വരന്റെ വീട്ടുകാർ പേരുദോഷം കേൾപ്പിച്ച പെണ്ണുമായി തങ്ങൾക്ക് വിവാഹത്തിന് താത്പര്യമില്ലെന്ന്..

(രചന: രാജീവ് രാധാകൃഷ്ണ പണിക്കർ)

പടിഞ്ഞാറേലെ ശാന്തമ്മേടെ മകൾ പുഷ്പലതയുടെ മംഗലത്തിന്റന്ന് രാവിലെയാണ്

മനപറമ്പിലെ പ്ലാവിൽ ചക്കയിടാനായി ലാലപ്പൻ ഇറങ്ങിത്തിരിച്ചത്.

കൂട്ടിനു വരാമെന്നേറ്റ സുധാരൻ പള്ളത്തി പിടിക്കാനുണ്ടെന്നു പറഞ്ഞ് ഒഴിഞ്ഞു മാറിയപ്പോൾ ഒറ്റക്ക് ചക്കയിടാം എന്നു കരുതി അവൻ പ്ലാവിൽ വലിഞ്ഞു കയറി.

ചക്ക കെട്ടിയിറക്കാൻ കൊണ്ടുവന്ന കയറിന്റെ ഒരറ്റം പ്ലാവിൽ കെട്ടി മറുവശത്ത് ചക്ക കെട്ടാനായി ഒരു കുടുക്കുമുണ്ടാക്കി ലാലപ്പൻ തയ്യാറെടുത്തു.

മൂത്തത് നോക്കി മുഴുത്ത ചക്കയൊരെണ്ണം അടർത്തിയെടുത്ത് കയറിലെ ഊരാക്കുടുക്കിൽ കെട്ടാനാഞ്ഞപ്പോഴാണ് ബാലൻസ് തെറ്റി ചക്ക താഴേക്ക് പതിച്ചത്.

ചക്ക തിരിച്ചു പിടിക്കാനുള്ള വെപ്രാളത്തിനിടയിൽ സ്ഥലകാല ഭ്രമം സംഭവിച്ച ലാലപ്പനും ചക്കയ്ക്കൊപ്പം താഴേക്കു പതിച്ചു.

‘എല്ലാം അവസാനിച്ചു എന്നു കരുതിയ നിമിഷം ‘ അപ്പോഴാണ് ദൈവം ഒരു കൈ സഹായവുമായി വന്നത്.

ഊരാക്കുടുക്കു കെട്ടിയ കയർ നെഞ്ചിൽ മുറുകുകയും ലാലപ്പൻ ഭൂമിയിലുമല്ല ആകാശത്തുമല്ല എന്ന മട്ടിൽ തൂങ്ങിയാടുകയും ചെയ്തു

ചക്ക നിലംപതിക്കുന്ന ശബ്ദവും ലാലപ്പന്റെ അമറലും കേട്ട് മനപറമ്പിൽ ‘പന്നിമലർത്തലിൽ ‘ഏർപ്പെട്ടിരുന്ന കേശുവും തൊമ്മനും ഓടി വരികയും കയറിൽ തൂങ്ങിയാടുന്ന ലാലപ്പനെ കണ്ട് അന്തം വിടുകയും ചെയ്തു.

കേശു പ്ലാവിൽ കയറി കയർ അറുക്കുമ്പോൾ തൊമ്മൻ താങ്ങായി നിന്ന് അവനെ താഴെയിറക്കി.

മനപറമ്പിലെ ചെന്തെങ്ങിൽ നിന്നും ഇളനീരൊരെണ്ണം വെട്ടിക്കൊടുത്ത് ലാലപ്പന്റെ പരവശം മാറ്റിയെങ്കിലും അപ്പോഴേക്കും നാട്ടിൽ കരക്കമ്പി പരന്നു.

‘പുഷ്പലതയുടെ വിവാഹത്തിൽ
മനം നൊന്ത് ലാലപ്പൻ ആ ത്മഹത്യക്ക് ശ്രമിച്ചതാണെന്ന് ‘

പുഷ്പയുടെ ചെറിയച്ഛൻ കുമാരനും, അമ്മാവൻ കോവാലനും മാറിമാറി ചോദ്യം ചെയ്തിട്ടും ലാലപ്പനോട് തനിക്ക് അത്തരമൊരു വികാരം ഒരിക്കൽ പോലും തോന്നിയിട്ടില്ലെന്ന് പുഷ്പ ആണയിട്ടു പറഞ്ഞു.

ഇതേ സമയം ലാലപ്പന്റെ ആ ത്മഹത്യാ വൃത്താന്തമറിഞ്ഞ വരന്റെ വീട്ടുകാർ പേരുദോഷം കേൾപ്പിച്ച പെണ്ണുമായി തങ്ങൾക്ക് വിവാഹത്തിന് താത്പര്യമില്ലെന്ന് ദല്ലാൾ മുഖാന്തിരം അറിയിച്ചു.

കല്യാണത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ എന്തു പറഞ്ഞാണ് വരന്റെ കൂട്ടരെ സമാധാനിപ്പിക്കേണ്ടത് എന്ന വിഷയത്തിൽ കൂടിയാലോചനകൾ നടന്നെങ്കിലും, ചർച്ചകളെല്ലാം വഴിമുട്ടി നിന്നു.

അപ്പോഴാണ് വകയിലൊരു ചാർച്ചക്കാരനായ ദിവാകരൻ ആ ആശയം മുന്നോട്ടു വച്ചത്.

എന്തായാലും നാട്ടിലെല്ലാം പാട്ടായി.
ആ നിലയ്ക്ക് ലാലപ്പനെ കൊണ്ടു പുഷ്പലതയെ വേളി കഴിപ്പിച്ചാലോ.

പ്രത്യേകിച്ചു വേലയും കൂലിയുമൊന്നും ഇല്ലാത്ത ലാലപ്പനെപ്പോലൊരുവനെ കൊണ്ട് മകളെ വിവാഹം കഴിപ്പിക്കുന്നതിൽ താത്പര്യമില്ലായിരുന്നെങ്കിലും

അപ്പോഴത്തെ പ്രത്യേക പരിതസ്ഥിതിയിൽ ശാന്തമ്മ സമ്മതം മൂളി.

ഉടൻ തന്നെ ഉശിരന്മാരായ നാലു ചെറുപ്പക്കാർ കുമാരന്റെയും, കോവാലന്റെയുമൊപ്പം ലാലപ്പന്റെ വീട്ടിലേക്ക് ദൂതുമായി പോവുകയും വിവരം അവന്റെ മാതാപിതാക്കളെ ധരിപ്പിക്കുകയും ചെയ്തു.

ചക്ക വെട്ടികൊണ്ടുവരാൻ പോയ മകൻ വെറും കയ്യോടെ വന്നതിൽ കോപിഷ്ഠയായി ശാപവാക്കുകൾ
ഉരുവിടുകയായിരുന്ന ‘ലാലപ്പ മാതാവ്’

നിമിഷ നേരം കൊണ്ട് വന്ന വിവാഹാലോചന കേട്ട് പരിഭ്രാന്തയാവുകയും തന്റെ മകൻ ലാലപ്പൻ മൂത്തു നരച്ചു മൂക്കിൽ പല്ലു വന്നാലും

പണ്ട് പൈപ്പിന്റെ ചോട്ടിൽ വച്ചു തന്നെ വേണ്ടാതീനം പറഞ്ഞ ശാന്തമ്മയുടെ മകൾ പുഷ്പയെ കെട്ടുന്ന പ്രശ്നമില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു.

തന്റെ ഭാര്യയ്ക്ക് ലാലപ്പ ജനകൻ പിന്തുണ നൽകുക കൂടി ചെയ്തതോടെ സംഗതി കയ്യിൽ നിന്നും വഴുതി പോയി.

ഒരുവശത്ത് നിർദോഷമായാണെങ്കിലും ലാലപ്പൻ മൂലം വിവാഹം മുടങ്ങിയ കന്യക.

മറുവശത്ത് അമ്പിനും വില്ലിനും അടുക്കാത്ത ലാലപ്പ രക്ഷിതാക്കൾ.

ഏതു കഥയ്ക്കും ഒരന്ത്യം വേണമല്ലോ.

നാട്ടിൽ നടക്കുന്ന സംഭവങ്ങളെല്ലാം തന്റെ ഒറ്റമുറിയിലെ ജാലകപഴുതിലൂടെ വീക്ഷിക്കുകയായിരുന്ന കഥാകാരൻ നെഞ്ചും വിരിച്ച് അങ്ങാടിയിലേക്കിറങ്ങി ചെന്നു.

പുഷ്പയെ കെട്ടുവാൻ താൻ തയ്യാറാണെന്ന വാഗ്ദാനവുമായി.

” നിങ്ങളിത് കുറച്ചു നേരമായല്ലോ ഏതോ പെണ്ണിന്റെ പേരും വിളിച്ചു പറഞ്ഞു കെട്ടാൻ തയ്യാറെന്നു പറയുന്നു.

ഉറങ്ങുകയുമില്ല മനുഷ്യനെ കിടത്തിയുറക്കുകയുമില്ല. നേരം വെളുക്കട്ടെ. ഞാൻ കാണിച്ചു തരാം”

പ്രിയതമയുടെ ആക്രോശം കേട്ട് ഞാൻ ഞെട്ടിയുണർന്നു. കണ്ടതെല്ലാം സ്വപ്നമായിരുന്നു എന്ന തിരിച്ചറിവോടെ. പിന്നെ പുതപ്പെടുത്ത് തലവഴി മൂടി..

Leave a Reply

Your email address will not be published.