വിവാഹം കഴിഞ്ഞ് വെറും മൂന്ന് വർഷത്തിനുള്ളിൽ തന്റെ ഇണയെ നഷ്ട്ടപ്പെട്ട നൂറുമ്മ പിന്നീട് തനിച്ചാണ് ജീവിച്ചിരുന്നത്..

നൂറുമ്മയും അബൂട്ടിയും
(രചന: Sadik Eriyad)

രണ്ട് വർഷത്തിനോടടുക്കുന്നു. ഒന്ന് ചലിക്കാൻ പോലും കഴിയാതെ ഉപ്പയിങ്ങനെ കണ്ണീർ പൊഴിച്ച് കിടക്കാൻ തുടങ്ങിയിട്ട്. വലിയ കരുത്തുള്ള ശരീരവും മനസുമായിന്നു ഉപ്പാന്റെ..

പലപ്പോഴും ഉമ്മ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് വലിയ വലിയ കച്ചവടങ്ങൾ ചെയ്യാനുള്ള ഉപ്പാന്റെ ധൈര്യത്തെ കുറിച്ചും. കച്ചവടങ്ങൾ ചെയ്ത് വിജയത്തിലെത്തിക്കാനുള്ള അദ്ദേഹത്തിന്റെ കഠിനമായ പ്രയത്നത്തെ കുറിച്ചും.

കഠിനമായ ആ അദ്ധ്വാനം കൊണ്ട് മാത്രമാണ് ഞങ്ങളിന്ന്. ഈ കാണുന്ന സാമ്പത്തിക ഭദ്രതയിൽ ജീവിക്കാനുള്ള കാരണവും..

എന്റെ ആ പുന്നാര ഉപ്പയാണ് ഓടിനടക്കലെ പെട്ടന്നൊരുദിവസം സംഭവിച്ച സ്ട്രോക്കിൽ.
തളർന്ന് വീണ് കിടപ്പിലായി പോയത്..

ഒന്നുറപ്പാണ് എന്നോടും ഉമ്മയോടും എന്തോ പറയാൻ അദ്ദേഹത്തിന്റെ ഹൃദയം വല്ലാതെ കൊതിക്കുന്നുണ്ട്..

എന്തിനാണ് റബ്ബെ തളർന്നു പോയ ശരീരത്തിനൊപ്പം അദ്ദേഹത്തിന്റെ സംസാരശേഷികൂടി ഇല്ലാതാക്കിയത്..

സഹിക്കാൻ കഴിയാതെ പലപ്പോഴും നജീബ് ഉമ്മയോട് ചോദിച്ചു.. എന്താണുമ്മ ഉപ്പാക്ക് നമ്മളോട് പറയാനുള്ളത്..

ഉമ്മാക്കറിയില്ല കുട്ട്യേ… അദ്ദേഹത്തിന്റെ ഉള്ളിൽ കിടന്ന് നീറുന്ന വേദനയെന്താണെന്ന്..
ഞങ്ങളിരുപാതിയും ഒന്നായ് ചേർന്നനാൾ മുതൽ. അദ്ദേഹമെന്തെങ്കിലും തെറ്റുകൾ ചെയ്തിട്ടുള്ളതായി ഉമ്മാക്കറിയില്ല മോനെ…

ഉമ്മയും മകനും ഹൃദയം തകർന്ന് വിലപിക്കുമ്പോൾ.

നജീബിന്റെ ഉപ്പ ഖാദർ സാഹിബിന്റെ ഹൃദയം ഒത്തിരി വർഷം പിന്നിലേക്ക് പോയി.അദ്ദേഹം ജനിച്ചു വളർന്ന നാട്ടിലൂടെ സഞ്ചരിക്കുകയാണ്…

കരകണാകടലിന്റെ പടിഞ്ഞാറിൻ മാനത്ത് നിന്ന് തഴുകിയെത്തുന്ന. അനുഭൂതിധായകമായ കുളിർക്കാറ്റിൽ പച്ചപരവതാനി വിരിച്ചു നിൽക്കുന്ന വശ്യസുന്ദര ഗ്രാമം…

വർണ്ണ ചിറകുള്ള വസന്തങ്ങളെ പോലെ പാറിപറന്ന് നടക്കുന്ന കളിക്കൂട്ടുകാരായ അബൂട്ടിയുടെയും ഖാദറിന്റെയും നാട്.. ധന്യമായസ്നേഹനന്മയുടെ ഈമാനികതയിൽ വെട്ടിത്തിളങ്ങുന്ന മുഖലാവണ്ണ്യമുള്ള നൂർജഹാൻ എന്ന നൂറുമ്മയുടെ നാട്..

സ്വർണ്ണചെയ്നിൽ പിടിപ്പിച്ച കുടുക്കുകളിട്ട പെൺകുപ്പായവും. കാച്ചിമുണ്ടും. ഫോറിൻ തട്ടവും. കാതിൽ ചുറ്റ്റിങ്ങുമിട്ട നൂറുമ്മ. ആ കൊച്ചു ഗ്രാമത്തിന്റെ ഐശ്വര്യമായിരുന്നു..

വിവാഹം കഴിഞ്ഞ് വെറും മൂന്ന് വർഷത്തിനുള്ളിൽ തന്റെ ഇണയെ നഷ്ട്ടപ്പെട്ട നൂറുമ്മ പിന്നീട് തനിച്ചാണ് ജീവിച്ചിരുന്നത്… കുട്ടികളില്ലാതിരുന്ന അവർക്ക്.
കുഞ്ഞ് മക്കളെന്നാൽ വലിയ ജീവനായിരുന്നു..

സാധാരണക്കാരായ കുറച്ചാളുകൾ താമസിക്കുന്ന വീടുകൾക്കടുത്തായിരുന്നു.
അത്യാവശ്യം ചുറ്റുപാടുണ്ടായിരുന്ന നൂറുമ്മയുടെ വീടും..

നൂറുമ്മാടെ വീടിന് മുന്നിലെ പറമ്പിലാണ് അടുത്ത വീടുകളിലെ കുട്ടികളെല്ലാം കളിക്കാൻ കൂടിയിരുന്നത്. അവിടെ കളിക്കാൻ വരുന്ന കുട്ടികൾക്ക് കുടിക്കാനായ്‌ വീടിന്റെ ഉമ്മറപ്പടിയിലെന്നും ഒരുമൊന്ത വെള്ളം കരുതി വെക്കുമായിരുന്നു അവർ.

തന്റെ പറമ്പിലെ ചാമ്പമരത്തിൽ നിന്ന് പൊഴിയുന്ന ചാമ്പക്കയും.
മധുരമൂറും ചപ്പിക്കുടിയൻ മാമ്പഴവുമെല്ലാം കുട്ടികൾക്കുള്ളതായിരുന്നു..

ഉപ്പയും ഉമ്മയുമില്ലാതെ ഒരു ബന്ധുവിന്റെ തണലിൽ വളരുന്ന അബൂട്ടിയെന്ന കുട്ടിയോട് പ്രത്യേകമായൊരു സ്നേഹക്കൂടുതലുണ്ടായിരുന്നു നുറുമ്മാക്ക്…

നൂറുമ്മാടെ വീട്ടിലേക്ക് കടയിൽ പോയി കൊടുക്കാനും. അവർക്കൊപ്പം ആടിനെ നോക്കാനും അവറ്റകൾക്ക് തീറ്റ കൊടുക്കാനുമെല്ലാം സഹായിച്ചിരുന്ന അബൂട്ടിയെ. സ്വന്തം മകനെ പോലെയാണ് അവർ സ്നേഹിച്ചിരുന്നത്..

തന്നെ പോലെ ആരോരുമില്ലാത്ത അബൂട്ടിയുടെ പഠന ചിലവുകൾ നോക്കിയിരുന്നതും നൂറുമ്മയാണ്.. പോകെ പോകെ പിരിയാൻ കഴിയാത്ത ഉമ്മമ്മകൻ സ്നേഹബന്ധമെന്തെന്ന് നൂറുമ്മയും ഒപ്പം അബൂട്ടിയും തിരിച്ചറിയുകയായിരുന്നു..

അബൂട്ടിയെ കൂടാതെ തന്റെ വീടിന് പരിസരത്തെ പല പാവപ്പെട്ട വീട്ടുകാർക്കും കുട്ടികൾക്കുമെല്ലാം. തന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്ത് കൊടുത്ത് അതിൽ നിന്ന് കിട്ടുന്ന ആത്മനിർവൃതിയിൽ നൂറുമ്മയങ്ങനെ
ആ നാടിന്റെ തിളങ്ങുന്ന നന്മയായ് ജീവിച്ചുകൊണ്ടിരുന്നു…

കാലം ഒത്തിരി മാറ്റങ്ങളുമായ് പിന്നെയും മുന്നോട്ട് നീങ്ങിയപ്പോൾ. അബൂട്ടിയടക്കം പല കുട്ടികളും വളർന്ന് പതിനെട്ടും പത്തൊൻപതും വയസ്സുള്ള യുവാക്കളായ്‌ മാറിയിരുന്നു..

സാഹചര്യങ്ങൾ കൊണ്ട്. അതിൽ പലർക്കും പഠനമെല്ലാം അവസാനിപ്പിച്ച്. പലവിധ കൂലിവേലകൾ തിരഞ്ഞെടുക്കേണ്ടി വന്നപ്പോൾ.

നൂറുമ്മയുടെ സ്നേഹത്തണലിൽ വളർന്ന അബൂട്ടി അറബി കോളേജിലെ ദർസ് പഠനവുമായ് സന്തോഷത്തോടെ മുന്നോട്ട് പോകുകയാണ്.

അന്നൊരു പെരുന്നാൾ രാവിന്റെ ദിവസമായിരുന്നു. ആ നാട് തന്നെ ഞെട്ടിവിറച്ചു കൊണ്ട് ഇരുട്ട് മൂടിപ്പോയ പെരുന്നാൾ രാവ്..

നൂറുമ്മയെന്ന സ്നേഹനന്മ കൊല്ലപ്പെട്ട രാത്രി….

അബൂട്ടിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് നൂറുമ്മയുടെ വീട്ടിലേക്ക് ഓടി കൂടിയ ആളുകൾ
ആ കാഴ്ച്ച കണ്ട് വിറങ്ങലിച്ചു നിൽക്കുമ്പോൾ..

ആൾക്കൂട്ടത്തിന് പുറകിൽ നിന്ന് അബൂട്ടിക്ക് നേരെ കൈ ചൂണ്ടികൊണ്ട്
ഒരാൾ വിളിച്ചു പറഞ്ഞു..

ഇവനാ.. ഈ അബൂട്ടിയാണ് നൂറുമ്മയെ കൊന്നത്. കുറച്ചു മുൻപ് കയ്യിലൊരു പൊതിയും പിടിച്ച് ഇവനിങ്ങോട്ട് വരുന്നത് ഞാൻ കണ്ടതാണ്..

അവിടവിടെയായ്‌ ചിതറിക്കിടക്കുന്ന നൂറുമ്മയുടെ സ്വർണ്ണാഭാരണങ്ങൾ കൂടി കണ്ടപ്പോൾ. അയാളുടെ വാക്കുകൾ കേട്ട നാട്ടുകാരുടെ ഉള്ളിൽ സംശയത്തിന്റെ നിഴലുകൾ വീഴാൻ തുടങ്ങുകയായിരുന്നു..

നൂറുമ്മയെ അബൂട്ടി കൊന്നുവെന്ന വാർത്ത. കാട്ടു തീ പോലെ നാടെങ്ങും പടരാൻ തുടങ്ങുമ്പോൾ. കരഞ്ഞ് കരഞ്ഞ് തളർന്നു വീഴാൻ തുടങ്ങിയ അബൂട്ടി പറയുന്നുണ്ടായിരുന്നു.. ഞാനെല്ല നൂറുമ്മയെ കൊന്നത്. എന്റെ ഉമ്മയെ ഞാൻ കൊന്നിട്ടില്ല..

അബൂട്ടിയാണ് നൂറുമ്മയെ കൊന്നതെന്ന് കുറച്ചു പേർക്കെങ്കിലും വിശ്വസിക്കാൻ കഴിഞ്ഞില്ലെങ്കിലും. മറ്റു ചിലർ ഇങ്ങനെയും പറയുന്നുണ്ടായിരുന്നു..

അബൂട്ടിയെ നൂറുമ്മ സ്നേഹിച്ച പോലെ
പല ഉമ്മമാരും സ്വന്തം മക്കളെ അങ്ങനെ സ്നേഹിച്ചു കാണില്ല.

അത്രക്ക് സ്നേഹിച്ച ആ ഉമ്മയെയാണ് ദുഷ്ടൻ കൊന്ന് കളഞ്ഞത്..

നാട്ടുകാരുടെ നാവിൽ നിന്ന് തന്നെ കൊലയാളിയെ കിട്ടിയപ്പോൾ മറ്റൊന്നിലേക്കും ചികഞ്ഞു പോകാൻ മെനക്കെടാതെ. അബൂട്ടിയെയും കൊണ്ട് പോലീസ് കാർ അവിടെ നിന്നും കളമൊഴിഞ്ഞു..

പിന്നെയും കുറച്ചു മാസങ്ങൾക്ക് ശേഷം മറ്റൊരു വാർത്ത കൂടി ആ നാട്ടിലേക്ക് വന്നു.. ജയ്‌ലിൽ കിടന്ന് അബൂട്ടിയും മരിച്ചുവെന്ന വാർത്ത… പല പല മാറ്റങ്ങളുമായ് മാസങ്ങളും വർഷങ്ങളും‌ മുന്നോട്ട് പോയപ്പോൾ നൂറുമ്മയെയും അബൂട്ടിയെയും നാട്ടുകാർ മറന്ന് തുടങ്ങിയിരുന്നു..

തളർന്നു വീണനാൾ മുതൽ താൻ ജനിച്ചു വളർന്ന നാടിന്റെ ഓർമ്മകളിന്നും ചങ്ങലയിൽ കോർത്ത്‌ വലിച്ചു മുറുക്കുകയാണ് ഖാദർ സാഹിബിന്റെ ഹൃദയത്തെ.. കൺപോളകളെ ഉറക്കമൊന്ന് തഴുകിയ ആ ദിവസം. അദ്ദേഹമൊരു സ്വപ്നം കണ്ടു..

ഒത്തിരി വർഷങ്ങൾക്ക് മുൻപ് താൻ ചെയ്തു കൂട്ടിയ മഹാപാപത്തിന്റെ സത്യങ്ങൾ.
ഭാര്യയോടും മകനോടും വിളിച്ചു പറയുന്നതായുള്ള സ്വപ്നം…

അങ്ങാടിയിലെ പലചരക്ക് കടയിൽ ജോലിക്ക് നിൽക്കുന്ന പത്തൊൻപത് വയസ്സുകാരനായ ഖാദറെന്ന എന്റെ. കുഞ്ഞു പെങ്ങൾ സുഹറാന്റെ മംഗല്ല്യരാവായിരുന്നു അന്ന്… അന്നാണ് എന്റെ മനസ്സിനുള്ളിലെ ചെകുത്താന്റെ ചിന്തകൾക്ക് ജീവൻ വച്ചത്.

കല്യാണപന്തലിനകത്ത്‌ കൂട്ട് കാരികൾ ചേർന്ന് സുഹറാന്റെ കൈകളിൽ മൈലാഞ്ചിയണിക്കുമ്പോൾ. കുറച്ച് മാറി ഒരുമേശക്ക് ചുറ്റുമിരുന്ന് ഞാനും കൂട്ട്കാരും കൈകൊട്ടി പാടുകയായിരുന്നു..

അന്നേരമാണ്.

സുഹറാന്റെ കല്യാണത്തിൽ പങ്കെടുക്കാൻ കോളേജിൽ നിന്ന് ലീവെടുത്തെത്തിയ അബൂട്ടി. നൂറുമ്മയുമൊത്ത്‌ പന്തലിനകത്തേക്ക് കയറി വന്നത്..

ഞങ്ങൾ കൂട്ട് കാർക്കരികിലേക്ക് ഓടിവന്ന അവൻ ഞങ്ങൾക്കൊപ്പം കൈകൊട്ടി പാടാൻ കൂടിയപ്പോൾ.. നൂറുമ്മ കല്യാണപെണ്ണിനരികിലേക്ക് പോയിരുന്നു..

പാട്ടെല്ലാം കഴിഞ്ഞ് ഞങ്ങൾ കൂട്ട്കാർ ചേർന്ന് സൊറ പറഞ്ഞിരിക്കുന്നതിനിടയിലാണ് കൂട്ടത്തിലുള്ള മജീദ് അത് പറഞ്ഞത്.. നമ്മടെ അബൂട്ടി വലിയ ഭാഗ്യവാനാണല്ലെ…
നൂറുമ്മയുടെ ചിലവിൽ പഠിച്ച് പണ്ഡിതനാകാനുള്ള ഭാഗ്യം കിട്ടിയില്ലെ ഇവന്..

പിന്നെ അത് മാത്രമാണോ ആരോരുമില്ലാത്ത നൂറുമ്മയുടെ സ്വത്തെല്ലാം ഇവനുള്ളതല്ലെ..
എന്റെ ഉമ്മ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് നൂറുമ്മാടെ കയ്യിൽ ഒരുപാട് സ്വർണ്ണവും പണവുമുണ്ടെന്ന്…

ചുണ്ടിലെപ്പോഴും വിരിഞ്ഞു നിൽക്കുന്ന പുഞ്ചിരിയോടെ കൂട്ട് കാരൻ മജീദ് പറഞ്ഞ വാക്കുകൾക്ക് മറുപടി കൊടുത്തു അബൂട്ടി..

ഞാനതൊന്നും ആഗ്രഹിക്കുന്നില്ല മജീദെ.
ഉമ്മയില്ലാത്ത എനിക്ക് പടച്ചോൻ തന്നതാണ് എന്റെ നൂറുമ്മയെ. ആ ഉമ്മയുമൊത്ത് ഒത്തിരി കാലം ജീവിക്കാനുള്ള ഭാഗ്യം മാത്രം പടച്ചോൻ എനിക്ക് തന്നാൽ മതി…

ഞങ്ങടെ സംസാരം നാട്ടുകാര്യങ്ങളിലേക്ക് കടന്ന് അവസാനിക്കുമ്പോൾ. ഖാദറെന്ന എന്റെ ദുഷിച്ച മനസ്സിൽ നൂറുമ്മയുടെ സ്വർണ്ണത്തെയും പണത്തെയും കുറിച്ചുള്ള ചിന്തകൾ പെരുകി തുടങ്ങുകയായിരുന്നു..

ആ സമയത്ത് തന്നെ കല്യാണപെണ്ണായ എന്റെ പെങ്ങൾ സുഹറാടെ കൈകളിൽ അവൾക്കായ് കൊണ്ട് വന്ന സ്വർണ്ണസമ്മാനം നൂറുമ്മ അണിയിക്കുകയായിരുന്നു..

പിന്നീടുള്ള നാളുകളിൽ എന്റെ ചിന്തകളത്രയും അവരുടെ സ്വർണ്ണവും പണവും എങ്ങനെയെങ്കിലും മോഷ്ടിക്കണമെന്നതായിരുന്നു..

ഒരു വലിയ പെരുന്നാൾ തലേന്ന് രാത്രി നൂറുമ്മ നമസ്കാരമുറിയിൽ ഇശാഹ് നിസ്കരിച്ചുകൊണ്ടിരിക്കുമ്പോൾ.
മറ്റൊരു മുറിയിൽ ഞാൻ അവരുടെ സ്വർണ്ണവും പണവും തിരയുകയായിരുന്നു..

ആഗ്രഹിച്ച പോലെ എനിക്കൊന്നും കിട്ടിയില്ലെങ്കിലും അലമാരയിൽ നിന്ന് ചെറിയൊരു ആഭരണപെട്ടി കിട്ടിയതും കൊണ്ട് പോകാൻ തിരിഞ്ഞ എന്നെ . കയ്യോടെ എന്നെ പിടികൂടിയിരുന്നു നൂറുമ്മ..

നീയിത് ചെയ്യരുതായിരുന്നു ഖാദറെയെന്നും പറഞ്ഞ്. എന്റെ കയ്യിൽ നിന്ന് സ്വർണ്ണപെട്ടി വാങ്ങാനടുത്ത അവരെ ഞാൻ തള്ളിയിട്ടു കൊണ്ട് ഓടാൻ തുടങ്ങവെ..

അല്ലാഹ് എന്ന് വിളിച്ചുള്ള നൂറുമ്മയുടെ നിലവിളി കേട്ട് തിരിഞ്ഞു നോക്കിയ ഞാൻ കണ്ടു..

കട്ടിലിന്റെ കാലിലേക്ക് തലയുടെ പിൻഭാഗമിടിച്ചു വീണ നൂറുമ്മാന്റെ നിസ്കാരകുപ്പായം ചോരയിൽ മുങ്ങി അവർ കിടന്ന് പിടയുന്നത്.. എന്ത് ചെയ്യണമെന്നറിയാതെ വെപ്രാളപ്പെട്ട് ഞാൻ നിൽക്കുമ്പോഴാണ്. നൂറുമ്മായെന്നും വിളിച്ച് അടുത്തടുത്ത് വരുന്ന അബൂട്ടിയുടെ ശബ്ദം കേട്ടത്..

മറ്റൊന്നും ചിന്തിക്കാൻ നിൽക്കാതെ വടക്കേപ്പുറത്തുള്ള വാതിൽ ശബ്ദമുണ്ടാക്കാതെ തുറന്ന ഞാൻ പുറത്തെ ഇരുട്ടിലേക്കോടിമറഞ്ഞു..

അബൂട്ടിയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് നാട്ടുകാർ ഓടികൂടുന്നത് കണ്ടപ്പോൾ ആരും കാണാതെ പൊന്തകാട്ടിൽ നിന്ന് ഞാൻ പുറത്തേക്ക് വന്നു…

ഉള്ളിൽ പേടിയുണ്ടെങ്കിലും ഒന്നുമറിയാത്തമട്ടിൽ ആളുകൾക്ക് പിന്നിൽ ചെന്ന് എത്തി നോക്കുമ്പോൾ കണ്ടു..

അബൂട്ടിയുടെ മടിയിൽ ചോരയിൽ കുളിച്ച് ചലനമില്ലാതെ കിടക്കുന്ന നൂറുമ്മയെ.. അവർ മരിച്ചു കഴിഞ്ഞെന്ന് മനസിലാക്കിയ ഞാൻ അപ്പോൾ എന്റെ മനസ്സിൽ തോന്നിയ കുരുട്ട് ബുദ്ദിയിൽ വിളിച്ചു പറഞ്ഞു.. ഇവനാ… ഈ അബൂട്ടിയാ നൂറുമ്മയെ കൊന്നതെന്ന്..

ഉറ്റ ചങ്ങാതിയായ എന്റെ വാക്കുകൾ തന്നെയാണ്. ഇട്ടിരുന്ന ജുബ്ബയും മുണ്ടും ചോരയിൽ മുങ്ങി നൂറുമ്മയെ കെട്ടിപ്പുണർന്ന് കരയുന്ന അബൂട്ടിയുടെ നേർക്ക് സംശയത്തിന്റെ കണ്ണുകൾ നീളാൻ കാരണമാക്കിയത്..

ഞാനങ്ങനെ പറഞ്ഞു കേട്ടത് വിശ്വസിക്കാൻ കഴിയാത്ത അമ്പരപ്പോടെ അവൻ പറഞ്ഞു. ഞാനെല്ലാ നൂറുമ്മയെ കൊന്നത്.
എന്റെ ഉമ്മയെ ഞാൻ കൊന്നിട്ടില്ല..

കരച്ചിലിനിടയിൽ അവന്റെ ശബ്ദം മുറിഞ്ഞുപോയ്‌ തളർന്നു വീണപ്പോൾ പിന്നീടവൻ പറഞ്ഞതിനൊന്നും ആരും ചെവികൊടുത്തിരുന്നില്ല..

വിശ്വസിക്കാൻ കഴിയാത്ത രീതിയിൽ പിന്നീടെല്ലാം എനിക്കനുകൂലമായി മാറുമ്പോൾ..
പോലീസ്കാർ അബൂട്ടിയെ ചവിട്ടിക്കൂട്ടി ജീപ്പിലേക്കേറിയുകയായിരുന്നു..

ആ രംഗം കണ്ടിട്ട് പോലും എന്റെ മനസ്സിലൊരു നൊമ്പരം തോന്നിയില്ല.. ഞാൻ രക്ഷപെട്ടുവെന്ന ചിന്ത മാത്രമായിരുന്നു എന്റെ മനസ്സിൽ..

ആരോരുമില്ലാത്ത അബൂട്ടിക്ക് വേണ്ടിയന്ന് സംസാരിക്കാൻ ഞങ്ങടെ നാട്ടിലെ ആരെങ്കിലും തയ്യാറായിരുന്നെങ്കിൽ ഒരു പക്ഷെ
ആ പാവം ചിലപ്പോൾ രക്ഷപെട്ടേനെ..

കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ ഞാനറിഞ്ഞു..

പോലീസ്കാരുടെ മർദ്ദനത്തിൽ നെഞ്ചിൻ കൂട് തകർന്ന് പോയ അബൂട്ടി. ചോര ശർദിച്ചു ശർദിച്ച് ജെയിലിനുള്ളിൽ മരിച്ചു വിണെന്ന്..

അതെ ഞാനെന്ന മഹാ പാപിയിലൂടെയാണ്. നല്ല രണ്ട് മനുഷ്യജന്മങ്ങൾ ഈ ഭൂമിയിൽ നിന്ന് ഇല്ലാതായത്… താൻ പറഞ്ഞ കഥകൾ കേട്ട തന്റെ ഭാര്യയും മകനും പോലും.. മഹാപാപിയെന്ന് വിളിച്ച് തന്നെ ശപിക്കുന്നത് കേട്ടപ്പോൾ.

ഒരു ഭ്രാന്തനെ പോലെ അലറിവിളിക്കുന്നതിൽ അവസാനിക്കുന്ന ഖാദർ സാഹിബിന്റെ
സ്വപ്നത്തിനൊപ്പം തന്നെ. അദ്ദേഹം ഹൃദയം പൊട്ടി മരിച്ചും കഴിഞ്ഞിരുന്നു…

ഖാദർ സാഹിബ്‌ ചെയ്തിട്ടുള്ള പാപങ്ങളൊന്നും അറിഞ്ഞിട്ടില്ലാത്ത മകൻ നജീബ്.

സ്നേഹ സമ്പന്നനായ തന്റെ ഉപ്പാന്റെ ഖബറിലേക്ക് മൂന്ന്പിടി മണ്ണുമിട്ട് കണ്ണീരോടെ പ്രാർത്ഥിക്കുമ്പോൾ.. വീട്ടിൽ നജീബിന്റെ ഉമ്മ. തന്റെ ജീവന്റെ പാതിപിരിഞ്ഞ വേദനയിൽ വിങ്ങലടക്കാൻ പാട് പെടുകയായിരുന്നു…