അത് നീ പറഞ്ഞു തരണ്ട കാര്യമില്ല, അഹങ്കാരി വെറുമൊരു അറ്റൻഡറുടെ മകളാണ് എന്നിട്ടും അഹങ്കാരത്തിനൊരു..

അഹങ്കാരി
(രചന: Sebin Boss J)

”’ ശാലിനി .. ഒരു മിനുട്ട് ” റൗണ്ട്സ് കഴിഞ്ഞ് ഒപി യിലേക്ക് വരികയായിരുന്ന ഡോക്ടർ ശാലിനി തിരിഞ്ഞുനോക്കിയപ്പോൾ ആൻമേരി ആണ് .ഒപ്പം സുമുഖനായ ഒരു യുവാവും..

”അഹ് .ആൻ….നിന്നെ ഞാൻ വിളിക്കാൻ ഇരിക്കുവായിരുന്നു . ആ D 127 ലെ പേഷ്യന്റിന്റെ കുഞ്ഞിന് വയ്യ . ബൈ സ്റ്റാൻഡർ ഇല്ലല്ലോ . ഒപിയിലേക്ക് വരുത്താതെ നീയൊന്ന് നോക്കാമോ ?”’

”’ അതൊക്കെ ഞാൻ നോക്കിക്കോളാം . ശാലിനി …ഇത് ദീപക് . ഇച്ചായന്റെ ബെസ്റ്റ് ഫ്രണ്ടാണ് . ദീപുവും പേരന്റ്‌സുമൊക്കെ ക്യാനഡയിൽ സെറ്റിലാണ് .

നാളെയിവർ തിരിച്ചുപോകുവാ . എന്റെ ഫ്രണ്ടിനുള്ള ഒരു പാർസൽ കളക്ട് ചെയ്യാൻ വന്നപ്പോഴാ നീ റൗണ്ട്സിന് പോകുന്നത് കണ്ടത്”

ആൻമേരി ശാലിനിയെയുംദീപക്കിനെയും മാറിമാറി നോക്കി പറഞ്ഞു. ശാലിനിക്ക് ഒന്നും മനസിലായില്ല .

” ഉള്ള മാട്രിമോണിയൽ ഒക്കെ അരിച്ചു പെറുക്കി നോക്കി . ഇവനിഷ്ടപ്പെട്ടയാരേയും കിട്ടിയില്ല . ഇപ്പൊ നിന്നെ കണ്ടപ്പോൾ എന്നോട് ചോദിച്ചു മാരീഡ് ആണോയെന്ന് . അല്ലായെന്ന് പറഞ്ഞപ്പോൾ ഒരു പ്രപ്പോസൽ ”

ശാലിനിക്ക് അത് കേട്ടിട്ടും ഭാവവ്യത്യാസമൊന്നുമുണ്ടായില്ല

”’ ശെരി .. ഇൻട്രോ ആയില്ലേ . ഇനി നിങ്ങൾ സംസാരിക്ക് .ഞാനിവൾ പറഞ്ഞ കുഞ്ഞിനെയോന്ന് നോക്കീട്ട് വരട്ടെ ”’

ആൻമേരി നടന്നതും ശാലിനി ദീപക്കിനെ നോക്കി .

”’ഇനി ഉച്ച കഴിഞ്ഞേ ഒപിയുള്ളൂ . നമുക്ക് അകത്തിരുന്ന് സംസാരിക്കാം .”

”ഷുവർ ” ദീപക് ചിരിച്ചു .

ഡോക്ടർ ശാലിനി രമേശൻ MBBS. DM
മെഡിക്കൽ ഓങ്കോളജിസ്റ്റ്, ബോർഡിനടിയിലെ ഡോർ തുറന്നതും ദീപക് ശാലിനിക്ക് പിന്നാലെ ഉള്ളിലേക്ക് കയറി .

” അപ്പോൾ എന്നെ പറ്റിയെല്ലാം പറഞ്ഞു . ശാലിനിക്ക് ഇഷ്ടമാണേൽ ആൻമേരിയോട് പറയൂ . ഞാൻ തന്റെ പപ്പയോട് സംസാരിക്കാം ” ദീപക് തന്റെ ഡീറ്റയിൽസും മറ്റും പറഞ്ഞിട്ട് ശാലിനിയെ നോക്കി .

” എനിക്ക് ഇഷ്ടക്കുറവൊന്നുമില്ല . സെയിം പ്രൊഫഷൻ വേണമെന്നുമില്ല , നല്ല സ്വഭാവവും പരസ്പരം മനസിലാക്കാനും കെയർ ചെയ്യാനും പറ്റുന്നൊരാൾ വേണം എന്ന് മാത്രം . .

ദീപക് സ്മാർട്ട് ആണ് . വിദ്യാഭ്യാസവുമുണ്ട് . സ്വന്തമായി ബിസിനസും , ഇതൊക്കെ തന്നെ കൂടുതലാണ് .. പിന്നെ ആൻ ഒരു പ്രപ്പോസൽ കൊണ്ടുവരുമ്പോൾ ആൾ മോശമാകാനും വഴിയില്ലല്ലോ ”

” ഓ … താങ്ക്സ് ശാലു . എന്നാൽ തന്റെ പപ്പയുടെ നമ്പർ താ . ഞാൻ സംസാരിക്കാം ” അവൾക്ക് ഇഷ്ടമാണെന്നറിഞ്ഞതും ദീപക്കിന്റെ മുഖം വിടർന്നു

” അച്ഛൻ ഇവിടെയുണ്ട് . ഞാൻ വിളിക്കാം . അടുത്തുതന്നെയാണ് വീട് . അങ്ങോട്ട് പോയാലും വീട്ടിലാരുമില്ല . അനിയനും ഇവിടെയുണ്ട് .അല്ലെങ്കിൽ വീട്ടിൽ ചെന്ന് സംസാരിക്കാമായിരുന്നു . ”

ശാലിനി മൊബൈൽ എടുത്തു ഡയൽ ചെയ്തുകൊണ്ട് പറഞ്ഞു .

” ആഹാ .. ഡോക്ടേഴ്സ് ഫാമിലിയാണോ ?”’

ദീപക് ചോദിച്ചു തീർന്നതും ഹാഫ് ഡോറിൽ രണ്ട് തട്ടിയതിന് ശേഷം ഡോർ തുറന്നുകൊണ്ടൊരു അറ്റൻഡർ അകത്തേക്ക് വന്നു.

” ഇവിടെ ഉണ്ടായിരുന്നോ ?” ശാലിനി ചിരിയോടെ അയാളോട് ചോദിച്ചു . ദീപക് അയാളെ നോക്കി . പണിയെടുത്തുറച്ച ശരീരം ഉള്ള ഇരു നിറത്തിൽ ഒരു മധ്യവയസ്‌കൻ .

” സ്കാനിങ്ങിന് ഒരു പേഷ്യന്റിനെ കൊണ്ട് പോയി വിട്ടിട്ട് വന്നപ്പോഴാ മോള് വിളിച്ചേ … എന്നാ കാര്യം ?”

”ആഹ് ..അച്ഛാ . ഇത് ദീപക് . ഡോക്ടർ ആൻമേരിയുടെ ഹസ് ബോബിയുടെ ഫ്രണ്ടാണ് . എനിക്കൊരു പ്രപ്പോസൽ ”

” ആഹാ … നിങ്ങൾ രണ്ടാളും സംസാരിച്ചു ബോധ്യപ്പെട്ടാൽ നമുക്ക് മുന്നോട്ട് കൊണ്ടുപോകാം ” അയാൾ ദീപക്കിന്റെ നേരെ നോക്കി ചിരിച്ചു

”’ ഞാൻ രമേശൻ . എനിക്ക് രണ്ട് മക്കളാ . ഇവൾ മൂത്തത് . ഇവൾക്കിളയവൻ പഠിത്തം കഴിഞ്ഞ് ഇവിടെ ഓട്ടോ ഓടിക്കുന്നു .”’അയാൾ ദീപക്കിന് നേരെ കൈ നീട്ടിയപ്പോൾ ദീപക് നിശ്ചലനായി ഇരിക്കുവായിരുന്നു . . അവന്റെ മുഖം വെളുത്തു വിളറിയിരുന്നു .

”അച്ഛൻ ഡ്യൂട്ടിയിൽ അല്ലെ . ഞാൻ വിളിച്ചോളാം അച്ഛനെ . ”’ അച്ഛൻ നീട്ടിയ കയ്യോടെ നിൽക്കുന്നത് കണ്ടപ്പോൾ ശാലിനി പറഞ്ഞു .

”’ ശെരി മോളെ . നിങ്ങൾ സംസാരിക്ക് . കാർത്തിക്കിനെ വിളിച്ചുകൊണ്ട് വീട്ടിൽ പോയി ചായ കൊടുക്കൂ . തിരക്കൊന്നൊതുങ്ങിയാൽ ഞാനും വന്നേക്കാം ”

അയാൾ പോയപ്പോൾ ദീപക് ശാലിനിയെ തിരിഞ്ഞുനോക്കി . ചെറുപുഞ്ചിരിയോടെ ദീപക്കിനെ തന്നെ സാകൂതം നോക്കി ഇരിക്കുകയായിരുന്നു അവൾ .

ദീപക് പെട്ടന്ന് തന്നെ നോട്ടം മാറ്റി .

”എന്താ ദീപക് ? ഈ പ്രപ്പോസൽ മുന്നോട്ട് കൊണ്ടുപോകാൻ തന്നെ തീരുമാനിച്ചോ ?”

” സോറി ..ശാലിനി …ഞാൻ .. ഞാൻ ഇതെങ്ങനെ വീട്ടിൽ അവതരിപ്പിക്കും?” ദീപക്കിന്റെ ശബ്ദം പതറിയിരുന്നു .

” ദീപക് അല്ലെ അൽപം മുൻപ് പറഞ്ഞത് എന്നെ ഇഷ്ടമായി എന്ന് ?” ശാലിനിയുടെ മുഖത്ത് അതേ പുഞ്ചിരിയായിരുന്നു .

” പക്ഷെ … ശാലിനി ഒരു ഡോക്ടർ …അച്ഛൻ …അറ്റൻഡർ ”

ദീപക് പാതിയിൽ നിർത്തി എഴുന്നേറ്റു .

‘ ഓഹ് .. ദീപക് എന്റെ അച്ഛനെ ആയിരുന്നോ കല്യാണം ആലോചിച്ചത് ? നിങ്ങൾക്കൊരു പെണ്ണിനെയാണ് ജീവിത പങ്കാളി ആയി വേണ്ടിയത് എന്നാണ് ഞാൻ കരുതിയത് ”

ശാലിനി സ്റ്റെതസ്കോപ്പും കയ്യിലെടുത്തു് എണീറ്റു.

ദീപക്കിന്റെ മുഖത്ത് രക്തമയമില്ലായിരുന്നു .

” അതല്ല ശാലിനി …ഞാൻ ..” അവൻ വാക്കുകൾക്കായി പതറി .

” ഇറ്റ്സ് ഓക്കേ ദീപക് . നിങ്ങൾക്ക് വേണ്ടിയത് ഒരു ഡോക്ടറെയോ എഞ്ചിനീയറെയോ വക്കീലിനെയോ ഒക്കെയാകാം . ഒരു ഭാര്യയെ അല്ല . മാട്രിമോണിയലിൽ പരസ്യം ചെയ്യാതെ ഏതേലും ജോബ് കൺസൾട്ടൻസിയിൽ അന്വേഷിക്കൂ ”’

”അത് നീ പറഞ്ഞു തരണ്ട കാര്യമില്ല …. .അഹങ്കാരി … വെറുമൊരു അറ്റൻഡറുടെ മകളാണ് …എന്നിട്ടും അഹങ്കാരത്തിനൊരു കുറവുമില്ല .

പെണ്ണുങ്ങളായാൽ കുറച്ചൊക്കെ അടക്കവും ഒതുക്കവും വേണം … മാന്യന്മാരോട് ഇടപെടാൻ ഉള്ള മാനേഴ്സ് അറിയണം . അതിന് നല്ല കുടുംബ മഹിമ ഉണ്ടാവണം . അത് എങ്ങനാ …അച്ഛൻ അറ്റൻഡർ … ബ്രദർ ഓട്ടോ തൊഴിലാളി …”

ദീപക്കിന് അവളുടെ ദാർഷ്ട്യം പിടിച്ചില്ല .

”’ ആഹാ ..ആദ്യം ശാലിനി … പിന്നെ ശാലു … ഇപ്പോൾ നീ ..”’

ശാലിനി അവന്റെ നേരെ തിരിഞ്ഞു .

”’ ഗുഡ് . എന്റെയച്ഛന് ഒരു ഷേക്ക് കൊടുക്കാനുള്ള മര്യാദ പോലും കാണിച്ചില്ലാത്ത താങ്കൾക്ക് ഇത്രയൊക്കെ മര്യാദ മതി . എനിക്കിതൊന്നും പറയേണ്ട കാര്യവുമില്ല .. അഹങ്കാരിയെന്ന് തന്നെ എന്നെ വിളിച്ചോളൂ . അതെ …ഞാൻ അഹങ്കാരി തന്നെയാണ് .

അറ്റൻഡർ രമേശന്റെ മകൾ അതേ ഹോസ്പിറ്റലിൽ ഡോക്ടറായത് സോഷ്യൽ മീഡിയയും മറ്റു മാധ്യമങ്ങളും വലിയ വാർത്തയാക്കി . നിറയെ ലൈക്കുകൾ പതിനായിരക്കണക്കിന് ഷെയറുകൾ …

എന്തൊക്കെയായിരുന്നു കമന്റുകൾ . മക്കൾ പുണ്യം ചെയ്തവരാണ് … അച്ഛൻ ദൈവതുല്യൻ …. അതെ , എന്റെ അച്ഛൻ ഞങ്ങൾക്ക് ദൈവതുല്യൻ തന്നെയാണ് . എല്ലാതരത്തിൽ നോക്കിയാലും . ”’

”’അമ്മ മരിച്ചപ്പോൾ ഞങ്ങളെ വളർത്താനായി ചെറുതെങ്കിലും ഒരു സ്ഥിരവരുമാനം എന്ന നിലയിലാണ് ഈ ഹോസ്പിറ്റലിൽ അറ്റൻഡർ ആയി കേറിയത് .

ഉറങ്ങുന്ന നാലോ അഞ്ചോ മണിക്കൂറുകൾ ഒഴികെ ഓട്ടോ ഓടിച്ചും കിട്ടുന്ന പണികൾ ചെയ്തും ഞങ്ങളെ പഠിപ്പിക്കാനുള്ള പണം ഉണ്ടാക്കി .

പതിനാറുവയസ് മുതൽ ഞാനും എന്റെ അനിയനും ചെറിയ കുട്ടികൾക്ക് ട്യൂഷൻ എടുത്തും മറ്റും പണമുണ്ടാക്കാൻ തുടങ്ങിയിരുന്നു . അത്യാവശ്യത്തിന് അല്ലാതെ പിന്നീട് അച്ഛന്റെ പണം ഞങ്ങൾ വാങ്ങിയിട്ടില്ല .

പിന്നീട് അച്ഛൻ സമ്പാദിക്കുന്നതൊക്കെയും എന്റെ സ്ത്രീധനത്തിനായാണ് മാറ്റിവെച്ചത് . എന്റെ അനിയനും എന്റെ വിവാഹത്തിനായും അവന്റെ പഠനത്തിനായുമാണ് ഓട്ടോ ഓടിച്ചു വരുമാനം ഉണ്ടാക്കുന്നത് .

അച്ഛന്റെ അധ്വാനത്തിന്റെ വില ഞങ്ങൾക്കറിയാമെന്നത് കൊണ്ട് ഞങ്ങൾ രണ്ടാളും തീരുമാനമെടുത്തിരുന്നു . അച്ഛൻ ഞങ്ങൾക്ക് വേണ്ടി തന്ന ധനം ..വിദ്യാഭ്യാസം ഒന്ന് തന്നെ ധാരാളം .

പറഞ്ഞല്ലോ അനിയൻ താഴെ ഓട്ടോ ഓടിക്കുന്നുണ്ടെന്ന് . ട്രെയിനിംഗ് കാത്തിരിക്കുന്ന സിവിൽ സർവീസിൽ ഏഴാം റാങ്ക് ഉള്ള ആളാണ് എന്റെ അനിയൻ സാധാരണക്കാരുടെ വിജയമെന്ന് അതും മാധ്യമങ്ങൾ കൊട്ടിഘോഷിച്ചിരുന്നു . ”’

”’ നിങ്ങളെപ്പോലെ പലരുമിവിടെ വന്നിരുന്നു ഡോക്ടറെന്ന പദവിയെ വിവാഹമാലോചിച്ച്. അച്ഛന്റെയും അനിയന്റെയും തൊഴിലറിയുമ്പോൾ അവരൊന്ന് ചിരിക്കും .

എന്റെയും അവന്റെയും വിദ്യാഭ്യാസവും നാളെ വരാൻ പോകുന്ന ശമ്പളവും പദവിയും മറ്റും ചൂണ്ടിക്കാണിച്ചാൽ ഒരു പക്ഷെ വിവാഹം നടന്നേക്കാം .

പക്ഷെ , നാളെ എനിക്കോ അവനോ ആരോഗ്യം ക്ഷയിച്ചാൽ , സാമ്പത്തിക ബുദ്ധമുട്ടുകൾ ഉണ്ടായാൽ അവർ ഉപേക്ഷിക്കുകയില്ല എന്ന് എന്താണുറപ്പ് ?.

നിങ്ങളുടെ കനേഡിയൻ സിറ്റിസൺ ഷിപ്പും ബിസിനസും കണ്ട് ഞാൻ വിവാഹം കഴിച്ചാൽ അതിലെന്തെങ്കിലും പാളിച്ചകൾ വന്ന് ഞാൻ ഉപേക്ഷിച്ചാൽ നിങ്ങൾക്ക് സഹിക്കുമോ ?

”’ സ്വന്തം വിഷമങ്ങളുടെ പങ്ക് പറ്റാൻ , സന്തോഷം പങ്കുവെച്ചു അതിരട്ടിയാക്കാൻ .. സ്വന്തം മക്കളുടെ അമ്മയും അച്ഛനുമാകാൻ ആർക്കും ജീവിതപങ്കാളി വേണ്ട .

ഇക്കാലത്തും മുഖസൗന്ദര്യവും കുടുംബമഹിമയും അന്തസ്സുമാണ് പ്രാധാന്യം.ഇതെല്ലാം ഒത്തുവന്നാൽ കച്ചവടമാണ് ..

എത്ര കൊടുക്കും ? …ഇതെല്ലാം തന്നു വിവാഹം കഴിക്കുന്നത് എന്തിനാണ് ? അത്ര വിഷമമാണോ ലോകത്ത് തനിച്ചു ജീവിക്കാൻ ? ഒരു ജോലിയുണ്ടെങ്കിൽ തനിച്ചു ജീവിക്കാനാകും എന്ന് തന്നെയാണെന്റെ വിശ്വാസം .

വിദ്യാഭ്യാസവും ജോലിയുമില്ലാത്തവരെ ആണ് സ്ത്രീധനം കൊടുത്തൊഴിവാക്കുന്നത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട് . ”’

” കുടുംബം ഒരു സ്വർഗ്ഗമാണ് .. അച്ഛൻ അമ്മമാർ , മക്കൾ ..പിന്നെ പേരക്കുട്ടികൾ എല്ലാം കൂടിയ ഒരു സ്വർഗ്ഗം . ഏതൊരു മനുഷ്യനെയും പോലെ എനിക്കുമാ സ്വർഗ്ഗം ഇഷ്ടമാണ് .

പണവും പദവിയും പ്രശസ്തിയും നോക്കാതെ മനമറിഞ്ഞു സ്നേഹിക്കുന്ന ആണൊരുത്തൻ വന്നാൽ ഞാൻ തല കുനിക്കും . അത് കൂലിപ്പണക്കാരൻ ആയാലും എന്റെയച്ഛന്റെ അനുവാദം ഉണ്ടായാൽ . ”

”സോറി ..ദീപക് .. ഇത്രയൊക്കെ പറഞ്ഞത് അഹങ്കാരം ആണെങ്കിൽ ഞാൻ അഹങ്കാരി തന്നെയാണ് .

നാളെ ഒരു ആലോചന ഉണ്ടായാൽ ഡോക്ടറുടെയോ കളക്ടറുടെയോ പദവികൾ കാണാതെ അവളിൽ നല്ലൊരു പെണ്ണിനെ കാണൂ … അവളെ മനമറിഞ്ഞു സ്നേഹിക്കൂ .. അവളുടെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കൾ പോലെയും .”’ ”

ശാലിനി ഹാഫ് ഡോർ തുറന്ന് പുറത്തേക്കിറങ്ങുമ്പോൾ ദീപക് ചലിക്കാനാവാതെ കൺസൾട്ടിംഗ് റൂമിൽ തന്നെ നിൽക്കുകയായിരുന്നു…

Leave a Reply

Your email address will not be published.