പറഞ്ഞില്ലേ രണ്ട് ദിവസത്തിന് ഉള്ളിൽ ചെറിയൊരു പെണ്ണ് കാണൽ ഉണ്ടാവും..

എന്റെ വേദ
(രചന: Ruth Martin)

ഇന്നും പ്രണയാടോ.. ആ ചുവന്ന ചുണ്ടുകളോടല്ല… കനകാംബരത്തോടല്ല..
നിന്റെ നീണ്ട നാസിക തുമ്പിൽ തിളങ്ങുന്ന വെള്ളക്കൽ മൂക്കുത്തിയോടല്ല..

ഇടവഴിയിൽ വെച്ച് പ്രണയം പറഞ്ഞപ്പോൾ നുണക്കുഴി കവിളുകൾ തഴുകി ഒഴുകിയ മഴത്തുള്ളിയോടല്ല…

എന്റെ ഭ്രാന്തിൽ വിരിഞ്ഞ ആ ചുവന്ന പൂക്കളോട്… ഗന്ധമില്ലാത്ത… ആ ര ക്ത വർണ്ണ പൂക്കളോട്… ചെമ്പരത്തിയോട്… എന്നെ നിരസിച്ച നിന്റെ കൊലുസിനോട് പോലും പ്രണയമായിരുന്നു പെണ്ണെ…
നീ അതറിഞ്ഞില്ലേ…

അവസാനമായി ഒരു പിടി ചെമ്പരത്തി പൂക്കൾ എനിക്കായി തരണം നീ..
അതേറ്റു വാങ്ങി വേണം മടങ്ങാൻ..
എന്നിലെ ഭ്രാന്ത് അത് നീ ആയിരുന്നു…

എവിടെ നിന്നോ പറന്നു വന്നു എന്റെ മുഖത്തു പതിച്ച കടലാസു കഷ്ണത്തിൽ എഴുതി വെച്ചിരുന്ന വരികളിലൂടെ കണ്ണുകളോടിച്ചപ്പോൾ ഹൃദയമിടിപ്പ് ക്രമാതീതമായി ഉയർന്നു…

ചുവന്ന മഷി കൊണ്ട് എഴുതിയ അക്ഷരങ്ങൾ നനവ്‌ തട്ടി അവിടിവിടായി മായ്ഞ്ഞു തുടങ്ങി.. കടലാസ്സിൽ നിന്നും കണ്ണുകൾ ഉയർത്തി ചുറ്റും നോക്കി.. എന്നാൽ അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല…

മഴ ഒന്നുകൂടെ ശക്തമായതോടെ കടലാസ് കഷ്ണം ബാഗിനുള്ളിൽ ഡയറിയിൽ ഭദ്രമായി മടക്കി വെച്ചു..
കുട നിവർത്തി മുന്നോട്ട് നടന്നതും ആരോ കുടകിഴിലേക്ക് ഓടി കയറി…

“ഇന്നും എന്നിലെ ഭ്രാന്തിന് ചെമ്പരത്തി ചുവപ്പാണ് പെണ്ണെ…. ” അത്രയും പറഞ്ഞയാൾ കുടയിൽ നിന്ന് മഴയിലേക്ക് ഇറങ്ങി…

“ആരാ.. താൻ… “അയാളുടെ അടുത്തേക്ക് നടന്നു കൊണ്ട് ചോദിച്ചതും മുഖത്തെ മാസ്ക് ഒന്ന് കൂടെ വലിച്ചിട്ടായാൽ കൈ വീശി കാണിച്ചു.. മഴ ശക്തി പ്രാപിച്ചതോടെ അയാളും ആ മഴയോടൊപ്പം നടന്നു നീങ്ങി…

“ഇന്നും എന്നിലെ ഭ്രാന്തിന് ചെമ്പരത്തി ചുവപ്പാണ് പെണ്ണെ…. “ആ ശബ്ദം വീണ്ടും കാതുകളിലേക്ക് കടന്നു വരുന്നത് പോലെ… ചുറ്റും കണ്ണോടിച്ചപ്പോൾ ആരും തന്നെ ഉണ്ടായിരുന്നില്ല..

ആ ആൾടെ മുഖം പോലും മര്യാദയ്ക്ക് കണ്ടില്ല… മുടി വളർത്തിയിട്ടുണ്ട്.. ആ മുടിയിഴകളിലൂടെ മഴ തുള്ളികൾ താഴേക്ക് ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു തോളൊപ്പം അവ പടർന്നു
കിടപ്പുണ്ടായിരുന്നു..

വീട്ടിലേക്ക് നടക്കുമ്പോഴും ആ വരികൾ ആയിരുന്നു മനസ്സിൽ..

“എന്നാലും ഇതാരായിരിക്കും എഴുതിയെ…. ആർക്കായിരിക്കും എഴുതിയെ… “അങ്ങനെ ഒരു നൂറ് ചോദ്യങ്ങൾ മൊട്ടിട്ടുതുടങ്ങിയിരുന്നു…

കതക് തുറന്നു അകത്തേക്ക് കടന്നതും ചുവരിലെ ഫോട്ടോയിലെ മൂന്നാളും നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു.. അച്ഛനും അമ്മയും അനിയൻകിച്ചൂട്ടനും… അവൾ ഒരു നിമിഷം ആ ചിത്രത്തിലേക്ക് മിഴിനട്ടിരുന്നു.. കണ്കോണില് നനവ് പടർന്നതും അവൾ അടുക്കളയിലേക്ക് നടന്നു…

അമ്മയില്ലാതെ ആ അടുക്കള അപൂര്ണമാണെന്ന് അവൾ അറിയുന്നുണ്ടായിരുന്നു.. ചായക്ക് പാൽ സ്റ്റോവിലെക്ക് വെച്ചവൾ മുഖം കഴുകി.. അടുക്കളയിലെ ജനൽ വഴി പുറത്തേക്ക് നോക്കിയതും മഴ ഒന്ന് കുറഞ്ഞിരുന്നു.. ചായ ഗ്ലാസ്സിലേക്ക് പകർന്നു ഹാളിലേക്ക് നടന്നു..

“അച്ഛാ… എന്നേം കൂടി കൂട്ടാരുന്നില്ലേ…. “അച്ഛന്റെ ഒഴിഞ്ഞ ചാരുകസേരയിലേക്ക് ഇരുന്നുകൊണ്ടവൾ ചോദിച്ചു…

“എന്നെ എന്തിനാ കിച്ചൂട്ടാ നീ ഇവിടെ ഒറ്റയ്ക്കാക്കിയേ…. ചേച്ചിക്ക് മടുത്തൂടാ… നിന്നോട് തല്ലുകൂടാതെ കഴിയുന്നില്ലാട…
എനിക്ക് അമ്മ ഉണ്ടാക്കുന്ന പഴംപൊരി കഴിക്കാൻ കൊതിയാവുന്നു… ഇതൊക്കെ നിങ്ങൾ അറിയുന്നുണ്ടോ…. “അതിന് മറുപടിയായി മൂന്നാളും പുഞ്ചിരിച്ചു…

“ആഹ് ചിരിച്ചോ… “ആരോടെന്നില്ലാതെ അവൾ പറഞ്ഞു ചായ ചുണ്ടോട് അടുപ്പിച്ചു…

“കൊറോണ ഇനി എന്ന് മാറുമെന്ന് എനിക്ക് ഒരു നിശ്ചയമില്ല അമ്മകുട്ട…. “അവൾ പാത്രത്തിലേക്ക് കണ്ണോടിച്ചു പറഞ്ഞു…

ചായ കുടിച് കഴിഞ്ഞ് കതക് പൂട്ടി അവൾ മുറിയിലേക്ക് നടന്നു.. ടവൽ കയ്യിലെടുത്തു കണ്ണാടിയിലേക്ക് നോക്കി.. മുഖത്തെ പൊട്ടു മാറ്റി മുടിയഴിച്ചു.. കുളിമുറിയിലേക്ക് കയറി..
തണുത്ത വെള്ളം ദേഹത്തേക്ക് വീണതും അവളുടെ മനസ്സും ഒരു വേള തണുത്ത ആ ജൂൺ മാസത്തിലെ രാത്രിയിലേക്ക് കടന്നു ചെന്നു..

“Dr. വേദ മാധവൻ…. ” മുന്നിൽ നിൽക്കുന്ന പുരുഷൻ എന്റെ മുഖത്തേക്ക് നോക്കി സംശയത്തോടെ ചോദിച്ചു…

“അതെ…. ”

“ആഹ്… കുട്ടി… ഞാൻ മാധവേട്ടൻ പറഞ്ഞിട്ട് വന്നതാ… “അയാൾ മുഖത്തു ചെറിയൊരു പുഞ്ചിരി വരുത്താൻ ശ്രെമിച്ചുകൊണ്ട് പറഞ്ഞു..

“ആരാ… അച്ഛൻ പറഞ്ഞയച്ചതാണെന്നോ…. അച്ഛനും അമ്മയും വിളിക്കാൻ വരുമെന്ന് പറഞ്ഞതാണല്ലോ…. പിന്നെ…? ”

“മ്മ്… മാധവേട്ടൻ തന്നെയാ എന്നെ പറഞ്ഞു വിട്ടത്… കുട്ടിയെ പിക് ചെയ്തു ത്രിശൂർ ഉള്ള തറവാടിലേക്ക് കൊണ്ട് ചെല്ലാൻ പറഞ്ഞത്…. ”

“തൃശൂരോ… അച്ഛനൊന്നും പറഞ്ഞില്ല…. ഞാൻ അച്ഛനെ ഒന്ന് വിളിക്കട്ടെ…. “കൈയിലെ ബാഗ് അടുത്തുള്ള ചെയറിലേക്ക് വെച്ചുകൊണ്ട് ഹാൻഡ് ബാഗിൽ നിന്നും അച്ഛൻ എന്ന് സേവ് ചെയ്ത നമ്പറിലേക്ക് ഡയൽ ചെയ്തു..

“ഹലോ…. അച്ഛാ… ”

“അച്ഛനല്ല മോളെ വല്യച്ഛനാ…. “മറുതലയ്ക്കൽ നിന്നും മറുപടി വന്നു..

“ആഹ് വല്യച്ചനോ… ഞാൻ വേദയ അച്ഛനെവിടെ വല്യച്ച… ”

“അവൻ ഇവിടെ ഉണ്ട് മോളെ…. അവൻ വന്നോ നന്ദൻ…. മോളെ വിളിക്കാൻ വരാൻ പറഞ്ഞയച്ചതാ…. ”

അവൾ സംശയത്തോടെ മുന്നിൽ നിൽക്കുന്ന പുരുഷനോട് ചോദിച്ചു..

“നന്ദനെന്നാണോ പേര്…? ”

“അതെ…. നന്ദനാണ്… ”

അവൾ മൂളികൊണ്ട് തുടർന്നു..

“ആഹ് വന്നു വല്യച്ച…. ”

“ആഹ് കുട്ടി സമയം കളയണ്ട… അവന്റെ കൂടെ വേഗം ഇങ്ങ് പോര്…. ”

“ശെരി വല്യച്ഛ… ”

“ആഹ് മോളെ…. “അയാൾ കോൾ കട്ട്‌ ചെയ്തു അടക്കി വെച്ചിരുന്ന കണ്ണുനീർ അനുവാദമില്ലാതെ പുറത്തേക്ക് തള്ളപ്പെട്ടപ്പോൾ ശബ്ദം അടക്കി തേങ്ങിക്കൊണ്ടിരുന്ന ഓരോ അംഗങ്ങളും കരഞ്ഞു പോയിരുന്നു…

“ന്റെ കുട്ടി ഒന്നും അറിയാതെ വരുന്നു…. “വല്യച്ഛൻ തൂണിൽ ചാരി നിന്നു കരഞ്ഞു…

“ഇപ്പോ വരാമോ…. കുട്ടി… “നന്ദൻ പറഞ്ഞു..

“മ്മ്…. വരാം…. “താഴെ വെച്ചിരുന്ന മൂന്നു ബാഗുകൾ കൈയിലേക്ക് എടുത്തുകൊണ്ടു അവൾ പറഞ്ഞു..

“ഇങ്ങ് താ…. എന്നിട്ട് ആ വെള്ള ഇന്നോവയിലേക്ക് കയറിക്കോ… “അവൻ ബാഗുകൾ വാങ്ങിക്കൊണ്ട് പറഞ്ഞു…

“അഹ്… അല്ല ചേട്ടനെ എനിക്ക് മനസ്സിലായില്ല…. ” അവൾ വണ്ടിയിലേക്ക് കയറികൊണ്ട് ചോദിച്ചു..

“ഞാൻ കാര്യസ്ഥൻ കൃഷ്ണന്റെ മകനാണ്…. ”

“ആഹ് കൃഷ്ണേട്ടന്റെ മകനാണല്ലേ…. “അവൾ പുഞ്ചിരിയോടെ പറഞ്ഞപ്പോൾ നെഞ്ചിൽ എന്തോ ഭാരമെടുത്ത് വെയ്ക്കുന്നത്പോലെ തോന്നിയവന്..

“അല്ല തൃശ്ശൂർക്ക് പോകുമെന്ന് എന്നോട് പറഞ്ഞില്ലായിരുന്നു…. ”

“മ്മ്… “അവൻ ഒന്ന് മൂളി..
വണ്ടി റെയിൽവേ സ്റ്റേഷനിൽ നിന്നും തൃശ്ശൂർ ലക്ഷ്യമാക്കി നീങ്ങി..

“നന്ദു ചേട്ടാ… അച്ഛനൊക്കെ എപ്പോഴാ എത്തിയെ…. അല്ല ഞാൻ സ്റ്റേഷനിൽ എത്തിയപ്പോ അച്ഛനെ വിളിച്ചതാ അപ്പൊ ഒന്നും പറഞ്ഞില്ല…. അതാ ഞാൻ ഒന്ന് സംശയിച്ചു നിന്നത്…. ”

“അവര്…. അവര്… ഉച്ചയ്ക്ക് എത്തിയതാ… പിന്നെ കുട്ടി എത്തുമ്പോൾ സമയം ഇത്രേം വൈകുമല്ലോ അതാ ന്നെ പറഞ്ഞയച്ചത്… ”

“മ്മ്… ഞാൻ ഒന്ന് കിടക്കട്ടെ ഹോസ്റ്റലിൽ നിന്ന് സ്റ്റേഷനിലേക്ക് വരണത് വരെ ഒന്ന് ഉറങ്ങാൻ പറ്റീല… ”

“വേദ കുട്ടി കിടന്നോ… നേരംപുലരുമ്പോൾ തറവാടിൽ എത്തും…. “നന്ദൻ പുഞ്ചിരിക്കാൻ ശ്രെമിച്ചുകൊണ്ട് പറഞ്ഞു…

അവൾ മയക്കത്തിലേക്ക് വീണതും അവൻ പതിയെ റേഡിയോ ഓൺ ചെയ്തു… അവളുടെ മുഖത്തെ പുഞ്ചിരി കാണുമ്പോഴേ അറിയാം അച്ഛനെയും അമ്മയെയും അനിയനേയും കാണാൻ കൊതിയോടെ കാത്തിരിക്കുവാണെന്ന്…

നേരം വെളുക്കാറായപ്പോഴേക്കും നന്ദൻ വണ്ടി തറവാടിലേക്ക് എത്തിച്ചു..
വേദ അപ്പോഴും നല്ല ഉറക്കമായിരുന്നു.. അവൻ അവളെ പതിയെ തട്ടിവിളിച്ചതും കണ്ണുകൾ ചിമ്മി തുറന്നവൾ… ചുറ്റും ആളുകളൊക്കെ കൂടി നിൽക്കുന്നത് കണ്ടപ്പോൾ അവൾക്കെന്തോ പേടി തോന്നി…

“എന്താ ചേട്ടാ ആളുകളൊക്കെ കൂടി… നിൽക്കുന്നത്… “അവളവന്റെ മുഖത്തേക്ക് ഉറ്റുനോക്കി..

“വേദ… അകത്തേക്ക് ചെല്ല്… വാ… “അവൻ കാറിൽ നിന്നും ഇറങ്ങി ഒപ്പം അവളും

ആളുകളൊക്കെ അവളെ കണ്ടതും എന്തൊക്കെയോ അടക്കം പറയുന്നുണ്ടായിരുന്നു..

“മുത്തശ്ശിക്ക്… എന്തേലും… “അവൾ മനസ്സിലോർത്തു അകത്തേക്ക് നടന്നതും വെള്ളപുതച്ചു കിടക്കുന്ന മൂന്ന് ശരീരങ്ങൾ…. അവൾ സംശയിച്ചു നിന്നു ആ മുഖങ്ങളിലേക്ക് ഉറ്റുനോക്കിയതും തരിച്ചു പോയി…

“എന്റെ… അച്ഛൻ അമ്മ കിച്ചൂട്ടൻ…. “അവളെ കണ്ടതും ആരൊക്കെയോ അവളുടെ അടുത്തേക്ക് വന്നു

അവർക്കരികിലേക് ഒരടി എടുത്തു വെച്ചതും തറയിലേക്ക് വീണു പോയിരുന്നവൾ… ഒന്ന് കരയാൻ പോലും ഉള്ള ശക്തി അവൾക്കിലായിരുന്നു… തന്റെ പ്രിയപ്പെട്ട മൂന്നു മുഖങ്ങളിലേക്ക് അവൾ മാറി മാറി നോക്കി… കത്തിച്ചു വെച്ചിരുന്ന ചന്ദന തിരിയുടെ ഗന്ധം മൂക്കിലേക്ക് തുളഞ്ഞു കയറി…

“ആക്‌സിഡന്റ് ആയിരുന്നു.. വരുന്ന വഴിക്ക് കാറിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു എതിരെവന്ന ലോറിയിലേക്ക് ഇടിച്ചു കയറി.. മൂന്നുപേരും അവിടെ വെച്ചു തന്നെ മരണപെട്ടു… “ആൾകൂട്ടത്തിൽ ആരോ പറയുന്നത് കേട്ടു..

ആരൊക്കെയോ കരയുന്നു… ആരൊക്കെയോ അടുത്ത് വന്നിരിക്കുന്നു… അവൾ ഞെട്ടറ്റു വീണ പൂവുപോലെ ബോധം മറഞ്ഞു വീണു…

വല്യച്ഛന്റെ മകനാണ് കര്മങ്ങളൊക്കെ ചെയ്തത്… ചടങ്ങുകളെല്ലാം ചെയ്തു തീർത്തു അവൾ വീട്ടിലേക്ക് വന്നു.. എല്ലാവരും തടഞ്ഞെങ്കിലും അവൾ വീട്ടിൽ തന്നെ നിൽക്കാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞപ്പോൾ ആരും എതിർ പറഞ്ഞില്ല… പിന്നീട് അവിടെ അടുത്തുള്ള ആശുപത്രിയിൽ തന്നെ ജോയിൻ ചെയ്തു…

ഇപ്പോൾ അവരുടെ ഓർമകളുമായി വേദ ആ വീട്ടിൽ താമസിക്കുന്നു..

തണുത്ത വെള്ളം മുടിയിഴകളെ നനച്ചു കണ്ണീരിനൊപ്പം താഴേക്ക് പതിച്ചു…
മനസ്സിൽ അപ്പോഴും എവിടെയൊക്കെയോ നീറ്റൽ അനുഭവപ്പെടുന്നുണ്ടായിരുന്നു..

കുളി കഴിഞ്ഞ് തലതുവർത്തി പുറത്തേക്ക് ഇറങ്ങി.. ജനലിലൂടെ മുറ്റത്തേക്ക് നോക്കി മഴ ഒന്ന് തോർന്നു നിൽക്കുവായിരുന്നു… പെട്ടെന്ന് ആകാശം ഇരുണ്ടുകൂടി പെയ്യാൻ ഒരുങ്ങി.. ജനാലയുടെ പാളികൾ കൊട്ടിയടച്ചു താഴേക്കു ചെന്നു..

അവളെ തനിച്ചു നിർത്താൻ ആർക്കും സമ്മതം ഇല്ലാത്തതു കൊണ്ട് തറവാട്ടിലെ ഭാനു അമ്മയെ സഹായത്തിനു കൊണ്ട് വന്നു.. പിന്നെ ഹോസ്പിറ്റലിൽ കൂടെ ജോലി ചെയ്യുന്ന രണ്ട് കൂട്ടുകാരികളും ഉണ്ടായിരുന്നു..

ഇന്ന് അവർക്ക് എമർജൻസി ഉള്ളതുകൊണ്ട് ശിൽപയും ഫസ്‌നയും വൈകിയേ വരൂ എന്ന് പറഞ്ഞിരുന്നു.. ഭാനു അമ്മ ഒരാഴ്ച്ച കഴിഞ്ഞേ വരൂ എന്ന് പറഞ്ഞതുകൊണ്ട് വേദ വീട്ടിൽ തനിച്ചായിരുന്നു.. അവൾ ഫോൺ എടുക്കാൻ ബാഗ് തുറന്നപ്പോൾ ആണ് ആ കടലാസ്സ് വീണ്ടും കാണുന്നത്..

“എന്നാലും അതാരാ…. ” ആത്മഗതം പറഞ്ഞുകൊണ്ട് ആ കടലാസ് വീണ്ടും തിരിച്ചു മറിച്ചു നോക്കി ആ കടലാസിന്റെ പിൻഭാഗത്തായി മജുനു എന്ന് ചുവന്ന മഷിയിൽ എഴുതി ഇട്ടിട്ടുണ്ടായിരുന്നു…

“മജുനു… “അവളുടെ ചുണ്ടുകൾ അത് ഉരുവിട്ടതും മറ്റൊരിടത്തു അവളുടെ വാച്ച് കയ്യിൽ പിടിച്ചവൻ ചെറു ചിരിയോടെ അത് ചുണ്ടോട് അടുപ്പിച്ചിരുന്നു…

ചാരു കസേരയിലിരുന്നു ഹെഡ്സെറ്റിൽ പാട്ടും വെച്ച് അങ്ങനെ കിടന്നതും ഉറങ്ങി പോയിരുന്നു.. പുറത്ത് മഴ ശക്തമായതോടെ തണുപ്പ് അവിടമാകെ പടര്ന്നുണ്ടായിരുന്നു.. കാളിങ് ബെല്ലിന്റെ ശബ്ദം കേട്ടാണ് വേദ ഉണർന്നത്.. വാതിൽ തുറന്നതും മുന്നിൽ പിന്തിരിഞ്ഞു ആരോ നിൽക്കുന്നു…

“ആരാ… ”

അവളുടെ ശബ്ദം കേട്ടതും അവൻ തിരിഞ്ഞു നോക്കി.. നനഞ്ഞു ശരീരത്തോട് ഒട്ടിയ വെള്ള ഷർട്ട്‌.. പെട്ടെന്ന് അവളുടെ മനസ്സിലേക്ക്
മഴയിൽ കുടയിലേക്ക് ഓടി കയറിയ ആള്..

അയാൾ ആകെ നനഞ്ഞിരുന്നു..
ഇട്ടിരിക്കുന്ന വെള്ള ഷർട്ടും മുഴുവൻ നനഞ്ഞു കുതിർന്നു… വേദയ്ക്ക് എന്തോ ഭയം തോന്നി തുടങ്ങി.. വീട്ടിലാണെങ്കിൽ താൻ തനിച്ചാണ്.. ഡ്യൂട്ടി കഴിഞ്ഞ് ശിൽപയും ഫസ്‌നയും എത്തുമ്പോൾ വൈകും…

“ആരാ ന്ന്… ”

“Dr. വേദ മാധവൻ…. എന്നെ മനസ്സിലായില്ലേ…. ” കൈയിലെ സാ നി റ്റൈസർ എടുത്തു കൈ വൃത്തിയാക്കി മാസ്ക് ഊരിയതും മുന്നിൽ നിൽക്കുന്ന ആളെ കണ്ടു കണ്ണുകൾ വിടർന്നു…

“അപ്പൊ ഇതാണല്ലേ ചെമ്പരത്തിയെ പ്രണയിച്ച മജുനു… ചുമ്മാ മനുഷ്യനെ ടെൻഷൻ അടിപ്പിക്കാൻ… ഞാൻ ആകെ വല്ലാതെ ആയിപോയി… ”

“ഹഹഹ…. ”

“കേറി വാ… ആകെ നനഞ്ഞല്ലോ… ”

“ആഹ്… വഴി അറിയായിരുന്നു… പിന്നെ നിന്നെ ഒന്ന് വട്ടുകളിപ്പിക്കാമെന്ന് കരുതി… ”

“ആശാൻ അപ്പൊ കവിതയൊക്കെ എഴുതുവോ… എന്നിട്ട് എന്നോട് പറഞ്ഞിട്ടില്ലല്ലോ നന്ദു ഏട്ടാ… ”

“ക.. കവിതയോ…. നീ എന്താ വേദ പറയുന്നത്…? “അവൻ ഷൂസ് മാറ്റി തല ഉയർത്തി..

“ഏഹ്… ഓഹോ വീണ്ടും കളിപ്പിക്കുവാല്ലേ… ”

“ഏഹ് നിനക്ക് പ്രാന്തായോ… ഞാൻ ഇവിടെ എന്റെ കൂട്ടുകാരന്റെ കൂടെ വന്നതാ ഒരു പെണ്ണുകാണലിന്… അപ്പൊ നിന്നെ കണ്ടിട്ട് വരാൻ നിന്റെ വല്യച്ഛനാ പറഞ്ഞേ… അല്ല നീ എന്താ ഒരു ചെമ്പരത്തീന്നൊ മജ്ജുനുന്നൊക്കെ പറഞ്ഞത്… ”

“നീ ഒരു ടവൽ ഇങ്ങ് തന്നെ മഴ മുഴുവൻ നനഞ്ഞു.. ” അവൾ വേഗം പോയി ഒരു ടവൽ എടുത്തുകൊടുത്തു..

“അല്ല അപ്പൊ ഏട്ടൻ എന്നെ കണ്ടില്ലേ… ”

“നീ എന്തൊക്കെയാ പറയുന്നത്… ഞങ്ങൾ അവിടെന്ന് പെണ്ണുകാണലും കഴിഞ്ഞിറങ്ങിയിട്ട് ഒരു മണിക്കൂർ ആവുന്നതേയുള്ളു.. അപ്പോഴാ അവന്റെ ഒരു ഫ്രണ്ട് ഇവിടെ അടുത്തുണ്ടെന്നു പറഞ്ഞത്… അപ്പൊ ആ ടൈമിൽ നിന്നെ വന്നു കണ്ടിട്ട് പോകാം എന്ന് കരുതി… ”

“മ്മ്… സുഖാണോ നന്ദു ഏട്ടാ… ചേച്ചിക്ക് ഇപ്പോ ഷീണം എന്തേലും… ”

“മ്മ് സുഖാണ്… അവളെ അടുത്തമാസം വീട്ടിലേക്ക് കൊണ്ട് പോകുമെന്ന അമ്മാവൻ പറഞ്ഞത്… ഷീണം ഉണ്ട്.. പിന്നെ വോമിറ്റിംഗ്… പാവം.. കല്യാണം കഴിഞ്ഞ് ഇത് വരെ പിരിഞ്ഞിരുന്നിട്ടില്ല അതൊക്കെ ഓർക്കുമ്പോഴാണ് ടെൻഷൻ… “അവൻ മെല്ലെ പുഞ്ചിരിച്ചു..

“മ്മ് സാരില്ല… പിന്നെ ചേച്ചിയെ കാണണം എന്ന് തോന്നുമ്പോൾ അങ്ങട് ചെല്ലാല്ലോ… ”

“മ്മ്… അതെ… ”

“ഞാൻ ഏട്ടന് കുടിക്കാൻ എന്തേലും എടുക്കട്ടെ… ”

“വേണ്ട മോളെ… പിന്നെ നിന്റെ ഫ്രണ്ട്സ് എവിടെ… ”

“അതൊരു എമർജൻസി ഉള്ളതുകൊണ്ട് രണ്ടാളും വൈകും.. പിന്നെ ഈ കൊറോണ കാരണം കുറച്ച് വർക്ക്‌ ലോഡ് ആണ്… ”

“അതെ… അത് ശെരിയാ… ഇനി ഞാൻ വീട്ടിൽ പോയാൽ അവളെന്നെ അടുപ്പിക്കില്ല… ഹ്ഹോ… ”

“ഹഹ.. അങ്ങനെ വേണം… ”

“ആഹ്… എന്ത് ചെയ്യാനാ….

അഹ് വേദേ… നീ എന്താ നേരത്തെ പറയാൻ വന്നത്… ”

“അതോ… ഞാൻ വരുന്നവഴിക്ക് വണ്ടി വർക്ഷോപ്പിൽ കൊടുത്തിട്ടാ വന്നത്.. അപ്പോഴേക്കും മഴകൂടി ഒരു കടയുടെ ഫ്രണ്ടിൽ കേറി നിക്കുമ്പോ എനിക്ക് ഒരു പേപ്പർ കിട്ടി…

അതിൽ ഒരു കവിത.. ഞാൻ പിന്നെ ലേറ്റ് ആകണ്ടന്ന് കരുതി അവിടെന്ന് ഇറങ്ങി നടന്നു അപ്പൊ ആരോ എന്റെ കുടയിലേക്ക് ഓടി കയറി ആ കവിതയിലെ രണ്ട് വരി ചൊല്ലിയിട്ട് മഴയത്തോട്ട് ഇറങ്ങി.. മാസ്ക് ഉള്ളത് കാരണം ആൾടെ മുഖം കണ്ടില്ല.. ആ ആളും ഇതേ വൈറ്റ് ഷർട്ട്‌ ആയിരുന്നു… വോയിസും ഏകദേശം ഇത് പോലെ.. ”

“ആഹാ കൊള്ളാല്ലോ ഈ സിനിമയിലൊക്കെ കാണുന്നതുപോലെ…. ”

“ആഹ്… ന്നെ… ആരേലും വട്ടാക്കാൻ ചെയ്തതാവും… ”

“മ്മ്… അത് വിട്ട് കള… രണ്ടൂസം കഴിയുമ്പോ ഭാനു അമ്മ വരും… കേട്ടോ ഞാൻ എന്ന ഇറങ്ങട്ടെ… ”

“ആഹ്.. ശെരി നന്ദു ഏട്ടാ… ചേച്ചിയെ ഞാൻ അന്വേഷിചെന്ന് പറഞ്ഞേക്കണേ…. “അവൾ മെല്ലെ പുഞ്ചിരിച്ചു…

അവൻ ചെറു ചിരിയോടെ അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി.. ഉമ്മറത്തെ ലൈറ്റ് ഓൺ ആക്കിയപ്പോഴാണ് സ്റ്റെപ്പിന്റെ അടുത്തുള്ള ചെടികൾക്ക് അടുത്ത് ഒരു പൊതി കണ്ടത്.. അത് എടുത്തു തുറന്നു നോക്കി.. ക്രിസ്റ്റലിൽ തീർത്ത ഒരു പെൺകുട്ടിയുടെ രൂപം.. അതിനോടൊപ്പം ഒരു കുറിപ്പ്…

“എന്റെ പ്രണയം വീഞ്ഞിനോളം വീര്യമുള്ളതും.. മഴയോളം തണുപ്പുള്ളതും.. മഞ്ഞിനോളം കളങ്കമില്ലാത്തതും… ചെമ്പരത്തിയോളം ചുവന്നതും ആണ്… അതിന്റെ ഗന്ധം നിനക്ക് മാത്രമേ ആസ്വദിക്കാൻ കഴിയു…. -മജുനു.. ” കണ്ണുകൾ ആ ചുവന്ന മഷിയിലൂടെ ഓടി നടന്നു…

“ഇത് വല്യ തലവേദന ആവുമല്ലോ… ഈശ്വര… “അവൾ ആ പൊതിയുമായി അകത്തേക്ക് നടന്നു…

കുറച്ച് കഴിഞ്ഞതും ശിൽപയും ഫസ്‌നയും വന്നു.. ഞാൻ വല്യച്ചനെ വിളിച്ചു വന്നപ്പോഴേക്കും രണ്ടാളും കുളിച്ചു വന്നു…

“വല്യച്ചനെ വിളിച്ചിരുന്നു… അപ്പൊ ഈ ആഴ്ച ഒരു പെണ്ണുകാണൽ ഉണ്ട് മക്കളെ…. ”

“ആഹാ അങ്ങനെ അതും സംഭവിക്കുവല്ലേ…. “ശില്പ പറഞ്ഞു..

“ആഹ്… അതെ.. ”

“ഇതെന്താ ടാ… ഗിഫ്റ്റ് ബോക്സ്‌…. “ശിൽപയാണ്..

ഞാൻ നടന്നതെല്ലാം പറഞ്ഞു..
“എന്റെ പടച്ചോനെ നിന്നെ ആരോ പറ്റിക്കാൻ ചെയ്യണതാ…. “ഫസ്ന പറഞ്ഞു.

“എനിക്കും അങ്ങനെ തന്നെയാ തോന്നുന്നേ ഫസു… ” ശില്പ ആ കടലാസ്സും ക്രിസ്റ്റൽ പ്രീതിമയും എടുത്തു നോക്കി…

“നീ ഇത് എന്താ കുറെ നേരായല്ലോ… “ഞാൻ ചോദിച്ചു..

“ടാ… ഇത്… ഇത്… ” അവൾ രണ്ട് പേരുടെയും മുഖത്തേക്ക് മാറി മാറി നോക്കി…

“എന്താ നിനക്കും കിട്ടിയോ ഇത് പോലെ ന്തേലും…. “ഫസ്ന ചോദിച്ചു..

“അത് അല്ല… ഈ പ്രീതിമ നമ്മൾ അന്ന് മാളിൽ പോയപ്പോ കണ്ടതല്ലേ ടാ… നിനക്ക് ഒരുപാട് ഇഷ്ടപ്പെട്ടൂന്ന് പറഞ്ഞത്… ”

വേദ ഒരാഴ്ച മുൻപ് മാളിൽ പോയത് ഓർത്തു..

“എടാ എനിക്ക് ഇത് ഒരുപാട് ഇഷ്ടായി… “വേദ ആ ക്രിസ്റ്റൽ കയ്യിലെടുത്ത് പറഞ്ഞു..

“എന്ന എടുക്കാം… ”

“അയ്യോ സോറി മാഡം… ഇത് മാറ്റിവെക്കാൻ ഒരുപാട് കസ്റ്റമർ പറഞ്ഞിട്ട് പോയതാ… അത് പുതിയ പിള്ളേരാ.. അവര് വിട്ട് പോയി…. സോറി മാഡം…. ”

“ആണോ… it’s ഓക്കേ.. ഇതിന്റെ വേറൊരു പീസ് ഉണ്ടാവോ… ”

“ഇല്ല മാഡം… ഇത് ലാസ്റ്റ് പീസ് ആയിരുന്നു… ”

“ആണോ… ഓക്കേ… സാരമില്ല.. ”

“ശ്യെ… നല്ലായിരുന്നു… ല്ലേ ടാ… “ശില്പ പറഞ്ഞു..

“ആഹ്… സാരില്ല… ”

“എടാ പക്ഷെ ആ കടയിലെ ആ പയ്യൻ പറഞ്ഞതല്ലേ ലാസ്റ്റ് പീസ് ആയിരുന്നു എന്ന്…. ”

“അതാണ്‌.. ആഹ് വാട്ട്‌ എവർ… നീ നാളെ രാവിലെ സീനിയർ ഡോക്ടറിനെ ഒന്ന് പോയി കാണാൻ പറഞ്ഞു… എന്തോ കുറച്ച് ഡിസ്‌കസ് ചെയ്യാനുണ്ടെന്ന് പറഞ്ഞു…. ”

“മ്മ്… ഞാൻ ഡോക്ടർനെ വിളിച്ചിരുന്നു…”

“വ മക്കളെ നല്ല കിടിലൻ ചപ്പാത്തിയും പനീറും റെഡി… കഴിക്ക്… “ഫസ്ന വന്നു വിളിച്ചതും അവർ ചെറു ചിരിയോടെ ആഹാരം കഴിക്കാൻ ഇരുന്നു.. അതെ സമയം തന്റെ നെഞ്ചോട് ചേർത്തു വെച്ചിരുന്ന ആ ചിത്രം അവൻ കൈകളാൽ ഉയർത്തി…

അതിലെ അവളുടെ കാറ്റിൽ പാറി പറന്ന മുടിയിഴകളെ നോക്കി… മെല്ലെ അവന്റെ നീല കണ്ണുകൾ അവളുടെ കണ്ണുകളെയും നീണ്ട മൂക്കിനെയും ചുവന്ന ചുണ്ടുകളെയും കണ്ണിമ ചിമ്മാതെ നോക്കി… അവളുടെ കയ്യിൽ നിറയെ ചുവന്ന ചെമ്പരത്തി…

“എന്റെ ചെമ്പരത്തി പെണ്ണ്…. “അവൻ ആ ചിത്രം ഒന്നുകൂടെ നെഞ്ചോടടുക്കി പിന്നെ പതിയെ പൊതിഞ്ഞു എടുത്തു…
അതിന്റെ പുറം ചട്ടയിൽ എഴുതി…

“എന്റെ വേദയ്ക്ക്…. ” അവന്റെ ചുണ്ടിൽ അവൾക്കായി മാത്രം ഒരു പുഞ്ചിരി വിരിഞ്ഞു.. അപ്പോഴേക്കും അവന്റെ ഫോൺ റിങ് ചെയ്തു.. കോൾ അറ്റൻഡ് ചെയ്തവൻ

“ഹലോ…. “മറുതലയ്ക്കൽ നിന്നും ശബ്ദം കേട്ടതും..

“ആഹ് പറയച്ച…. ”

“മ്മ്.. കണ്ടോ നീ അവളെ… ന്റെ മരുമകളെ…. ”

“മ്മ്… കണ്ടു… ചെറിയൊരു കുസൃതി കാട്ടി…. ”

“എന്ത്…. കുസൃതി… ”

“അതോ… ആകാംഷ വാരി വിതറി…. ”

“ടാ കള്ള… എന്റെ മാധവന്റെ മോള… അവൾ…. ”

“അതെനിക്ക് അറിയില്ലേ… അച്ഛാ… ”

“മ്മ്… മര്യാദക്ക് നാളെ രാവിലെ ജോയിൻ ചെയ്തേക്കണം…. ”

“മ്മ്… ഞാൻ രാവിലെ വരും… എന്റെ പെണ്ണിനെ ഒന്ന് കാണണം…. ”

“മ്മ്…. ഓക്കേ… വെക്കുവാ ടാ കുറച്ച് ബിസി ആണ്… ”

“ശെരി അച്ഛാ…. ലവ് യൂ… ”

രാവിലെ തന്നെ റെഡി ആയി ഹോസ്പിറ്റലിലേക്ക് ചെന്നു.. നേരെ സീനിയർ ഡോക്ടറിന്റെ റൂമിലേക്ക് ചെന്നു.. ഡിസ്കഷൻ കഴിഞ്ഞ് ഇറങ്ങാൻ നേരം ഡോക്ടർ വിളിച്ചു..

“വേദ….. ”

“എന്താ…. ഡോക്ടർ…. ” അവൾ സംശയത്തോടെ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി..

“ആഹ്… ഞാൻ പറഞ്ഞിട്ടില്ലേ എന്റെ മോനെ കുറിച്ച് വസു… വസുദേവ്… ”

“ആഹ്… ഡൽഹിയിൽ അല്ലേ…. ”

“യെസ്… അവൻ ഇനി ഇവിടെ ജോയിൻ ചെയ്യാൻ പോവാ…. ”

“ആഹാ അപ്പൊ ഡോക്ടർ അങ്കിളിന്റെ ആഗ്രഹം പോലെ അതും സംഭവിച്ചല്ലേ….”

“അതെ വേദമോളെ…. ” അദ്ദേഹം പുഞ്ചിരിയോടെ പറഞ്ഞു.

“എന്നാൽ ഞാൻ ഇറങ്ങട്ടെ അങ്കിൾ… ”

“ആഹ് ചെല്ല്… ”

ഒന്ന് രണ്ട് പശ്യേന്റ്സിനെ കൺസൾട് ചെയ്തു കഴിഞ്ഞപ്പോഴേക്കും ഫ്രീ ആയി.. അപ്പോഴാണ് ഡോക്ടർ അങ്കിൾ വിളിച്ചത്.. ചെന്ന് നോക്കിയപ്പോൾ ഹോസ്പിറ്റലിലെ തരുണീമണികൾ എല്ലാരും തന്നെ ഉണ്ട്..
അപ്പൊ വന്ന ആൾക്ക് ആരാധകരുണ്ട് എന്ന് ഉറപ്പിച്ചു..

“യെസ് ആൻഡ് ദിസ്‌ ഈസ്‌ വേദ…. ആൻഡ് മോളെ ഇതാണ് വസുദേവ്.. ഇനി കാർഡിയോളജി… ഇവനാണ്… ”
ഡോക്ടർ അങ്കിൾ പറഞ്ഞപ്പോഴാണ് ഞാൻ മുഖം ഉയർത്തി നോക്കിയതും..

ലൈറ്റ് ബ്ലൂ ഷർട്ടും ബിസ്‌ക്കറ് ഷെയ്ഡ് പാന്റ്സും ആയിരുന്നു വേഷം..
ആള് എന്റെ മുഖത്തേക്ക് നോക്കിയതും ഞാൻ ഒന്ന് ഞെട്ടി.. നീല കണ്ണുകളും തോളൊപ്പം വളർത്തിയ മുടിയും മാസ്ക് വെച്ചിരിക്കുന്നത് കാരണം ആൾടെ മുഖം കാണുന്നില്ല…

“എടാ മാസ്ക് ഒന്ന് മാറ്റിക്കെ നിന്നെ ഒന്ന് കണ്ടോട്ടെ…. “ഡോക്ടർ അങ്കിൾ പറഞ്ഞതും ആള് മാസ്ക് മാറ്റി ചെറു ചിരിയോടെ എന്നെ നോക്കി.. എന്റെ ഹൃദയമിടിപ്പ് ക്രമാതീതമായി ഉയർന്നു തുടങ്ങി…

“കൊ റോ ണ ഒക്കെ അല്ലേ…. എന്നാലും സാരമില്ല… ” ഞാനും മാസ്ക് മാറ്റി പുഞ്ചിരിച്ചു..

“ഐ ആം dr. വേദ മാധവൻ… ഗൈനക്കോളജിസ്റ് ആണ്… ”

“ഐ ആം വസുദേവ്… നൈസ് to മീറ്റ് യൂ വേദ… ” ആ കണ്ണുകൾ അത് എന്തൊക്കെയോ ഒളിപ്പിക്കുന്നത്പോലെ… കൂടി നിന്നവരൊക്കെ പോയി തുടങ്ങിയതും അങ്കിൾ എന്നെ അടുത്തേക്ക് വിളിച്ചു…

“ഇവൻ ചെറുപ്പം മുതലേ ഇങ്ങനെയാ… ആരെങ്കിലും ഇഷ്ടായാൽ വട്ടാക്കി കൊണ്ടിരിക്കും… എന്ന്വെച് എല്ലാരോടും അല്ല ട്ടോ… ഇഷ്ടാവുന്നവരോട് മാത്രം… അത് പോലെ ഇവനൊന്നു മോളെ വട്ടാക്കി… അല്ലേ… “അങ്കിൾ പറഞ്ഞതും ഞാൻ സംശയത്തോടെ നോക്കി…

“എന്താ ന്ന് മനസ്സിലായില്ലല്ലേ…. ”
അങ്കിൾ ചെറു ചിരിയോടെ പറഞ്ഞതും ദേവ് പുറത്തേക്ക് നടന്നു കാറിൽ നിന്നും ഒരു പാക്കറ്റ് എടുത്തു കൊണ്ട് വന്നു…

“ഇത് വേദയ്ക്ക്… ആണ്… “പറയുന്നതിനോടൊപ്പം ആ പാക്കറ്റ് എനിക്ക് നേരെ നീട്ടി..

അത് വാങ്ങി തിരിച്ചും മറിച്ചും നോക്കിയപ്പോൾ തന്നെ എനിക്ക് കാര്യം ഏകദേശം മനസ്സിലായി…

“അത് ശെരി അപ്പൊ വസുദേവ് ഡോക്ടർ ആണല്ലേ എന്നെ വട്ട് കളിപ്പിച്ചത്… കൊള്ളാട്ടോ…. “ഞാൻ ചെറുതായി പുഞ്ചിരിച്ചു..

“അപ്പൊ മോനെ നിങ്ങൾ പോയി സംസാരിക്ക് ട്ടോ… ” അങ്കിൾ ഒരു കുസൃതി ചിരിയോടെ പറഞ്ഞു..

“മോൾടെ വല്യച്ഛൻ പറഞ്ഞില്ലേ… രണ്ട് ദിവസത്തിന് ഉള്ളിൽ ചെറിയൊരു പെണ്ണ് കാണൽ ഉണ്ടാവും എന്ന്… ”

“ആഹ് പറഞ്ഞിരുന്നു അങ്കിൾ…. അല്ല അത് എങ്ങനെ…. “ഞാൻ സംശയത്തോടെ ചോദിച്ചു..

“എന്റെ മോളെ അത് ഞങ്ങളാ… ഇവന് മോളെ ഇഷ്ടാണ് പിന്നെ രണ്ടാളും ഒരേ പ്രൊഫെഷൻ… എല്ലാർക്കും ഓക്കേ ആയി… മോൾടെ ഇഷ്ടം കൂടെ അറിഞ്ഞിട്ടാകം അടുത്ത സ്റ്റെപ് എന്ന്…. ” ഞാൻ ചെറുതായി ഒന്ന് ഞെട്ടി… പതിയെ അതൊരു പുഞ്ചിരി ആയി..

“അപ്പൊ ചെല്ല്…. “അങ്കിൾ പറഞ്ഞതും ഞങ്ങൾ നേരെ ക്യാന്റീനിലേക്ക് നടന്നു…

“ആഹാ അപ്പോ മജുനു എല്ലാം അറിഞ്ഞിട്ട് ഇറങ്ങിയേക്കുവല്ലേ… ”

“ആഹ് അങ്ങനെയും പറയാം…. ”

“അല്ല ഇത് ഓപ്പൺ ചെയ്തില്ലേ…. ചെയ്യ്…. ”

“ആഹ്… ഞാൻ ആകെ സർപ്രൈസ് ആയി പോയി…. ഇന്നലെ മുതൽ എന്തൊക്കെ ആ..ഹ്… “ചെറു ചിരിയോടെ പറഞ്ഞുകൊണ്ട് ഞാൻ പാക്കറ്റ് ഓപ്പൺ ചെയ്തു…

കളർ പെൻസിൽ കൊണ്ട് അത്രെയും മനോഹരമായി എന്നെ വരച്ചു വെച്ചിരിക്കുന്നു… കൈ നിറയെ ചുവന്ന ചെമ്പരത്തി പൂക്കൾ…. എന്റെ കണ്ണുകൾ നനവ് പടർത്തി തുടങ്ങിയിരുന്നു…

“എന്താ ഡോക്ടർ… ഇത്… എന്നെ ശെരിക്കും ഇഷ്ടാണോ…. ”

“എടൊ… വെറുമൊരു ക്യാമ്പസ്‌ ലവ് അല്ല ട്ടോ… എന്റെ കോളേജിൽ എന്റെ ജൂനിയർ ആയിട്ട് ജോയിൻ ചെയ്ത ഈ ആളോട് എപ്പോഴോ ഒരു കുഞ്ഞിഷ്ടം തോന്നി… അങ്ങനെയാ അച്ഛനോട് പറയുന്നത്…

അപ്പോഴല്ലേ അച്ഛന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ മോളാ എന്ന് അറിയുന്നത്.. താൻ സെക്കന്റ്‌ ഇയർ ആയപ്പോഴേക്കും എന്റെ കോഴ്സ് തീർന്നു… പിന്നെ ബാക്കിയൊക്കെ ഡൽഹിയിൽ പോയി പഠിച്ചു… പിന്നെ അവിടെ തന്നെ ജോയിൻ ചെയ്തു…

അങ്ങനെ ആണ് അച്ഛൻ അങ്കിളിനോട് സംസാരിക്കുന്നത്… ഇങ്ങനെ ഒരു പ്രൊപോസൽ… കാര്യം… ബട്ട്‌ തന്നോട് എല്ലാം പറയുന്നതിന് മുൻപ്…. അവർ….” പറഞ്ഞവസാനിപ്പിക്കാൻ കഴിയാതെ ദേവ് നിന്നു….

“അഹ്… പിന്നെ തന്റെ മുന്നിലേക്ക് വരാൻ എന്തോ പറ്റാതെ ആയി… ബട്ട്‌ എനിക്ക് തന്നെ വിട്ട് കളയാൻ പറ്റില്ലായിരുന്നു…. ഇത്രെയും നാൾ ഞാൻ തന്നെ ചുറ്റി പറ്റി തന്നെ ഉണ്ടായിരുന്നു…. ”

അതൊക്കെ എനിക്ക് പുതിയൊരു അറിവായിരുന്നു..

“താൻ എന്നെ കണ്ടിട്ടുണ്ടോ… വേദ… ”

“മ്മ്… ക്യാമ്പസ്സിൽ വെച്ചല്ല…. എപ്പോഴൊക്കെയോ ഈ മുഖം ഞാനും കണ്ടിട്ടുണ്ട്…. ഇന്നലെ ശെരിക്കും വട്ടായി പോയി ട്ടോ…. ”

“ആഹാ… പിന്നെ എനിക്ക് കുറച്ച് വട്ടൊക്കെ കാണിക്കാൻ ആണ് ഇഷ്ടം…. “ദേവ് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു

“അതാ ല്ലേ ചെമ്പരത്തിയോടും മജുനുവിനോടും ഇത്ര ആരാധന…. ”

“ആണ്…. “അവൻ ഒരു കള്ള ചിരിയോടെ പറഞ്ഞു…

“ദേ വേദ ഡോക്ടറെ… ബാക്കി എല്ലാർക്കും ഇഷ്ട്ടം ആയി…. ഇയാൾക്കോ…. “ദേവ് ചോദിച്ചതും വേദയുടെ കവിളുകളിൽ ചുവപ്പ് രാശി പടർന്നു…

“അപ്പൊ അച്ഛനോട് പ്രൊസീഡ് ചെയ്യാൻ പറയാല്ലോ.. ല്ലേ… ” അതിനവൾ പുഞ്ചിരിച്ചു…

“അല്ല എന്റെ വീട്ടിൽ വരെ ഗിഫ്റ്റ് ബോക്സ്‌ എത്തിച്ചല്ലേ…. അതെനിക്ക് ഇഷ്ടായി…. “വേദ കള്ള ചിരിയോടെ പറഞ്ഞു..

“ഇത് പോലെ എത്രയോ പ്രാവശ്യം കോളേജ് ഹോസ്റ്റലിന്റെ മതില് ചാടിട്ടുണ്ടെന്ന് അറിയോ… തന്നെ കാണാൻ… ഹ്ഹോ ആരേലും കണ്ടിരുന്നേൽ അയ്യോ…. “ദേവ് കോഫി കുടിക്കുന്നതിനിടയിൽ പറഞ്ഞു..

“ഏഹ് ഹോസ്റ്റലിലോ.. ആഹാ അപ്പൊ അങ്ങനെയും ഉണ്ടോ സ്റ്റോറീസ്…. “കോഫീ കപ്പ്‌ താഴെ വെച്ചുകൊണ്ടവൾ പറഞ്ഞു..

“പറയ്യ് കേൾക്കട്ടെ… ”

“അത് ഒരു മഴയുള്ള ദിവസമാണ്… അന്ന് എന്തോ തന്നെ കണ്ടില്ലേൽ ഉറക്കം വരാത്തത് പോലെ തോന്നി… പിന്നെ ഒന്നും നോക്കിയില്ല ആരുടേയും കണ്ണിൽ പെടാതെ ഹോസ്റ്റലിന്റെ മതില് ചാടി… സെക്യൂരിറ്റി കണ്ടില്ല അത് തന്നെ വല്യ ആശ്വാസം… ”

“എന്നിട്ട് എന്നിട്ട്… “വേദ ആകാംഷയോടെ ചോദിച്ചു..

“എന്നിട്ട്… ഞാൻ തന്റെ റൂം അന്വേഷിച്ചു വന്നപ്പോ ഉണ്ട്… ഒരാൾ ടേബിളിൽ ചാരി കിടന്നുറങ്ങുന്നു… കണ്ടപ്പോൾ തന്നെ ആശ്വാസം ആയി…. ഞാൻ വിന്ഡോന്റെ അടുത്ത് കഷ്ടപ്പെട്ട് ഇങ്ങനെ കള്ളന്മാരെ പോലെ അള്ളിപിടിച്ചു നിൽക്കുവാ… പോരാത്തതിന് നല്ല മഴയും…

പിന്നെ എന്താ നോക്കിയപ്പോൾ തന്റെ വാച്ച് ഇരിക്കുന്നു.. നൈസ് ആയിട്ട് ഞാൻ അത് പൊക്കി… ”

“ആഹാ… അപ്പൊ മോഷണം…. എന്നിട്ട്… ”

“എന്നിട്ട് എന്താ ഞാൻ അതുമായി സ്ഥലം വിട്ടു… പിന്നെ ഡൽഹിയിൽ നിന്നും വന്നപ്പോൾ തന്നെ തന്റെ പുറകെ വന്നു… താൻ പോകുന്ന ഓൾ മോസ്റ്റ്‌ എല്ലാ ഇടത്തും ഞാൻ ഉണ്ടായിരുന്നു… ”

“ആഹാ ഡോക്ടർ സി ഐ ഡി പണിക്ക് ഇറങ്ങിയാൽ നല്ല ഭാവി ഉണ്ടാവും ട്ടോ…. ”

“അതാ.. എനിക്കും അത് തോന്നിയിട്ടുണ്ട്… ”

രണ്ട് പേരും ഒരുപോലെ ചിരിച്ചു..

“ആഹ് പറ… എന്നിട്ട് ”

“എന്നിട്ട്… എന്താ തനിക്ക് ആ ക്രിസ്റ്റൽ ഡോൾ ഓർമ്മയുണ്ടോ… അത് ഞാൻ ആണ് ഓർഡർ ചെയ്തു വെച്ചത്… തനിക്ക് വേണ്ടി തന്നെ… ആ ഷോപ്പ് എന്റെ ഫ്രണ്ടിന്റെ ആണ്… അപ്പൊ അവൻ ഇങ്ങനെ പറഞ്ഞു ഒരു കുട്ടി വന്നു ചോദിച്ചിരുന്നു എന്ന് അപ്പൊ നോക്കിയപ്പോൾ കണ്ടു താനും ഒരു ഫ്രണ്ടും… ”

“അല്ല അപ്പോ ഞാൻ മാസ്ക് ഒക്കെ വെച്ചിട്ടുണ്ട്… എങ്ങനെ മനസിലാവും…. ”

“എന്റെ വേദേ… നിന്റെ നിഴൽ പോലും മനസ്സിലാകും… അപ്പോഴല്ലേ മാസ്ക്… “ദേവ് ചിരിച്ചു..

“ഹ്ഹോ ഇത് മജുനു അല്ല… അതുക്കും മേലെ… അല്ലേ…. ”

“ആഹാ…. ”

അവർ ക്യാന്റീനിൽ നിന്നും ഇറങ്ങി കുറെ നടന്നു… ഒരുപാട് സംസാരിച്ചു… വളരെ ചുരുങ്ങിയ സമയംകൊണ്ട് അവൻ അവളുടെ മനസ്സിൽ കയറി കൂടി..

“അല്ലെങ്കിലും അച്ഛനും അമ്മയും എന്നെക്കാൾ നന്നായി എനിക്ക് വേണ്ടി സെലക്ട്‌ ചെയ്യും…. അതും ഏറ്റവും ബെസ്റ്റ്…. ” അവൾ ഫോൺ ഡിസ്‌പ്ലേയിലെ ഫാമിലി ഫോട്ടോയിലേക്ക് നോക്കി… ഒരുനിമിഷം മൗനമായി നിന്നു… വേദയുടെ ശബ്ദം കേൾക്കാതെ ഇരുന്നപ്പോഴേക്കും ദേവ് തിരിഞ്ഞു നോക്കി…

അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…
അവൻ അവളുടെ മുഖം പിടിച്ചുയർത്തി അവളുടെ കണ്ണുനീർ തുടച്ചു നീക്കി… അവന്റെ കരവലയത്തിൽ അവൾ സുരക്ഷിയായത് പോലെ തോന്നിയവൾക്ക്…

അപ്പോൾ ചെറു മഴ അവർക്കായി പൊടിഞ്ഞിരുന്നു… അച്ഛനും അമ്മയും അവരെ അനുഗ്രഹിക്കുന്നതായി തോന്നിയവൾക്ക്…

അങ്ങനെ ദിവസങ്ങൾക്കു ശേഷം എല്ലാവരുടെയും സമ്മതത്തോടെ അധികം ആളുകളെ വിളിക്കാതെ കോ വി ഡ് മാ നദണ്ഡങ്ങൾ പാലിച്ചു ചെറിയൊരു കല്യാണം നടത്താൻ മുതിർന്നവർ തീരുമാനിച്ചു…

അഗ്നി സാക്ഷിയായി അവന്റെ പേര് കൊത്തിയ താലി അവൾ ഏറ്റു വാങ്ങി.. ഒരുപക്ഷെ ഈ നിമിഷം ആയിരിക്കും അച്ഛനും അമ്മയും കാണാൻ ഏറെ കൊതിച്ച കാഴ്ച… അവിടെ എവിടെയോ അച്ഛനും അമ്മയും അനിയൻകുട്ടനും ഉള്ളത് പോലെ തോന്നി…

അവരെകുറിച്ചോർത്തപ്പോൾ അവളുടെ കണ്കോണില് നീർമുത്തുകൾ പ്രേത്യേക്ഷപ്പെട്ടു.. ഒരു നുള്ള് കുംകുമം എടുത്തു അവൻ അവളുടെ സീമന്ത രേഖയിൽ തൊട്ടുകൊടുത്തു… അവളുടെ കവിളിൽ ചുണ്ടമർത്തിയതും എല്ലാവരും ഒരു പോലെ ചിരിച്ചു..

“അതെ എന്റെ ഭാര്യ ഇനി കരയല്ലേ ട്ടോ… നമ്മടെ അച്ഛനും അമ്മയ്ക്കും കിച്ചൂട്ടനും അത് ഇഷ്ടവില്ല ട്ടോ… “അവളുടെ കാതോരം അവൻ പറഞ്ഞതും അവൾ അവനെ നോക്കി അവൻ അവളെ കണ്ണ് ചിമ്മി കാണിച്ചു…

അവന്റെ താലിയും സിന്ദൂരവും ഏറ്റുവാങ്ങി അവന്റെ കൈപിടിച്ചു ആ വീടിലേക്ക് വലതു കാൽ എടുത്തുവെച്ചു കയറിയപ്പോൾ മറ്റേതോ ഒരു ലോകത്തു നിന്നു തന്റെ പ്രിയപ്പെട്ടവർ പറയുന്നുണ്ടായിരുന്നു..

“ദീർഖ സുമംഗലി ഭവ എന്ന്… ”

ദിവസങ്ങൾ കടന്നു പോകുമ്പോൾ വേദ ദേവിന് നല്ലൊരു ഭാര്യയും അമ്മയും കൂട്ടുകാരിയും ഒക്കെ ആയി മാറുകയായിരുന്നു.. രണ്ടാളും
ഒരുമിച്ച് ആണ് ഡ്യൂട്ടിക് പോവുകയും വരുകയും ചെയ്യുന്നത്…

ഹോസ്പിറ്റലിൽ ഒഴിവ് നേരങ്ങളിൽ ഒരുമിച്ച് നിൽക്കാനും സംസാരിക്കാനും ഒക്കെ അവർ സമയം കണ്ടെത്തിയിരുന്നു… അവരുടെ പ്രണയം അങ്ങനെ പടർന്നു പന്തലിച്ചൊരു വൃക്ഷമായി വളർന്നു..

അങ്ങനെ വീണ്ടും പെയ്തിറങ്ങുന്ന മഴയിൽ അവളുടെ പൂർണ സമ്മതത്തോടെ അവന്റെ പ്രണയം അവളിലേക്ക് ഒരു ചുംബനത്തിന്റെ അകമ്പടിയോടെ പെയ്തിറങ്ങിയപ്പോൾ മുറ്റത്തെ വിരിഞ്ഞു നിന്ന രക്തവര്ണ ചെമ്പരത്തിപ്പൂക്കൾ മഴയുടെ പ്രണയം ഏറ്റുവാങ്ങി നാണത്താൽ തല താഴ്ത്തിയിരുന്നു…

ഭ്രാന്തമായ വികാരമെന്താണെന്ന് ചോദിച്ചാൽ എന്നും അതിനൊരു മറുപടിയേയുള്ളു പ്രണയം എന്ന് തന്നെ…

ഒരിക്കലും ഒന്ന് ചേരില്ലെന്ന് ഉറപ്പുള്ള സൂര്യനും താമരയും.. ആമ്പലും ചന്ദ്രനും പ്രണയിക്കുന്നു… അതെ സമയം ചെറു ചുംബനങ്ങളാൽ മഴ ചുവന്ന പൂക്കളിലേക്ക് പെയ്തിറങ്ങുന്നു…

അവ ഓരോ ഇതളുകളെയും നനച്ചു തഴുകി ഭൂമിയുടെ ഹൃദയം ലക്ഷ്യമാക്കി നീങ്ങുന്നു… വീണ്ടും പുനർജനിക്കുമെന്ന വിശ്വാസത്തോടെ…

Leave a Reply

Your email address will not be published. Required fields are marked *