മലയാളം ടീച്ചറാണ് എന്നോട് ഒരു മകനേപ്പോലെ ഏറെ ഇഷ്ടവും ഉണ്ട് എല്ലാം..

ഓർമ്മകളിലെ ബാല്യം
(രചന: Raju Pk)

അവസാനബല്ലിൻ്റെ ശബ്ദം കേട്ടതും. ടീച്ചർ ചോദിച്ച ചോദ്യത്തിൻ്റെ ഉത്തരം പറഞ്ഞു കൊണ്ടിരുന്നത് പാതി വഴിയിൽ ഉപേക്ഷിച്ചു.

ബാഗ് എടുത്ത് തോളിലേറ്റി ഭിത്തിയോട് ചരി നിർത്തിയിരുന്ന കുടയുമെടുത്ത് പുറത്തേക്ക് ഒരോട്ടമായിരുന്നു.

റോഡിലെത്തി തിരിഞ്ഞ് നോക്കുമ്പോഴാണ് മുൻബെഞ്ചിലെ ഞങ്ങൾ നാലുപേരല്ലാതെ മറ്റാരും പുറത്തിറങ്ങിയിട്ടില്ല എന്നറിയുന്നത്.

റോഡരികിലെ കലുങ്കിലേക്ക് ചാരി മറ്റുള്ളവരേയും കാത്ത് നിൽക്കുമ്പോൾ പേടിയോടെ ഓർത്തു തിരിച്ച് പോയാലോ എന്ന് പെട്ടന്ന് വന്നു ചേർന്ന ഒരു ധൈര്യത്തിൽ അവിടെത്തന്നെ നിന്നു അല്ലെങ്കിലും പേടിക്കുന്നതെന്തിനാ.

ബല്ലടിച്ചിട്ടല്ലേ ക്ലാസ്സിൽ നിന്നും ഇറങ്ങിയത് ടീച്ചർ ബോർഡിൽ എന്തോ എഴുതുകയായിരുന്നു അപ്പോൾ. വരുന്നത് വരട്ടെ എന്നോർത്ത് നിൽക്കുമ്പോൾ കൂട്ടുകാരെത്തി.

പറയുന്നതിന് മുന്നെ ഇറങ്ങി ഓടിയ നാലു പേരേയും നാളെ പിടിച്ചോളാം എന്ന് പറഞ്ഞിട്ടുണ്ട് ടീച്ചർ നിങ്ങൾക്ക് കിട്ടിക്കോളും നാളെ..!

മലയാളം ടീച്ചറാണ് എന്നോട് ഒരു മകനേപ്പോലെ ഏറെ ഇഷ്ടവും ഉണ്ട് എല്ലാം ഇന്നത്തോടെ തീർന്നല്ലോ എന്നോർത്ത് ഇരിക്കുമ്പോഴാണ് നാളെ കിട്ടിക്കോളും എന്നുള്ള ഇവരുടെ ഭീക്ഷണിയും.

രാവിലെ വരുമ്പോൾ തയ്യാറാക്കി കൊണ്ടുവരുന്ന ഈർക്കിലി കൊണ്ടുണ്ടാക്കിയ കുടുക്കുകൾ കൊണ്ട് ഒരു നീർക്കോലിപ്പാമ്പിനേപ്പോലും പിടിക്കാൻ കഴിഞ്ഞില്ല പാടവരമ്പിൽ നിന്നും അവ എടുത്ത് നടന്നു.

എല്ലാവരുടേയും കണ്ണുകൾ തോട്ടിലൂടെ നീർക്കോലി പാമ്പിനെ തിരയുമ്പോൾ പതിവുപോലെ ഒന്നിനും ഒരുത്സാഹവും തോന്നിയില്ല വരമ്പിലൂടെ നടക്കുമ്പോൾ ഒരിക്കൽ ബിജുവിനെ നീർക്കോലിപാമ്പ് കടിച്ച അന്ന് തുടങ്ങിയതാണ് ഈ വിരോധം.

ചാഞ്ഞ് വിളഞ്ഞ് കാറ്റിൽ ചാഞ്ചാടി നിൽക്കുന്ന കുട്ടാടം പാടത്തെ നെൽക്കതിരുകൾക്കിടയിലൂടെ നിസംഗനായി നടക്കുമ്പോളാണ്

തോടിനോട് ചേർന്ന് നിൽക്കുന്ന ചെന്തെങ്ങിലെ കരിക്ക് സുധിയുടെ ശ്രദ്ധയിൽ പെടുന്നത്..

എന്തോരം കരിക്കാ ഈ തെങ്ങിന്മേൽ തെങ്ങിനും പ്രാന്തായെന്നാ തോന്നുന്നത് വിശന്നിട്ടും വയ്യല്ലോ ൻ്റെ കാവിലമ്മേ..

എന്നാൽ നമുക്ക് കരിക്കിട്ടാലോ എന്ന് കൂട്ടത്തിൽ മുതിർന്ന കുര്യൻ്റെ ചോദ്യം സമ്മതം എന്ന് മറ്റുള്ളവരും കേൾക്കേണ്ടതാമസം തോളിലെ ബാഗ് ബിജുവിനെ ഏൽപ്പിച്ച്

കുര്യൻ തെങ്ങിൽ വലിഞ്ഞുകയറി അല്ലെങ്കിലും ഓണാഘോഷത്തിന് എണ്ണയിൽ കുളിപ്പിച്ച് നിർത്തിയ വാഴയുടെ മുകളിൽ കയറി പത്ത് രൂപ നോട്ട് കൈക്കലാക്കിയ കുര്യനിത് നിസ്സാരം.

മുകളിൽ കയറി കരിക്ക് അടർത്തി ഇട്ട് താഴെ ഇറങ്ങുന്നതിനു മുൻപെ ഒരലർച്ചയോടെ വിശ്വംഭരൻ ചേട്ടൻ കൈയ്യിലൊരു വെട്ടുകത്തിയുമായി പാഞ്ഞെത്തി

കൈകളിൽ കരിക്കുമായി നിന്ന ഞങ്ങൾ കരിക്കുപേക്ഷിച്ച് ചിതറിയോടി തെങ്ങിനു മുകളിൽ എന്തു ചെയ്യണമെന്നറിയാതെ പാവം കുര്യനും.

എല്ലാവനേയും ഞാൻ പോലീസിലേൽപ്പിക്കും ഇതിനാണല്ലേ നിങ്ങൾ പഠിക്കാൻ പോകുന്നത്

ദൂരം പാലിച്ച് നിന്ന ഞങ്ങൾ ഒരേ സ്വരത്തിൽ സങ്കടത്തോടെ പറഞ്ഞു വിശന്നപ്പോൾ ഇട്ടു പോയതാ ഇനി ഒരിക്കലും ഒരു പേരയ്ക്ക പോലും ഞങ്ങൾ പറിക്കില്ല

ഞങ്ങളുടെ അധിക്രമത്തിൽ പാടത്തേക്ക് ചാഞ്ഞ് നിൽക്കുന്ന പേരമരത്തിലേക്ക് ചേട്ടൻ ഒന്നിരുത്തി നോക്കി..

മുകളിൽ നിന്നും ഭയന്ന് വിറച്ച് താഴെ ഇറങ്ങിയ കുര്യനോട് വീടും വീട്ടു പേരും അപ്പൻ്റെ പേരും തിരക്കിയതിന് ശേഷം ഞങ്ങളോടായി പറഞ്ഞു

ഇവനേയും കൂട്ടി ഞാൻ വരുന്നുണ്ട് നിങ്ങളുടെ ഓരോരുത്തരുടേയും വീടുകളിൽ നിങ്ങളെ എന്തിനാണ് പഠിക്കാൻ വിടുന്നതെന്ന് എനിക്കറിയണം.

ഈശ്വരാ വീട്ടിലറിഞ്ഞാൽ കൊലക്കുറ്റത്തിന് മാപ്പ് കിട്ടിയേക്കും ഇത് പക്ഷെ.? ഇന്ന് കണികണ്ടവനെ ഇനി ജീവിതത്തിൽ ഒരിക്കലും കണി കാണേണ്ടി വരല്ലേ എന്ന് മനസ്സിലോർത്തു.

കുര്യനേയും കൂട്ടി അയാൾ നടന്നകലുമ്പോൾ മുന്നിൽ വരാനിരിക്കുന്ന പ്രശ്നങ്ങൾ ഓർത്തു.

പോകുന്ന വഴിയിൽ വിശ്വംബരന് എന്തെങ്കിലും പറ്റണേയെന്ന് മനമുരുകി പ്രാർത്ഥിച്ച് ഞങ്ങൾ നടക്കുമ്പോൾ പതിവില്ലാതെ തോട്ടിലൂടെ നീർക്കോലികൾ ഇളകി മറിയുന്നുണ്ടായിരുന്നു.

വീട്ടിലെത്തി പതിവുപോലെ കളിക്കാനായി പുറത്തിറങ്ങിയ ഞങ്ങൾ കുര്യൻ്റെ വീടിനു മുന്നിലെ റോഡിൽ അവൻ്റെ ബാഗുമായി അകലം പാലിച്ച് നിലയുറപ്പിച്ചു.

കുര്യനേയും കൂട്ടി അയാൾ സ്കൂട്ടറിൽ വരുന്നത് ദൂരെ നിന്നും ഞങ്ങൾ കണ്ടു അവൻ്റെ വീടും പരിസരവും കണ്ട അയാളുടെ മുഖഭാവങ്ങൾ വല്ലാതെ മാറി മറയുന്നുണ്ടായിരുന്നു.

മുറ്റം നിറയെ നാളികേരം നിറഞ്ഞ് കിടക്കുന്നു വീടിനോളം പോന്ന കൊപ്രക്കളവും തേങ്ങ പൊതിക്കുന്നവരും വെട്ടുന്നവരും ആയി കുറെ ജോലിക്കാരും.

മകനേയും കുട്ടി പടികടന്ന് വരുന്ന വിശ്വംബരനോട് കാര്യങ്ങൾ തിരക്കിയ മത്തായിച്ചേട്ടൻ നഷ്ടപരിഹാരമായി ഒരു തുക നൽകിയെങ്കിലും അയാൾ ഒന്നും വാങ്ങാൻ തയ്യാറായില്ല.

അല്പസമയത്തിനകം അയാൾ പടിയിറങ്ങിയതും ഞങ്ങൾ ബാഗുമായി പടികടന്ന് ചെന്നു.

എല്ലാം കൂടി വിശന്നിട്ടു കയറിയതാണല്ലേ മോഷ്ട്ടിക്കാൻ… നല്ല ചുട്ട അടിയുടെ കുറവാണ് എല്ലാത്തിനും.

ആ പ്രായത്തിൻ്റെ വികൃതിയായി കുര്യൻ്റെ അപ്പൻ അത് ചിരിച്ച് തള്ളിക്കൊണ്ട് നടന്നകന്നപ്പോൾ ഞങ്ങൾ പരസ്പരം നോക്കി ഒന്ന് ചിരിച്ചു പിന്നെ അതൊരു കുട്ടച്ചിരിയായി മാറാൻ അധിക സമയം വേണ്ടി വന്നില്ല…

Leave a Reply

Your email address will not be published. Required fields are marked *