അവസാനം അനിയത്തിമാരുടെ ഭാവിയെക്കരുതി എങ്കിലും വിവാഹത്തിന് സമ്മതിക്കണമെന്ന് അമ്മച്ചി കരഞ്ഞ്..

അരികെ
(രചന: Raju Pk)

ഒട്ടും പരിചയമില്ലാത്ത ഫോൺ നമ്പറിൽ നിന്നും ഒരു ഹായ് വന്നതൊരു മിന്നായം പോലെ കണ്ടെങ്കിലും വീണ്ടും ജോലിയുടെ തിരക്കിലേക്ക് കടന്നു.

അല്പം കഴിഞ്ഞപ്പോൾ. വീണ്ടും ഒരു മെസേജുകുടി
ഹരി, ഞാൻ നാൻസിയാണ്.

പെട്ടന്ന് ഫോണെടുത്തു തിരികെ വിളിച്ചു.

നീ എവിടാണ് പെണ്ണേ എന്തൊക്കെയാ നിൻ്റെ വിശേഷങ്ങൾ ഞാൻ കരുതി എന്നെയൊക്കെ മറന്ന് കാണുമെന്ന്. എത്ര വർഷമായിരിക്കുന്നു നമ്മളൊന്ന് കണ്ടിട്ട്.

പണ്ട് സ്കൂൾ വിട്ട് വരുമ്പോൾ ചിറ്റേടത്തുകാരുടെ തൊടിയിൽ റോഡരികിലായി നിൽക്കുന്ന നിറയെ മാങ്ങകളുള്ള മൂവാണ്ടൻ മാവിലേക്ക് ഞാൻ കല്ലെടുത്തെറിഞ്ഞതും ഒരു മാമ്പഴം ചാടിയപ്പോൾ അത് നിനക്ക് തന്നിട്ട് രണ്ടാമത്തേതിനായി കല്ലെറിയുമ്പോൾ

ലക്ഷ്യം തെറ്റിയ വെള്ളാരം കല്ല് രമണിയേച്ചിയുടെ ഓടിട്ട വീടിനു മുകളിൽ പതിച്ചതും കല്ലെറിഞ്ഞവനെ പിടിക്കാൻ അവർ ഓടി പുറത്തേക്ക് വരുമ്പോൾ നിന്നെ തനിച്ചാക്കി ഞാൻ ഓടി മറഞ്ഞതും

എന്നോടൊപ്പം ഓടാൻ കഴിയാതിരുന്ന നിന്നെ അവർ പ്രതിയാക്കിയതും അവസാനം നിൻ്റെ പൊട്ടിക്കരച്ചിലിൽ പെൺകുട്ടി എന്ന പരിഗണനയിൽ അവർ വിട്ടയച്ചതും

അന്ന് കരഞ്ഞു കലങ്ങിയ കണ്ണുകളോടെ മാമ്പഴവും തിന്ന് നടന്ന് വരുന്ന ആ ഉണ്ടക്കണ്ണി യെ ഓർക്കുമ്പോൾ ഇന്നും തനിയെ ഇരിക്കുമ്പോൾ പൊട്ടിച്ചിരിച്ചു പോകാറുണ്ട്.

സത്യത്തിൽ അന്നെനിക്ക് നിന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു നീ എന്നെ ഒറ്റയ്ക്കാക്കി പോയില്ലേ..

ഇനി പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം ഒരിക്കലും നിന്നെ ഒറ്റയ്ക്കാക്കണമെന്നില്ലായിരുന്നു എൻ്റെ ജീവിത്തത്തിലും കൂടെ വേണമെന്നായിരുന്നു ആഗ്രഹം പക്ഷെ..

എന്നിട്ട് എന്താടാ എന്നോട് ഒരു വാക്കു പോലും പറയാതിരുന്നത് എത്ര കാലം വേണമെങ്കിലും ഞാൻ കാത്തിരിക്കുമായിരുന്നല്ലോ.

നിനക്ക് അത്ര ഇഷ്ടമായിരുന്നെന്ന് ഞാൻ അറിയാതെ പോയല്ലോ അന്ന്,എൻ്റെ ഇഷ്ടം നിന്നോട് എങ്ങനെ പറയും ചെറിയ പിണക്കങ്ങൾക്കു പോലും എന്നോട് വല്ലാതെ പൊട്ടിത്തെറിക്കുന്ന നിന്നോട്,ഇങ്ങനെ ഒരു കാര്യം പറയാൻ സത്യത്തിൽ പേടിയായിരുന്നു.

ഗൾഫിൽ ജോലി കിട്ടി ചോദിക്കാൻ ഒരു ധൈര്യമൊക്കെ വന്നപ്പോഴേക്കും നിനക്ക് ഒരു കുട്ടിയായിരുന്നു.

അന്ന് സത്യത്തിൽ നിന്നോട് കാണിച്ച ദേഷ്യത്തിലെല്ലാം എനിക്ക് നിന്നോടുള്ള സ്നേഹം നിറയെ ഉണ്ടായിരുന്നു.അത് മനസ്സിലാക്കാൻ നിനക്ക് കഴിയാതെ പോയല്ലോ ചെക്കാ..

നിനക്കീ നമ്പർ എങ്ങനെ കിട്ടി.

നമ്മുടെ ഗ്രൂപ്പിൽ നിന്നും..

ഓ ഞാനത് മറന്നു ഈ തിരക്കിനിടയിൽ എനിക്ക് അങ്ങോട്ടൊന്നും ഏത്തി നോക്കാൻ പറ്റാറില്ല.

നിൻ്റെ ഇച്ചായൻ എന്ത് പറയുന്നു കുടെയുണ്ടോ അതോ അങ്ങ് ദുബായിലോ.

ഇച്ചായൻ പോയിട്ട് ഒരു വർഷമായെടാ ഇത്തവണ ദുബായിലേക്കല്ല ഒരിക്കലും തിരിച്ചു വരാൻ പറ്റാത്ത ഒരു ലോകത്തേക്കാണെന്ന് മാത്രം.

നാൻസീ.. നീ എന്താ പറയുന്നത്.

സത്യം.

നന്നായി പഠിച്ചു കൊണ്ടിരുന്ന പത്തൊൻപത് വയസ്സുള്ള എനിക്ക് എൻ്റെ വീട്ടുകാർ മുപ്പത്തിയെട്ടുവയസ്സുള്ള ഇച്ചായനെയാണ് കണ്ടെത്തിയത്

ഞാൻ ഒരു പാട് പറഞ്ഞു നോക്കി പട്ടിണി കിടന്നു പ്രായക്കൂടുതൽ പ്രശ്നമൊന്നുമല്ല പണമുണ്ടല്ലോ എന്നാണ് അന്ന് അപ്പനും അമ്മച്ചിയും പറഞ്ഞത്.

അവസാനം അനിയത്തിമാരുടെ ഭാവിയെക്കരുതി എങ്കിലും വിവാഹത്തിന് സമ്മതിക്കണമെന്ന് അമ്മച്ചി കരഞ്ഞ് പറഞ്ഞപ്പോൾ..

പ്രായത്തിൻ്റെ വ്യത്യാസം ഞങ്ങളുടെ ജീവിതത്തിൽ വലിയ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു.

അയാൾക്ക് ഞാൻ ആരോടും മിണ്ടുന്നതു പോലും ഇഷ്ടമല്ലായിരുന്നു. സ്വന്തം ഇഷ്ടങ്ങൾ സാധിക്കാൻ വേണ്ടി പണം മുടക്കാതെ വാങ്ങിയ ഒരടിമ മാത്രമായിരുന്നു ഞാൻ.

എങ്കിലും ഒന്നും ആരെയും അറിയിക്കാതെ മറ്റുള്ളവരുടെ മുന്നിൽ ഞാൻ സന്തോഷവതിയായി നന്നായി അഭിനയിച്ചു.

തിരികെ വീട്ടിലേക്ക് ചെന്നാൽ അനിയത്തിമാരുടെ ഭാവിയും തകരുമെന്ന അമ്മച്ചിയുടെ വാക്കുകൾക്ക് മുന്നിൽ ഞാൻ തളർന്ന് പോയി.

മദ്യവും പുകവലിയും എന്നു വേണ്ട അയാളുടെ വഴിവിട്ട ജീവിതം ഞാനും മോളുംഎത്ര പറഞ്ഞിട്ടും നിർത്താൻ കൂട്ടാക്കിയില്ല അവസാനം പതിയിരുന്ന അസുഖങ്ങൾ ഓരോന്നായി ആക്രമിച്ചു.

കൈയ്യിൽ ഉണ്ടായത് തികയാതെ വന്നപ്പോൾ കടം വാങ്ങിയും ചികിത്സിച്ചു. അവസാന കാലത്ത് ചെയ്തു കൂട്ടിയ തെറ്റുകളെ ഓർത്ത് ഒരു പാട് സങ്കടപ്പെട്ടിരുന്നു നഷ്ടപ്പെടുത്തിയ സമയം ഞങ്ങളോടൊപ്പം ജീവിക്കാൻ ഇച്ചായൻ ഒരു പാട് ആഗ്രഹിച്ചിരുന്നു പക്ഷെ..

എൻ്റെ സങ്കടങ്ങൾക്കിടയിൽ ഞാൻ ചോദിക്കാൻ മറന്നു നിൻ്റെ കുടുബമൊക്കെ.

ഉണ്ടായിരുന്നു ഇപ്പോഴില്ല ഞങ്ങൾ പിരിഞ്ഞു അവൾ സ്റ്റേറ്റ്സിലുണ്ട്. അവൾക്കിഷ്ടപ്പെട്ട മറ്റൊരാളോടൊപ്പം.

വിവാഹത്തിന് മുൻപുണ്ടായിരുന്ന പ്രണയം. ഒരത്ഥത്തിൽ പോയതുനന്നായി മനസ്സുകൊണ്ട് ഇഷ്ടപ്പെടാൻ കഴിയാത്തവർ മറ്റുള്ളവരെ കാണിക്കാൻ ഒരുമിച്ച് ജീവിച്ചിട്ടെന്തിനാ. ഇപ്പോൾ അഞ്ച് വർഷമായി.

നീ വേറെ വിവാഹത്തെപ്പറ്റി ചിന്തിച്ചില്ലേ ഇതു വരെ.?

ഒന്നു കൊണ്ട് അവസാനിപ്പിച്ചു ഇനി ഒരു പരീക്ഷണത്തിനില്ല.

ഡാ നമുക്ക് ഒന്ന് കാണാൻ പറ്റുവോ.ഞാൻ കുറച്ച് പ്രശ്നത്തിലാ എന്നെ ഒന്ന് സഹായിക്കണം മോൾ നേഴ്സിങ്ങ് അവസാന വർഷമാണ് ഡൽഹിയിലാണ് പഠിക്കുന്നത് അടുത്തയാഴ്ച്ച ഫീസടയ്ക്കണം എൻ്റെ കയ്യിൽ ഒന്നുമില്ല മുന്നിൽ വേറെ വഴികകളും.

ഒരു ഡിഗ്രി പോലും കൈയ്യിലില്ലാത്ത ഞാൻ നല്ലൊരു ജോലി പോലും ഇല്ലാതെ ഇവിടെ അടുത്തൊരു കടയിലെ സെയിൽസ് ഗേളിൻ്റെ ജോലിയുള്ളതുകൊണ്ടാണ് പിടിച്ച് നിൽക്കുന്നത് ഹരി എന്താ ഒന്നും മിണ്ടാത്തത്.

ഞാൻ എവിടെ വരണം…

വീട്ടിലോട്ട് പോരു ഞാൻ ഇവിടെ തനിച്ചാണ് വാടക വീടാണ് കടം കയറിയിപ്പോൾ സ്വന്തമായിട്ട് ഒന്നുമില്ല ഇപ്പോൾ ഞാൻ ലൊക്കേഷൻ ഇടാം.

സന്ധ്യാനേരത്ത് വീശുന്ന തണുത്ത കാറ്റിൽ പാറിപ്പറക്കുന്ന മുടിയിഴകൾ ഒതുക്കി വഴിയരികിൽ എന്നെയും കാത്ത് നിൽക്കുന്നുണ്ടായിരുന്നു നാൻസി ആ കണ്ണുകളിൽ ആ പഴയ കുസൃതിയും സങ്കടവും ദേഷ്യവും മാറി മാറി ഒളിപ്പിച്ച് നിൽക്കുന്ന കുട്ടിയേപ്പോലെ.

നീ ഇരിക്ക് ഞാൻ ചായയെടുക്കട്ടെ.

വേണ്ടടീ പോയിട്ട് തിരക്കുണ്ട്

അത് പറ്റില്ല ആദ്യമായി വന്നിട്ട് ഒരു ചായ പോലും തരാതെ.

നീ അകത്തേക്ക് വാ നമുക്ക് ഇവിടെ ഇരിക്കാം നേരിൽ കണ്ടപ്പോൾ പരസ്പരം ഒന്നും പറയാനില്ലാത്തതുപോലെ എങ്കിലും മനസ്സ് കൊണ്ട് ഒരു കുട്ടിയായതുപോലെ പ്രിയപ്പെട്ടവരോടൊപ്പം ഇരിക്കുമ്പോൾ നിശബ്ദമായ അന്തരീഷവും മനസ്സിന് ഒരുണർവ്വ് നൽകും.

ചൂടു ചായയും കുടിച്ച് കൈയ്യിൽ കരുതിയ പണം അവളെ ഏൽപ്പിക്കുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു.

ഇതെന്ന് തരുമെന്നോ ഇനി കഴിയുമോ എന്ന് പോലും എനിക്കറിയില്ല.

നീ വിഷമിക്കാതെ ആരുമില്ലാത്തവർക്ക് ഈശ്വരൻ തുണയുണ്ടാവും എന്നല്ലേ. യാത്ര പറഞ്ഞ് നേർത്ത മഞ്ഞ് പാളികൾക്കിടയിലൂടെ നടന്നകലുമ്പോൾ മനസ്സ് വല്ലാതെ ശാന്തമായിരുന്നു.

പിന്നീട് പരസ്പരമുള്ള വിളികളും കണ്ടുമുട്ടലുകളും സംസാരത്തിൻ്റെ സമയവും കൂടിക്കൊണ്ടിരുന്നു.

നാൻസിയുടെ ഇച്ചായൻ്റെ ഓർമ്മ ദിവസത്തിൻ്റെ പിറ്റേന്ന് തമ്മിൽ കാണുമ്പോൾ കയ്യിൽ കരുതിയിരുന്ന കുറച്ച് പണം നൽകുമ്പോൾ കെട്ടിപ്പുണർന്ന് പൊട്ടിക്കരഞ്ഞുകൊണ്ടവൾ പറഞ്ഞു.

ഇതൊക്കെ തിരികെ എന്ന് തന്ന് തീർക്കും എന്നറിയില്ല കഴിയുമോ എന്ന് പോലും, പകരം തരാൻ എനിക്കിപ്പോൾ ഈ ശരീരം മാത്രമേയുള്ളു അതിനീ പണത്തിൻ്റെ വിലയൊന്നുമില്ലെന്നും എനിക്കറിയാം.

എങ്കിലും ഒരിക്കൽ നമ്മൾ പരസ്പരം ഒരു പാടിഷ്ടപ്പെട്ടിരുന്നതല്ലേ.. ആത്മാവ് ഉപേക്ഷിച്ചു പോയാൽ ഈ ശരീരം മണ്ണിനോട് ചേരാനുള്ളതല്ലെ.

നെഞ്ചിൽ നിന്നും പതിയെ നാൻസിയെ അടർത്തിമാറ്റിയപ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഒരു പാട് സ്നേഹിച്ചിട്ടും ഒരുമിച്ച് ജീവിക്കാൻ കഴിയാത്തവരാണ് നമ്മൾ.

ഇഷ്ടം പലവിധമുണ്ട് പെണ്ണേ അതിൽ ശരീരത്തോട് ഉള്ളത് കാമമാണ് മനസ്സുകൾ തമ്മിലുള്ള ഇഷ്ടമാണ് എന്നും നിലനിൽക്കുന്നത്.

നിറഞ്ഞ് തൂവുന്ന ആ കണ്ണുനീർ തുള്ളികൾ തുടച്ച് മാറ്റി നെറ്റിയിൽ അമർത്തി ചുബനം നൽകി പതിയെ നടന്നകലുമ്പോൾ മനസ്സിനുള്ളിൽ ഒരു കടലിരമ്പുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published.