വീട്ടുകാർ വിവാഹത്തെപ്പറ്റി പറഞ്ഞു തുടങ്ങിയപ്പോഴേ മനസ്സിൽ ഓടി വന്നത്..

മെഹ്‌ജെബിൻ
(രചന: Sharifa Vellana Valappil)

എത്ര വേഗമാണ് ദിവസങ്ങൾ കൊഴിഞ്ഞു പോകുന്നത് ലീവ് തീരാറായിരിക്കുന്നു.

ഈ പ്രാവശ്യത്തെ ലീവ് കഴിയുമ്പോഴേക്കെങ്കിലും വിവാഹം നടന്നു കാണാനുള്ള ഉമ്മാന്റെ ആഗ്രഹം ഇനിയും കണ്ടില്ലെന്നു നടിക്കുന്നത് തെറ്റാവും .

ആ പാവങ്ങളെ വിഷമിപ്പിക്കാതെ ഒരു തീരുമാനത്തിലെത്തണം .ഇന്നലെ ഉമ്മ പറഞ്ഞ പോലെ അമ്മായിയെ പോയി കാണുക തന്നെ .

ചെറിയ അമ്മാവന്റെ ഭാര്യ ,ചെറിയ അമ്മായി എന്നേക്കാൾ രണ്ട് മൂന്നു വയസിന്റെ മൂപ്പേയുള്ളൂ .അമ്മായിക്ക് പതിനെട്ടു തികഞ്ഞപ്പോഴേക്കും അമ്മാവൻ കല്യാണം കഴിച്ചു .

അമ്മായിക്ക് എന്റെ ഇഷ്ടങ്ങൾ നന്നായി മനസ്സിലാക്കാൻ കഴിവുണ്ട് .

ഡിഗ്രിക്ക് പഠിക്കുമ്പോൾ വല്ലപ്പോഴും കൂട്ടുകാരൊന്നിച്ചു സിനിമക്ക് പോകാനുംപുറത്ത് നിന്ന് ഭക്ഷണം കഴിക്കാനും അമ്മാവനെ സോപ്പിട്ട് അമ്മായിയാണ് പൈസ തരിക .

“ഇയ്യ് ആണ് ചെക്കനെ വെടക്കാക്കുന്നത്” എന്ന് ഉമ്മ കെറുവിക്കുമ്പോൾ ,”അതൊക്കെ ഒരു പ്രായത്തിലെ ഉണ്ടാവൂ ഇത്താത്ത” എന്ന് പറഞ്ഞ് എന്നെ ഒരു പെങ്ങളെപ്പോലെ സപ്പോർട്ട് ചെയ്യുന്ന ആളാണ് അമ്മായി .

“വയസ്സ് പത്തിരുപത്തേഴ് കഴിഞ്ഞില്ലേ, ഇനിയും എന്തിനാണ് നീട്ടിക്കൊണ്ടു പോണത് ? നിന്റെ മനസ്സിൽ ആരേലും ഉണ്ടോ? ”

എന്ന അമ്മായിയുടെ ചോദ്യത്തിന് മുന്നിൽ ആരെ വേണമെങ്കിലും നോക്കിക്കൊള്ളൂ ,ഞാൻ കെട്ടാം എന്ന് പറയുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ .

അങ്ങനെ പറഞ്ഞെങ്കിലും മനസ്സ് ഒരഞ്ചാറു വർഷം പിന്നിലേക്കു സഞ്ചരിച്ചു .

ഡിഗ്രിക്ക് പഠിച്ചു കൊണ്ടിരുന്നപ്പോഴാണ് തൊട്ടടുത്ത വീട്ടിൽ ഒരു ഉ ർദു മാഷും കുടുംബവും വാടകക്ക് പാർക്കാൻ വന്നത് .വല്ലപ്പോഴും നേരത്തെ എഴുന്നേൽക്കുമ്പോൾ മാഷെ മോൾ മുറ്റമടിക്കുന്നത് കാണാം.

ഇടയ്ക്ക് പെങ്ങളും അവളും പുസ്തകം കൈമാറുന്നത് കണ്ടപ്പോഴാണ് അവർ രണ്ടാളും പഠിക്കുന്നത് ഒരേ ക്ലാസ്സിലാണെന്നു മനസ്സിലായത് .

മുമ്പിൽ പെട്ടാൽ ചിരിച്ചു കൊണ്ടോടുന്ന അവളുടെ മുഖം മറക്കാൻ കഴിയുന്നില്ല .

എട്ടാം ക്ലാസ്സിൽമാത്രമായിട്ടും പക്വത നിറഞ്ഞ പെരുമാറ്റം .ആ കുട്ടി വീട്ടു ജോലികളിൽ ഉമ്മയെ സഹായിക്കുന്നത് കാണുമ്പോൾ ഉമ്മ പെങ്ങളോട് പറയും അവളെക്കണ്ടു പഠിക്കണമെന്ന്.

രാവിലെ ആങ്ങളയുടെ കയ്യും പിടിച്ചു വലിച്ചു സ്കൂളിലേക്ക് ഓടുമ്പോൾ നമ്മളെ ആരെങ്കിലും കണ്ടാൽ ചിരിയാണ് ,കണ്ണുകളിൽ നക്ഷത്രങ്ങൾ പൂക്കുന്ന ചിരി.

പെങ്ങളിൽ നിന്ന് പേര് അറിഞ്ഞപ്പോൾ എന്തോ ഒരിഷ്ടം ആ പേരിനോട് തോന്നി ,മെഹ്‌ജെബിൻ .പിന്നെപ്പിന്നെ ആളിനോടും.

മാസങ്ങൾ മാത്രം അവിടെ പാർത്ത അവർ പെട്ടെന്നൊരു ദിവസം വീടൊഴിഞ്ഞു പോയി .മാഷ് ഹാർട്ട്‌ അറ്റാക്ക് വന്നു മരിച്ചെന്നും കുടുംബം നാട്ടിൽ പോയെന്നും അറിഞ്ഞു.

പിന്നീടൊരു ദിവസം ബന്ധുക്കൾ വന്നു വീട്ടു സാധനങ്ങൾ കൊണ്ട് പോവുകയായിരുന്നു .

വീട്ടുകാർ വിവാഹത്തെപ്പറ്റി പറഞ്ഞു തുടങ്ങിയപ്പോഴേ മനസ്സിൽ ഓടി വന്നത് ആ മുഖമായിരുന്നു. എന്നെ കാണുമ്പോൾ പൊത്തിപ്പിടിക്കുന്ന മുഖം .

മാഷെക്കുറിച്ച് ആകെയറിയാവുന്ന പേരും നാടും വെച്ച് ആരുമറിയാതെ അന്വേഷിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല .

കഴിഞ്ഞ പ്രാവശ്യത്തെ ലീവിൽ ഓരോ ഒഴിവുകഴിവുകൾ പറഞ്ഞു വിവാഹത്തിൽ നിന്നൊഴിഞ്ഞു മാറിയതാണ് .ഇനിയും വീട്ടുകാരെ വിഷമിപ്പിക്കുന്നത് ശെരിയായി തോന്നുന്നില്ല .

” രണ്ടുംഎൻറെ കുടുംബത്തിൽ പെട്ട കുട്ട്യോളാണ് . .രണ്ടാളും പിജി ക്ക് പഠിക്കുന്നു .ഒരാൾ ൻറെ എളാപ്പാന്റെ പേരക്കുട്ടിയാ. ഉപ്പയില്ലാത്ത കുട്ടിയാ .കുറച്ച് ദൂരെയാണ് .

ആദ്യം ഞമ്മക്ക് ഇവ്ടെ അടുത്തുള്ള എന്റെ ആങ്ങളയുടെ മോളെ പോയി കാണാം .ന്തേ ?”

അമ്മായിയുടെ ചോദ്യം ചിന്തയിൽ നിന്നുണർത്തി .

പിന്നെയെല്ലാം പെട്ടന്നായിരുന്നു .പെണ്ണ് കാണലും ഇഷ്ടപ്പെടലും ഒക്കെ . ആദ്യം കണ്ട കുട്ടിയെത്തന്നെ മതിയെന്ന് പറഞ്ഞപ്പോൾ പെങ്ങൾ ഒരുപാട് നിർബന്ധിച്ചു ,മറ്റേ കുട്ടിയെക്കൂടി കണ്ട് നല്ലത് തിരഞ്ഞെടുക്കാമെന്ന് .

ഒന്ന് ഇഷ്ട്ടപ്പെട്ടു കയ്യിൽ പിടിച്ചു വേറെ നല്ലതുണ്ടോ എന്ന് നീ നോക്കുന്ന പോലെ നോക്കാൻ ഇത്‌ ടെക്സ്റ്റൈൽ ഷോപ്പിലെ ചുരിദാറല്ല എന്ന എൻറെ മറുപടിയിൽ പെങ്ങൾ ഒതുങ്ങി ..

ഗൾഫിൽ പോവാൻ ഇനി അധികം നാളുകൾ ഇല്ലാത്തത് കൊണ്ട് നി ക്കാഹ് കഴിച്ചു അവളുടെ .

പിജി രണ്ടാം വർഷം കഴിഞ്ഞിട്ട് മതി കല്യാണം , പഠിച്ചു ഒരു അധ്യാപിക ആവുകയെന്ന അവളുടെ സ്വപ്നത്തിന് പിറകെ ഞാനുമുണ്ടായിരുന്നു .

അങ്ങനെ വീണ്ടും ഗൾഫിൽ പോവുന്നതിനു മുന്നോടിയായി അമ്മായിയുടെ അടുത്ത് യാത്ര പറയാൻ ചെന്നതായിരുന്നു .കൂടെ അവളുമുണ്ട് ,എൻറെ ഭാര്യ .

അമ്മായിയുടെ സൽക്കാരം കഴിഞ്ഞ് യാത്ര പറഞ്ഞ് ഞങ്ങൾ പുറത്തേക്കിറങ്ങുകയായിരുന്നു അകത്തേക്ക് കയറി വരുന്ന ആളെ കണ്ടപ്പോൾ പെട്ടെന്നെനിക്ക് എൻറെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.

” ഇത് മെഹ്‌ജെബിൻ ,ഇവിടെ നമ്മുടെ അടുത്തുള്ള കോളേജിൽ പിജി ക്ക് പഠിയ്ക്കാണ് .എൻറെ എളാപ്പയുടെ മോൻറെ കുട്ടിയാണ് .

വീട് കണ്ണൂർ ആയത് കാരണം ഹോസ്റ്റലിൽ ആണ് നിൽക്കുന്നത് .ഇവർ കുറച്ചു കാലം നിന്റെ നാട്ടിലുമുണ്ടായിരുന്നു എന്ന് ഇത്താത്ത പറഞ്ഞ് കേട്ടിട്ടുണ്ട് .ഉപ്പ ഉർദു മാഷായിരുന്നു .”

അമ്മായി പിന്നെയും എന്തൊക്കെയോ പറഞ്ഞ് കൊണ്ടിരുന്നു.. നിറഞ്ഞു തുളുമ്പിയ കണ്ണുകൾ ഒളിപ്പിക്കാൻ പെട്ടെന്നിറങ്ങി.

അവൾ ,മെഹ്‌ജെബിൻ , ചിരിക്കുന്നുണ്ടായിരുന്നു ,പഴയത് പോലെ ചിരിക്കുമ്പോൾ നക്ഷത്രം പൂക്കുന്ന അവളുടെ കണ്ണുകളും പക്ഷെ നിറഞ്ഞു തുളുമ്പിയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *