ഒടുവിൽ പെൺ വീട്ടുകാർ ഒരു വിധത്തിലാണ് പെണ്ണിന്റെ മനസ്സു മാറ്റി തിരിച്ചു..

കല്യാണ കച്ചേരി
(രചന: രാജീവ് രാധാകൃഷ്ണപണിക്കർ)

“ഹെന്റെ കാവിലമ്മേ എന്റെ മോന്റെ കല്യാണം ഇരുപത്തേഴു വയസെങ്കിലും കഴിയാതെ നടക്കല്ലേ.

ഓൻ അതിനു മുന്നേ പെൺപിള്ളേരെ ആരെയും വീട്ടിലേക്ക് വിളിച്ചോണ്ടു വരല്ലേ”

എനിക്ക് ഇരുപത്തിയൊന്ന് വയസ്സ് തികയുന്നതിന്റെയന്നു രാവിലെ പ്രായപൂർത്തിയായ സന്തോഷത്തിൽ ഉറക്കച്ചവടെല്ലാം മാറ്റി നിർത്തി ഉന്മേഷത്തോടെ മുറിയിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ

കാണുന്നത് പൂജാമുറിക്കു മുന്നിൽ നിന്ന് കെപിഎസിലളിത പണ്ടേതോ സിനിമയിൽ ചെയ്ത കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ കാവിലെ ഭഗവതിക്ക് വഴിപാട് നേരുന്ന അമ്മയെയും

ഇത് കേട്ട് കൃഷ്ണൻ കുട്ടിനായരെ പോലെ ഭക്തിപുരസ്സരം തൊഴുതു നിൽക്കുന്ന അച്ഛനെയുമാണ്.

എന്റെ ഉള്ളൊന്നു കാളി. പണി പാളിയോ ഭഗവതി…

പ്രായപൂർത്തിയായി എന്നൊരു ദിവസമുണ്ടെങ്കിൽ വസുന്ധരയുടെ കൈയ്യും പിടിച്ച് വീട്ടിലേക്ക് കേറിവന്ന് ഇതാ അമ്മേ നിങ്ങളുടെ മരുമകൾ എന്ന മാസ് ഡയലോഗ് അടിക്കണമെന്നു വിചാരിച്ചിരിക്കുമ്പോഴാണ് അമ്മയുടെ ‘തട’ വഴിപാട്.

ഇനി എന്നാ ചെയ്യും?

കാവിലമ്മയുമായി ഏറ്റുമുട്ടാനുള്ള പാങ്ങൊന്നും ഈ അയ്യോ പാവത്തിനില്ല.

പ്രാർത്ഥിക്കാൻ ഓരോരുത്തർക്കും അവരവരുടേതായ കാരണങ്ങളുണ്ട്. അമ്മക്ക് പ്രാർത്ഥിക്കാനും തക്കതായ കാരണങ്ങളുണ്ടായിരുന്നു.

എനിക്ക് ആറു മാസം പ്രായമുള്ളപ്പോൾ മേയ്ക്കലെ കണിയാൻ എഴുതിയ ജാതകത്തിൽ ഇരുപത്തിയൊന്ന് വയസ്സും ഒരു മാസവും പതിനൊന്നു ദിവസവും അഞ്ചു നാഴികയും മൂന്നു വിനാഴികയും ഉള്ള സമയത്ത്

എനിക്ക് വിവാഹയോഗം ഉണ്ടെന്നൊരു ‘ക്ളോസ്’ ഉണ്ടായിരുന്നു. അതു കഴിഞ്ഞാൽ പിന്നെ ഇരുപത്തൊൻപത് വയസ്സു കഴിയണം പോലും.

ഞങ്ങളുടെ തറവാടിന്റെ പാരമ്പര്യമനുസരിച്ച് ഇരുപത്തേഴു വയസ്സ് എങ്കിലും കഴിയാതെ ആണുങ്ങൾ വിവാഹം കഴിക്കാറില്ല.

മാത്രോമല്ല ജോലിയും കൂലിയുമില്ലാതെ മാനത്തെറിഞ്ഞ വടി പോലെ നടക്കുന്ന ചെർക്കൻ പെണ്ണ് കെട്ടിക്കൊണ്ടു വന്നാൽ ചിലവിനാരു കൊടുക്കും ?

അമ്മയ്ക്കാണെങ്കിൽ നാല്പതു വയസ്സിൽ അമ്മൂമ്മയാകാൻ താൽപ്പര്യവുമില്ല.

മുൻപൊരിക്കൽ അമ്മയുടെ വകയിലൊരു ചിറ്റപ്പന്റെ കെട്ട്യോൾടെ അമ്മാവന്റെ മോൻ ഇരുപത്തിയൊന്ന് വയസ്സു തികഞ്ഞന്ന് ഒരു പെണ്ണിനേം വിളിച്ചോണ്ട് ഓന്റെ വീട്ടിലേക്കു ചെന്നു.

അതും വിളിച്ചോണ്ട് വന്നു എന്നു പറയുന്നതിലും നല്ലത് പെണ്ണ് കൂടെ പോന്നു എന്നു പറയുന്നതാണ്. പെണ്ണ് കുളിക്കാനെന്നും പറഞ്ഞു തലയിൽ എണ്ണയും , കയ്യിൽ ഒരു കെട്ടു ഇഞ്ചയുമായി ആറാട്ട് കടവിലേക്ക് പോയതാ.

ദേ വരുന്നു ബിഎസ്എ സൈക്കിളും ചവിട്ടി നായകൻ.

പെണ്ണിന് സൈക്കിൾ സവാരി ചെയ്യാൻ ഒരു മോഹം. അതും മുന്നിലിരുന്ന്. പെണ്ണ് നേരെ കയറി സൈക്കിളിന്റെ മുന്നിലെ പടിയിലിരുന്നു.

മുളകുഷ്യത്തിന് കടുക് വറക്കാൻ കറിവേപ്പില വാങ്ങാൻ പോയ ചെർക്കൻ ഒരു പെണ്ണിനേയും കൊണ്ട് തിരിച്ചു വരുന്നത് കണ്ട മാമി അലമുറയിട്ടു.

അന്നുണ്ടായ പുകിൽ എനിക്കും ചെറിയൊരു ഓർമയുണ്ട് പെണ്ണിന്റെ വീട്ടുകാരും പൊലീസ്സുകാരും നാട്ടുകാരും ഒക്കെക്കൂടി ഒരു രണഭൂമി പോലെയായിരുന്നു അവിടം.

ഒടുവിൽ പെൺ വീട്ടുകാർ ഒരു വിധത്തിലാണ് പെണ്ണിന്റെ മനസ്സു മാറ്റി തിരിച്ചു വീട്ടിലേക്ക് കൊണ്ടു പോയത്.

ആ സംഭവം മനസ്സിൽ ഉണ്ടായതുകൊണ്ടും മാത്രമല്ല അമ്മ വഴിപാട് നേർന്നത്‌. എല്ലാറ്റിനുമുപരി വസുന്ധര എന്റെയൊരു വീക്നെസ് ആണെന്നമ്മയ്ക്കറിയാം

ചെറുപ്പം മുതൽ കാണുന്ന പെൺകൊടിയാണ്. അച്ഛന്റെ അമ്മാവന്റെ മകന്റെ മകൾ

എന്റെ വീട്ടുകാർ ഞങ്ങളുടേതെന്നും അവളുടെ വീട്ടുകാരവരുടേതെന്നും പറയുന്ന തൊടിയുടെ അതിർത്തിയിൽ നിൽക്കുന്ന ഒരു വരിക്കപ്ലാവിനെ ചൊല്ലിയുള്ള അവകാശ തർക്കത്തിന്റെ പേരിൽ

ഞങ്ങളുടെ വീടുകൾ തമ്മിൽ രക്തരഹിതമായ വിപ്ലവം അപ്പൂപ്പന്മാരുടെ കാലത്ത് തുടങ്ങിയതാണ്.

അച്ഛനായിട്ട് അതു കൊണ്ടു നടക്കുന്നു എന്നു മാത്രം.

അച്ഛന്റെ കുടുംബക്കാർ രാജാക്കൻമാരുടെ
പടനായകന്മാർ ആയിരുന്നതിനാൽ രണ്ടു കൂട്ടരും വിട്ടു കൊടുക്കാൻ തയ്യാറായിരുന്നില്ല.

അല്ലേലും സ്വന്തക്കാരു തമ്മിലല്ലേ ശണ്ഠ കൂടാൻ പറ്റു.

വസുന്ധരയുമായുള്ള അടുപ്പം വഴി ഒരു പാലം പണിത് ജഗദീഷ് – മുകേഷ് സിനിമകളിൽ കാണുന്നത് പോലെ രണ്ടു കുടുംമ്പങ്ങൾ തമ്മിലുള്ള ശത്രുത തീർപ്പാക്കാനുള്ള ശ്രമത്തിലായിരുന്നു ഞാൻ.

അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ വടക്കേ പറമ്പിലെ മാവിൽ നിന്നും എറിഞ്ഞിട്ട പുളിയൻ മാങ്ങയുടെ പാതി വസുന്ധര ചോദിച്ചു വാങ്ങിയതും

ഞാൻ കൊടുത്ത മാങ്ങാ പൂൾ കൊതിയോടെ വാങ്ങിത്തിന്നതിനു ശേഷം കണ്ണിറുക്കി കാണിച്ചു കൊണ്ട് ഓടി മറഞ്ഞതുമെല്ലാം മനസ്സിൽ മായാതെ നിന്നിരുന്നു.

അതുകൊണ്ടു തന്നെ കൗമാരം തലക്കു പിടിച്ച സമയത്ത് പ്രേമിക്കാൻ ഒരു പെൺകൊടിയുടെ പേരന്വേഷിച്ചപ്പോൾ ആദ്യം മനസ്സിൽ തെളിഞ്ഞ പേര് വസുവിന്റേതായിരുന്നു.

അവൾ മുറ്റത്തേക്കിറങ്ങുമ്പോൾ കോഴിയുടെ ശബ്ദത്തിൽ ഒച്ചയുണ്ടാക്കാനും അവൾ പോകുന്ന വഴിക്കൊക്കെ പുറകെ പോകാനും ഓളെ കാണുമ്പോൾ ഒന്ന് ചിരിക്കാനും ഒക്കെ ‘ഫയങ്കര’ താത്പര്യമായിരുന്നു.

കാവിലെ വേലയ്ക്ക് അച്ഛന്റെ പോക്കറ്റിൽ നിന്നും മോഷ്ടിച്ച കാശുകൊണ്ട് വസുവിന് കുപ്പിവളയും ക്യൂട്ടക്സും വാങ്ങി കൊടുത്തും

മണിയും കിലുക്കി പോയ ‘മദാമ്മപൂട’ക്കാരന്റെ കയ്യിൽ നിന്നും ഒരു രൂപയ്ക്ക് ‘പൂട’മേടിച്ചു കൊടുത്തും അവളുടെ മനസ്സിൽ കയറിപ്പറ്റി.

ഇത് നുമ്മടെയമ്മ എങ്ങനെയോ മണത്തറിഞ്ഞു.

അതിനിടയിൽ ഒരിക്കൽ പകലുറക്കത്തിനിടയിൽ ‘വസു’ എന്നു വിളിച്ചു പൊട്ടിച്ചിരിച്ചതും അമ്മ വന്ന് ഒളിഞ്ഞു നോക്കിയശേഷം അച്ഛനോട് എന്തോ കുശുകുശുത്തതും അനിയൻ രഹസ്യമായെന്റെ കാതിലോതിയിരുന്നു.

എന്തായാലും ഭഗവതി അമ്മയുടെ പ്രാർത്ഥന അൽപ്പം സ്‌ട്രോങ് ആയി കേട്ടുവെന്നു തോന്നുന്നു .

അന്നു വൈകിട്ട് ട്യൂഷനും കഴിഞ്ഞു അനിയൻ ചെക്കനോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന സുന്ദരിയോട് അടുത്തുകൂടി ‘എനിക്കിരുപത്തൊന്നു വയസ്സായി നമുക്കൊളിച്ചോടിയാലോ മാൻകിടാവേ

എന്നു ചോദിച്ചപ്പോൾ ഓള് പറയാ ഞാൻ ചേട്ടനെ കാണുന്നത് ഒരാങ്ങളയുടെ സ്ഥാനത്താണെന്ന്.

അതു മാത്രോല്ലാന്നേ അതും പറഞ്ഞു തലയുയർത്തിപ്പിടിച്ച് ഒറ്റ പോക്ക്.

ഒന്നു തിരിഞ്ഞു പോലും നോക്കിയില്ലെന്നെ !

വഴിപാടിന്റെ ഓരോരോ ശക്തികളേയ്.

ഏറെ താമസിയാതെ ഗൾഫുകാരൻ അനന്ദനുമായി ഓൾടെ കല്യാണോം കഴിഞ്ഞപ്പോഴാണ് മനസ്സിലായത് ഓളെന്നെ തേച്ചതാണെന്ന്.

അന്ന് തൊട്ട് നിരാശയായി.

പെൺകുട്ടികളുമായി മേലിൽ യാതൊരടുപ്പവും വേണ്ടെന്നു നിശ്ചയിച്ചു. അച്ചനുമമ്മയ്ക്കും തത്കാല സന്തോഷവുമായി. വർഷങ്ങൾ കഴിഞ്ഞു പണിയൊക്കെ ആയതോടെ കല്യാണാലോചന തകൃതിയായി.

ഒന്നും അങ്ങട് ഒത്തു വരുന്നില്ല

എന്റെ കല്യാണം നടക്കാത്തതിൽ വീട്ടുകാർക്ക് മാത്രോല്ല നാട്ടുകാർക്കും വിഷമമായി തുടങ്ങിയ കാലം.

പൈപ്പിന്റെ ചോട്ടിൽ വെള്ളമെടുക്കാൻ നിൽക്കുന്ന പെണ്ണുങ്ങളും ലൈൻ മുറിയിൽ വാടകയ്ക്ക് താമസിക്കുന്ന
തമിഴത്തിയുമെല്ലാം അമ്മയോട് ചോദിച്ചെന്ന് “മോനെ കെട്ടിക്കാൻ പാടില്ലേന്ന്”

അതോടെ ഏതാനും ബ്രോക്കർമാർ വീട്ടിലെ വിളിക്കാത്ത സ്ഥിരം വിരുന്നുകാരുമായി.

അതിലൊരാളോട് ചെറിയച്ഛൻ എന്താ കല്യാണമൊന്നും ഒക്കാത്തത് എന്ന് രഹസ്യമായി അന്വേഷിച്ചപ്പോൾ ‘വെള്ളമടിച്ചു കിറുങ്ങിയത് ‘പോലുള്ള കണ്ണുള്ള അവനൊക്കെ ആരു പെണ്ണ് കൊടുക്കാനാണ് എന്നു പറഞ്ഞത്രെ.

ന്താല്ലേ?

അപ്പൊ പിന്നെ എങ്ങനെയെങ്കിലും കല്യാണം നടന്നു കിട്ടുവാൻ അമ്മ വീണ്ടും കാവിലമ്മയെ കൂട്ടുപിടിച്ചു.

എന്നിട്ടും നോ രക്ഷ.

തീപ്പെട്ടിക്കൊള്ളിപോലുള്ള ദേഹവും വച്ച് പെണ്ണന്വേഷിച്ചു നടപ്പു മാത്രം. പെണ്ണുങ്ങൾക്കൊക്കെ മമ്മൂട്ടിയേം മോഹൻലാലിനേം പോലുള്ളവരെ മതിയത്രേ. ചുരുങ്ങിയതോരു സുരേഷ് ഗോപിയെയെങ്കിലും.

ആയിടെയാണ് ഓഫിസിൽ പുതിയതായി ആ പെൺകൊടി വന്നത്. വസുവിന്റെയത്ര സുന്ദരിയൊന്നുമല്ലെങ്കിലും കാണാൻ തെറ്റില്ല.

കൊച്ചു വല്ലപ്പോഴുമൊക്കെ ചിരിച്ചു കാണിക്കുമെങ്കിലും ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല. കൊച്ചിന്റെ പല്ലിൽ കമ്പിയിട്ടിരിക്കുന്നത് കാരണം ഇളിക്കുന്നതായി തോന്നുന്നതാണെങ്കിലോ.

അങ്ങനെയിരിക്കെയാണ് ഒരു ബസ് സമരം വന്നത്. പുതുതായി വാങ്ങിയ വണ്ടിയുമെടുത്ത് ഓഫിസിൽനിന്നും പുറത്തേക്കിങ്ങുമ്പോൾ പ്യൂൺ കുഞ്ഞിരാമേട്ടൻ തല ചൊറിഞ്ഞു കൊണ്ട് ചോദിച്ചു.

‘ആ കൊച്ചിനെയൊന്ന് ബസ്റ്റാൻഡിൽ ആക്കാമോയെന്ന്’

അവിടെ നിന്നും അതിന്റെ സ്വന്തക്കാരുടെ ആരുടെയോ കൂടെ ഓട്ടോക്ക് വീട്ടിൽ പോയ്ക്കൊള്ളുമെത്രെ.

മനസ്സില്ലാ മനസ്സോടെ അതിനേം കെട്ടിയെടുത്ത് യാത്രയായി. കൊച്ചാണെങ്കിൽ എന്നിൽ നിന്നും സമദൂരം പ്രഖ്യാപിച്ചു കൊണ്ട് നടുക്ക് ബാഗും വച്ച് ഒരടി ഗ്യാപ് ഇട്ടാണിരുപ്പ് .

ഹൈവെയിലേക്കുള്ള വളവ് തിരിഞ്ഞതെയുള്ളൂ പട്ടിയൊരെണ്ണം വട്ടം ചാടി. പട്ടിയെ തട്ടീല്ല മുട്ടീല്ല എന്ന മട്ടിൽ വണ്ടി ബ്രെയ്ക്കിട്ടു.

പെട്ടെന്ന് പിന്നിൽ നിന്നും എന്തോ തെറിച്ചു വീണപോലൊരു തോന്നൽ. നോക്കുമ്പോ പിന്നിലിരുന്ന കൊച്ചു താഴേ വീണു മണ്ണ് കപ്പുന്നു.

പിന്നാമ്പുറം പൊന്തിയ ബൈക്കിൽ മുന്നിലുള്ളവനെ കെട്ടിപിടിക്കാതെ ബാലൻസ് ചെയ്തിരുന്നതിന്റെ കൊണവതികാരം

എന്തായാലും അതിനെ പൊക്കിയെടുത്ത് ഒരു ഓട്ടോയിൽ കേറ്റി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.

അവിടെ ചെന്ന് പെണ്ണിനെ കാഷ്വാലിറ്റിയിൽ കയറ്റി അഡ്രസ്സ് പൂരിപ്പിച്ചു കൊടുക്കാൻ നിൽക്കുമ്പോൾ വീൽ ചെയറിൽ ഒരെണ്ണത്തിനെ വീർത്ത വയറുമായി തള്ളിക്കൊണ്ട് പോകുന്നു. സൂക്ഷിച്ചു നോക്കിയപ്പോൾ നുമ്മടെ വസു.

മൂന്നാമത്തെ പ്രസവത്തിനായി
കൊണ്ടുവന്നിരിക്കുകയാണ്. ഓളെ കണ്ട മട്ടുവയ്ക്കാതെ കയ്യിലിരുന്ന പേപ്പറിലേക്ക് സൂക്ഷിച്ചു നോക്കിയപ്പോൾ കൂടെ വന്ന ആളുടെ പേരും ബന്ധവും പറയാനൊരു കോളം.

പേരെഴുതി കഴിഞ്ഞപ്പോൾ മനസ്സിലൊരു പൂതി ഇതിനെ കൂടെ കൂട്ടിയാലോ എന്ന് . ഉടൻ മലയാളത്തിൽ എഴുതി ‘കെട്ട്യോൻ.

വാൽക്കഷ്ണം : കഥയാണ്‌ കഥ മാത്രം

Leave a Reply

Your email address will not be published. Required fields are marked *