രവിയുടെ ഭാര്യയോട് വല്ലാത്തൊരു വെറുപ്പ് തോന്നി തുടങ്ങിയിരുന്നു, അയാളുടെ വിയര്‍പ്പിനുപോലും ചിലപ്പോള്‍ ഇന്ന്..

സ്വന്തം
(രചന: Sabitha Aavani)

ബസിന്റെ സൈഡ് സീറ്റിലിരിക്കുമ്പോൾ അടുത്തിരിയ്ക്കുന്ന സ്ത്രീയുടെ സാരിയിലായിരുന്നു ശ്രദ്ധ മുഴുവന്‍. ഇളം ചുവപ്പ് നൈലോൺ സാരിയും കൂടെ കടും നീല ബ്ലൗസും.

എന്തൊരു ഭംഗിയാണ്. മുടി നീളത്തിൽ മെടഞ്ഞിട്ട് ,നെറ്റിയിലെ പുരികങ്ങൾക്കു കുറച്ചു മേലെ തൊട്ട ചുവന്ന വട്ടപ്പൊട്ടും,നെടുനീളത്തിൽ അണിഞ്ഞ സിന്ദൂരതിലകവും. സുന്ദരി.
വാമി മൊബൈൽ സ്‌ക്രീനിൽ സ്വന്തം രൂപം ഒന്ന് നോക്കി.

കവിളൊട്ടി ചുളുവുകൾ വീണിരിക്കുന്നു.
മുഖത്ത് അവിടെവിടെയായി നിറയെ പാടുകളാണ്. കൺത്തടങ്ങൾ ഗർത്തം പോലെയായി തുടങ്ങി.

മുടിയിലധികവും വെള്ളിനൂലുകളാണ്. അല്ലെങ്കിലും അണിഞ്ഞൊരുങ്ങിയ കാലം മറന്നിരിക്കുന്നു.

ജോലി കഴിഞ്ഞ് ഓടിവരുന്ന വരവാണ്.
ആകെ വിയര്‍ത്ത് നാറുന്നുണ്ട്. നീലകോട്ടണ്‍ സാരി ആകമാനം വിയർത്തു കുതിർന്നിരുന്നു. ചുവന്ന ബ്ലൗസ് ആണെങ്കിൽ പിന്നെ പറയേം വേണ്ട. നനഞ്ഞൊട്ടി ദേഹംപറ്റി കിടക്കുന്നു.

വീട്ടിൽ പോയി ഒന്ന് കുളിച്ചു റെഡി ആയി പോകണം എന്നുണ്ട് പക്ഷെ നേരം കുറെ ആയി. നികമോളുടെ നിർബന്ധത്തിനു മുന്നില് ഗത്യന്തരമില്ലാതെ വഴങ്ങി കൊടുത്തതാണ്.
അല്ലെങ്കിൽ താന്‍ പോകാൻ ഇഷ്ടപെടാത്ത ആ വീട്ടിലേക്ക് ഒരിക്കൽ കൂടി കയറി ചെല്ലില്ല.

ഏഴുവയസ്സുകാരിയുടെ പിടിവാശിയ്ക്കു മുന്നിൽ തോറ്റുകൊടുക്കുമ്പോൾ ഇന്നോളം നഷ്ടപെട്ടതിനപ്പുറം തനിക്കൊന്നും ഇനി നഷ്ടപ്പെടാൻ ഇല്ലെന്ന തിരിച്ചറിവായിരുന്നു.

ഇൻകം ടാക്സ് ഓഫീസിലെ അസിസ്റ്റന്റ്ക്ലാർക്കാണ് വാമി. ഏഴുവയസ്സുകാരി നിക മകളും.

വിവാഹബന്ധം വേർപെടുത്തിയതിനു ശേഷം ഭർത്താവിന്റെ വീട്ടിലേക്ക് വീണ്ടും വിരുന്നുകാരിയായി പോകുകയാണ്. ഇന്ത്യൻ ബാങ്ക് മാനേജർ രവിയാണ് വാമിയുടെ മുൻഭർത്താവ്.

രവി മറ്റൊരു വിവാഹം കഴിച്ചെങ്കിലും ഇടയ്ക്കിടയ്ക്ക് നിക മോൾ അച്ഛനൊപ്പം അവധി ദിവസങ്ങളില്‍ താമസിക്കാൻ പോകാറുണ്ട്.

ഇന്ന് രവിയുടെ വീട്ടിൽ ചെന്ന് അവളെ കൂട്ടിയിട്ടു വരണം എന്ന നികയുടെ വാശിയ്ക്കു മുന്നിൽ മനസ്സില്ലാ മനസ്സോടെ നിന്നു കൊടുക്കുകയായിരുന്നു. ബസിൽ നിന്നിറങ്ങി രവിയുടെ വീട് ലക്ഷ്യമാക്കി നടന്നു.

ഏറെ പരിചിതമായ സ്ഥലം … മുൻപ് എട്ടുവർഷം ഇവിടെ തന്നെ ആയിരുന്നില്ലേ. ആരൊക്കെയോ നോക്കുന്നുണ്ട് എല്ലാവരോടും ഒരു അപരിചിതത്വത്തിന്റെ മുഖമൂടിയണിഞ്ഞ് അവൾ വേഗം നടന്നു.

ഗേറ്റിനു മുന്നിൽ രവിയുടെ രണ്ടാം ഭാര്യ ചെടി നനയ്ക്കുന്നുണ്ടായിരുന്നു. വാമിയെ കണ്ടതും അവർ ഓടി വന്നു ഗേറ്റ് തുറന്നു.

നിറയെ പൂക്കളുള്ള മഞ്ഞ ചുരിദാര്‍ അണിഞ്ഞ് നില്ക്കുന്ന സുന്ദരിയായ സ്ത്രീ.

” വരൂ … നിക മോള് രവിയേട്ടനൊപ്പം പുറത്ത് പോയിരിക്കുകയാണ് ഇപ്പോ എത്തും അകത്തേയ്ക്ക് വരൂ. ഞാൻ ചായ എടുക്കാം”

വല്ലാത്തൊരു ശ്വാസം മുട്ടൽ പോലെ തോന്നി വാമിയ്ക്ക്. അവൾ ആ സ്‌ത്രീയ്‌ക്കൊപ്പം അകത്തേക്ക് നടന്നു. രവിയുടെ ഭാര്യ…

അവര്‍ തമ്മില്‍ , സ്നേഹിക്കുന്നുണ്ടാവണം…
കെട്ടിപിടിക്കുന്നുണ്ടാവണം… ചുംബിക്കുന്നുണ്ടാവണം… ശരീരം പങ്കുവെയ്ക്കുന്നുണ്ടാവണം. ആ വീട്ടിൽ എല്ലാം പഴയതുപോലെ തന്നെ.

താനൊഴികെ ബാക്കി ഒന്നിനും ഒരു മാറ്റവും തോന്നുന്നില്ല പക്ഷെ വല്ലാത്തോരു ശൂന്യത, ഒരു ഭീതി തന്നെ വിഴുങ്ങുന്നപോലെ തോന്നി വാമിയ്ക്ക്. അവൾ അവിടെ കിടന്ന ഒരു കസേര നീക്കി ഇരുന്നു.

മുൻപെപ്പോഴോ താൻ രവിയ്ക്ക് സമ്മാനമായി നൽകിയ ഷർട്ട് സോഫമേൽ കിടക്കുന്നു. അന്നത് രവിയ്ക്ക് ഒത്തിരി ഇഷ്ടപ്പെട്ടിരുന്നു. അവള്‍ പതിയെ എഴുന്നേറ്റു ചുറ്റുമൊന്നു നോക്കി, ഇല്ല ആരും കാണുന്നില്ല. അവളാ ഷിർട്ടിൽ ഒന്ന് തലോടി.

പെട്ടന്ന് കൈ പിൻവലിച്ചു വല്ലാത്തൊരു അപകർഷതാബോധം. താന്‍ ഒത്തിരി മാറിയിരിക്കുന്നു… രവിയുടെ ഭാര്യ ചായയുമായി കയറി വന്നു.

” ഇരുന്നില്ലേ ? ഇവിടെ തന്നെ നിന്നുകളഞ്ഞോ ? ദാ ചായ കുടിയ്ക്കു” വാമി ഒന്ന് പുഞ്ചിരിച്ചു. നീണ്ട നേരം മൗനം.

രവിയുടെ ഭാര്യ സോഫായില്‍ വന്നിരുന്നു.
രവിയുടെ ഷർട്ട് എടുത്ത് തന്റെ മടിയിൽ വെച്ചു.
വാമിയുടെ ഹൃദയമിടിപ്പ് കൂടി താൻ തന്റെ ഭർത്താവിന് സമ്മാനിച്ചത്…

അയാളുടെ ചൂടും വിയർപ്പും അറിഞ്ഞ ഷർട്ട് അന്യ സ്ത്രീയുടെ മടിയിൽ… അവരെ രവിയുടെ ഭാര്യയായി അംഗീകരിക്കാന്‍ മനസ്സനുവധിക്കുന്നില്ല. അവളുടെ മുഖം വിളറി.

” വാമി എന്താണ് ആലോചിക്കുന്നത് ?”

” ഏയ് ഒന്നുമില്ല.മോളെ കാണുന്നില്ലല്ലോ… ഒരുപാട് ഇരുട്ടിയാൽ തിരിച്ചു പോകുന്നത് ബുദ്ധിമുട്ടാകും.”

” അത് സാരമില്ല രവിയേട്ടൻ കൊണ്ടുവിടും.”

” മറ്റൊന്നും ഹൃദയത്തിൽ മുഴങ്ങിയില്ല പക്ഷെ ആ പേര് … രവിയേട്ടൻ…” വല്ലാത്തൊരു ഭീകരത അവളെ അപ്പാടെ വിഴുങ്ങി കളഞ്ഞിരുന്നു.

പുറത്ത് കാർ വന്നു നിന്നതിന്റെ ശബ്ദം കേട്ടു. വാമി വേഗം എഴുന്നേറ്റു പുറത്തേയ്ക്കിറങ്ങാൻ ശ്രമിക്കവേ അവർ തടഞ്ഞു.

” അവർ അകത്തെയ്ക്ക് കയറി വരട്ടെ.”

നിക മോളാണ് ആദ്യം കയറിവന്നത്.

” അമ്മേടെ ചെരുപ്പ് വെളിയിൽ കണ്ടപ്പോഴേ ഞാൻ അച്ഛനോട് പറഞ്ഞു അമ്മ വന്നിട്ടുണ്ടെന്ന്.”

” നമ്മുക്ക് പോകാം …”

ഇടറിയ ശബ്ദം തൊണ്ടക്കുഴിയിൽ തന്നെ തങ്ങി.

രവി പടികടന്നു വന്നു.

” സോറി …താൻ വന്നിട്ട് കൊറേ ആയോ ?”

” കുറച്ച് നേരമായി…”
മറുപടി പറഞ്ഞത് രവിയുടെ ഭാര്യയാണ്.

വാമി ഒന്ന് ചിരിച്ചു.

” ഞങ്ങൾ ഇറങ്ങട്ടെ. ഇപ്പോ തന്നെ ഒരുപാടു ലേറ്റ് ആയി.”

” ഞാൻ കൊണ്ടുവിടാം ഈ ഡ്രസ്സ് ഒന്ന് മാറട്ടെ. ടു സെക്കൻഡ്‌സ്.” രവി ധൃതിയിൽ അകത്തേയ്ക്കു പോയി. പിന്നാലെ അയാളുടെ ഭാര്യയും.

കനത്ത നിശബ്ദതയിൽ വാമിയുടെ കണ്ണുകൾ നിറഞ്ഞു.

” അമ്മേ…എന്തിനാ കരയുന്നെ? നിക മോള് കൂടെ വരുവല്ലേ ?”

” മ്മ്… നമുക്ക് പോകാം…”

” അപ്പൊ അച്ഛൻ ?”

” വേണ്ട വാ പോകാം.”

നികയുടെ കൈകളിൽ പിടിച്ച് വാമി വേഗം പുറത്തിറങ്ങി. വളരെ വേഗത്തിൽ ബസ്‌സ്റ്റോപ് ലക്ഷ്യമാക്കി നടന്നു. ചുറ്റും പരിചിത മുഖങ്ങൾ തന്നെ ഉറ്റുനോക്കി നടന്നകലുന്നത് അവൾ അറിഞ്ഞില്ല.

ബസിന്റെ സീറ്റിൽ തന്റെ മടിയിലുറങ്ങുന്ന കുഞ്ഞിന്റെ നെറ്റിയിൽ തലോടി അവൾ എന്തൊക്കെയോ ചിന്തകളിൽ വേരാഴ്ത്തി.

രവിയുടെ ഭാര്യയോട് വല്ലാത്തൊരു വെറുപ്പ് തോന്നി തുടങ്ങിയിരുന്നു. അയാളുടെ വിയര്‍പ്പിനുപോലും ചിലപ്പോള്‍ ഇന്ന് അവളുടെ മണമാകും. എല്ലാത്തിനോടും ഒരറപ്പ്…
വീടിനോടും സ്ഥലത്തോടുമെല്ലാം.

ഇനി ഒരിക്കലും താൻ അവിടെ പോകില്ല.
അത് തന്റെ ഉറച്ച തീരുമാനമായിരുന്നു.
വീടെത്തുമ്പോൾ നേരം ഇരുട്ടിയിരുന്നു.
അടുക്കളപ്പണിയും കുളിയും ഒക്കെ കഴിഞ്ഞ് വന്ന് മുറിയിലിരിക്കുമ്പോൾ നിക മോള് ചോദിച്ചു

” അമ്മേ അമ്മയ്ക്ക് കൃപാന്റിയെ ഇഷ്ടം അല്ലെ ?”

ആ ചോദ്യം ഒട്ടും പ്രതീക്ഷിക്കാത്തത് ആയിരുന്നു.

” എന്നാരു പറഞ്ഞു ?”

” അച്ഛൻ !”

” അച്ഛൻ എന്താ പറഞ്ഞെ?”

” അമ്മയ്ക്ക് വിഷമം ആവും അതോണ്ട് കൃപാന്റിയെ പറ്റി ഒന്നും അമ്മയോട് പറയരുതെന്ന്.”

” മ്മ്…” വാമിയുടെ കണ്ണുകൾ നിറഞ്ഞു
തുളുമ്പിയിരുന്നു.

അതെ ചിലതൊക്കെ അങ്ങനെ ആണ്. നഷ്ടപ്പെട്ടതിനേക്കാൾ വേദന അത് മറ്റൊരാളുടെ സ്വന്തമാകുമ്പോഴാണ്.