നീ ഇവിടെ പഠിക്കാൻ വരുന്നതാണോ അതോ മോഷ്ടിക്കാൻ വരുന്നതാണോ, അങ്ങനെയൊരു ചോദ്യത്തോടെ ടീച്ചറിന്റെ..

(രചന: ശ്രുതി)

ഇന്നും ആ വീട്ടുമുറ്റത്തേക്ക് നോക്കുമ്പോൾ ആദ്യം നോട്ടം എത്തി നിന്നത് ആ മാവിലേക്ക് ആയിരുന്നു.. പണ്ട് തന്നെ ഒരുപാട് കൊതിപ്പിച്ച ആ മാവിലേക്ക്..

മാവിനെ കുറിച്ച് ഓർക്കുമ്പോൾ ഓർക്കാൻ ഇഷ്ടപ്പെടാത്ത മറ്റു പല ഓർമ്മകളും മനസ്സിലേക്ക് തള്ളിക്കയറി വരും. ചിലത് നമ്മുടെ ആത്മാഭിമാനം തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ളതായിരിക്കും .

ആ വീട് ലക്ഷ്മി ടീച്ചറിന്റെ ആണ്. ലക്ഷ്മി ടീച്ചർ സ്കൂളിലെ ടീച്ചർ ആണ്. ടീച്ചർ സ്കൂളിൽ പഠിപ്പിക്കാൻ പോകുന്നതിനു മുൻപ് ഡിഗ്രിക്കൊക്കെ പഠിക്കുന്ന സമയത്ത് തന്നെ ട്യൂഷനുകൾ ഒക്കെ എടുക്കുമായിരുന്നു.

അന്ന് താൻ കണക്കിൽ വളരെ മോശമായിരുന്നു. അതുകൊണ്ട് അമ്മയാണ് ടീച്ചറിന്റെ അടുത്ത് എന്നെ പഠിക്കാൻ കൊണ്ടാക്കിയത്.

ഈ നാട്ടിലെ അത്യാവശ്യം വലിയൊരു തറവാട് തന്നെയായിരുന്നു ടീച്ചറുടെ വീട്. പേരും പെരുമയും ഉള്ള തറവാട്.

ഇപ്പോഴും പഴമയുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഒക്കെ പിന്തുടർന്നു പോരുന്ന തറവാടായിരുന്നു അവരുടേത്.

ആദ്യമായി ആ വീടിന്റെ പടികടന്ന് ചെന്നപ്പോൾ വല്ലാത്ത ഒരു പരിഭ്രമം ആയിരുന്നു. എന്റേത് ഒരു സാധാരണ വീടാണ്. എന്ന് പറയുന്നതിനേക്കാൾ എളുപ്പം ഒരു കൂലിപ്പണിക്കാരന്റെ മകനാണ് ഞാൻ എന്ന് പറയാനാണ്.

അച്ഛന്റെ മാത്രം വരുമാനത്തിലാണ് കുടുംബം നടന്നു പോകുന്നത് എന്ന് പറയുമ്പോൾ തന്നെ ഊഹിക്കാമല്ലോ അവിടുത്തെ അവസ്ഥ എന്തായിരിക്കും എന്ന്..!!

ആദ്യമായി ചെന്നപ്പോൾ എന്റെ പേടിയുള്ള മുഖം കണ്ടുകൊണ്ട് ലക്ഷ്മി ടീച്ചറാണ് എന്നെ ആശ്വസിപ്പിച്ചത്.

“മനു പേടിക്കേണ്ട കേട്ടോ.. ഞാൻ മോനെ തല്ലുകയൊന്നുമില്ല. അതിന്റെ ഒന്നും ഒരു ആവശ്യവും വരില്ല. മോൻ നന്നായി പഠിക്കുമല്ലോ..”

ടീച്ചർ ആശ്വസിപ്പിച്ചപ്പോൾ സമാധാനം തോന്നി. എങ്കിലും പറയണമെന്നുണ്ടായിരുന്നു ടീച്ചറിനെ പേടിച്ചിട്ടല്ല ഈ പരിഭ്രമം എന്ന്. അത്രയും വലിയൊരു വീട്ടിലേക്ക് ചെന്നു കയറിയതിന്റെ ഭയമാണ് എന്ന് പറയാൻ നിന്നില്ല.

മറ്റുള്ള കുട്ടികളോടൊപ്പം ഞാനും പഠനം ആരംഭിച്ചു.

പഠിക്കാൻ ഏറ്റവും നല്ല വിഷയം കണക്കാണ് എന്ന് എന്നെ പഠിപ്പിച്ചത് ലക്ഷ്മി ടീച്ചർ ആയിരുന്നു. പണ്ട് ചാക്കോ മാഷ് പറഞ്ഞതു പോലെ ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണ് എന്ന് തിരിച്ചറിഞ്ഞ ദിവസങ്ങൾ..!

എത്രത്തോളം ലളിതവും മനോഹരവുമായി കണക്കിനെ കൈകാര്യം ചെയ്യാൻ പറ്റുമെന്ന് ലക്ഷ്മി ടീച്ചർ എന്നെ പഠിപ്പിച്ചു.

നമ്മുടെ ദൈനംദിന ജീവിതവുമായി അതിനെ ബന്ധപ്പെടുത്തിയാൽ എത്രയും പെട്ടെന്ന് നമുക്ക് അത് പഠിച്ചെടുക്കാം എന്ന് എന്നെ പറഞ്ഞു മനസ്സിലാക്കിയത് ടീച്ചർ ആയിരുന്നു.

പക്ഷേ ടീച്ചറിന്റെ അമ്മ ഞങ്ങളോട് ഒരുതരത്തിലും അടുപ്പം കാണിക്കാത്ത ഒരാളായിരുന്നു.ഞങ്ങളെല്ലാം ഒരുതരം ശത്രുക്കളെ പോലെയാണ് ടീച്ചറിന്റെ അമ്മയ്ക്ക് തോന്നിയത്.

വീട്ടിൽ എന്തെങ്കിലുമൊക്കെ വിശേഷങ്ങൾ ഉണ്ടാകുമ്പോൾ പലഹാരങ്ങൾ ഒക്കെ ഉണ്ടാക്കാറുണ്ടല്ലോ. ടീച്ചറുടെ വീട്ടിൽ അങ്ങനെ ഉണ്ടാക്കുന്നതൊക്കെ ഞങ്ങൾക്കും തരാൻ ടീച്ചർ ശ്രദ്ധിച്ചിരുന്നു.

പക്ഷേ ടീച്ചറിന്റെ അമ്മയ്ക്ക് അതിൽ കടുത്ത അമർഷം ഉണ്ടായിരുന്നതാണ്. എന്നാലും ടീച്ചർ അതൊന്നും വക വയ്ക്കാറില്ല.

അങ്ങനെയിരിക്കെ ടീച്ചറിന്റെ വീട്ടുമുറ്റത്തെ ആ വലിയ മാവ് പൂവിട്ടു. അതോടു കൂടി പഠിക്കാൻ വരുന്ന എല്ലാ കുട്ടികളുടെയും കണ്ണ് ആ മാവിൽ ആയിരുന്നു.അത് കാണുമ്പോൾ ടീച്ചർ ചിരിക്കാറുണ്ട്.

” അതിൽ ഒന്ന് മാങ്ങ ഉണ്ടായിക്കോട്ടെ.. നിങ്ങൾക്ക് എല്ലാവർക്കും തരുന്നുണ്ട്. ”

ടീച്ചർ പറയുമ്പോൾ ഞാൻ ഉൾപ്പെടെ എല്ലാ കുഞ്ഞു മനസ്സിലും ആ മാങ്ങയെ സ്വപ്നം കാണാൻ തുടങ്ങിയിരുന്നു.

അധികം വൈകാതെ പൂക്കളൊക്കെയും ഉണ്ണിമാങ്ങകളായും പിന്നീട് മാങ്ങയായും രൂപാന്തരപ്പെടുന്നത് ഞങ്ങൾ കണ്ടു.

ഒരു ദിവസം ട്യൂഷൻ കഴിഞ്ഞ് ഇറങ്ങിയപ്പോഴാണ് മാവിൻ ചുവട്ടിൽ കിടക്കുന്ന ഒരു മാങ്ങ കണ്ടത്. അത് കണ്ടപ്പോൾ വല്ലാത്തൊരു കൊതി തോന്നി. അതെടുക്കാൻ വേണ്ടി വേഗം അവിടേക്ക് ചെന്നു.

കൊതിയോടെ കയ്യിലെടുത്ത് മണത്തു നോക്കി. അതിന്റെ മണം തന്നെ വല്ലാതെ കൊതിപ്പിക്കുന്നതായിരുന്നു.

അത് ഉടുപ്പിന്റെ ഒരു വശത്ത് തുടച്ചു കൊണ്ട് പതിയെ ഒന്ന് കടിക്കാൻ ആഞ്ഞു.

“നീ ഇവിടെ പഠിക്കാൻ വരുന്നതാണോ അതോ മോഷ്ടിക്കാൻ വരുന്നതാണോ..?”

അങ്ങനെയൊരു ചോദ്യത്തോടെ ടീച്ചറിന്റെ അമ്മ വേഗം വന്ന് മാങ്ങ കയ്യിൽ നിന്ന് തട്ടിപ്പറിച്ചു. വല്ലാത്തൊരു അമ്പരപ്പോടെയാണ് അവരെ നോക്കിയത്.

“ഞാൻ മോഷ്ടിച്ചത് ഒന്നുമല്ല.ഇവിടെ ആരും എടുക്കാതെ ഇട്ടിരിക്കുന്നത് കണ്ടപ്പോൾ എടുത്തതാണ്.”

എന്റെ നിരപരാധിത്വം പറഞ്ഞു ബോധ്യപ്പെടുത്താൻ ഞാൻ ശ്രമിച്ചു.

” ആരും എടുക്കാതെ ഇട്ടിരിക്കുന്നു എന്ന് കരുതി അത് ഈ വീട്ടിലെ സാധനം അല്ലാതെ ആകില്ലല്ലോ..? ഞങ്ങളുടെ വീട്ടു മുറ്റത്തെ മാവിൽ നിന്നുള്ള മാങ്ങയാണ്.

ഞങ്ങളുടെ വീട്ടുമുറ്റത്ത് വീണു കിടക്കുന്ന സാധനം എപ്പോൾ എടുത്ത് ഉപയോഗിക്കണം എന്ന് ഞങ്ങൾക്കറിയാം.

നീ കൂടുതൽ വർത്തമാനം പറയാനൊന്നും നിൽക്കണ്ട. തരം കിട്ടിയാൽ നീ ഇതുപോലെ പലതും ഇവിടെ നിന്ന് അടിച്ചു മാറ്റി കൊണ്ടുപോകും.”

അത് കേട്ടതോടെ നിയന്ത്രണം വിട്ടു താൻ കരയാൻ തുടങ്ങി. ബഹളങ്ങൾ കേട്ടു കൊണ്ടാണ് ലക്ഷ്മി ടീച്ചർ പുറത്തേക്ക് ഇറങ്ങിവന്നത്.

“എന്തിനാ അമ്മ ഇവൻ കരയുന്നത്..?”

ടീച്ചറിനെ കണ്ടതോടെ ടീച്ചറിന്റെ അമ്മ ടീച്ചർക്ക് നേരെ തിരിഞ്ഞു.

” നീ ഇവിടെ പഠിക്കാൻ എന്നും പറഞ്ഞു പിള്ളേരെ വിളിച്ചു വരുത്തുന്നത് ഇവിടുത്തെ ഓരോ മുതലുകൾ പിള്ളേരെ കട്ടുകൊണ്ടു പോകാൻ വേണ്ടിയാണോ..? ഈ മാങ്ങ കണ്ടോ ഇവൻ ഇവിടെ നിന്ന് മോഷ്ടിച്ചെടുത്തതാണ്.. ”

കയ്യിലിരുന്ന മാങ്ങ നീട്ടിക്കൊണ്ട് ടീച്ചറിന്റെ അമ്മ പറഞ്ഞപ്പോൾ ടീച്ചർ കരഞ്ഞു കൊണ്ടിരിക്കുന്ന എന്നെയാണ് നോക്കിയത്.

” ഞാൻ മോഷ്ടിച്ചത് ഒന്നുമല്ല ടീച്ചറെ. ഇവിടെ നിലത്ത് കിടന്ന് കിട്ടിയതാണ്. ”

അത് കേട്ടതോടെ ടീച്ചർ അമ്മയെ കലിപ്പിച്ചു നോക്കി.

” നിലത്ത് വീണു കിടന്ന സാധനം അവൻ എടുത്തതിന് അമ്മയ്ക്ക് എന്താ..? അതെങ്ങനെ മോഷണം ആകും..? ”

” എന്റെ വീട്ടിലെ സാധനം എന്റെ അറിവോ സമ്മതമോ ഇല്ലാതെ എടുത്തു കൊണ്ടുപോകുന്നതിന് മോഷണം എന്നു തന്നെയാണ് പറയേണ്ടത്.

പിന്നെ നിലത്ത് വീണു കിടന്നാലും നമുക്ക് കഴിക്കാമല്ലോ.. അതെന്തിനാ വെറുതെ നാട്ടിലുള്ള പിള്ളേർക്ക് കൊടുക്കുന്നത്..? ”

അമ്മ ചോദിക്കുന്നത് കേട്ടപ്പോൾ ടീച്ചറിന് ദേഷ്യം വന്നിട്ടുണ്ടാകണം.

” എല്ലാ ദിവസവും രാവിലെ ഈ മാവിൻ ചുവട്ടിൽ നിന്ന് പത്തും പതിനഞ്ചും മാങ്ങകൾ നുള്ളി പെറുക്കി ആ കുഴിയിൽ കൊണ്ടുപോയി കളയുന്നുണ്ടല്ലോ..? ആ സമയത്ത് അമ്മയ്ക്ക് ഇങ്ങനെയുള്ള വിചാരങ്ങൾ ഒന്നും ഇല്ല അല്ലേ..?

ഏതെങ്കിലും ഒരു കുട്ടി ആഗ്രഹം കൊണ്ട് ഒരെണ്ണം എടുത്തു പോയാൽ അമ്മയ്ക്ക് പിന്നെ അത് വലിയ തലവേദനയാകും. ഇത് അത്ര നല്ല ശീലം ഒന്നുമല്ല..ഈ മാങ്ങ നീ കൊണ്ടുപോയിക്കോ..”

ടീച്ചറുടെ അമ്മയുടെ കയ്യിൽ നിന്നും ആ മാങ്ങ പിടിച്ചു വാങ്ങി ടീച്ചർ എന്നെ ഏൽപ്പിച്ചു. പക്ഷേ അത് സ്വീകരിക്കാൻ നിൽക്കാതെ ഞാൻ വീട്ടിലേക്ക് നടന്നു.

പിന്നീട് ഒരിക്കൽ പോലും ഞാൻ ആ വീട്ടിൽ കാലു കുത്തിയിട്ടില്ല. കള്ളൻ എന്ന മുദ്രകുത്തപ്പെട്ട ആ വീട്ടിലേക്ക് ഒരിക്കൽ പോലും കടന്നു ചെല്ലാൻ എനിക്ക് കഴിഞ്ഞിരുന്നില്ല.

പക്ഷേ അവിടുത്തെ മാവ് പോലെ എന്റെ വീട്ടിൽ ഒരു വലിയ മാവ് ഉണ്ടാകണമെന്നും, വർഷാവർഷം അതിൽ ഒരുപാട് കായ് ഫലം ഉണ്ടാകണമെന്നും, ആവശ്യക്കാർക്ക് ഒക്കെയും അത് കൊടുക്കണം എന്നുമൊക്കെ അന്ന് ആ ചെറിയ പ്രായത്തിൽ ഞാൻ മനസ്സിൽ ഉറപ്പിച്ചതാണ്.

പുതിയൊരു സ്ഥലം വാങ്ങി വീട് വച്ചപ്പോൾ ആദ്യം മാറ്റിവെച്ചത് ഒരു മാവ് വയ്ക്കാനുള്ള സ്ഥലം ആയിരുന്നു. അവിടെ ഒരു മാവിൻ തൈ കൊണ്ടുപോയി നടുമ്പോൾ അമ്മ നോക്കിയിരിക്കുന്നത് ഞാൻ കണ്ടിരുന്നു.

ഒരുപക്ഷേ അന്ന് താൻ നേരിട്ട ദുരനുഭവത്തെക്കുറിച്ച് തന്നെയായിരിക്കണം അമ്മയും ചിന്തിച്ചിട്ടുണ്ടാവുക.

ഇപ്പോൾ മാവ് ആദ്യമായി പൂവിട്ടിട്ടുണ്ട്. അതിലെ ആദ്യത്തെ മാങ്ങയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞാനിപ്പോൾ..!

ഇത് എന്റെ ഒരു മധുരപ്രതികാരം ആയിരുന്നു. അല്ലെങ്കിലും ചില ഓർമ്മകൾ അങ്ങനെയാണല്ലോ..

നമ്മെ വല്ലാതെ വേദനിപ്പിക്കുന്ന ചില ഓർമ്മകൾ.. അതിൽ നിന്നുണ്ടാകുന്ന വാശി.. അത് ചെറിയൊരു മധുര പ്രതികാരം ആയി മാറുന്ന കാഴ്ച…!!