കല്യാണം കഴിഞ്ഞേഴെട്ട് വർഷമായി, എനിക്കുമില്ലേ നിങ്ങടെ കൂടെ ജീവിക്കണോന്നുള്ള..

ഉ ക്രാ നും പുട്ടും പിന്നെ ജീനയും
(രചന: Sebin Boss J)

രാവിലെ ജീനയുടെ കലിപ്പ് സ്വരം കേട്ടാണ് ജിതിൻ കണ്ണ് തുറന്നത് . ബസ്പണിമുടക്കായത് കൊണ്ടൊരു ലീവ് കിട്ടിയതാണ് . പുലർച്ചെ കിടന്നുറങ്ങിയിട്ടെത്ര നാളായി . അതിന്നിങ്ങനെയുമായി

:”” എന്തുവാടീ ബഹളം …. മോളെ “” എടി അല്പം സൈലന്റാക്കി കൊണ്ട് മോളെ എന്നുള്ളതിൽ ലേശം തേനൊഴിച്ചു… സോറി പഞ്ചാര കലക്കി ( തേനൊക്കെ എന്താ വില ?) ജിതിൻ ഭാര്യയോട് ചോദിച്ചു.

“”കറിവെക്കാൻ ഇവിടെ വല്ലോമുണ്ടോ മനുഷ്യാ? എണീറ്റ് വന്നിട്ട് ഇന്നും രസം മാത്രമേയുള്ളോയെന്നു ചോദിച്ചാൽ എനിക്കത്ര രസിക്കില്ല കേട്ടോ “‘

“‘ഏഹ് ..മിനിങ്ങാന്നല്ലേ പച്ചക്കറി കൊണ്ടുവന്നേ .. മീൻ ഇരിപ്പില്ലേടി ?” ജിതിൻ കോട്ടുവായിട്ടുകൊണ്ട് എണീറ്റു . ഇനി കിടന്നാൽ ശെരിയാകില്ല .

“‘ ദേ ..മനുഷ്യാ ഞാൻ വല്ലോം പറയുവെ .. ഒരു കൂടിന്റെ മൂട്ടില് ആകെ കാൽക്കിലോ സാമ്പാറ് കൂട്ടം വാങ്ങി വന്നു .

അതീന്ന് തക്കാളി എടുത്താ ഇന്നലേമിന്നും രസമുണ്ടാക്കിയെ . ബീൻസും കിഴങ്ങും എടുത്തു തോരനുണ്ടാക്കി ..

ബാക്കി പച്ചക്കറിയെല്ലാം എടുത്ത് സാമ്പാറും പിന്നൊരു അവിയലുമുണ്ടാക്കി . എന്നിട്ടിപ്പോ പച്ചക്കറി ഇല്ലാന്ന് ..എല്ലാംകൂടി ഞാനെടുത്തു പുഴുങ്ങിത്തിന്നു ”’ ജീന കലിപ്പിൽ തന്നെ .

” എന്ന് ഞാൻ പറഞ്ഞോ ..എടി വാടക കൊടുക്കണം, കൊച്ചിന്റെ ഫീസടക്കണം , കറന്റ് കാശ് , എന്റേം നിന്റെം ഫോണിന്റെ റീചാർജ്ജ് ..എല്ലാം കൂടി എന്റെ ഒരാളുടെ വരുമാനത്തീന്ന് വേണ്ടേ ..

കോ വിഡിന് മുൻപ് പത്തെണ്ണൂറ് രൂപ ശമ്പളമുണ്ടായിരുന്നു . ഇപ്പൊ വരുമാനം കുറഞ്ഞപ്പോ ശമ്പളവും കുറച്ചു . മാസത്തിൽ ഇരുപത് ദിവസം എങ്കിലും ബസിൽ പണി കിട്ടുന്നത് തന്നെ വല്യകാര്യം ..”

”നിങ്ങക്ക് പൈസാ ചെലവഴിക്കാൻ അറിയാമ്മേലാഞ്ഞിട്ടാ … എഴുന്നൂറ് വെച്ച് കൂട്ടിയാലും മാസത്തിൽ പത്തുപതിനാലായിരം രൂപ കിട്ടുന്നില്ലേ .. ആഴ്ച്ചേൽ നൂറ് രൂപക്ക് പച്ചക്കറി നമുക്ക് ധാരാളമാ ,

ആഴ്ചയിൽ ഒന്ന് മീൻ മേടിക്കാം അതിനൊരു അമ്പത് രൂപാ വച്ച് മൂന്നാഴ്ച നൂറ്റമ്പത് ..നാലാമത്തെ ആഴ്ചയിൽ അരകിലോ ഇറച്ചി അതിന് നൂറ്റമ്പത് രൂപ . മൊത്തം എഴുനൂറ് , പോട്ടെ ആയിരം കൂട്ടിക്കോ ..

ബാക്കി പതിമൂവായിരം . അതീന്ന് വാടക ആയിരത്തഞ്ഞൂറും കറന്റ് ചാർജ് ഇരുന്നൂറ്റി അമ്പത് , നമ്മടെ രണ്ടിന്റേം റീചാർജ് തൊണ്ണൂറ്റിയൊൻപതും തൊണ്ണൂറ്റിയൊൻപതും ആ ..

ഇരുന്നൂറെന്ന് കൂട്ടാം .. നിങ്ങൾ കണ്ടക്ടർമാരെ പോലെ അവരും ബാക്കി ഒരു രൂപ തരില്ലലോ ..പിന്നെ ഇപ്പൊ എത്രയായി ജിത്തുവേട്ടാ … ”’

”എടി ഞാനൊന്ന് പറയട്ടെ .. പണ്ടത്തെ കാലമല്ല ഇത് , നിന്റെ ഗ്രാമപ്രദേശവുമല്ല … ”’ ഇവളേത് നൂറ്റാണ്ടിലാ ജീവിക്കുന്നതെന്നോർത്തപ്പോൾ ജിതിൻ തലയിൽ കൈവെച്ചുപോയി . .

”ഓ ..തൊടങ്ങി ..ദേ മനുഷ്യാ ഞാനൊന്ന് പറയട്ടെ ..” ജിതിൻ ഇടയിൽ കേറിയപ്പോ ജീനക്ക് സുഖിച്ചില്ല .

‘”പറഞ്ഞോ മോളെ …ഇപ്പൊ രണ്ടാരത്തിയെഴു ..അല്ല മൂവായിരം ന്ന് കൂട്ടിക്കോ മോളെ …ബാക്കി ഉള്ളത് നീയെടുത്തോ ..”‘ ജിതിൻ വീണ്ടും തേൻ …സോറി പഞ്ചാര ചാലിച്ചു

”ആ ..അപ്പൊ ആയിരോം രണ്ടായിരോം മൂവായിരം ..ബാക്കി പതിനോരായിരം ..കൊച്ചിന്റെ ഫീസ് ആയിരം കഴിഞ്ഞ് പതിനായിരം ഗ്യാസ് അഞ്ഞൂറ് … ബാക്കി ഒൻപതിനായിരത്തി അഞ്ഞൂറ് ..

അഞ്ഞൂറ് നിങ്ങക്കെന്തെലും ചെലവഴിക്കണോങ്കിൽ എടുത്തോ … ബാക്കി ഒരു ചിട്ടി ചേരണം .. സ്വന്തമായിട്ടൊരു വീട് ..അതെന്റൊരു സ്വപ്നമാ ” ജീന വീടിന്റെ പാലുകാച്ചലും അകക്കണ്ണിൽ നടത്തി .

”എടി ..കൊച്ചെ ഇതൊന്നുമല്ല …ഈ വീടിനു തന്നെ മാസം നാലായിരമാ വാടക ..”

”’ ഏ ..ഈ തീപ്പെട്ടിക്കൂട് പോലൊള്ള വീടിനോ .. അതെന്നാ വാടകയാ .. ഒരുമുറീം കക്കൂസും ബെഡ്‌റൂമും കൂടി കൂടിയാലും നമ്മടെ വീടിന്റെ ചാർത്തിന്റെയത്രേം വരില്ലല്ലോ.

നിങ്ങളെന്നെ പറ്റിക്കാൻ നോക്കല്ലേ .. എന്നിട്ടാ പൈസാ എടുത്തു തന്നിഷ്ടത്തിന് ചെലവഴിക്കാൻ ”

”ആ …ഇത് തന്നെ വാടക കുറച്ചുകിട്ടിയത് ഭാഗ്യം … നിന്നോട് ഞാൻ പറഞ്ഞതല്ലേ വീട്ടീന്ന് പോരണ്ടാന്ന് . അനിയന്റെ കല്യാണം കഴിഞ്ഞപ്പോ നമ്മുടെ മുറീന്ന് മാറി എന്നുള്ളത് ശെരിയാ .. എന്നാലും ചാർത്തുണ്ടായിരുന്നല്ലോ ”

”ദേ പിന്നേം തൊടങ്ങി കുറ്റം പറച്ചില് … മഴ പെയ്താൽ ഒരു തുള്ളി വെള്ളം വെളീൽ പോകില്ലെന്ന് നിങ്ങക്കറിയത്തില്ലേ ..”‘

”മഴയോ … ഈ മേട മാസത്തിലോ ..”

”മേടത്തിന്റേം മൂലത്തിൻറേം കാര്യമല്ല പറഞ്ഞേ ..നമ്മള് തനിച്ചൊരു ജീവിതം വേണ്ടേ ..എന്നാണേലും ഇറങ്ങിക്കൊടുക്കേണ്ടതല്ലേ അവിടുന്ന് ..അതെത്രേം പെട്ടന്നായതുകൊണ്ടെന്നാ കുഴപ്പം ?”

“‘ എന്നാലും നാട്ടിലായിരുന്നേൽ ഇച്ചിരി വാടക കുറവുണ്ടായിരുന്നേനെ ..വാടകവീടാണെലും ഒരഞ്ചുസെന്റ് സ്ഥലമൊക്കെ കാണും .രണ്ട് കാന്താരി പൊട്ടിച്ചാണേലും … ”

”ഒന്ന് നിർത്തുവോ നിങ്ങടെ പിശുക്കത്തരം .. കല്യാണം കഴിഞ്ഞേഴെട്ട് വർഷമായി .. എനിക്കുമില്ലേ നിങ്ങടെ കൂടെ ജീവിക്കണോന്നുള്ള ആശ …

അതുകൊണ്ട് പോന്നതാ ..ഞാനത്ര ശല്യമാണെൽ ഞാനെങ്ങോട്ടെങ്കിലും പൊക്കോളാം “‘ ആവനാഴിയിലെ കൂരമ്പുകൂടി ജീന പ്രയോഗിച്ചപ്പോൾ ജിതിനാകെ വിഷമത്തിലായി .

” നീയെങ്ങോട്ട് പോകാൻ .. അങ്ങനെയാണോ പൊന്നൂസേ ഞാൻ പറഞ്ഞെ..

കുറച്ചുനാളുകൂടി നീ വീട്ടിൽ താമസിച്ചിരുന്നേൽ നമുക്ക് ചിട്ടിയുമൊക്കെ ചേർന്ന് കയ്യിലുള്ള പൈസേം നിന്റെ സ്വർണോമൊക്കെ വിറ്റ് ഒരു കൊച്ചുവീടുണ്ടാക്കാമായിരുന്നു … ”

”കൊച്ചുവീടോ .ഇതുപോലത്തെ തീപ്പെട്ടിക്കൂടൊന്നും പോരാ. നമുക്കൊരു കൊച്ചും കൂടി വേണം ..

അവർക്ക് രണ്ട് റൂമും നമുക്കൊന്നും ആരേലും വിരുന്നുകാർ വന്നാൽ അവർക്കൊരു റൂമും .. അഞ്ചാറ് ലക്ഷമുണ്ടെൽ ഒരു വീട് ഉണ്ടാക്കാം .. ”

”എടി നീയെന്നതാ ഈ പറയുന്നേ …. നാലു റൂമോ ..അങ്ങനെ വന്നാൽ കുറഞ്ഞതൊരു ആയിരം സ്‌ക്വയർ ഫീറ്റെങ്കിലും വരും ..സ്ക്വയർഫീറ്റിന് രണ്ടായിരം വെച്ച് നോക്കിയാൽ ഇരുപതുലക്ഷം രൂപ ..”

” ഇരുപതുലക്ഷമോ ..ഇതെന്നാ വെള്ളരിക്കാപ്പട്ടണമോ … ആയിരോം രണ്ടായിരോമൊന്നും വേണ്ട .. നാലു റൂമും ഹാളും കിച്ചനും ആ .. പിന്നെ നീളൻ വരാന്ത വേണം …”

” ആ ..അതുതന്നെയാ ഞാനും പറഞ്ഞെ .. നീയീപറഞ്ഞ സൗകര്യത്തിലൊരു വീടുണ്ടാക്കണേൽ പത്തിരുപതുലക്ഷം രൂപ വേണം .

പണ്ട് ഇരുന്നൂറ്റിയമ്പത് രൂപക്ക് സ്വിമ്മിങ്‌പൂളും പൂന്തോട്ടവും കാർപോർച്ചും ഉള്ള വീട് തപ്പി നടന്ന ശ്രീനിവാസനേം ലാലേട്ടനേം ഓർമ്മവരുന്നു …”’

” ആ … ഒള്ളത് പറയുമ്പോ നിങ്ങക്കുള്ളതാ ഈ കളിയാക്കല് .. മനുഷ്യാ … അതിനാണ് പ്ലാനിങ് വേണ്ടത് … നിങ്ങളിച്ചിരിച്ചേ വാങ്ങുമ്പോഴാ ഈ പൈസ കൂടുതലാകുന്നെ .. ഓരോ മാസത്തേക്കുള്ളത് വാങ്ങണം ..അപ്പൊ വിലക്കുറവുണ്ടാകും … ”’

”ഞാനിപ്പോ എന്നാ വേണം ..അത് പറ .. ”

” കൊച്ചിന്റെ ഫീസടക്കാനുള്ള നാലായിരം രൂപ ഇവിടിരിപ്പില്ലേ … നമുക്ക് സാധനങ്ങൾ ഒരു മാസത്തേക്കെത്ര രൂപ വേണോന്നാ ഞാൻ പറഞ്ഞെ ..?”

”ആവൊ …”’

” ആയിരം … എനിക്കേ നല്ല ഓർമയുണ്ട് ..ഞാൻ അത്ര പൊട്ടിയൊന്നുമല്ല ”’ ജീന അവനെ നോക്കി മുഖം കോട്ടി

”ശെരി മോളെ ..ഞാനിപ്പോ എന്നതാ വേണ്ടിയത് .. ?”’

”നിങ്ങളൊന്നും വേണ്ട ..അല്ലേലും നിങ്ങളെക്കൊണ്ടെന്നാ പറ്റുന്നെ … ഇനി ഞാനാ പർച്ചേസ് ഓക്കേ ”

” ഓക്കേ .. ഡൺ ….നമുക്കെന്നാ പോയേച്ചും വരാം ..മോനെ എണീപ്പിക്ക് … ”

” ദൈവത്തെയോർത്തു നിങ്ങള് വരണ്ട … മോനേം കെട്ടിപ്പിടിച്ചിവിടെ കിടന്നോ വേണ്ട … നിങ്ങൾ ആവശ്യമില്ലാത്തതൊക്കെ വാങ്ങിക്കൊണ്ട് വരും .

അത്യാവശ്യമുള്ളതൊട്ട് വാങ്ങുകേമില്ല . ഞാൻ അത്യാവശ്യമുള്ളത് എഴുതീട്ട് വരട്ടെ … ” ജീന എണീറ്റ് അടുക്കളയിലേക്ക് നീങ്ങി .

ഇവിടെ വന്ന ആഴ്ചയിൽ ഒരു സൂപ്പർ മാർക്കറ്റിൽ കേറിയപ്പോൾ നാനൂറ് രൂപയുടെ ലെയ്സ് എടുത്തു ബാസ്‌ക്കറ്റിലിട്ട കാര്യമോർത്തപ്പോൾ ജിതിന്റെ നെഞ്ചൊന്നാളി

”ഞാൻ ആയിരമെടുത്തെ …. ” വീണ്ടുമൊരു മയക്കത്തിലേക്ക് വീണ ജിതിൻ ജീനയുടെ ശബ്ദം കേട്ട് എണീറ്റു

” നാലായിരം ഇല്ലേടി ..അതും കൂടെ കയ്യീ പിടിച്ചോ ”

”വേണ്ട വേണ്ട .. നിങ്ങളിങ്ങെനയാ കാശ് കളയുന്നെ … കയ്യിലിരുന്നാൽ അതിനനുസരിച്ചു ചെലവാക്കും ..അതാ നിങ്ങടെ സൂക്കേട് . കിടന്നുറങ്ങിക്കോ ..”’

”എടി ..നിന്റെ ഫോൺ ചാർജ്ജ് ചെയ്തേക്കണേ .. ഇന്നും കൂടിയേ ഉള്ളൂ ”

” ആ .. ” ജീന ഒരുങ്ങിയിറങ്ങിയപ്പോൾ ജിതിൻ വാതിലടച്ചു മോനെയും കെട്ടിപ്പിടിച്ചു വീണ്ടും ഉറങ്ങാൻ കിടന്നു.

”” അരകിലോ പാവയ്ക്കാ …അരകിലോ വാഴക്ക ..അരകിലോ ക്യാരറ്റ് ….etc ”

പച്ചക്കറി കടയിലേക്ക് ആയിരുന്നു ജീന ആദ്യം ചെന്നത് . അവൾ ലിസ്റ്റിലുണ്ടായിരുന്നതൊരൊറ്റ ശ്വാസത്തിൽ വായിച്ചു തീർത്തു .

”എത്രയായി ചേട്ടാ …. ”

” മുന്നൂറ്റിയെഴുപത്തിയഞ്ചു രൂപ””

“” എഹ്… ഇത് പച്ചക്കറി കടയല്ലേ…ജൂവലറി ഒന്നുമല്ലല്ലോ..”” ജീന പുറകോട്ട് മാറി ഒന്ന് നോക്കി.

” ചുമ്മാ കളിക്കാതെ പൈസയെടുക്ക് കൊച്ചേ.. നൂറു കൂട്ടം പണിയുള്ളതാ.. ചുമ്മാ ഒരുങ്ങിക്കെട്ടി ഇറങ്ങിക്കോളും രാവിലെ ഓരോന്ന് കുറ്റിയും പറിച്ച്””

“” മാന്യമായി സംസാരിക്കണം ചേട്ടാ…” രംഗം പന്തിയല്ലെന്ന് കണ്ട് ജീന പൈസയെടുത്തു കൊടുത്ത് മുന്നോട്ട് നീങ്ങി.

മീനോ ഇറച്ചിയോ ആണ് ലാഭം.. ചുമ്മാതല്ല അങ്ങേര് കാൽക്കിലോ സാമ്പാർ കൂട്ടം വാങ്ങുന്നെ…

ജീന ആത്മഗത്തോടെ അടുത്തുള്ള മീൻ കടയിലേക്ക് കേറി..

“ചേട്ടാ …അരകിലോ ദേ അത്.. അരകിലോ ദേ ഇത്…””

ഒരു ചെറുമീനും കണ്ടിച്ചു വെച്ച ദശയുള്ള മീനും ചൂണ്ടിക്കാട്ടി ജീന പറഞ്ഞു.

” ക്ളീൻ ചെയ്യണോ മാഡം..””

“” ആ ചെയ്തോ..” മാഡം വിളി കേട്ടപ്പോ ജീനയുടെ അതുവരെയുള്ള ക്ഷീണം മാറി.

“” പത്തു മിനുട്ട് താമസം ഉണ്ട് കേട്ടോ.. ക്ളീൻ ചെയ്യാൻ പത്തു രൂപേം”

“” സമയമില്ല… ഇങ്ങു തന്നെരെ ..ഞാൻ വീട്ടിൽ കൊണ്ടുപോയി വെട്ടിക്കോളാം”

പത്തുരൂപ ലാഭിച്ച സന്തോഷം സമയത്തിന്റെ പേരിൽ ഒതുക്കി അവൾ നാണക്കേടിൽ നിന്ന് രക്ഷപെട്ടു.

“” മുന്നൂറ്റി ഇരുപത് ..””

“” എഹ്.. അതെന്നാ വിലയാ ചേട്ടാ…നാട്ടിൽ സൈക്കിള് കാരുടെ അടുത്ത് നാല്പതിൽ കൂടില്ലല്ലോ ..””

” അയല കിലോ 240.. ഓലക്കുടി 400. കണക്ക് അറിയാമോ….ചേച്ചി സൈക്കിള് കാരുടെ അടുത്തുന്നു വാങ്ങിച്ചാ മതി..””

“”Ok ..ok..”” കുറ്റിയും പറിച്ചു വരുന്നു എന്ന ഡയലോഗിന് മുന്നേ ജീന പൈസ കൊടുത്തു..

ഇന്നാള് നോട്ടീസിൽ കണ്ടായിരുന്നു സൂപ്പർ മാർക്കറ്റിൽ തേയില വാങ്ങിയാൽ പഞ്ചസാര ഫ്രീ ആണെന്ന്…

പലതിനും വിലയും കുറവുണ്ട്… ആ ഫോണിന്റെ ചാർജ് മറന്നു… അതും കൂടെ ചെയ്തിട്ട് സൂപ്പർ മാർക്കറ്റിൽ പോകാം..ഇമ്മാതിരി വർത്താനം കേൾക്കണ്ടല്ലോ …

ജീന സ്വയം പറഞ്ഞിട്ട് അടുത്തുള്ള റീ ചാർജ്ജ് കടയിലേക്ക് കേറി

“” ജിത്തുവേട്ടാ…ഉറക്കം കഴിഞ്ഞോ..”

നല്ല ഉറക്കത്തിൽ ആയിരുന്ന ജിതിൻ തുടരെ ഫോൺ ബെൽ അടിക്കുന്നത് കേട്ടാണ് എണീറ്റത്…

“അയ്യോ.. ഉറങ്ങി പോയി..നീ കോളിംഗ് ബെൽ അടിച്ചാരുന്നോ ഞാൻ കേട്ടില്ല… ഇപ്പൊ തുറക്കാമെ..”” ജിതിൻ വാതിൽക്കലേക്ക് കുതിച്ചു.

” ജിത്തുവേട്ടാ.. അതല്ലന്നെ…”ജീനയുടെ സ്വരത്തിൽ തേനുംപാലും ശർക്കരയും തേങ്ങയും ഒക്കെ ഒരുമിച്ചൊഴുകിയപ്പോൾ ജിതിൻ കണ്ണ് മിഴിച്ചു.

” അതേയ്.. അവിടെ മോന്റെ ഫീസിനുള്ള പൈസാടെ ബാക്കി മൂവായിരം ഇരിപ്പില്ലേ.. അതും കൊണ്ട് ആ പുതുതായി തുടങ്ങിയ സൂപ്പർ മാർക്കറ്റിലേക്ക് ഒന്ന് വരാമോ പ്ലീസ്…””

“” എടീ നീ…””

“” ജിത്തുവേട്ടാ..പൊന്നേ ഒന്നും പറയല്ലേ.. ഇന്നാളും എനിക്ക് ടെൻഷൻ കേറി ബിപി കൂടിയത് ഓർമയില്ലേ..അതേ അവസ്ഥയിലാണ് ഞാൻ ..പ്ലീസ്… മൊബൈൽ റീചാർജിനൊഴികെ നമ്മുടെ പ്ലാൻ ഒന്നും വർക്ഔട് ആയില്ല ജിത്തുവേട്ടാ…

എന്തോ പുട്ട് ഉ ക് റാ നിൽ ഇറങ്ങീന്നോ ഉണ്ടായെന്നോ അത് കൊണ്ട്,അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കേറിന്നോ മറ്റോ ആണ് ഇവിടെ ഒരു ചേച്ചി പറഞ്ഞേ… നമ്മൾ അതിന് ക്രൂഡ് ഓയിൽ വാങ്ങുന്നില്ലല്ലോ… മണ്ണെണ്ണ പോലും വാങ്ങുന്നില്ല.. അന്നേരമാ…””

“” എന്റെ പൊന്നോ …ഡി .. ഞാൻ വരുവാ… നീ എത്ര രൂപക്കാ ഫോൺ ചാർജ് ചെയ്‌തെന്നാ പറഞ്ഞേ…””

” 99 നു…ഒന്നര ജിബിക്ക് അല്ലെ ജിത്തുവേട്ടൻ സാധാരണ ചാർജ്ജ് ചെയ്യുന്നേ …അതിന് മാത്രം കൂടാത്തത് ദൈവാനുഗ്രഹം… സീരിയൽ എങ്കിലും കണ്ട് ടെൻഷൻ ഒഴിവാക്കാലോ..””

” എടി പൊട്ടി.. അത് ഒന്നര ജിബി ഒരു 28 ദിവസത്തേക്ക് മൊത്തത്തിലാ .ഡെയ്‌ലി ഒന്നര ജിബി വേണേൽ 299 ചെയ്യണം.””

“” കർത്താവേ എന്റെ സീരിയല്..””

“വിലക്കയറ്റത്തിൽ പ്രതിക്ഷേധിച്ചു നമുക്ക് സീരിയൽ ബഹിഷ്കരിക്കാം..

നീ അവിടെ ബാസ്‌ക്കറ്റ് വെച്ചിട്ട് ആ സൂപ്പർ മാർക്കറ്റിന്റെ മുകളിലെ നിലയിൽ ഒരു കൺസ്ട്രക്ഷൻ കമ്പനി ഉണ്ട്… ഒരു നാലു മുറി വീട് പണിയാൻ എന്നത്തേക്ക് പറ്റുമെന്ന് എന്നൊന്ന് അവിടെ ചോദിക്ക്..””

“”ശവത്തിൽ കുത്തല്ലേ ജിത്തുവേട്ടാ…””
ജീനയുടെ ശബ്ദം വിഷാദമായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *