ആകെ ഉണ്ടായിരുന്ന ആശ്രയമായിരുന്ന അമ്മ പോയതു മുതൽ ഇങ്ങനെയാ, മതിലിനു..

ഉൾക്കാഴ്ച്ചകൾ
(രചന: Raju Pk)

ജയാ എനിക്ക് ഒരൻപത് രൂപ തരാമോ..?
രണ്ട് ദിവസമായി എന്തെങ്കിലും കഴിച്ചിട്ട്.”

നീണ്ടു വളർന്ന് ജഡ പിടിച്ച മുടിയും താടിയും ആകെ കരിപുരണ്ട വസ്ത്രങ്ങളുമായി രഘുവിനെ മുന്നിൽ കണ്ടതും

മനസ്സൊന്നിടറി സ്കൂളിലും കോളേജിലും കലോത്സവങ്ങളിൽ നിറസാന്നിധ്യമായിരുന്നവൻ പഠനത്തിലും മുൻപന്തിയിലായിരുന്നു

നാട്ടുകാരുടേയും വീട്ടുകാരുടേയും കൂട്ടുകാരുടേയും കണ്ണിലുണ്ണി.

കൊടുത്ത നൂറു രൂപാ നോട്ടുമായി തൊട്ടടുത്ത ഹോട്ടലിലേക്ക് കയറാൻ കഴിയാതെ പുറമെ ഭക്ഷണവും കാത്ത് നിൽക്കുമ്പോൾ

രഘുവിൻ്റെ മുഖം വല്ലാതെ അസ്വസ്ഥമായിരുന്നു ചുരുട്ടിപ്പിടിച്ച ഒരു കൈ കൊണ്ട് മറു കൈയ്യിലേക്ക് ആഞ്ഞിടിക്കുന്നുണ്ടായിരുന്നു.

തൊട്ടു മുന്നിലെ പാൽ ഡയറിയിലേക്ക് നിരവധി പേർ വന്നു പോകുന്നുണ്ട് മകരമാസത്തിലെ മരം കോച്ചുന്ന കുളിരിൽ സെറ്ററും തലയിൽ ക്യാപ്പുമായി

പാലുമായി നടന്നും സൈക്കിളിലും വരുന്നവർ തണുപ്പിന് ഒരു തടയിടാനായി ഗോപാലേട്ടൻ്റെ കടയിൽ നിന്നും ചൂടു ചായ ഊതി കുടിക്കുന്നുണ്ട്.

ഒരു പഴയ സ്റ്റീൽ ഗ്രാസ്സിൽ ചായയും ഇലയിൽ പൊതിഞ്ഞ് അപ്പവും മുട്ടക്കറിയും കൈ നീട്ടി നിന്ന രഘുവിൻ്റെ കൈകളിൽ കൊടുക്കാതെ ഗോപാലേട്ടൻ അവജ്ഞയോടെ മുൻവശത്തെ തിണ്ണയിലേക്ക് വച്ചു.

പണം കൈ നീട്ടി വാങ്ങിയതും നിനക്ക് വല്ലപ്പോഴും കുളിച്ചു കൂടെ എന്ന ഒരു ചോദ്യവും.

“കുളിക്കാത്തവൻ്റെ ആണെങ്കിലും ഭ്രാന്തൻ്റെ ആണെങ്കിലും പണം കൈ നീട്ടി വാങ്ങുവാൻ തനിക്ക് അയിത്തമില്ല അല്ലേ നായരേ.. സത്യത്തിൽ ഞാനോ താനോ ആരാണ് ഭ്രാന്തൻ”

എന്ന് ഉച്ചത്തിൽ പറഞ്ഞ് പൊട്ടിച്ചിരിച്ചു കൊണ്ട് ചായയും ഇലപ്പൊതിയും എടുത്ത് രഘു അലി ഇക്കയുടെ പല ചരക്കുകട ലക്ഷ്യമാക്കി നടന്ന് നീങ്ങി..

അല്പം അകലം പാലിച്ച് അവൻ്റെ പിന്നിലായി ഞാനും നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ രഘു തിരക്കുള്ള സമയത്ത് ഇങ്ങോട്ട് വരണ്ടന്ന് ഇക്ക ഉച്ചത്തിൽ പറഞ്ഞതും

റോഡിന് മറുവശത്തുള്ള കൊന്നയുടെ താഴെയായി മതിലിനു മുകളിൽ അവൻ സ്ഥാനം പിടിച്ചു.

ആരോടെന്നില്ലാതെ എന്തൊക്കെയോ സംസാരിക്കുന്നുണ്ട് ഇടയ്ക്ക് ഉച്ചത്തിൽ പൊട്ടിച്ചിരിക്കുന്നുണ്ട് തിരക്കൊതുങ്ങി വീട്ടിലേക്കുള്ള കുറച്ച് സാധനങ്ങൾ വാങ്ങുന്നതിനിടയിൽ ഇക്ക പറയുന്നുണ്ട്

എങ്ങനെ നടന്ന പയ്യനായിരുന്നു രഘു മനസ്സിൻ്റെ സമനിലയൊന്ന് തെറ്റിയാൽ നമ്മുടെ ഓരോരുത്തരുടെയും അവസ്ഥ ഇതൊക്കെത്തന്നെ.

കൂട്ടുകാർ ചേർന്ന് പല ആശുപത്രികളിലും കാണിച്ചു നോക്കി ഒരു മാറ്റവും ഇല്ല അവന് ആകെ ഉണ്ടായിരുന്ന ആശ്രയമായിരുന്ന അമ്മ പോയതു മുതൽ ഇങ്ങനെയാ..

മതിലിനു മുകളിൽ ഇരുന്ന് ഉച്ചത്തിൽ പൊട്ടിച്ചിരിക്കുന്ന രഘുവിനെ ഇക്ക അതിലും ഉച്ചത്തിൽ വിളിച്ചു.

അവനു വേണ്ടി മാറ്റി വച്ച അരിയും മറ്റു പലചരക്ക് സാധനങ്ങളും എടുത്ത് നൽകി.

നിറഞ്ഞ പുഞ്ചിരിയോടെ അതെല്ലാം വാങ്ങുമ്പോൾ രഘു പറയുന്നുണ്ട്

“അടുത്ത ആഴ്ച്ച കുറച്ച് പൈസ തരാട്ടോ ഞാൻ പറ്റിക്കുവൊന്നുമില്ല..”

പുഞ്ചിരിയോടെ അവനെ യാത്രയാക്കുമ്പോൾ അവൻ്റെ പേരിലുള്ള പറ്റു ബുക്കിൽ

അവന് നൽകിയ സാധനങ്ങളുടെ വിലയായ തൊള്ളായിരത്തി പതിനെട്ടു രൂപ കൂടി എഴുതിച്ചേർത്തിട്ട് ഇക്ക പറഞ്ഞു.

“അവന് എന്നെങ്കിലും അസുഖം മാറിയാൽ പണവുമായി അവൻ വരും അതുറപ്പാണ് അപ്പോൾ എല്ലാത്തിനും ഒരു കണക്ക് വേണമല്ലോ..”

“അമ്മ മരിച്ചിട്ട് വർഷങ്ങളായെങ്കിലും ഇന്നും അതൊന്നും അവന് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല രണ്ട് പാത്രത്തിൽ ഭക്ഷണം വിളമ്പിയാണ് അവനിന്നും കഴിക്കുന്നത് ഒന്നവനും മറ്റൊരു പാത്രത്തിൽ അമ്മയ്ക്കും.”

ഇടതു കൈയ്യിലെ സ്റ്റീൽ ഗ്ലാസ്സിൽ അമ്മയ്ക്കുള്ള തണുത്ത ചായയും മറുകയ്യിൽ സഞ്ചിയുമായി നടന്ന് നീങ്ങുന്ന

രഘുവിൻ്റെ ചിത്രം അവൻ കണ്മുന്നിൽ നിന്നും മറഞ്ഞിട്ടും കണ്ണുനീർ കാഴ്ച്ചയെ മറച്ചിട്ടും ഇപ്പോഴും മായാതെ നിൽക്കുന്നു.

അതുപോലെ ഒരു നാണയത്തിൻ്റെ ഇരുവശങ്ങളിലായി ഗോപാലേട്ടനും അലി ഇക്കയും…

Leave a Reply

Your email address will not be published. Required fields are marked *