേര അവളുടെ അടുത്തേക്ക് വലിച്ചിട്ട് അരികിലായി ഇരിപ്പുറപ്പിച്ചു.

ഡ്രിപ് തീർന്നപ്പോൾ അമ്മുവിന് ബോധം വന്നു. സാവധാനം മിഴികൾ വലിച്ചു തുറന്ന് അവൾ ചുറ്റിനും നോക്കി. അരികിൽ തളർന്നു മയങ്ങുന്ന കുഞ്ഞിനെ കണ്ടതും അവൾക്ക് സങ്കടം സഹിക്കാനായില്ല. അരികിലിരിക്കുന്ന പ്രദീപിനെ ഒന്ന് നോക്കി അമ്മു തേങ്ങിക്കരഞ്ഞു.

“എന്ത് പണിയാ അമ്മു നീ കാണിച്ചത്. ആത്മഹത്യ ചെയ്യാൻ മാത്രം എന്തായിരുന്നു നിന്റെ പ്രശ്നം. എന്താണെങ്കിലും എന്നോട് പറയാമായിരുന്നു. ഞാൻ ഇല്ലേ നിനക്ക്..” അമ്മുവിനെ ചേർത്തുപിടിച്ചുകൊണ്ട് പ്രദീപ് ചോദിച്ചു.

“ആ സമയം എനിക്ക് ചത്താൽ മതീന്ന് തോന്നിപ്പോയി. ഒരു മാസം ആയി ഞാൻ നേരെചൊവ്വേ ഒന്ന് ഉറങ്ങിയിട്ട്.

ജോലി കഴിഞ്ഞു ക്ഷീണിച്ചു വരുന്ന പ്രദീപേട്ടൻ രാത്രി കുഞ്ഞു കരയുന്നതും ഞാൻ എടുത്തോണ്ട് നടക്കുന്നതും അറിയാറുണ്ടോ. ഇടയ്ക്ക് എങ്കിലും ഒന്ന് ലീവ് എടുക്കാൻ ഞാൻ എത്ര തവണ പറഞ്ഞു… കേട്ടില്ലല്ലോ.

രാവിലെ കുഞ്ഞു ഉറങ്ങുമ്പോ വീട്ടിൽ എടുത്താൽ പൊങ്ങാത്ത ജോലികളും കാണും. കഴിച്ച എച്ചിൽ പാത്രം പോലും കഴുകി വയ്ക്കാൻ ആർക്കും വയ്യ. കുഞ്ഞിനെ ഒന്ന് കൈമാറി എടുക്കാൻ പോലും വീട്ടിൽ ആരും തയ്യാറല്ല.

മോൾടെ നിർത്താതെയുള്ള കരച്ചിൽ കേട്ടപ്പോൾ കുഞ്ഞിന്റെ വായിൽ എന്തെങ്കിലും എടുത്ത് വച്ചാലോ നിലത്തേക്ക് എറിഞ്ഞാലോ എന്നൊക്കെ മനസ്സിലിരുന്ന് ആരോ പറയുന്ന പോലെ തോന്നി.

എനിക്ക് ആകെ ഭയമായി. എന്റെ കൈയിലിരുന്ന് കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ എങ്ങനെ അത് സഹിക്കും പ്രദീപേട്ടാ.

മോളെ നിലത്ത് പായ വിരിച്ചു കിടത്തി ഞാൻ മുറിയുടെ മൂലയിലേക്ക് നീങ്ങി ഇരുന്നു. കാത് തുളച്ചെത്തുന്ന മോൾടെ കരച്ചിൽ കേട്ടപ്പോൾ എനിക്ക് എന്നെ തന്നെ കൊല്ലാൻ തോന്നി.

സ്വസ്ഥമായിട്ടൊന്ന് ഉറങ്ങാതെ നേരെചൊവ്വേ ഭക്ഷണം പോലും കഴിക്കാൻ പറ്റാതെ ജോലി ചെയ്തു നടുവൊടിഞ്ഞു എനിക്ക് ഭ്രാന്ത് പിടിച്ചു പോയി.

പ്രദീപേട്ടൻ അരികിൽ ഇരിക്കില്ലേ… കുഞ്ഞ് ഉണർന്നാൽ ഞാൻ പാല് കൊടുത്ത് തരാം അവളെ ഏട്ടൻ ഉറക്കില്ലേ. എനിക്കൊന്ന് സമാധാനം ആയിട്ട് ഉറങ്ങണം ഏട്ടാ.” കരച്ചിലോടെ അമ്മു പറയുമ്പോൾ പ്രദീപിനും ആകെ വിഷമമായി.

“നീ ഉറങ്ങിക്കോ.. മോൾക്ക് ഞാൻ ബോട്ടിൽ ഫീഡ് ചെയ്തോളാം. ഓഫീസിൽ വിളിച്ചു ലീവിന് പറഞ്ഞിട്ടുണ്ട്. ഇനി ഞാൻ കാണും കൂടെ. നിന്നെയും മോളെയും വേണ്ടവിധം ശ്രദ്ധിക്കാൻ പറ്റിയില്ല. എന്റെ അച്ഛനും അമ്മയും നിന്നെ നന്നായിട്ട് നോക്കുന്നുണ്ടെന്ന് ഞാൻ തെറ്റിദ്ധരിച്ചു. എന്നോട് ക്ഷമിക്കെടി..”

അമ്മുവിന്റെ നെറുകയിൽ ചുണ്ടമർത്തി അവൻ പറഞ്ഞു.

“സാരമില്ല… ഇപ്പൊ ഏട്ടൻ ഇങ്ങനെ അടുത്തുള്ളപ്പോൾ മനസ്സിന് നല്ല ആശ്വാസം തോന്നുന്നു.”

അപ്പോഴേക്കും മാളൂട്ടി ഉണർന്നു കരയാൻ തുടങ്ങി. കുഞ്ഞിനെ മാറോട് ചേർത്ത് അമ്മു മോൾക്ക് പാല് കൊടുക്കാൻ തുടങ്ങി.

ആ സമയത്താണ് പ്രദീപിന്റെ ഫോണിലേക്ക് അമ്മയുടെ കാൾ വന്നത്.

“വീടും പൂട്ടി ഭാര്യയെയും കൊണ്ട് എങ്ങോട്ടാടാ പോയത്. എവിടേലും പോയാൽ താക്കോൽ വച്ചിട്ട് പൊക്കൂടെ നിനക്ക്.” ഫോൺ എടുത്ത പാടെ വിലാസിനി ഉച്ചത്തിൽ ചോദിച്ചു.

“ഞാൻ അമ്മുവിനെ ഹോസ്പിറ്റലിൽ കൊണ്ട് വന്നതാ. ഇന്ന് ഇവിടെ അഡ്മിറ്റ്‌ ആണ്. ധൃതിയിൽ പോന്നപ്പോൾ താക്കോൽ ഞാൻ കീശയിലിട്ട് കൊണ്ട് വന്നു.

തല്ക്കാലം ഇന്ന് രാത്രി അച്ഛനും അമ്മയും വരാന്തയിൽ കിടക്ക്. എന്റെ പെണ്ണിനെ കുറേ ദ്രോഹിച്ചതല്ലേ രണ്ടാളും കൂടി. അതിനുള്ള ശിക്ഷ ആണെന്ന് കൂട്ടിക്കോ. ബാക്കി ഞാൻ നാളെ വീട്ടിൽ വന്നിട്ട് തരുന്നുണ്ട്.” അമ്മയുടെ മറുപടിക്ക് കാത്തു നിൽക്കാതെ പ്രദീപ് കാൾ കട്ട്‌ ചെയ്തു.

“കൊച്ചിനേം നിന്നേം കാണാതിരിക്കാൻ പറ്റാത്തത് കൊണ്ടാ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നത്. അതിപ്പോ ഇങ്ങനെയും ആയി. അതുകൊണ്ട് കൈയിലെ മുറിവൊക്കെ ഉണങ്ങിയ ശേഷം നമുക്ക് നിന്റെ വീട്ടിൽ പോയി നിൽക്കാം.

അവിടെ ആവുമ്പോൾ നിന്റെ അമ്മയും ഉണ്ട്. ഇത്തിരി ദൂരം കൂടുതൽ ആണെങ്കിലും അവിടെ നിന്ന് ഞാൻ ഓഫീസിൽ പൊയ്ക്കോളാം. ഇപ്പൊ കുഞ്ഞിന് പാല് കൊടുത്ത ശേഷം നീ ഉറങ്ങിക്കോ. രാത്രി മോള് ഉണർന്നാൽ ഞാൻ ബോട്ടിൽ കൊടുത്തോളം.”

“ഉം…” അവളൊന്ന് മൂളി.

പാല് കുടിച്ചു തന്നെ മാളൂട്ടി ഉറക്കം പിടിച്ചു. ഒപ്പം അമ്മുവും ഉറങ്ങിപ്പോയി. അവർക്ക് കാവലായി അരികിൽ പ്രദീപും ഇരുന്നു. അവന്റെ കൈകൾ അവളുടെ ശിരസ്സിനെ തലോടി കൊണ്ടിരുന്നു.

അതേസമയം വീടിന് വെളിയിൽ കൊതുക് കടിയും കൊണ്ട് മോനെയും മരുമോളെയും ചീത്ത പറഞ്ഞുകൊണ്ട് വിലാസിനിയും ഭർത്താവും അവരുടെ വരവും കാത്തിരുന്നു.