ഒരച്ഛനെപോലെ സ്നേഹിച്ചിരുന്ന അയാളിങ്ങനെ പെരുമാറുന്നല്ലോ എന്നുള്ള വിഷമവും..

ആ വസന്തകാലം
(രചന: Sebin Boss J)

കോളേജിന്റെ മുന്നിലെ പീടികയിൽ അന്നും പതിവ് പോലെ തിരക്കുണ്ടായിരുന്നു .

ഗോലിസോഡാ പൊട്ടിക്കുന്നതിന്റെയും ഗ്ലാസിൽ സ്പൂണിട്ട് ഇളക്കുന്നതിന്റെയും ശബ്ദത്തിന്റെ അകമ്പടിയിൽ മുകളിലേ നിലയിലെ ട്യൂഷൻ സെന്ററിലെക്കുള്ള

തടികൊണ്ടുള്ള ഗോവണിയുടെ പാതിയിലും താഴെയുമായി നിന്ന ശാലിനിയുടെയും രമേശന്റെയും വർത്തമാനങ്ങൾ അലിഞ്ഞില്ലാതായി

”’ സോമേട്ടാ … ഒരു സർബത്ത് ?”’

:” എടാ എനിക്കൂടി ..”

“‘ അഭിലാഷേ ..എനിക്കും കൂടെ ഒന്ന് വാങ്ങിച്ചു താടാ “”‘

പാന്റും ഷർട്ടും ഇട്ട യുവാവ് പീടികയിലേക്ക് വന്നതും അപ്പുറത്തുമിപ്പുറത്തുമായി നിന്നിരുന്ന പിള്ളേർ അവന്റെ ചുറ്റും തടിച്ചുകൂടി

“‘ഡാ ..രമേശാ നിനക്ക് സർബത്ത് വേണോ ?””

”അഭിലാഷ് ഗോവണിപ്പടിയുടെ ചുവട്ടിലേക്ക് നീങ്ങിനിന്ന് മുകളിലേക്ക് നോക്കി ചോദിച്ചു

“‘വേണ്ടാടാ …വയറു ഫുള്ളാ “”‘

”’ നിനക്ക് മേടിച്ചു കുടിച്ചൂടേ ? അവനെന്നും ചോദിക്കുന്നുണ്ടല്ലോ ?”’ ശാലിനി രമേശനെ നോക്കി ചിരിച്ചു

“‘ ഒരിക്കൽ ഞാനവനും തിരിച്ചു വാങ്ങിക്കൊടുക്കേണ്ടി വരില്ലേ ?”’

“” ഇങ്ങനൊരു പിശുക്കൻ ..ദേ പെട്ടെന്നെഴുത് .വേണുമാഷ് വരാറായി . കള്ളട്യൂഷന്റെ കാര്യമങ്ങേര്‌ അറിഞ്ഞാലത് മതി “” ശാലിനി വെളിയിലേക്ക് ഇടയ്ക്കിടെ നോക്കിക്കൊണ്ട് പറഞ്ഞു .

സ്‌കൂളിൽ മണിയടിക്കുന്ന ശബ്ദം കേട്ടിട്ടും അവിടവിടെ നിന്നിരുന്ന കുട്ടികൾ പിരിഞ്ഞു പോയിരുന്നില്ല .

പത്തരക്കുള്ള ലീനാബസിനേ ടീച്ചർമാരെല്ലാം എത്തൂ

“” നീയിന്നും ക്‌ളാസിൽ കേറണില്ലേ രമേശാ ?”’

“‘ഇല്ല . വാരിയ മണല് കൊണ്ടോയി കൊടുക്കണം . മലബാറ് ഹോട്ടലിലാ “”

ഗോവണിയിൽ നിന്നതിവേഗത്തിൽ നോട്ട് എഴുതിക്കൊണ്ട് രമേശൻ പറഞ്ഞു .

“‘ നീ പൊറോട്ട കഴിച്ചിട്ടുണ്ടോ ശാലിനീ ?”

“” ഇല്ല .. ആ ഹോട്ടലിലാണോ നീ മണല് കൊടുക്കുന്നെ ? അച്ഛൻ പറഞ്ഞു ടൗണില് മലബാറുകാരുടെ വല്യ ഹോട്ടൽ വന്നൂന്നും ഒത്തിരി പലഹാരങ്ങളൊക്കെ ഉണ്ടെന്നും . നീ പൊറോട്ട കണ്ടോ രമേശാ .. നീ വാങ്ങിക്കഴിക്കില്ലന്നറിയാം “”

ശാലിനി അവന്റെ പിശുക്കിനെ കളിയാക്കി

“‘ ഞാൻ കഴിച്ചു “‘

“‘ഏഹ് ? സത്യം ?”’ അവൾ അവിശ്വസനീയതയോടെ അവനെ നോക്കി .

“‘ ഊം .. മണലും കൊണ്ട് ചെന്നപ്പോഴാ മൈക്കാടിന്റെ കുറവുണ്ടെന്ന് പറഞ്ഞെ . പിന്നെ മേസ്തിരിനെ സഹായിക്കാൻ കൂടി . ഉച്ചയ്ക്ക് കഴിക്കാൻ വീട്ടിൽ പോയി വരണേൽ മുക്കാ മണിക്കൂർ ആകൂല്ലേ .

അതുപറഞ്ഞപ്പോ അവര് രണ്ട് പൊറോട്ട തന്നു . നല്ല ചൂട് പൊറോട്ടയും സാമ്പാറും ”’ രമേശൻ തൊണ്ടയിൽ നിന്ന് വെള്ളമിറക്കി

“‘ ഉവ്വോ ? അച്ഛൻ പറഞ്ഞുകേട്ടു പൊറോട്ടയും പോ ത്തുകറിയുമാണ് സുപ്പെറെന്ന് . “” ശാലിനിയും തൊണ്ട നനച്ചു .

“‘ നിനക്ക് കഴിക്കണോ ശാലിനി പൊറോട്ടയും പോ ത്തുകറിയും?”’

“‘ വേണ്ടടാ …അച്ഛൻ ഈ ആഴ്ച തച്ചുപൈസ കിട്ടുമ്പോ വാങ്ങിക്കുമായിരിക്കും . അല്ലേയ് ആരായീപറയുന്നെ ? പിശുക്കൻ രമേശനോ ?ഇത് നല്ല കാര്യായല്ലോ ”’

“‘ ഞാൻ വാങ്ങിത്തരാം . ഈ നോട്സിനൊക്കെ പകരമാണെന്ന് കരുതിയാ മതി.”

“‘ വേഹ് ..വേണ്ടടാ . ഒന്നര രൂപയാണ് പൊറോട്ടക്കെന്ന് അച്ഛൻ പറയണ കേട്ടു . മുപ്പത്തിയഞ്ചു പൈസ മതി ബസ് കൂലിക്ക് .അതുണ്ടെൽ മൂന്ന് ദിവസം നടക്കാതെ കഴിക്കാം . ദേണ്ടെ ബസ് വരുന്നു . ടീച്ചറമ്മാര് കാണും . പോകുവാടാ .നാളെ ഇന്നത്തെ നോട്സ് തന്നേക്കാം “‘

ബസ് സ്റ്റോപ്പിൽ എത്തുന്നതിന് മുൻപേ ശാലിനി രമേശനെ മറികടന്നു ഗോവണിയിറങ്ങി അതിവേഗത്തിൽ സ്‌കൂളിലേക്ക് നടന്നു .

“‘രമേശാ … ഞാൻ പറഞ്ഞ കാര്യമെന്തായി . നീ പറഞ്ഞോ ശാലിനിയോട് ”’

അവൾ കൺവെട്ടത്ത് മറഞ്ഞപ്പോൾ അഭിലാഷ് ഓടി രമേശന്റെയടുത്തു വന്നു .

“‘ഇല്ല .. ഞങ്ങൾ ഇങ്ങനത്തെ കാര്യങ്ങളൊക്കെ സംസാരിക്കാറില്ല അഭിലാഷേ . നിനക്ക് വേണേൽ പറഞ്ഞോളൂ ”

രമേശൻ അവനെ ഗൗനിക്കാതെ പീടികയുടെ ഭിത്തിയിൽ ചാരിവെച്ചിരുന്ന സൈക്കിൾ റോഡിലേക്കെടുത്തു .

” ഓ ..നിനക്കവളെ ഇഷ്ടം ആരിക്കും “‘

“‘എനിക്കങ്ങനൊന്നുമില്ല . എന്റെ വീട്ടിലാരും ഇല്ലടാ . തളർന്ന് കിടക്കുന്നൊരമ്മയേ ഉള്ളൂ . അമ്മക്ക് മരുന്നുവാങ്ങാനും മറ്റുമാണ് ഞാൻ മണലുവാരാനും കിട്ടുന്ന പണിക്കുമൊക്കെ പോകുന്നെ . മിസ്സാകുന്ന ക്‌ളാസിന്റെ നോട്സ് കിട്ടാനുള്ള ഏക അത്താണിയാണവൾ . അത് ഞാൻ കളയില്ല “‘

രമേശൻ സൈക്കിളിൽ കയറി അതിവേഗത്തിൽ ചവിട്ടിയോടിച്ചു പോയി .

”’ ഇന്ന് വൈകുന്നേരം ഞാനാ കശുമാവിൻ തോട്ടത്തിന്റെ അവിടെ കാത്തുനിൽക്കും കേട്ടോ ശാലിനീ “”

“‘എന്തിന് ?”’ കുറച്ചുദിവസം കഴിഞ്ഞ് പതിവുപോലെ നോട്സ് എഴുതുന്നതിനിടക്ക് രമേശൻ അവളോട് പറഞ്ഞപ്പോൾ ശാലിനിക്കത്‌ഭുതമായി

“‘ ചൂട് പൊറോട്ടയും പോ ത്തുകറിയും വാങ്ങിത്തരാനാ .നീ പേടിക്കുവൊന്നും വേണ്ട “‘

“‘ ആലയിൽ കിടക്കുന്ന പൂച്ചയെന്തിനാടാ വെയില് പേടിക്കുന്നെ . “‘

ഒരുനിമിഷം വിടർന്ന അവളുടെ കണ്ണുകളുടെ തിളക്കം പൊടുന്നനെ മങ്ങി

“‘ സോമേട്ടാ … നിങ്ങളീക്കട ഒക്കെ നിർത്തി വല്ല ബിരിയാണിക്കടയും തുടങ്ങുകെട്ടോ . ഇന്നലെ മലബാറീന്ന് ബിരിയാണി കഴിച്ചു ..എന്താ ടേസ്റ്റ് !!”’ അഭിലാഷ് ഉറക്കെ പറഞ്ഞിട്ട് ഗോവണിച്ചുവട്ടിലേക്കെത്തി നോക്കി

“‘ നാരങ്ങാവെള്ളം തന്നെ കുടിക്കണ പിള്ളേര് കുറവാ ചെറുക്കാ , അന്നേരമാ ബിരിയാണീം പൊറോട്ടേമൊക്കെ”

അഭിലാഷിന്റെ സംസാരം എന്തിനെന്നറിയാത്ത പീടികക്കാരൻ സോമൻ പിറുപിറുത്തു

“‘എടി ശാലിനി .. നിന്നെ അഭിലാഷിന് വല്യ ഇഷ്ടമാ കേട്ടോ . പ്രീഡിഗ്രി കഴിഞ്ഞാൽ കല്യാണം കാണൂല്ലോ .അവനെ ആലോചിച്ചാൽ എന്നും ബിരിയാണിയും പൊറോട്ടയുമൊക്കെ തിന്നാം “‘

“‘അവന്റെ അച്ഛൻ പേർഷ്യയിൽ അല്ലേ . ആ കാശിന്റെ അഹങ്കാരമാ ഈ കാണിക്കുന്നേ .. എനിക്കെങ്ങും വേണ്ടവനെ . നിന്നെ ഞാൻ കെട്ടട്ടേടാ രമേശാ ?”‘

രമേശൻ അന്തിച്ചു നിൽക്കെ ശാലിനി വാപൊത്തിച്ചിരിച്ചു കൊണ്ട് നോട്ടുബുക്കും വാങ്ങി നടന്നു .

കളർ മങ്ങി പഴയതെങ്കിലും നീലപ്പാവാടയിലും തവിട്ട് ധാവണിയിലും അവളുടെ കത്തിജ്വലിക്കുന്ന സൗന്ദര്യം ഒരുനിമിഷം രമേശൻ നോക്കി നിന്നുപോയി . വെറുതെയല്ല അഭിലാഷും മറ്റുള്ളവരും ശാലിനിയുടെ പുറകെ വട്ടമിട്ട് നടക്കുന്നതെന്നവന് തോന്നി .

“” ശാലിനീ .ഇതാ പൊറോട്ട .ആരേലും കാണുന്നേനു മുന്നേ പൊക്കോ “”

തന്റെ വീട്ടിലേക്കുള്ള വഴിയേ നടക്കാൻ തുടങ്ങിയ ശാലിനിയെ തടഞ്ഞു സൈക്കിളിന്റെ മണിയടിച്ചു കൊണ്ട് രമേശൻ തന്റെ വരവറിയിച്ചു

” അയ്യോ രമേശാ .. ഇതുംകൊണ്ട് വീട്ടിലേക്ക് പോകാൻ പറ്റില്ല . “‘

“‘ എങ്കിൽ പെട്ടന്ന് വാ . ആ ഷെഡിന് പുറകിലിരിക്കാം “”

“‘ ഞാൻ അവിടെ കുറച്ചുനേരം നോക്കി . അച്ഛൻ പണി കഴിഞ്ഞു വരുമ്പോ കണ്ടില്ലേൽ ചീത്ത കേൾക്കും . അതോണ്ടാ നടന്നേ “‘

പൊറോട്ട പൊതിഞ്ഞ വാഴയില നിവർത്തി അവന്റെ മുന്നിലേക്ക് ഒരു പൊറോട്ടയും കഷണവും ചാറും ഒഴിച്ചവൾ നീട്ടി .

“‘ എനിക്ക് വേണ്ട നീ കഴിച്ചോ . എനിക്കും അമ്മയ്ക്കും ഉള്ളതും കൂടി ഞാൻ വാങ്ങി . “‘ രമേശൻ തന്റെ സഞ്ചി കാണിച്ചുകൊണ്ട് പറഞ്ഞു .

“‘ നല്ല രുചി . ഒത്തിരിയായി ഇറച്ചി കഴിച്ചിട്ട് “‘ ശാലിനിയുടെ കണ്ണുകൾ എരിവുകൊണ്ടോ എന്തോ കലങ്ങിച്ചുവന്നു

“‘അമ്മക്ക് വേണോടീ “‘

“‘ കൊണ്ടുപോയാൽ അച്ഛൻ കാണും . എവിടുന്നാന്ന് ചോദിച്ചാൽ … ””‘

“‘ആരാടാ അത് ..എടി …നീ … നീയേതാടാ നാ യെ “‘ ഓർക്കാപ്പുറത്തൊരു ശബ്ദം കേട്ട് രമേശനും ശാലിനിയും ഞെട്ടിയെണീറ്റു

അച്ഛൻ…

ശാലിനി പിറുപിറുക്കുന്നതിനും മുൻപേ ചെകിടടച്ചു അടി വീണിരുന്നു .

”അവളെ അടിക്കല്ലേ ഭാസ്കരൻ ചേട്ടാ. “”‘ ആദ്യത്തെ അമ്പരപ്പ് മാറിയപ്പോൾ രമേശൻ അവരുടെ ഇടയിൽ കയറിനിന്നു

“‘നീയേതാടാ ചെറ്റേ ? മൂട്ടിലെ മഞ്ഞള് മാറുന്നേന് മുന്നേ പെമ്പിള്ളേരെ പിഴപ്പിക്കാൻ നടക്കുന്നോ ?”’

തടയാൻ വന്ന രമേശന്റെ നെഞ്ചിൽ തന്നെ ഭാസ്കരൻ കാലുയർത്തി ചവിട്ടി .

“‘ വേണ്ട ഭാസ്കരേട്ടാ ..വിട്ടേക്ക് . പിള്ളേരല്ലേ ?””

അപ്പോഴാണ് ഷെഡിന്റെ മറവിൽ നിന്ന് ഭാസ്കരന്റെ കൂടെ വന്ന ഒരു സ്ത്രീ അങ്ങോട്ട് വന്നത്. അവർ തടഞ്ഞിട്ടും ഭാസ്കരൻ രമേശനെ നിലത്തിട്ട് ചവിട്ടി .

“‘ അവനെ ഒന്നും ചെയ്യല്ലേ .. ഞങ്ങൾ എന്നാ ചെയ്തൂന്നാ.

എന്നതായാലും നിങ്ങളെ പോലെ അല്ല . രമേശൻ എന്റെ കൂടെ പഠിക്കുന്നതാ . ഇതുപോലത്തെ പിഴച്ച പണിക്കൊന്നുമല്ല ഞങ്ങള് വന്നേ ” ശാലിനിക്ക് ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു

“‘ എന്ത് പറഞെടി . എന്റെ കാശും കൊണ്ട് തിന്ന് ചീർത്തിട്ട് നീ എന്നെ പഠിപ്പിക്കാൻ വരുന്നോ ?”’… ..നാ യി ന്റെമോളെ “” ഭാസ്കരൻ ശാലിനിയെ കാലുമടക്കി തൊഴിച്ചു

“‘മതി ഭാസ്കരേട്ടാ … ചത്തുപോകും . എടി പെങ്കൊച്ചേ ..നിന്നെപ്പോലെ ചോരേം നീരുമുള്ള പെമ്പിള്ളേരെ പെഴപ്പിക്കാൻ ഇതുപോലത്തെ ചെറുക്കമ്മാര് കാണും .എന്നിട്ട് പേരുദോഷം വീട്ടിലുള്ളോർക്കും . ആ ചെറുക്കനേം വിളിച്ചോണ്ട് പോകാൻ നോക്ക് “”

മുറുക്കാൻ തുപ്പിക്കളഞ്ഞിട്ട് ആ സ്ത്രീ ഭാസ്കരന്റെ കയ്യിൽ പിടിച്ചു വലിച്ചു

“” ഊം ..പൊക്കോ … നിന്നെയിനിയിവടെ പുറകെ എങ്ങാനും കണ്ടാൽ ചവിട്ടി നടുവൊടിക്കും ഞാൻ …നാ യെ “‘

ശാലിനി നിലത്തുവീണ് പിടയുകയായിരുന്ന രമേശനെ താങ്ങിയെണീപ്പിക്കുമ്പോൾ ആ സ്ത്രീയുടെ പിടിവിടുവിക്കാൻ ശ്രമിച്ചു കൊണ്ട് ഭാസ്കരൻ പുലമ്പി

“‘ നിങ്ങടെ ഇപ്പഴത്തെ ഭാര്യേടെ ആദ്യത്തെ കുടീലെ പെണ്ണല്ലേ അത് . പെണ്ണ് കൊള്ളാല്ലോ . ”’

” ആ ..അതേ വയ്യാവേലിയാ ഇവള് … പഠിപ്പും കല്യാണോം. അതെങ്ങനാ … ഇവളെ കൊണ്ട് കളയാൻ പറഞ്ഞാ ഇവൾടെ തള്ള കേൾക്കണ്ടേ “‘

“‘ “‘കളയുവോന്നും വേണ്ട ഭാസ്കരേട്ടാ .. നിങ്ങക്ക് ശല്യമാണേൽ എനിക്ക് തന്നേരെ പൊന്നുപോലെ നോക്കിക്കൊള്ളാം . നിങ്ങക്ക് മാസം മാസം വല്ലോം തരുകേം ചെയ്യാം “‘

ഷെഡിന്റെ പുറകീന്നുള്ള പിറുപിറുക്കൽ കേട്ടതും രമേശനാധിയായി .

“” മതി കുടിച്ചത് .. വല്ലോം വേണേൽ നോക്ക് .എനിക്ക് രാത്രി പണിയുള്ളതാ “‘

“‘ ഇന്നിനി വേണ്ട … ഒരു മൂഡില്ല .”

“”’ എന്നാ പറ്റി പെട്ടന്നെന്നെ ഇങ്ങോട്ട് വിളിച്ചു കേറ്റിട്ട് ..ആ പെണ്ണ് ചെന്ന് പറഞ്ഞു കൊടുക്കുമോ നിങ്ങടെ പെമ്പറന്നോത്തിയോട് ?”

“‘ പോകാൻ പറ അവളോട് .. ഞാൻ പോകുവാ .. നീയിതുവെച്ചോ “”

ഭാസ്കരൻ നടന്നു വരുന്ന ശബ്ദം കേട്ടതും രമേശൻ ഷെഡിന്റെ സൈഡിൽ ചാരി വെച്ചിരുന്ന ഓലകൾക്കിടയിൽ പതുമ്മി . നടക്കാൻ വയ്യാത്തത് കൊണ്ടാണ് അവൻ പോകാതെ ഇരുന്നത് . അവരിരിക്കുന്ന സൈഡിലൂടെ തന്റെ സൈക്കിളിനരികിലേക്ക് നടക്കുന്നത് കണ്ടാൽ അയാൾ വീണ്ടും മർദ്ധിക്കുമെന്നവൻ ഭയപ്പെട്ടിരുന്നു .

വീട്ടിലെത്തിയ ശാലിനി പൊട്ടിക്കരഞ്ഞുകൊണ്ട്‌ നിലത്തുവിരിച്ച പായയിലേക്ക് കിടന്നു

രമേശന്റെ മുന്നിൽ വെച്ചടി കിട്ടിയതിൽ അല്ല അവൾക്ക് വിഷമമായത് . അച്ഛൻ മരിച്ചതിൽ പിന്നെ തനിച്ചായപ്പോൾ നാട്ടുകാരുടെ നീളുന്ന കണ്ണുകളും പുലഭ്യങ്ങളും ഭയന്നാണ് അടച്ചുറപ്പില്ലാത്ത ഓരോ രാത്രിയും പുലർന്നിരുന്നത് .

കയ്യകലത്ത് അരിവാളുമായി താനും അമ്മയും ഉറങ്ങാത്ത രാത്രികൾ. വകയിലൊരമ്മാവൻ വഴി താൻ തന്നെയാണ് ഈ ആലോചനക്ക് മുൻകൈ എടുത്തതും അമ്മയെ നിർബന്ധിച്ചു കല്യാണത്തിന് സമ്മതിപ്പിച്ചതും .

തന്നെ പഠിപ്പിക്കുന്നതിൽ അയാൾക്ക് വലിയ താൽപര്യമില്ലായിരുന്നു . എത്രയും പെട്ടന്ന് ആരെയെങ്കിലും കണ്ടെത്തി കല്യാണം കഴിപ്പിച്ചു വിടാനായിരുന്നു അയാളുടെ തീരുമാനം .

അയാളുടെ കൂടെ പണിക്ക് നിൽക്കുന്ന ഒരുത്തനുമായി കല്യാണമാലോചിച്ചു വന്നിരുന്നു . തുറിച്ച കണ്ണുകളും മുറുക്കിചുവപ്പിച്ച കണ്ണുകളും ഉള്ള അയാളുടെയത്ര പ്രായവുമുള്ള ഒരുത്തൻ .

അന്ന് ആദ്യമായാണ് അമ്മ അയാളെ മറുത്തുപറഞ്ഞത് .അമ്മയുടെ ഒറ്റ നിർബന്ധം കൊണ്ടാണ് പ്രീഡിഗ്രിക്ക് ചേർത്ത തും . പ്രായം കൂടും തോറും അയാളുടെ നോട്ടങ്ങളിലും പെരുമാറ്റത്തിലും മാറ്റം വന്നു തുടങ്ങി . ഒന്നും അമ്മയോട് പറഞ്ഞിട്ടില്ല . അമ്മയുടെ സന്തോഷം കെടുത്താനും തോന്നുന്നില്ല .

ശാലിനി അമ്മ വരുന്നതിന് മുൻപ് കുളിക്കുവാനായി പുറത്തെ ബാത്റൂമിലേക്ക് നടന്നു .

മൂന്നുമണി വരെയാണ് കോളേജ് . മൂന്നേകാലിനുള്ള ബസിനെല്ലാ ടീച്ചേഴ്സും കുട്ടികളും പോകും . നാലുമണി കഴിഞ്ഞ് സ്‌കൂളിൽ നിന്ന് കുട്ടികളെയും കൊണ്ടേ അമ്മ വരൂ .

കുട്ടികളെന്ന് പറഞ്ഞാൽ അയാളുടെ ആദ്യത്തെ ഭാര്യയിലുള്ള ഒരു പെൺകുട്ടിയും അമ്മയിൽ ഉള്ള ചെറുക്കനും . പിളേളരെ അമ്മ സ്വന്തം മക്കളെ പോലെയാണ് നോക്കുന്നത് . താനുമതേ .

“” അവള് വന്നില്ലേടീ ഒരുമ്പെട്ടോളെ ”’

കുളിച്ചുവന്നു ഡ്രെസ് മാറുകയായിരുന്നു ശാലിനി ഓർക്കാപ്പുറത്ത് പുറകിൽ നിന്നുള്ള ശബ്ദം കേട്ട് ഞെട്ടി .

” ഇ …ഇല്ല ..അമ്മ വന്നില്ല “”

നനഞ്ഞ തോർത്തിന് മീതെ കൈകൾ പിണച്ച് ന ഗ്ന ത മറച്ചുകൊണ്ട് അയാളെ നോക്കിക്കൊണ്ട് ശാലിനി അയയിലെ തുണിക്കായി പരതി

“‘ ആ … സ്കൂളില് കാർന്നോമ്മാരുടെ മീറ്റിങ് .. എന്നോടിപ്പോ പറഞ്ഞായിരുന്നു. ഞാനതോർത്തില്ല . നീയിച്ചിരി വെള്ളമിങ്ങെടുത്തേ “‘

ഭാസ്കരൻ അരയിൽ നിന്ന് കുപ്പിയെടുത്ത് അവളെ ആർത്തിയോടെ നോക്കിക്കൊണ്ട് പറഞ്ഞു . .

“‘അച്ഛൻ പുറത്തേക്ക് പൊക്കേ ..ഞാൻ കൊണ്ടുവന്നോളാം “‘

”ആഹാ ..എന്നാ നിനക്കിപ്പോ കൊണ്ടുവന്നാല് ?”

ശാലിനിക്കൊന്നും ചെയ്യാൻ കഴിയും മുൻപേ ഭാസ്കരൻ അവളുടുത്തിരുന്ന തോർത്ത് വലിച്ചുപറിച്ചെടുത്തിരുന്നു

“‘ഇറങ്ങിപ്പോടാ പ ട്ടീ ..ഭ്ഭൂ …” ശാലിനി അയാളുടെ മുഖത്തേക്ക് കാറിത്തുപ്പി .

”” കണ്ടവന്മാരുടെയൊക്കെ ഒപ്പം അഴിഞ്ഞാടാൻ നിനക്ക് പറ്റൂല്ലോ … എന്നെയെന്നാ നിനക്ക് പിടിക്കൂല്ലേ ?”’

അയാൾ വായിലേക്ക് കുപ്പി കമിഴ്ത്തിയിട്ട് ഭിത്തിയിൽ കുപ്പി തല്ലിപ്പൊട്ടിച്ചു , ബാക്കിയുള്ള ചില്ലുകഷണവുമായി അവൾക്ക് നേരെ അടുത്തു .

“”‘ അച്ഛാ .. വേണ്ടാ .. നിങ്ങളെ ഞാൻ ഇതുവരെ അച്ഛാന്ന് മാത്രമേ വിളിച്ചിട്ടുള്ളൂ .എന്റെ സ്വന്തം അച്ഛനായിട്ടാണ് നിങ്ങളെ ഞാൻ കാണുന്നത് .. “”‘

ശാലിനി പകപ്പോടെ പുറകിലേക്ക് അടിവെച്ചു .. അവളുടെ മുഖത്ത് ഒരച്ഛനെപോലെ സ്നേഹിച്ചിരുന്ന അയാളിങ്ങനെ പെരുമാറുന്നല്ലോ എന്നുള്ള വിഷമവും നിസ്സഹായതയുമായിരുന്നു .

“‘അ…. മ്മേ ……. ””

“” ഒച്ചവെക്കണ്ട … നിന്റമ്മ വന്നാലാദ്യം തീരുന്നതവളാരിക്കും . കൊന്നുകളയും ഞാൻ രണ്ടിനേം . “‘

ശാലിനിയുടെ ആർത്തനാദം തൊണ്ടയിൽ പാതികുരുങ്ങി .

“” ശാലിനി …ഇവിടെയാരുമില്ലേ ?”’

പുറത്തു നിന്നാരോ വിളിക്കുന്നത് കേട്ട് ശാലിനി വാതിൽ തുറന്നു .

“‘രമേശനോ … സുഖമാണോ നിനക്ക് ?”’

വാതിൽ തുറന്ന് പുറത്തേക്ക് വന്ന ശാലിനിയെ കണ്ട് രമേശന് മിണ്ടാനായില്ല

അൽപം തടിച്ചിട്ടുണ്ട് ശാലിനി . പക്ഷെ , മുഖത്തെ സ്ഥായിയായ പ്രസരിപ്പും കണ്ണുകളിലെ തിളക്കവും മാഞ്ഞിരിക്കുന്നു .

“‘ശാലിനി … നീ … ഇപ്പൊ .. ഇപ്പൊ പഠിക്കുന്നില്ലേ ?”’

“”പഠിപ്പോ … രമേശൻ കഴിഞ്ഞ രണ്ട് വർഷം എവിടെയായിരുന്നു . വന്നിട്ട് നേരേഇങ്ങോട്ടാണോ പോന്നെ ? അങ്ങാടീൽ ഒന്നും പോയില്ലേ ? അറിഞ്ഞു കാണുമല്ലോ എനിക്ക് ജോലി കിട്ടിയ കാര്യം “‘ ശാലിനി പുച്ഛത്തോടെ അവനെ നോക്കി ചിരിച്ചു .

“‘ അമ്മ … അമ്മേം പിള്ളേരുമെവിടെ ?”

“‘അമ്മയകത്തുണ്ട് ..നീ കേറി വാ . പിള്ളേര് സ്‌കൂളിലാ . വരാൻ സമയമാകുന്നതേയുള്ളൂ ”

അകത്തെ തേക്കാത്ത ചുമരിനരികെ വിരിച്ചിട്ട പായയിൽ കിടക്കുന്ന മെല്ലിച്ച രൂപത്തെ രമേശൻ ഒന്നേ നോക്കിയുള്ളൂ .

“‘അമ്മ ..അമ്മക്കെന്നാ പറ്റിയതാ ?”’

“” ചത്തിട്ടില്ല .. പറയുന്നതെല്ലാം മനസ്സിലാകും …കഴുത്തിന് താഴേക്ക് തളർന്നുപോയതാ . നട്ടെല്ലിന് ചവിട്ട് കിട്ടിയാൽ പിന്നെ .. “‘ ശാലിനിയുടെ വാക്കുകളിൽ ആത്മനിന്ദ നിറഞ്ഞിരുന്നു .

“‘ നീയിരിക്ക് …നീ വല്ലോം കഴിച്ചോ ?. പൊറോട്ടയും പോ ത്തുകറിയുമുണ്ട്. എടുക്കട്ടേ ? എനിക്കിവിടെ ഇപ്പൊ കുശാലാടാ . മൂന്ന് നേരം നല്ല ഇറച്ചിയും മീനും കൂട്ടി ആഹാരമുണ്ട്. നോക്കിക്കേ … ഞാൻ തടിച്ചില്ലേ “” ശാലിനി ചിരിച്ചു .

“‘ പിള്ളേര് വന്നില്ലെടീ ശാലിനി … ആ വരുന്ന വരെ ഞാനിരിക്കാം . ആരും പിടിച്ചോണ്ടൊന്നും പോകത്തില്ല. എന്നാലും നിന്റെ കെട്യോന് വന്നിരിക്കണോന്ന് നിർബന്ധം … ആരാ ഇത് ? നീയേതാടാ ചെറുക്കാ ?”’

പുറത്തു നിന്ന് ഉറക്കെ സംസാരിച്ചോണ്ട് അകത്തേക്ക് കയറി വന്ന സ്ത്രീ രമേശനെ അടിമുടി നോക്കിയിട്ട് മുറുക്കാൻ പുറത്തേക്ക് തുപ്പി .

“‘ യെവനെ ഞാനെവിടെയോ കണ്ടിട്ടുണ്ടല്ലോ .. ”

“‘ എന്റെ കൂടെപ്പഠിച്ചതാ രമണിച്ചേച്ചീ … അവനിവിടെയില്ലാരുന്നു ..ചായയെടുക്കട്ടെ . ”’

“‘വേണ്ട ..നീയിച്ചിരി ഗ്ലാസും വെള്ളോമെടുത്തെ . തൊട്ടുനക്കാനും വല്ലതും . അങ്ങേരു വരുന്നതിന് മുൻപൊന്ന് ഉഷാറാകട്ടെ …ആ … ഇപ്പൊ ഓർമ വന്നു … ഡാ നിന്നെയല്ലേ ഞങ്ങള് ഇവളുടെ കൂടെ പിടിച്ചത് ..

ആ അതെന്തായാലും നന്നായി . ഇവള് രക്ഷപെട്ടു അന്നത്തെ സംഭവം കൊണ്ട്. ആ നീയെന്നാത്തിനാ വന്നേ ? പണ്ടത്തെ ബന്ധം പറഞ്ഞോണ്ട് ചുളുവിൽ കാര്യം സാധിക്കാൻ ആണേൽ നടക്കത്തില്ല .. ചോദിക്കുന്ന പൈസ തരണം “‘

ആ സ്ത്രീ രമേശനെ നോക്കി പുച്ഛസ്വരത്തിൽ പറഞ്ഞു ..

“”ശാലിനീ …എനിക്ക് സംസാരിക്കണം “”

ആ സ്ത്രീക്ക് ഗ്ലാസും വെള്ളവും കൊണ്ടുകൊടുത്തിട്ട് മുറിയിലേക്ക് നടന്ന ശാലിനിയുടെ മുന്നിൽ കയറി നിന്ന് രമേശൻ പറഞ്ഞു

”’ എന്ത് സംസാരിക്കാൻ .. എടി കൊച്ചെ .. ബസ് പോകും നീ ഒരുങ്ങാൻ നോക്ക് .. മൊത്തം പൈസേം എണ്ണി വാങ്ങി നിന്റെ കെട്യോനെ ഏൽപ്പിച്ചിട്ടാ ഞാൻ വന്നേക്കുന്നെ..ഡാ കൊച്ചനെ … നിന്റേൽ പൈസയുണ്ടേ താ ..എന്നിട്ട് നാളെയോ മറ്റന്നാളോ വാ . അത്ര പൂതിയാണേൽ ”

രമണി പുച്ഛത്തോടെ അവനെ നോക്കി പറഞ്ഞിട്ട് ഗ്ലാസ്സിലേക്ക് കുപ്പിയുടെ അടപ്പ് തുറന്ന് പാതി ഒഴിച്ചു വായിലേക്ക് കമിഴ്ത്തിയിട്ട് പുറകെ വെള്ളം മടമടാന്ന് കുടിച്ചു .

“‘നീയൊരു സ്ത്രീയാണോ പിഴച്ച തള്ളെ …”‘രമേശൻ ദേഷ്യത്തോടെ അവളൊഴിച്ചുവെച്ച കുപ്പിയെടുത്തു നിലത്തെറിഞ്ഞു പൊട്ടിച്ചു .

“‘ രമേശാ ..നീ പോ “‘ ഡ്രസ്സ് ,മാറാനായി അകത്തേക്ക് കയറിയ ശാലിനി വാതിൽ തുറന്ന് പുറത്തേക്കിറങ്ങി വന്ന് പറഞ്ഞു . അടിപ്പാവാടയിലും ബ്ലൗസിലും അവളുടെ ശരീരം കണ്ട രമേശൻ വെറുപ്പോടെ അവളിൽ നിന്ന് മുഖം തിരിച്ചു .

“‘ശാലിനി … എനിക്ക് സംസാരിക്കണം … ”’ രമേശൻ അവളെ നോക്കാതെ തിരിഞ്ഞു നിന്നുതന്നെ പറഞ്ഞു .

“‘ എന്ത് സംസാരിക്കാൻ .. എടി പെണ്ണെ നീ പോയി തുണി മാറാൻ നോക്ക് . ഡാ കൊച്ചനെ .. തടി കേടാക്കണ്ടങ്കിൽ ഓടിക്കോ .. പണ്ടത്തെ ഓർമയുണ്ട.. ല്ലോ …ഹമ്മേ ….. എന്റമ്മേ … അടിക്കല്ലേ …””

രമണി പറഞ്ഞു തീരും മുൻപേ അവളുടെ കരണമടച്ചു രമേശന്റെ കൈ വീണിരുന്നു

“രമേശാ …അടിക്കല്ലേ ..ഡാ ..അടിക്കല്ലേ ..നിന്നോടല്ലേ പറയുന്നേ ?”’

ശാലിനി പെട്ടന്ന് അവരുടെ ഇടയിൽ കേറിനിന്ന് രമേശനെ തള്ളിമാറ്റി .

“‘ നിനക്കെന്നാ വേണ്ടത് ? എന്നെയോ … എന്നെയാണോ നിനക്ക് വേണ്ടത് ?”’

ശാലിനി ജ്വലിക്കുന്ന കണ്ണുകളോടെ അവനെ നോക്കി ചോദിച്ചു .

“‘ശാലിനി ..നീ ..നീ ഡ്രസ്സ് മാറിയിട്ട് വാ ..നമ്മക്ക് ..നമ്മക്ക് പോകാം ഇവിടുന്ന് ?”

“” പോകാമെന്നോ ? ..നമ്മക്ക് പോകാമെന്നോ ? എങ്ങോട്ട് ..എങ്ങോട്ട് പോകാമെന്ന് ..നിനക്കെന്നോട് പ്രണയമാണോ രമേശാ … നീ എന്നെ നോക്ക് .. എന്നെ നോക്കുമ്പോൾ നിന്റെ കണ്ണിൽ അറപ്പാണല്ലോ കാണുന്നെ … ഒരു വേശ്യയോടുള്ള അറപ്പ് ”’ ശാലിനി പതിഞ്ഞശബ്‍ദത്തിൽ അവനെ നോക്കി പറഞ്ഞു

രമണി ഇനിയും അടികിട്ടുമെന്ന പേടിയിൽ ഭിത്തിയിൽ ചാരി നിൽക്കുകയായിരുന്നു .

“‘ശാലിനി .. പറയുന്ന കേൾക്ക് … നീ ഡ്രെസ് മാറി വാ … നമുക്കിവിടുന്ന് പോകാം . നീയിങ്ങനെ കിടന്ന് നരകിക്കുന്നത് കാണാനെനിക്ക് പറ്റില്ല “‘

“‘സഹതാപമാണോ രമേശാ ..ഞാൻ എങ്ങോട്ടും വരുന്നില്ല ..നീ പോകാൻ നോക്ക് . ഞാൻ നിന്നെ പ്രേമിച്ചിട്ടൊന്നുമില്ലല്ലോ “‘

“‘ഉണ്ടെന്ന് ഞാൻ പറഞ്ഞില്ലല്ലോ .. പക്ഷെ നിക്ഷേധിക്കാൻ നിനക്ക് പറ്റുമോ ശാലിനി . ഉള്ളിന്റെയുള്ളിൽ എങ്കിലും ഒരല്പം സ്നേഹം നിനക്കെന്നോട് ഇല്ലായിരുന്നുവെന്ന് “”

“‘രമേശാ … ഞാൻ …”‘ ശാലിനിയുടെ ശബ്ദം ആദ്യമായി ഇടറി .

“” നീ വന്നേ … നോക്ക് ..”‘

രമേശന്റെ കയ്യിൽ പിടിച്ചുവലിച്ചുകൊണ്ട് കയറിയ ശാലിനി പറഞ്ഞതും രമേശൻ ആ മുറിയുടെ മൂലയിൽ കെട്ടിയ തൊട്ടിയിലേക്ക് നോക്കി . വായിൽ വിരൽവെച്ചു പുഞ്ചിരിച്ചുകൊണ്ട് തൊട്ടിയിൽ കിടന്നുറങ്ങുന്ന ഒരു കുഞ്ഞ് .

”’ ഇനി ഞാൻ വരണോ നിന്റെ കൂടെ ?”’

രമേശൻ ശാലിനിയെ ദയനീയമായി ഒന്ന് നോക്കിയിട്ട് തല കുമ്പിട്ടിറങ്ങി നടന്നു .

മുറിയിലെ പായയിൽ കിടന്ന ശാലിനിയുടെ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു . അവർ അസംസ്പഷ്ടമായി എന്തോ പറയുവാനും ശ്രമിക്കുന്നുണ്ടായിരുന്നു .

”’ രമേശനോ … നീയെന്നാ വന്നേ ? അമ്മ എവിടെയാടാ ?”

കോളേജിന്റെ മുന്നിലെ ആ പീടികയിൽ നിന്ന് മുകളിലേ ട്യൂഷൻ സെന്ററിലേക്കുള്ള ഗോവണിയിൽ അവശനായി വന്നിരിക്കുമ്പോൾ സോമേട്ടൻ ചോദിച്ചതിന് അവന് ഉത്തരം നൽകാനായില്ല .അവന്റെ ശരീരം മാത്രമായിരുന്നു അവിടുണ്ടായിരുന്നത് . മനസ് എവിടെയോ കൈമോശം വന്നനിലയിലായിരുന്നു

”നീ വല്ലോം കഴിച്ചോ .. ?ഇത് കുടിക്ക് ””

സോമേട്ടൻ നീട്ടിയ സർബത്ത് ആർത്തിയോടെ കുടിച്ചു തീർത്തിട്ടും അവന് തൊണ്ട വരളുന്നത് പോലെ തോന്നി .

“‘സോമേട്ടാ … ഒരു പാക്കറ്റ് ചാർമിനാർ … വിൽസ് ഒന്നും കാണില്ലല്ലോ അല്ലെയിവിടെ ?”’

ഒരു കാർ വന്നു നിൽക്കുന്നതും ആരോ വന്ന് കടയുടെ മുന്നിൽ നിന്ന് ചോദിച്ചതുമൊന്നും രമേശന്റെ ചെവിയിൽ പെട്ടില്ല .

“‘ അഭിലാഷ് കുഞ്ഞ് വന്നിട്ടിങ്ങോട്ടിറങ്ങിയില്ലല്ലോ ..വന്നൂന്ന് അറിഞ്ഞാരുന്നു . ഇനി പേർഷ്യക്ക് പോകുന്നുണ്ടോ ?”’

“‘ ഹമ് .. തിരക്കല്ലേ സോമാ . ബിസിനസൊക്കെ അവിടെയല്ലേ ? ഞാൻ അടുത്തയാഴ്ച പോകും . ആ ഭാസ്കരൻ ഇങ്ങോട്ട് വന്നാരുന്നോ ?”’

“അവനാ ചാരായക്കടേൽ കാണും . അവനുമായിട്ടെന്നാ എടപാട് ?”’

“” അവനുമായല്ല … അവന്റെ പെമ്പറന്നോത്തി ആയിട്ടാ . .””

“” ആര് … ശാലിനിയോ . അവള് കുഞ്ഞിന്റെ കൂടെ പഠിച്ചതല്ലേ ?”’

“‘അതെ സോമേട്ടാ …ശാലിനി പണ്ട് ഞാനൊന്ന് ഇഷ്ടമാണെന്ന് പറഞ്ഞപ്പോ അവൾക്ക് വല്ലാത്ത സൂക്കേട് . കാൽകാശിനു ഗതിയില്ലാത്ത ആ രമേശനെ മതി പോലും ”’

ശാലിനിയുടെ പേര് കേട്ടതും രമേശൻ ഉറക്കത്തിൽ നിന്നെന്ന പോലെ ചാടിയെണീറ്റു

“” കൊല്ലം കുറെയായി ഞാൻ ഈ ദിവസത്തിന് വേണ്ടി കാത്തിരിക്കാൻ തുടങ്ങീട്ട് . അന്നവനും അവളും കൂടെ ആ കശുമാവിൻ തോട്ടത്തിലേക്ക് കേറിപ്പോയപ്പോ ഭാസ്കരനെ കുപ്പിയും കൊടുത്തങ്ങോട്ട് ഞാൻ കേറ്റി വിട്ടു …”‘

“‘ ഡാ …പട്ടീ …..”” പറഞ്ഞുതീരും മുൻപ് പുറകിൽ നിന്നുള്ള ചവിട്ടേറ്റ് അഭിലാഷ് റോഡിലേക്ക് തെറിച്ചു വീണിരുന്നു . അഭിലാഷിന് എഴുന്നേൽക്കാൻ ആവുന്നതിന് മുൻപ് രമേശൻ അവന്റെ മേലേക്ക് ചാടി വീണു.

“‘ ഡാ … നാ യിന്റെ മോനെ . വിടടാ അഭിലാഷ് കുഞ്ഞിനെ ..”‘

അഭിലാഷുമായി റോഡിൽ കിടന്ന് മൽപ്പിടുത്തം നടത്തുകയായിരുന്ന രമേശൻ പുറത്തിനിട്ട് ഓർക്കാപ്പുറത്തൊരു ചവിട്ട് കിട്ടിയപ്പോൾ തിരിഞ്ഞു നോക്കി

ഭാസ്കരൻ !!

തോൾ സഞ്ചിയിൽ നിന്ന് ഭാസ്കരൻ ഉളി എടുത്തപ്പോൾ ചുറ്റും കൂടിയിരുന്നവർ ചിതറിയോടി

“‘ഹമ്മേ … “”

വയറ്റിൽ തല വെച്ചുള്ള ഇടിയേറ്റ് ഭാസ്കരൻ പിന്നോട്ട് മറിഞ്ഞുവീണു . കണ്ണടച്ച് തുറക്കും മുൻപേ ആയിരുന്നു രമേശൻ അയാളുടെ നേരെ കുതിച്ചത് . ഭാസ്കരൻ പിടഞ്ഞെഴുന്നേൽക്കും മുൻപേ രമേശൻ അയാളുടെ അടിനാഭിയിൽ ആഞ്ഞുചവിട്ടിയിരുന്നു .

”ഭാസ്കരാ … തന്നെയവൾ അച്ഛനെന്നാണ് വിളിച്ചിരുന്നെ . അതിന്റെയർത്ഥം നിനക്ക് മനസ്സിലാക്കാൻ പറ്റിയില്ല .

അവിടെയൊരു കുഞ്ഞിനെ കണ്ടപ്പോൾ അവൾ വിവാഹിതയാണെന്നാണ് ഞാൻ ഓർത്തത് . ഞാൻ തിരിച്ചുപോകുവാ . അവളേം കൂട്ടി ഞാൻ മടങ്ങും . അവളെ മാത്രമല്ല അവളിൽ നിനക്കുണ്ടായ കുഞ്ഞിനേം പിന്നെ നിന്റെ രണ്ട് മക്കളേം . പേടിക്കണ്ട ..

ഞാൻ ഒരിക്കലും ഭാസ്കരനാകില്ല. സ്വന്തം രക്തത്തിൽ പിറന്നാൽ മാത്രം മക്കളാവില്ല . സ്വന്തം രക്തത്തില ല്ലാത്തവർ എല്ലാം വെറും മാംസപിണ്ഡങ്ങളും ആകില്ല . നിനക്കങ്ങനെയാണ് .

നിനക്കവളുടെ ശരീരം നശിപ്പിക്കാൻ പറ്റിയിരിക്കും . പക്ഷെ ഒരിക്കലും ആ മനസ് നശിപ്പിക്കാൻ പറ്റില്ല . അവളുടേതെന്നല്ല ഒരു പെണ്ണിന്റേം മനസ് ബലമായി നശിപ്പിക്കാനാവില്ല ” “”

രമേശൻ പുറകോട്ട് തിരിഞ്ഞു നോക്കി . അവന്റെ കണ്ണുകളെ അഭിമുഖീകരിക്കാനാവാതെ നിലത്തു കിടന്നുകൊണ്ട് തന്നെ അഭിലാഷ് പുറകിലേക്ക് കൈകുത്തി ഇഴഞ്ഞു

“‘ അന്ന് ഞങ്ങൾ തമ്മിൽ പ്രണയമില്ലായിരുന്നു .ജീവിക്കാൻ വേണ്ടി കഷ്ട്ടപ്പെടുന്ന ഒരേതൂവൽ പക്ഷികൾ മാത്രമായിരുന്നു ഞങ്ങൾ .

പെണ്ണെന്ന് പറഞ്ഞാൽ പ്രേമിക്കാനും മോഹം തീർക്കാനും മാത്രമുള്ളതെന്നാണ് നിന്നെപ്പോലെ ജീവിക്കാൻ കയ്യിൽ കാശുള്ളവർ കരുതുന്നത് .നിനക്കുമുണ്ട് അമ്മയും പെങ്ങളും , നാളെ നിനക്ക് മക്കളും ഉണ്ടാകും , അന്നേ ഞങ്ങളനുഭവിച്ച വേദന നിനക്ക് മനസ്സിലാകൂ “”

എന്നത്തേയും പോലെ ബസ്‌സ്റ്റോപ്പിലേക്കെത്തിയ ശാലിനിയുടെ കൈകളിൽ പിടിച്ചു അവളുടെ വീട്ടിലേക്ക് നടക്കുമ്പോൾ കവലയിലെ ആളുകൾ സ്ഥായിയായ അടക്കം പറച്ചിലുകളോടെ അവരെ പുച്ഛിച്ചുചിരിക്കുന്നുണ്ടായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *