അപ്പുറത്തെ ലീലേച്ചിടെ മകന്റെ ഭാര്യ ഒരു ചെറിയ പെണ്ണിന്റെ കൂടെ ഒളിച്ചോടീത് നിങ്ങള് അറിഞ്ഞാരുന്നോ..

ആൻഡ്രോയ്ഡ് ജയ Bsc ഫസ്റ്റ് ക്‌ളാസ്
(രചന: Sebin Boss J)

”’ ജയ സാറേ …. തീർന്നോ ?”

”ഇ…. ഇല്ല .. ഇപ്പൊ .. ഇപ്പൊ തീരും …. തീർത്തുതരാം ”’

ക്ലെർക്ക് ഡേവിഡിന്റെ ചോദ്യം വന്നതും ജയയുടെ പെരുവിരലിൽ നിന്നൊരു തരിപ്പ് മുകളിലേക്ക് കയറി . ഒരു നിമിഷം കൊണ്ട് അവളാകെ വെട്ടി വിയർത്തു .

” ഒന്നര പേജ് അല്ലെ ഉള്ളൂ . വന്നപ്പോ മുതലിരിക്കുന്നതാണല്ലോ . ” ഡേവിഡിന്റെ പിറുപിറുക്കൽ കൂടി കേട്ടപ്പോൾ ജയക്ക് ബോധക്ഷയം വന്നില്ലായെന്നേയുള്ളൂ .

”’ ഇങ്ങോട്ട് താ . ഞാൻ ചെയ്തോളാം. അല്ലെങ്കിൽ നിങ്ങൾക്കുള്ള ചീത്തയും കൂടി ആ സൂപ്രണ്ടിന്റെ വായിൽ നിന്ന് ഞാൻ കേൾക്കേണ്ടി വരും .

ഞാനേ താൽക്കാലിക ജീവനക്കാരനാ . നല്ല റിപ്പോർട്ട് പോയില്ലെങ്കിൽ ഇനിയും വിളി ഉണ്ടാവില്ല . സാറ് ഈ റെസീപ്റ്റ് ഒക്കെ നോക്കി ക്യാഷൊക്കെ ഒന്ന് ചെക്ക് ചെയ്യ് ”’

ഡബ്ലിയൂ ..ആർ .. ഐ ടി എവിടെയാ .. ദൈവമേ …

താൻ ചെയ്തുകൊണ്ടിരുന്ന ജോലി നോക്കാനേൽപ്പിച്ചു ഡേവിഡ് എഴുന്നേറ്റ് വന്നതും കീബോർഡിൽ അക്ഷരങ്ങൾ ഓരോന്നായി കണ്ടു പിടിച്ചു ടൈപ്പ് ചെയ്തുകൊണ്ടിരുന്ന ജയയുടെ കൈകൾ വിറയലോടെ നിശ്ചലമായി.

” ഡേവിഡ് … ഒന്ന് വരൂ ”’ അകത്തെ കബോർഡിൽ നിന്നും എന്തോ ഫയൽ എടുത്തുകൊണ്ട് വന്ന സൂപ്രണ്ട് ശ്രീലത അവരുടെ അടുക്കൽ വന്ന് പറഞ്ഞിട്ട് പോയപ്പോൾ ജയ കാരണമാണ് തന്നെ വിളിപ്പിച്ചതെന്ന മട്ടിൽ ഒരു നോട്ടം നോക്കി ഡേവിഡ് അവരുടെ പുറകെ സൂപ്രണ്ടിന്റെ ക്യാബിനിലേക്ക് കേറി .

”’ താനെന്തിനാടോ അവരെ ക്യാഷ് ഏൽപ്പിച്ചത് . വല്ലതും പോയാൽ താൻ പോക്കറ്റിൽ നിന്നെടുക്കേണ്ടി വരും കേട്ടോ പറഞ്ഞേക്കാം . ഇപ്പഴും തുപ്പലം കൂട്ടി എണ്ണി ഓരോ നോട്ടും മേശപ്പുറത്ത് വെച്ചിട്ടാ ക്യാഷ് കൈകാര്യം ചെയ്യുന്നേ .

ഇവരെയൊക്കെ ആരാടോ ജോലിക്കെടുത്തെ ? ഒന്നേൽ രാഷ്ട്രീയ ശുപാർശ ..അല്ലെങ്കിൽ കൈക്കൂലി . അല്ലാതെയിതിനൊന്നും ജോലി കിട്ടൂല്ല .

കാണാപാഠം പഠിച്ചോണ്ട് ഓരോരുത്തര് റാങ്ക് ലിസ്റ്റിൽ കേറും . ഈ നൂറ്റാണ്ടിലല്ല ഇവരൊന്നും ജീവിക്കുന്നെ എന്നു തോന്നും അവറ്റകളിൽ ചിലരുടെ പെരുമാറ്റം കണ്ടാൽ ”’

മുഴുവനായി അടയാത്ത ക്യാബിൻ വാതിലിലൂടെ ശകാരം കേട്ടതും ജയയുടെ കണ്ണുകൾ നിറഞ്ഞൊഴുകി .

” വന്നിട്ട് ഒന്നൊന്നരമാസം അയല്ലോടോ .. ഇനീം അവർക്കിതൊന്നുമറിയില്ലേ ?. പുതിയ ആളല്ലേ പരിചയക്കുറവ് ഉണ്ടാകുമെന്ന് കരുതിയ കാര്യമായ ജോലികളൊന്നും കൊടുക്കാതിരുന്നേ .

എന്നാൽ അതൊന്ന് നോക്കീം കണ്ടും പഠിക്കണമെന്ന ബോധമുണ്ടോ അതുമില്ല . താനൊരു കാര്യം ചെയ്യ് .അവരോട് മൊബൈലും ആ ഫയലുമായിട്ട് ഇങ്ങോട്ട് വരാൻ പറയ് ”’

അവരുടെ സംസാരം നിന്നതും ഡേവിഡിന്റെ കാൽപ്പെരുമാറ്റം അടുത്തുവരുന്നതുമറിഞ്ഞ ജയാ സാരിത്തുമ്പുകൊണ്ട് മുഖം തുടച്ചു ഭാവം മാറ്റാൻ ശ്രമിച്ചു .

”’ മാഡം …”’

കമ്പ്യൂട്ടറിന് മുന്നിൽ കണ്ണ് പൂഴ്ത്തിയിരുന്ന സൂപ്രണ്ടിന്റെ അടുത്ത് ചെന്ന് ജയ മുരടനക്കി .

”’ആഹ് .. ജയയോ ? എങ്ങനെയുണ്ട് ജോലിയൊക്കെ ? ”

സൂപ്രണ്ടിന്റെ മുഖത്തെ ചിരി കണ്ടതും ജയയുടെ മുഖം ഒട്ടൊന്ന് പ്രസന്നമായി .

” കുഴപ്പമില്ല മാഡം ”

”’ വർക്ക് ഒക്കെ പെട്ടന്ന് പഠിക്കണം കേട്ടോ . കമ്പ്യൂട്ടർ പഠിച്ചിട്ടുണ്ടെന്നല്ലേ പറഞ്ഞെ ? അപ്പൊ പെട്ടന്ന് പഠിച്ചെടുത്തോളും . ജയ ഒരു കാര്യം ചെയ്യ് . ഈ സ്‌കെച്ചൊക്കെ മൊബൈലിൽ സ്കാൻ ചെയ്ത് കമ്പ്യൂട്ടറിലേക്ക് ടാൻസ്ഫർ ചെയ്യ് .

എന്നിട്ട് ഫയലൊക്കെ വീട്ടിൽ ചെന്ന് പിള്ളേരുടെ ലാപ്പിൽ ചെയ്താലും മതി .ലോഗിൻ ഐഡി അറിയില്ലേ ? മൊബൈലെവിടെ ? സ്കാനർ ഉണ്ടോ ? ഇല്ലെങ്കിൽ ഡേവിഡിനോട് പറഞ്ഞാൽ മതി ഇൻസ്റ്റാൾ ചെയ്തുതരും ”

സൂപ്രണ്ട് പറഞ്ഞതും പഴയ നോക്കിയ ഫോണും കൊണ്ട് ജയ വിറങ്ങലിച്ചു നിന്നുപോയി .

”’ ഇതിനകത്ത് സിം ഇടാൻ പറ്റുമോ ? ”’ സൂപ്രണ്ടിന്റെ ചോദ്യത്തിലെ പരിഹാസത്തിന് അവൾ മൗനം പാലിച്ചതേയുള്ളൂ .

”എന്റെ ജയെ … താനൊക്കെ ഏത് നൂറ്റാണ്ടിലാ ജീവിക്കുന്നെ ? ചുക്കിനും കൊള്ളില്ല ചുണ്ണാമ്പിനും കൊള്ളില്ല .. കൂടുതലൊന്നും ഞാൻ പറയുന്നില്ല …ഹം ..പൊക്കോ ”’ സൂപ്രണ്ട് പറഞ്ഞതും ജയ ഇടറുന്ന കാലടികളോടെ തന്റെ സീറ്റിലേക്ക് നടന്നു.

ഒരു വിധത്തിൽ വാഷ്‌റൂമിലെത്തി മുഖത്തേക്ക് വെള്ളം കോരിയൊഴിച്ചിട്ടവൾ കണ്ണാടിയിലെ തന്റെ രൂപത്തിലേക്ക് നോക്കി .

ജൂനിയർ ക്ലെർക്ക് ജയ ശ്രീനിവാസൻ !!
കാത്തുകാത്തിരുന്ന് ഒരു ജോലി കിട്ടിയപ്പോൾ എന്തൊരഭിമാനത്തോടെയാണ് ശ്രീനിയേട്ടന്റെ മുന്നിൽ നിന്നത്

പക്ഷെ ഇന്ന് സ്ഥിരനിയമനക്കാരിയായ തന്നെ നോക്കി വെറുമൊരു താൽക്കാലിക ജീവനക്കാരൻ പുച്ഛിച്ചിരിക്കുന്നു . അതും പി ഡി സി തോറ്റവൻ .

അവൾക്ക് തന്നോട് തന്നെ പുച്ഛം തോന്നി .

”’ ഏത് നേരോം അച്ഛനും മക്കളും ഈ കുന്ത്രാണ്ടത്തിന് മുന്നിലാ ..അതിനുമാത്രം എന്നാ തേങ്ങയാ അതിനകത്തുള്ളെ .””

”എന്റെ ജയെ .. ഒന്ന് സ്വൈര്യം താ . ഇപ്പൊ നിനക്കെന്താ വേണ്ടത് ?”’

മൊബൈലിൽ വാട്സാപ്പിലും മറ്റും വന്ന മെസേജുകൾ ഓടിച്ചു നോക്കുകയായിരുന്നു ശ്രീനിവാസൻ മുഖം ചുളിച്ചവളെ നോക്കി .

”’ ദേ മനുഷ്യാ .. അപ്പുറത്തെ ലീലേച്ചിടെ മകന്റെ ഭാര്യ ഒരു ചെറിയ പെണ്ണിന്റെ കൂടെ ഒളിച്ചോടീത് നിങ്ങള് അറിഞ്ഞാരുന്നോ ? ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ടത് ആണത്രേ .

പിള്ളേരേത് നേരോം അതിൽ ചാറ്റെന്നും റ്റിക്റ്റോക്കോ എന്നൊക്കെ പറഞ്ഞിരിക്കുന്ന കാണാം . രണ്ടും രണ്ട് പെമ്പിള്ളേരാ അതോർമ വേണം . നിങ്ങളിങ്ങനെ ഒരു ഉത്തരവാദിത്വോം ഇല്ലാതെ നടന്നോ ?” ”’ ജയ അടുക്കളയിൽ നിന്ന് ഉറഞ്ഞുതുള്ളി .

”നിനക്കെന്താ ഒരു ഉത്തരവാദിത്വവുമില്ലേ? പിള്ളേരുടെ കാര്യത്തിൽ നമുക്ക് രണ്ടാൾക്കുമൊരുപോലെയല്ലേ ഉത്തരവാദിത്വം . ?” ശ്രീനിവാസൻ മൊബൈലിൽ നിന്നും കണ്ണെടുത്തിട്ടവളേ നോക്കി .

”’ ഉവ്വാ …ഞാൻ പറഞ്ഞാൽ കേൾക്കുന്നൊരു മക്കൾ . ഫോണെടുത്തുവെക്കാൻ പറഞ്ഞാൽ അച്ഛനോട് ചോദിച്ചിട്ടാണെന്ന് പറയും . നിങ്ങളാ അവർക്ക് വളം വെച്ചുകൊടുക്കുന്നെ.

ഒടുക്കം വല്ലോം വന്നിട്ട് വളർത്തീത് നീയാണെന്നും പറഞ്ഞ് എന്നെ പറഞ്ഞേക്കരുത് . ”’ ജയ മുടി വാരിക്കെട്ടി കഴുകാനുള്ള കലം കയ്യിലെടുത്തു .

” ഫോണെടുക്കുന്നതെ അതെടുത്തു വെക്കാനോ മറ്റ് പണികളോ പറയുമ്പോൾ അവർക്കും ദേഷ്യമാകും . പഠിക്കാനൊരു സമയവും ഫോൺ നോക്കാനൊരു സമയവും കൊടുക്കണം .ഏതുനേരോം കുറ്റപ്പെടുത്താതെ അവർക്കൊരു ടൈം ടേബിൾ കൊടുക്ക് ”

” ഓ .. ഞാനെന്തേലും പറഞ്ഞാലതു കുറ്റം . ഇവിടെ കഷ്ടപ്പെടാൻ ഞാനോരുത്തിയുണ്ടല്ലോ . പകലാകെ മടുപ്പായിട്ട് ഒന്ന് മിണ്ടാനും പറയാനും നിങ്ങള് വരുമ്പോഴാ പറ്റുന്നെ . അതിനും പറ്റുവേല ഇവിടെയാർക്കും ”’

”എന്റെ ജയെ .. പിള്ളേർ വരുന്നതേ കുളിച്ചു ആഹാരം കഴിക്കുന്നതിനിടെ ഇന്ന് സ്‌കൂളിൽ നടന്ന കാര്യങ്ങളും മറ്റും പറയാറുണ്ട് നിന്നോട് . പിന്നെയവർ പഠിക്കാനിരിക്കും .

ഞാൻ വരുമ്പോൾ നിന്നെ കിച്ചണിൽ സഹായിക്കുന്നില്ലേ ? അപ്പോൾ നമ്മൾ മൗനവൃതമൊന്നുമല്ലല്ലോ . ഇന്നത്തെ കാര്യങ്ങൾ എല്ലാം തന്നെ സംസാരിക്കുന്നുണ്ട് . പിന്നെ പിള്ളേരല്ലേ … അവരുടെ നേരമ്പോക്കും മറ്റും ഫോൺ തന്നെയാണ് ”’

”’നമ്മടെ കാലത്തൊന്നും ഈ ഫോണൊന്നുമില്ലായിരുന്നല്ലോ. ഏത് നേരവുമിതിന് മുന്നിൽ കുത്തിയിരുന്നാ അച്ചൂന് കണ്ണാടി വേണ്ടി വന്നത് . ഫോൺ അല്ലെങ്കിൽ കമ്പ്യൂട്ടർ ..കമ്പ്യൂട്ടർ ഇല്ലെങ്കിൽ ലാപ്ടോപ്പ് ””

”’ ജയെ ..നമ്മുടെ കുട്ടിക്കാലത്ത് കാലത്ത് ലാൻഡ് ഫോൺ പോലുമില്ലായിരുന്നല്ലോ . ശാസ്ത്രം വളരുന്നത് മനുഷ്യരെ സഹായിക്കാനാണ് . ആദ്യം നമ്മൾ ലാൻഡ് ഫോൺ എടുത്തു .

പിന്നെ കയ്യിൽ കൊണ്ട് നടക്കാവുന്ന, നീ ഇപ്പോഴും ഉപയോഗിക്കുന്ന തരത്തിലുള്ള മൊബൈൽ ഫോൺ ആയി ..ഇപ്പൊ വീണ്ടും വിവരസാങ്കേതിക വിദ്യ വളർച്ച നേടി ആൻഡ്രോയ്ഡ് വരെയായി . നാളെ വീണ്ടും അതിൽ കൂട്ടിച്ചേർക്കലുകൾ ഉണ്ടാകാം ”

” ആവോ …എനിക്കൊന്നുമറിയത്തില്ല … ലാൻഡ് ഫോൺ തന്നെ മതിയാരുന്നു . . ഒരു സ്വസ്ഥതയുണ്ടായിരുന്നു .”

”അത് നിനക്ക് പുതിയ കാര്യങ്ങളും മറ്റും പഠിക്കാനുള്ള വിമുഖത കൊണ്ടാണ് . ഏതൊരു കാര്യത്തിലേക്കും ഇറങ്ങിച്ചെന്നാൽ മാത്രമേ അതിനെക്കുറിച്ചറിയാനും ഇഷ്ടപ്പെടുവാനും ഉപകാരപ്പെടുത്താനും പറ്റുകയുള്ളൂ.

ആയിരം പുസ്തകങ്ങൾ പഠിച്ചാൽ കിട്ടുന്നതിലുമറിവ് ഈ മൊബൈലിലൂടെ നമ്മുടെ കൈത്തുമ്പിലുണ്ട് . എന്ത് സംശയത്തിനും മറുപടിയുമുണ്ട് ഒന്ന് സേർച്ച് ചെയ്താൽ ” ”

”’ ഹ്മ്മ് … ഹ്മ്മ് ..എന്ത് വേണേൽ ആയിക്കോ .. ഞാമ്പറഞ്ഞെന്നെ ഉള്ളൂ . . അതിലില്ലാത്ത വഷളത്തരമൊന്നുമില്ലന്ന് അപ്പുറത്തെ ദേവി പറഞ്ഞു കേട്ടിട്ടുണ്ട് ”’

”’ ജയെ … ചീത്തയാകാൻ ആണേൽ ഫോൺ തന്നെ വേണമെന്നില്ല .അതുമൊരു കാരണമാകാം എന്നേയുള്ളൂ . നമ്മുടെയൊക്കെ കുട്ടിക്കാലത്ത് ക്ലബ്ബും വായനശാലയുമൊക്കെ ഉണ്ടായിരുന്നല്ലോ .

അവിടെ എസ് കെ പൊറ്റക്കാടിന്റെയും വൈക്കം മുഹമ്മദ് ബഷീറിന്റെയും മാധവിക്കുട്ടിയുടെയും ബുക്കുകൾ ഉണ്ടായിരുന്നു , ഒപ്പം പമ്മനെ പോലെയുള്ളവരുടെയും .

അത് തിരഞ്ഞുപിടിച്ചു വായിക്കാനും ആളുണ്ടായിരുന്നു . അതൊക്കെ ഓരോരോ പ്രായത്തിന്റെയും ചിന്താഗതികളുടയെയും പ്രത്യേകതകളാണ് .

പിന്നെ മൊബൈലിൽ പിള്ളേർ എന്ത്‌ ചെയ്യുന്നുവെന്നറിയാൻ എന്റെ മെയിൽ ഐഡി കൊണ്ട് തന്നെയാണ് അക്കൗണ്ട് എടുത്തിരിക്കുന്നത് . അതുകൊണ്ട് തന്നെ മുക്കാൽ ശതമാനവും നമ്മുടെ നിയന്ത്രണത്തിനാണ് .

പിന്നെ ഇവിടെ ഇരുന്ന് തന്നെ മൊബൈൽ യൂസ് ചെയ്യണമെന്നും പാസ്‌വേർഡ് നമ്മളോട് പറയണമെന്നും പറഞ്ഞിട്ടുണ്ടല്ലോ . നിനക്കും ചെക്ക് ചെയ്യാവുന്നതല്ലേ ഉള്ളൂ ?”

” .ഓ .. അതിനും എന്റെ മേൽ കുറ്റം . എനിക്കാ കുന്ത്രാണ്ടമൊന്നും പണിയാൻ അറിയാൻ മേല . ഈ പ്രായത്തിലത് പഠിക്കാത്ത കുറവൂടെ ഉള്ളൂ !! .

എന്റെ കയ്യിലൊരു ഫോണുണ്ട് . അതിൽ വിളിക്കാനും പറ്റുന്നുണ്ട് . എന്റെ വിശേഷം വല്ലതുമറിയാനാണേൽ വിളിച്ചറിഞ്ഞാൽ മതി . അല്ലാണ്ട് ചുമ്മാ മെസേജോ സ്റ്റാറ്റസോ …ആ പിള്ളേരെന്തൊക്കയോ പറയുന്ന കേൾക്കാം ”’

ജയ പാത്രം കഴുകുന്നതിനിടെ പിറുപിറുത്തു .

” എടി ജയെ …ഏതൊരറിവും ചെറുതല്ല . പഠിക്കാൻ അങ്ങനെ പ്രായപരിധിയുമില്ല . പിന്നെ എന്ത് പ്രായം മുപ്പത്തിയേഴ് ഒരു പ്രായമാണോ ? ഉള്ള പി എസ് സി പരീക്ഷയെല്ലാം എഴുതുന്നുണ്ടല്ലോ .

കാണാപാഠം പഠിച്ചിട്ടൊരു കാര്യവുമില്ല . പഠിക്കണം ..പക്ഷെ അത് വെറും തിയറി മാത്രം . മറ്റെല്ലാം ചുറ്റുപാടിൽ നിന്നും നമ്മുടെ ദൈനം ദിന ജീവിതത്തിൽ നിന്നും പഠിക്കേണ്ടതാണ് . ഇപ്പഴുമവൾക്ക് ലെഫ്റ്റും റൈറ്റുമറിയത്തില്ല ”

” പിന്നെ റൈറ്റ് വലതും ലെഫ്റ്റ് ഇടതും …ചുമ്മാ അങ്ങ് കളിയാക്കല്ലേ ചേട്ടാ ”

” ഓക്കേ ..നീയാ റൈറ്റ് സൈഡിലിരിക്കുന്ന ടിന്നിൽ നിന്നൊരു മിട്ടായി ഇങ്ങെടുത്തെ ”

ഇടതുസൈഡിലെ മുളകുപൊടിയുടെ ടിന്നിൽ കൈവെച്ചതും ജയ ചമ്മലോടെ തിരിഞ്ഞു ശ്രീനിവാസനെ നോക്കി …

”അതുപിന്നെ …ഞാൻ ഇങ്ങോട്ട് തിരിഞ്ഞു നിക്കുമ്പോൾ അതല്ലേ വലത് … ഓ ..ഇതൊക്കെ മതി .. ഈ അറിവ് വെച്ചും ജീവിക്കുന്നുണ്ടല്ലോ ”’ ജയ പരിഭവത്തോടെ ശ്രീനിവാസനെ നോക്കി”’

പിള്ളേർ അവരുടെ സംസാരം കേട്ട് അമർത്തിച്ചിരിക്കുന്നുണ്ടായിരുന്നു

” ”ഹ്മ്മ്മ്… എങ്ങനെയെങ്കിലും ജീവിക്കുന്നുണ്ട് എന്നതിൽ അല്ല …എങ്ങനെ ജീവിക്കുന്നു എന്നതിലാണ് കാര്യം .

നീയൊത്തിരി ബുക്കുകൾ പി എസ് സി പരീക്ഷക്ക് വേണ്ടി വാങ്ങി കാണാപാഠം പഠിക്കുന്നുണ്ടല്ലോ .അതൊക്കെ ഈ മൊബൈലിൽ ഉണ്ടാകും .ഇതൊക്കെ പൈസ മുടക്കാതെ പഠിക്കാൻ പറ്റുന്ന അറിവുകളാണ് .

ഞാനും ആൻഡ്രോയ്ഡ് ഫോണും കമ്പ്യൂട്ടറും മറ്റും ഉപയോഗിച്ച് തന്നെയാണ് പഠിച്ചത് .. അല്ലാതെ ഒരു കോഴ്‌സും ചെയ്തിട്ടല്ല .എന്തും ചെയ്യാൻ മനസുണ്ടാകണം … താല്പര്യം ഉണ്ടാവണം .”’

ഓഫീസിലെ വാഷ്‌റൂമിലെ കണ്ണാടിയുടെ മുന്നിൽ നിന്ന് കഴിഞ്ഞ കാര്യങ്ങൾ ഓർത്തെടുത്ത ജയ ഉറച്ച കാലടികളോടെ തന്റെ സീറ്റിലേക്ക് നടന്നത് ഉറച്ച കാലടികളോടെയായിരുന്നു

”’ ശ്രീനിയേട്ടാ ….. എനിക്കൊരു ഫോൺ വേണം”

അന്ന് വൈകിട്ട് ശ്രീനിവാസൻ ജോലി കഴിഞ്ഞു വീട്ടിലെത്തി കുളിച്ചു ഹാളിലേക്ക് വന്നപ്പോൾ ചായ കൊടുത്തുകൊണ്ട് ജയ പറഞ്ഞു .

” അതിന് നിനക്ക് ഫോണുണ്ടല്ലോ … അതിനെന്തു പറ്റി ? ചാർജ്ജ് നിൽക്കുന്നില്ലേ ?”’

”അത്തരം ഫോണല്ല …ആൻഡ്രോയ്ഡ് ഫോൺ”

”എന്ത് ഫോൺ ?” ശ്രീനിവാസൻ കുടിച്ചുകൊണ്ടിരുന്ന ചായ വിക്കി നിലത്തെല്ലാം വീണു . അയാൾ കണ്ണും മിഴിച്ചു ജയയെ നോക്കി .

ആ..ആ..ആൻഡ്രോയിഡ്…… ഫോൺ ….ശെരി ..ശെരിയല്ലേ പറഞ്ഞെ ?”’

ജയ ഒട്ടൊരു സംശയത്തോടെ ശ്രീനിവാസനെ നോക്കി പറഞ്ഞതും പുറകിൽ നിന്ന് പിള്ളേരുടെ പൊട്ടിച്ചിരിയുയർന്നു

” എന്താടീ ഇത്ര ചിരിക്കാൻ .. പോകിനെടി ” ജയ ചമ്മലോടെ പിള്ളേരെ ഓടിച്ചിട്ട് ഉണ്ടായ കാര്യങ്ങൾ ഒറ്റശ്വാസത്തിൽ പറഞ്ഞു .

” ഇത്രേം നാളും ഈ ലാപ്പ് ഇവിടെ ഉണ്ടായിരുന്നു . നീയതിലേക്കൊന്ന് തിരിഞ്ഞുനോക്കിയത് പോലുമില്ല .

ഓൺലൈൻ ക്‌ളാസ് തുടങ്ങിയപ്പോൾ പിള്ളേരുടെ ആവശ്യത്തിന് മേടിച്ചതാണെങ്കിലും നീ കൂടെ യൂസ് ചെയ്താൽ തേഞ്ഞൊന്നും പോകില്ലായിരുന്നല്ലോ .

അപ്പോയിന്റ്മെന്റ് ഓർഡർ വന്നിട്ടും എട്ടുപത്തു ദിവസം ഉണ്ടായിരുന്നു , അന്നേരവും നോക്കിയില്ല .തീയറിയും സർട്ടിഫിക്കറ്റും കൊണ്ടൊരു കാര്യവുമില്ല .. പ്രാക്ടിക്കൽ തന്നെ വേണം പല കാര്യങ്ങൾക്കും .

ഏതൊരറിവും ചെയ്തുപഠിക്കുമ്പോഴാണ് തെറ്റുകൾ തിരുത്താൻ പറ്റുന്നതും അതിൽ എക്സ്പെർട്ട് ആകുന്നതും . ഡ്രൈവിംഗ് ലൈസൻസ് എടുത്തിട്ടും എനിക്ക് വണ്ടിയോടിക്കാൻ അറിയില്ലാത്തത് നമുക്ക് ഇടക്കൊന്നോടിക്കാൻ വണ്ടിയില്ലാത്തത് കൊണ്ടാണ് . ”

ജയ മുഖം കുനിച്ചു

” നാളെ നീ ഓഫീസിൽ നിന്ന് വരുമ്പോൾ പൈസയെടുത്ത് ഒരു മൊബൈൽ വാങ്ങിക്കോ ”

” യ്യോ ..ഞാനോ ..ശ്രീനിയേട്ടൻ വാങ്ങിത്തന്നാൽ മതി ..എനിക്ക് ഫോണിനെക്കുറിച്ചൊന്നും അറിയത്തില്ല .പിന്നെയത് വാങ്ങിട്ട് വരുമ്പോൾ കൊള്ളില്ലാത്തതാണേൽ….. ”

” എന്നേക്കാൾ ഇക്കാര്യത്തിലറിവുള്ളത് പിള്ളേർക്കാ . ആഹാരം ഞാൻ ചൂടാക്കിക്കോളാം .അവിടെ ഇരുന്നോ .. നിനക്ക് ആവശ്യമുള്ള ഫങ്ക്ഷന്സും മെമ്മറിയും സ്റ്റോറേജുമൊക്കെയുള്ള ഫോൺ മൂന്നാലെണ്ണം അവർ സെലക്റ്റ് ചെയ്തു പറയും ..

അതിൽ നിന്ന് ഏതേലും വാങ്ങാം ” ശ്രീനിവാസൻ ലാപ് എടുത്ത് മേശപ്പുറത്തുവെച്ചിട്ട് ജയയെ അതിന് മുന്നിലിരുത്തി

”’ അപ്പൊ പൈസാ ?”’ ജയ സംശയത്തോടെ നോക്കി

”’ നിന്റെയോഫീസിനു മുന്നിൽ അല്ലെ എ ടി എം ഉള്ളത് . ശമ്പളം വന്ന പൈസ ഞാൻ എടുത്തിട്ടില്ല .അത് വിത്‌ഡ്രോ ചെയ്തോ ..”

” യ്യോ … ചേട്ടാ ..എനിക്ക് എ ടി എമ്മിലൊന്നും കേറാൻ അറിയത്തില്ല ” ജയ വെപ്രാളത്തോടെ കൈ കുടഞ്ഞു .

” പഠിക്കണം ..എന്നെക്കാൾ വിദ്യാഭ്യാസം നിനക്കാണ് . വായിക്കാനും അറിയാമല്ലോ . അവിടെ മലയാളത്തിലും ഇംഗ്ളീഷിലുമെഴുതി വെച്ചിട്ടുണ്ട് .

ഇനി നീ ഒറ്റക്ക് ചെയ്തുപഠിച്ചാൽ മതി . എല്ലാക്കാര്യത്തിനും കൂടെയുണ്ടെന്നുള്ള ഓർമയാണ് ഒന്നിലും പ്രാപ്തരല്ലാതാക്കുന്നത് ….

മക്കളെ ..നിങ്ങൾ പറഞ്ഞുകൊടുത്താൽ മതി . അമ്മ തന്നെ ചെയ്തുപഠിക്കട്ടെ … ജയെ ..സംശയം ചോദിയ്ക്കാൻ മടിക്കേണ്ട ….അത് പിള്ളേരോടായാലും … ”’

പിറ്റേന്ന് ശ്രീനിവാസൻ വീട്ടിലെത്തുമ്പോൾ മൊബൈലിൽ നിന്ന് കണ്ണുയർത്താതെ ജയ പറഞ്ഞു .

” അതേയ് … ചേട്ടാ ചായയിടുവാണേൽ എനിക്കൂടെ ഒരെണ്ണം കേട്ടോ . ഇതിന്റെ പണി ഒന്ന് പഠിച്ചിട്ട് തന്നെ കാര്യം ”’

”എന്നതാ നോക്കുന്നെ …മുപ്പത്തിയയ്യായിരം വിത്‌ഡ്രോ ചെയ്തിട്ടുണ്ട് എടിഎമ്മിൽ നിന്ന് . റെസീപ്റ്റ് മേശേടെ ഡ്രോയിലിട്ടിട്ടുണ്ട് .

എപ്പഴുമെപ്പൊഴും ഫോൺ വാങ്ങാൻ പറ്റത്തില്ലല്ലോ സാംസങ്ങിന്റെ പുതിയ മോഡലാ . ആൻഡ്രോയ്ഡ് 12 അപ്ഗ്രഡ് ചെയ്യാൻ പറ്റുമെന്ന് പറഞ്ഞിട്ടുണ്ട് ”’

സർവ്വവിജ്ഞാനകോശം പോലെ താൻ ഫോണിന്റെ ഗുണഗണങ്ങൾ ജയ വിവരിക്കുമ്പോൾ ശ്രീനിവാസനും മക്കളും ആശ്ചര്യത്തോടെ വാ പൊളിച്ചു നിൽക്കുന്നുണ്ടായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *