അമ്മായിയമ്മ ചോദിച്ചപ്പോൾ അവൾ തകർന്നു പോയി, സ്വന്തം ഭർത്താവിന്റെ സാമീപ്യം ആഗ്രഹിക്കുന്നത്..

(രചന: ശ്രേയ)

” നീ എന്തൊക്കെയാ മോളെ ഈ പറയുന്നത്..? നാട്ടുകാർ ആരേലും കേട്ടാൽ പിന്നെ മനുഷ്യൻ ജീവിച്ചിരിക്കേണ്ട കാര്യമുണ്ടോ..? ”

അമ്മ അന്താളിപ്പോടെ ചോദിച്ചപ്പോൾ താൻ പറഞ്ഞതിൽ എന്താ തെറ്റ് എന്ന സംശയത്തിൽ ആയിരുന്നു ചാരു.

” ഇതിപ്പോ നീ എന്നോട് പറഞ്ഞത് പറഞ്ഞു.. മേലിൽ വേറെ ആരോടും ഇമ്മാതിരി വർത്തമാനം പറഞ്ഞേക്കരുത്.. ”

ഒരു താക്കീത് പോലെ അമ്മ പറഞ്ഞപ്പോൾ തന്നെ മനസ്സിലാക്കാൻ അമ്മയ്ക്ക് പോലും കഴിയുന്നില്ലേ എന്നൊരു സംശയം ആയിരുന്നു അവൾക്ക്..

അതോർത്തപ്പോൾ അവൾക്ക് കണ്ണു നിറഞ്ഞു.

” ഹ്മ്മ്.. അവൾക്ക് കാമ പ്രാന്ത് തീർക്കാൻ അവനെ കിട്ടുന്നില്ല.. അതിന്റെ കുഴപ്പം ആണ് അവൾക്ക്.. ”

അമ്മായിയമ്മ പറഞ്ഞ വാക്കുകൾ അവളുടെ ചെവിയിൽ അലയടിച്ചു.

ഇതിപ്പോൾ അമ്മയും അങ്ങനെ തന്നെയല്ലേ പറയുന്നത് എന്ന് ഓർത്തപ്പോൾ അവൾക്ക് സ്വയം അറപ്പ് തോന്നി.

താൻ പറഞ്ഞത് അത്ര വലിയ മഹാപരാധമായിരുന്നോ..?

അവൾക്ക് സംശയം തോന്നി..!

ചാരുവിന്‍റെയും മഹേഷിന്റെയും വിവാഹം കഴിഞ്ഞിട്ട് അധികം നാളുകൾ ആയിട്ടുണ്ടായിരുന്നില്ല.

ഡിഗ്രി കഴിഞ്ഞു നിൽക്കുന്ന ചാരുവിന് ഒരു ബ്രോക്കർ വഴി വന്ന ആലോചനയായിരുന്നു മഹേഷിന്റെത്. കുടുംബപരമായും സാമ്പത്തിക പരമായും മുന്നിൽ നിൽക്കുന്ന കുടുംബം ആയതുകൊണ്ട് തന്നെ ആ വിവാഹം ഉറപ്പിക്കാൻ വീട്ടുകാർക്ക് രണ്ടാമത് ഒന്നു കൂടി ആലോചിക്കേണ്ടി വന്നില്ല.

ആദ്യ കാഴ്ചയിൽ തന്നെ മഹേഷിനെ അവൾക്കിഷ്ടമായത് കൊണ്ട് അവളും ആ ബന്ധത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നില്ല.

വിവാഹ നിശ്ചയം കഴിഞ്ഞതിനു ശേഷം മഹേഷ് അവളെ ഫോൺ ചെയ്യാറുണ്ടായിരുന്നു.ആദ്യമൊക്കെ സുഖവിവരങ്ങളും ഫോർമൽ ആയിട്ടുള്ള സംസാരവും ഒക്കെ ആയിരുന്നെങ്കിലും നാളുകൾ മുന്നോട്ടുപോകും തോറും അവർ സ്വയം കാമുകി കാമുകന്മാരായി പരിണമിച്ചു കഴിഞ്ഞിരുന്നു.

നീ എനിക്കുള്ളതാണ് എന്ന ഒരു ഉറപ്പുള്ളതുകൊണ്ടു തന്നെ അവർ പരസ്പരം സംസാരിക്കാത്ത വിഷയങ്ങൾ ഉണ്ടായിരുന്നില്ല.

വിവാഹം കഴിഞ്ഞ ആദ്യദിവസം മുതൽ എങ്ങനെയാവണം ജീവിതം എന്നുള്ളതിനെ കുറിച്ച് അവർക്ക് വ്യക്തമായ പ്ലാനിങ് ഉണ്ടായിരുന്നു. അവളുടെ സങ്കല്പങ്ങളും ആഗ്രഹങ്ങളും ഒക്കെയും അവൾ അവനോട് തുറന്നു പറയാറുണ്ട്.

എല്ലാം കേട്ട് കഴിയുമ്പോൾ അവൻ അത് തലയാട്ടി സമ്മതിക്കുകയും ചെയ്യും.

ഒരുപാട് പ്രതീക്ഷകളോടെയും ആഗ്രഹങ്ങളോടെയും ആയിരുന്നു ആ വിവാഹം നടന്നത്. സ്വപ്നസാഫല്യം എന്നു പറയുന്ന ഒരു മുഹൂർത്തം ആയിരുന്നു അത്..!

ചാരുവിന്റെ ആഗ്രഹം പോലെ തന്നെ ഡെക്കറേഷനുകളും ആഹാരവും ഒക്കെ ചേർത്ത് അവൾ വിചാരിച്ചത് പോലെ തന്നെയാണ് അവളുടെ വിവാഹം നടന്നത്.

മഹേഷിന്റെ വീട്ടിൽ വലതുകാൽ വച്ച് കയറിയപ്പോൾ മുതൽ തന്റെ ജീവിതം മനോഹരമായിരിക്കും എന്നൊരു പ്രതീക്ഷയായിരുന്നു അവൾക്കുണ്ടായിരുന്നത്.

അവളുടെ സങ്കല്പം പോലെ ഒരു മായാലോകത്തിൽ തന്നെയാണ് അവർ ജീവിച്ചത്. അവനെപ്പോലെ തന്നെ സ്നേഹിക്കാൻ ഈ ഭൂമിയിൽ മറ്റാർക്കും കഴിയില്ല എന്നൊരു തോന്നൽ ആയിരുന്നു അവൾക്കുണ്ടായിരുന്നത്.

ആ തോന്നൽ നിലനിർത്തി കൊണ്ടു പോകാൻ അവൻ ശ്രമിക്കുകയും ചെയ്തിരുന്നു. ചില ദിവസങ്ങളിൽ അവൾക്ക് സർപ്രൈസ് ഗിഫ്റ്റ് കൊടുത്തും ഓരോ സ്ഥലങ്ങളിൽ കൊണ്ടുപോയി അവർ ദിവസങ്ങൾ ആഘോഷിച്ചു.

മധുവിധു കഴിഞ്ഞതോടെ ഇരുവരും ജോലിത്തിരക്കുകളിലേക്ക് പഠനത്തിരക്കുകളിലേക്കും തിരിഞ്ഞു. എങ്കിൽ പോലും തങ്ങളുടെതായ സമയം കണ്ടെത്താൻ ഇരുവരും ശ്രമിച്ചിരുന്നു.

വീട്ടിൽ അമ്മയെ ജോലിയിൽ സഹായിച്ചു സ്വന്തം കാര്യങ്ങൾ നോക്കിയും മഹേഷിന്റെ കാര്യങ്ങൾ ശ്രദ്ധിച്ചു ചാരു ദിവസങ്ങൾ നീക്കുന്നുണ്ടായിരുന്നു. ആ വീട്ടിൽ എല്ലാവർക്കും അവൾ പ്രിയങ്കരി ആയിരുന്നു.

വിവാഹം കഴിഞ്ഞ് ആറുമാസങ്ങൾ കഴിഞ്ഞപ്പോഴാണ് എല്ലാവരെയും സന്തോഷത്തിൽ ആക്കിക്കൊണ്ട് പ്രഗ്നന്റ് ആണ് എന്നൊരു വാർത്ത അറിയുന്നത്.. വിവരമറിഞ്ഞ മഹേഷ് നിലത്തൊന്നുമായിരുന്നില്ല.

സന്തോഷം കൊണ്ട് എന്ത് ചെയ്യണം എന്നുപോലും അറിയാത്ത ഒരു അവസ്ഥയിലായിരുന്നു അവൻ. അവൾക്ക് ആവശ്യമുള്ളതൊക്കെ എത്തിച്ചു കൊടുക്കാനും അവളെ ഒരു കുഞ്ഞിനെപ്പോലെ കെയർ ചെയ്യാനും അവനായിരുന്നു മുന്നിൽ.

എല്ലാ ദിവസവും കുഞ്ഞിനോട് അവൻ സംസാരിക്കുന്നതും വിശേഷങ്ങൾ ചോദിക്കുന്നതും ഒക്കെ കേട്ട് അവൾ ചിരിയോടെ ദിവസങ്ങൾ തള്ളി നീക്കി.

പ്രസവം കഴിഞ്ഞ് കുഞ്ഞിനെ ആദ്യം ഏറ്റു വാങ്ങിച്ചതും മഹേഷ് ആയിരുന്നു. അവന്റെ ആഗ്രഹം പോലെ ഒരു പെൺകുഞ്ഞിനെ ആണ് അവർക്ക് കിട്ടിയത്.

കുഞ്ഞിനെ കാണാതിരിക്കാൻ പറ്റില്ല എന്ന് പറഞ്ഞു അവളുടെ വീട്ടിലേക്ക് അവളെ കൊണ്ടുപോയിട്ടും അവൻ എല്ലാദിവസവും കുഞ്ഞിനെ കാണാനായി വീട്ടിലെത്താറുണ്ടായിരുന്നു.

90 ആം ദിവസം അവളെയും കുഞ്ഞിനെയും മഹേഷ് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. അതിനുശേഷം കുഞ്ഞിന്റെ കാര്യങ്ങൾ മുഴുവൻ അവൻ തന്നെയാണ് ശ്രദ്ധിച്ചിരുന്നത്.

ചാരുവിനെ പോലും കുഞ്ഞിന്റെ അടുത്തേക്ക് അവൻ അടുപ്പിക്കില്ല എന്നൊരു അവസ്ഥ.. കുഞ്ഞിനെ ഫീഡ് ചെയ്യാൻ വേണ്ടി മാത്രമാണ് അവനെ ചാരുവിന്റെ സഹായം ആവശ്യമുള്ളത്.. മിക്കപ്പോഴും അവൻ ഓഫീസിൽ നിന്ന് ലീവ് എടുത്ത് കുഞ്ഞിന് കൂട്ടിരിക്കാറുണ്ട്.

അവന്റെ ലോകം കുഞ്ഞിലേക്ക് മാത്രം ചുരുങ്ങിപ്പോയ ദിവസങ്ങളായിരുന്നു അതൊക്കെ.പക്ഷേ അപ്പോഴൊക്കെയും അവൻ ചാരുവിനെ മറന്നു.പഴയതു പോലെ അവളോടൊപ്പം സമയം ചെലവഴിക്കാനോ അവൾക്കൊപ്പം ഇരിക്കാനോ അവൻ ശ്രദ്ധിക്കാതെയായി.

അതൊക്കെയും അവളിൽ വല്ലാത്ത മാനസിക പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് ആരും മനസ്സിലാക്കിയില്ല.

മഹേഷിനോട് അവൾ എന്തെങ്കിലും താല്പര്യത്തോടെ സംസാരിക്കാൻ ചെന്നാൽ പോലും അവൻ ഒഴിഞ്ഞു മാറി പോവുകയാണ് പതിവ്.. എല്ലാം കൊണ്ടും അവൾക്കും മടുത്തു തുടങ്ങിയിരുന്നു.

അങ്ങനെയാണ് ഒരു ദിവസം അവന്റെ വീട്ടിൽ ഒരു പൊട്ടിത്തെറി ഉണ്ടായത്.

” എന്നോടൊപ്പം ഒരു അരമണിക്കൂർ ഇരിക്കാൻ പോലും മഹേഷേട്ടന് ഇപ്പോൾ സമയം ഇല്ലാതായോ..? എപ്പോഴും മോളോടൊപ്പം ഇരിക്കണം എന്ന ഒരു വിചാരം മാത്രമാണ് ഏട്ടൻ ഉള്ളത്. ഞാനെന്ന ഒരാൾ ഉണ്ടെന്നുള്ള കാര്യം പോലും ഏട്ടൻ മറന്നു പോകുന്നതു പോലെയാണ്.. ”

ഒരിക്കൽ അവൾ അവനോട് പരാതി പറഞ്ഞു. അത് കേട്ട് അവൻ പൊട്ടിച്ചിരിച്ചു.

” നീയെന്താ കൊച്ചു കുഞ്ഞാ..? എപ്പോഴും നിനക്ക് ആരെങ്കിലും കൂട്ടിരിക്കണം എന്ന് പറഞ്ഞാൽ അതൊക്കെ മോശമല്ലേ..? ”

അവൻ കളിയാക്കിയപ്പോൾ അവൾക്ക് വല്ലാതെ ദേഷ്യം വന്നു.

” അപ്പോൾ ഇത്രയും കാലം എന്നോട് കാണിച്ച സ്നേഹമൊക്കെ എന്തിനായിരുന്നു..? കുട്ടിയെ കിട്ടാൻ വേണ്ടി മാത്രമാണോ എന്നോട് സ്നേഹം കാണിച്ചതും എപ്പോഴും എന്നോടൊപ്പം ഇരുന്നത്..? ”

അവൾ ചോദിച്ചപ്പോൾ അവന്റെ ഭാവം മാറി.

” നാക്കിന് എല്ലില്ല എന്ന് കരുതി എന്തും വിളിച്ചു പറയാം എന്ന് കരുതരുത്.”

അവൻ ഭീഷണി പോലെ പറഞ്ഞപ്പോൾ അവൾക്ക് ദേഷ്യം വർദ്ധിക്കുകയാണ് ചെയ്തത്.

” ഏട്ടന്റെ പ്രവർത്തികളിൽ നിന്ന് എനിക്ക് അങ്ങനെയാണ് തോന്നുന്നത്. കുട്ടി ഉണ്ടാവുന്നത് വരെ എന്തൊക്കെയായിരുന്നു എന്നോടുള്ള സ്നേഹം..

പ്രഗ്നന്റ് ആയിരിക്കുന്ന സമയത്ത് കാണിച്ച സ്നേഹമൊക്കെ എന്നോടുള്ളതാണ് എന്ന് തെറ്റിദ്ധരിച്ച ഞാനാണ് മണ്ടി. അതൊക്കെയും നിങ്ങൾ നിങ്ങളുടെ കുഞ്ഞിനോട് കാണിച്ച സ്നേഹമായിരുന്നു. ഇപ്പോൾ കുട്ടിയെ കയ്യിൽ കിട്ടി കഴിഞ്ഞപ്പോൾ എന്നെ വേണ്ട.. ”

ദേഷ്യത്തോടെ അവൾ പറഞ്ഞു കഴിഞ്ഞപ്പോൾ അതിലേറെ ദേഷ്യത്തോടെ അവൻ മുറിവിട്ട് പുറത്തേക്ക് പോയി. ആ സംഭവം ആ കുടുംബത്തിൽ ഒരു ചർച്ചയായി.

അവനെ അവൾക്കു മാത്രമായി കിട്ടാത്തതിന്റെ ചൊരുക്ക് കൊണ്ടാണ് അവൾ ഇങ്ങനെ ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എന്ന് അമ്മായിയമ്മ പ്രസ്താവിച്ചു.

” പണ്ടത്തെപ്പോലെ എപ്പോഴും മുറിയടച്ചിട്ടിരുന്ന് കിണുങ്ങാൻ പറ്റാത്തത് ആണ് അവൾ ഈ കാണിക്കുന്നത്..ഒരു കൊച്ചൊക്കെ ആയതല്ലേ.. ഇനിയെങ്കിലും ഒരു മര്യാദ വേണ്ടേ..?”

അമ്മായിയമ്മ ചോദിച്ചപ്പോൾ അവൾ തകർന്നു പോയി.സ്വന്തം ഭർത്താവിന്റെ സാമീപ്യം ആഗ്രഹിക്കുന്നത് സെ ക് സിനു വേണ്ടി മാത്രമാണെന്നാണോ ഈ തലമുറ ചിന്തിക്കുന്നത്.?

അവൾക്ക് അതിശയം തോന്നി.

അതുകൊണ്ടാണ് അവൾ അവളുടെ വീട്ടിൽ പരാതി പറഞ്ഞത്. പക്ഷേ അവിടെ നിന്ന് കിട്ടിയ മറുപടിയും അങ്ങനെ തന്നെ..!!

ഭാര്യയും ഭർത്താവും ഒന്നിച്ചൊരു മുറിയിലിരുന്നാൽ അത് സെ ക്സ് മാത്രമാണ് എന്ന് ചിന്തിക്കുന്ന ഒരുകൂട്ടം ആളുകളാണ് ഇപ്പോഴുള്ളത്. അതിനിടയിൽ അവർക്ക് പരസ്പരം സംസാരിക്കാനുണ്ടെന്ന് അവരുടെ ജീവിതം ഇങ്ങനെയാവണം എന്നവർ ചിന്തിക്കുന്നുണ്ടെന്നോ ഒന്നും ആരും കരുതാറില്ല.

ചാരുന് ആവശ്യമുണ്ടായിരുന്നത് പണ്ടത്തെപ്പോലെ എപ്പോഴും തന്നോടൊപ്പം ഇരിക്കുന്ന തന്നോട് സംസാരിക്കുന്ന എന്ത് തമാശയും പറയുന്ന തന്റെ ഭർത്താവിനെ ആയിരുന്നു. പ്രസവശേഷം തനിക്ക് ഭർത്താവിന്റെ സാമീപ്യം പോലും കിട്ടാതെ ആയപ്പോൾ അവൾക്ക് മനസ്സിന് ആകെ ബുദ്ധിമുട്ട് തോന്നി..

പതിയെ പതിയെ അവൾ ആരോടും സംസാരിക്കാതായി. എന്തിന് പുറംലോകവുമായി അവൾക്ക് യാതൊരു ബന്ധവുമില്ലാതായി..!

അവൾ ഈ അവസ്ഥയിൽ തുടർന്നു പോയാൽ പ്രശ്നമാണ് എന്ന് കണ്ടപ്പോഴാണ് അവർ ഒരു ഡോക്ടറിന്റെ സഹായം തേടിയത്.ആദ്യമൊക്കെ കുറെ ബലം പിടിച്ചെങ്കിലും ഡോക്ടറിന്റെ സ്നേഹപൂർണ്ണമായ ഇടപെടൽ കൊണ്ട് തന്റെ മനസ്സിൽ ഉണ്ടായിരുന്നത് മുഴുവൻ ഡോക്ടറിനോട് തുറന്നു പറഞ്ഞു.

അതിനുശേഷം ആണ് ഡോക്ടർ ഭർത്താവിനോടും കുടുംബത്തോടും സംസാരിക്കുന്നത്.

” ചാരു ഭർത്താവിന്റെ സാമീപ്യം വേണം എന്ന് ആവശ്യപ്പെട്ടപ്പോൾ നിങ്ങളൊക്കെ കരുതി അവൾ സെ ക്സിനു വേണ്ടിയാണ് ചോദിക്കുന്നത് എന്ന്.. യഥാർത്ഥത്തിൽ അങ്ങനെയാണോ എന്ന് എപ്പോഴെങ്കിലും നിങ്ങൾ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ..

ഡെലിവറി കഴിഞ്ഞതിനു ശേഷം ഒരു പെൺകുട്ടിയുടെ മാനസിക നിലയിൽ ഒരുപാട് വ്യത്യാസം വരാറുണ്ട്. ചാരു സംബന്ധിച്ച് പ്രഗ്നന്റ് ആയിരിക്കുന്ന സമയത്ത് പോലും അവളുടെ ഭർത്താവിന്റെ സാമീപ്യം അവൾക്ക് ഒരുപാട് കിട്ടിയിട്ടുണ്ട്.

എന്തും തുറന്നു പറയാൻ പറ്റുന്ന നല്ലൊരു സുഹൃത്തായിരുന്നു അവളെ സംബന്ധിച്ച് അവളുടെ ഭർത്താവ്. പ്രസവശേഷവും തന്റെ ഭർത്താവ് അങ്ങനെ തന്നെയായിരിക്കും എന്ന് അവൾ പ്രതീക്ഷിച്ചിരുന്നു.

എന്നാൽ പതിവിന് വിപരീതമായി അയാൾ അവൾക്ക് വേണ്ടി സമയം ചെലവഴിക്കാതെ ആയപ്പോൾ അവളുടെ മനസ്സ് അയാൾക്ക് വേണ്ടി മുറവിളി കൂട്ടി.ഒരു 10 മിനിറ്റ് സമയമാണെങ്കിലും അവളോടൊപ്പം ഇരുന്നു സംസാരിക്കാനുള്ള മനസ്സ് നിങ്ങൾ കാണിച്ചാൽ മതിയായിരുന്നു.. അവൾക്കൊപ്പം നിങ്ങൾ ഉണ്ട് എന്നൊരു തോന്നലാണ് അവൾക്ക് വേണ്ടിയിരുന്നത്.. ”

ഡോക്ടർ പറഞ്ഞപ്പോൾ മഹേഷിന് കുറ്റബോധം തോന്നി. അയാളുടെ കണ്ണുകളിൽ നനവ് വന്നു തുടങ്ങിയിരുന്നു.

” സോറി ഡോക്ടർ.. കുഞ്ഞിനെ കണ്ടു കഴിഞ്ഞപ്പോൾ അവൾ മാത്രമായിരുന്നു എന്റെ ലോകം. അതിനിടയിൽ ചാരു സാമീപ്യം ആഗ്രഹിക്കുമെന്ന് ചിന്തിക്കാനുള്ള ബോധം എനിക്ക് ഇല്ലാതെ പോയി.. എന്റെ ഭാഗത്തു നിന്ന് ഉണ്ടായ തെറ്റുകൾ ഞാൻ തിരുത്തിക്കോളാം..”

അവൻ അത് ഏറ്റു പറയുമ്പോൾ പൊട്ടാൻ തുടങ്ങിയ ചങ്ങല കണ്ണികളെ യോജിപ്പിച്ചുവെച്ച സന്തോഷമായിരുന്നു ഡോക്ടറിനു..