സംശയിക്കേണ്ടതായിട്ട് യാതൊന്നുമില്ല എങ്കിലും മനസ്സിലൊരു ഭയം ഉരുണ്ടുകൂടി..

വിശുദ്ധ പ്രണയം
(രചന: Sebin Boss J)

”’ ശിവാ ….”‘

തിരക്ക് പിടിച്ച ജോലിക്കിടയിലായിരുന്ന ശിവൻ പ്യൂൺ മോഹനേട്ടന്റെ ശബ്ദം കേട്ട് തിരിഞ്ഞു .

“‘അയാളോട് പിടക്കാതിരിക്കാൻ പറയ് .. കഴിഞ്ഞ രണ്ട്മൂന്ന് ദിവസമായി ഉറക്കമൊഴിഞ്ഞാ ഇതൊന്ന് ക്ലിയർ ചെയ്യുന്നേ .

ഇന്നലെ മോൾടെ ബർത്ഡേ ആയിരുന്നു .അതിന് പോയില്ല . മോളോട് പറഞ്ഞു സമാധാനിപ്പിക്കാം . നാളെ കല്യാണിയെ അഡ്മിറ്റ് ആക്കണ്ട ദിവസമാ . മനഃസമാധാനമായി അവളുടെ കൂടെ ഒന്ന് നിക്കാൻ പറ്റുമോ .. ”

”കല്യാണിയെ സ്റ്റിഫൻ അഡ്മിറ്റ് ആക്കിക്കോളും ശിവാ …അത് നീ പേടിക്കണ്ട ”’

അപ്പുറത്തെ ടേബിളിൽ ഇരുന്ന ജോമോന്റെ ശബ്ദത്തിൽ തികഞ്ഞ പുച്ഛം ഉണ്ടായിരുന്നു .

“‘അത് എന്റെ കുടുംബകാര്യമാ …നീ നിന്റെ വീട്ടിലെ കാര്യം ….. ”

“”ശിവാ …. സ്റ്റീഫൻ ..സ്റ്റീഫൻ മരിച്ചു ”’

” നോക്കടാ ..ഏഹ് …എന്നാ ..എന്നാ പറഞ്ഞെ ?”’

ജോമോന്റെ നേരെ ദേഷ്യത്തിൽ കുതിച്ച ശിവൻ പൊടുന്നനെ മോഹനേട്ടൻറെ പതറിയ ശബ്ദം കേട്ട് ഞെട്ടിത്തിരിഞ്ഞു .

“‘ഹമ് … സ്റ്റീഫൻ … സ്റ്റീഫൻ മരിച്ചെന്ന് . രണ്ട് ദിവസമായി പത്രമൊന്നും എടുക്കാതായപ്പോഴാണ് അടുത്തുള്ള വീട്ടുകാർ നോക്കിയത് .

രണ്ട് ദിവസം പഴക്കമുണ്ടെന്ന് പറഞ്ഞു ബോഡിക്ക് …. ജസ്റ്റിൻ സാർ വിളിച്ചിട്ടുണ്ടായിരുന്നു . നീയൊന്ന് ചെല്ല് ”’

” ചെല്ലണം …ചെല്ലാം .. ഞാൻ പോകാം ”’ ശിവൻ പിറുപിറുത്തു

”ഞാനും വരാം … സാറിനോട് ഒന്ന് പറയട്ടെ ” മോഹനേട്ടൻ തിടുക്കപ്പെട്ട് ജനറൽ മാനേജരുടെ ക്യാബിനിലേക്ക് ഓടി ..

” നോ … മരിച്ചത് നിന്റനിയൻ ഒന്നുമല്ലല്ലോ .ലീവ് തരാൻ പറ്റില്ല ”

“‘ലീവാക്കണ്ടടോ … എനിക്ക് ഇവിടുത്തെ ജോലിവേണ്ട ”’ ക്യാബിൻ തുറന്ന് മോഹനേട്ടന്റെ കൂടെയിറങ്ങി വന്ന മാനേജർ പറഞ്ഞതും ശിവൻ
ലാപ്ടോപ്പ് ബാഗെടുത്തു വലിച്ചെറിഞ്ഞുകൊണ്ട് പുറത്തേക്ക് കുതിച്ചു .

”’ ശിവാ … മുറിയാകെ പരിശോധിച്ചിട്ടും അവന്റെ റിലേറ്റീവ്സിനെ പറ്റിയൊന്നും കിട്ടിയില്ല . പള്ളിയിലും സ്റ്റീഫൻ ചെല്ലാറില്ലായിരുന്നു . പേരിൽ മാത്രം കൃസ്ത്യൻ ആയിട്ട് കാര്യമില്ലല്ലോ .

ബിഷപ്പിന്റെ അനുവാദം വാങ്ങിയാൽ പള്ളിയിൽ അടക്കം ചെയ്യാമെന്നാണ് അച്ചൻ പറയുന്നത് . ഞാൻ പൊതുശ്‌മശാനത്തിൽ സമയം ചോദിച്ചിട്ടുണ്ട് . എന്ത് വേണം ?”

”” തിരികത്തിച്ചു പ്രാർത്ഥിക്കുവാൻ ആളുണ്ടായാൽ അല്ലേ കല്ലറയുടെ ആവശ്യമുള്ളൂ .ദഹിപ്പിച്ചാൽ മതി .

കല്ലറയുടെ മുന്നിൽ നിൽക്കുമ്പോൾ മാത്രമല്ല അവൻ എന്റെ മനസിലുള്ളത് ” ശിവൻ വിതുമ്പിക്കൊണ്ട് മോർച്ചറിയുടെ മുന്നിലിരുന്നു .

” ശിവാ ….. കല്യാണിയോട് … കല്യാണിയോട് നീ പറഞ്ഞോ . ഇങ്ങനെയിരുന്നിട്ട് കാര്യമില്ല . ഇന്നല്ലേ അവളെ അഡ്മിറ്റ് ആക്കേണ്ടത് . നീ ഒന്ന് ഫ്രഷാക് . അല്ലെങ്കിൽ അവൾക്ക് സംശയമാകും . ”

‘ഹ്മ്മ് … ” ശ്‌മശാനത്തിൽ സ്റ്റീഫന്റെ ചടങ്ങുകളും കഴിഞ്ഞ് , സ്റ്റീഫന്റെ മുറിയിലെ ബെഡിൽ കിടക്കുകയായിരുന്ന ശിവന്റെ അടുത്തേക്ക് വന്ന ജസ്റ്റിൻ

ഭിത്തിയലമാരിയുടെ റാക്കിൽ അടുക്കിയിരുന്ന നിരവധി ബുക്കുകൾക്കിടയിൽ നിന്നും ഒരു ചുവന്ന ഡയറി എടുത്ത് ശിവന്റെ നേരെ നീട്ടി .

” തിടുക്കപ്പെട്ട് വായിക്കണ്ട .എന്നാ നീയിത് വായിച്ചിരിക്കണം. നീ വീട്ടിലേക്ക് ചെല്ല് . ഇനിയും കണ്ടില്ലെങ്കിൽ കല്യാണിക്ക് ടെൻഷനാകും . സ്റ്റീഫൻ ഇനിയില്ല. ഇനി അവൾക്ക് നീയേ ഉള്ളൂ . “‘

സ്റ്റീഫൻ …സ്റ്റീഫൻ ഇനിയില്ല …
അതെ ..അതൊരു സത്യമാണ് …
കല്യാണി ഒറ്റപ്പെട്ടു …

സ്റ്റീഫൻ ആരാണ് ..? സ്റ്റീഫൻ കല്യാണിക്ക് ആരാണ് എന്നാണ് ആദ്യം ചിന്തിക്കേണ്ടത് ?

തന്റെ ഫോണിൽ ചാർജില്ലാത്ത് കൊണ്ടാണ് ഒരുനാൾ കല്യാണിയുടെ ഫോൺ എടുത്തത് .

നെറ്റ് ഓണാക്കി അത്യാവശ്യമുള്ള മെയിൽ അയക്കാനായി ഗൂഗിളിൽ തന്റെ അകൗണ്ട് തുറക്കുമ്പോഴാണ് മെസഞ്ചറിൽ നോട്ടിഫിക്കേഷൻ വരുന്നത് …

മെയിൽ അയച്ചു തീരുമ്പോഴും തുടരെ മെസേജ് നോട്ടിവന്നപ്പോഴാണ് മെസഞ്ചർ ഓപ്പൺ ആക്കി നോക്കിയത്

”എന്നടുക്കുവാ ?”

”കഴിച്ചോ …”

”ഏട്ടൻ വന്നോ ?”

”സമയത്ത് കഴിക്കണം”

”പിണക്കമാണോ ?”

”എന്താ റിപ്ലെ തരാത്തത് ”

എന്നൊക്കെ. നെഞ്ചൊന്ന് പിടഞ്ഞു .

മെസേജ് അയച്ചയാളുടെ പ്രൊഫൈൽ എടുത്തു നോക്കി .

സ്റ്റീഫൻ !!

ഒരേയൊരു ഫോട്ടോമാത്രമേയുള്ളൂ അയാളുടേതായിട്ട് .

നിരവധി കവിതകളും പെയിന്റിങ്ങുകളും അയാളുടേതായിട്ടുണ്ട് .അതിലെല്ലാം കല്യാണിയുടെ കമന്റുകളുമുണ്ട് .

വീണ്ടും മെസേജ് സ്ക്രോൾ ചെയ്‌ത്‌ മുകളിലേക്ക് നോക്കി .i

മോളെ …എടി ..എടാ വിളികൾ …

സംശയിക്കേണ്ടതായിട്ട് യാതൊന്നുമില്ല എങ്കിലും മനസ്സിലൊരു ഭയം ഉരുണ്ടുകൂടി .

കല്യാണി സ്നേഹമുള്ളവളാണ് ..
തനിക്കും മോൾക്കുമായി ജീവിക്കുന്ന ഒരു സാധാരണ ഗ്രാമീണ സ്ത്രീ ..

സോഷ്യൽ മീഡിയകളിലെ ചതിക്കുഴികളെപ്പറ്റി അവൾക്ക് യാതൊന്നുമറിയില്ല .
മുഖപടത്തിനുള്ളിൽ ഫണം വിടർത്തിയാടുവാൻ തക്കം പാർത്തിരിക്കുന്ന നാഗങ്ങളുടെ കലവറയാണ് മുഖപുസ്തകം .

മോളെ ഗർഭിണിയായിരുന്നപ്പോൾ കല്യാണിക്ക് പ്രെഷർ കൂടുതലായിരുന്നു .

ഇപ്പോൾ രണ്ടാമതും ഗർഭിണിയായപ്പോഴും പ്രെഷർ കൂടുതലായതിനാൽ ആണ് വാട്സ് ആപ്പ് പോലും അധികം ഉപയോഗിക്കാത്ത കല്യാണിക്ക്

മുഖപുസ്തകത്തിൽ ഒരു അകൗണ്ട് എടുത്തുകൊടുത്തു സാഹിത്യഗ്രൂപ്പുകളിലും ഫണ്ണിഗ്രൂപ്പുകളിലും ആഡ് ആക്കിയത് .

ജാതിയിൽ താന്നവന്റെ കൂടെയിറങ്ങിപ്പായ കല്യാണിയെ അവളുടെ വീട്ടിൽ നിന്നും പിന്നെയാരും തിരിഞ്ഞുനോക്കിയില്ല .

വിവാഹം കഴിഞ്ഞാറുമാസം തികയും മുൻപേ തന്റെ അമ്മയും യാത്രപറഞ്ഞപ്പോൾ അതുവരെ ജീവിതത്തിൽ എങ്ങുമെത്താതിരുന്ന താൻ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ഓട്ടപ്പാച്ചിലിൽ ആയിരുന്നു .

അതിനിടയ്ക്ക് കല്യാണിയെയോ മോളെയോ ഒന്ന് ഉള്ളുതുറന്ന് സ്നേഹിക്കാൻ പറ്റുന്നില്ലാത്ത അവസ്ഥ …

രണ്ടുദിവസം കഴിഞ്ഞ് ഫ്രണ്ടും ക്‌ളാസ്മേറ്റുമായ ടൌൺ സർക്കിൾ ഇൻസ്പെക്ടറായ ജെസ്റ്റിനുമായി സംസാരിച്ചിരിക്കുന്നതിനിടെ ഈ വിഷയവും എടുത്തിട്ടു .

”’ശിവാ ..സൂക്ഷിക്കണം … കുറെ കേസുകൾ ഇതുപോലത്തെ റിപ്പോർട്ട് ചെയ്യുന്നുണ്ട് . നീ എന്തായാലും ഇടക്കൊന്ന് ചെക്ക് ചെയ്തേക്ക് ” എന്നവനും പറഞ്ഞപ്പോൾ ചെറിയ ഭയമായി .

കല്യാണിയോട് ചോദിയ്ക്കാൻ പോയില്ല .
നിസാര കാര്യങ്ങൾക്ക് വരെ ടെൻഷനടിക്കുന്ന പ്രകൃതമാണവൾക്ക് .

ചെയ്യുന്നത് തെറ്റാണെന്ന് അറിയാമായിരുന്നിട്ടും അവളുടെ അകൗണ്ട് ലോഗിൻ ചെയ്തുനോക്കി .

” മോളെ … ഇന്ന് കാണാൻ പറ്റുമോ . ടൗണിൽ അമ്പലത്തിൽ വരുന്നുണ്ടെന്നല്ലേ പറഞ്ഞെ , ഞാൻ അവിടെ വന്നേക്കാം ”’

മെസേജ് കണ്ടതും ധൃതിയിൽ ജസ്റ്റിന് ഫോൺ ചെയ്തു .

അല്പം മുൻപാണ് കല്യാണി അമ്പലത്തിൽ പോകാൻ ഇറങ്ങിയെന്ന് വിളിച്ചു പറഞ്ഞത് .

ബൈക്കിൽ അമ്പലത്തിന് മുൻപിൽ എത്തിയപ്പോൾ ജസ്റ്റിൻ യൂണിഫോമിൽ അവിടെയുണ്ടായിരുന്നു .

” ഹോട്ടൽ വിനായകയിലുണ്ട് അവർ . മസാല ദോശ കഴിക്കുന്നു .”
തന്നെകണ്ടപ്പോൾ ചിരിച്ചുകൊണ്ടവൻ അടുത്തേക്ക് വന്നുപറഞ്ഞു .

“‘ എന്തായാലും അവളുടെ വ്യാക്കൂൺ നീ നിറവേറ്റിയില്ലെങ്കിലും അവൻ ചെയ്തു . ഡാ …നീയെങ്ങോട്ടാ ? മോളുണ്ട് കൂടെ . അവളെ പേടിപ്പിക്കേണ്ട ”

തന്റെ മുഖത്തെ ഭാവം കണ്ടാകും ജസ്റ്റിൻ കയ്യിൽ പിടിച്ചു മനസ്സൊന്ന് ശാന്തമാക്കി ഹോട്ടലിന്റെ സൈഡിലൂടെ നടന്ന് ജനലിൽ കൂടി നോക്കി

വാതോരാതെ എന്തൊക്കെയോ പറയുന്നുണ്ട് കല്യാണി . മോൾ അവന്റെ അടുത്തുള്ള സീറ്റിലാണ് .അവൻ മോൾക്ക് ഐസ്ക്രീം കോരിക്കൊടുത്തുകൊണ്ട് കല്യാണി പറയുന്നതൊക്കെ കേൾക്കുന്നു .

മെലിഞ്ഞശരീരമുള്ള ഒരു സാധാരണക്കാരൻ .

ഒരു താരതമ്യം നടത്തിയാൽ താൻ തന്നെയാണ് സുന്ദരൻ .

അപ്പോഴാണ് ഓഫീസിലെ പ്യൂൺ മോഹനേട്ടൻ അവരുടെ അടുത്തേക്ക് ചെല്ലുന്നത് കണ്ടത് .

കല്യാണിയേയും അവനെയും നോക്കി എന്തോ സംസാരിക്കുന്നു . അൽപം അകലെയായതിനാൽ കേൾക്കുവാനാകില്ല
മോഹനേട്ടൻ ഒരിക്കൽ എന്നോ കല്യാണിയെ കണ്ടിട്ടുണ്ട് .

അരമണിക്കൂറാളം കഴിഞ്ഞാണ് അവർ ഹോട്ടലിലിൽ നിന്ന് പുറത്തിറങ്ങിയത് .

വലിയൊരു പാവക്കുട്ടിയെയും വാങ്ങി അവൻ കല്യാണിയേയും മോളെയും ഓട്ടോയിൽ കയറ്റിവിട്ട ശേഷം നടന്നപ്പോൾ ഞാൻ അവന്റെ പുറകെ കുതിച്ചപ്പോഴും ജസ്റ്റിൻ തടസം നിന്നു

” നീ ഒന്നടങ്ങു ശിവാ … മോഹനേട്ടൻ അവരോട് സംസാരിച്ചെന്ന് അല്ലെ പറഞ്ഞെ . ? നമുക്ക് അയാളോട് ഒന്ന് സംസാരിച്ചു നോക്കാം .എടുത്തുചാടി കല്യാണിയോട് സംസാരിക്കാൻ പോകണ്ട .

മനസ്സിൽ സംശയത്തിന്റെ ചെറുവിത്ത് മതി അത് വളർന്ന് വലുതായി പന്തലിക്കാൻ . പിന്നീടതിന്റെ തായ്‌വേര് ഒരിക്കലും അഴിയാത്തവിധം വേരിറങ്ങിയിട്ടുണ്ടാകും ”

ജസ്റ്റിൻ പറഞ്ഞപ്പോഴാണ് അതിനെ കുറിച്ച് ചിന്തിച്ചത് .

കല്യാണിയുടെ മനസ്സിൽ അങ്ങനെയൊരു ചിന്തകൾ ഇല്ലെങ്കിൽ ഒരുപക്ഷെ അവൾക്കത് വലിയൊരു ആഘാതമായിരിക്കും .അതിലുപരി അങ്ങനെയൊരു ചിന്ത മനസ്സിൽ മുളപൊട്ടാനുമതു മതി .

കല്യാണി ഒരിക്കലും തന്നെ വേദനിപ്പിച്ചിട്ടില്ല . താൻ ജീവിക്കുന്നതും അവൾക്കും മോൾക്കും വേണ്ടിയാണ് . തന്നെക്കൊണ്ട് പറ്റുന്നതൊക്കെ നിറവേറ്റിക്കൊടുക്കാറുമുണ്ട് .

പിന്നെ വിശ്രമമില്ലാത്ത ഈ ജോലികൾ , കുറച്ചേറെ സമയം അവളുടെയും മോളുടെയും കൂടെ ചിലവഴിക്കാനാവുന്നില്ല എന്നുള്ള പരാതി .. അത് തന്റെയും കൂടി നഷ്ടമാണല്ലോ …തനിക്കുമില്ലേ കൊതി കുടുംബത്തിൽ അല്പസമയം എങ്കിലും ചിലവഴിക്കാൻ .

വൈകിട്ട് ജെസ്റ്റിന്റെ നിർദ്ദേശപ്രകാരം മോഹനേട്ടൻ സ്ഥിരമായി മ ദ്യപിക്കുന്ന ബാറിൽ ഒന്ന് കയറി . ജെസ്റ്റിനും കൂടെയുണ്ടായിരുന്നു .
പ്രതീക്ഷിച്ചപോലെ അവിടെ മോഹനേട്ടന്റെ അപ്പുറത്തെ ടേബിളിൽ അവനുമുണ്ടായിരുന്നു .

മോഹനേട്ടന്റെ അടുത്ത് കുശലം പറഞ്ഞിട്ട് അടുത്ത ടേബിളിൽ അവനെതിരെയുള്ള കാലിയായ കസേരയിൽ ഇരുന്നു .

ഒരു ഭംഗിക്കെന്നോണം പരിചയപ്പെട്ടു . ജസ്റ്റിൻ തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടും അവന്റെ കണ്ണുകളിൽ പരിഭ്രമമോ കള്ളത്തരമോ ഒന്നും കണ്ടില്ല .

സ്റ്റീഫൻ …

മോഹനേട്ടന്റെ പഴയ വീട്ടിൽ വാടകക്കാണ് താമസം . വീട്ടുകാരെപ്പറ്റി ചോദിച്ചപ്പോൾ അവൻ വിഷയം തിരിച്ചുവിട്ടു . മോഹനേട്ടനും അവന്റെ ഫാമിലിയെപ്പറ്റി വലിയ അറിവില്ല .
ഫ്രീലാൻസ് ഫോട്ടോഗ്രാഫറാണ് . കൂടാതെ ഡിജിറ്റൽ പെയിന്റിംഗും

വാടക മുടങ്ങാതെ കിട്ടും . വൈകുന്നേരങ്ങളിൽ ഈ ബാറിൽ വന്നുള്ള സ്‌മോൾ അടി മാത്രം .പാചകമൊക്കെ സ്വയം ചെയ്യും . വെളുപ്പിന് പോയാൽ പത്തുമണിയോടെ തിരിച്ചെത്തും .

പിന്നെ സന്ധ്യാസമയങ്ങളിലും മിക്കവാറും പുറത്ത് പോകും . പകൽസമയങ്ങളിൽ എഴുത്തും വരയുമായി വീട്ടിൽ തന്നെ .

ജസ്റ്റിൻ പോലീസ് കണ്ണുകളിൽ അവനെ നോക്കിക്കണ്ടിട്ട് പറഞ്ഞത് പേടിക്കാൻ ഒന്നുമില്ലന്നാണ് .

പതിയെ അവനോട് ചങ്ങാത്തം സ്ഥാപിച്ചു ഒരിക്കൽ മോഹനേട്ടനെ കാണാനെന്ന വ്യാജേന അവന്റെ വീട്ടിൽ പോയി .

മനോഹരങ്ങളായ പെയിന്റിങ്ങുകളും ഫോട്ടോസും കൊണ്ട് വീടിന്റെ ചുമരുകൾ നിറഞ്ഞിരുന്നു .

സൂര്യോദയവും സൂര്യാസ്തമയവും അവന്റെ ക്യാമറകളിലൂടെയാണ് ഇത്ര ഭംഗിയേറിയതാണെന്ന് ഞാൻ മനസിലാക്കിയത് .

വഴിയോര കച്ചവടക്കാരും മരങ്ങളും പക്ഷികളും എന്നുവേണ്ട സകലതും ഉദയാസ്തമയ സൂര്യന്റെ നിഴലിൽ മനോഹരമായി അവൻ പകർത്തിയിരിക്കുന്നു .എല്ലാം ഓൺലൈനിൽ വിൽക്കുന്നുമുണ്ട് .

അവിടേ ഭിത്തിയിൽ പെട്ടന്നാണ് താൻ കല്യാണിയുടെ ഫോട്ടോ കണ്ടത്. ഒന്നല്ല …മൂന്നാലെണ്ണം . ഒന്നുരണ്ടെണ്ണത്തിൽ മോളുമുണ്ടയിരുന്നു

”ഈ ഫോട്ടോ എത്രയാണ് ?”
കല്യാണിയുടെയും മോളുടെയും ഡിജിറ്റൽ പെയിന്റിംഗ് ചൂണ്ടിക്കാണിച്ചായിരുന്നു ചോദ്യം .

” അത് വിൽക്കാനുള്ളതല്ല … ” സ്റ്റീഫൻ പുഞ്ചിരിച്ചു

” ആരാ ഇത് ? വൈഫാ ?”’
ഉള്ളിൽ സ്വന്തം ഭാര്യയയെക്കുറിച്ചാണ് ചോദിക്കുന്നതെന്ന് ബോധ്യം ജാള്യത വരുത്തിയെങ്കിലും അവന്റെ മറുപടി അറിയാനുള്ള ആകാംഷയുണ്ടായിരുന്നു

”അല്ല ..എന്റെ ബെസ്റ്റ് ഫ്രെണ്ട് … മൈ ലൈഫ് ”

”യുവർ ലൈഫ് ? മനസ്സിലായില്ല ..അത്രയധികം ചേർന്നുനിൽക്കുന്നത് ആണെങ്കിൽ നീയവളെ പ്രണയിക്കുന്നുണ്ടാകും ?”

”പ്രണയം …അത് സെക്കണ്ടറി അല്ലെ ശിവാ .. എനിക്ക് കല്യാണി എന്റെ ജീവിതത്തിൽ വലുതാണ് .. അടുക്കും ചിട്ടയുമില്ലാത്ത എന്റെ ജീവിതത്തിന് അടുക്കും ചിട്ടയുമുണ്ടാക്കി തന്നവൾ . ”’ സ്റ്റീഫൻ ചൂട് കട്ടൻ ചായ ഗ്ലാസ്സിലൊഴിച്ചു നീട്ടിക്കൊണ്ട് തുടർന്നു

”’ ഹോട്ട് ഒന്നുമില്ല. പണ്ടായിരുന്നെങ്കിൽ ഉണ്ടായിരുന്നു . ആരും ചോദിക്കാനും പറയാനുമില്ലല്ലോ. കല്യാണിയാണ് നിർത്തിച്ചത് . ഒരു സോഷ്യൽ മീഡിയ ഗ്രൂപ്പിൽ വെച്ചാണ് കല്യാണിയെ പരിചയപ്പെടുന്നത് .

അന്ന് ഞാൻ ഫ്ലിപ്കാർട് സർവീസിലാണ് ജോലി. ചിലപ്പോൾ മൊബൈലിൽ എടുക്കുന്ന ഫോട്ടോ മൂന്നോനാലോവരി എഴുതി സോഷ്യൽമീഡിയയിൽ ഇടും .അതിൽ കമന്റ്സ് ഇട്ടാണ് പരിചയം .

ഒരിക്കൽ ഒരു ഫോട്ടോ യാദൃശ്ചികമായി കല്യാണിയുടെ മോളുടെ ആയിരുന്നു .

അതെന്നോട് ചോദിച്ചാണ് ആദ്യമായി ചാറ്റ് ചെയ്യുന്നത് . പിന്നീടാ പരിചയം വളർന്നു . ഞാൻ ഡിജിറ്റൽ പെയിന്റിംഗ് പഠിച്ചിരുന്നു എന്റെ ഒരൂ റൂം മേറ്റിന്റെ സഹായത്തിൽ.

പക്ഷെ അതൊരു പ്രൊഫഷണൽ ആയിട്ടൊന്നുമെടുത്തിരുന്നില്ല .ആ സമയത്താണ് കോവിഡ് മൊത്തം പടരുന്നത് . എല്ലാ ഓൺലൈൻ സർവീസുകളും നിർത്തിവെച്ചപ്പോൾ എന്റെ ജോലിയും പോയി . അധികൃതർ തരുന്ന ആഹാരം കൊണ്ട് മാത്രം കഴിഞ്ഞനാളുകൾ .

ആഹാരം കഴിക്കാൻ പോലുമില്ലാത്ത ഒരു നാൾ കല്യാണിയോട് പോലും പൊട്ടിത്തെറിച്ചു . കുറ്റബോധം തോന്നിയപ്പോൾ ഞാനവൾക് സോറി പറഞ്ഞു മെസേജ് അയച്ചു . റീഡ് ആയില്ല .

എനിക്കാകെ ഭ്രാന്ത്പിടിക്കുന്നത് പോലെയായി . ഓഫീസിലുള്ളവരോടല്ലാതെ എനിക്കാകെ സംസാരിക്കാൻ ഉള്ളത് കല്യാണിയെ ആണ് . ഞാൻ അവളെ അന്നാദ്യമായി വിളിച്ചു . പിന്നീട് പലപ്പോഴും വിളിക്കുമായിരുന്നു .

എന്റെ കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞ കല്യാണി ആണ് ഡിജിറ്റൽ പെയിന്റിങ്ങിന്റെ സാധ്യതകളെ കുറിച്ച് പറഞ്ഞത് .അവൾ തന്നെയാണ് ഓൺലൈനിൽ വിറ്റു തുടങ്ങിയതും ,എനിക്ക് ഒരു വരുമാനം ഉണ്ടാക്കി തന്നതും”’

കല്യാണിയെ കുറിച്ച് സ്റ്റീഫൻ ഓരോന്ന് പറയുമ്പോഴും അവന്റെ കണ്ണുകൾ തിളങ്ങിയിരുന്നു . ഞാൻ അടുത്ത ദിവസങ്ങളിലും സ്റ്റീഫന്റെ അടുത്ത് പോയിരുന്നു . നൂറു നാവായിരുന്നു അവളെക്കുറിച്ചു പറയുമ്പോഴെല്ലാം അവന്

രണ്ടാഴ്ച കഴിഞ്ഞു.

അന്ന് ഞായറാഴ്ച ഞാൻ സ്റ്റീഫനെ വീട്ടിലേക്ക് ക്ഷണിച്ചു . കൂട്ടത്തിൽ ജസ്റ്റിനേയും കല്യാണിയോട് സ്റ്റീഫന്റെ കാര്യം പറഞ്ഞിരുന്നില്ല . ഒരു ഫ്രണ്ടും ജെസ്റ്റിനും വരുന്നെന്നെ അവളോട് പറഞ്ഞിരുന്നുള്ളൂ .

വൈകുന്നേരം സ്റ്റീഫന് മുൻപേ ജസ്റ്റിൻ എത്തിയിരുന്നു .

മോളും കല്യാണിയും ജെസ്റ്റിനും ഒക്കെയായി സംസാരിച്ചിരുന്നപ്പോഴാണ് സ്റ്റീഫൻ എത്തിയത് .

“‘സ്റ്റീഫാ … ഇതെങ്ങനെ ഇവിടെ ? ശിവേട്ടാ ഇത് സ്റ്റീഫൻ …എന്റെ ഫ്രണ്ടാണ് … കേറി വാ സ്റ്റീഫാ ”’ വാതിൽക്കൽ സ്റ്റീഫനെ കണ്ടതും കല്യാണി പുറത്തേക്കോടി അവന്റെ കൈ പിടിച്ചു

സ്റ്റീഫൻ അത്ഭുതത്തോടെ ഒരു നിമിഷമൊന്ന് കണ്ണ് മിഴിച്ചിട്ടെന്നെ നോക്കി ചിരിച്ചിട്ടടുത്തെക്ക് വന്നു .

:”ശിവന്റെ വൈഫാണെന്ന് എനിക്കറിയില്ലായിരുന്നു കേട്ടോ … വീട്ടിൽ ഫോട്ടോ കണ്ടിട്ട് ശിവനും പറഞ്ഞില്ല ”

” ഫോട്ടോയോ ? സ്റ്റീഫന്റെ വീട്ടിൽ ശിവേട്ടൻ വന്നിരുന്നോ ?നിങ്ങൾ പരിചയപ്പെട്ടിരുന്നോ ?എന്നോടൊന്നും പറഞ്ഞില്ല . ”’ കല്യാണി ഒറ്റശ്വാസത്തിൽ കുറെയേറെ ചോദ്യങ്ങൾ ചോദിച്ചു .

ജസ്റ്റിൻ ആ നേരമൊക്കെയും അവരെ രണ്ട് പേരെയും നോക്കിക്കൊണ്ടരിക്കയായിരുന്നു .

സ്റ്റീഫൻ പരിചയപ്പെട്ട കാര്യമെല്ലാം പറഞ്ഞിട്ട് മുറിയിലേക്കെത്തി നോക്കി .

” മോളെന്തിയെ ? അയ്യോ .. ഞാനൊന്നും വാങ്ങിച്ചിട്ടില്ലല്ലോ ..ഇപ്പോവരാം ”
സ്റ്റീഫൻ പുറത്തേക്കിറങ്ങി .

”അയ്യോ ..ഒന്നും വേണ്ട സ്റ്റീഫാ.”‘ കല്യാണി അവന്റെ കൈ പിടിച്ചുള്ളിലേക്ക് വലിച്ചു .

” കല്യാണീ ..നീ പെട്ടന്ന് ഊണൊക്കെ റെഡിയാക്കിക്കോ . ഞാനിപ്പോ വരാം . കഴിച്ചിട്ടേ പോകുന്നുള്ളൂ ”’ അവനേറെ സന്തോഷത്തിലായിരുന്നു .

ജസ്റ്റിൻ പുകക്കാനായി പുറത്തേക്കിറങ്ങിയപ്പോൾ ഞാൻ അവന്റെ പുറകെ ചെന്നു

” എന്ത് പറയുന്നു ? നീ അവനേം കല്യാണിയേയും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടായിരുന്നല്ലോ ?”

” നല്ല ഫ്രെണ്ട്സ് …ഞാനും നീയും തമ്മിലുള്ള അടുപ്പം പോലെ . ജൻഡർ മാറിയാണെന്നേയുള്ളൂ ?”

“‘ഹഹ … ജെനറേഷൻ മാറിയില്ലേ മോനെ . പണ്ടായിരുന്നു ഒരാണും പെണ്ണും കുറച്ചിടപഴകിയാൽ സംസാരിച്ചാൽ തെറ്റിദ്ധാരണ . അവരും ഇന്ന് ഫ്രീയായി .

എതിർലിംഗമെന്നോ ഒന്നും നോക്കുന്നില്ല … അവിടെ സൗഹൃദം മാത്രമേയുള്ളൂ ..”’ സ്വന്തം ഭാര്യയെ അവന്റെ മുന്നിൽ ഞാൻ അൽപമുയർത്തി

“‘യെസ് ..അങ്ങനെയാവണം … പക്ഷെ …”

“‘എന്താടാ പക്ഷെ ? ”’

” പണ്ട് നമ്മുടെ കൂടെ പഠിച്ചിരുന്ന ടെസിയെ നീയോർക്കുന്നുണ്ടോ ?”’

”യെസ് ..നമ്മുടെയൊക്കെ ചങ്കല്ലായിരുന്നോ അവൾ ? ഇപ്പഴും ഇടക്ക് മെസേജ് ചെയ്യും . ദുബൈ ആണവൾ “‘

“‘ ഓക്കേ .. ആണോ ?നീയവളെയൊന്ന് വിളിച്ചേ . ഞാനൊത്തിരിയായി സംസാരിച്ചിട്ട്. നമ്മളൊക്കെ എത്ര ഫ്രെണ്ട്സ് ആയിരുന്നു ?”’

“‘എടാ .. ഞാൻ അവളെ വിളിക്കാറില്ല . അവൾ ഫ്രീയാണേൽ മെസേജിടും . എന്നിട്ടേ വിളിക്കൂ .അവളുടെ ഹസ്ബൻഡ് .. ”

” നിങ്ങൾ തമ്മിൽ അവിഹിതമൊന്നുമില്ലല്ലോ ? പിന്നെയെന്താ ? ” ജസ്റ്റിൻ ചൂഴ്ന്നു നോക്കി

”’ അല്ല … അവൾ അങ്ങനെ പറഞ്ഞ സ്ഥിതിക്ക് ..പെണ്ണുങ്ങളൊക്കെ അല്ലെ .. ലൈഫ് അല്ലെ … നമ്മളെല്ലാം നോക്കണമല്ലോ ”

”യെസ് ..നമ്മളെല്ലാം നോക്കണം …അതെ പോലെ തന്നെയല്ലേ നീയും ? സ്റ്റീഫൻ ..സ്റ്റീഫനും കല്യാണിയും തമ്മിലുള്ള ഫ്രണ്ട്ഷിപ് ..നീ ഒരു സംശയക്കണ്ണിൽ അല്ലെ കണ്ടിരുന്നത് … ” ജെസ്റ്റിന്റെ ചോദ്യത്തിന് മുന്നിൽ ഞാനൊന്ന് പകച്ചു .

”നീയല്ലേ പറഞ്ഞത് ..അവർ തമ്മിൽ നമ്മൾ തമ്മിലുള്ള ഫ്രണ്ട്ഷിപ് പോലെയേ ഉള്ളെന്ന് ?”’

” യെസ് ..പക്ഷെ ഉറപ്പായി നീ വിചാരിക്കണ്ട . ഏതായാലും ഇപ്പോഴത്തേക്ക് ഇല്ല .ഒരു വർഷം കഴിയട്ടെ നമുക്ക് നോക്കാം ”’

” ശിവാ … നീയിതുവരെ ഇറങ്ങിയില്ലേ ..നീ വാ …ഞാനുമുണ്ട് ഹോസ്പിറ്റലിലേക്ക് .. ഈ കണ്ടീഷനിൽ നീ കല്യാണിയെ ഒറ്റക്ക് ഫേസ് ചെയ്യണ്ട “”

പുറത്തേക്ക് പോയിരുന്ന ജസ്റ്റിൻ വീണ്ടും മുറിയിലേക്ക് കയറിവന്നപ്പോഴാണ് ശിവൻ ചിന്തകളിൽ നിന്നുണർന്നത്

”ഹ്മ്മ്മ് ”

വീട്ടിലെത്തിയപ്പോഴേക്കും കല്യാണി ബാഗൊക്കെ റെഡിയാക്കിയിരുന്നു .

അവളുടെ മുൻപിൽ ഭാവവ്യത്യാസങ്ങളൊന്നും വരാതിരിക്കാൻ നന്നേ ബുദ്ധിമുട്ടി .

ജസ്റ്റിൻ മോളുമായി കളിച്ചുകൊണ്ടിരുന്നതിനാൽ കല്യാണിയും ഒന്നും ചോദിച്ചില്ല .
എന്നിരുന്നാലും അവളുടെ കണ്ണുകൾ വാതിൽക്കലേക്ക് ഇടയ്ക്കിടെ നീണ്ടുകൊണ്ടിരുന്നു

ഹോസ്പിറ്റലിൽ എത്തി അഡ്മിറ്റ് ആകുന്നതിനും മുൻപേ കല്യാണിക്ക് പെയിൻ തുടങ്ങിയിരുന്നു. അതിനാൽ പെട്ടന്ന് തന്നെ ലേബർ റൂമിലേക്ക് മാറ്റി .

ശിവനാകെ ടെൻഷനായിരുന്നു . ഇടക്കിടെ പുറത്തേക്ക് വരുന്ന നേഴ്‌സ് പറയുന്ന നിർദ്ദേശങ്ങൾ ഒന്നും തന്നെ തലയിലേക്ക് കയറിയില്ല .

മോൾ കുസൃതി കാണിച്ചോടി നടക്കുന്നു . ജസ്റ്റിൻ അവളെ മാനേജ് ചെയ്യുവാൻ പാടുപെടുന്നുണ്ട് . അവന്റെ സ്ഥാനത്ത് …സ്റ്റീഫൻ … സ്റ്റീഫനല്ലേ ഉണ്ടാവേണ്ടിയിരുന്നത് ?

കല്യാണിയുടെ ആദ്യ ചെക്കപ്പിന് കൊണ്ട് വന്നതാണിവിടെ . ആ ചെക്കപ്പ് കഴിഞ്ഞാണ് സ്റ്റീഫനെ പരിചയപ്പെടുന്നതും. പിന്നീട് മാസമാസമുള്ള ചെക്കപ്പിന് സ്റ്റീഫനായിരുന്നു അവളെ ഹോസ്പിറ്റലിൽ കൊണ്ട് വന്നിരുന്നത് .

ചെക്കപ്പ് കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തി കല്യാണി വിളിക്കുന്നതിനെ മുൻപേ സ്റ്റീഫൻ വിളിച്ചിരിക്കും . അവൾക്കുള്ള സ്കാനിംഗിന്റെയും മരുന്നിന്റെയും പൈസ അവനാണ് കൊടുത്തിരുന്നത് .

തനിക്ക് അത് മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കിയപ്പോൾ ഒരിക്കൽ പണം അവന് കൊടുത്തതുമാണ് . അന്ന് അവന്റെ കണ്ണ് നിറഞ്ഞു . ഒരു ചായ പോലും കുടിക്കാതെ അവനിറങ്ങിപ്പോയി .

ആണൊരുത്തന്റെ കണ്ണ് നിറഞ്ഞപ്പോൾ തനിക്കുമെന്തോ പോലെയായി. പിന്നീടതിന് തുനിഞ്ഞിട്ടില്ല . അടുത്ത മാസം കല്യാണിയെ ചെക്കപ്പിന് കൊണ്ട് പോകുന്ന ദിവസം താൻ ഓഫീസിൽ നിന്ന് വരികയും ചെയ്തു .

കല്യാണിയെ ഹോസ്പിറ്റലിൽ ആക്കി ഫീൽഡിൽ ആണെന്ന് ഓഫീസിൽ പറയാം എന്നുള്ള ധാരണയിൽ ആയിരുന്നു താൻ . അന്ന് ഇറങ്ങുന്നതിന് മുൻപ് സ്റ്റീഫൻ വന്നു . അവന്റെ മുഖം തന്നെ കണ്ടതും വിളറി .

” ശിവൻ ഉണ്ടായിരുന്നോ .. തിരക്കാകുമെന്ന് ഞാൻ കരുതി . നിങ്ങൾ വിട്ടോ ..ഞാനും മോളും ഹോസ്പിറ്റലിലേക്ക് വന്നോളാം ”

അവൻ മോളെ ബൈക്കിൽ കയറ്റി . ഹോസ്പിറ്റൽ എത്തും മുൻപേ ഓഫീസിൽ നിന്ന് വിളി വന്നു . വീണ്ടും സ്റ്റീഫനെ ഏൽപ്പിച്ചു ഹോസ്പിറ്റലിൽ നിന്ന് മടങ്ങി

”’ കല്യാണിയുടെ ആൾ ഉണ്ടോ … “‘

“‘അഹ് .. ഉണ്ട് …ഡാ ശിവാ … ദേ വിളിക്കുന്നു ”’ ജസ്റ്റിൻ ശിവന്റെ തോളിൽ തട്ടി. ലേബർ റൂമിൽ നിന്നും ഇറങ്ങിവന്ന നേഴ്‌സ് പറഞ്ഞതും ഞാൻ കേട്ടില്ല . ചിന്തകൾ ഒക്കെയും സ്റ്റീഫന്റെ പിന്നാലെയായിരുന്നു

“‘ ആൺ കുഞ്ഞാണ് കേട്ടോ ””

” ആഹാ … മോളെ … നിനക്കൊരു കുഞ്ഞനിയൻ ഉണ്ടായെന്ന് ” ജസ്റ്റിന്റെ ശബ്ദം

ആൺകുഞ്ഞ് …

സ്റ്റീഫൻ എപ്പോഴും അവളുടെ നിറവയർ കണ്ട് പറയുമായിരുന്നു ഉറപ്പായും ആൺകുഞ്ഞ് ആണെന്ന് .

പേരും അവൻ കണ്ടു പിടിച്ചിരുന്നു

”’കാർത്തിക് ശിവ ” തന്റെ അമ്മയുടെ പേരായിരുന്നു കാർത്തിക
അത് മതിയെന്ന് കല്യാണിയും താനും സമ്മതിക്കുകയും ചെയ്തു .

”നീ കരയുവാണോ ശിവാ …. കുഞ്ഞിനെ വാങ്ങ് ”’ ജസ്റ്റിൻ പറഞ്ഞപ്പോഴാണ് നിറഞ്ഞ കണ്ണുകൾ തുടച്ചിട്ട് നോക്കിയത് .

ഓമനത്തമുള്ള ഒരാൺകുഞ്ഞ്

”നീ വാങ്ങാമോ ജസ്റ്റിൻ .. എനിക്ക് .. എനിക്ക് കുഞ്ഞുങ്ങളെ എടുക്കാൻ അറിയില്ല .. അതുമാത്രമല്ല .. എനിക്ക് ..എനിക്കതി നർഹതയുമില്ല … സ്റ്റീഫൻ ..അവനായിരുന്നു ഇവനെ ആദ്യം എടുക്കേണ്ടത് ”

ശിവൻ ജെസ്റ്റിന്റെ തോളിൽ ചാരി പൊട്ടിക്കരഞ്ഞു

ഒന്നും മനസ്സിലായിട്ടില്ലായെങ്കിലും ആ നേഴ്‌സ് സംയമനത്തോടെ കുഞ്ഞിനേയും പിടിച്ചു നിന്നതേയുള്ളൂ .

വൈകിട്ടായപ്പോഴേക്കും കല്യാണിയെ റൂമിലേക്ക് മാറ്റി , ആ നേരമൊക്കെയും ജസ്റ്റിനും ഉണ്ടായിരുന്നു .

“‘ അച്ഛനെപ്പോലെ തന്നെ അല്ലെ ശിവേട്ടാ … ”’ അടുത്തുകിടത്തിയ മോനെ നോക്കി കല്യാണി പുഞ്ചിരി തൂകി പറഞ്ഞു

” ഹമ് ”

” കാർത്തിക് … അമ്മേടെ കാർത്തി …”” കല്യാണി മോനെ തഴുകി …

“‘സ്റ്റീഫൻ ..സ്റ്റീഫൻ ….സ്റ്റീഫൻ ശിവ ”’
ശിവൻ പൊടുന്നനെ കുഞ്ഞിന്റെ മുന്നിൽ മുട്ടുകുത്തി ചെവിയിൽ മൂന്ന് തവണ പേര് വിളിച്ചതും കല്യാണി ഒരാന്തലോടെ എഴുന്നേൽക്കാൻ നോക്കി…

”’ മ്മ മ്മാ ”’

പുറകിൽ സ്റ്റീഫന്റെ ശബ്ദം കേട്ടതും കല്യാണി നോട്ട് പാഡ് മടക്കി വെച്ച് തിരിഞ്ഞു .

” ശിവേട്ടാ … ”’

അവൾ കുഞ്ഞിനെ വാങ്ങി ശിവന്റെ നെഞ്ചിലേക്ക് ചാരി .

”’നീ മൊത്തം വായിച്ചോ ?”’

”’ ഇല്ല എന്നെക്കൊണ്ട് വായിക്കാൻ പറ്റുന്നില്ല ”

”’ ഹ്മ്മ് …. ”

” ശിവേട്ടന് ഒരിക്കലെങ്കിലും തോന്നിയിട്ടില്ലേ ഞങ്ങൾ തമ്മിൽ …. ”

” കല്യാണീ … അന്ന് ആദ്യമായി സ്റ്റീഫൻ വീട്ടിൽ വന്ന ദിവസം ജസ്റ്റിൻ എന്നോടൊരു ചോദ്യം ചോദിച്ചിരുന്നു ?”

”എന്താത് ?”’

” ഒരിക്കലെങ്കിലും നീ ടെസ്സിയെ പ്രണയിച്ചിരുന്നോയെന്ന് ? ടെസ്സി .. ഞങ്ങളുടെ കൂടെ പഠിച്ചവൾ . ഡാൻസ് പാട്ട് നാടകം ഓട്ടം ചാട്ടം എന്നുവേണ്ട എല്ലാറ്റിനും അവൾ ഞങ്ങളുടെ കൂടെയുണ്ടായിരുന്നു .

സദാ തമാശകൾ പറഞ്ഞും പൊട്ടിച്ചിരിച്ചും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന അവളെ ഞങ്ങൾക്കെല്ലാവർക്കും ഇഷ്ടമായിരുന്നു. എന്നോടായിരുന്നു അവൾക്ക് കൂടുതൽ അടുപ്പം . ”’

”എന്നിട്ട് … ?” കല്യാണി ശിവനെ തുറിച്ചു നോക്കി .

” കല്യാണീ … അവൾ വിവാഹം കഴിഞ്ഞു ഇപ്പാൾ ദുബായിയിലാ . ഇടക്ക് കോൺടാക്റ്റ് ഉണ്ട് . നീ ഇപ്പോൾ എന്നെ നോക്കിയ നോട്ടമില്ലേ ? മറ്റൊരുവളെ ഞാൻ പ്രണയിച്ചിരുന്നു എന്നറിഞ്ഞപ്പോഴുള്ള അസ്ഹഷ്ണുത …

അതെല്ലാവർക്കും ഉള്ളതാണ് . എന്റെ ഭാര്യയായ നീ, മറ്റൊരാളെ പ്രണയിച്ചിരുന്നിട്ട് കൂടി , ഞാൻ ചെറുപ്പത്തിൽ ഒരാളെ ഇഷ്ടപ്പെട്ടിരുന്നു എന്നറിഞ്ഞപ്പോഴുള്ള ആ അസ്ഹഷ്ണുത..അതെല്ലാവർക്കും ഉള്ളതാണ് … ”

”ശിവേട്ടാ ..ഞാൻ … ഞാൻ സ്റ്റീഫനെ …. ”’

കല്യാണി ശിവന്റെ നെഞ്ചിൽ നിന്നും പുറകോട്ട് പിടഞ്ഞുമാറി .
അവൾ ശിവനെ നോക്കാനാവാതെ വിഷമിച്ചു .

”കല്യാണീ …. ” ശിവൻ മേശയുടെ ഡ്രോയിൽ നിന്നും ഒരു ചുവന്ന ഡയറി എടുത്തവളുടെ നേരെ നീട്ടി .

2021 .മാർച്ച്. 17 .

‘ഞാൻ പലതവണ കല്യാണിയോട് പറയണമെന്നുദ്ദേശിച്ച കാര്യം ഇന്ന് അവളെന്നോട് പറഞ്ഞു . എന്നെ ഒരുപാടിഷ്ടമാണെന്ന് . ഈ ജന്മത്തിൽ അല്ല അടുത്ത ജന്മത്തിൽ എന്റെ ഭാര്യയായിരിക്കണമെന്ന് .

സന്തോഷം കൊണ്ട് തുള്ളിചാടണമെന്ന് തോന്നി . അനാഥനായ എനിക്ക് ആരെങ്കിലും ഉണ്ടെങ്കിൽ അത് കല്യാണിയാണ് .

എന്റെ ജീവിതത്തിൽ ഒരർത്ഥം തന്നവൾ . അവൾക്കും മോൾക്കും വേണ്ടി ചിലവഴിക്കുമ്പോഴാണ് എന്റെ സമ്പാദ്യങ്ങൾക്ക് മൂല്യമുണ്ടാകുന്നത് .

എന്റെ ജീവിതത്തിൽ ഞാൻ ഇത്രയേറെ സന്തോഷിച്ചിട്ടില്ല. അസ്തമയ സൂര്യന്റെ മനോഹാരിതയും കണ്ട് കടൽക്കാറ്റേറ്റ് ഇരിക്കുകയായിരുന്നു ഞങ്ങൾ .

അവളെ എടുത്തുപൊക്കി ആർത്തുവിളിച്ചു തുള്ളിചാടണമെന്ന് തോന്നിയനിമിഷം ….

അപ്പോഴാണ് അവളുടെ നിറവയർ എന്റെ കണ്ണിലുടക്കിയത് . ശിവൻ ..എന്റെ സഹോദരതുല്യനായ സുഹൃത്ത് . കല്യാണിയെ ഞാൻ എത്രമാത്രം സ്നേഹിക്കുന്നുവോ അത്രയും തന്നെ ഞാൻ ശിവനെയും സ്നേഹിക്കുന്നു ….”’

”’ എന്റെ ശിവേട്ടാ ..എന്നോട് ..എന്നോട് ക്ഷമിക്കൂ ”’ ഡയറി അവിടെയിട്ടിട്ട് കല്യാണി ശിവന്റെ കാലിലേക്ക് വീണു .

” മോളെ ….കല്യാണി …നീയെന്തിനാ വിഷമിക്കുന്നെ ? നീ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ .

തനിക്കൊന്ന് മനസ് തുറക്കാൻ, ഇഷ്ടങ്ങൾക്ക് വേണ്ടി സമയം ചിലവഴിക്കാൻ ഒരാളുണ്ടെൽ അത് ആരായാലും എല്ലാവർക്കും ഇഷ്ടമാകും . ആ സൗഹൃദം വളരും തോറും മനസിന്റെയുള്ളിൽ എങ്കിലും പ്രണയിച്ചു പോകും .

അവൻ അല്ലെങ്കിൽ അവൾ തന്റെ സ്വന്തമായിരുന്നുവെങ്കിൽ എന്ന് ഏത് മനുഷ്യരും ആശിച്ചുപോകും . അത് മനുഷ്യസഹജമാണ് .

നാമെല്ലാം മനുഷ്യരല്ലേ …ആശയും ആഗ്രഹങ്ങളും ഉള്ള സ്വപ്‌നങ്ങൾ കാണുന്ന , വികാരവിചാരങ്ങൾ ഉള്ള മനുഷ്യർ …”’

”’സ്റ്റീഫന് കുടുംബമില്ല . അവന്റെ ജീവിതത്തിൽ നീയും നമ്മുടെ കുടുംബമേയുള്ളൂ . അപ്പോൾ അവന് കൂടുതൽ സമയമുണ്ടാകും നിന്റെ കൂടെ ചിലവഴിക്കാൻ .

മറ്റ് പ്രാരാബ്ധതകൾ ഇല്ലാത്തതുകൊണ്ട് അവനു നിങ്ങൾക്കിഷ്ടമുള്ളത് വാങ്ങിത്തരാൻ കഴിയും . എനിക്ക് പക്ഷെ അത് പറ്റില്ല. ഞാൻ ഒരു ഭർത്താവാണ് ,ഒരു പിതാവാണ് .എന്നെ ആശ്രയിച്ചു ജീവിക്കുന്നവരാണ് നീയും മക്കളും .

കഷ്ട്ടിച്ചു ജീവിക്കാനുള്ള ശമ്പളത്തിന് ജോലി ചെയ്യുമ്പോൾ ജീവിക്കാനുള്ള ഓട്ടത്തിനിടയിൽഅവിടെ പ്രണയത്തിനും സ്വന്തം ഇഷ്ടങ്ങൾക്കും പ്രാധാന്യം കുറയും .സ്വാഭാവികമാണത് . നിങ്ങളുടെ കൂടെയുള്ള സമയങ്ങൾ കുറയും . .””

”’ രണ്ട് പേര് പ്രണയിക്കുമ്പോൾ ലോകം അവരിലേക്ക് ചുരുങ്ങും മറ്റുള്ളതൊന്നും അവർക്ക് അറിയേണ്ടത്തില്ല .അവർക്ക് പിന്നെ തെറ്റുകളില്ല ശെരികളേയുള്ളൂ .

തെറ്റുകൾ അവരല്ലാതെയുള്ള മറ്റുള്ളവരുടെ കണ്ണിലാണ് . പ്രത്യേകിച്ച് ഒരു വിവാഹിതയാണ് പ്രണയിക്കുന്നതെങ്കിൽ . സമൂഹത്തിന്റെ കണ്ണിൽ അവർ കുറ്റക്കാരാണ് .. പ്രണയം അവിഹിതവും ”

”ശിവേട്ടാ .. ”

” നമുക്ക് ഇഷ്ടമുള്ള പങ്കാളികൾ ആണെങ്കിൽ കൂടി അതിലുമൽപം മികച്ചവരെ പരിചയപ്പെട്ടത് അവരായിരുന്നുവെങ്കിൽ തന്റെ പങ്കാളി എന്ന് ചിന്തിക്കാത്തവർ ചുരുക്കമാണ് .

ആ പ്രണയത്തിൽ അകപ്പെട്ട് സ്വന്തം മക്കളെയും കുടുംബത്തെയും സ്നേഹിക്കാതെ മറ്റൊരാളെ സ്നേഹിക്കുന്നുവെങ്കിൽ എമാത്രമേ എന്റെ കണ്ണിൽ അത് തെറ്റുള്ളൂ.

ഇവിടെ എന്റെ കാര്യങ്ങളെല്ലാം നീ ഒന്നൊഴിയാതെ നിറവേറ്റി . എന്നെയും മക്കളെയും സ്നേഹിച്ചു .

ഞങ്ങൾക്ക് വേണ്ടി നിന്റെ പ്രണയം നീ മനസിൽ ഒതുക്കി . ഇനിയൊരുപക്ഷേ നിങ്ങൾ തമ്മിലുള്ള റിലേഷൻ അതിരുവിട്ടിരുന്നുവെങ്കിൽ കൂടിയും എന്റെ കണ്ണിൽ അത് അവിഹിതമല്ല …. പ്രണയമാണ് … വിശുദ്ധ പ്രണയം ”

”എന്റെ ശിവേട്ടാ ..” കല്യാണി ഒരേങ്ങലോടെ ശിവന്റെ നെഞ്ചിലേക്ക് വീണു .

”നേരത്തെ കിടക്കണം .. നാളെ രാവിലെ പള്ളിയിൽ പോകണം .” സ്റ്റീഫന്റെ ഓർമനാളാണ് നാളെ .ഇവന്റെ ആദ്യ ജന്മദിനവും . ”

ഒന്നും മനസിലായില്ലയെങ്കിലും കുഞ്ഞ് സ്റ്റീഫന്റെ കൈകകൾ കല്യാണിയേയും ശിവനെയും തലോടുന്നുണ്ടായിരുന്നു അപ്പോൾ…

Leave a Reply

Your email address will not be published. Required fields are marked *