(രചന: Saji Thaiparambu)
ഊർമ്മിളയുടെ ഭർത്താവ് ആനന്ദ് മരിച്ച വിവരം നാടാകെ ഒരു ഞെട്ടലോടെയാണ് കേട്ടത്
അവരുടെ വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസമേ ആയിട്ടുള്ളു,
അറ്റാക്കായിരുന്നത്രേ,
അവൾക്ക് ജാതകദോഷമുണ്ടായിരുന്നെന്നാണ് പറഞ്ഞ് കേട്ടത് ,ഈ ആനന്ദിന് അതിലൊന്നും വിശ്വാസമില്ലായിരുന്നത്രേ
എന്നിട്ട് ഇപ്പോൾ എങ്ങനെയിരിക്കുന്നു? ജാതക പ്പൊരുത്തമില്ലാതെ കല്യാണം കഴിപ്പിച്ചാൽ ഇതായിരിക്കും ഫലം
അപ്രതീക്ഷിത വാർത്ത കേട്ട ഷോക്കിൽ നിന്നും മുക്തരായ നാട്ടുകാരുടെ ഉള്ളിലിരുപ്പ് പുറത്ത് വരാൻ തുടങ്ങി
ങ്ഹാ,ഇപ്പോൾ നഷ്ടം ആർക്കാ? ആ പാവം ഭാനുമതി ചേച്ചിക്ക് ,അവർക്ക് ആകെ ഉണ്ടായിരുന്ന സന്താനമാന്ന് ഈ ആനന്ദ് ,ഇനിയിപ്പോൾ അവരെ നോക്കാൻ ആരുണ്ട് ?ഊർമ്മിളയ്ക്കിപ്പോൾ ഭർത്താവിൻ്റെ ജോലി കിട്ടും, അത് കഴിയുമ്പോൾ അവള് വേറൊരുത്തനെ കല്യാണം കഴിച്ച് സുഖിച്ച് ജീവിക്കും ,ആദ്യ ഭർത്താവ് മരിച്ചതോടെ അവളുടെ ജാതകദോഷവും മാറിയിട്ടുണ്ടാകും
അങ്ങനെ പലതരം അഭിപ്രായങ്ങളും കണക്ക് കൂട്ടലുകളുമൊക്കെയായി ആനന്ദിൻ്റെ മരണം, നാട്ടുകാർക്ക് ചർച്ചയ്ക്കുള്ള വിഷയമായി
ഇതൊന്നുമറിയാതെ തെക്കേപറമ്പിലെ ചിതയിൽ ആനന്ദിൻ്റെ മൃതദേഹംഎരിഞ്ഞടങ്ങി
പാതിരാവോട് കൂടി ആർത്തലച്ച് പെയ്ത മഴയിൽ ചിതയിലെ അവസാന കനലും കെട്ടടങ്ങിയെങ്കിലും ഭാനുമതിയുടെയും ഊർമ്മിളയുടെയും നെഞ്ചിലെ കനല് ജ്വലിച്ച് തന്നെ നിന്നു
ഇരുളടഞ്ഞ മുറിയിലെ കടുത്ത നിശബ്ദതയിൽ ഇടയ്ക്കിടെ രണ്ട് പേരുടെ നെടുവീർപ്പുകൾ മാത്രം ഉയർന്ന് കേട്ടു
പതിയെ പതിയെ, നിറം മങ്ങിയ പ്രഭാതങ്ങളുമായി വരുന്ന ദിവസങ്ങൾ, വിഷാദഛായയോടെ കടന്ന് പോയിക്കൊണ്ടിരുന്നു
ഊർമ്മിളയുടെ വീട്ടുകാരും ആനന്ദിൻ്റെ ബന്ധുക്കളും ചേർന്ന് മരണാനന്തര ചടങ്ങുകളോരോന്നും നടത്തികൊണ്ടിരുന്നു
ഒടുവിൽ ഓരോരുത്തരായി യാത്ര പറഞ്ഞ് സ്വന്തം വീടുകളിലേയ്ക്ക് മടങ്ങിപോയി
അവസാനം പോകാൻ ഒരുങ്ങിയ ഊമ്മിളയുടെ അമ്മ മകളെ സ്വന്തം വീട്ടിലേക്ക് പോകാൻ ക്ഷണിച്ചു
പക്ഷേ ഊർമ്മിള പോകാൻ തയ്യാറായില്ല ,ഒടുവിൽ നിരാശരായി തൻ്റെ വീട്ടുകാർ മടങ്ങി പോകുന്നത് നിർമികാരതയോടെ അവൾ നോക്കി നിന്നു
ഏതാനും മാസങ്ങൾ കൂടി കഴിഞ്ഞ് ആനന്ദ് ജോലി ചെയ്ത ഓഫീസിലെ കാഷ്യറായി, ഊർമ്മിളയ്ക്ക് ജോലി കിട്ടി
ആദ്യ ശമ്പളം,
തന്നെ കൊണ്ട് ഏല്പിച്ചപ്പോൾ ഭാനുമതി,മരുമകളോട് പറഞ്ഞു,
മോളെ, ഇത് മോള് തന്നെ കയ്യിൽ വച്ചോ ,അമ്മയ്ക്ക് ജീവിക്കാനുള്ള തുക പെൻഷനായിട്ട് കിട്ടുന്നുണ്ട്, ആനന്ദിൻ്റെ ആണ്ട് കഴിയുമ്പോൾ മോള് വീട്ടിലേയ്ക്ക് മടങ്ങി പോകണം
നീ ചെറുപ്പമാണ് ജീവിതം തുടങ്ങിയിട്ടേയുള്ളു ,പഴയതൊക്കെ മറന്നിട്ട് മോള് വേറൊരു വിവാഹം കഴിക്കണം എന്നിട്ട് സുഖമായി ജീവിക്കണം ,കഴിയുമെങ്കിൽ ഇടയ്ക്കൊക്കെ അമ്മയെ കാണാൻ വരണം,,
ഒന്ന് നിർത്തുന്നുണ്ടോ അമ്മേ ,,
എനിക്കിനി മറ്റൊരു വിവാഹത്തിൻ്റെ ആവശ്യമില്ല, രണ്ട് മാസമേ ഒരുമിച്ച് ജീവിച്ചുള്ളുവെങ്കിലും ഒരായുസ്സ് മുഴുവൻ ഓർത്തിരിക്കാനുള്ള സ്നേഹവും സന്തോഷവും ആനന്ദ് എനിക്ക് തന്നിട്ടുണ്ട്, അതൊന്നും എനിക്ക് ഒരിക്കലും മറക്കാൻ പറ്റുന്ന കാര്യങ്ങളല്ലമ്മേ ,,, പിന്നെ, അമ്മയെ ഇവിടെ തനിച്ചാക്കിയിട്ട് ,എനിക്ക് മാത്രമായി നല്ലൊരു ജീവിതം വേണ്ടമ്മേ,,ഇനി മേലാൽ അമ്മ എന്നോട് ഇങ്ങനെയൊന്നും സംസാരിക്കരുത് ,,, എൻ്റെ മരണം വരെ അമ്മയോടൊപ്പം ഈ വീട്ടിൽ ഞാനുണ്ടാവും ,,
മരുമകളുടെ സ്നേഹത്തിൽ പൊതിഞ്ഞ വാക്കുകൾ അവരുടെ മനസ്സ് നിറച്ചു.
ആരെയും കാത്ത് നില്ക്കാതെ പിന്നെയും നാളുകൾ കടന്ന് പോയി
ഭാനുമതി തനിച്ച് വീട്ടിലുള്ള
ഒരു ദിവസം ഊർമ്മിളയുടെ അമ്മ അവരെ ഫോണിൽ വിളിച്ച് മകളെ മടക്കിത്തരണമെന്ന് ആവശ്യപ്പെട്ടു
താനത്, ഊർമ്മിളയോട് പല തവണ ആവശ്യപ്പെട്ടതാണെന്നും എന്നാൽ അവളതിന് തയ്യാറാകുന്നില്ലെന്നും പറഞ്ഞെങ്കിലും ഊർമ്മിളയുടെ അമ്മ അത് വിശ്വസിച്ചില്ല
നിങ്ങളവളെ കൈവിഷം കൊടുത്ത് മയക്കി ഇട്ടിരിക്കുവല്ലേ ? നിങ്ങൾക്ക് വയസ്സാൻ കാലത്ത് കൂട്ട് വേണമെങ്കിൽ വേറെ എന്തേലും
വഴി നോക്ക്, ഇല്ലെങ്കിൽ ഏതെങ്കിലും വൃദ്ധസദനത്തിൽ പോയി നില്ക്ക്
അവരുടെ ആക്രോശം കേട്ട് ഭാനുമതി നടുങ്ങിപ്പോയി .
അന്നേ ദിവസം ജോലി കഴിഞ്ഞ് വന്ന ഊർമ്മിളയ്ക്ക് കാണാൻ കഴിഞ്ഞത് ചാരിയിട്ടിരുന്ന മുൻ വാതിലിൻ്റെ ഓടാമ്പലിൽ കൊരുത്ത് വച്ചിരുന്ന ഒരു കത്തായിരുന്നു
മകളെ ,,, ഞാൻ പോകുവാണ് ,
ഇനി ഒരിക്കലും മടങ്ങി വരില്ല ,
എന്നെ അന്വേഷിച്ച് വെറുതെ സമയം കളയണ്ടാ ,നിനക്ക് എന്നെ കണ്ടുപിടിക്കാൻ കഴിയില്ല ,
ഞാൻ നിൻ്റെ കൂടെയുള്ള ഓരോ നിമിഷങ്ങളിലും നീ നഷ്ടപ്പെടുത്തി കൊണ്ടിരിക്കുന്നത് നിൻ്റെ ഭാവി ജീവിതമാണെന്ന തിരിച്ചറിവാണ്
എന്നെ ഇങ്ങനെയൊരു കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചത് ,
ഈ ജന്മത്തിൽ എനിക്ക് പിറക്കാതെ പോയ നിന്നെ അടുത്ത ജന്മത്തിൽ
എൻ്റെ മകളായി തരണമെന്ന പ്രാർത്ഥനയോടെ അമ്മ നിർത്തുന്നു
കത്ത് വായിച്ച ഊർമ്മിള, ഒരു തളർച്ചയോടെ നിലത്തേയ്ക്കിരുന്ന് പോയി ,കഥ, സജി തൈപ്പറമ്പ്.