അടുത്തെത്തിയ മകന്റെ ഭാവവും അവനിൽ നിന്ന് വരുന്ന വാടയും കൂടിയായപ്പോൾ അമ്മ തിരിച്ചറിഞ്ഞു, മകൻ ഇത്രയും നാൾ..

ഉന്മാദലഹരി
(രചന: Sadik Eriyad)

പത്താം ക്ലാസ്സിലെ അവസാന പരീക്ഷയായിരുന്നു അന്ന്. അത്യാവശ്യം പഠിച്ച് തന്നെയാണ് അഭിരാം എക്സാം എഴുതിയത്… എക്സാം കഴിഞ്ഞ് കൂട്ട് കാരോടും അദ്ധ്യാപകരോടുമെല്ലാം യാത്രയും പറഞ്ഞ്..

തന്റെ അമ്മാവന്റെ മകൾ മിനികുട്ടിയുമായ് സംസാരിച്ച് ഗെയ്റ്റിലേക്ക് നടന്നടുക്കുമ്പോൾ
അവൻ കണ്ടു..

ക്ലാസിലെ ചങ്ങാതിമാരായ നന്ദുവും സിയാദും ഗെയ്റ്റിന് പുറത്ത് തന്നെയും കാത്ത് നിൽക്കുന്നത്..

പരീക്ഷ കഴിഞ്ഞ് ഒത്തിരി നേരമായിട്ടും യാത്ര പറച്ചിലും കഴിഞ്ഞ് അഭിരാം എത്താൻ താമസിച്ചതിന്റെ നീരസം രണ്ട് പേരുടെ മുഖത്തും പ്രകടമായിരുന്നു.. അവർക്കരികിലേക്ക് നടന്നെത്തിയ അഭിരാമിനോട്‌ ദേഷ്യത്തോടെ നന്ദു ചോദിച്ചു.

എത്രനേരമായന്നൊ നിന്നെയും കാത്ത് ഞങ്ങളിവിടെ നിൽക്കാൻ തുടങ്ങിയിട്ട്.

ഹോ… സോറി നന്ദു ഞാൻ മറന്ന് പോയടാ…

ആ നീ മറക്കും… ഈ മിനികുട്ടിയെ കണ്ടാൽ പിന്നെ. നീ നിന്നെ തന്നെ മറന്നു പോകുമല്ലൊ..

പിന്നെ.. ഒന്ന് പോടാ ചെക്കാ എന്നെ കണ്ടിട്ടല്ല അവൻ നിങ്ങളെ മറക്കുന്നത്. അല്ലെങ്കിലും ഇവനൊരു മറവിക്കാരനാ..

മിനികുട്ടി ചെറിയൊരു ഗർവോടെ നന്ദുവിന് മറുപടി കൊടുത്തു..

അല്ലെടി മിനികുട്ടി.. ഇവന് നിന്നെ അത്രക്ക് ഇഷ്ട്ടമാണ്. അതല്ലെ നിന്നെ കണ്ടാൽ പിന്നെ ചുറ്റുമുള്ളതൊന്നും ഇവന്റെ കണ്ണിൽ പെടാത്തത്..

നന്ദുവിന്റെ വാക്കുകൾ കേട്ട് ചെറിയൊരു നാണത്തിൽ മുങ്ങിയ പുഞ്ചിരിയോടെ നടക്കാൻ തുടങ്ങിയ മിനികുട്ടിയുടെ കയ്യിലേക്ക്.
തന്റെ ബാഗ് കൊടുത്തുകൊണ്ട് അഭിരാം പറഞ്ഞു.

അമ്മയോട് പറഞ്ഞേക്കണെ മീനു.
ഞാൻ വരാൻ കുറച്ചു വൈകുമെന്ന്..

തന്റെ കയ്യിൽ ബാഗും തന്ന്. നന്ദുവിനും സിയാദിനുമൊപ്പം നടന്നു നീങ്ങുന്ന അഭിരാമിനോട്‌ മിനിക്കുട്ടി വിളിച്ചു ചോദിച്ചു…

അഭി… നീ എങ്ങോട്ടാണ്.

മിനികുട്ടിയുടെ ആ ചോദ്യത്തിന് പെട്ടന്ന് മനസ്സിൽ വന്നൊരു കള്ളം.. തിരിഞ്ഞു നോക്കാതെ അഭിരാം വിളിച്ചു പറഞ്ഞു..

ദേ.. ഈ സിയാദിന്റെ വീട് വരെ..

അഭിരാം വിദൂരതയിലേക്ക് നടന്നു മറയുന്നത് വരെ അവൻ പോകുന്നതും നോക്കി നിന്ന്
തിരിഞ്ഞ് വീട് ലക്ഷ്യമാക്കി നടക്കുമ്പോൾ അവൾ അറിഞ്ഞിരുന്നില്ല..

അഭിരാമിന്റെ ആ യാത്ര പിന്നീടുള്ള അവന്റെ ജീവിതം തന്നെ മാറ്റി മറിക്കുന്നതാണെന്ന്…

അവർ പഠിക്കുന്ന സ്കൂളിന് കുറച്ചകലെയുള്ള കാട് പിടിച്ചു കിടക്കുന്ന പറമ്പിനുള്ളിലെ.
ആൾതാമസമില്ലാത്ത പൊട്ടിപോളിഞ്ഞൊരു വീടിനകത്തേക്കാണ് നന്ദുവും സിയാദും അഭിരാമിനെ കൊണ്ട് പോയത്..

അവിടെ അവരെയും കാത്ത് നിൽക്കുന്ന നന്ദുവിന്റെയും സിയാദിന്റെയും പരിചയക്കാരനായ സുനിചേട്ടന് അഭിരാമിനെയവർ പരിചയപ്പെടുത്തികൊടുത്തു…

ജീവിധത്തിലാദ്യമായ് അവർക്കൊപ്പം മദ്ദ്യപിക്കാൻ കൂടിയ അഭിരാം അറിഞ്ഞിരുന്നില്ല..

സുനിചേട്ടൻ എറിയുന്ന വലയിൽ
തന്റെ രണ്ട് കൂട്ട്കാർ പെട്ട് പോയപോലെ. അവർക്ക് ശേഷം പെട്ട് പോകുന്ന മൂന്നാമത്തെ ഇരയാണ് താനെന്ന്… ആദ്യമായ് നുണഞ്ഞ ലഹരിയുടെ ഉന്മാദത്തിലിരിക്കുന്ന അഭിരാമിനോട് നന്ദു പറഞ്ഞു..

സ്കൂളിന് പുറത്ത്നിന്ന് നിനക്ക് ഞങ്ങൾ ബർഗറും ജ്യുസുമൊക്കെ വാങ്ങി തരുമ്പോൾ നീ ചോദിക്കാറില്ലെ. നിങ്ങൾക്കെവിടുന്നാ എപ്പോഴും ഇത്രയും കാശ് കിട്ടുന്നതെന്ന്.

ദേ… ഈ സുനിചേട്ടൻ തരുന്നതാ..

നന്ദു ഗ്ലാസ്സിലേക്ക് പകർന്ന ബിയറിൽ കുറച്ചു ലിക്കറ് കൂടി ഒഴിച്ച്കൊണ്ട് സുനിചേട്ടൻ നന്ദുവിനോട് കണ്ണ്കൊണ്ട് കാണിച്ചു..
അത്കൂടി അഭിരാമിനെകൊണ്ട് കൊണ്ട് കുടിപ്പിക്കാൻ…

രണ്ട്ഗ്ലാസ് ബിയറ് കുടിച്ചപ്പോഴേക്കും ലഹരിയുടെ ഉന്മാദമറിഞ്ഞിരിക്കുന്ന അഭിരാമിനെ അത്കൂടി നിർബന്ധിച്ചു കുടിപ്പിക്കുന്നതിനിടയിൽ നന്ദു പറഞ്ഞു..

ഈ സുനിചേട്ടൻ കുറച്ച് ചെറിയ ചെറിയ പൊതികൾ തരും. നീയത് ചേട്ടൻ പറയുന്ന സ്കൂളുകളിലെ ചില കുട്ടികൾക്ക് എത്തിച്ചു കൊടുക്കണം..

പേടിക്കാനൊന്നുമില്ല.. നമ്മൾ കുട്ടികളായത് കൊണ്ട് ആരും സംശയിക്കില്ലടാ..

അങ്ങനെ നീ ചെയ്‌താൽ ഇഷ്ട്ടം പോലെ കാശ് തരും സുനിച്ചേട്ടൻ… കൈ നിറയെ കാശ് കിട്ടിയാൽ നിനക്ക് ഇഷ്ട്ടമുള്ള പോലെ ജീവിക്കാം..

അതുവരെ അനുഭവിച്ചിട്ടില്ലാത്ത ഉന്മാദം പെരുവിരൽമുതൽ അരിച്ചുകയറി മത്തു പിടിപ്പിക്കുന്നതിനിടയിൽ.
അഭിരാം നന്ദുവിനോട് പറഞ്ഞു..

എനിക്ക് വീട്ടിൽ പോണം നന്ദു. എന്റെ അമ്മ എന്നെ കാണാതെ വിഷമിക്കുന്നുണ്ടാകും. അതും പറഞ്ഞ് അവരുടെ മറുപടിക്ക് ‌ കാക്കാതെ പുറത്തേയ്ക്കിറങ്ങി ഓടിയിരുന്നു അഭിരാം..

അടുത്തടുത്തായുള്ള കുറെ ചെറിയ ചെറിയ വീടുകളിലൊന്നായിരുന്നു അഭിരാമിന്റെ വീട്.. വീടിന് മുന്നിൽ മകനെയും കാത്ത് പരിഭ്രമത്തോടെ നിൽക്കുന്നുണ്ട് അഭിയുടെ അമ്മ സാവിത്രി..

അകലെ നിന്നെ ഓടിവരുന്ന മകനെ കണ്ടതും അവരൊന്ന് നിശ്വാസമുതിർത്തു..

അടുത്തെത്തിയ മകന്റെ ഭാവവും അവനിൽ നിന്ന് വരുന്ന വാടയും കൂടിയായപ്പോൾ അമ്മ തിരിച്ചറിഞ്ഞു. മകൻ ഇത്രയും നാൾ തന്റെ മുന്നിൽ വന്ന പോലെയല്ല ഇന്ന് വന്നിരിക്കുന്നതെന്ന്..

വീടിനകത്തേക്ക് ഓടിക്കയറിയ മകന് പിന്നാലെ അകത്തേക്ക് കയറിയ അമ്മ നീറി പുകഞ്ഞ ഹൃദയത്തോടെ അഭിരാമിനോട്‌ ചോദിച്ചു..

എന്താ അഭി ഇത്… നീ… നീ കുടിച്ചിട്ടുണ്ടോ
ഈ ചെറു പ്രായത്തിലെ ന്റെ കുട്ടി കുടിച്ചല്ലെ.. ഈശ്വരാ… എന്റെ കുട്ടി നാശത്തിലേക്ക് പോയല്ലൊ.. ഹൃദയം പൊട്ടി കരഞ്ഞു കൊണ്ട് വീടിന്റെ ഒരു മൂലയിലേക്ക് തളർന്നിരുന്ന അമ്മയുടെ അരികിലേക്ക് ചെന്ന അഭിരാം പറഞ്ഞു..

ഇന്ന് പരീക്ഷ കഴിഞ്ഞപ്പോൾ കൂട്ടുകാർ ചേർന്ന് ഒരു കുപ്പി ബിയർ വാങ്ങിയിരുന്നു അതിൽ നിന്ന് ഒരു ഗ്ലാസ് ഞാൻ കുടിച്ചു പോയമ്മേ..

ഇനി ഞാൻ കുടിക്കില്ല… അമ്മ കരയല്ലേ.. അതും പറഞ്ഞ് അമ്മയുടെ മടിയിൽ തല വെച്ച് കിടന്നു അഭിരാം..

മടിയിൽ കിടക്കുന്ന മകന്റെ മുടിയിഴകളിൽ തഴുകികൊണ്ട് അമ്മ പറഞ്ഞു..

എന്തിനാ അമ്മേടെ കുട്ടി കുടിച്ചത് നാശമാണത്.. ഇത്തിരി നേരം സുഖം തരുന്ന ആ സാധനം ചിലപ്പൊ. ഒത്തിരി വലിയ ദോഷമായ് മാറും നമ്മുടെ ജീവിതത്തിൽ..

ന്റെ കുട്ടി ചെറുതല്ലെ ഈ കുഞ്ഞിളം പ്രായത്തിൽ എന്തിനാ മോനെ നീയിത് കുടിച്ചത്…

എന്തെ അഭി നീയീ അമ്മയെ ഓർക്കാതിരുന്നത് … അമ്മക്ക് വയ്യാണ്ടായി തുടങ്ങിയില്ലെ. അച്ഛൻ പോയത് മുതൽ ഒറ്റയ്ക്ക് ജോലി ചെയ്ത് ചെയ്ത് അമ്മയുടെ ആരോഗ്യം ക്ഷയിച്ചു തുടങ്ങിയിരിക്കുന്നു…

അതും പറഞ്ഞ് നിറുത്താതെ കരയുന്ന അമ്മയുടെ കണ്ണുനീർ തുടച്ചു കൊടുത്തുകൊണ്ട് അഭിരാം പറഞ്ഞു..

ഇനി ഞാൻ കുടിക്കില്ലമ്മെ പരിക്ഷ കഴിഞ്ഞു പിരിയുന്നത് കൊണ്ട് കൂട്ട് കാർ വിളിച്ചപ്പോൾ ഒരു ഗ്ലാസ്സ് ബിയർ കുടിച്ചതാ..

ഇനി അമ്മേടെ മോൻ കുടിക്കില്ലാട്ടോ..

സാവിത്രിയമ്മ അഭിയുടെ മുടിയിഴകളിൽ തഴുകി ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കുമ്പോൾ സ്നേഹം തുളുമ്പുന്ന അമ്മയുടെ വാക്കുകൾ കേട്ട്. ആദ്യമായ് നുണഞ്ഞ ലഹരിയുടെ ഉന്മാദത്തിൽ അമ്മയുടെ മടിയിൽ കിടന്നുറങ്ങി പോയിരുന്നു അഭിരാം…

അമ്മേ…. എന്നലറി വിളിച്ചു കൊണ്ട് ഞെട്ടി പിടഞ്ഞെഴുന്നേറ്റ അഭിരാം വലിയ ഉച്ചത്തിൽ നിലവിളിച്ചു… അഭിയുടെ അലർച്ച കേട്ട് അടുക്കളയിൽ നിന്ന് അവനരികിലേക്ക് ഓടിവന്ന മിനിക്കുട്ടി കണ്ടു..

പൊട്ടി പൊട്ടി കരയുന്ന അഭിരാമിനെ..

അവന്റെ ആ കരച്ചിൽ കണ്ട്.
കോപവും സങ്കടവും അടക്കി നിറുത്താൻ കഴിയാതെ മിനികുട്ടി ദേഷ്യത്തോടെ ചോദിച്ചു… ഇന്നും നീ അമ്മയെ സ്വപ്നം കണ്ട് ഉണർന്നുവല്ലെ.. നീ എന്നെ എത്ര ചീത്ത പറഞ്ഞാലും എനിക്ക് പറയാതിരിക്കാൻ കഴിയില്ല അഭി..

എത്രകാലം നീ അമ്മയെ സ്വപ്നം കണ്ട് ഉണർന്നാലും. എത്രയുറക്കെ കരഞ്ഞലറിയാലും നീ ചെയ്തു കൂട്ടിയ മഹാപാപത്തിന്റെ വേദന നിന്റെയുള്ളിൽ നിന്ന് മാഞ്ഞു പോകുമോ…

അത്രക്ക് വലിയ ക്രൂരതകളല്ലെ കഴിഞ്ഞു പോയ അഞ്ചു വർഷങ്ങൾ കൊണ്ട് നിന്റമ്മയോട് നീ ചെയ്തു കൂട്ടിയത്..

നീണ്ട് വളർന്നു വരുന്ന തന്റെ താടിരോമങ്ങൾ വലിച്ചു പറിച്ച് അതികഠിനമായ ദേഷ്യത്താലും സങ്കടത്താലും അഭിരാമും പുലമ്പാൻ തുടങ്ങി…

ഭ്രാന്തൻ വെറും ഭ്രാന്തനാണെടി ഞാൻ ഉൾകാഴ്ചയില്ലാതെ പോയ മഹാ പാപിയായ ഭ്രാന്തൻ… എന്റമ്മക്ക് ആദ്യമായ് കൊടുത്തവാക്ക് ആ വാക്ക് പാലിക്കാതെ പിന്നെയും പിന്നെയും തെറ്റിലേക്ക് പോയ ഭ്രാന്തൻ..

ലഹരിയെന്ന ഉന്മാദിനിക്ക് എന്റെ യവ്വനം വിട്ട് നൽകി ജീവിതം നശിപ്പിച്ച കോമാളിയായ വെറും ഭ്രാന്തൻ. അതേടി പത്താം ക്ലാസ് കഴിഞ്ഞപ്പോൾ മുതൽ എന്റെ പാവം അമ്മയെ വേദനിപ്പിച്ച നന്മയില്ലാതെ പോയ മുഴു ഭ്രാന്തൻ…

ഹാ.. ഹാ……… അതും പറഞ്ഞു ഏങ്ങി ഏങ്ങി കരയുന്ന അഭിയെ നോക്കി അരിശം തീരാതെ മിനികുട്ടി വീണ്ടും പറഞ്ഞു..

തെറ്റാണെന്നറിഞ്ഞിട്ടും നീ ചെന്ന് ചാടിയതല്ലെ..
ഓരോതവണയും ബോധമില്ലാതെ
ഈ വീട്ടിൽ വന്നു നീ കയറുമ്പോഴും നിന്റെ കാൽക്കൽ വീണ് കരഞ്ഞു കെഞ്ചിയില്ലെ ആ പാവം..

നീ പ്ലസ്സ് വണ്ണിലേക്ക് ജയിച്ചൂന്നറിഞ്ഞപ്പോൾ എന്തെല്ലാം സ്വപ്നങ്ങളായിരുന്നെന്നോ ആ പാവത്തിന് എല്ലാം നീ നശിപ്പിച്ചില്ലെ ടാ..

പ്രായമാകുന്നതിന് മുൻപെ ആ വൃത്തി കെട്ട സാധനം വിറ്റ് (കഞ്ചാവ് ) നീ ഉണ്ടാക്കിയ കാശും അത് കൊണ്ട് വാങ്ങിയ ബൈക്കും മതിമറന്നുപോയില്ലെ നീ.. സ്വന്തം അമ്മയെ വരെ മറന്നില്ലെ..

അടങ്ങാത്ത ദേഷ്യത്തിൽ മിനികുട്ടി വീണ്ടും പറഞ്ഞുകൊണ്ടിരുന്നു.. ഓർമ്മയുണ്ടോ നിനക്ക് ആ പോന്നോണ ദിവസം.. മകന് വേണ്ടി വെച്ച് വിളമ്പി കാത്തിരുന്ന അമ്മയുടെ മുന്നിലേക്ക് നീ ഭക്ഷണം തട്ടിയെറിഞ്ഞത്..

ലഹരി മൂത്ത ഉന്മാദത്തിൽ പെറ്റതള്ളയെ ചീത്തയും പറഞ്ഞ് കലിച്ചുതുള്ളിയ ദേഷ്യത്തിൽ ബൈക്കുമെടുത്ത് റോഡിലേക്കിറങ്ങിയ നീ ലോറിക്കടിയിൽ ചെന്ന് കേറിയത്..

ഓർമ്മയുണ്ടോ നിനക്കത്..

ഒരു കാല് മുറിച്ചു കിടക്കുന്ന മകനെ കണ്ട് ബോധംകെട്ട് വീണ നിന്റെ അമ്മ പിന്നെ ഉണർന്നോടാ.. ഹൃദയം പൊട്ടി മരിച്ചില്ലെ ആ പാവം..

ഇത്രയൊക്കെ നീ അനുഭവിച്ചിട്ടും ഇതിനെല്ലാം നിന്നെ കൊണ്ട് പോയ നിന്റെ ദൈവമെന്ന് നീ പറഞ്ഞ നിന്റെ സുനിചേട്ടനും കൂട്ട് കാരും എവിടെയായിരുന്നു അപ്പോൾ…

ബോധമില്ലാതെ നീ ദിവസങ്ങളോളം ഹോസ്പിറ്റലിൽ കിടന്നിട്ടും ഒരുത്തനെങ്കിലും തിരിഞ്ഞ് നോക്കിയോ നിന്നെ..

എന്ത് തെറ്റുകൾക്കും ഒരു അവസാനമുണ്ടെടാ…
അത് കൊണ്ടല്ലെ പഠിക്കാൻ പോയിരുന്ന നിന്നെ പോലെയുള്ള പല കുട്ടികളെയും വശികരിഛ് പണവും കള്ളും കൊടുത്ത് കഞ്ചാവും മയക്കുമരുന്നും വിൽപ്പിച്ചിരുന്ന അവൻ മാരെല്ലാമിന്ന് ജയിലിൽ കിടക്കുന്നത്…

താൻ പറഞ്ഞതെല്ലാം കേട്ട്.. ഒന്നും മിണ്ടാതെ തകർന്ന് കിടക്കുന്ന അഭിയെ കണ്ട് സഹിക്കാൻ കഴിയാതെ കരഞ്ഞുകൊണ്ട് അടുക്കളയിലേക്ക് ഓടിപ്പോയിരുന്നു മിനികുട്ടി..

അടുക്കളയിൽ നിന്ന് അഭിക്കുള്ള ഒരു കപ്പ് ചായയും ചിപ്സുമായി അവന്റെ റൂമിലേക്ക് കടന്ന് വന്ന മിനിക്കുട്ടി വിളിച്ചു..

അഭി.. ഇതാ ഈ ചായ കുടിക്ക്

മിണ്ടാതെ കിടക്കുന്ന അഭിയെ നോക്കി കയ്യിലെ ചായ ഗ്ലാസും ചിപ്സും ടീപ്പോയിലേക്ക് വെക്കുന്നതിനിടയിൽ മിനിക്കുട്ടി പറഞ്ഞു..

എല്ലാം പോട്ടെടാ ആ കെട്ട കാലത്തെ മറന്നു കള നീ.. ഞാൻ നോക്കി കൊള്ളാം നിന്നെ..
എന്റെ ഈ ജന്മം മുഴുവൻ. നിന്നെ തനിച്ചാക്കി ഞാനെങ്ങും പോകില്ല…

മരിക്കുന്നതിന് മുൻപ് നിന്റെ അമ്മ കരഞ്ഞു പറഞ്ഞത് എന്താണെന്നറിയോ നിനക്ക്..

എന്റെ മോന് ആരുമില്ലല്ലോയെന്ന്..

കണ്ണ് തുറന്ന് നിരാശയോടെ അവളുടെ മുഖത്തേക്ക് നോക്കിയ അഭിയുടെ അരികിൽ ചെന്നിരുന്ന്.അവന്റെ മുഖം പിടിച്ചുയർത്തി അവൾ പറഞ്ഞു..

ചെയ്തു കൂട്ടിയ തെറ്റുകളെല്ലാം മഹാപാപമായിരുന്നെന്ന് നീയിന്ന് തിരിച്ചറിഞ്ഞില്ലെ..

ആർക്ക് നിന്നെ വേണ്ടേലും.. ഇനിയുള്ള ജീവിതത്തിൽ എനിക്ക് വേണോടാ നിന്നെ..

മിനിക്കുട്ടിയെ തന്റെ നെഞ്ചിലേക്ക് ചേർത്ത് കൊച്ചു കുഞ്ഞിനെ പോലെ പൊട്ടി കരയുമ്പോൾ. തന്റെ നെഞ്ചിൽ പടരുന്ന നനവിലൂടെ അവനറിഞ്ഞു മിനികുട്ടിയും കരയുകയാണെന്ന്…

സന്ധ്യാവിളക്ക് കൊളുത്താനായ്‌ തുളസിതറയിലേക്ക് നടന്നു നീങ്ങുന്ന മിനിക്കുട്ടിയെ നോക്കി ഉമ്മറത്തെ കസേരയിലിരിക്കുമ്പോൾ അഭിരാം മനസ്സിൽ ചിന്തിക്കുകയായിരുന്നു..

ലോകത്തിലെ ഏറ്റവും വലിയ ഉന്മാദം അത് സ്നേഹം മാത്രമാണെന്ന്.. അതെ ജന്മം നൽകിയ അച്ഛന്റെയും അമ്മയുടെയും ഹൃദയം നോവിക്കാതെ അവരെ നോക്കി ജീവിക്കാൻ കഴിഞ്ഞാൽ അതിലും വലിയ ഉന്മാദവും പുണ്ണ്യവും ഈ ഭൂമിയിൽ വേറെയില്ലെന്ന്..