ചുവന്നു തുടുത്ത കവിൾത്തടത്തിലൂടെ പൊഴിയുന്ന കണ്ണ്നീരും വിറക്കുന്ന ചുണ്ടുകളാലും തന്നെ നോക്കി നിൽക്കുന്ന ആര്യയുടെ..

പ്രണയമധുരം
(രചന: Sadik Eriyad)

ഹലോ വിനു നീ വീട്ടിലുണ്ടൊ.

ആ എന്താടാ.

എടാ ഒരു ഗുഡ് ന്യൂസുണ്ട് ഞാനിപ്പൊ നിന്റെ വീട്ടിലേക്ക് വരാം കാര്യം നേരിട്ട് പറയാം.

ഓക്കേടാ.

തന്റെ അരികിലേക്ക് വലിയ സന്തോഷത്തിൽ നടന്നടുക്കുന്ന കൂട്ട് കാരൻ സൽമാനോട്‌ വിനു ചോദിച്ചു. എന്താടാ സൽമാനെ രാവിലെ തന്നെ
ഗുഡ്ന്യൂസ്.

എടാ ഇന്നലെ ഞങ്ങടെ കമ്പനി വാർഷികത്തിനോടനുബന്ധിച്ച് നടന്ന ഫാമിലിമീറ്റിൽ. പതിമൂന്ന് ബ്രാഞ്ചിലെയും സ്റ്റാഫുകളും അവരുടെ കുടുംബവും പങ്കെടുത്തിരുന്നു.

ഡോക്ടർ നന്ദു ശ്രീദേവിന്റെ മോട്ടിവേഷൻ സ്പ്പീച്ചായിരുന്നു ഹൈലൈറ്റ് പ്രോഗ്രാം.

ഡോക്ടർ നന്ദു ശ്രീദേവ് ആരാണെന്നറിയൊ നിനക്ക്.

നമ്മുടെ നന്ദുവാണെടാ പത്താം ക്ലാസ് വരെ നമുക്കൊപ്പം ഉണ്ടായ നമ്മടെ ചങ്ങാതി നന്ദുവാണ്. നിന്റെ പെങ്ങൾ ആര്യ ഇന്നും കാത്തിരിക്കുന്ന നന്ദു.

കേട്ടത് വിശ്വസിക്കാൻ കഴിയാതെ മിഴിച്ചു നിൽക്കുന്ന വിനുവിനോടായ്‌ സൽമാൻ വീണ്ടും പറഞ്ഞു.

അതേടാ സത്യമാണ് ചിൽഡ്രൻസ് കൗൺസലിങ് സ്‌പെഷലിസ്റ്റും പ്രഗൽബ മോട്ടിവേഷൻ സ്പ്പീക്കറുമായ ഡോക്ടർ നന്ദു ശ്രീദേവ് നമ്മുടെ പഴയ കളിക്കൂട്ട്കാരനാണ്.

ഇതാ ഇതാണ് ആള്.

സൽമാൻ ഫോണെടുത്ത്‌ നന്ദുവിന്റെ സ്പീച്ചിങ് വിഡിയോ വിനുവിനെ കാണിച്ചു.

ഞങ്ങടെ ജീ എം ചെന്നൈകാരനായ കാർത്തിക്ക് സാറിന്റെ ക്ലോസ് ഫ്രണ്ടാണവൻ.

സാറ് വഴിയാണ് നന്ദു അവിടെ പ്രോഗ്രാമിന് വന്നത്.

സൽമാനെ നീ അവനുമായി സംസാരിച്ചോടാ.

ഓടി ചെന്നവനെ കെട്ടിപ്പിടിക്കാൻ എന്റെ ഹൃദയം കൊതിച്ച് ഞാൻ മുന്നോട്ട് നീങ്ങിയതാണ് വിനു.

അപ്പോഴാണ് അടുത്ത മാസം നമ്മുടെ സ്കൂളിന്റെ ആനിവൽടെയാണെന്ന് ആര്യ പറഞ്ഞ കാര്യം എന്റെ മനസ്സിലേക്ക് വന്നത്.. ഒരു കാലത്ത് നമുക്കൊപ്പം അവൻ പഠിച്ചിരുന്ന അതേ സ്കൂളിലേക്ക് അവനെ കൊണ്ട് വരണം വിനു.

പത്ത് പതിമൂന്ന് വർഷം മുൻപ് ഹൃദയം കരഞ്ഞു കൊണ്ട് അവനും അമ്മയും ഇറങ്ങിപ്പോയ
സ്കൂളിലേക്ക് ഇന്നത്തെ അവന്റെ പൊസ്വിഷനിൽ അവൻ വരണം.

അതിനുള്ള അവസരം കൂട്ടുകാരായ നമ്മൾ തന്നെ ഉണ്ടാക്കണം അവൻ പോലും അറിയാതെ.

അവനെ കുറിച്ചുള്ള എല്ലാ വിവരവും ഇന്നലത്തന്നെ ഞാൻ കാർത്തിക്ക് സാറിനോട് ചോദിച്ചറിഞ്ഞു.

എടാ അവന്റെ മേരേജ് കഴിഞ്ഞോടാ.

ഇല്ല വിനു അവന്റെ മേരേജൊന്നും കഴിഞ്ഞിട്ടില്ല. ഈ നാട്ടിൽ നിന്ന് പോയിട്ട് അവനും അമ്മയും അമ്മാവന്റെയൊപ്പം ചെന്നൈലായിരുന്നു താമസം.

പഠിപ്പിനൊപ്പം തന്നെ അമ്മാവന്റെ ഹോട്ടലിൽ പണിയെടുത്ത്‌ അവനും അമ്മയും ഒത്തിരി വർഷം അവിടെ ജീവിച്ചു. അമ്മാവൻ മരിച്ചപ്പോൾ അമ്മയെയും കൊണ്ട് കേരളത്തിലേക്ക് വന്നതാണ് ഇപ്പൊ അഞ്ചാറ് മാസമായ് കൊച്ചിയിലാണ് താമസം.

കോളേജിൽ കാർത്തിക് സാറിന്റെ
ക്ലാസ് മേറ്റായിരുന്നു അവൻ. കൊച്ചിയിലെ ഒരു ഹോസ്പിറ്റലിൽ ചിൽഡ്രൻസ് കൗൺസലിംഗ് ഡോക്ടറായ്‌ ജോലി ചെയ്യുകയാണിപ്പോൾ കൂടെ മോട്ടിവേഷൻ സ്പീച്ചും.

നമ്മുടെ സ്കൂൾ ജീവിതത്തിൽ അവനനുഭവിക്കേണ്ടി വന്ന വേദനകളെല്ലാം
ഇന്നലെ രാത്രി ഞാൻ കാർത്തിക് സാറിനോട് പറഞ്ഞു. പിന്നെ നമ്മുടെ ആര്യയുടെ കഥയും.

സ്കൂൾ ആനിവൽഡേയുടെ ഡെയ്റ്റ് അറിയിച്ചാൽ കാർത്തിക് സാർ അവനെ
കൊണ്ട് വരാന്ന് ഏറ്റിട്ടുണ്ട്.

ഒരു കാലത്ത് നമ്മളൊരുമിച്ച് കളിച്ചു നടന്ന സ്കൂളിൽ അവനെ നമുക്ക് കൊണ്ട് വരാൻ കഴിഞ്ഞാൽ അവിടെ വെച്ചവൻ കാണട്ടെടാ. അവനെയും നെഞ്ചിലിട്ട് ഇന്നും ജീവിക്കുന്ന നിന്റെ പെങ്ങൾ ആര്യയെയും പിന്നെ അവനെന്ന ചങ്ങാതി മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ലാത്ത നമ്മൾ രണ്ട് ചങ്ങാതിമാരെയും.

അതേടാ അവന്റെ മനസ്സും ആര്യയെ ഇത് വരെ മറന്നിട്ടില്ലെങ്കിൽ ചിലപ്പോൾ അവൾടെ കാത്തിരിപ്പ് സഫലമായാലോ.

പ്രതീക്ഷകൾ നിറഞ്ഞ ഹൃദയത്തോടെ കൂട്ട് കാരനെ വിനു കെട്ടിപുണർന്നു.

ഒത്തിരി വർഷങ്ങൾക്ക് മുൻപ് നാട്ടിൻ പുറത്തെ സ്കൂളിൽ പഠിച്ചിരുന്ന മൂന്ന് ചങ്ങാതിമാർ.

നന്ദു , വിനു , സൽമാൻ,

മൂന്ന് പേരും ക്‌ളാസ്സിലെ ലാസ്റ്റ്ബഞ്ച് സ്ഥാനക്കാർ പഠനത്തിൽ ശ്രദ്ദിക്കാത്തവർ എപ്പോഴും ടീച്ചറിൽ നിന്നും അടിവാങ്ങിയിരുന്ന മൂന്ന് വികൃതി പയ്യൻമാർ. പത്താം ക്ലാസ്സിലെ ഓണ പരീക്ഷയുടെ ദിവസമാണ് നന്ദുവിന്റെ സ്കൂൾ ജീവിതത്തിൽ കരിനിഴൽ വീണത്.

ടീച്ചറുടെ ബാഗിൽ നിന്ന് ആരോ കാശ് മോഷ്ടിച്ചത് നന്ദുവിന്റെ പേരിൽ ചാർത്തപ്പെട്ട ദിവസം. ചെയ്യാത്ത കുറ്റം തന്നിലാരോപിച്ചവന്റെ തലമണ്ടയിൽ കല്ല് കൊണ്ടടിക്കുമ്പോൾ അവൻ പറയുന്നുണ്ടായിരുന്നു.

ഞാൻ കട്ടിട്ടില്ല. ഞാൻ കാട്ടിട്ടില്ലെടാ.

ഒരു പക്ഷെ. അവൻ കട്ടെടുക്കുന്നത് താൻ കണ്ടുവെന്ന് പറഞ്ഞ ആ കുട്ടി നാട്ടിലെ ഒരു ഉന്നതന്റെ മകനായത് കൊണ്ടാകും അവനിൽ തന്നെ ആ കളവന്ന് അടിച്ചേൽപ്പിക്കാൻ കാരണമായതും.

മകൻ തെറ്റ് ചെയ്തുവെന്ന പേരിൽ സ്കൂളിലേക്ക് വരേണ്ടി വന്ന അവന്റെ അമ്മയും ഹൃദയം പൊട്ടികരഞ്ഞ് കൊണ്ട് പറഞ്ഞു. എന്റെ കുട്ടി കളവ് ചെയ്യില്ല എന്റെ നന്ദു ആരുടെ മുതലും ഇന്ന് വരെ കട്ടെടുത്തിട്ടില്ല.

അന്ന് സ്കൂൾ മുറ്റത്ത്‌ നിന്ന് ഹൃദയം തകർന്ന് അമ്മയോടൊപ്പം ഇറങ്ങിപ്പോയ നന്ദു പിന്നീട് സ്കൂളിലേക്ക് വന്നിട്ടില്ല. കുറച്ചു ദിവസങ്ങൾക്ക് ശേഷം നന്ദുവും അമ്മയും ആ നാട്ടിൽ നിന്ന് തന്നെ എവിടേക്കോ പോയിരുന്നു.

മുന്നിലിരിക്കുന്ന കുട്ടികൾ പോലും നിശബ്ദമായ് കേട്ടിരിക്കുന്ന ശബ്ദമനോഹാരിതയിൽ മൊഴിയുന്ന വാക്കുകൾ.

പറയുന്ന വാക്കുകളെ താളത്മകമായ സംഭാഷണശൈ‌ലിയിലൂടെ കേൾവിക്കാരുടെ ഹൃദയം കവർന്നെടുത്ത് മാധുര്യമേറിയ നന്ദുവിന്റെ ശബ്ദം ആ സ്കൂൾ പരിസരത്തെയാകെ വർണ്ണാഭമാക്കി.

കുട്ടികളുടെ കുഞ്ഞ് ഹൃദയത്തിൽ പതിയുന്ന രീതിയിൽ കുറെയേറെ ടോപിക്കുകൾ പറഞ്ഞവസാനിപ്പിച്ച്. സ്റ്റേജിൽ നിന്നിറങ്ങി കൂട്ട് കാരൻ കാർത്തിക്കിനരികിലേക്ക് നടന്നടുക്കുന്നതിനിടയിൽ നന്ദു കാണുകയായിരുന്നു.

തന്നെ നോക്കി പുഞ്ചിരിതൂകി കാർത്തിക്കിനരികിൽ നിൽക്കുന്ന രണ്ട് മുഖങ്ങളെ. രണ്ട് പേരെയും തിരിച്ചറിഞ്ഞ സന്തോഷത്തിൽ നടന്നടുത്ത നന്ദുവിനെ സർവ്വക്ഷമയും നശിച്ചു നിന്ന സൽമാൻ കെട്ടിപുണർന്നുകൊണ്ട് ചോദിച്ചു.

മനസ്സിലായോടാ നിനക്ക് ഞങ്ങളെ.

ഒരു കാലത്ത് കച്ചറ കുട്ടിയായിരുന്ന എനിക്കൊപ്പം ലാസ്റ്റ് ബഞ്ചിലിരുന്ന എന്റെ ചങ്ങാതിമാർ സൽമാനും വിനുവും. വർഷങ്ങൾക്ക് ശേഷമുള്ള കണ്ടു മുട്ടൽ സ്നേഹം പൊഴിയുന്ന സംസാരത്തിലേക്ക് നീങ്ങുന്നതിനിടയിൽ.

അവരെയും നോക്കി നിൽക്കുന്ന ആര്യയുടെ നേർക്ക് കൈ വിരൽ ചൂണ്ടി നന്ദുവിനോട് സൽമാൻ ചോദിച്ചു. ആ നിൽക്കുന്നത് ആരാണെന്ന് മനസ്സിലായോ നിനക്ക്. നീ പറഞ്ഞ പോലെ ഒരിക്കെ ഈ സ്കൂളിലെ കച്ചറയായിരുന്ന നിന്നെ പ്രണയിച്ച പെണ്ണ്.

ആര്യ നിന്റെ പ്രണയിനി. നീ വേദനിച്ചിറങ്ങിപ്പോയ സ്കൂളിലെ ഇന്നത്തെ കുട്ടികളുടെ പ്രിയപ്പെട്ട ആര്യടീച്ചർ.

ഈ നാട്ടിൽ നിന്ന് നീയും അമ്മയും പോകുന്നതിന്റെ തലേന്ന് നീ അവൾക്കൊരു കത്ത്‌ നൽകിയില്ലെ. ആ കത്തിലൂടെ നീ അവൾക്ക് കൊടുത്ത വാക്കും വിശ്വസിച്ച് വർഷങ്ങൾ ഒത്തിരിയായിട്ടും ഇന്നും നിനക്ക് വേണ്ടി കാത്തിരിക്കുന്നവൾ.

അവളുടെ അച്ഛനും ഇവനെന്ന സഹോദരനും ഒത്തിരി വിവാഹാലോചനകളുമായ് അവൾക്ക് മുന്നിൽ ചെന്നിട്ടും അതെല്ലാം വേണ്ടെന്ന് വച്ച് നിന്നെയും കാത്തിരിന്നവൾ.

സൽമാന്റെ വാക്കുകൾ കേട്ട് ഏതോ സ്വപ്നലോകത്തിലെന്നപ്പോലെ നിന്നിരുന്ന നന്ദു തുടിക്കുന്ന ഹൃദയവുമായ് ആര്യക്കരികിലേക്ക് നടന്നടുത്തു.

ചുവന്നു തുടുത്ത കവിൾത്തടത്തിലൂടെ പൊഴിയുന്ന കണ്ണ്നീരും വിറക്കുന്ന ചുണ്ടുകളാലും തന്നെ നോക്കി നിൽക്കുന്ന ആര്യയുടെ മുന്നിൽ നിന്ന് നന്ദു വിളിച്ചു.

ആ ആ ആര്യാ…….

എന്നെയും കാത്ത് ഇത്രയും നാൾ നീ.

കഴിഞ്ഞു പോയ നാളുകളിലെ എന്റെ ചിന്തകളെ പോലും നീ തോൽപ്പിച്ചു കളഞ്ഞല്ലൊ പെണ്ണെ. നന്ദു പോകുന്നതിന് മുൻപ് നോട്ട് ബുക്കിന്റെ ഏടിലെഴുതി അവൾക്ക് കൊടുത്ത പ്രണയലേഖനം.

ഒത്തിരി വർഷങ്ങൾക്കിപ്പുറം നന്ദുവിന് നേരെ
നീട്ടികാണിച്ചു കൊടുത്തുകൊണ്ട് ആര്യപറഞ്ഞു..

എനിക്ക്. എനിക്കിതിലെ വരികളും ഈ മുഖവും മറക്കാൻ കഴിഞ്ഞിരുന്നില്ല. പരിസരം പോലും മറന്ന് ആര്യയെ തന്റെ നെഞ്ചിലേക്ക് ചേർത്ത് കെട്ടിപ്പുണർന്ന് അവളുടെ തിരുനെറ്റിയിലും കവിൾ തടത്തിലും മുത്തങ്ങൾ കൊണ്ട് പൊതിയുമ്പോൾ.

നന്ദുവിന്റെ ഹൃദയത്തിൽ അവസാനമായ് താൻ അവൾക്കായ് എഴുതിയ പ്രണയവരികൾ ഒന്ന് കൂടി തെളിഞ്ഞു വരികയായിരുന്നു..

എന്റെ നെഞ്ചിനുള്ളിലെ
സ്നേഹമേ , മാതളപ്പൂ പോലെയുള്ള നിൻ പുഞ്ചിരി പ്രണയമായ് എനിക്ക് നൽകി എന്റെ ഹൃദയത്തിനുള്ളിലും ചുണ്ടിലും പുഞ്ചിരി വിരിയിച്ച പെണ്ണെ.

നിനക്ക് മാത്രമായ് ഈ വരികൾ.

ഞാനും എന്റെ അമ്മയും ഇന്നൊത്തിരി വേദനിക്കുന്നു ആര്യ. എവിടേക്കെന്നില്ലാതെ ഞങ്ങൾ പോകുകയാണ്.

ഒന്നുറപ്പാണ് നിന്റെ പുഞ്ചിരിയിലൂടെയാണ് എന്റെ കുഞ്ഞ് ഹൃദയം ചിരിക്കാൻ തുടങ്ങിയത്. സ്വപ്നതേരിലിറങ്ങി ഒരുനാൾ ഞാൻ വരും. എന്റെ മരണം വരെ എന്റെ ഹൃദയം ചിരിക്കാൻ നിന്റെ പുഞ്ചിരിമുഖം എന്റേത് മാത്രമാക്കാൻ.

ഞാൻ ബാക്കി വച്ച് പോകുന്ന പ്രണയം കടലോളമളവിൽ നിനക്ക് തിരിച്ചു നൽകാൻ ഒരു നാൾ ഞാൻ നിന്നെ തേടി വരും. അന്ന് ഈ പൂനിലാവിലെ പൂക്കളെല്ലാം നമ്മളെ നോക്കിയും പുഞ്ചിരിക്കട്ടെ. നീ കാത്തിരിക്കും എന്ന വിശ്വാസത്തിൽ സ്നേഹത്തോടെ നന്ദു.

കയ്യടി ശബ്ദം കേട്ട് ആലിംഗനത്തിൽ നിന്നുണർന്ന് ചുറ്റും നോക്കിയ നന്ദുവും ആര്യയും കണ്ടു.

സ്കൂൾ മുറ്റം നിറയെ പൂ നിലാവിൽ വിരിഞ്ഞ പൂക്കളെ പോൽ പുഞ്ചിരി തൂകിയ മുഖങ്ങൾ
കൈകൾതട്ടി തങ്ങൾക്കാശംസകൾ അറിയിക്കുന്നത്.

കയ്യടി ശബ്ദത്തിനിടയിൽ ആര്യയുടെ ചെവിയിൽ നന്ദു പറഞ്ഞു. നമ്മുടെ കുഞ്ഞ് നാളിൽ എന്നെനോക്കി പുഞ്ചിരിച്ചിരുന്ന നിന്റെ ഈ മുഖത്തിനോളം ചന്തം ഇക്കാലമത്രയും ഒരു റോസാപ്പൂവിലും ഞാൻ കണ്ടിട്ടില്ല പെണ്ണെ…