തനിക്ക് വേണ്ടി ജീവിക്കാൻ തുടങ്ങുമ്പോൾ മറ്റ് പലരുടെയും സന്തോഷത്തിന്..

കാവൽക്കാർ
(രചന: ശ്യാം കല്ലുകുഴിയിൽ)

രാത്രി ഏറെ വൈകിയും സുലൈമാന് ഉറങ്ങാൻ കഴിഞ്ഞില്ല,

അല്ലെ തന്നെ ഈ രാത്രി അയാൾക്ക് എത്രയൊക്കെ ശ്രമിച്ചാലും ഉറങ്ങാൻ കഴിയുമായിരുന്നില്ല,

ലേബർ ക്യാമ്പിന്റെ പുറത്ത് ഇറങ്ങി ഒഴിഞ്ഞ പെയിന്റ് ബക്കറ്റ് കമഴ്ത്തി അതിൽ ഇരിക്കുമ്പോൾ, നാളെ നാട്ടിൽ പോകുന്നതും,

വീട്ടുകാരെ കാണുന്നതിനെ കുറിച്ചുമുള്ള ചിന്ത അല്ലായിരുന്നു സുലൈമാന്റെ മനസ്സിൽ നേരെ മറിച്ച് ഇനി എങ്ങനെയാ ജീവിതം മുന്നോട്ട് പോകുക എന്നുള്ള ചിന്ത ആയിരുന്നു.

പുറത്തെ ചെറിയ പൊടിക്കാറ്റിനെ വക വയ്ക്കാതെ സുലൈമാൻ ദൂരേക്ക്‌ നോക്കി ഇരിക്കുമ്പോൾ ഈ നാൽപ്പത് വർഷ പ്രവാസജീവിതം കൊണ്ട് എന്ത് നേടി ജീവിതത്തിൽ എന്നയാൾ വെറുതെ ആലോചിച്ചു നോക്കി,

ഇല്ല തനിക്കായി ഒന്നും നേടിയിട്ടില്ല, ജീവിതം എല്ലാം മറ്റുള്ളവരുടെ സന്തോഷത്തിന് വേണ്ടി ആയിരുന്നു, ആദ്യം ഉപ്പയ്ക്കും ഉമ്മയ്ക്കും വേണ്ടി, പിന്നെ കൂടെ പിറപ്പുകൾക്ക് വേണ്ടി, അവരുടെ പഠിത്തം കല്യാണം,

അത് കഴിഞ്ഞപ്പോൾ കല്യണം കഴിഞ്ഞ് തനിക്ക് വേണ്ടി ജീവിക്കാൻ തുടങ്ങുമ്പോൾ മറ്റ് പലരുടെയും സന്തോഷത്തിന് വേണ്ടി പല ഇഷ്ടങ്ങളും മാറ്റി വയ്‌ക്കേണ്ടി വന്നു…

ഒരുപാട് ജീവിതങ്ങൾ കണ്ണമുന്നിലൂടെ കടന്ന് പോയിട്ടുണ്ട്. ചിലരുടെ വീഴ്ചകളും, വളർച്ചകളും നേരിട്ട് കണ്ടിട്ടുണ്ട്.

പക്ഷെ തന്റെ ജീവിതം മാത്രം എന്നും എങ്ങും എത്താതെ ഓടിക്കൊണ്ടിരിക്കുകയാണ്….

ഉമ്മയും വാപ്പയും നാല് മക്കളും അടങ്ങുന്ന ദാരിദ്ര്യം വിട്ട് മാറാത്ത ചെറിയ വീട് ആയിരുന്നു സുലൈമാന്റേത്.

ഉമ്മയുടെ സഹോദരൻ മജീദ് മാമയ്ക്ക് ഗൾഫിൽ ആയിരുന്നു ജോലി, അദ്ദേഹം വരുമ്പോൾ കൊണ്ട് വരുന്ന അത്തറിന്റെ മണമാണ് സുലൈമാന് ആദ്യം ഗൾഫിൽ പോകാനുള്ള ആഗ്രഹം ഉണർത്തിയത്..

മാമ വീട്ടിലേക്ക്‌ വരുമ്പോൾ തന്നെ അത്തറിന്റെ മണം മൂക്കിലേക്ക് അടിച്ചു കയറും, വീട്ടിൽ വരുമ്പോൾ തരുന്ന പേനയുടെയും പെൻസിലിന്റെയും ഗൾഫിന്റെ മണം പോകാതെ ഇരിക്കാൻ

മാമ തന്നെ കൊടുക്കുന്ന പോളിസ്റ്റർ തുണിയ്ക്കിടയിൽ തിരുകി വച്ച് ഇടയ്ക്ക് ഇടയ്‌ക്ക് എടുത്ത് മണപ്പിക്കുമ്പോൾ ഗൾഫിലേക്ക് പോകാനുള്ള സുലൈമാന്റെ ആഗ്രഹവും കൂടി കൂടി വന്നു…

“മാമ എന്നെയും കൊണ്ട് പോകുമോ ഗൾഫിലേക്ക്….”

ഇലാസ്റ്റിക് വലിഞ്ഞ് താഴേക്ക് ഉതിർന്ന് പോകുന്ന നിക്കർ വലിച്ചു കയറ്റി കൊണ്ട് ഒരിക്കൽ സുലൈമാൻ മാമയോട് ചോദിച്ചു…

“അതിനെന്താടാ നിന്നെയും ഞാൻ കൊണ്ട് പോകാം. ആദ്യം നല്ലപോലെ പഠിക്ക് എന്നിട്ട് പാ സ് പോർട്ട് ഓകെ എടുത്ത് വയ്ക്ക് ന്നിട്ട് നമുക്ക് പറക്കാം…”

അന്ന് മാമ പറഞ്ഞ വാക്കുകൾ സുലൈമാനൊപ്പം വളർന്നു കൊണ്ടിരുന്നു..

ഓരോ അസുഖങ്ങൾ പിടിച്ച് വാപ്പയ്ക്ക് ദിവസവും ജോലിക്ക് പോകാൻ പറ്റാതെ ആയപ്പോൾ, വീട്ടിൽ മുഴു പട്ടിണി പിടിച്ചു തുടങ്ങിയപ്പോൾ, സുലൈമാൻ പതിയെ ജോലിക്ക് ഇറങ്ങി തുടങ്ങി.

തന്റെ താഴെയുള്ള മൂന്ന് അനിയത്തിമാരുടെ വിശന്ന് വലഞ്ഞ മുഖം കണ്ട് തുടങ്ങിയപ്പോൾ സുലൈമാൻ വേറെ ഒന്നും ചിന്തിച്ചിരുന്നില്ല,

അല്ലേലും സുലൈമാൻ പഠിക്കാൻ ഒന്നും മിടുക്കൻ അല്ലായിരുന്നു എങ്കിലും അവൻ കുടുംബത്തിന് വേണ്ടി കഷ്ടപെടൻ ഒരു മടിയും ഇല്ലായിരുന്നു…

പതിയെ സുലൈമാനെ മാത്രം ചുറ്റിപറ്റിയായി ആ വീട്ടിൽ ഉള്ളവരുടെ മുന്നോട്ടുള്ള ജീവിതം.

ആദ്യ കാലങ്ങളിൽ ഗ ൾഫിൽ പോകാനുള്ളത് വെറും ആഗ്രഹം മാത്രമായിരുന്നു എങ്കിലിപ്പോൾ അത് സുലൈമാന് ഒരു അത്യാവശ്യമായി മാറി കഴിഞ്ഞിരുന്നു…..

ഗ ൾഫിൽ സുലൈമനുള്ള ജോലി കൂടി ശരിയാക്കിയാണ് പിന്നെ സുലൈമാന്റെ മാമ നാട്ടിൽ വന്നത്. ഗൾഫിലേക്ക് പോകുന്നതിന്റെ തലേദിവസം സുലൈമാന്റെ ഉള്ളിലും എവിടെയൊക്കെയോ സങ്കടങ്ങൾ ഉണ്ടായിരുന്നു,

എന്നാൽ ജീവിതം മെച്ചപ്പെടാൻ പോകുന്നതിന്റെ സന്തോഷം ആയിരുന്നു വീട്ടുകാരുടെ മുഖത്ത്, അത് കാണുമ്പോൾ സുലൈമാനും എല്ലാവർക്കും മുന്നിൽ ചിരിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു…

മാമയ്ക്ക് ഒപ്പം സൗ ദി യിൽ ചെന്ന് ഇറങ്ങുമ്പോൾ അല്പം ഭയം സുലൈമാനിൽ ഉണ്ടായിരുന്നു,

എയർപോർട്ടിൽ നിന്ന് പുറത്ത് ഇറങ്ങുമ്പോൾ അവരെയും കാത്ത് ഒരു ഹിന്ദിക്കാരൻ ഉണ്ടായിരുന്നു, അയാളോട് മാമ എന്തൊക്കെയോ ഹിന്ദിയിൽ പറയുമ്പോൾ അയാളും ചിരിക്കുന്നുണ്ടായിരുന്നു.

ആ പഴയ കാറിൽ കയറി മുന്നോട്ട് പോകുമ്പോൾ സുലൈമാൻ അത്ഭുതത്തോടെ ഒരു കാഴ്ചകൾ കണ്ടിരുന്നു, ഇടയ്ക്ക് ഓരോന്ന് ചൂണ്ടി മാമ അവനോട് കാര്യങ്ങൾ പറഞ്ഞു കൊടുക്കുമ്പോൾ സുലൈമാൻ തല കുലുക്കി കേട്ടിരുന്നു….

മരുഭൂമിക്കരികിൽ കൂടി പൊടി പറത്തി ആ കാർ ചെന്ന് നിന്നത് ഒരു പഴയ കെട്ടിടത്തിന് മുൻപിൽ ആയിരുന്നു.

കെട്ടിടത്തിനു ചുറ്റും അശ കെട്ടി തുണികൾ ഉണങ്ങാൻ നിവർത്തി ഇട്ടിട്ടുണ്ട്, പുറത്ത് കുറേ കുറെ മുഷിഞ്ഞ ഷൂസും,ചെരുപ്പുകളും കൂട്ടിയിട്ടിരിക്കുന്നു.

അവരെ അവിടെ ഇറക്കി വിട്ടതിനു ശേഷം കാർ വീണ്ടും പൊടി പാറിച്ച് കൊണ്ട് തിരികെ പോയി. മാമയുടെ പിന്നാലെ കൊണ്ടുവന്ന ബാഗുകളും വലിച്ചുകൊണ്ട് സുലൈമാൻ ഉള്ളിലേക്ക് നടന്നു..

വല്യ ഹാളിൽ കുറെ പഴയ കട്ടിൽ നിരത്തി ഇട്ടിരിക്കുന്നു, ചിലതിലൊക്കെ ആരൊക്കെയോ മൂടി പുതച്ച് കിടപ്പുണ്ട് മാറ്റ് ചിലത് ഒഴിഞ്ഞും കിടപ്പുണ്ട്…

“നി ആദ്യം ഒന്ന് കുളിച്ച് വാ ക്ഷീണമൊക്കെ മാറട്ടെ…”

കൊണ്ട് വന്ന ബാഗുകൾ മുറിയുടെ മൂലയിൽ കൊണ്ട് വച്ചിട്ട് മാമ മെല്ലെ ശബ്ദം താഴ്ത്തിയാണ് അത് സുലൈമനോട് പറഞ്ഞത്.

സുലൈമാൻ കൊണ്ട് വന്ന ബാഗിൽ നിന്ന് തോർത്തും എടുത്ത് ബാത്റൂമിലേക്ക് നടക്കുമ്പോൾ കുളിക്കാനുള്ള സോപ്പ് മാമ കൊടുത്തു. കുളി കഴിഞ്ഞപ്പോൾ സുലൈമാന് അൽപ്പം ആശ്വാസം കിട്ടി…

“നി അവിടെ കിടന്നോ ഭക്ഷണം റെഡിയാകുമ്പോൾ ഞാൻ വിളിക്കാം…”

അത് പറഞ്ഞ് മാമ കുളിക്കാൻ കയറുമ്പോൾ സുലൈമാൻ മാമ ചൂണ്ടി കാണിച്ച കട്ടിലിൽ പോയി കിടന്നു, ക്ഷീണം കാരണം ആകും പിന്നെ മാമ വിളിക്കുമ്പോൾ ആണ് സുലൈമാൻ ഉണരുന്നത്.

മാമ കൊടുത്ത ചെറിയ അരിയുടെ ചോറ് അന്ന് ആദ്യമായി ആണ് സുലൈമാൻ കഴിക്കുന്നത്…

“നാട്ടിലെ പോലെ ഉള്ളത് ഇവിടെ കിട്ടില്ല കിട്ടിയാലും വില കൂടുതൽ ആണ്, ഇതാകുമ്പോൾ ഒരു തിളപ്പിന് ചോറ്‌ റെഡിയവും…”

കഴിക്കാൻ മുദ്ധിമുട്ടുന്ന സുലൈമനോട് മാമ അത് പറയുമ്പോൾ ചിരിച്ചുകൊണ്ട് സുലൈമാൻ നാട്ടിൽ നിന്ന് കൊണ്ട് വന്ന അച്ചാറും കൂട്ടി അത് കഴിച്ചു.

കഴിച്ച് പിന്നെയും രണ്ടാളും കിടന്നു, പിന്നെ കണ്ണ് തുറക്കുമ്പോൾ മുറി നിറയെ ജോലി കഴിഞ്ഞ് വന്ന ആൾക്കാർ ആണ്. അവർക്കരികിൽ നിന്ന് നാട്ടിലെ വിശേഷങ്ങൾ പറയുന്ന തിരക്കിൽ ആണ് മാമ….

എല്ലാവരും വന്ന് സുലൈമാനെ പരിചയപ്പെട്ട ശേഷം അവരവരുടേതായ ജോലിയിലേക്ക് തിരിഞ്ഞു. ചിലർ തുണി അലക്കുന്നു, ചലർ മാസിക വായിക്കുന്നു,

ചിലർ അടുക്കളയിൽ ഭക്ഷണം വയ്ക്കുന്നു അങ്ങനെ ആകെ അവിടെ വല്യ തിരക്ക് ആയി തുടങ്ങി, ഇവർ എല്ലാവരും ഈ ഒറ്റ മുറിയിൽ ആണോ താമസിക്കുന്നത് എന്നായി സുലൈമാന്റെ ചിന്ത…

എല്ലാവരും ജോലിയും കുളിയും കഴിഞ്ഞ് വന്ന ശേഷമാണ് നാട്ടിൽ നിന്ന് കൊണ്ട് വന്ന പലഹാരങ്ങൾ പങ്കു വയ്ക്കാൻ തുടങ്ങിയത്, ആർത്തിയോടെ എല്ലാവരും ഓരോന്ന് കൈക്കലാക്കുന്നത് സുലൈമാന് പുതിയ ഒരു അനുഭവം ആയിരുന്നു.

നിമിഷ നേരം കൊണ്ട് കൊണ്ടുവന്നത് എല്ലാം കാലിയയായി കഴിഞ്ഞിരുന്നു. പലരും പല വിഭാഗമായി ആണ് ആഹാരം വയ്ക്കുന്നത് എങ്കിലും കഴിക്കുന്നത് എല്ലാവരും ഒരുമിച്ച് ആയിരുന്നു….

ഭക്ഷണം കഴിഞ്ഞ് എല്ലാവരും അവരവരുടെ കിടക്കയിലേക്ക് സ്ഥാനം പിടിച്ചപ്പോൾ താൻ ഇത്രയും നേരം കിടന്നത് മറ്റൊരാളുടെ കിടക്കയിൽ ആണെന്ന് സുലൈമാന് മനസ്സിലായി.

മാമ കിടക്കുന്ന കട്ടിലിന്റെ അടിയിലായി ബെഡ് ഷീറ്റ് വിരിച്ച് സുലൈമാൻ കിടന്നു, വീട്ടിൽ നിന്ന് മാറി നിന്നത് കൊണ്ടാകും അന്ന് രാത്രി സുലൈമാന് തീരെ ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല…

വെളുപ്പിനെ ഓരോരുത്തരയി എഴുന്നേറ്റ് അടുക്കളയിലേക്ക് പോകുമ്പോൾ മാമയ്ക്ക് ഒപ്പം സുലൈമാനും അവിടേക്ക് നടന്നു…

“എല്ലാം കണ്ടു പഠിച്ചോ, ഇനി മുതൽ ഉണ്ടാക്കി താരൻ ആരും കാണില്ല എല്ലാം തനിച്ച് ചെയ്യേണ്ടി വരും…”

മാമയുടെ കൂട്ടുകാരൻ അത് പറയുമ്പോൾ സുലൈമാൻ ഒന്ന് ചിരിച്ചതെയുള്ളൂ…

രാവിലെ എല്ലാവരും ഒരു കട്ടനും കുടിച്ചുകൊണ്ട് ഉച്ചയ്ക്കത്തേക്ക് ഉള്ള ആഹാരവും പാത്രത്തിൽ എടുത്ത് ജോലിക്ക് പോകാനായി തയ്യാറയി.

മാമ ചെയ്യുന്നത് കണ്ട് അതുപോലെ സുലൈമാനും എല്ലാം ചെയ്തു. റൂമിന് പുറത്ത് ഒരു വണ്ടി വന്ന് നിന്നപ്പോൾ എല്ലാവരും അതിലേക്ക് കയറി മാമയ്ക്ക് ഒപ്പം സുലൈമാനും കയറി…

വല്യ ഒരു കെട്ടിടത്തിന്റെ മുന്നിലായി ആണ് ആ വണ്ടി ചെന്ന് നിന്നത്, കയ്യിൽ കരുതിയിരുന്ന ചോറ്‌ പാത്രവമായി എല്ലാവർക്കൊപ്പം സുലൈമാനും ഇറങ്ങി വണ്ടിയിൽ നിന്ന്.

രാവിലെ ആണെങ്കിലും പുറത്തെ വെയിലിന് നല്ല ചൂട് ഉണ്ട്. മാമ സുലൈമാനെയും കൂട്ടി മറ്റൊരാൾക്ക് മുന്നിൽ എത്തി ഭവ്യതയോടെ അയാൾക്ക് അരികിൽ നിന്ന് ഹിന്ദിയിൽ എന്തൊക്കെ പറയുമ്പോൾ അയാൾ സുലൈമാനെ നോക്കി തലയാട്ടി നിന്നു.

തിരിച്ച് അയാൾ എന്തോ ഹിന്ദിയിൽ പറഞ്ഞപ്പോൾ മാമ സുലൈമാനേയും കൂട്ടി നടന്നു…

” അതാണ് സൂപ്പർവൈസർ, ആളല്പം ചൂടൻ ആണ്,…”

മാമ അത് പറഞ്ഞ് മുന്നോട്ട് നടക്കുമ്പോൾ സുലൈമാന്റെ മനസ്സിൽ ചെറിയ ഭയം ഉണ്ടായി തുടങ്ങി..

” മഹേഷേ… ദേ ഇവനെയും കൂടെ കൂട്ടിക്കോ… സുലൈമാനെ നി അവന്റെ കൂടെ ചെല്ല് ഞാൻ അപ്പുറത്ത് ഉണ്ടാകും…”

മാമ അത് പറഞ്ഞ് തിരിഞ്ഞു നടക്കുമ്പോൾ സുലൈമാൻ മഹേഷിന്റെ അടുക്കലേക്ക് നടന്നു.

സിമൻറ് കട്ടകൾ ചുമന്ന് മുകളിലേക്ക് നടക്കുന്ന മഹേഷിന്റെ പിന്നാലെ സുലൈമാനും സിമന്റ് കട്ടകൾ ചുമന്ന് മുകളിൽ എത്തിച്ച് തുടങ്ങി. ഒന്ന് രണ്ടു വട്ടം മുകളിലേക്കും താഴേക്കും നടന്നപ്പോൾ തന്നെ സുലൈമാൻ ആകെ ക്ഷീണിച്ചു.

അൽപനേരം ക്ഷീണിച്ച് ഇരുന്ന് പോയപ്പോൾ ആണ് സൂപ്പർവൈസറുടെ വരവ്.

അയാൾ ഹിന്ദിയിൽ എന്തൊക്കെയോ ഒച്ചയെടുതെങ്കിലും സുലൈമാൻ ഒന്നും മനസ്സിലാകാതെ പേടിച്ച് അയാളുടെ മുന്നിൽ നിൽക്കുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി തുടങ്ങിയിരുന്നു.

അപ്പോഴേക്കും മഹേഷ് എത്തി അയാളോട് എന്തൊക്കെയോ പറഞ്ഞപ്പോൾ വീണ്ടും സുലൈമാന്റെ നേരെ കൈ ചൂണ്ടി ഹിന്ദിയിൽ പിന്നേയും എന്തൊക്കെ പറഞ്ഞിട്ട് അയാൾ പോയി…

“നി അയാൾ വരുന്ന വഴിയിൽ ഇങ്ങനെ ഇരിക്കല്ലേ. ഒഴിഞ്ഞ് എവിടേലും ഇരിക്കണം…”

പേടിച്ച് വിറച്ച് നിൽക്കുന്ന സുലൈമനോട് മഹേഷ് പറയുമ്പോൾ സുലൈമാൻ ഒന്നും മിണ്ടാതെ തല കുമ്പിട്ട് നിന്നു…

“നിന്നോട് പുറത്ത് പൊട്ടിച്ച് ഇട്ടേക്കുന്ന കോൺക്രീറ്റ് കക്ഷണങ്ങൾ എല്ലാം വാരി മാറ്റാൻ ആണ് പറഞ്ഞിട്ട് പോയത്…”

മഹേഷ് അത് പറയുമ്പോൾ സുലൈമാൻ തല കുലുക്കി പുറത്തേക്ക് നടന്നു….

“എടാ പുറത്ത് നല്ല വെയിൽ ആണ്, പിന്നെ റസ്റ്റ് എടുക്കുമ്പോൾ അങ്ങേരുടെ കണ്ണിൽ പെടാതെ എവിടേലും ഒഴിഞ്ഞ് ഇരിക്ക് കേട്ടോ…”

മഹേഷ് അത് പറയുമ്പോഴേക്കും സുലൈമാൻ പൊള്ളുന്ന വെയിലിലേക്ക് ഇറങ്ങിയിരുന്നു. ദേഷ്യവും, സങ്കടവും, വിഷമവും എല്ലാം കൂടി ആരും കാണാതെ സുലൈമാൻ ഇടയ്ക് മാറി നിന്ന് കരഞ്ഞു തീർത്തു…

” സുലൈമാനേ….”

ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് സിമന്റ് ചാക്ക് നിരത്തിയിട്ട് തറയിൽ കിടക്കുന്ന സുലൈമാന്റെ അരികിൽ ചെന്നിരുന്ന് മാമ വിളിച്ചു. മാമയെ കണ്ടപ്പോൾ സുലൈമാൻ എഴുന്നേറ്റ് ഇരുന്നു…

“എന്താടാ നാട്ടിൽ പോകാൻ തോന്നുന്നുണ്ടോ…”

സുലൈമാന്റെ ക്ഷീണിച്ച മുഖത്ത് നോക്കി മാമ ചോദിച്ചപ്പോൾ സുലൈമാൻ തല കുമ്പിട്ടിരുന്നു…

“ഇതൊക്കെയാടാ ഗൾഫിലെ ജീവിതം, ഈ അത്തറിന്റെ മണമൊക്കെ നാട്ടിൽ വരുമ്പോഴേ കാണുള്ളൂ അല്ലാത്തപ്പോൾ ഈ വിയർപ്പിന്റെ മണം മാത്രമേ നമുക്കുള്ളൂ…”

മാമ അത് പറയുമ്പോൾ സുലൈമാൻ ഒന്ന് അയാളെ നോക്കി…

“നിന്നെ ഇവിടെ കൊണ്ടിട്ട് കഷ്ടപെടുത്താൻ എനിക്ക് ആഗ്രഹം ഉണ്ടായിട്ടല്ല, പക്ഷേ നി കുറച്ച് നാളെങ്കിലും ഇവിടെ നിന്നില്ലെങ്കിൽ നിന്റെ കുടുംബം എങ്ങനെ മുന്നോട്ട് പോകും,

അനിയത്തിമാരുടെ പഠിപ്പ്, അവരുടെ വിവാഹം അതൊക്കെ എന്തായാലും നീ തന്നെ നടത്തണം…. ഒരു രണ്ട് മൂന്ന് കൊല്ലം പിടിച്ച് നിൽക്കണം ഇവിടെ, അവരെയൊക്കെ ഒരു കരയ്ക്ക് എത്തിക്കാൻ നിന്നെ കൊണ്ടേ സാധിക്കുള്ളൂ….”

മാമ അത് പറയുമ്പോൾ സുലൈമാൻ തലയാട്ടി ഇരുന്നതേയുള്ളൂ…

“നമ്മളൊക്കെ എന്നും നല്ല കാവൽക്കാർ മാത്രമാണ്, നമ്മുടെ കുടുംബത്തിന്റെ കാവൽക്കാർ, ആരും ബുദ്ധിമുട്ടത്തെ,
സന്തോഷത്തോടെ എല്ലാവരെയും ഒരുമിച്ച് ചേർത്ത് മുന്നോട്ട് കൊണ്ട് പോകാൻ വിധിക്കപ്പെട്ടവർ,

അകലെ ആണെങ്കിലും കുടുംബത്തെ ചുമലിലേറ്റി മുന്നോട്ട് പോകാൻ നമ്മൾ ഇവിടെയുണ്ട് എന്നൊരു ആശ്വാസം മാത്രമാണ് നമ്മുടെയൊക്കെ കുടുംബത്തെ മുന്നോട്ട് കൊണ്ട് പോകുന്നത്, ആ വിശ്വാസം എന്നും നമ്മൾ സൂക്ഷിക്കുക തന്നെ വേണം…”

സുലൈമാന്റെ തോളിൽ തട്ടി മാമ അതും പറഞ്ഞ് മുന്നോട്ട് നടക്കുമ്പോൾ സുലൈമാനും മനസ്സിലാക്കുക ആയിരുന്നു അവനും ഒരു കുടുംബത്തിന്റെ കാവൽക്കാരൻ ആണെന്ന്…

പിന്നെ മുന്നോട്ടുള്ള ഓരോ കഷ്ടപ്പാടിലും സുലൈമാനെ മുന്നോട്ട് നയിച്ചത് മാമ പറഞ്ഞ ആ വാക്കുകൾ ആയിരുന്നു. ഇതിനിടയിൽ അത്തറും പൂശി ഒരുപാട് തവണ സുലൈമാൻ നാട്ടിൽ പോയി വന്നു.

അനിയത്തിമാരെ നല്ലത് പോലെ പഠിപ്പിച്ചു, അവരുടെ ആഗ്രഹങ്ങൾ എല്ലാം നിറവേറ്റി അവർക്ക് ഇഷ്ടപ്പെട്ട ആളിന് തന്നെ കെട്ടിച്ചു വിട്ടു….

ഏറ്റവും ഇളയ അനിയത്തിയുടെ വിവാഹത്തിനൊപ്പമാണ് സുലൈമാന്റെയും വിവാഹം നടന്നത്, പ്രത്യേകിച്ച് ആഗ്രഹങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് ഉമ്മതന്നെയാണ് സുലൈമാന്റെ പെണ്ണിനെ കണ്ടെത്തിയത്,

ക റു ത്ത് മെ ലിഞ്ഞ എ ല്ലുകൾ ഉ ന്തിയ ഒരു പെണ്ണ്. സന്തോഷത്തോടെ തന്നെയാണ് സുലൈമാൻ അവളെ കൂടെ കൂട്ടിയതും…

കല്യാണം കഴിഞ്ഞ് ഒരു മാസം കഴിയും മുൻപേ സുലൈമാൻ വീണ്ടും ഗൾഫിലേക്ക് യാത്രയായി, പിന്നെ രണ്ട് വർഷം കൂടുമ്പോൾ നാട്ടിൽ വന്ന് പോകും സുലൈമാൻ,

തന്റെ ഭാര്യ കൂടുതൽ സുന്ദരി ആയി വരുന്നത് സുലൈമാൻ സന്തോഷത്തോടെ കണ്ടു, അതിനനുസരിച്ച് അവളുടെ ജീവിത ചിലവ് കൂടുമ്പോൾ രണ്ടാളും തമ്മിൽ ഉണ്ടാകുന്ന ചെറിയ പിണക്കങ്ങൾ അല്ലാതെ ജീവിതത്തിൽ മാറ്റ് പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല….

” എന്താടോ സുലൈമാനെ… ഈ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകാറായിട്ടും തന്റെ മുഖത്ത് ഒരു സന്തോഷം ഇല്ലല്ലോ…”

തോമസിന്റെ ചോദ്യം കേട്ടാണ് സുലൈമാൻ ഓർമ്മകളിൽ നിന്ന് ഉണർന്നത്…

” ഹോ എന്ത് സന്തോഷം, ലീവിന് പോകുമ്പോൾ തിരികെ ഇവിടെ വന്ന് ഇനിയും ജോലി എടുത്ത് കുടുംബം മുന്നോട്ട് കൊണ്ട് പോകാം എന്നൊരു ആശ്വാസം ഉണ്ടായിരുന്നു ഇനിയിപ്പോ അതില്ലല്ലോ..”

സുലൈമാൻ അത് പറഞ്ഞപ്പോൾ ഒരു ബക്കറ്റ് കമഴ്ത്തി വച്ച് തോമസും സുലൈമാന്റെ അരികിൽ ഇരുന്നു…

” മൂത്തവളുടെ ജീവിതം ആലോചിക്കുമ്പോൾ ആണ് ഒരു എത്തും പിടിയും കിട്ടാത്തത്, ഒരു കുഞ്ഞുള്ള വിധവയെ ഇനി ആര് കെട്ടാൻ ആണ്, അല്ലെങ്കിൽ ഞാൻ സന്തോഷത്തോടെ നാട്ടിൽ പോയേനെ…”

” അതൊകെ ശരിയാകും താൻ സന്തോഷത്തോടെ യാത്രയാക്കാൻ നോക്ക്… എന്റെയും ഇളയ മകളുടെ കല്യാണം ഏതാണ്ട് ഉറപ്പിച്ചു,

അതിനു മുന്നേ എന്നെ പറഞ്ഞു വിടാതെ ഇരുന്നാൽ മതിയായിരുന്നു, മോൻ ജോലിയ്ക്കൊക്കെ ശ്രമിക്കുന്നുണ്ട് അവൻ കൂടി ഒരു കരപറ്റുന്നത് വരെ ഉള്ളിൽ എന്നും ഒരു ആന്തൽ തന്നെയാണ്….”

തോമസ് അത് പറയുമ്പോൾ സുലൈമാൻ ഒന്നും മിണ്ടാതെ ദൂരേക്ക് നോക്കി ഇരുന്നു….

“എന്നാൽ താൻ ഇവിടെ ഇരിക്ക്, ഞാൻ പോയി കിടക്കട്ടെ എനിക്ക് രാവിലെ ജോലി ഉള്ളതാണ്…”

അത് പറഞ്ഞ് തോമസ് അകത്തേക്ക് നടന്നപ്പോൾ സുലൈമാൻ അയാളെ നോക്കി ഇരുന്നു അപ്പോഴും ആ മാനേജർ പറഞ്ഞ വാക്കുകൾ ആയിരുന്നു സുലൈമാന്റെ മനസ്സിൽ…

“കമ്പനി നഷ്ടത്തിൽ ആണ് പ്രായം ആയവരെയൊക്കെ പറഞ്ഞു വിടനാണ് തീരുമാനം, സുലൈമാൻ പോയി കഴിഞ്ഞാൽ അടുത്തത് തോമസ്,പിന്നെ മാത്യു, റഹുമാൻ….”

“പടച്ചോനെ നി തന്നെ ഒരു വഴി കാട്ടി തരണേ….” സുലൈമാൻ മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ട് പ്രവാസത്തിന്റെ അവസാന ദിവസം ഉറങ്ങാനായി കിടന്നു….

Leave a Reply

Your email address will not be published. Required fields are marked *