അതിനിടയിൽ ഇത്തരത്തിലൊരു അവിഹിതം ഭാവിയെ ബാധിക്കും, ആ സ്ത്രീയെ..

(രചന: രാജീവ്‌ രാധാകൃഷ്ണ പണിക്കർ)

“സാറിനു വിസിറ്റേഴ്‌സുണ്ട്”

കുംഭമാസത്തിലെ ചൂടുപിടിച്ച മദ്ധ്യാഹ്നങ്ങളിലൊന്നിൽ ഉച്ചയൂണ് കഴിഞ്ഞൊരു പൂച്ചമയക്കമാവാം എന്ന ചിന്തയോടെ

കസേരയിൽ ചാരിക്കിടക്കാനൊരുങ്ങുമ്പോഴാണ് ഇന്റർകോമിലൂടെ റിസെപ്‌ഷണിസ്റ്റിന്റെ കുയിൽ നാദം മുഴങ്ങിയത്.

വല്ല ആരാധകരുമായിരിക്കും എന്നാണ് കരുതിയത്. താൻ ഈ നാട്ടിൽ എത്തിയതറിഞ്ഞു കാണാൻ
വന്നതാവാം.

ക്യാബിന്റെ ഹാഫ്ഡോർ തുറന്നകത്തു കയറിയവരെ ഞാൻ സാകൂതം നിരീക്ഷിച്ചു. നരുന്തു പോലൊരു പെൺകുട്ടിയും അജനബാഹുക്കളായ രണ്ടു മുഠാളന്മാരും.

പെൺകുട്ടിക്ക് ഏറിയാൽ ഇരുപത്തഞ്ചു വയസ്സ്‌ പ്രായം തോന്നിക്കും. ഇരുനിറത്തിൽ ഐശ്വര്യം തുളുമ്പുന്ന പ്രകൃതം.

കൂടെ വന്നവരെ കണ്ടാൽ തമിഴ് സിനിമയിലെ വില്ലന്മാരെ പോലെ.

ആരാണെന്ന ആകാംഷയോടെ ഞാൻ അവളെ നോക്കി.

“സുകുമാരൻ നായർ” അവൾ ചോദ്യഭാവത്തിൽ തിരക്കി.

അതേ എന്ന അർത്ഥത്തിൽ ഞാൻ തല കുലുക്കി.

‘അമ്മ ഇത് തരാൻ പറഞ്ഞു.

ഏതമ്മ അരുടെയമ്മ എന്ന ഭാവത്തിൽ ഞാൻ അവളെനോക്കി. അവൾ ബാഗിൽ നിന്നും ഒരു കവർ പുറത്തെടുത്തു.

‘ഒരു ബ്രൗൺ കളർ എൻവലപ് ആയിരുന്നു അത് ‘

എന്തായിരിക്കും. ഇനി ജോലിക്കുള്ള വല്ല ശുപാർശയുമായിരിക്കുമോ.

തന്റെ അമ്മയെ സംബന്ധിച്ചിടത്തോളം ആരുടെയെങ്കിലും ദുഃഖം കണ്ടാൽ മനസ്സലിയുന്ന പ്രകൃതമാണ്. ചിലപ്പോൾ റെകമന്റ് ചെയ്തു വിട്ടതാവാം.

ഞാൻ മിടിക്കുന്ന ഹൃദയത്തോടെ ആ എൻവെലപ് തുറന്നു.
അതിലുണ്ടായിരുന്ന നാലാക്കി മടക്കിയ കടലാസു കഷണം മെല്ലെ നിവർത്തി.

“പ്രിയപ്പെട്ട സുകുവേട്ടന് ഈ കത്തുമായി വരുന്നത് നമ്മുടെ മകളാണ്. സ്നേഹ. എനിക്ക് തീരെ വയ്യാതായി.

സുകുവേട്ടനെ ഒന്നു കാണണമെന്നുണ്ട്. അവളോടൊപ്പം ഒന്നു വീട് വരെ വരണം. എന്റെ അവസാന ആഗ്രഹമായി കണക്കാക്കിയാൽ മതി.

സ്വന്തം ദേവൂ.”

ആരാണീ ദേവൂ? ഒരുനിമിഷം ഞാൻ ഓർമയിൽ പരതി. ഇല്ല അങ്ങിനെയൊരു പേര് മനസിലേക്കു വരുന്നതേയില്ല.

കല്യാണി, കളവാണി, പത്മിനി, അംബിക തുടങ്ങി ജീവിതത്തിലൂടെ കടന്നു പോയ അനേകം സ്ത്രീകളുടെ മുഖങ്ങൾ മനസ്സിൽ തെളിഞ്ഞു. അതിലൊന്നും ദേവുവില്ല.

മേൽപറഞ്ഞവർ ആരും തമ്മിൽ ഒരു കുഞ്ഞുണ്ടാവാൻ തക്ക ബന്ധമൊന്നും ഉണ്ടായിട്ടുമില്ല. വെറും ചുറ്റിക്കളി മാത്രം.

“കുട്ടി എനിക്കൊന്നും മനസ്സിലാകുന്നില്ല. ആരാണീ ദേവു.”

“നിങ്ങൾ ഇങ്ങനെയെ പറയുകയുള്ളൂ എന്ന് അമ്മ പറഞ്ഞിരുന്നു. എനിക്ക് അമ്മയുടെ ആഗ്രഹം നടത്തിയേ മതിയാവൂ. ഒരിക്കൽ അമ്മയെ ചതിച്ചു കടന്നു കളഞ്ഞവനാണ് നിങ്ങൾ.

ഇപ്പോൾ ആ സ്ത്രീയുടെ അവസാന ആഗ്രഹം പോലും നിഷേധിക്കുന്നു. നിങ്ങൾ ഒരു മനുഷ്യനാണോ”

ആ പെങ്കൊച്ച് സിനിമ സ്റ്റൈലിൽ ഡയലോഗൊരെണ്ണം കാച്ചി .

പോരാത്തതിന് ബാഗിൽ നിന്നും കത്തിയൊരെണ്ണമെടുത്തവൾ മേശപ്പുറത്തു വച്ചു.

ഇപ്പോൾ അവളുടെ മുഖം ഭദ്രകാളിയുടെ പോലെയായി. കൂടെ വന്ന മല്ലന്മാർ മസിലു പിടിച്ചു.

കത്തിയുടെ തിളക്കം കണ്ട് ശരീരത്തിലൂടെ ഒരു വിറയൽ അരിച്ചു കയറി.

ഞാൻ എങ്ങിനെയൊക്കെ കണക്കു കൂട്ടി നോക്കിയിട്ടും ഈ പ്രായത്തിലുള്ള ഒരു മകളുണ്ടാവാൻ സാധ്യതയില്ല.

ഇതിപ്പോ കത്തിയും, കുന്തവുമൊക്കെയായി വന്ന് മാന്യന്മാരെ അവഹേളിക്കാനുള്ള ഉദ്ദേശ്യമായിരിക്കും. കാശു തട്ടാനുള്ള പരിപാടിയാകും.

എന്തായാലും മറ്റുള്ളവർ അറിഞ്ഞു നാണക്കേടുണ്ടാക്കാതിരിക്കുന്നതാണ് നല്ലത്. ഈ ഓഫിസിൽ ജോയിൻ ചെയ്തിട്ട് ഒരാഴ്ച്ചയെ ആകുന്നുള്ളൂ.

അതിനിടയിൽ ഇത്തരത്തിലൊരു അവിഹിതം ഭാവിയെ ബാധിക്കും . ആ സ്ത്രീയെ പോയി കാണുക തന്നെ. ചുരുങ്ങിയത് ആരാണ് കക്ഷിയെന്നെങ്കിലും അറിയാമല്ലോ.

ഞാൻ അവരോടൊപ്പം പുറത്തേക്കിറങ്ങി.

യാത്രയിലുടനീളം അവൾ നിശബ്‌ദയായിരുന്നു. എന്നോടുള്ള രോഷം കൊണ്ടാണെന്നു തോന്നുന്നു അവൾ പല്ലിറുമ്മുന്ന ശബ്ദം എനിക്ക് നന്നായി കേൾക്കാമായിരുന്നു.

ഏതെല്ലാമോ നാട്ടു വഴികളിലൂടെ അര മണിക്കൂറോളം നീണ്ട ഓട്ടത്തിനൊടുവിൽ കാർ ഒരു പഴയ തറവാടിന്റെ മുന്നിൽ നിന്നു.

ഞാൻ അവളോടൊപ്പം ആ വീട്ടിലേക്കു കയറി.

അകത്തെ മുറികളിലൊന്നിൽ പ്രൗഢ ഗംഭീരയായ ഒരു സ്ത്രീ കിടന്നിരുന്നു. ഗോഡ്ഫാദറിലെ ഫിലോമിനയെ പോലെ.

“അമ്മേ അമ്മയെ ചതിച്ച മനുഷ്യനെ ഞാൻ കൊണ്ടുവന്നിട്ടുണ്ട്”

സ്നേഹ അവജ്ഞയോടെ എന്റെ മുഖത്തേക്ക് നോക്കികൊണ്ടു പറഞ്ഞു.

ഉച്ചയുറക്കത്തിന്റെ ആലസ്യത്തിലായിരുന്ന ആ സ്ത്രീ മെല്ലെ കണ്ണുകൾ തുറന്നെന്നെ സൂക്ഷിച്ചു നോക്കി. പിന്നെ ആശ്ചര്യത്തോടെ മകളെ നോക്കി.

“ഇതേതാ ഈ കുരുട്ടടയ്ക്ക”

“ഇതല്ലേ അമ്മേ അച്ഛൻ”

“ഇതോ .ഇയാളെ കണ്ടു ഞാൻ വീണു പോയി എന്ന് നീ കരുതിയോ. എന്റെ സുകുവേട്ടന് മമ്മൂട്ടിയുടെ ലുക്ക് ആയിരുന്നു. ലാലിന്റെ ലാളിത്യമായിയുന്നു.

സുരേഷ്ഗോപിയുടെ ഗാംഭീര്യമായിരുന്നു. ചുള്ളിക്കമ്പു പോലുള്ള ഇയാളാണ് നിന്റെ അച്ഛൻ എന്ന് തെറ്റിദ്ധരിക്കാൻ പോലും നിനക്ക് നാണമില്ലേ സ്‌നേഹ”

എന്റെ സൗന്ദര്യത്തെ തൊട്ടു കളിച്ചതിൽ വേദന തോന്നിയെങ്കിലും മാരണം ഒഴിഞ്ഞു പോകുന്നതിൽ സന്തോഷം തോന്നി.

“അപ്പൊ ഇയാൾ”

സ്നേഹ ആർക്കോ ഫോൺ ചെയ്യുന്നതറിഞ്ഞു.

അല്പം കഴിഞ്ഞു വിളറിയ മുഖവുമായി അവൾ മുന്നിലേക്ക് വന്നു. ക്ഷമിക്കണം സർ താങ്കൾക്ക് മുൻപ് ആ ഓഫിസിൽ ഉണ്ടായിരുന്ന സുകുമാരൻ നായരെ തേടിയാണ് ഞാൻ വന്നത്.

അല്പം വൈകിപ്പോയി. അയാൾ ട്രാൻസ്ഫറായി പോയി.

നിങ്ങളുടെ രണ്ടു പേരുടെയും പേര് ഒന്നായത് മൂലം അബദ്ധം പറ്റിയതാണ്. താങ്കളെ തിരിച്ചു കൊണ്ടു ചെന്നാക്കാം. ഒരു കപ്പ് കാപ്പി കുടിക്കൂ”

“കാപ്പിയും കോപ്പുമൊന്നും വേണ്ട കൊച്ചേ. തിരിച്ചു കൊണ്ടാക്കുകേം വേണ്ട. മാനം കിട്ടിയതു തന്നെ ഭാഗ്യം. ഞാൻ അടുത്ത ബസ് പിടിച്ചു കൊള്ളാം”

ഞാൻ എത്രയും പെട്ടെന്ന് അവിടെ നിന്നും പുറത്തു ചാടി. ബ്രൗൺ കളർ എൻവലപ് അപ്പോഴും പോക്കറ്റിൽ സുരക്ഷിതമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *