അപ്പോഴാണ് പ്രിയതമ ഐഡിയ തന്നത്, മുണ്ടുടുത്തു പോകാം ഓൾടെ അമ്മായി..

(രചന: രാജീവ് രാധാകൃഷ്ണപണിക്കർ)

ചെറായീലെ സുന്ദരി കുഞ്ഞമ്മേടെ മൂത്തമകൻ സുദേവന്റെ ഇളയ കുഞ്ഞിന്റെ നൂലുകെട്ടിന് പോകാനായി

രാവിലെ അലമാരിയിലിരുന്ന പാന്റ്‌സും ഷർട്ടും തപ്പിയെടുത്തപ്പോൾ ചുക്കിച്ചുളിഞ്ഞിരിക്കുന്നു.

എന്നാപ്പിന്നെ ഒന്നു ഇസ്തിരിയിടാമെന്നു കരുതി ഇസ്തിരിപ്പെട്ടിയെടുത്ത് പ്ലഗിലേക്ക് കുത്തിയപ്പോൾ സീൻ പിന്നേം ശോകം.

കള്ളുഷാപ്പിന്റെ വളവിലെ പോസ്റ്റ് ഒടിഞ്ഞത് കാരണം രാവിലെ മുതൽ കറണ്ടില്ല. ഇൻവേർട്ടറിനാണെങ്കിൽ ‘ തേപ്പൊന്നും ‘ താങ്ങാനുള്ള കരുത്തുമില്ല.

നൂല് കെട്ടിനു പോകാനുള്ള ഉഷാറൊക്കെ പോയി.

ഇനിയുള്ള രണ്ടു പാന്റ്‌സുള്ളത് നരച്ചു കൊരച്ചതാണ്. കുഞ്ഞമ്മേടെ വീട്ടിൽ പോയിട്ട് കുറെ നാളായി. പോരാത്തതിന് അവര് നുമ്മളേക്കാളൊക്കെ ആഢ്യത്വം പ്രസംഗിക്കുന്നവരുമാണ്.

ആ പാന്റ്‌സ് ഇട്ടോണ്ട് അവിടെ ചെന്നാൽ ചിലപ്പോൾ വല്ല പിച്ചക്കാരനുമാണെന്നു കരുതി സർവ്വാണി സദ്യ തന്നു വിടും.

എന്താ ഒരു പരിഹാരം
തല പുകഞ്ഞാലോചിച്ചു. അപ്പോഴാണ് പ്രിയതമ ഐഡിയ തന്നത്. മുണ്ടുടുത്തു പോകാം

ഓൾടെ അമ്മായി ചെന്നൈയിൽ നിന്നു വന്നപ്പോൾ കൊണ്ടുവന്ന പുതിയ മുണ്ടും ജുബ്ബയും ഇരിപ്പുണ്ട്. അതാവുമ്പോ തേച്ചു വച്ചിരിക്കുന്നതാണത്രേ.

അത് നുമ്മക്കും ബോധിച്ചു. മുണ്ടും ജുബ്ബയുമൊക്കെയാകുമ്പോൾ ഒരു കഥാകാരന്റെ ലുക്കും കിട്ടും. ഒന്നു ഷൈൻ ചെയ്യാം.

നൂലുകെട്ടും സദ്യയുമെല്ലാം കഴിഞ്ഞു , പരിചയക്കാരോടെല്ലാം കുറച്ചു ഗീർവാണവുമടിച്ചു തിരിച്ചു പോരാൻ ഒരുങ്ങുമ്പോൾ വീട്ടുകാരത്തിക്കും പുത്രനും ഒരാഗ്രഹം

കടല് കാണണമെത്രെ. കുഞ്ഞമ്മേടെ വീട്ടീന്ന് മൂന്നു കിലോമീറ്ററെ ഉള്ളു ബീച്ചിലേക്ക്. എന്നാ പിന്നെ ആഗ്രഹ നിവൃത്തി വരുത്താമെന്നു കരുതി.

വണ്ടി ‘കടാപ്പുറത്തേക്ക് ‘വിട്ടു.

വൈകുന്നേരമായതിനാൽ ആളുകളൊക്കെ വന്നു തുടങ്ങിയിട്ടുണ്ട്.

നുമ്മടെ ‘ദിവാകരൻ’ ചേട്ടനാണെങ്കി അന്നത്തെ പ്രയാണം പൂർത്തിയാക്കി വിശ്രമിക്കാനുള്ള തെയ്യാറെടുപ്പിലുമാണ്.

തിരമാല കണ്ടതും കെട്ട്യോളും പുത്രനും കടലിലേക്ക് ചാടി. നുമ്മ അല്പം മസിലൊക്കെ പിടിച്ചു തിരമാലകളും എണ്ണി മണൽ പരപ്പിലിരുന്നു.

അടുത്തു കൂടിയ കപ്പലണ്ടിക്കാരൻ ചെർക്കനിൽ നിന്നും വാങ്ങിയ കപ്പലണ്ടിയും കൊറിച്ച് കുറച്ചകലെ പ്രേമസല്ലാപങ്ങളിൽ ഏർപ്പെട്ടിരുന്ന യുവമിഥുനങ്ങളെ ഒളികണ്ണിട്ടു നോക്കി ഞാനിരുന്നു.

ഉയർന്നു പൊങ്ങുന്ന തിരമാലകളും ചെമ്മാനവുമൊക്കെ കണ്ടപ്പോ മനസ്സിലൊരു പൂതി. ഒരു സെൽഫിയെടുത്താലോ. ആഗ്രഹങ്ങൾ അടക്കി വയ്ക്കുന്ന ശീലമില്ല.

മുണ്ടും മടക്കിക്കുത്തി നേരെ കടലിലേക്കിറങ്ങി . പകലോന് അഭിമുഖമായും പ്രതിമുഖമായുമൊക്കെ നിന്ന് കൊറേ ചാമ്പി.

പെട്ടെന്നാണ് ആ അത്യാഹിതം നടന്നത്.
ഉയർന്നു വന്ന ഒരു തിരമാല തലയ്ക്കു മുകളിലൂടെ ഒന്നാഞ്ഞടിച്ചപ്പോൾ ബാലൻസ് തെറ്റി ഒരു വീഴ്ച.

തിരമാല തിരികെ പോയപ്പോൾ കൂടെ നുമ്മളെയും കൂട്ടി. കയ്യിലിരുന്ന ഫോൺ കടല് കൊണ്ട് പോകാതിരിക്കാനായി മുറുക്കി പിടിച്ചു.

തിരമാല അകന്നു പോയപ്പോൾ സ്വതസിദ്ധമായ ചമ്മലോടെ എഴുന്നേറ്റു നുമ്മക്കൊന്നും സംഭവിച്ചില്ലാട്ടോ എന്ന ഭാവത്തിൽ നിന്നു.

അപ്പോഴതുവഴി വന്ന രണ്ടു തരുണീമണികള് നുമ്മളെ നോക്കി ആക്കിയ ചിരിയുമായി കടന്നു പോണ കണ്ടപ്പോ മനസ്സിലൊരു വിഷമം.

ഒരാള് കടലിലൊന്ന് മുങ്ങീന്ന് കരുതി ഇങ്ങനെ ചിരിക്കണോ എന്നു വിചാരിച്ചു നിൽക്കുമ്പോഴാണ് പ്രിയതമൻ കടലിന്ന് പൊങ്ങി വരുന്നത് കണ്ട പ്രിയതമ ഓടിയെത്തിയത്.

ഓള് വന്നതും മുണ്ട് ….മുണ്ട്…. എന്നു പിറുപിറുത്തു.

എനിക്ക് ‘മുണ്ടാനൊന്നും ‘കൊഴപ്പൂല്ലാ.
നീ വിഷമിക്കേണ്ട എന്നു പറഞ്ഞപ്പോൾ ഓള് പറയാണെ “അതല്ല മനുഷ്യ ങ്ങളുടെ മുണ്ട് കടലീപ്പോയീന്ന്”

ഒരു നിമിഷം താഴേക്കു നോക്കിയ ഞാൻ റാംജിറാവിലെ മത്തായിച്ചേട്ടനെ പോലെ ചുളുങ്ങിക്കൂടി.

മുണ്ട് കടല് കൊണ്ടുപോയി. ഇനി എന്തു ചെയ്യും. വല്ല കോവളവുമായിരുന്നെങ്കി മുണ്ടില്ലെങ്കിലും കുഴപ്പമില്ലായിരുന്നു. ഇതു ചെറായിയാണ്. ചിലപ്പോ നാട്ടുകാര് കൈ വയ്ക്കും.

ഹെന്റെ ഭഗവാനെ. മകൻ അപ്പോഴേക്കും ഓടിച്ചെന്ന് ഒരു ബർമുഡയും കയ്യില്ലാത്ത ബനിയനും വാങ്ങിക്കൊണ്ടു വന്നു.

അടുത്തുള്ള കടയിൽ നിന്ന് അതു മാത്രേ കിട്ടിയുള്ളു. ന്തായാലും അതു ശരീരത്തിൽ കയറിയപ്പോൾ കൂടുതൽ ചമ്മലായി. നുമ്മക്ക് ഇത്തരം ഡ്രെസ്സൊന്നും ഇട്ടു പരിചയമില്ല.

ന്നാലും തത്കാലം രക്ഷപ്പെട്ട ആശ്വാസത്തിൽ പോകാനൊരുങ്ങുമ്പോ ഒരു ലക്ഷ്വറി ബസ് മുന്നിൽ.

ന്റമ്മോ ബസ്സീന്നിറങ്ങുന്നവരെ കണ്ടപ്പോ ഒരു നിമിഷം ഞെട്ടി.

നുമ്മടെ ദോസ്‌തുക്കൾ.
ഇനീപ്പോ ഈ വേഷത്തിൽ അവര് കാണണ്ട എന്നു വിചാരിച്ചു വഴിമാറി നടക്കാൻ തുടങ്ങിയപ്പോ നുമ്മടെ ഒരു പരിചയക്കാരൻ മാഷ് വിളിച്ചു ചോദിക്കയാണ്

“മാഷേ ങ്ങളെന്താ കാണാത്ത ഭാവത്തിൽ പോണേന്ന് ”

ന്നാ പിന്നെ ഒന്നു തിരിഞ്ഞു നിക്കാന്ന് കരുതിയപ്പോ നുമ്മടെ വേഷം കണ്ട് ഓൻ ചോദിക്കാ ” ങ്ങള് മോഡേൺ ആയല്ലേന്ന് ” ഞാനങ്ങു ചമ്മിപ്പോയെന്നെ…

Leave a Reply

Your email address will not be published.