ഇതുവരെ പടുത്തുയർത്തിയ സൽപ്പേര് ഒരു നിമിഷം കൊണ്ട് ഒഴുകിയൊലിച്ചേക്കാം, മറ്റൊന്നും..

അയൽപക്കത്തെ വീട്ടിലെ താമസക്കാർ.
(രചന: രാജീവ് രാധാകൃഷ്ണപണിക്കർ)

ഞങ്ങളുടെ വീടിന്റെ പൂമുഖത്ത് നിന്ന് കൊണ്ട് പടർന്നു നിൽക്കുന്ന ബോഗൻ വില്ലകൾക്കിടയിലൂടെ പടിഞ്ഞാറോട്ടു നോക്കിയാൽ നേരേ കാണുന്നത് ഉപ്പായി മാപ്ലയുടെ തറവാടാണ്.

ജാതിയും, വാഴയും, മാവും, തെങ്ങുമൊക്കെ നിറഞ്ഞ പുരയിടത്തിന്റെ ഒത്ത നടുക്കായി പഴമയുടെ ഗാംഭീര്യം വിളിച്ചോതുന്ന ആഢ്യത്വമുള്ള വീട്.

ഭാര്യ മരിച്ചതിനു ശേഷം അദ്ദേഹം മക്കളോടൊപ്പം ഇറ്റലിയിൽ ആയതിനാൽ വീട് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്.

കുറച്ചു നാളായി ഒഴിഞ്ഞു കിടക്കുന്ന ആ വീട്ടിലേക്ക് സാജനും കുടുംബവും താമസക്കാരായി വന്നത് എന്നെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ കാര്യമായിരുന്നു.

ഇതിനു മുൻപ് അവിടെ താമസിച്ചിരുന്ന ലോനപ്പന്റെ കുടുംബവുമായി ഞങ്ങൾക്ക് അത്ര നല്ല ബന്ധമല്ല ഉണ്ടായിരുന്നത്.

ലോനപ്പൻ ആള് പാവമായിരുന്നു.
പക്ഷെ മൂവന്തിയാകുമ്പോൾ പുള്ളിക്കാരന് ഒന്നോ രണ്ടോ കുപ്പി ആനമയക്കി ചേർത്ത മുന്തിരിക്കള്ളു മോന്തണം.

മോന്ത്യാ മാത്രം പോര കെട്ട്യോളുടെയും കുട്ട്യോളുടെയും മോന്തക്കിട്ട് തട്ടുകയും വേണം.

പിന്നെ കരച്ചിലും ബഹളവും എല്ലാം കൂടി മനസമാധാനം നഷ്ടപ്പെടും. പല തവണ പല രീതിൽ പറഞ്ഞതാണ് ബഹളം ഒഴിവാക്കാൻ. ഒരു മാറ്റവും ഉണ്ടായില്ല.

ഒടുവിൽ അറ്റ കൈ എന്ന നിലയ്ക്ക്‌ കാവിലെ ഭഗവതിക്ക് ഗുരുതി പുഷ്പാഞ്ജലി നടത്തിയതിന് ശേഷമാണ് ലോനപ്പൻ അവിടെനിന്നും ഒഴിഞ്ഞു പോയത്.

അതിനു ശേഷം കുറെ നാളായി ആ വീട്ടിൽ താമസക്കാർ ആരും ഉണ്ടായിരുന്നില്ല.

അയൽക്കാരായിട്ട് നല്ല ആളുകൾ ആരെങ്കിലും വരണെ ദൈവമേ എന്നു പ്രാർഥിച്ചു കൊണ്ടിരിക്കുമ്പോഴാണ് സാജനും കുടുംബവും എത്തിപ്പെട്ടത്.

സാജൻ സ്ഥലത്തെ ന്യൂജൻ ബാങ്കിലെ
ജീവനക്കാരനാണ്.

ഭാര്യയും ഒരു മകനുമടങ്ങുന്ന സന്തുഷ്ട കുടുംബം.

സാജന്റെ ഭാര്യ ഷേർലി ജോലിചെയ്യുന്നത് എന്റെ ഭാര്യയുടെ ഓഫീസിൽ ആണ് .

അതുകൊണ്ടു തന്നെ ഓൾക്ക് മിണ്ടാനും പറയാനും, കടുകും മുളകുമൊക്കെ വാങ്ങാനെന്നു പറഞ്ഞു സൂപ്പർ മാർക്കറ്റിൽ പോകാനുമൊക്കെ ഷേർലി ഒരു കൂട്ടുമായി.

നല്ല ദൈവഭയമുള്ള വീട്ടുകാരായിരുന്നു ഷാജനും ഷേർലിയുമൊക്കെ.

എല്ലാ ദിവസവും രാത്രി എട്ടുമണിക്ക് കുടുംബ പ്രാർത്ഥന ചൊല്ലാനും ഞായറാഴ്ചകളിൽ മുടങ്ങാതെ പള്ളിയിൽ പോകാനും മടങ്ങി വരുന്ന വഴി പോത്തിറച്ചി വാങ്ങാനുമെല്ലാം അവർ സമയം കണ്ടെത്തിയിരുന്നു.

ആ പോത്തിറച്ചിയുടെ ഗന്ധം ആസ്വദിച്ചു കൊണ്ടാണ് പലപ്പോഴും ഞായറാഴ്ചകളിൽ ഞങ്ങൾ ഉച്ചഭക്ഷണം കഴിച്ചിരുന്നത്.

വസുവും ഷെർലിയും റെസിഡൻസ് അസോസിയേഷനിലെ വനിതകളുടെ മീറ്റിങിന് പോകുന്ന ഞായറാഴ്ചകളിൽ

ഞാനും സാജനും കിണറ്റിൻ കരയിലിരുന്ന് പോത്തിറച്ചിയുടെ ചാറിൽ കപ്പ നീളത്തിൽ മുറിച്ചു പുഴുങ്ങിയത്‌ മുക്കിത്തിന്നുകൊണ്ട് ചെറുതടിക്കാറുമുണ്ട്.

കഴിഞ്ഞ ഞായറാഴ്ചയും പതിവ്‌ കൂടലും കഴിഞ്ഞു സാജൻ തന്റെ വീട്ടിലേക്കു പോയശേഷം ഞാൻ എന്റെ വീടിനകത്തു കയറി മൊബൈൽ തുറന്നു.

ഈയിടെയായി മുഖപുസ്തക ഭ്രമം അല്പം കൂടുതലായോ എന്നൊരു സംശയം. ആദ്യമൊക്കെ വെറും ഭ്രമമായിരുന്നെങ്കിൽ ഇപ്പോഴത് ആസക്തിയായി മാറിയത് പോലെ.

പെട്ടെന്നാണ് ആ കാഴ്ച കണ്ടത്.

ഈയാഴ്ച കഥയരങ്ങിന്റെ വിഷയം
‘അയൽപക്കത്തെ വീട്ടിലെ താമസക്കാർ ‘എന്ന് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരിക്കുന്നു.

അയൽക്കാരെ പറ്റി കഥയെഴുതണമെങ്കിൽ ഒരു ബുദ്ധിമുട്ടുമില്ല. സാജന്റെയും ഷേർലിയുടെയും കഥയെഴുതിയാൽ മതി.

പക്ഷെ അതിനു മുൻപ് അവരുടെ ‘കൺസന്റ് ‘വേണം.കഥ എഴുതി കഴിഞ്ഞു പിന്നെന്തിനാ വെറുതെ ‘ശാശി’ പറയിപ്പിക്കുന്നത്.

എഴുതാനുള്ള ധൃതിയും തലക്കുള്ളിൽ നുര പൊന്തുന്ന ലഹരിയും ഉടൻ തന്നെ അയൽക്കാരെ അന്വേഷിച്ചു പോകാൻ എന്നെ പ്രേരിപ്പിച്ചു.

പ്രിയതമ അടുക്കളയിൽ ദോശയ്ക്ക് മാവരയ്ക്കുകയാണ്.

ഓളെ ശല്യപ്പെടുത്തേണ്ടെന്നു കരുതി പടിഞ്ഞാറു വശത്തെ വേലി കവച്ചു വച്ച് സാജന്റെ വീട്ടിലേക്കു നടന്നു.

ലൈറ്റൊക്കെ അണച്ച് അവർ കിടന്നെന്നു തോന്നുന്നു. ബെൽ സ്വിച്ച് അമർത്തിയിട്ടാണെങ്കിൽ ബെല്ലടിക്കുന്നുമില്ല.

പെട്ടെന്നാണ് തുറന്നു കിടന്ന
ജനൽ ശ്രദ്ധയിൽ പെട്ടത്.

അകത്തു നിന്നും അടക്കിപ്പിടിച്ച ചിരിയും സംസാരവുമുണ്ട്. എന്നാ പിന്നെ അപ്പോ തന്നെ അവരെ പുറത്തേക്കു വിളിച്ചു വരുത്താമെന്നു കരുതി ജനൽ പാളിയിൽ തട്ടി.

പെട്ടെന്ന് അകത്തു നിന്നും കള്ളൻ കള്ളൻ എന്ന സാജന്റെ അലർച്ചയും കതകു തുറന്ന് അവർ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുന്നതിന്റെ ശബ്‌ദവും കേട്ടു.

എന്റെ ആറാം ഇന്ദ്രിയം ഉണർന്നു. അവിടെ നിന്നാൽ ഒരു പക്ഷെ കള്ളനെന്ന മുദ്ര ചാർത്തപ്പെട്ടേക്കാം.

ഇതുവരെ പടുത്തുയർത്തിയ സൽപ്പേര് ഒരു നിമിഷം കൊണ്ട് ഒഴുകിയൊലിച്ചേക്കാം.

മറ്റൊന്നും നോക്കാനുണ്ടായിരുന്നില്ല. ഞാൻ മുൻപിൻ നോക്കാതെ ഓടി വേലി ചാടി വീട്ടിലെത്തി. ഭാഗ്യം എന്റെയൊപ്പമായിരുന്നു.

അയല്പക്കക്കാർ കള്ളനെ തിരക്കി എന്റെ വീട്ടിലെത്തിയില്ല.

“എന്റെ വസു ഇന്നലെ ഞങ്ങളുടെ വീട്ടിൽ കള്ളൻ വന്നെന്നേ. രാത്രി വാതിലടച്ചു കിടന്നതേയുള്ളൂ.

ജനലാണെങ്കി തുറന്നു കിടക്കുകയും ആയിരുന്നു. ഏത് സാമദ്രോഹിയാണാവോ

തിങ്കളാഴ്ച രാവിലെ കുളിയും കഴിഞ്ഞു പതിവ് ദൈവ ഭജനത്തിനായി പൂജാ മുറിയിലേക്കു നടക്കുമ്പോൾ ഷേർലി വേലിക്കരികിൽ നിന്ന് വസുവിനോട് പതം പറയുന്നത് കേട്ടു.

ഭാഗ്യം ആളെ തിരിച്ചറിഞ്ഞിട്ടില്ല.

“ആ ദ്രോഹിയുടെ തലയിൽ ഇടിത്തീ വീഴുകയേയുള്ളൂ” ഷേർലിയുടെ പ്രാക്ക് തലയിൽ പതിക്കുന്നത് പോലെ തോന്നി. തല പൊളിഞ്ഞു പോകുന്നത് പോലെ.

“ഇനി വല്ല ഞരമ്പന്മാരും ആയിരിക്കുമോ ഷേർലി?’

വസുവിന്റെ സംശയം കേട്ട് ഞാൻ ഭക്തിപൂർവ്വം കണ്ണുകൾ അടച്ചു. ‘ഞാനൊന്നുമറിഞ്ഞില്ല രാമനാരായണ’ എന്ന മട്ടിൽ.

വാൽക്കഷ്ണം:- കഥ മാത്രമാണ് സത്യം

Leave a Reply

Your email address will not be published. Required fields are marked *