അവന്റെ കാലിൽ വീണു തന്നെ ഉപേക്ഷിക്കരുതെന്ന് കരയാൻ തോന്നുണ്ടെങ്കിലും അവനെ പിടിച്ചു നിർത്താൻ തോന്നുന്നില്ല..

പ്രണയത്തിന്റെ ഓരത്ത്
(രചന: Sabitha Aavani)

കെ എസ് ആർ ടി സി ബസിന്റെ അവസാന സീറ്റിൽ അവർ ഇരുന്നു. പുറത്ത് നല്ല വെയിൽ.

ചൂട് കാറ്റ് ഉള്ളിലേക്ക് അടിച്ചു കയറുന്നു.
അവളുടെ ചെമ്പൻ മുടി പാറി പറക്കുന്നു.
ഒപ്പമിരുന്ന ചെറുപ്പക്കാരൻ അവളെ തന്നെ നോക്കുന്നു. ഇല്ല യാതൊരു മുൻപരിചയവും തോന്നാത്ത വിധം അവൾ യാത്രയിൽ മുഴുകുന്നു.

” ഹീരാ …”

ഒരു നിസ്സഹായതയുടെ വിളി. അതിനപ്പുറം ആ വിളിയിൽ അവനെന്തോ പറയാൻ കൊതിയ്ക്കുന്നുണ്ട്.

” മ്മ്…” അവന്റെ മുഖത്തു പോലും നോക്കാതെ അവളിൽ നിന്നൊരു ഒരു മൂളൽ മാത്രം.

” രണ്ടു സ്റ്റോപ്പ് കഴിഞ്ഞാൽ ഞാൻ ഇറങ്ങും.”

” മ്മ്.” വീണ്ടും അതേ മൂളൽ.

“തനിക്കൊന്നും പറയാനില്ലേ?”

” ഉണ്ട്.”

അവന്റെ കണ്ണുകളിൽ നോക്കാൻ ഭയന്നൊരു മുഖം അവളിൽ കണ്ടു.

” എപ്പോഴെങ്കിലും എന്നെ മിസ്സ് ചെയ്തിട്ടുണ്ടോ?”

അവന്റെ കണ്ണുകൾ നിറയുന്നു.

” ഉവ്വ് ഈ നിമിഷവും. ഇനിയുള്ള ഓരോ നിമിഷവും. ഒരുപക്ഷെ നമ്മളകന്നു തുടങ്ങിയ ആ നിമിഷം മുതൽ. നീ ഇങ്ങനെ ഒന്നും ആയിരുന്നില്ല ഹീര…” അവൾ ചിരിക്കുന്നു ഉറക്കെ ഉറക്കെ പൊട്ടി ചിരിയ്ക്കുന്നു.

” നീ എന്നെ സ്നേഹിക്കുന്നു എന്ന് ഞാൻ വിശ്വസിക്കണോ? അതോ സ്നേഹിച്ചിരുന്നു എന്നോ?”

മറുപടി ഇല്ലാതെ അവൻ തലകുനിച്ചിരിക്കുന്നു.

ബസിന്റെ വേഗത കുറയുന്നു. വിരലിൽ എണ്ണാവുന്ന സമയം മാത്രം ഇനി ഒരുമിച്ച്. അവൻ വീണ്ടും അവളുടെ മുഖത്തേയ്ക്ക് നോക്കുന്നു.

ഇല്ല അവളെ വായിച്ചെടുക്കാൻ കഴിയുന്നില്ല. മരണത്തിനല്ലാതെ മറ്റൊന്നിനും തങ്ങളെ പിരിയ്ക്കാൻ ആവില്ലെന്ന് പറഞ്ഞവരാണ്.

ഇന്ന് അപരിചിതരെ പോൽ… ഇനിയങ്ങോട്ട് എന്നും…

” ആനന്ദ്. നീണ്ടു പോകില്ലെന്ന് ഉറപ്പുള്ളതിനെ അവിടെ അവസാനിപ്പിക്കുന്നതാണ് നല്ലത്.
ഇനിയൊരിക്കലും തിരിച്ചുവരാൻ ഇടയില്ലാത്ത ആ നല്ല ദിവസങ്ങളെ മാത്രം ഓർത്തു വെയ്ക്കൂ.”

അവള്‍ ആനന്ദിനെ നോക്കി മനോഹരമായി പുഞ്ചിരിയ്ക്കുന്നു. താന്‍ പ്രതീക്ഷിച്ച പോലൊരു പൊട്ടിക്കരച്ചിൽ പോലും അവളിൽ നിന്നുണ്ടാവുന്നില്ല.

അവൾ തീർത്തും ഒരുപാട് മാറി കഴിഞ്ഞിരിക്കുന്നു. ബസ് വേഗത കുറഞ്ഞു. അവൻ എഴുന്നേറ്റു. ഇല്ല അവൾ ശ്രദ്ധിക്കുന്നില്ല. ഒരു യാത്ര പറച്ചിൽ പോലും അവൾ ആഗ്രഹിക്കുന്നില്ലേ?

ബസ് നിർത്തി. അവൻ ഇറങ്ങി.

മൗനമായി തന്റെ പ്രണയം തന്നിൽ നിന്നിറങ്ങി പോകുന്നത് നോക്കി അവൾ ഇരുന്നു. ആ കണ്ണുകൾ അടക്കി വെച്ച കണ്ണുനീർ നിർത്താതെ ഒഴുകുന്നു. തൊണ്ടയിൽ ഒരു വേദന കുത്തിവലിയ്ക്കും പോലെ.

അവന്റെ കാലിൽ വീണു തന്നെ ഉപേക്ഷിക്കരുതെന്ന് കരയാൻ തോന്നുണ്ടെങ്കിലും അവനെ പിടിച്ചു നിർത്താൻ തോന്നുന്നില്ല.

കടുത്ത വേനലിൽ ചുട്ടുപൊള്ളി ആ ഹൃദയം തകരുന്നു. കാഴ്ച്ചയിൽ നിന്നവൻ മറയും വരെ അവളുടെ കണ്ണുകൾ അവനെ തന്നെ നോക്കി ഇരിക്കുന്നു. കണ്ണുനീർ കാഴ്ച്ച മറയ്ക്കുന്നു.

ഇനി നഷ്ടപ്പെടാൻ ഒന്നും ബാക്കിയില്ലാത്തവൾ ആ ബസ്സിന്റെ അവസാന സ്റ്റോപ്പിൽ ചലനമറ്റു കിടക്കുന്നു. തിരിച്ചറിയപ്പെടാത്ത ശരീരം മോർച്ചറിയിൽ ഊഴം കാത്തു കിടക്കുന്നു. ഒടുവിലാരോ വരുന്നു

“അതെ ഹീര അവള്‍ തന്നെ”

ഹൃദയസ്തംഭനം അനാഥയുവതി മരിച്ചു. മറ്റെവിടെയോ ഒരു തേങ്ങൽ അവശേഷിക്കുന്നു.

അല്ല… അനാഥയല്ല… അവളെന്റെ മാത്രം ഹീരയായിരുന്നു. അവൻ അലമുറയിടുന്നു. ഒരിക്കൽ ചുംബിച്ച ചുണ്ടുകൾ വീണ്ടും ഒന്നിക്കുന്നു

അന്ത്യചുംബനത്തിലൂടെ! ഇതാ ഞാൻ നിന്നെ യാത്രയാക്കുന്നു. ഒരു നേർത്ത വിങ്ങലോടെ ഭൂമി അവളെ ഏറ്റെടുക്കുന്നു. ഇങ്ങനെയും പ്രണയം മരിക്കാം…