അമ്മയുടെ വീട്ടുകാർ മറ്റൊരു വിവാഹത്തിന് അമ്മയെ നിർബന്ധിച്ചെങ്കിലും..

എന്റെ അമ്മയുടെ സ്വന്തം
(രചന: Ruth Martin)

“കേശു….” രാവിലെ തന്നെ കോഴികൾക്കും താറാവിനും തീറ്റകൊടുത്തുകൊണ്ട് അമ്മ വിളിച്ചു…

തലേദിവസം നല്ല മഴ പെയ്തത്കൊണ്ട് മുറിയാകെ നല്ല തണുപ്പ്.. ഒന്ന് കൂടെ പുതപ്പ് വലിച്ചു തലവഴിയെ ഇട്ട് പുതച്ചു…

“കേശു…. മണി ഏഴായി ചെക്കാ…. എഴുനേൽക്കേടാ.. “മുറ്റത്ത്‌ നിന്നു വീണ്ടും അമ്മയുടെ ശബ്ദം ഉയർന്നുകേൾക്കാം…

“കേശു…. നീ എഴുന്നേക്കുന്നുണ്ടോ… ഇലച്ചാൽ ഞാൻ അങ്ങട് വരും…. “അമ്മ പോരാളി ആകുന്നതിനു മുന്പേ എഴുന്നേൽക്കുന്നതാണ് ബുദ്ധി..

പതിയെ തല വഴി മൂടിയ പുതപ് എടുത്തു മാറ്റി… കൈകൾ കൂപ്പി… ഒരു നിമിഷം പ്രാർത്ഥിച്ചു… കണ്ണുകൾ വലിച്ചു തുറന്നു… കട്ടിലിൽ നിന്നും എഴുന്നേറ്റു ചുറ്റും കണ്ണോടിച്ചു..

മുറിയിലെ ജനാല തുറന്നിട്ടതും തണുത്ത കാറ്റ് വീശി…

“ഹായ്…. “ആ നനഞ്ഞു കിടക്കുന്ന മണ്ണിന്റെ ഗന്ധം മൂക്കിലേക്ക് ആവാഹിച്ചതും മനസ്സിന് പുതിയൊരു ഉണർവ് കിട്ടുന്നത്പോലെ…

പല്ലുതേക്കാൻ ബ്രെഷും പേസ്റ്റും ആയിട്ട് പുറത്തേക്കിറങ്ങി.. നനഞ്ഞു കിടക്കുന്ന മണ്ണിലേക്ക് നഗ്നമായ പാതം പതിപ്പിച്ചതും ഞാൻ ആ പഴയ കുറുമ്പൻ ചെക്കനായി മാറിയത് പോലെ തോന്നുന്നുണ്ടായിരുന്നു…

പല്ലൊക്കെ തേച്ചു കിണറ്റിൽ നിന്നും വെള്ളം കോരി മുഖം കഴുകി…
ഒന്നും മാറിയിട്ടില്ല…

കാലമെത്ര കഴിഞ്ഞിട്ടും ഈ വീടും കിണറും ആടും പശുക്കളും കോഴിയും താറാവും എല്ലാത്തിനുമുപരി ഒരു ദിവസം പോലും അവധിയെടുക്കാതെ അമ്മയും…

അച്ഛന്റെ മരണത്തോടെ ജീവിതം ഒരു ചോദ്യചിഹ്നം ആയിരുന്നു..

അമ്മയുടെ വീട്ടുകാർ മറ്റൊരു വിവാഹത്തിന് അമ്മയെ നിർബന്ധിച്ചെങ്കിലും ഒരു വയസ്സ് പോലും തികയാത്ത എന്നെ മാറോടു ചേർത്തു പിടിച്ചു ജീവിക്കുകയായിരുന്നു… അതൊരു വാശിയായിരുന്നു അമ്മയ്ക്ക്…

എന്റെ മനസ്സ് മറ്റാരേക്കാളും ആദ്യം മനസ്സിലാക്കുന്നതും അമ്മ തന്നെ…

ആ കണ്ണുകളിൽ നോക്കി കള്ളം പറയാൻ കുറച്ച് പാടാണ്…

എന്റെ പല കുരുത്തക്കേടുകളും തീക്ഷ്ണമായ ഒരു നോട്ടംകൊണ്ട് അവസാനിപ്പിക്കാൻ അമ്മയ്ക്ക് അല്ലാതെ മറ്റാർക്കാണ് കഴിയുന്നത്..

ഉമ്മറത്തു ചെന്ന് ആ തണുത്ത തറയിലേക്ക് ഇരുന്നുകൊണ്ട് പാത്രം വായിക്കുമ്പോൾ ദ വരുന്നു പോരാളി… എന്റെ ഏറ്റവും പ്രിയപ്പെട്ട ചായയുമായി…

ചൂട് ചായ ഊതി ഊതികുടിക്കുമ്പോൾ ഏലക്ക ചേർത്തത്തിന്റെ ഗന്ധം മൂക്കിലേക്ക് തുളഞ്ഞുകയറുന്നുണ്ടായിരുന്നു….

അമ്മയെ ഇടംകണ്ണിട്ട് നോക്കിയതും പത്രത്തിലേക്ക് കണ്ണുംനട്ടിരിപ്പുണ്ട് കക്ഷി…

“സ്വർണ്ണത്തിന് എന്താ ടാ വില… “പതിവ് ചോദ്യം വന്നതും ഞാൻ ആ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു…

എന്റെ തോളിൽ ചെറുതായി തട്ടിക്കൊണ്ടു അമ്മ അകത്തേക്ക് കയറി പോയി…

“പോയി കുളിച്ചു വാ… ദോശ എടുത്തുവെയ്ക്കാം….”

അടുക്കളയിലേക്ക് പോകുന്നതിനിടയിൽ അമ്മ വിളിച്ചു പറയുന്നുണ്ടായിരുന്നു…

പത്തിൽ പഠിക്കുമ്പോൾ ആണ് കടുക്കനിടണമെന്ന മോഹം മൊട്ടിട്ടു തുടങ്ങിയത്… അമ്മയോട് ആ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഒരു ചെറു പുഞ്ചിരിയോടെ അമ്മ അത് സമ്മതിച്ചു..

അന്ന് വൈകിട്ട് അമ്മ നിൽക്കുന്ന കടയിൽ ചെന്നു കാതിൽ കടുക്കാൻ കുത്തി… അന്നത്തെ കഷ്ടപാടുകൾക്കിടയിൽ സ്വർണ്ണത്തിന്റെ സ്റ്റഡ് വാങ്ങാനുള്ള നിവർത്തിയുണ്ടായിരുന്നില്ല…

ജീവലറിക്കാർ അടിച്ചുതന്ന ആ സ്റ്റഡിട്ടു കുറെ ദിവസങ്ങൾ… പിന്നീട് ഫാൻസി സ്റ്റോറിൽ പോയി അഞ്ചിനും പത്തിനും കടുക്കാൻ ഇട്ടുനടന്ന കാലങ്ങൾ…

ഒരു ദിവസം ജോലി കഴിഞ്ഞമ്മ വീട്ടിൽ വന്നപ്പോൾ കൈയിൽ ഒരു കുഞ്ഞു പൊതിയുണ്ടായിരുന്നു…

അതെന്റെ കയ്യിൽ വെച്ചുതന്നുകൊണ്ട് അമ്മ മെല്ലെ പുഞ്ചിരിച്ചു…
അമ്മയുടെ മുഖത്തെ ആ പുഞ്ചിരി…. അത് എനിക്ക് വർണ്ണിക്കാനാവില്ല…

അമ്മയുടെ മൂക്കൂത്തി കൊടുത്ത് വാങ്ങിയതാണ് എന്നറിഞ്ഞപ്പോൾ സങ്കടം തോന്നി… പക്ഷെ അമ്മയുടെ വാക്കുകൾ എന്നെ ഞെട്ടിച്ചു..

“എന്റെ കേശു ന്റെ ഒരു കുഞ്ഞാഗ്രഹം അമ്മയല്ലാതെ ആരാ നടത്തി തരണത്… “അമ്മയെന്നെ ചേർത്തു നിർത്തി നെറ്റിയിൽ ചുണ്ടമർത്തി…

ഇന്ന് കാലം ഒരുപാട് മാറി… ഇന്ന് എനിക്ക് നല്ലൊരു ജോലിയുണ്ട് അത്യവശ്യം പണമുണ്ട്… അമ്മയുടെ മൂക്കിലെ ആ പഴയ ദ്ധ്വാരത്തിൽ മൂക്കൂത്തിയില്ല…

കുളിച്ചു ആഹാരം കഴിച്ചു കഴിഞ്ഞതും അമ്മയോട് പറഞ്ഞു..

“അമ്മേ… വേഗം ഒരുങ്ങി വായോ… ഒരിടം വരെ പോകാനുണ്ട്… ”

“എങ്ങടാ… “അമ്മയുടെ മറുചോദ്യം വന്നിരുന്നു..

“അതൊക്കെ ഇണ്ട്… അമ്മ ഒരുങ്ങി വാ…”

അമ്മ എന്നെ നോക്കിയൊന്ന് മൂളികൊണ്ട് അകത്തേക്ക് പോയി.. ഒരുങ്ങി വന്നു..

ഞാൻ ബൈക്ക് എടുത്തു..
“കേശു പതിയെ പോയാൽ മതിട്ടോ… ”

“അമ്മ മുറുകെ പിടിച്ചോ… ”
അമ്മയെന്നെ ഇറുകെ പിടിച്ചുകൊണ്ടു പുറകിലിരുന്നു..

അമ്മയുമായി നാട്ടുവഴിയിലൂടെ നാല്പത് സ്പീഡിൽ… കൊച്ചു വർത്തമാനങ്ങളും പറഞ്ഞു ഞാൻ വണ്ടി ടൗണിലേക്ക് എടുത്തു…

അമ്മ ജോലി ചെയ്തിരുന്ന പഴയ അതെ സ്വര്ണക്കടയിൽ ഞാൻ ബൈക്ക് നിർത്തിയതും അമ്മ എന്നെ സംശയത്തോടെ നോക്കി..

“വായോ…. “അമ്മയുടെ കയ്യുംപിടിച്ചുകൊണ്ട് ഞാൻ അകത്തേക്ക് കയറി…

“അമ്മയെ പിടിച്ചൊരു ചെയറിൽ ഇരുത്തികൊണ്ട് അമ്മയുടെ കൈയിലേക്ക് ഞാൻ ഒരു മൂക്കൂത്തിയെടുത്തുകൊടുത്തു…

അമ്മ സംശയത്തോടെ എന്നെ വീണ്ടും നോക്കി…

“പഴയത് കിട്ടീല…. ഇത് ഇഷ്ടായോ…. എന്റെ അമ്മയ്ക്ക്… “ഞാൻ ചോദിച്ചതും അമ്മ കണ്ണു നിറച്ചെന്നെ നോക്കി…

“അയ്യേ എന്റെ അമ്മ കരയുന്നോ… “അമ്മയെ ചേർത്തുപിടിച്ചു ആ കവിളിൽ ഉമ്മ വെച്ചു..

അവിടെ വെച്ചു തന്നെ ആ മൂക്കുത്തി അമ്മയ്ക്ക് ഇട്ടുകൊടുത്തു… അതിനോടൊപ്പം തന്നെ അമ്മയ്ക്കൊരു മാലയും വാങ്ങി…

ബില്ല് കൊടുക്കുമ്പോൾ കണ്ടു… പഴയ സഹപ്രവർത്തകരോട് അമ്മ പറയുന്നത്… ആ മുഖത്തെ സന്തോഷം കണ്ടപ്പോൾ എന്റെ കണ്ണും മനസ്സും നിറഞ്ഞിരുന്നു…

അമ്മയുമായി ഒരു സിനിമയ്ക്കും പോയി… അല്ലറ ചില്ലറ ഷോപ്പിംഗ് കഴിഞ്ഞു വീട്ടിലേക്ക് എത്തിയതും അമ്മ ചോദിച്ചു…

“എന്തിനാ ടാ… ഇത്രെയും ചിലവൊക്കെ…. ”

“എന്റെ അമ്മയ്ക്ക് മൂക്കുത്തി നല്ല ഇണക്കമാ… ഇപ്പൊ കണ്ടോ ചിരികുമ്പോ ഒന്നൂടെ സുന്ദരി ആയിട്ടുണ്ട്… ”

“പോടാ… “അമ്മ കള്ള ചിരിയോടെ പറഞ്ഞതും ഞാൻ അമ്മയെ ചേർത്തുപിടിച്ചു…

“എന്റെ ദേവത… ഇന്ന് കൂടുതൽ സുന്ദരിയായി…. ”

അമ്മയേക്കാൾ വലിയ സൗന്ദര്യം ഈ ഭൂമിയിൽ ഇല്ല… അമ്മയേക്കാൾ വലിയൊരു പോരാളിയും ഇല്ല…

സ്നേഹിക്കാനും കരുതാനും.. ശാസിക്കാനും ഒരേ സമയം കഴിയുന്നൊരാളും ഇല്ല..

അവരെ സ്നേഹിക്കാൻ ഒരുപാട് ചിലവൊന്നും വേണ്ട… അവർക്കായിട്ട് കുറച്ച് നേരം… അത്രമാത്രം… അതാണ് അവർ ആഗ്രഹിക്കുന്നത്…

അമ്മയുടെ ആ മുഖത്തെ പുഞ്ചിരിക്കുമുന്നിൽ സൂര്യന് പോലും ശോഭ നഷ്ടപെട്ടതുപോലെ…

ഈശ്വരന്റെ കയ്യൊപ്പോടു കൂടി എനിക്കായി ഈ ജീവിതം ഉഴിഞ്ഞുവെച്ച അമ്മയ്ക്കായി…. ഒരുപാട് സ്നേഹത്തോടെ…

Leave a Reply

Your email address will not be published. Required fields are marked *