കിടക്കയിൽ വെച്ച് അവളെ കിട്ടിയാൽ പിന്നെ ഞാനവളെ വിടില്ല, അവളുടെ അപ്പോളത്തെ അവസ്ഥ പോലും നോക്കാറില്ല..

സോൾമേറ്റ്
(രചന: Rivin Lal)

ഉറക്ക ചടവിൽ നിന്നും ഞാൻ ഉണർന്നപ്പോൾ അവളെന്റെ അടുത്ത് കിടക്കുന്നുണ്ട്. ഇന്നലെ രാത്രി എത്ര മണിക്കാണ് രണ്ടു പേരും ഉറങ്ങിയതെന്നു ഓർമ കിട്ടുന്നില്ല.

അത്രയ്ക്കായിരുന്നല്ലോ ആറാട്ട്. ഇന്ന് ലീവായതു കൊണ്ടു തന്നെ ഇന്നലെ അവളെ നേരത്തെ ഉറങ്ങാൻ ഞാൻ സമ്മതിച്ചിട്ടില്ല.

രാത്രിയുടെ യാമത്തിലും വിശ്രമമില്ലാതെ അവൾ പൂർണ്ണമായും എന്റെ രണ്ടു കൈകൾക്കുള്ളിൽ തന്നെയായിരുന്നു.

ഒരു പരിധി കഴിഞ്ഞപ്പോൾ നിയന്ത്രണം വിട്ടു അവൾ എന്റെ മുന്നിൽ പൊട്ടി തെറിക്കുമോ എന്ന് പോലും എനിക്ക് സംശയമുണ്ടായിരുന്നു.

പാവമാണവൾ. ചിലപ്പോൾ ഞാനങ്ങിനെ ക്രൂരനാണ്. കിടക്കയിൽ വെച്ച് അവളെ കിട്ടിയാൽ പിന്നെ ഞാനവളെ വിടില്ല. അവളുടെ അപ്പോളത്തെ അവസ്ഥ പോലും നോക്കാറില്ല. ഒരിക്കൽ ഇതറിഞ്ഞ കൂട്ടുകാരൻ എന്നോട് പറഞ്ഞിരുന്നു,

“നീ ഇത്രയും ക്രൂരൻ ആവരുത് കേട്ടോ, ഇടക്കെങ്കിലും ഒരു വിശ്രമമൊക്കെ കൊടുക്കണം. അല്ലേൽ നീണ്ട രാത്രി വരെയുള്ള നിന്റെയീ ക്രൂരത സഹിക്കാതെ ഒരു ദിവസം നിന്നെ വിട്ടു പോകും.

അതോടെ നിന്റെ എല്ലാം നഷ്ടപ്പെടും. പിന്നെ ഭ്രാന്താവുന്നു എന്നും പറഞ്ഞു എന്റടുത്തേക്ക് വന്നേക്കരുത്”.

ശരിയാണ് അവൻ പറഞ്ഞത്. ഒരിക്കൽ അവളെന്നോട് കുറച്ചു നേരത്തേക്ക് മിണ്ടിയില്ല. ദേഷ്യം വന്നിട്ടാവണം അനങ്ങാതെ കട്ടിലിൽ തന്നെ കിടപ്പായിരുന്നു.

എനിക്കന്നു ശരിക്കും വട്ടു പിടിച്ചു പോയിരുന്നു. കുറച്ചു നേരം ഞാൻ വെറുപ്പിക്കാതെയിരുന്നപ്പോൾ അവളുടെ പിണക്കം താനേ മാറി.

ഞാൻ അങ്ങിനെയാണ്. എന്നാലും അവൾ എന്റെ സ്വന്തമാണ്. അത് കൊണ്ടല്ലേ ഞാൻ ഇങ്ങിനെയൊക്കെ പെരുമാറുന്നത്. മറ്റാർക്കും അവളെ എന്നിൽ നിന്നും അത്ര പെട്ടെന്ന് സ്വന്തമാക്കാൻ കഴിയില്ല എന്നൊരു വിശ്വാസം.

എന്നെ ഓരോ ദിവസവും ഉണർത്തുന്നത് അവൾ തന്നെയാണ്. ഉറങ്ങാൻ കിടക്കുമ്പോളും അവളുടെ മുഖം നോക്കി കിടന്നാലേ എനിക്ക് ഉറക്കം വരൂ. അത്രയ്ക്കും ഇഷ്ടമാണ് എനിക്ക്.

തിരിച്ചു എന്നോടും ഇഷ്ടം കാണും, അതോണ്ടല്ലേ ഞാൻ ഇത്രയും കോപ്രായം കാണിച്ചിട്ടും എല്ലാം അനുസരിച്ചു എന്റെ കൂടെ തന്നെ നിൽക്കുന്നത്. ചില സമയത്ത് എന്നെ ഭയങ്കര ശ്രദ്ധയാണ്, ഒന്ന് പുറത്ത് പോകുകയാണേൽ കൂടെ വരണം.

എന്നെ കൂട്ടുന്നില്ലേ എന്ന രീതിയിൽ ഒരു കിടപ്പുണ്ട്., ഭക്ഷണം കഴിക്കുമ്പോളും ഒപ്പം വേണം. ഈയടുത്തു ഞാൻ വാങ്ങി കൊടുത്ത പുതിയ കുപ്പായം അവൾക്കു നന്നായി ചേരുന്നുണ്ട് എന്നു അവളെ കണ്ട പലരും എന്നോട് പറഞ്ഞിരുന്നു.

അത് കേൾക്കുമ്പോൾ എനിക്കും അല്പമൊരു സന്തോഷമാണ്. നമ്മൾക്ക് ആവുന്ന കാലം വരെ നന്നായി നോക്കുക. അത് തന്നെയാണല്ലോ എല്ലാവർക്കും വേണ്ടത്.

ഇന്നലെ രാത്രിയിലെ ഞങ്ങളുടെ യുദ്ധം കൊണ്ടാവണം, അവൾ എണീറ്റിട്ടില്ല. അവളെ എന്റെ നെഞ്ചിൽ കിടത്തിയാണ് ഞാനും ഉറങ്ങി പോയത്. നല്ലൊരു ഗായികയാണ്. അത് കൊണ്ടു തന്നെ അവൾക്കൊപ്പം ഞാനും മൂളി പാട്ടു പാടാറുണ്ട്.

ഇന്നത്തെ പ്രഭാതത്തിൽ ഞാനവളെ തന്നെ കുറേ നേരം നോക്കി കൊണ്ടു കിടക്കയിൽ തന്നെ കിടന്നു. വിരലുകൾ കൊണ്ടു മെല്ലെ തലോടി. തൊടുമ്പോൾ എന്ത് മിനുസമാണ് അവളെന്ന് എനിക്ക് അനുഭവിക്കാൻ കഴിഞ്ഞു.

ഇന്നലെ അവളുടെ പിറന്നാളായിരുന്നു. പിറന്നാളിന് ഞാൻ വാങ്ങി കൊടുത്ത പുതിയ കുപ്പായമാണ് അവൾ ഇട്ടിരുന്നത്.

ആ കുപ്പായത്തിൽ അവളെ എത്ര നോക്കിയിട്ടും എനിക്ക് മതിയായില്ല. അത് കൊണ്ടു തന്നെ അവളെ ആദ്യമായി കണ്ട ദിവസം ഞാൻ ഓർത്തെടുക്കാൻ ശ്രമിച്ചു.

അന്നുമിതു പോലെ കൂട്ടുകാരന്റെ കൂടെ ഒരു ശനിയാഴ്ച ഷോപ്പിംഗിന് പോയപ്പോളാണ് മാളിൽ വെച്ചു അവളെ ഞാൻ ആദ്യമായി കാണുന്നത്.

ഒരൊറ്റ നോട്ടം നോക്കിയതേ ഉള്ളൂ ഞാൻ. പിന്നെ കണ്ണെടുക്കാൻ തന്നെ തോന്നുന്നില്ല. ഇന്നാരെയാണാവോ കണി കണ്ടേ എന്നു ഞാനപ്പോൾ വിചാരിച്ചു.

അപ്പോളാണവന്റെ കമന്റ്‌ “ഡാ.. ഡാ.. അവിടെയും ഇവിടെയും തിരിഞ്ഞു കളിക്കാതെ വാടാ.. എനിക്ക് കുറേ സാധനങ്ങൾ വാങ്ങാനുണ്ട്. അടുത്തയാഴ്ച നാട്ടിൽ പോകാനുള്ളതാ. ചുമ്മാ ഷോപ്പിംഗ് വൈകിപ്പിക്കല്ലേ..!”

ഞാൻ പറഞ്ഞു “നിക്കെടാ.. നീ ഒന്ന് ശരിക്കും നോക്കിയേ.. എന്ത് ഭംഗിയാ കാണാൻ. പാൽ പോലെ നല്ല വെളുത്ത നിറം..

ഭയങ്കര ക്യൂട്ട്.. പാകത്തിന് നീളം… എനിക്ക് പക്കാ സെറ്റാണ്… തിരിച്ചു വരുമ്പോൾ കണ്ടില്ലെങ്കിലോ.. മിക്കവാറും അപ്പോളേക്കും അവിടുന്ന് മിസ്സ്‌ ആവും…. പിന്നെ കാണാനും കഴിയില്ല..!”

“എടാ.. പൊട്ടാ.. ഇത് ഗൾഫാണ്.. ഇത് പോലത്തെ കിടിലൻ ഇനിയും ഇവിടെ ഉണ്ടാവും.. ഇത് പോലെ മാളിലും ഹൈപ്പർ മാർക്കറ്റിൽ വെച്ചുമൊക്കെ നമ്മുടെ കണ്മുന്നിൽ കാണും.. പക്ഷേ അതൊന്നും കണ്ടു മോന്റെ കണ്ണ് മഞ്ഞളിക്കരുത്..

ചിലപ്പോൾ ഇതിനേക്കാൾ അടിപൊളി ഉണ്ടാവും.. നീ അപ്പോളും അവിടെ വായി നോക്കി നിൽക്കലേ ഉണ്ടാവൂ.. ഇതൊന്നുമല്ല മോനേ ഗൾഫ് ജീവിതം… വന്നേ വന്നേ..!” അവനെന്നെ അവിടുന്ന് പിടിച്ചു കൊണ്ടു പോയി.

പക്ഷേ എന്റെ മനസ്സ് മാത്രം അവിടുന്ന് പോയില്ല. തിരിച്ചു വരുമ്പോൾ ഞാൻ അവിടെ നോക്കിയെങ്കിലും അവളെ കണ്ടില്ല. നിരാശ തന്നെ ഫലം.

റൂമിൽ എത്തിയിട്ടും എന്റെ മനസ്സു മാളിൽ തന്നെയായിരുന്നു. എന്നാലും അടുത്ത കാലത്തൊന്നും ഇത്രയും ഭംഗി ഞാൻ കണ്ടിട്ടില്ല. സത്യം പറഞ്ഞാൽ എന്റെ അന്നത്തെ ഉറക്കം കളയാൻ ആ ഒരു സംഭവം മാത്രം മതിയായിരുന്നു.

അടുത്ത ദിവസം ഓഫിസിൽ പോകുമ്പോളും ഞാൻ ചിന്തിച്ചു. ഈ ആഴ്ച വീണ്ടും മാളിൽ വരുമോ ആവോ..?? അതോ ഇനി വേറെ എവിടെയെങ്കിലും വെച്ച് കാണുമോ.

ചാൻസ് കുറവാണ്. ഈ രാജ്യത്ത് എന്തോരം മാളുകൾ ഉണ്ട്.. എന്നാലും..!! ചിലപ്പോൾ കണ്ടാലോ. എന്റെ മനസ്സ് ഓരോന്ന് ആലോചിച്ചു ചാഞ്ചാടി കൊണ്ടേയിരുന്നു.

അടുത്ത തവണ കണ്ടാൽ എല്ലാം സെറ്റ് ആക്കണം. ഫ്രണ്ട്സിനു സർപ്രൈസ് കൊടുക്കണം. വമ്പൻ ട്രീറ്റ്‌ തന്നെ ആക്കി കളയാം, ഞാൻ തീരുമാനിച്ചു.

അമ്മയ്ക്കും ഒരു സൂചന കൊടുത്തിടാം. ഇനി നാട്ടിൽ ചെല്ലുമ്പോൾ നീ ഞങ്ങളോട് ഈ കാര്യം പറഞ്ഞില്ല, സൂചിപ്പിച്ചില്ല എന്ന പരാതി വേണ്ടല്ലോ. അങ്ങിനെ എല്ലാം കൂടി ഫുൾ പ്ലാൻ ചെയ്തു ഞാൻ നാലഞ്ചു ദിവസങ്ങൾ നീക്കി.

വീണ്ടും അടുത്തയാഴ്ചയായി. അന്ന് ഉച്ചയ്ക്കെ ഒരുങ്ങി പുറപ്പെട്ടു. കൂട്ടുകാരനെ പിടിച്ചു വലിച്ചു മാളിലേക്ക് കൊണ്ടു പോയി. കൂടെ കമ്പനിക്കു വരാൻ ഒരു ചിക്കൻ ബിരിയാണിയും അവന് ഓഫർ ചെയ്തു.

ഇത്തവണ കഴിഞ്ഞ ആഴ്ചത്തെ അതേ സ്ഥലത്തു തന്നെ പോയി. അല്പം ദൂരെ നിന്നേ അവളെ ഞാൻ കണ്ടു.

അവൻ എന്നോട് പറഞ്ഞു “ചെല്ല്.. ധാ അവിടെയുണ്ട് ഇന്നും… നീ ഇത്രയും ദൂരം കഷ്ടപ്പെട്ട് വന്നു കാണാൻ ആഗ്രഹിച്ചതല്ലേ.. ഇനി വിചാരിച്ച കാര്യം നടക്കാതെ പോകണ്ടാ… പോയി ചോദിക്കേണ്ടതൊക്കെ ചോദിച്ചു വാ.. എന്നിട്ടു അമ്മയെ വിളിച്ചു പറയ്..

അമ്മയ്ക്കും സന്തോഷമാവട്ടെ.. സംഭവം ഓക്കെ ആണേൽ ഇന്ന് റൂമിൽ എല്ലാവർക്കും നിന്റെ വക പാർട്ടിയാണ്. അത് കൂടി ഓർമയിൽ ഉണ്ടാവട്ടെ”
അവൻ ഓർമപ്പെടുത്തി.

ഞാനവളുടെ അടുത്തേക്ക് ചെന്നു. എന്നിട്ടു കൂട്ടുകാരനെ തിരിഞ്ഞു നോക്കി.
“ചെന്നു ചോദിക്ക്… സെറ്റ് ആക്കെടാ..” എന്നവൻ ആംഗ്യം കൊണ്ടു കാണിച്ചു.

അവൻ തന്ന ആത്മവിശ്വാസത്തിൽ ഞാൻ എന്തേലും ചോദിക്കാൻ പോകുമ്പോളേക്കും ഒരു തടിയൻ ഹിന്ദിക്കാരൻ എന്റെ മുന്നിൽ വന്നു എന്താ വേണ്ടതെന്നു ഹിന്ദിയിൽ ചോദിച്ചു.

“അത് പിന്നെ.. ഭായ്‌…!” ഞാനാകെ പരുങ്ങി കളിച്ചു. “പറയൂ സാർ.. എന്താ അറിയേണ്ടതെന്നു” വീണ്ടും എന്നോട് ഹിന്ദിയിൽ ചോദിച്ചു.

ഞാൻ ചുറ്റുമൊന്നു നോക്കി. എന്നിട്ടു ആ ഷോപ്പിലെ ഡിസ്പ്ലേയിലേക്ക് നോക്കി പറഞ്ഞു,

“ഈ വെള്ള ഐ-ഫോൺ-13 ന് എന്താ വില..?”
അയാൾ പറഞ്ഞു ഓഫറിൽ 250 ദിനാർ.
ഞാൻ കൂട്ടുകാരനെ നോക്കി. അവൻ ഒന്നും നോക്കണ്ട എടുത്തോടാ എന്നു കണ്ണ് കൊണ്ടു കാണിച്ചു. ഞാൻ അയാളോട് പറഞ്ഞു “ഒന്നും നോക്കണ്ട ഇത് പായ്ക്ക് ചെയ്തോളു”.

അങ്ങിനെ എന്റെ പുതിയ ഐ-ഫോൺ എടുത്ത് അമ്മയെ വിളിച്ചു പറഞ്ഞു, “അമ്മയുടെ ഫോൺ കളഞ്ഞേക്ക് ട്ടോ.. ഞാൻ പുതിയ ഐ-ഫോൺ എടുത്തു. കഴിഞ്ഞ ലീവിന് വാങ്ങിയ സാംസങ് അമ്മക്ക് നാട്ടിൽ വരുമ്പോൾ തരാം.

പിന്നേയ് ഈ മാസം നാട്ടിലേക്ക് പൈസ അയക്കുമ്പോൾ ഇത്തിരി കുറയും കേട്ടോ. അടുത്ത മാസം ഓവർ ടൈം പൈസ കിട്ടുമ്പോൾ കൂട്ടി അയക്കാം. എന്നാൽ ശരി…പിന്നെ വിളിക്കാമേ…!”.

അങ്ങിനെ ഞാനെന്റെ പുതിയ ഐ-ഫോണുമായി പ്രണയത്തിൽ ആവുകയായിരുന്നു സൂർത്തുക്കളെ. പ്രണയത്തിൽ ആവുകയായിരുന്നു…

Leave a Reply

Your email address will not be published.