എന്താടാ നീ നിന്റെ ഭാര്യയെ അമ്മയ്ക്കും അനിയത്തിക്കും എതിരായ് തിരിക്കുകയാണോ, പരിഹാസവും പുച്ഛവും കലർത്തി..

ബന്ധങ്ങൾ
(രചന: രജിത ജയൻ)

ഹ.. എന്താടാ അഭി, നീ ആദ്യായിട്ടാണോ ബിരിയാണി കാണുന്നത് ?

എന്തൊരു ആക്രാന്തമാണീ ചെക്കന്..? നാശം പിടിക്കാൻ എല്ലാം കയ്യിട്ട് നശിപ്പിച്ചു …

ഊൺമേശയിൽ നിന്ന് പതിവിലധികം ഉറക്കെ സന്ധ്യയുടെ ശബ്ദം ഉയർന്നതും കയ്യിലിരുന്ന പാതി അലക്കിയ ഷർട്ട് കല്ലിൽ തന്നെയിട്ട് രേണു അകത്തേയ്ക്ക് ഓടി..

ഊൺമേശയിൽ തെറ്റുകാരനെ പോലെ തല കുനിച്ചു നിൽക്കുന്ന അഭിയെ കണ്ടതും രേണുവിന്റെ നെഞ്ചൊന്നു പിടഞ്ഞു

എന്താ സന്ധ്യേ..? എന്താ പ്രശ്നം .?

അഭിയോട് ചേർന്നു നിന്നവനെ തന്നിലേയ്ക്കണച്ചു പിടിച്ചു കൊണ്ട് രേണു സന്ധ്യയോട് ചോദിച്ചു

ഏയ് .. ഒന്നൂല്ല ഏടത്തി …

സന്ധ്യ നിസ്സാരമായ് രേണുവിന്റെ ചോദ്യത്തെ മറികടന്നതും അടുക്കളയിൽ നിന്നു ഭാരതിയമ്മ ,അഭിയുടെ അച്ഛമ്മ വേഗത്തിൽ ഊൺ മുറിയിലെത്തി ..

അങ്ങനെ ഒന്നും ഇല്ലായ്ക ഒന്നുമില്ല രേണു .. നിന്നോട് ഞാൻ മുമ്പും പറഞ്ഞിട്ടുണ്ട് ഈ ചെക്കനെ ഇത്തിരി അടക്കി ഒതുക്കി വളർത്താൻ …

ഇപ്പോ തന്നെ കണ്ടില്ലേ സ്ക്കൂൾ വിട്ടു വന്നയിവൻ ഇവനു കൊടുത്ത ബിരിയാണി കഴിക്കാതെ വിനു മോന്റെ ബിരിയാണി എടുത്ത് കഴിച്ചിരിക്കുന്നു … ചെക്കന്റെ ഒരു അഹമ്മതിയും ആക്രന്തവും എത്രയാണെന്നറിയോ ..?

ഇളയ മകളായ സന്ധ്യയ്ക്കൊപ്പം നിന്ന് ഭാരതിയമ്മ ദേഷ്യത്തോടെ പറഞ്ഞു നിർത്തിയതും രേണു അഭിക്ക് നേരെ തിരിഞ്ഞു

മോനെന്തിനാ വിനു കുട്ടന്റെ ബിരിയാണി എടുത്തത്..?മോന് തന്നത് കഴിച്ചാ പോരെ..?

അതമ്മേ എനിക്കു തന്നതിൽ ഇറച്ചി ഒന്നും ഇല്ലായിരുന്നു ,വിനുട്ടന് വെച്ചതിൽ നിറയെ ഇറച്ചി കണ്ടപ്പോൾ ഞാൻ കുറച്ച് ഇറച്ചി മാത്രമേ എടുത്തുള്ളൂ …

അഭി പറഞ്ഞതും രേണുവിന്റെ മിഴികൾ അവളറിയാതെ നിറഞ്ഞു .. നിറഞ്ഞ മിഴികൾ മറ്റാരും കാണാതെ മറച്ചവൾ അഭിയെ തന്നോടു കൂടുതൽ ചേർത്തു നിർത്തി ….

വിനൂന്റെ ബിരിയാണിയിൽ ഇറച്ചി കണ്ടെങ്കിൽ അതവന്റെ അച്ഛന്റെ പണം കൊണ്ട് വാങ്ങിയതുകൊണ്ടാ .. നിനക്ക് അങ്ങനെ വേണോങ്കിൽ നീ നിന്റെ അച്ഛനോട് പറയെടാ .. മറ്റുള്ളവരുടേതിൽ കയ്യിട്ടു വാരാതെ …

ബിരിയാണിയിൽ താൻ കാണിച്ച വേർതിരിവ് രേണു അറിഞ്ഞ ജാള്യതയിൽ അഭിയോട് ദേഷ്യപ്പെട്ട് സന്ധ്യ അകത്തേക്ക് നടക്കാനൊരുങ്ങിയതും എല്ലാം കേട്ടെന്ന പോലെ വാതിൽക്കൽ നിന്നിരുന്ന ശിവനെ കണ്ടവിടെ തന്നെ തറഞ്ഞു നിന്നു പോയവൾ..

സന്ധ്യയുടെയും തന്റെ പെറ്റമ്മയുടേയും മുഖത്തേക്ക് മാറി മാറിയൊരു നിമിഷം നോക്കിയവൻ നിറകണ്ണുകളുമായ് നിൽക്കുന്ന രേണുവിനരികിലെത്തി

എന്താ രേണു നിനക്ക് അവളോട് മറുപടി ഒന്നും പറയാനില്ലേ …?

മൂർച്ചയുള്ള ശബ്ദത്തിൽ ശിവൻ ചോദിച്ചതും രേണുക ഒന്നും മിണ്ടാതെ അഭിയെ തന്നിലേക്കൊന്നൂടിയമ്മർത്തി പൊട്ടിക്കരഞ്ഞു..

“നിന്നോടു ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് രേണു ,എന്തിനും ഏതിനും കണ്ണുനീർ ഒഴുക്കുന്നതല്ല ഒരു സ്ത്രിയുടെ ,ഭാര്യയുടെ, അമ്മയുടെ കടമ എന്ന് ..

പ്രതികരിക്കേണ്ടിടത് ശക്തമായ് പ്രതികരിക്കുക തന്നെ വേണം .. അല്ലാതെ എപ്പോഴുമിങ്ങനെ സഹിച്ചും ക്ഷമിച്ചും മിണ്ടാതെ കരഞ്ഞിരിക്കരുത് …

ഇന്നു നമ്മുടെ മോന് അവനിഷ്ട്ടപ്പെട്ട ഭക്ഷണം കഴിക്കണമെങ്കിൽ അതവന്റെ അച്ഛനായ ഞാൻ തന്നെ വാങ്ങി നൽകണമെന്നിവർ പറയുമ്പോൾ നിനക്കു പറയായിരുന്നില്ലേ

കുറച്ചു മാസങ്ങൾക്ക് മുമ്പുവരെ ഇവിടെ എല്ലാവരുടെയും ഇഷ്ട്ടത്തിനനുസരിച്ച് വിളമ്പിയിരുന്നതെല്ലാം അഭിക്കുട്ടന്റെ അച്ഛനായ ഞാൻ തന്നെ കൊണ്ടുവന്നതാണെന്ന് ..

അന്നത് ഇവിടെ എല്ലാവർക്കും നീ വിളമ്പിയത് ഒരേ മനസ്സോടെ ഒരേ പോലെയായിരുന്നു , ഇവരിന്ന് ഇവിടെ കാണിച്ചതു പോലെയുള്ള വൃത്തിക്കെട്ട തരംതിരിവുപോലെ ആയിരുന്നില്ലാന്ന് …

ദേഷ്യത്തിൽ രേണുവിനോടു പറഞ്ഞു ശിവൻനിർത്തിയതും അപമാനത്താൽ സന്ധ്യ അമ്മയെ നോക്കി .. ഭക്ഷണത്തിൽ തങ്ങൾ കാണിച്ച വേർത്തിരിവാണ് ശിവനെ ഇത്രയും ചൊടിപ്പിച്ചതെന്ന് അവർക്കു മനസ്സിലായ്

എന്താടാ നീ നിന്റെ ഭാര്യയെ അമ്മയ്ക്കും അനിയത്തിക്കും എതിരായ് തിരിക്കുകയാണോ …?

പരിഹാസവും പുച്ഛവും കലർത്തി തോറ്റു കൊടുക്കാൻ മനസ്സില്ലാതെ ഭാരതിയമ്മ ചോദിച്ചു

ഞാൻ അവളെ നിങ്ങൾക്കെതിരാക്കാൻ ശ്രമിച്ചാലും അവൾ അങ്ങനെ ആവില്ല എന്ന ഉറപ്പല്ലേ അമ്മേ നിങ്ങൾക്ക് ..?

എന്റെ മോന് ഇറച്ചിയുള്ള ബിരിയാണി വേണമെങ്കിൽ അതവന്റെ അച്ഛനായ ഞാൻ മേടിച്ചു കൊണ്ടു വന്നാലെ കിട്ടുകയുള്ളു അല്ലേ അമ്മേ …

ഞാൻ വിയർപ്പൊഴുക്കി കൊണ്ടുവന്നതിന്റെ വീതം പറ്റി കുറച്ചു കാലം മുമ്പുവരെ ജീവിച്ചിരുന്ന നിങ്ങൾ തന്നെ ഇതു പറയണം

ഞാൻ വാങ്ങാത്തതൊന്നും ,എന്റെ വിയർപ്പു തട്ടാത്തതൊന്നും അന്നും ഇന്നും ഈ വീട്ടില്ലില്ല അമ്മേ ..

ആവശ്യത്തിനും അനാവശ്യത്തിനുമായ് നിങ്ങൾ ഉണ്ടാക്കി പാഴാക്കി കളഞ്ഞ ആഹാരസാധനങ്ങളെത്രയായിരുന്നു … അന്നതെല്ലാം എന്റെ അധ്വാനത്തിൽ ഞാൻ വാങ്ങിയതായിരുന്നു അന്നതിനൊന്നും ഇവൾ എന്റെ ഭാര്യ ഒരു കണക്കും സൂക്ഷിച്ചിട്ടില്ല ..

ആരോടും ഒന്നും പറഞ്ഞിട്ടും ഇല്ല .. എന്നിട്ടിപ്പോൾ ഇത്തിരിയില്ലാത്ത എന്റെ കുഞ്ഞിനോട് നിങ്ങൾ ഭക്ഷണത്തിൽ വേർതിരിവ് കാണിക്കുന്നോ ..?

വിനു കുട്ടനെ പോലെ അവനും നിങ്ങളുടെ പേരക്കുട്ടിയല്ലേ ? നിങ്ങളുടെ മകനായ എന്റെ ചോരയല്ലേ അവൻ …

അവസാന വാചകം പറഞ്ഞതും ശിവന്റെ ശബ്ദമിടറിയത് ശ്രദ്ധിച്ച രേണു അവന്റെ കയ്യിൽ ഒരു സാന്ത്വനമെന്ന പോലെ തൊട്ടു ..

എന്റെ കയ്യിൽ പണം ഉണ്ടായിരുന്നപ്പോൾ ഞാനതെല്ലാം ചിലവാക്കിയത് നമ്മുടെ ഈ വീട്ടിലായിരുന്നു ,നമ്മുക്കെല്ലാവർക്കും വേണ്ടിയായിരുന്നു …

എനിക്കെന്നോ എന്റെ മകനെന്നോ ഒരു വേർതിരിവ് ഞാനിവിടെ ഒന്നിനും ആരോടും കാണിച്ചിട്ടില്ല ,പക്ഷെ നിങ്ങൾ …

നീ ചെയ്തതെല്ലാം നിന്റെ കടമയായിരുന്നു ശിവാ ,നിന്റെ അമ്മയോടും പെങ്ങളോടും പിന്നെ നിന്റെ കുടുംബത്തിനോടുമുള്ള കടമ ,

പക്ഷെ അത്തരം കടമയൊന്നും ഈ വീടിനോടും നിന്റെ കുടുംബത്തിനോടും കാണിക്കേണ്ട കാര്യമൊന്നും സന്ധ്യക്കോ അവളുടെ ഭർത്താവിനോ ഇല്ല .

അവന്റെ ഭാര്യയ്ക്കും കുഞ്ഞിനും മാത്രമേ അവൻ ചിലവിനു നൽകൂ.. ഭാര്യ വീട്ടുക്കാരെ മൊത്തത്തിൽ നോക്കാമെന്ന് അവൻ ഏറ്റിട്ടില്ലാന്ന് ചുരുക്കം..

ഭാരതിയമ്മ വീറോടെ ശിവനെ നോക്കി പറഞ്ഞു

അപ്പോ അമ്മ ഇതിലേത് കുടുംബത്തിൽ പെടും ..?
മകനായ എന്റെ കുടുംബത്തിലോ മകളായ ഇവളുടെ കുടുംബത്തിലോ …?

പരിഹാസത്തിൽ ശിവൻ പെട്ടെന്നു ചോദിച്ചതും ഭാരതിയമ്മ ഒന്നു പതറി

അമ്മയെ ഞങ്ങൾ നോക്കിക്കോളാം ,അതിനേട്ടൻ ബുദ്ധിമുട്ടണ്ട .. സന്ധ്യ പൊടുന്നനേ പറഞ്ഞു

നല്ലതാണ് മോളെ.., ശിവൻ വേദനയോടെ പറഞ്ഞു കൊണ്ടനിയത്തിയെ നോക്കി ..

നിനക്കും നിന്റെ കെട്ടിയവനും ഇന്ന് ഇങ്ങനെ വേർതിരിവ് കാണിച്ച് കണക്ക് പറയാനുള്ള ആസ്തിയും അവസ്ഥയും ഉണ്ടാക്കിയതും ഞാൻ തന്നെയാണ് ,

നിന്നെ കല്യാണം കഴിച്ച് നിനക്ക് തന്ന പണവും സ്വർണ്ണവും ധൂർത്തടിച്ച് തെക്ക് വടക്ക് തെണ്ടി തിരിഞ്ഞു നടന്ന അവനെ പണം മുടക്കി ഗൾഫിലേക്കയച്ചതും ഞാൻ തന്നെയാണ് ..

എന്റെ ഒരേയൊരു കൂടപ്പിറപ്പായ നീ സന്തോഷത്തോടെ ഇരിക്കണംന്നേ ഞാൻ കരുതിയുള്ളു അല്ലാതെ അതിന്റെ കണക്ക് സൂക്ഷിക്കാൻ തോന്നിയില്ല ,അല്ലെങ്കിലും അതെന്റെ കടമ ആണല്ലോ അല്ലേ അമ്മേ..?

ശിവൻ ചോദിച്ചതും മറുത്തൊന്നും പറയാതെ ഭാരതിയമ്മ മൗനം പൂണ്ടു .

എന്തായാലും ഇതെല്ലാം വളരെ നന്നായിരിക്കുന്നു അമ്മേ ..

എനിക്ക് ഒരുപാട് സന്തോഷമായി എൻറെ കൂടെപ്പിറപ്പിൽ നിന്നും പെറ്റമ്മയിൽ നിന്നും ഒരിക്കലും ഞാനിങ്ങനെ ഒന്നും പ്രതീക്ഷിച്ചില്ല..

അതിനു ഞങ്ങൾ എന്തു ചെയ്തെന്നാണ് നീയീ പറയുന്നത് .. ഇതൊരു വീടാണ് ,ഒരു വീടാക്കുമ്പോൾ ഇങ്ങനെ പലതും കാണും കേൾക്കും അതിനെല്ലാം കയ്യും കാലും വെപ്പിച്ചിരുന്നാൽ അവിടെ ഇരിക്കത്തേയുള്ളു ..

നീ വാ മോളെ, അവനങ്ങനെ പലതും പറയും കയ്യിൽ അഞ്ച് പൈസ എടുക്കാനില്ലാതെ നാടുനീളെ കടവും ആയി ഇരിക്കുന്ന ഇവനിതല്ല ഇതിനപ്പുറവും പറയും നീ വാ..

ഹ അങ്ങനെയങ്ങ് പറഞ്ഞു കൈയൊഴിഞ്ഞു പോകാൻ വരട്ടെ അമ്മേ, അമ്മ ഒരു കാര്യം മനസ്സിലാക്കണം ,ഞാൻ ഒരു പൊട്ടൻ ഒന്നുമല്ല ഇവിടെ നടക്കുന്നതും നിങ്ങളുടെ പെരുമാറ്റവും എല്ലാം ഞാൻ അറിയുന്നുണ്ട്, അതിനൊന്നും പ്രതികരിക്കാത്തത് കുടുംബത്ത് ഒരു വഴക്ക് വേണ്ട എന്നു കരുതി തന്നെയാണ് ..

ഓ…ആയ്ക്കോട്ടെ…

ശിവന്റെ സംസാരത്തിന് പരിഹാസത്തിലൊരു മറുപടിയും നൽകി ഭാരതിയമ്മ സന്ധ്യയെയും കൂട്ടി അകത്തേക്ക് പോയി

അമ്മയുടെ പെരുമാറ്റത്തിൽ നിന്ന് ശിവൻ തിരിച്ചറിയുകയായിരുന്നു കയ്യിൽ പണമില്ലാത്തവൻ വീട്ടിൽ വെറും പട്ടിയാണെന്ന്

കുറച്ചു മാസങ്ങൾക്കു മുമ്പുവരെ ശിവനായിരുന്നു ആ വീട്ടിലെ എല്ലാവർക്കും ഏറ്റവും വേണ്ടപ്പെട്ടവൻ ,സ്വന്തമായ് ക്രഷർ യൂണിറ്റും വെട്ടുകല്ല് ക്വാറിയും നടത്തിയിരുന്ന വൻ ..

കാര്യങ്ങൾ തകിടം മറയുന്നത് പെട്ടന്നാണല്ലോ ,പരിസ്ഥിതി പ്രശ്നങ്ങളും മണ്ണിടിച്ചിലും നാട്ടിൽ വന്നതോടുകൂടി ക്രഷറും മറ്റു പരിപാടികളും ഓരോന്നായ് നിർത്തേണ്ടി വന്നു ,

കയ്യിലെ പണം തീർന്നു തുടങ്ങിയപ്പോൾ നാട്ടിൽ കടകാരനും വീട്ടിൽ വിലയില്ലാത്തവനുമായ് താൻ മാറിയതെത്ര പെട്ടന്നാണ് ,ഓർമ്മയിൽ ശിവന്റെ കണ്ണുകൾ നനഞ്ഞു

ശിവേട്ടാ… എന്തായിത് കൊച്ചു കുട്ടികളെ പോലെ ..?

രേണു പറഞ്ഞു കൊണ്ടവന്റെ തലയിൽ തലോടി

എത്ര പെട്ടന്നാണ് രേണു ഞാനീ വീട്ടിൽ ഒരധിക്കപറ്റായ് മാറിയത്, ഒരു ജന്മം മുഴുവൻ കൂടെയുണ്ടാവുമെന്ന് കരുതിയ കൂടപ്പിറപ്പിനു പോലും എന്നെ വേണ്ട..

ഇത്രയും കാലം അവരുടെ വയറുനിറച്ചതിനു ശേഷം മാത്രം ഉണ്ടിരുന്ന എന്റെ മകനോട് അന്നത്തിന്റെ പേരിൽ പോലും വേർതിരിവ് ,സഹിക്കാൻ പറ്റണില്ല ടീ..

അതു സാരമില്ല ഏട്ടാ, നമ്മുടെ അമ്മ അല്ലേ..?

അമ്മയെ ഏട്ടന് അറിയാലോ ,അമ്മ എപ്പോഴും സന്ധ്യയുടെ ഭാഗത്തേ നിൽക്കുന്ന്…,,

ഇപ്പോ ചെയ്യുന്ന ചെറിയ ജോലികളിൽ നിന്ന് കിട്ടുന്ന പണമെല്ലാം ഏട്ടൻ പുറത്തെ കടം വീട്ടാനെടുക്കുന്നതിന്റെ പരിഭവം ഉണ്ട്അമ്മയ്ക്കും സന്ധ്യയ്ക്കും ,ഇവിടേക്ക് ഒന്നും തരാറില്ലല്ലോ അതാണ് ,പിന്നെ ഗൾഫിൽ നിന്ന് അവനും പറഞ്ഞൂന്ന് കുടുംബ ചിലവ് മുഴുവൻ താങ്ങാൻ അവന് വയ്യെന്ന്..

ഓ വലിയ കുടുംബം നോക്കി, അവന്റെ വീട്ടിൽ അവളെയും കുട്ടിയെയും നിർത്തിയാൽ ചിലവിന് കൊടുക്കേണ്ടി വരുമെന്ന് കരുതി ഇവിടെ ആക്കി പോയവന് ഇപ്പോ കയ്യിൽ നിന്ന് പത്തറുപ്പിക ചിലവായ് തുടങ്ങിയപ്പോ ദണ്ണം ഉണ്ടാവും … നാറി

ശിവേട്ടനതൊന്നും ഓർക്കണ്ട, എല്ലാം ശരിയാവും, അന്നാ വെട്ടുകല്ല് ക്വാറി നടത്താൻ വേണ്ടി ഏട്ടൻ വാങ്ങിയിട്ട സ്ഥലത്തിന്റെ കാര്യം എന്തായ്..?

അതൊന്ന് വിറ്റു പോയിരുന്നെങ്കിലും തൽക്കാലം പിടിച്ചു നിൽക്കായിരുന്നു ഏട്ടാ ..

അതൊന്നും പെട്ടെന്ന് നടക്കില്ല രേണു ,അതു വെറുമൊരു മൊട്ട പറമ്പല്ലേ, പോരാത്തതിന് സർക്കാരിന്റെ നൂറു പ്രശ്നങ്ങളുമുണ്ട് വിറ്റുപോവാതിരിക്കാൻ …
ആ എല്ലാം ശരിയാവും…

പ്രതീക്ഷയോടെ ശിവൻ കാത്തിരുന്നെങ്കിലും വീട്ടിലെ പ്രശ്നങ്ങൾ തുടങ്ങാനിരിക്കുകയായിരുന്നു ..

വീട്ടിലെ മരുമകൾ എന്ന സ്ഥാനത്തുനിന്ന്‌ രേണു വെറുമൊരു അടുക്കളക്കാരി മാത്രമായ് മാറുന്നത് ശിവനറിഞ്ഞു, ദേഹമിളക്കാതെ ഉണ്ടും ഉറങ്ങിയും സമയം കളയുന്ന അമ്മയുടെയും അനിയത്തിയുടെയും വേലക്കാരി ..

സ്ക്കൂൾ ഫീസടക്കാൻ പറ്റില്ല എന്നു പറഞ്ഞ് സന്ധ്യ ബഹളം വെച്ചപ്പോൾ അഭിക്കുട്ടനെ അടുത്തുള്ള സർക്കാർ സ്ക്കൂളിലേക്ക് മാറ്റി അവൻ ..

കയ്യിൽ പണമില്ലാത്തവരുടെ മക്കൾക്കാണ് സർക്കാർ സ്ക്കൂളെന്നും മുന്തിയ സ്ക്കൂളിൽ പഠിക്കാൻ അവനു യോഗമില്ലെന്നും പറഞ്ഞവനെ ഭാരതിയമ്മ പരിഹസിച്ചു

പെറ്റമ്മയുടെ പെരുമാറ്റം പലപ്പോഴും അതിരു കടന്നെങ്കിലും തന്റെ അപ്പോഴത്തെ അവസ്ഥയിൽ ശിവൻ അതെല്ലാം കണ്ടില്ലെന്ന് നടിച്ചെങ്കിലും എന്തോ തിരക്കിനിടയിൽ രേണുവിന്റെ ശ്രദ്ധ മാറിയപ്പോൾ അടുപ്പത്തിരുന്ന പാലൽപ്പം തിളച്ചു തൂവി പോയതിനമ്മ രേണുവിന്റെ മുഖത്തടിച്ചതറിഞ്ഞതും ശിവനമ്മയോട് പൊട്ടിത്തെറിച്ചു

ഈ വീട്ടിൽ നിൽക്കുമ്പോൾ ഇങ്ങനെ ഒക്കെ ഉണ്ടാവും, കയ്യിൽ പണമില്ലാന്ന് പറഞ്ഞിങ്ങനെ വെറുതെ നിൽക്കാതെ വില്ക്കാൻ പറ്റിയതിനിയും വല്ലതും ഉണ്ടോന്ന് നോക്കടാന്ന് അമ്മ അർത്ഥം വെച്ച് രേണുവിനെ നോക്കി പറഞ്ഞതും
ശിവനാ വീട്ടിൽ നിന്നു ഭാര്യയുടെയും മകന്റെയും കൈ പിടിച്ചിറങ്ങി ..

വീടിനു പുറത്തു പോയവനെന്നുമിനി പുറത്തു തന്നെ എന്നു പറഞ്ഞ് അമ്മ വാശിയിൽ വീടും പറമ്പും സന്ധ്യയുടെ പേരിലെഴുതിയതറിഞ്ഞപ്പോൾ അവനിലെ മകൻ പൂർണ്ണമായും എരിഞ്ഞു തീർന്നിരുന്നു ..

ദൈവം എന്നും എപ്പോഴും ഒരാളെ മാത്രം വേദനിപ്പിക്കില്ലല്ലോ .. കാര്യങ്ങൾ മാറി മറഞ്ഞത് വളരെ പെട്ടന്നായിരുന്നു

വിൽക്കാൻ കഴിയാതെ ശിവൻ ഏറെ ബുദ്ധിമുട്ടിയിരുന്ന അവന്റെ സ്ഥലത്തൂടെ കോഴിക്കോട് പാലക്കാട് ഗ്രീൻ ഫീൽഡ് ഹൈവേ വന്നത് അപ്രതീക്ഷിതമായിട്ടായിരുന്നു
ശിവന്റെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമായിരുന്നു ആ ഗ്രീൻഫീൽഡ് ഹൈവേ

സ്ഥലം സർക്കാർ ഏറ്റെടുത്തപ്പോൾ സ്ഥലത്തിന്റെ വിലയായി കിട്ടിയ വലിയൊരു തുക ശിവനെ പുതിയൊരാളാക്കി മാറ്റുകയായിരുന്നു ..

കടങ്ങളെല്ലാം വീട്ടി അവൻ ടൗണിൽ ഒരു സൂപ്പർ മാർക്കറ്റ് തുടങ്ങി,

ഒരിക്കലൊരു വീഴ്ചയുടെ ആഘാതം മനസ്സിലുണ്ടാക്കിയ മുറിവ് ഇപ്പോഴും മനസ്സിലുള്ളതു കൊണ്ട് ശ്രദ്ധിച്ച് മുന്നോട്ടു നീങ്ങിയ ശിവന്റെ വളർച്ച വളരെ പെട്ടന്നായിരുന്നു.

ഇതിനിടയിൽ ഒന്നു രണ്ടു പ്രാവശ്യം അമ്മയും സന്ധ്യയും ശിവനെ കാണാൻ ശ്രമിച്ചിരുന്നെങ്കിലും ശിവനവരുടെ മുന്നിൽ പോലും വന്നില്ല ..

ഗൾഫിലെ പണിമതിയാക്കി നാട്ടിലെത്തിയ അളിയൻ ശിവനൊപ്പം നിൽക്കാനൊരു ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല

ശിവന്റെ കയ്യിലെ പണം സ്വന്തം ആവശ്യങ്ങൾക്ക് കിട്ടാതെ വന്നതോടെ ശിവനെ മറ്റുള്ള രീതിയിൽ മുതലാക്കാൻ അമ്മയും സന്ധ്യയും അളിയനും തീരുമാനിച്ചു .

സൂപ്പർ മാർക്കറ്റിൽ നല്ല തിരക്കുള്ള ഒരു ദിവസം അമ്മയേയും
സന്ധ്യയേയും കടയിൽ കണ്ട ശിവൻ അവരറിയാതെ മാറി നിന്നവരെ ശ്രദ്ധിക്കാൻ തുടങ്ങി

ഒരു വീട്ടിലേക്കാവശ്യമായ സാധനങ്ങളെല്ലാം വാരിവലിച്ച് ബാസ്ക്കറ്റിലേക്ക് നിറക്കുന്ന അവരെ ചുണ്ടിലൊരു ചിരിയോടെ ശിവൻ നോക്കി നിന്നു

ആവശ്യത്തിലേറെ സാധനങ്ങൾ കുത്തിനിറച്ച ബാസ്ക്കറ്റുമായവർ ബില്ലിംങ്ങ് കൗണ്ടറിലെത്തുന്നതും അവിടെ ഉള്ള ജോലിക്കാരോട് കയർത്തു സംസാരിക്കുന്നതും നോക്കിയവനൊരു നിമിഷം നിന്നു ,പിന്നെ മെല്ലെ ബില്ലിംങ്ങ് കൗണ്ടറിനരികിലേക്ക് നടന്നു

ആ മോനെ ശിവാ ,ഞങ്ങൾ വീട്ടിലേക്ക് കുറച്ചു സാധനങ്ങളെടുക്കാൻ വന്നതാ, സാധനമെടുത്തി വിടെ വന്നപ്പോ ഇവൻ എന്നോടു ബില്ല് കൂട്ടി പണം ചോദിക്കുന്നെടാ..

എന്നെ ഇവർക്ക് മനസ്സിലായിട്ടില്ലെടാ …. ഞാൻ നിന്റെ ആരാണെന്നിവർക്ക് പറഞ്ഞു കൊടുക്കെടാ… എന്നിട്ടവരൊന്ന് ചോദിക്കട്ടേ എന്നോട് കാശ് .. അല്ലേ…മകന്റെ കടയിൽ അമ്മയ്ക്ക് ബില്ലേ…

അധികാരവും ഗർവ്വും തുടിക്കുന്ന ശബ്ദത്തിൽ അമ്മ പറഞ്ഞതും ശിവൻ സന്ധ്യയെ നോക്കി ,

അതെ ചേട്ടാ ഞങ്ങൾ ആരാണെന്ന് ചേട്ടനിവർക്ക് ഒന്ന് പറഞ്ഞു കൊടുത്തേ ,അല്ലെങ്കിൽ ഞങ്ങളിനി വരുമ്പോഴും ഇവരിതു പോലെ അന്യൻമാരോടെന്ന ഞങ്ങളോട് പോലെ പെരുമാറും….

അമ്മയുടെ അതേ ധാർഷ്ട്യം അവളിലും നിറഞ്ഞു നിന്നതവനിൽ ഒരു പുഞ്ചിരി വിരിയിച്ചു, പകയുടെ, പ്രതികാരത്തിന്റെ പുഞ്ചിരി

ശരിയ്ക്കും നിങ്ങൾ രണ്ടു പേരും ആരാണ്..?

എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല നിങ്ങളെ രണ്ടാളെയും .. ഓർമ്മയിലൊന്നും ഇങ്ങനെ രണ്ടു മുഖങ്ങളില്ല ..

നിങ്ങളിലൊരാളെന്നെ മോനെന്ന് വിളിക്കുന്നു, മറ്റെയാൾ ചേട്ടനെന്നും … എനിക്കാണെങ്കിൽ അമ്മയും അനിയത്തിയുമൊന്നും ഇല്ല, ഉണ്ടായിരുന്നു പക്ഷെ മരിച്ചു പോയി …

ശിവൻ പറഞ്ഞതു കേട്ടതും അമ്മയും സന്ധ്യയും സ്തംഭിച്ചു പോയ് .. അവർ പരസ്പരം ഒന്നു നോക്കി ,അവരുടെ മുഖമെല്ലാം രക്തം വറ്റി വിളറിയ പോലെയായി..

മോനെ …, ഞാൻ…..

ചേട്ടാ… ഞാൻ … ഞങ്ങൾ ..

അമ്മയും സന്ധ്യയും എന്തോ പറയാൻ തുടങ്ങിയതും ശിവൻ കയ്യെടുത്തവരെ വിലക്കി

ജീവിക്കാനൊരു വഴിയുമില്ലാത്ത ചിലരിതുപോലെ ഏതെങ്കിലും ബന്ധങ്ങളുടെ പേരു പറഞ്ഞു ഇവിടെ വരാറുണ്ട് ,അവർ യഥാർത്ഥത്തിൽ അങ്ങനെ ഉള്ളവരായിരിക്കും ,പക്ഷെ നിങ്ങളെ കണ്ടാൽ അങ്ങനെ പോലും തോന്നുന്നില്ല..

അതു കൊണ്ടിതു പോലെഉടായിപ്പ് കാണിക്കാൻ നിൽക്കാതെ ബില്ലടച്ചിട്ട് സാധനങ്ങൾ കൊണ്ടുപോവാൻ നോക്ക് ,അതല്ല കയ്യിൽ പണമില്ലെങ്കിൽ സാധനങ്ങൾ ഇവിടെ തന്നെ വെച്ച് നിങ്ങളുടെ നാടകങ്ങളിൽ വീഴുന്ന വേറെ ആളുകളെ കണ്ടെത്തി അവിടെ അവതരിപ്പിക്കൂ ഇവിടെ വേണ്ട…

പണം തന്നിട്ടു മാത്രം സാധനങ്ങൾ നൽകിയാൽ മതിയെന്ന് ജോലിക്കാർക്ക് നിർദ്ദേശം നൽകിയിട്ട് ശിവൻ പുറത്തേക്ക് നടന്നു കൂടെ ഇതു പോലെ വരുന്ന തട്ടിപ്പുക്കാരെ തിരിച്ചറിയണമെന്നൊരു
ശക്തമായ താക്കീതും അവൻ ജോലിക്കാർക്ക് നൽകി

പൊതു സഭയിൽ ഉടു തുണി അഴിഞ്ഞു വീണതു പോലെ നാണം കെട്ട് ഭാരതിയമ്മയും സന്ധ്യയും ഒരു നിമിഷം തരിച്ചുനിന്നു പോയി ..

ഒരു പണിയും ഇല്ലാതെ ഇങ്ങനെ മറ്റുള്ളവരെ പറ്റിച്ച് ജീവിക്കാതെ വല്ല പണിക്കും പൊയ്ക്കൂടെ ഇവർക്ക് …

നല്ല തണ്ടും തടിയും ഉണ്ടല്ലോ അതു വിറ്റാലും മതി ട്ടോ ..

ചുറ്റും കൂടിയവർക്കിടയിൽ നിന്ന് ,അവരുടെ കളിയാക്കലുകൾക്കിടയിൽ നിന്ന് വെറും കയ്യോടെ തിരിച്ചിറങ്ങുമ്പോൾ അമ്മയും സന്ധ്യയും തിരിച്ചറിഞ്ഞിരുന്നു ശിവന്റെ മനസ്സിൽ തങ്ങളെല്ലാം എന്നേ മരിച്ചു പോയിരിക്കുന്നുവെന്ന് …

പറ്റിക്കപ്പെടാൻ ഇനിയൊരു ശിവൻ അവനില്ലാന്ന് …