എനിക്കെന്റെ അച്ഛന്റെ കല്യാണം നടത്തണം അപ്പൊ സ്വന്തമായി ഒരമ്മയെ കിട്ടും, ക്ലാസ്സിൽ എഴുന്നേറ്റ് നിന്ന് അപ്പു അത്..

ജാനകി ടീച്ചർ
(രചന: ശ്യാം കല്ലുകുഴിയിൽ)

രാത്രി ഉറങ്ങാനായി മുറിയിൽ കയറിയപ്പോഴാണ് പതിവില്ലാതെ ജാനകി ടീച്ചറുടെ കണ്ണുകൾ ജനലിലേക്ക് നീങ്ങിയത്. മുറിയിലെ ലൈറ്റ് അണച്ചവർ ജനലിനരികിലേക്ക് നീങ്ങി നിന്ന് കർട്ടൻ മാറ്റി പുറത്തേക്ക് നോക്കി….

പുറത്തെ കാഴ്ചകൾ വ്യക്തമല്ലാത്തത് കൊണ്ടാണ് ജനൽ തുറന്നത്, തണുത്ത കാറ്റ് മുഖത്തേക്ക് അടിക്കുന്നതിനൊപ്പം മനസ്സിന് സന്തോഷിപ്പിച്ചത് അടുത്ത വീട്ടിലെ കാഴ്ചകൾ ആയിരുന്നു….

അന്ന് ക്ലാസ്സിൽ കുട്ടികളുടെ ആഗ്രഹങ്ങൾ ചോദിക്കുകയായിരുന്നു ജാനകി ടീച്ചർ….

” എനിക്കെന്റെ അച്ഛന്റെ കല്യാണം നടത്തണം അപ്പൊ സ്വന്തമായി ഒരമ്മയെ കിട്ടും… ”
ക്ലാസ്സിൽ എഴുന്നേറ്റ് നിന്ന് അപ്പു അത് പറയുമ്പോൾ മറ്റ് കുട്ടികൾ ഉച്ചത്തിൽ ചിരിച്ചപ്പോഴേക്കും അപ്പു തലകുമ്പിട്ട് നിന്നു…

” നമുക്ക്അച്ഛനെ കെട്ടിക്കാട്ടോ, അപ്പൂന് നല്ലൊരു അമ്മയെയും കിട്ടും, കേട്ടോ…. ”

തല കുമ്പിട്ട് നിൽക്കുന്ന അപ്പുവിന്റെ താടിയിൽ പിടിച്ചുയർത്തിക്കൊണ്ടാണ് ജാനകി ടീച്ചർ അത് പറഞ്ഞത്, അപ്പോഴേക്കും അവന്റെ മുഖത്ത് സന്തോഷം വിരിയുന്നത് ടീച്ചർ ശ്രദ്ധിച്ചിരുന്നു…

തന്റെ വീടിന്റെ മതിലിനപ്പുറമാണ് അപ്പുവിന്റെ വീട് എന്നാലും താൻ ഇതുവരെ അവനെ ശ്രദ്ധിക്കാതിരുന്നത് ടീച്ചർ അപ്പോഴാണ് ഓർത്തത്, അല്ലെങ്കിലും താൻ ആരെയും ശ്രദ്ധിക്കാറില്ലല്ലോ….

താൻ ജനിച്ച് മാസങ്ങൾക്കുള്ളിൽ അച്ഛൻ മരിച്ചപ്പോൾ തൊട്ട് തുടങ്ങിയതാണ് തന്റെ ജാതകം ദോഷങ്ങൾ, അച്ഛൻ മരിച്ച് വർഷം രണ്ട് കഴിഞ്ഞപ്പോൾ അമ്മ ഇഷ്ട്ടപെട്ട മറ്റൊരാൾക്കൊപ്പം പോയതും ഒന്നുമറിയാത്ത തന്റെ ജാതക ദോഷം കൊണ്ടാണെന്ന് ബന്ധുക്കൾ വിധിയെഴുതി…..

ആ ജാതക ദോഷം അവർക്കൊപ്പം വളർന്ന് വരുമ്പോൾ മറ്റുള്ളവരോട് മിണ്ടാൻ പോലും അവർ ഭയന്നു, താൻ കാരണം മറ്റൊരാൾക്കും ഒന്നും സംഭവിക്കരുതെന്ന തീരുമാനത്തിലാണ് കല്യാണം പോലും വേണ്ടെന്ന് വച്ചവർ തനിയെ ജീവിക്കുന്നത്…..

എന്നാലും പല രാത്രികളിലും ഉറക്കം വരാതെ കിടക്കുമ്പോൾ മനസ്സിൽ എവിടെയൊക്കെയോ ഒരു ഒറ്റപ്പെടൽ അവർ അനുഭവിച്ചിരുന്നു,

തനിക്ക് സ്നേഹിക്കാനോ, തന്നെ സ്നേഹിക്കാനോ ആരുമില്ലാതെ, ഒന്ന് മനസ്സ് തുറന്ന് സംസാരിക്കാനോ , ഒന്ന് ചിരിക്കാനോ, കരയാനോ സാധിക്കാതെ മരവിച്ച മനസുമായി എന്തിനിങ്ങനെ ജീവിക്കുന്നുവെന്നവർ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്…

അപ്പുറത്തെ വീട്ടിൽ നിന്ന് അപ്പുവിന്റെ ചിരി ഉയർന്ന് കേട്ട് തുടങ്ങിയപ്പോഴാണ് ടീച്ചർ ചിന്തകൾക്ക് വിരാമമിട്ട് അവിടേക്ക് നോക്കി നിന്നത്, തൊഴുത്തിൽ നിന്ന് പശുക്കൾക്ക് പുല്ലിട്ട് കൊടുക്കുകയാണ് അവന്റെ അച്ഛൻ,

അതിനൊപ്പം അയാൾ എന്തോ പറയുകയും അപ്പു ഉച്ചത്തിൽ ചിരിക്കുകയും ചെയ്യുന്നുണ്ട്, അവന്റെ ചിരിയും സന്തോഷവും നോക്കി ടീച്ചറും അങ്ങനെ നിന്നു….

പിറ്റേന്ന് മുതൽ ടീച്ചർ അപ്പുവിനെ പ്രത്യേകം ശ്രദ്ധിച്ചു തുടങ്ങിയിരുന്നു, അതുവരെ ആരോടും അടുപ്പം കാണിക്കാതിരുന്ന തന്റെ മാറ്റങ്ങൾ അവർക്ക് തന്നെ പലപ്പോഴും അത്ഭുതമായി തോന്നി തുടങ്ങി….

അന്നൊരു ഞായറാഴ്ച ആയിരുന്നു അപ്പുവിന്റെ അച്ഛൻ പുറത്തേക്ക് പോകുന്നത് കണ്ടപ്പോഴാണ് ടീച്ചർ അവന്റെ വീട്ടിലേക്ക് നടന്നത്…

” എന്താ ടീച്ചറെ….. ” മുറ്റത്ത് എത്തിയ ടീച്ചറെ കണ്ടപ്പോഴേക്കും വീടിന്റെ ഉള്ളിൽ നിന്ന് അപ്പു ഓടി അവരുടെ അരികിലേക്ക് വന്നു ….

” ഒന്നുമില്ല അപ്പു വെറുതെ ഇറങ്ങിയതാ…”
പരിസരത്ത് ചുറ്റും കണ്ണോടിച്ചു കൊണ്ടാണ് ടീച്ചർ പറഞ്ഞത്….

” എത്ര പശുക്കളുണ്ട് അപ്പു…. ”
ടീച്ചറുടെ കണ്ണുകൾ അപ്പോഴും വൃത്തിയാക്കി ഇട്ടേക്കുന്ന തൊഴുത്തിൽ ആയിരുന്നു…

” നാല് പശുക്കളും രണ്ട് കുട്ടികളും ഉണ്ട്, പിന്നേ കോഴിയും, ലൗ ബേർഡ്സുമൊക്കെയുണ്ട്… ”

അപ്പു പറയുമ്പോഴും മുറ്റവും പരിസരവും എന്ത് വൃത്തിയോടെയാണ് അവർ സൂക്ഷിക്കുന്നതെന്ന ചിന്തയിൽ ആയിരുന്നു ടീച്ചർ. മൃഗങ്ങൾക്കും പക്ഷികൾക്കും പുറമെ ഒരുപാട് ചെടികളും, പച്ചക്കറികളും ഒക്കെ ആ വീട്ടിൽ നിറഞ്ഞ് നിന്നിരുന്നു…..

” എന്നാൽ ശരി അപ്പു ഞാൻ പോട്ടെ… ”

ദൂരെ നിന്ന് അപ്പുവിന്റെ അച്ഛന്റെ ബൈക്കിന്റെ ശബ്ദം കേട്ടപ്പോൾ ടീച്ചർ തിരികെ പോകാനായി നടന്നു. അവർ അത് പറഞ്ഞ് നടന്നതും അപ്പു വീണ്ടും വീട്ടിലേക്ക് ഓടി കയറിപ്പോയി. ആ വീടിന്റെ മുറ്റം കഴിഞ്ഞിറങ്ങുമ്പോഴേക്കും വണ്ടിയുമായി അയാൾ എത്തിയിരുന്നു…..

” എന്താ ടീച്ചറെ….. ”

” ഞാൻ…. അതേ.. ഒരു ഗ്ലാസ്‌ പാൽ എനിക്കൂടെ കിട്ടോ എന്നറിയാൻ….. ”

അയാളെ പെട്ടെന്ന് മുന്നിൽ കാണുകയും ആ ചോദ്യവും കൂടി ആയപ്പോൾ പെട്ടെന്ന് എന്ത് പറയണം എന്നറിയാതെ അവർ ഒരുവിധം അത് പറഞ്ഞൊപ്പിച്ചു….

” അതിനെന്താ ടീച്ചറെ രവിലെ ആറുമണി ആകുമ്പോൾ കുപ്പിയിൽ പാൽ മതിലിന്റെ മുകളിൽ കാണും… ” അയാൾ അത് പറഞ്ഞ് ബൈക്ക് മുന്നോട്ട് ഒടിച്ച് പോകുമ്പോൾ ടീച്ചറും വീട്ടിലേക്ക് നടന്നു…

പിന്നെയുള്ള ദിവസങ്ങളിലെപ്പോഴും ടീച്ചർ ആ ജനലരികിൽ പോയി അപ്പുറത്തേക്ക് നോക്കി നിൽക്കും, അപ്പുവിനെ വീട്ട് മുറ്റത്ത് കാണുമ്പോൾ അറിയാതെ ടീച്ചറുടെ ചുണ്ടിൽ പുഞ്ചിരി വിരിയും, എപ്പോഴും അവനെ കൊഞ്ചിക്കാനും, സ്നേഹിക്കാനും വല്ലാതെ ആ ഹൃദയം കൊതിക്കും…..

അന്ന് അപ്പു സ്കൂളിൽ എത്തിയിരുന്നില്ല, അവനെ കാണാതെയിരുന്നപ്പോൾ ടീച്ചറുടെ മനസ്സിൽ എന്തെന്നില്ലാത്ത ഭയവും സങ്കടവും വന്ന് തുടങ്ങി, അവസാന മണിക്കൂർ ക്ലാസ്സ്‌ ഇല്ലാത്തത് കൊണ്ട് ടീച്ചർ നേരത്തെ ഇറങ്ങി, വീട്ടിൽ കയറാതെ ടീച്ചർ നേരെ പോയത് അപ്പുവിന്റെ വീട്ടിലേക്ക് ആയിരുന്നു…

തുറന്ന് കിടന്ന ഉമ്മറ വാതിലിൽ ആരെയും കാണാത്തത് കൊണ്ട് അവർ ഉള്ളിലേക്ക് കയറി…

” ഈ കഞ്ഞി കുടിയ്ക്ക് അപ്പു നി… ”
അപ്പുവിന്റെ അച്ഛന്റെ ശബ്ദം കേട്ട മുറിയിലേക്ക് ടീച്ചർ നടന്നു…

” എന്തുപറ്റി അപ്പുവിന്…. ” കട്ടിലിൽ കിടക്കുന്ന അപ്പുവിനേയും അരികിൽ ഇരിക്കുന്ന അവന്റെ അച്ഛനെയും മാറി മാറി നോക്കിയാണ് ടീച്ചർ ചോദിച്ചത്….

” അതൊരു ചെറിയ പനി ടീച്ചറെ,,, ” ടീച്ചറെ കണ്ട് എഴുന്നേറ്റ് നിന്ന അപ്പുവിന്റെ അച്ഛൻ പറയുമ്പോഴും ടീച്ചറുടെ നോട്ടം കട്ടിലിൽ തന്നെയും നോക്കി കിടക്കുന്ന അപ്പുവിൽ ആയിരുന്നു….

” ആ കഞ്ഞി ഇങ്ങു താ ഞാൻ കൊടുക്കാം…. ”
അത് പറഞ്ഞ് തോളിൽ കിടന്ന ബാഗ് കട്ടിലിലേക്ക് ഇട്ട്, അയാളുടെ കയ്യിൽ നിന്ന് കഞ്ഞിയും വാങ്ങി ടീച്ചർ അപ്പുവിന്റെ അരികിൽ ഇരുന്നു. ടീച്ചർ കട്ടിലിൽ ഇരുന്നപ്പോഴേക്കും അയാൾ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി….

” എഴുന്നേറ്റ് ഇരുന്നേ മോനെ…. ”

നെറ്റിയിലും കഴുത്തിലും കൈ വച്ച് ചൂട് നോക്കികൊണ്ട് ടീച്ചർ അപ്പുവിനെ കട്ടിലിൽ ചാരി ഇരുത്തി, കഞ്ഞി കുടിക്കാൻ മടിച്ചിരുന്ന അവന് നേരെ സ്പൂണിൽ കഞ്ഞി കോരി ടീച്ചർ വായിലേക്ക് വച്ച് കൊടുത്തു,

ടീച്ചറെ നോക്കി ഓരോ സ്പൂൺ കഞ്ഞി ഇറക്കുമ്പോഴും അപ്പുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി തുടങ്ങിയിരുന്നു…

കഞ്ഞി മുഴുവൻ കുടിച്ച അപ്പുവിന് ഗുളിക കൂടി കൊടുത്താണ് ടീച്ചർ കിടത്തിയത്, ടീച്ചറുടെ കൈ പിടിച്ച് കവിളിൽ ചേർത്ത് അവൻ സുഖമായി ഉറങ്ങി, അവന്റെ തല മുടിയിൽ തഴുകി ടീച്ചറും അവനോട്‌ ചേർന്നിരുന്നു….

അവൻ ഉറങ്ങി കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുമ്പോൾ പശുത്തൊഴുത്തിൽ അപ്പുവിന്റെ അച്ചൻ നിൽപ്പുണ്ടായിരുന്നു. ടീച്ചറെ കണ്ടതും തലയിൽ കെട്ടിയ തോർത്ത് അഴിച്ച് തോളിൽ ഇട്ടുകൊണ്ട് അയാൾ ടീച്ചറുടെ അരികിലേക്ക് ചെന്നു…

” അപ്പു കഞ്ഞി കുടുച്ച് ഗുളികയും കഴിച്ച് ഉറങ്ങി, ഒന്ന് ഉറങ്ങി കഴിയുമ്പോൾ പനി മാറും… ”
ടീച്ചർ അത് പറഞ്ഞപ്പോൾ അയാൾ തല കുലുക്കി നിന്നു….

” കഴിഞ്ഞ ദിവസം ക്ലാസ്സിൽ കുട്ടികളുടെ ആഗ്രഹം ചോദിക്കുന്ന കൂട്ടത്തിലാണ് അപ്പു അവനൊരു അമ്മ വെണമെന്ന് പറഞ്ഞത്.

കേൾക്കുന്നവർക്ക് അതൊരു തമാശ ആണെങ്കിലും അവൻ അമ്മയുടെ സാമിപ്യം ഒരുപാട് കൊതിക്കുന്നുണ്ട്, പലപ്പോഴും മറ്റെന്തോ ചിന്തകളിൽ എല്ലാവരിൽ നിന്നും ഒഴിഞ്ഞ് നിൽക്കുന്ന അപ്പുവിനെ ഞാൻ ശ്രദ്ധിക്കാറുണ്ട്. ഒരു കല്യാണം കഴിച്ചൂടെ……. ”

കുറച്ച് നളായി ടീച്ചറുടെ മനസ്സിൽ ഉണ്ടായിരുന്ന ചിന്തകളെല്ലാം അവർ അയാൾക്ക് മുന്നിൽ ഇറക്കി വച്ചു….

” അറിയാം ടീച്ചറെ അവന് അമ്മയെന്നാൽ ജീവനായിരുന്നു, എപ്പോഴും അവൾക്ക് ചുറ്റും ആയിരുന്നു അവൻ….. അറിയാം എനിക്ക് ഒരിക്കലും ആ നഷ്ടം നികത്താൻ കഴിയില്ലെന്ന്, എന്നാലും എന്നെക്കൊണ്ട് സാധിക്കും പോലെ അവനുവേണ്ടി എല്ലാം ചെയ്ത് കൊടുക്കുന്നുണ്ട്… ”

അത് പറഞ്ഞ് തീരും മുന്നേ അയാളുടെ കണ്ണുകൾ നിറയുന്നതും, തിരിഞ്ഞ് നിന്ന് തോർത്ത് കൊണ്ട് ആ കണ്ണീർ ഒപ്പുന്നതും ടീച്ചർ കണ്ടിരുന്നു….

” എല്ലാവരും നിർബന്ധിക്കുന്നുണ്ട് ഒരു കല്യാണത്തിന്, എന്നാലും എനിക്ക് പറ്റുന്നില്ല അവളുടെ സ്ഥനത്ത് മറ്റൊരാൾ,,,,,

ഇനി അഥവാ അങ്ങനെ ഒരാൾ വന്നാലും എന്റെ മോനെ സ്നേഹിക്കുമെന്ന് എന്താണ് ഉറപ്പ്, മറ്റൊരു കുഞ്ഞുണ്ടായാൽ മോനോടുള്ള സ്നേഹം കുറഞ്ഞാലോ , നാളെ അവനെ ഒറ്റപ്പെടുത്തിയാലോ, അതൊന്നും എനിക്ക് സഹിക്കാൻ പറ്റില്ല ടീച്ചറെ…..

ഒരു പക്ഷേ അവനിപ്പോൾ എന്നോട് ദേഷ്യം തോന്നിയാലും,അവൻ വളർന്ന് വലുതാകുമ്പോൾ എന്നെ മനസ്സിലാക്കും, ഞാൻ എത്രത്തോളം അവന്റെ അമ്മയെ സ്നേഹിച്ചിരുന്നു എന്ന് മനസിലാക്കും…… ”

അയാൾ അത് പറഞ്ഞ് നിർത്തും മുന്നേ മുറിയിൽ നിന്ന് അപ്പു ഛർദിക്കുന്ന ശബ്ദം കേട്ടു, ടീച്ചർ അപ്പുവിന്റെ അടുക്കലേക്ക് ഓടാൻ ഒന്നുരണ്ട് ചുവട് മുന്നോട്ട് വയ്ക്കുമ്പോഴേക്കും അയാൾ ടീച്ചറെയും മറികടന്ന് വീട്ടിലേക്ക് ഓടി കയറിയിരുന്നു.

പെട്ടെന്ന് എന്തോ ഓർത്തപോലെ ടീച്ചറുടെ ചുവടുകൾ നിലയ്ക്കുകയും ഒരു നിമിഷം ആ വീട്ടിലേക്ക് നോക്കി നിന്ന ശേഷം തിരികെ സ്വന്തം വീട്ടിലേക്ക് നടക്കുകയും ചെയ്തു….

വീട്ടിലേക്ക് നടക്കുമ്പോൾ എന്തെന്ന് ഇല്ലാതെ ടീച്ചറുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു, എന്തിനാണ് താൻ ഇത്രെയും സങ്കടിപ്പെടുന്നതെന്നത് അവർക്ക് ഉത്തരം കിട്ടാത്ത ചോദ്യമായിരുന്നു…

വീട്ടിൽ വന്ന് വേഗം അവർ മുറിയിൽ കയറി ജനലിന്റെ അരികിൽ പോയി അപ്പുറത്തേക്ക് നോക്കി നിന്നു, ആരെയും പുറത്തേക്ക് കാണാതെയിരുന്നപ്പോൾ എന്തെന്നില്ലാത്ത നിരാശ അവരിലുണ്ടായി…..

രാത്രിയും അവർ അതേ നിൽപ്പ് അവിടെ തുടർന്നു, ഇടയ്ക്ക് അയാൾ പുറത്തേക്ക് വരുന്നതും തൊഴുത്തിൽ പോകുന്നതും പിന്നെയും വീട്ടിൽ കയറി പോകുന്നതും കണ്ടെങ്കിലും അപ്പുവിനെ കാണാതെ ഇരുന്നപ്പോൾ പിന്നേയും അകാരണമായി അവരുടെ മനസ്സ് സങ്കടത്തിലാണ്ടു…

അന്ന് രാത്രി ഏറെ നേരം കിടന്നിട്ടും അവർക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല, ഇടയ്ക്കിടയ്ക്ക് ജനലിനരികിൽ ചെന്ന് അപ്പുറത്തേക്ക് നോക്കിക്കൊണ്ടേയിരുന്നു …

മഞ്ഞ് വീഴുന്ന ആ തണുത്ത വെളുപ്പാൻ കാലത്ത് ഇരുട്ടിനെ ഭയന്നിരുന്ന ടീച്ചർ നേരെ അപ്പുവിന്റെ വീട്ടിലേക്ക് നടന്നു. കഴിഞ്ഞ ദിവസം ഭക്ഷണം കഴിക്കാഞ്ഞത് കൊണ്ടും പുറത്തെ തണുപ്പ് കൊണ്ടും ടീച്ചറുടെ ശരീരം വല്ലാതെ വിറച്ചിരുന്നു,

കൈ വെള്ളകൾ പരസ്പ്പരം ഉരസി ചൂടാക്കി കൊണ്ട് അവർ മെല്ലെ നടന്ന് അപ്പുവിന്റെ വീട്ടിൽ എത്തി, അടഞ്ഞ് കിടന്ന വാതിലിൽ തട്ടി വിളിക്കാതെ കൈകൾ ഉരസി ചൂടാക്കി അവർ ഉമ്മറ തിണ്ണയിൽ തന്നെ ഇരുന്നു…..

” എന്താ ടീച്ചറെ ഈ വെളുപ്പിനെ എന്തുപറ്റി… ”
രാവിലെ എഴുന്നേറ്റ് ഉമ്മറത്തേക്ക് വന്ന അപ്പുവിന്റെ അച്ഛൻ തണുത്ത് വിറച്ചിരിക്കുന്ന ടീച്ചറെ കണ്ടതും ഞെട്ടലോടെ ചോദിച്ചു….

” അപ്പുവിന് എങ്ങനെയുണ്ട് പനി…. ”
വിറയാർന്ന ശബ്ദത്തോടെയാണ് ടീച്ചർ ചോദിച്ചത്…..

” കുറവുണ്ട്,.. ഉറക്കത്തിലാണ്,, ടീച്ചർ വാ….. ”
അത് പറഞ്ഞ് ടീച്ചറെ ഉള്ളിലേക്ക് ക്ഷണിക്കുമ്പോൾ അവർ അപ്പുവിന്റെ മുറിയിലേക്ക് നടന്നു. കട്ടിലിൽ മൂടി പുതച്ചു കിടക്കുന്ന അപ്പുവിന്റെ അരികിൽ ചെന്നവർ ഇരിക്കുമ്പോഴും വിറച്ചിരുന്നു. സംശയത്തോടെ ടീച്ചറെ നോക്കി അയാൾ അടുക്കളയിലേക്ക് നടന്നു….

ഒരു ഗ്ലാസ്‌ കട്ടൻ കാപ്പിയുമായി തിരികെ മുറിയിൽ എത്തുമ്പോഴേക്കും ടീച്ചർ അപ്പുവിനെയും ചേർത്ത് പിടിച്ച് മയങ്ങി കഴിഞ്ഞിരുന്നു….

അയാൾ തന്റെ പ്രഭാത ജോലികൾ ചെയ്യുമ്പോഴും ഇടയ്ക്കിടയ്ക്ക് അപ്പുവിന്റെ മുറിയിലേക്ക് എത്തി നോക്കിയിരുന്നു. അപ്പോഴും രണ്ടാളും സുഖമായി ഉറക്കത്തിലായിരുന്നു…. പിന്നേയും ഒരുപാട് വൈകിയാണ് ടീച്ചർ ഉറക്കമുണർന്നത് ….

” ടീച്ചറുടെ പെരുമാറ്റത്തിൽ എന്തോ വ്യത്യാസം ഉണ്ടെന്ന് പലപ്പോഴും അപ്പുവിന്റെ വാക്കുകളിൽ നിന്നെനിനക്ക് തോന്നിയിട്ടുണ്ട്, ഇപ്പോഴുള്ള ടീച്ചറുടെ പെരുമാറ്റത്തിൽ നിന്ന് എനിക്കും അത് ബോധ്യമായി.

ടീച്ചർ അപ്പുവിനെ വിദ്യാർത്ഥിയായി മാത്രം കണ്ടാൽ മതി, അതിൽ കൂടുതൽ അടുപ്പം കാണിക്കുന്നത് അവനും ടീച്ചർക്കും നാളെ ഒരുപോലെ സങ്കടമാകും…… ”

വീട്ടിലേക്ക് പോകാനായി മുറ്റത്തേക്ക് ഇറങ്ങിയ ടീച്ചറോട് അയാൾ പറയുമ്പോൾ ടീച്ചർ ഒന്നും മിണ്ടാതെ മുഖം കുനിച്ചു നിന്നതേയുള്ളു….

” ഇടയ്ക്ക് ഇടയ്ക്കുള്ള ഈ വരവും പോക്കും…. പിന്നെ നാട്ടുകാർക്ക് അത് മതി ഓരോ കഥകൾ ഉണ്ടാക്കാൻ, പോരാത്തതിന് ടീച്ചർ തനിച്ചാണ് താമസവും…. ”

അയാൾ അത് പറയുമ്പോൾ ടീച്ചർ ഒരു ദീർഘനിശ്വാസത്തോടെ ദൂരേക്ക് നോക്കി നിന്നു….

” എനിക്കൊരിക്കലും അപ്പുവിന്റെ അമ്മയ്ക്ക് പകരമാകാൻ കഴിയില്ല, ഒരുപക്ഷെ അവന്റെ അമ്മയെപ്പോലെ എനിക്കവനെ സ്നേഹിക്കാനും കഴിയില്ലായിരിക്കും, പക്ഷെ എന്തോ എനിക്ക് അറിയില്ല എനിക്ക് അവനില്ലാതെ….,

അവനെ കാണാതെയിരിക്കുമ്പോൾ എന്റെ മനസ്സിന് സമാധാനം കിട്ടുന്നില്ല, എനിക്ക് ശ്വാസം പോലും എടുക്കാൻ പറ്റാത്ത അവസ്ഥയാണ്….. ”
അയാളുടെ മുഖത്ത് നോക്കാതെ ദൂരേയ്ക്ക് നോക്കിയാണ് ടീച്ചർ അത് പറഞ്ഞത്….

” ഓർമ്മവച്ച നാൾ മുതൽ ജാതകദോഷത്തിന്റെ പേരിൽ പഴി കേട്ട് വളർന്നവളാണ് ഞാൻ, അച്ഛൻ മരിച്ചതും, അമ്മ മറ്റൊരാൾക്കൊപ്പം പോയതും, എന്തിന് അപ്പുറത്തെ വീട്ടിലെ ചട്ടി തറയിൽ വീണ് പൊട്ടിയതുവരെ എന്റെ ജാതകദോഷം കൊണ്ടായിരുന്നു…., ”

ഒരു ചിരിയോടെ ടീച്ചർ പറയുമ്പോൾ അയാൾ അവരെ ശ്രദ്ധിച്ചു നിന്നു….

” തനിച്ച് ജീവിക്കുന്ന സ്ത്രീ ഈ സമൂഹത്തിൽ പലതരം നോട്ടങ്ങളെ നേരിടേണ്ടി വരുന്നത്, പ്രത്യേകിച്ച് എന്നെപ്പോലെ പ്രായം കുറെ ആയിട്ടും കല്യാണം കഴിക്കാതെ നിൽക്കുന്നവർ…
അങ്ങനെയുള്ളവർ എന്തിനോ മുട്ടി നിൽക്കുന്നവർ ആണെന്നും…ഒന്ന് മുട്ടിയാൽ അവൾ രാത്രി കൂടെ കിടക്കാൻ വിളിക്കുമെന്നും ചിന്തിക്കുന്ന സമൂഹമാണ് ഇവിടെയുള്ളത്…. ”
പരിഹാസ ചിരിയോടെയാണ് ടീച്ചർ പറഞ്ഞത്….

” അപ്പുവിനെ നിങ്ങൾ വളർത്തുന്നത് കാണുമ്പോൾ ഞാനും കൊതിച്ചിട്ടുണ്ട് നിങ്ങളെപോലൊരു അച്ഛന്റെ മകളായി ജനിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന്,

ഇന്നലെ പറഞ്ഞല്ലോ മരിച്ചുപോയ ഭാര്യയ്ക്ക് പകരം അവിടെ മറ്റൊരാളെ സങ്കൽപ്പിക്കാൻ കഴിയില്ലെന്ന്, ഞാനും ആഗ്രഹിച്ചു നിങ്ങളെ പോലെ ഒരു ഭർത്താവിനെ കിട്ടിയിരുന്നെങ്കിലെന്ന്…..

എന്റെ ജീവിതത്തിൽ പല വേദനയിലും ഒറ്റപ്പെടലിലും താങ്ങായി ഒരാൾ കൂടെ ഉണ്ടായിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്, എല്ലാ ദുഖങ്ങളും ഇറക്കി വച്ച് ആ കരവലയത്തിൽ സമാധാനത്തോടെ ഒന്ന് മയങ്ങാൻ കൊതിച്ചിട്ടുണ്ട്, പക്ഷേ ….

പക്ഷേ എനിക്ക് എല്ലാവരോടും ഭയമായിരുന്നു, എന്റെ അടുക്കലേക്ക് ആരേലും വരുമ്പോൾ തന്നെ എന്റെ ജാതകം എന്നെനോക്കി അട്ടഹസിക്കുന്നത് പോലെ, അവരിൽ നിന്നൊക്കെ ഞാൻ ഓടി ഒളിക്കുകയായിരുന്നു…..

എനിക്ക് ഒരിക്കലും അപ്പുവിന്റെ അമ്മ ആകാൻ കഴിയില്ലന്നത് സത്യമാണ് എന്നാലും ഞാൻ അവനെ പൊന്ന് പോലെ നോക്കിക്കോളാം, എനിക്ക് അവനെ അത്രയും ഇഷ്ടമാണ്, ഇനിയും ഈ ജീവിതത്തിൽ ആർക്കും വേണ്ടാത്തവളായി തനിച്ച്, എനിക്ക് ചിലപ്പോൾ ഭ്രാന്ത്‌ പിടിച്ച് പോകും…. ”

ടീച്ചറുടെ മുഖത്ത് ഭാവങ്ങൾ മാറി മറിഞ്ഞ് ഒരു ഭ്രാന്തിയെ പോലെ സംസാരിക്കുന്നത് ഭയത്തോടെയാണ് അയാൾ നോക്കി നിന്നത്…

” അമ്മാ……. ” മുറിയിൽ നിന്ന് അപ്പുവിന്റെ വിളി കേട്ടതും ടീച്ചർ വീണ്ടും മുറിയിലേക് ഓടി കയറി. അപ്പോഴും അയാൾ എന്താണ് സംഭവിക്കുന്നത് എന്നുപോലും അറിയാതെ ഉമ്മറത്തിണ്ണയിൽ ചെന്നിരുന്നു….

” സോറി…. പെട്ടെന്ന് ഞാനെന്തോ ഉള്ളിലുള്ള സങ്കടങ്ങൾ എല്ലാം കൂടി എന്തൊക്കെയോ പറഞ്ഞു സോറി…. അപ്പു നല്ല ഉറക്കത്തിലാണ്… ഞാൻ പോട്ടെ…. ” അത് പറഞ്ഞ് ഒന്നും കേൾക്കൻ കാത്ത് നിൽക്കാതെ ടീച്ചർ വീട്ടിലേക്ക് നടന്നു….

പിന്നെയുള്ള ഒന്ന് രണ്ട് ദിവസം ടീച്ചറെ പുറത്തൊന്നും കണ്ടില്ല, അപ്പുവിനെ കാണാനും എത്തിയില്ല, ടീച്ചറുടെ നിഴലുകൾ അവ്യക്തമായി മാറി മറയുന്ന ജനലിലേക്ക് അയാൾ ഇടക്കൊക്കെ പ്രതീക്ഷയോടെ നോക്കി നിന്നിരുന്നു….

അപ്പുവിന്റെ പനി മാറി കുളിച്ച ശേഷമാണ് അയാൾ അപ്പുവിനെയും കൂട്ടി ടീച്ചറുടെ വീടിന്റെ ഗേറ്റ് തുറന്ന് കയറി ചെന്നത്. കാളിഗ് ബെൽ അമർത്തി അൽപ്പം കഴിഞ്ഞപ്പോഴാണ് വാതിൽ തുറന്ന് ടീച്ചർ പുറത്തേക്ക് വന്നത്….

കരഞ്ഞ് വീർത്തിരിക്കുന്ന ടീച്ചറുടെ മുഖം കണ്ടപ്പോൾ ആദ്യം സങ്കടമാണ് അയാൾക്ക് തോന്നിയത്, ആരും ഇല്ലെന്ന് പറഞ്ഞതാണ് എന്നിട്ടും ഇടയ്ക്ക് ഒന്ന് ടീച്ചറെ വന്ന് കാണാമായിരുന്നു എന്നയാൾ അപ്പോൾ ചിന്തിച്ചു…..

അപ്പുവിനെ കണ്ടപ്പോൾ തന്നെ അവന്റെ അടുക്കലേക്ക് ഓടിയെത്താനും, അവനെ വാരി പുണരാനും ടീച്ചറുടെ മനസ്സ് കൊതിച്ചെങ്കിലും, ടീച്ചർ ഉമ്മറ വാതിലിൽ ചാരി നിന്നതേയുള്ളു….

” ചെല്ലടാ….. ” അയാൾ അപ്പുവിന്റെ മുതുകിൽ തട്ടി പറഞ്ഞ് തീർന്നതും അപ്പു ഓടി വീട്ടിലേക്ക് കയറി….

“അമ്മേ…..”യെന്ന് നീട്ടി വിളിച്ചുകൊണ്ട് അവൻ ടീച്ചറെ വട്ടം പിടിക്കുമ്പോൾ, ടീച്ചർ അവനെ വാരിയെടുത്ത് മുഖത്തും കവിളിലും ഉമ്മകൾ കൊണ്ട് മൂടി.

ഇടയ്ക്ക് എപ്പോഴോ അവരുടെ കണ്ണുകൾ മുറ്റത്ത് നിൽക്കുന്ന അപ്പുവിന്റെ അച്ഛനിൽ എത്തുമ്പോൾ, അയാൾ ഒരു ചിരിയോടെ ടീച്ചറെ തന്നെ നോക്കി നിൽക്കുകയായിരുന്നു.

അന്ന് ആദ്യമായി ടീച്ചറുടെ മുഖം നാണത്താൽ ചുവക്കുകയും, ഒപ്പം അവിടെ പ്രണയത്തിന്റെ പുഞ്ചിരി വിരിയുകയും ചെയ്തു…….,