നിങ്ങക്ക് നാണാവൂല്ലേ മനുഷ്യാ വയസ്സ് അൻപതായീന്ന് പറഞ്ഞു ഫേസൂക്കിൽ പോസ്റ്റാൻ, ഞാൻ നിങ്ങക്ക്..

(രചന: രാജീവ് രാധാകൃഷ്ണപണിക്കർ)

“നിങ്ങക്ക് നാണാവൂല്ലേ മനുഷ്യാ വയസ്സ് അൻപതായീന്ന് പറഞ്ഞു ഫേസൂക്കിൽ പോസ്റ്റാൻ.

ഞാൻ നിങ്ങക്ക് മുപ്പത്തഞ്ചാകാൻ പോണൂന്നാ എന്റെ കൂട്ടുകാരോടൊക്കെ പറഞ്ഞിരിക്കുന്നെ ”

മാനം മൂടിക്കെട്ടി നിന്ന ബുധനാഴ്ച്ച രാവിലെ തീൻ മേശയിലെ കാസറോളിൽ അടച്ചു വച്ചിരുന്ന ഇഡ്ഡലി തേങ്ങാചട്ണിയും സമ്പാറും കൂട്ടിച്ചേർത്ത മിശ്രിതത്തിൽ മുക്കി വായിലേക്ക് തള്ളിയ ശേഷം

അല്പം മുളക് ചട്ണി ചൂണ്ടുവിരൽ കൊണ്ട് മുക്കി നാവിൽ തേച്ച് നാവ് ചുഴിഞ്ഞു പോകുന്ന എരിവിൽ വീർപ്പു മുട്ടിക്കൊണ്ടിരിക്കുമ്പോഴാണ് കേട്ട്യോൾ പരിഭവവുമായി വന്നത്.

കഴിഞ്ഞ തവണ പിറന്നാൾ മറന്നുപോയതും , ഭാര്യയുടെ പിറന്നാൾ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റിയതുമെല്ലാം ഓർത്തപ്പോൾ ഇത്തവണ ജന്മദിനം നേരത്തെ ഓർമ്മയിൽ വച്ചു പോസ്റ്റ് ചെയ്തതാണ്.

അതിനിടയിൽ ഇക്കാര്യം വിട്ടുപോയി.

കേട്ട്യോളുടെ മുഖത്തേക്ക് നോക്കിയപ്പോൾ തീ തുപ്പാനൊരുങ്ങുന്ന ഭാവമാണ്. കേട്ട്യോന്റെ വയസ്സ് കുറച്ചു പറയുന്നത് ഇച്ചിരി അഭിമാനമായി കൂട്ട്യേക്കാണ് ഓള്.

“ഞാൻ അത്രക്കാലോചിച്ചില്ല. ഇനീപ്പോ ഞാൻ അൻപതെന്നിട്ടാലും ഫോട്ടോ കണ്ടാൽ മുപ്പത്തഞ്ചേ തോന്നൂന്നേ ”

പുള്ളിക്കാരിയെ ആശ്വസിപ്പിച്ചു കൊണ്ട് ഓള് ഉണ്ടാക്കി തന്ന സാമ്പാറും അവിയലും ,കാളനും, തോരനുമൊക്കെ അടങ്ങിയ ടിഫിൻ ബോക്സും തൂക്കി ഓഫിസിലേക്ക് തിരിച്ചു.

സീറ്റിൽ ചെന്നിരുന്നപ്പോൾ സ്വല്പം മടി.

ഒരു കട്ടനടിക്കാമെന്നു കരുതി തൊട്ടപ്പുറത്തിരുന്ന കുട്ടപ്പനെയും കൊണ്ട് കാന്റീൻ കവാടത്തിലേക്ക്
നടക്കുമ്പോഴാണ് തൊട്ടുമുന്നിൽ ഇടാപിടീന്ന് കാർത്യായനി പ്രത്യക്ഷപ്പെടുന്നത്.

ഓഫിസിലെ സ്റ്റാഫ് ആണ്.പോരാത്തതിന് മുഖപുസ്തകത്തിലെ ആരാധികയും.

“അല്ലാ മാഷേ മനസ്സിലാകാഞ്ഞിട്ട് ചോദിക്യ ഞാൻ മെസ്സേഞ്ചറിൽ ങ്ങക്കൊരു പിറന്നാൾ ആശംസ അയച്ചപ്പോ ങ്ങളെന്തിനാ ന്നെ തെറി പറഞ്ഞേ?”

ഞാൻ ഒരു നിമിഷം ഞെട്ടലോടെ ഓളെ നോക്കി.

“ആശംസയോ? ,തെറിയോ ? കാർത്തൂ ഞാനതിന് ഇന്ന് മെസ്സെഞ്ചർ തുറന്നിട്ടില്ലല്ലോ ! ”

“ആര് പറഞ്ഞീ. ദാ ങ്ങളുടെ മെസേജ് ”

ഓള് മെസേഞ്ചർ തുറന്ന് ‘അമ്പതാം ജന്മദിന ആശംസകൾ മാഷേ ‘

എന്ന് ഓളിട്ട സന്ദേശത്തിനു പിന്നാലെ നുമ്മടെ അക്കൗണ്ടിൽ നിന്നും വന്ന കുറെ ഓഞ്ഞ തെറികൾ എടുത്തു കാണിച്ചു.

ഇതാരപ്പ ഈ കൊലച്ചതി ചെയ്തത്?

ഞാൻ ആ വരികളിലൂടെ ഒന്നു കൂടി കണ്ണോടിച്ചു.

ഹെന്റമ്മോ രാവിലെ കേട്ട്യോൾ സോഷ്യൽ മീഡിയയിൽ പറയാൻ പറ്റിയ കുറച്ചു തെറികൾ പഠിപ്പിച്ചു കൊടുക്കാൻ പറഞ്ഞപ്പോൾ നുമ്മള് പഠിപ്പിച്ചു കൊടുത്ത അതേ തെറി വാക്കുകൾ.

അപ്പ നുമ്മടെ ഇൻബോക്സ് കെട്യോൾടെ കയ്യിലായല്ലേ.

ദൈവമേ. ചതിച്ചു.

ഇനി എന്തൊക്കെ പുകിലാണാവോ ഉണ്ടാകാ.

“സഹോദരി നുമ്മടെ അക്കൗണ്ട് ഹാക്കാ ”

ഒരു വിധത്തിൽ കാർത്യായനിയെ പറഞ്ഞു സമാധാനിപ്പിച്ചുകൊണ്ട് ഫോണെടുക്കാനായി സീറ്റിലേക്ക് തിരികെ ഓടുമ്പോൾ കർത്യാനിയുടെ വാക്കുകൾ പിന്നിൽ മുഴങ്ങി.

“മാഷേ സൈബർ സെല്ലിൽ ഒരു കംപ്ലൈൻറ് കൊടുക്ക്”

നടന്നത് തന്നെ..

വാൽക്കഷ്ണം: പ്രിയതമ ഈ കഥയൊന്നും അറിഞ്ഞിട്ടില്ല.ഇനി നിങ്ങളായിട്ട് അറിയിക്കേണ്ടാട്ടോ.

Leave a Reply

Your email address will not be published. Required fields are marked *