കല്യാണം കഴിഞ്ഞു രണ്ടു കൊച്ചുങ്ങളായെങ്കിലും ലൈഫിൽ എന്തെങ്കിലും നേടണമെന്ന..

(രചന: രാവണന്റെ സീത)

കല്യാണം കഴിഞ്ഞു രണ്ടു കൊച്ചുങ്ങളായെങ്കിലും ലൈഫിൽ എന്തെങ്കിലും നേടണമെന്ന ലക്ഷ്യത്തോടെ psc പരീക്ഷകൾക്ക് പിന്നാലെ പായുമ്പോൾ,

അതിനിടയിൽ ടൈപ്റൈറ്റിംഗ് കൂടെ പഠിക്കണമെന്ന ആഗ്രഹത്തോടെ വീട്ടിനടുത്തുള്ള ക്ലാസിൽ ചേർന്നു..

പിറുപിറുത്തിട്ടാണെലും വീട്ടുകാരുടെ പിന്തുണയോടെ പഠിക്കാൻ തുടങ്ങി.

വിവരക്കേട് കൂടെപ്പിറപ്പായതു കൊണ്ട്, കൂടെയുള്ളവർ നല്ലതാണോ പാരയാണോ എന്ന് തിരിച്ചറിയില്ല. അതുകൊണ്ട് തന്നെ ഒരുപാട് പണികൾ വാങ്ങിക്കൂട്ടീട്ടുണ്ട്..

അവിടുന്നും കിട്ടി ഒരു പണി. ഭാഗ്യത്തിന് തലയിലായില്ല..

ചെയ്യുന്നത് മുഴുവൻ പൊട്ടത്തരം. വായും ചുമ്മായിരിക്കില്ല. പൊട്ടത്തരം ചെയ്തത് പോരാഞ്ഞിട്ട് അത് എന്തോ വലിയ സംഭവം പോലെ പറഞ്ഞു നടക്കുകയും ചെയ്യും.

അമ്മാരി എവിടേം കാണാൻ കിട്ടാത്ത അപൂർവജീവിയാണ് നമ്മുടെ ദേവൂട്ടി..

ഒരിക്കൽ ടൈപ്പ്റൈറ്റിംഗ് പഠിപ്പിക്കുന്ന മാഷ് പറഞ്ഞു എക്സാം ഉണ്ടാവും അതിന് മുന്നേ നമുക്കു ഒരു ചെറിയ ടെസ്റ്റ്‌ എടുക്കാമെന്ന്..

എല്ലാരും തലകുലുക്കി സമ്മതിച്ചു. ദേവൂട്ടിയുടെ ഇടനെഞ്ചിൽ ബാൻഡടി തുടങ്ങി.

എക്സാം തുടങ്ങി എന്ത് ചെയ്യണമെന്നറിയില്ല.. പഠിച്ചതൊക്കെ തലയിൽ നിന്ന് റ്റാറ്റാ പറഞ്ഞിറങ്ങിപ്പോയി..

ആകെമൊത്തം പുതിയ പെയിന്റടിച്ച ബ്ലാക്ക്ബോർഡ് പോലെ. ഒന്നും കാണുന്നില്ല.

ഈ ടെസ്റ്റിൽ തോറ്റാൽ ക്ലാസിൽ വലിയ പഠിപ്പിസ്റ്റ് ആണെന്ന് ഭവിച്ചു നടന്ന തന്റെ ഇമേജ് മൊത്തം വെള്ളത്തിലാവും
അവസാനം വേറെ വഴിയില്ല അടുത്തുള്ള ആളുടെ പേജിൽ നോക്കി ടൈപ്പ് ചെയ്യാൻ തീരുമാനിച്ചു.

നന്നായി നോക്കി, അങ്ങോട്ട് അയാളുടെ പേജിൽ മാത്രമായിരുന്നു കണ്ണ്. ടൈപ് ചെയ്യുന്നതിനിടയിൽ ചെറുവിരൽ ടൈപ്പ് ചെയ്യുന്ന കീ യ്ക്കുള്ളിൽ കുടുങ്ങി.

വിറച്ചിട്ട് ടൈപ്പ് ചെയ്തപ്പോൾ പറ്റിയതാ ഈശ്വരാ വലിച്ചിട്ടു വരുന്നില്ല. ഇതെങ്ങനെ ഇടയ്ക്ക് കേറി, അവൾ കീബോർഡ്നെ പ്രാകി.

കുറെ നേരം വലിച്ചു, ഇല്ല വരുന്നില്ല.
അവൾ അവിടെ ഇരുന്നു സർക്കസ് കാണിക്കുന്നത് കണ്ടു മാഷ് ഓടിവന്നു. എന്താ ദേവൂ എന്താ പറ്റിയെ. എന്റെ വിരല് പെട്ട് മാഷേ, അവളുടെ കണ്ണ് നിറഞ്ഞു..

മാഷ് വേഗം സഹായിച്ചു വിരൽ പുറത്തെടുത്തു. വിരൽ രക്ഷപെട്ടു. അവൾ കൈകുടഞ്ഞു. നോക്കുമ്പോഴുണ്ട് മാഷ് അപ്പുറത്ത് കുത്തിയിരുന്ന് ചിരിക്കുന്നു. .

മാഷേ അവൾ മനസ്സിൽ വിളിച്ചു. എന്തായാലും ചമ്മിപോയി. ഇനി ബാക്കി കൂടെ ടൈപ്പ് ചെയ്യാം..

എല്ലാം കഴിഞ്ഞു.. ഹാവൂ ഭാഗ്യം…

ഇനി പേപ്പർ നോക്കുകയാണ്, ടൈപ് ചെയ്ത ക്വാളിറ്റി നോക്കിയപ്പോൾ തന്നെ മാഷിന് പിടികിട്ടി..

ദേവൂ.. മാഷിന്റെ നീട്ടിയുള്ള വിളിക്ക് അവൾ അതേ ട്യൂണിൽ വിളി കേട്ടു. എന്തോ…

ഇങ്ങുവന്നെ… അനുസരണയുള്ള കുട്ടിയായി അവൾ അടുത്ത് പോയി.

പൊന്നു മോളെ നീ കോപ്പിയടിച്ചതാണ് അത് മനസിലായി.. അവൾക്ക് മനസിലായി കയ്യീന്ന് പോയി എന്തോ പ്രശ്നം ഉണ്ട്…

മാഷ് തുടർന്ന്..

എല്ലാം സഹിക്കാം… പക്ഷേ പേരെങ്കിലും കോപ്പിയടിക്കാതെ ഇരുന്നൂടായിരുന്നോ കൊച്ചേ..

നീ ടൈപ് ചെയ്തിരിക്കുന്നത് നീ കോപ്പിയടിച്ച അയാളുടെ പേര് തന്നെയാ. എന്തുവാ കൊച്ചേ, പേരെങ്കിലും സ്വന്തമായി ടൈപ്പ് ചെയ്തൂടെ..

നിനക്ക് അറിയില്ലേൽ അറിയില്ലന്ന് പറഞ്ഞൂടെ.. അത് കേട്ടപ്പോൾ ക്ലാസ്സിൽ കൂട്ടച്ചിരി മുഴങ്ങി..

ദേവൂട്ടി എന്തോ ഓസ്കാർ കിട്ടിയ അഭിമാനത്തോടെ വളിച്ചചിരി മുഖത്ത് ഫിറ്റ്‌ ചെയ്തു നിന്നു…

ട്രാഫിക് സിഗ്നൽ കണ്ടിട്ട് പകലെന്തിനാ പോസ്റ്റിൽ ലൈറ്റ് ഇടുന്നെ എന്ന് ചോദിച്ചവളാ. ഇപ്പൊ ലൈസൻസ് എടുക്കാൻ പോയിട്ടുണ്ട്.

ഈശ്വരാ ആ നാട്ടുകാരെ കാത്തോണേ… അവളുടെ കെട്ടിയോനെ ഇനി നിവർന്നു നിൽക്കാൻ നാട്ടുകാര് സമ്മതിക്കോ എന്തോ…

Leave a Reply

Your email address will not be published. Required fields are marked *