എന്നാൽ അവളുടെ വിവാഹത്തിനു അഞ്ചു നാൾ മാത്രം ശേഷിക്കേ പാതിരാത്രിക്ക് അവനൊരു..

(രചന: Pratheesh)

അവസാന നിമിഷം വെച്ച് എന്തെങ്കിലും ഒരു കാരണം പറഞ്ഞ് കാലുമാറുക എന്നത് പെണ്ണിനൊരു പുത്തരിയല്ലെന്ന് അവനറിയാം

എന്നിട്ടും അന്മയ് ശ്രീമുദ്രയിൽ നിന്ന് അതൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല,

അതിന്റെ കാരണം അവർ തമ്മിലുണ്ടായിരുന്ന ഇഷ്ടം തുടങ്ങി വെച്ചത് അവനായിരുന്നില്ല എന്നതു തന്നെയായിരുന്നു,

കേട്ടതും അറിഞ്ഞതുമായ കഥകളിൽ നിന്നും പ്രണയം അത്ര നല്ല അനുഭവമല്ല ഒട്ടു മിക്കവർക്കും നൽകിയിട്ടുള്ളതെന്ന യാദാർത്ഥ്യത്തെ ഉൾക്കൊണ്ടു തന്നെ അത്തരം കാര്യങ്ങളിൽ നിന്നും

ഉൾവലിഞ്ഞു നടന്ന അവനെ പിന്നാലെ നടന്നു ശല്യപ്പെടുത്തിയും യാചിച്ചും ഇഷ്ടം പിടിച്ചു വാങ്ങിയ ശേഷം അവളിങ്ങനെ ഒരു ചതി ചെയ്യുമെന്നവൻ കരുതിയതേയില്ലായിരുന്നു,

അവളുടെ വീട്ടിൽ ഈ ബന്ധത്തിനാരും സമ്മതിക്കുന്നില്ലെന്നും അതു കൊണ്ട് വീടുവിട്ടിറങ്ങി രജിസ്ട്രർ മാര്യേജ് ചെയ്യാമെന്ന് തീരുമാനിച്ചുറപ്പിച്ചതു തന്നെ ശ്രീമുദ്രയായിരുന്നു,

എന്നിട്ടും അതിനായി എല്ലാം ഒരുക്കി കാത്തിരുന്ന ആ ദിവസം തന്നെ ഒരു മെസേജ് മാത്രമയച്ച്
നമുക്ക് പിരിയാം ”

ഞാൻ ഒരിക്കലും നിന്നെ മറക്കില്ല”
അടുത്ത ജന്മം തീർച്ചയായും ഞാൻ നിന്റേതു മാത്രമായിരിക്കും ”

എന്നും പറഞ്ഞു ഫോണും ഒാഫാക്കി അവളിലേക്കുള്ള എല്ലാ വാതിലുകളും വഴികളും കൊട്ടിയടച്ച് അവൾ ഇരുന്നപ്പോൾ ആണ് അവൾ അവനെ സ്നേഹിച്ചിരുന്നതിലും ആഴത്തിലാണ്

അവന് അവളോടുള്ള ഇഷ്ടം അവനുള്ളിൽ വേരോടിയിരിക്കുന്നതെന്ന നഗ്നസത്യം അവൻ തിരിച്ചറിയുന്നതു തന്നെ,

കൈയ്യെത്തും ദൂരത്തു വെച്ചുള്ള നഷ്ടപ്പെടലിന്റെ ആ വേദന അന്നേരം അവനെ വല്ലാതെ കീഴ്പ്പെടുത്തുന്നുണ്ടായിരുന്നു,

അവന്റെ ഹൃദയത്തിൽ നിന്ന് അവൾ അവളെ പച്ചക്കു വെട്ടിമുറിച്ചെടുത്തു കൊണ്ടു പോയപ്പോൾ ശ്യൂന്യമായ ഹൃദയവുമായി നിൽക്കാനെ അവനു കഴിഞ്ഞുള്ളൂ,

ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാളുടെ നഷ്ടം ആയിരം സൂചികൾ ഒന്നിച്ച് ഹൃദയത്തിൽ പതിച്ചതിനു തുല്യമായ വേദന അവനിൽ സൃഷ്ടിക്കുമ്പോഴും,

ജീവിതത്തിൽ ഇനിയങ്ങോട്ട് അവൾ കൂടെയില്ല എന്ന സത്യം അതിനേക്കാൾ അപ്പോഴവനെ വേദനിപ്പിക്കുന്നുണ്ടായിരുന്നു,

അവന്റെ വേദനയെ അവൾക്ക് മനസിലാക്കാനാവുമോ എന്നവൻ ചിന്തിച്ചെങ്കിലും അതുണ്ടാവാൻ വഴിയില്ലെന്നവനു മനസിലായി അതുണ്ടായിരുന്നെങ്കിൽ അവളൊരിക്കലും അവനെ തനിച്ചാക്കി വിട്ടു പോവില്ലായിരുന്നെന്ന് അവനും മനസിലായി,

അല്ലെങ്കിലും നഷ്ടപ്പെടുത്തുന്നവർക്ക് നഷ്ടപ്പെടലിന്റെ വേദന മനസിലാവില്ലല്ലോ,

അവരത് മനസിലാക്കാൻ ഒരിക്കലും ശ്രമിക്കുകയും ഇല്ല കാരണം തന്റെ
മുന്നിലുള്ള പ്രതിസന്ധിയേ മറികടക്കാൻ സ്വന്തം ഇഷ്ടങ്ങളെ ഹോമിക്കുക എന്നത്

ത്യാഗ മനോഭാവത്തോടെ കാണുന്നവർക്ക് താൽക്കാലിക രക്ഷപ്പെടലിന്റെ സന്തോഷം കൂട്ടിനുള്ളതു കൊണ്ട് ഈ വേദനയേ അറിയണമെന്നില്ല,

ആ വേദനയിലും അവൻ ആലോചിച്ചു
എത്ര പെട്ടന്നാണ് ഏറ്റവും വിശുദ്ധമായതെന്ന് ഹൃദയം വിശ്വസിച്ചിരുന്ന ഒന്ന് ഇല്ലാതെയായത് !

മനസിന്റെ ഉൾയിടങ്ങളിലെ ആഴങ്ങളിൽ പോലും തീ കോരിയിട്ടു യാത്ര പറയാൻ ഒരാൾക്കെങ്ങിനെയാണ് സാധിക്കുന്നത് ?

വീട്ടുകാരോടുള്ള ഇഷ്ടം നമുക്ക് മനസിലാക്കാം എന്നാലും ഇത്തരം കാര്യങ്ങൾ മുന്നേ ഒരിക്കൽ പോലും അവൾ ചിന്തിച്ചിരുന്നില്ലെന്ന് വിശ്വസിക്കാൻ അവനു സാധിക്കുന്നതുമില്ല !

പ്രണയം തളിരിട്ട സമയത്ത് അവളുടെ അച്ഛനും അമ്മയും കുടുംബവും ബന്ധങ്ങളും ഒക്കെ ഒളിവിലായിരുന്നോ ?

ഒരാളെ ഇഷ്ടപ്പെടാൻ തുടങ്ങുമ്പോൾ അവൾക്കറിയില്ലെ ?

അല്ലെങ്കിൽ അവൾ ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടാവില്ലെ രക്തബന്ധങ്ങൾ തടസമായി വന്നാൽ അതിനെ എങ്ങിനെ മറികടക്കണമെന്ന് ?

അതോ അതിനും ചിലർ പറയുന്ന കാരണങ്ങൾ പോലെ

” എല്ലാം അറിയുമ്പോൾ ചിലപ്പോൾ സ്വന്തം ഇഷ്ടങ്ങൾക്ക് വീട്ടുകാർ സമ്മതം നൽകിയാലോ ” എന്ന ചിന്തയുടെ പുറത്താകുമോ അവളും ഇതിനു മുതിർന്നത് ?

അപ്പോൾ അവിടെയും അവനെന്ന മനുഷ്യനെയും അതുവഴി അവനുണ്ടാക്കിയേക്കാവുന്ന വേദനകളെയും കുറിച്ച് അവൾ ഒരിക്കലും ബോധവതിയല്ലെ ?

അവൾ പ്രതീക്ഷിച്ചതിനു നേർ വിവരീതമായ ഒരു സാഹചര്യമുണ്ടാവുമ്പോൾ അതിനൊരു മറുവഴി ഈ മുൻപിൻ നോക്കാതെയുള്ള വെട്ടിമുറിക്കൽ അല്ലാതെ മറ്റെരു വഴിയും അവൾക്കു മുന്നിലില്ലായിരുന്നോ ?

അതോ മാധവിക്കുട്ടിയുടെ സിദ്ധാന്തമായ

” നഷ്ടപ്പെട്ടേക്കാം എന്നാലും പ്രണയിക്കാതിരിക്കരുത് ”
എന്ന തത്വത്തെ മഹത്വവൽക്കരിക്കാൻ പുറപ്പെടുന്നതാണോ ഇവളും ?

അങ്ങിനെയാണെങ്കിലും അതിന്റെ പരിണിത ഫലമായി മറ്റൊരാളെ കൂടി വേദനിപ്പിക്കേണ്ടി വരുമെന്ന് എന്തു കൊണ്ടാണ് അവളെ പോലുള്ളവർ ചിന്തിക്കാത്തത് ?

അതോ അവരുടെ വേദനകൾക്ക് ഇത്തരക്കാൻ അത്രയേ വില കൽപ്പിക്കുന്നുള്ളൂ എന്നാണോ നമ്മൾ മനസിലാക്കേണ്ടത് ?

ഹൃദയത്തിന്റെ വേദന എല്ലാവരിലും ഒരു പോലെ ആണെന്നു എന്തു കൊണ്ട് ഇവരാരും മനസിലാക്കുന്നില്ല ?

പ്രസവ വേദനയുടെ കാഠിന്യത്തെ പറ്റി വളരെ വ്യക്തമായ ധാരണ ഉള്ള ഇവർക്കു എന്തു കൊണ്ട് അതിന്റെ ആയിരം ഇരട്ടി വേദനയേ മറ്റൊരാൾക്കു വെച്ചു നീട്ടാൻ സാധിക്കുന്നത് ?

പ്രസവ വേദനയുടെ കാഠിന്യം കുഞ്ഞിന്റെ ചിരിച്ച മുഖം കാണുന്നതോടെ മറന്നു തുടങ്ങും എന്നാൽ പ്രണയനഷ്ടത്തിന്റെ വേദന ആയുഷ്ക്കാലം മുഴുവനെടുത്താലും മാഞ്ഞു പോവുകയില്ല !

വീട്ടുകാർ എതിർത്തു നിന്നാൽ മറന്നു തുടങ്ങുന്ന സ്നേഹം മാത്രം വെച്ചാണോ ഇവർ ഒരോർത്തരേയും പ്രണയിക്കുന്നത് ?

റോമിയോ ജൂലിയറ്റ്, ലൈല മജ്നു, രമണൻ ചന്ദ്രിക ഇതൊക്കെ സൃഷ്ടികളാണെങ്കിലും അവരോടൊക്കെ വല്ലാത്തൊരു ഇഷ്ടം തോന്നുന്നത് അത്തരത്തിൽ സ്വന്തം ജീവിതത്തിലും സംഭവിച്ചിരുന്നെങ്കിലോ എന്ന മോഹം തന്നെയാണെന്നു ഇപ്പോൾ ബോധ്യമാവുന്നു,

ക്ഷണിച്ചിരുന്നെങ്കിൽ ചിലപ്പോൾ ഒന്നിച്ചു മരിക്കാൻ പോലും തയ്യാറാവുമായിരുന്ന അവനെയാണ് അവൾ വേണ്ടെന്നു വെച്ചത്

ആകാശത്തിനു കിഴെ ശ്രീമുദ്രയേ മാത്രമാണ് അന്മയ് അത്രയധികം സ്നേഹിച്ചത് അതും അവൾക്ക് അവനോടുള്ള ഇഷ്ടം ഒന്നു കൊണ്ടു മാത്രം എന്നിട്ടിപ്പോൾ എല്ലാം തുടങ്ങിവെച്ചവൾ തന്നെ എല്ലാം അവസാനിപ്പിച്ചിരിക്കുന്നു,

അവന്റെ ഹൃദയം കത്തിയെരിയുന്ന വേദനയിലും ദിവസങ്ങൾ ഒന്നൊന്നായി കടന്നു പോയി കൊണ്ടെയിരുന്നു ,

അതിനിടയിലും രണ്ടു കാര്യങ്ങൾ അന്മയ് അറിഞ്ഞു അതിൽ ഒന്ന് വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി തന്റെ അനിയത്തിയുടെ ഭാവിക്കു വേണ്ടിയാണ് അവൾ അവനെ ഒഴിവാക്കിയതെന്ന സത്യം !

രണ്ട് ശ്രീമുദ്രയുടെ വിവാഹം മറ്റൊരാളുമായി ആലോചിച്ചു ഉറപ്പിച്ചിരിക്കുന്നു എന്നും !

അന്മയുമായുള്ള പ്രശ്നം നിലനിൽക്കുന്നതു കൊണ്ട് നിശ്ചയം നടത്താതെ എത്രയും പെട്ടന്ന് നേരിട്ട് വിവാഹം നടത്താനായിരുന്നു വീട്ടുകാർ തീരുമാനിച്ചത് !

കേട്ടതെല്ലാം അവനു വിഷമം ഉണ്ടാക്കുന്നതായിരുന്നു,
അവനുള്ളിലെ പ്രയാസങ്ങളുടെ കാഠിന്യം ദിനംപ്രതി കൂടി കൂടി അവളെ എന്നെന്നേക്കുമായി നഷ്ടപ്പെടുന്നതിന്റെ വേദന സഹിക്കാനാവാതെ

മനസിൽ ആത്മഹത്യയുടെ ലാഞ്ചനകൾ പ്രത്യക്ഷപ്പെടുന്നത് മനസിലുള്ള വേദനയേക്കാൾ വലിയ ഹൃദയവേദനയോടെ അവൻ തിരിച്ചറിഞ്ഞു,

സ്നേഹത്തിന്റെ എന്തു മാന്ത്രികതയാണവൾ അവനിൽ കുത്തി നിറച്ചിരിക്കുന്നതു പോലും അവനു തിരിച്ചറിയാൻ കഴിയുന്നില്ലായിരുന്നു,

അവളോടുള്ള ഇഷ്ടത്തിന്റെ അത്ര തന്നെ ബലം അവളെ നഷ്ടപ്പെടുന്നതിലും അവന്റെയുള്ളിൽ സ്ഥാനം പിടിച്ചിരുന്നു,

ജീവിതവും മരണവും സമാസമം അവനിൽ പടർന്നു കയറി, ഒപ്പം അവളുടെ വിവാഹനാളും അടുത്തു വന്നു ,

ആ സമയം അവൻ ചിന്തിച്ചതു മുഴുവൻ വേദനയില്ലാതെ എങ്ങിനെ മരണത്തെ പുൽകാം എന്നു മാത്രമായിരുന്നു,

എന്നാൽ അവളുടെ വിവാഹത്തിനു അഞ്ചു നാൾ മാത്രം ശേഷിക്കേ പാതിരാത്രിക്ക് അവനൊരു ഫോൺ കോൾ വന്നു അവളുടെ അനിയത്തി ശ്രീഹൃദയ ആയിരുന്നു അവനെ വിളിച്ചത് !

അവൾ ഇത്രമാത്രമേ പറഞ്ഞുള്ളൂ,
“ചേട്ടായി നാളെ പുലർച്ചേ നാലുമണിയാവുമ്പോൾ ഒരു വണ്ടിയുമായി ഒന്നു വീടിനു മുന്നിൽ വരണം ”

ആ രാത്രി അവനുറക്കം വന്നതേയില്ല

എന്താണു സംഭവിക്കാൻ പോണത് എന്നവനൊരു പിടിയുമില്ല,
അവൾ വിളിച്ചിരിക്കുന്നത് ഒരവസാനക്കാഴ്ച്ചക്കു മാത്രമായിരിക്കുമോ ?

അതോ അവളുടെ വിവാഹത്തിനു വന്ന് അവളെ ബുദ്ധിമുട്ടിക്കരുതെന്ന് പറയാനോ ?

ഇനി അതുമല്ലാതെ അവളെ വിവാഹം കഴിക്കാൻ പോകുന്നവനോട് അവർ തമ്മിൽ ഒരു സൗഹൃദത്തിനപ്പുറത്ത് മറ്റൊന്നുമില്ലെന്നു പറഞ്ഞു വിശ്വസിപ്പിക്കാനോ ?

വിളിച്ചവൾ ഒന്നും പറയാത്തതു കൊണ്ട് അവനൊരുത്തരം കണ്ടെത്താൻ സാധിച്ചതേയില്ല,

എങ്കിലും അവൻ ഉറങ്ങാതെ സമയമാവുന്നതിനായി കാത്തിരുന്നു,
സമയമായതും അവൾ പറഞ്ഞ പ്രകാരം വിറ കൊള്ളുന്ന മനസ്സുമായി എണ്ണിയാലൊടുങ്ങാത്ത പ്രാർത്ഥനകളോടുമായി അവൻ അവിടെ എത്തി !

കുറച്ചു സമയം കഴിഞ്ഞതും വീടിന്റെ ഗെയ്റ്റ് തുറന്ന് അവളും അനിയത്തിയും ഒന്നിച്ചിറങ്ങി വരുന്നത് അവൻ കണ്ടു,

അവനടുത്തെത്തിയതും അനിയത്തിയാണ് അവനോടു സംസാരിച്ചത് അവൾ അവനോടു പറഞ്ഞു,

ചേച്ചിയോട് കഴിഞ്ഞതിനൊന്നും പിണങ്ങരുത് ! എത്രയും പെട്ടന്ന് ഇവിടെ നിന്നും പോകുക ഒാക്കെ ?

എന്താണ് അവിടെ സംഭവിച്ചതെന്നു പോലും ഒരു നിമിഷം അവനു തിരിച്ചറിയാനായില്ല എങ്കിലും അന്മയ് അവൾ പറഞ്ഞതിനു തലയാട്ടിയതും ശ്രീഹൃദയ ചേച്ചിയേ കെട്ടിപ്പിടിച്ച് ഉമ്മ വെച്ച് വേഗം തന്നെ ഗെയ്റ്റു കടന്നു വീടിനകത്തേക്കു പോയി !

കാര്യങ്ങളെ തിരിച്ചറിയാൻ അന്മയ് കുറച്ചു സമയമെടുത്തു എന്നാൽ നഷ്ടമായതു തിരിച്ചു കിട്ടിയതിലുള്ള സന്തോഷം മറ്റെല്ലാം മറക്കാൻ അവനു പ്രാപ്തി നൽകി അങ്ങിനെ അവനവളെയും കൊണ്ടു പെട്ടന്നു തന്നെ അവിടെ നിന്നും പോന്നു,

പിന്നെ എല്ലാം പെട്ടന്നായിരുന്നു,
വിളിച്ചാൽ കിട്ടുന്നവനെ ഒക്കെ വിളിച്ചു വരുത്തി അത്യാവശ്യമുള്ളതെല്ലാം ധൃതിയിൽ സംഘടിപ്പിച്ചു,

ശുഭമുഹൂർത്തമോ നല്ല നേരമോ ഒന്നും നോക്കിയില്ല നേരം വെളുത്തു തുടങ്ങിയപ്പോഴേക്കും അടുത്തുള്ള അമ്പലത്തിൽ കൊണ്ടു പോയി അവളുടെ കഴുത്തിൽ താലി ചാർത്തി !

അതേ തുടർന്നു ഇനി വല്ല പ്രശ്നങ്ങളും ഉണ്ടായാലോ എന്നു കരുതി നേരേ പോലീസ് സ്റ്റേഷനിൽ ഹാജരായി കാര്യം പറഞ്ഞു,

എന്നാൽ അവളുടെ വീട്ടുകാർ ആരും സ്റ്റേഷനിലേക്കു വന്നതു പോലുമില്ല,
അവളെ അവർ ഒഴിവാക്കിയെന്നു തന്നെ അവർ സ്റ്റേഷനിലേക്കു വിളിച്ചു പറഞ്ഞു,

എന്നാൽ അവളുടെ മടങ്ങി വരവ് അപ്പോഴും അവനിൽ അത്ഭുതമായി തന്നെ തുടർന്നു,

ആ രാത്രിയിൽ അവളാണ് അവനോടെല്ലാം പറഞ്ഞത് !

തമ്മിൽ പിരിഞ്ഞെങ്കിലും നഷ്ടപ്പെടലിന്റെ വേദനയേ അവളുടെ മുഖത്തു നിന്നു വായിച്ചെടുത്ത അനിയത്തി ശ്രീഹൃദയ അവളോടു ചോദിച്ചു,

ചേച്ചി ചെയ്യുന്നത് ശരിയാണെന്നു തോന്നുന്നുണ്ടോയെന്ന് ?

“എനിക്കു വേണ്ടി ഞാൻ ഒന്നും ചെയ്യുന്നില്ലല്ലോ നിനക്കും വീട്ടുകാർക്കും ഒക്കെ വേണ്ടിയല്ലെ ?”

എന്നാൽ എന്തൊക്കെ സംഭവിച്ചാലും അടുത്ത ജന്മത്തിൽ അവനെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല !

ശ്രീമുദ്രയുടെ ആ മറുപടി കേട്ടതും ഒന്നു ചിരിച്ചു കൊണ്ട് അനിയത്തി ചോദിച്ചു,

കഴിഞ്ഞ ജന്മത്തിൽ പരസ്പരം പ്രണയത്തിലായിരുന്നു ആരെങ്കിലും ഈ ജന്മത്തിലേക്കു മടങ്ങി വന്ന് തനിക്ക് നഷ്ടമായവരെ കണ്ടെത്തി വിവാഹം ചെയ്തതായി

ഇന്നേവരെ ചേച്ചി എവിടെയെങ്കിലും കേൾക്കുകയോ, കാണുകയോ, അറിയുകയോ ചെയ്തിട്ടുണ്ടോ ?

അങ്ങിനെ ഒരു ചോദ്യം അവൾ പ്രതീക്ഷിച്ചിട്ടില്ലാതിരുന്നതു കൊണ്ട് അതിനു ശ്രീമുദ്രക്കു മറുപടിയില്ലായിരുന്നു അതു കണ്ടതും അനിയത്തി വീണ്ടും ചോദിച്ചു,

ഇനി അങ്ങിനെ ഒരു സംഗതി ഉണ്ടെന്നു തന്നെ ഇരിക്കട്ടെ അങ്ങിനെയെങ്കിൽ അതു പ്രകാരം ശരിക്കും നിങ്ങൾ ഇനി കഴിഞ്ഞ ജന്മത്തിൽ ഇതുപോലെ ഒന്നിക്കാനാവാതെ അതിനായി ശരിക്കും പുനർജ്ജനിച്ചർ തന്നെ ആണെങ്കിലോ ?

അങ്ങിനെയും ആയി കൂടെന്നില്ലല്ലോ ?
അങ്ങിനെ ആണന്നോ അല്ലന്നോ പറയാനോ അതു തിരിച്ചറിയാനോ നമുക്ക് മുന്നിൽ മാർഗ്ഗങ്ങളൊന്നുമില്ലതാനും !

അതിലും വലിയ മറ്റൊരു ശരി ഈ ജന്മം തന്നെ തമ്മിൽ പരസ്പരം ഒന്നിക്കാൻ സാധിക്കും എന്നിരിക്കേ അതിനു ശ്രമിക്കാതെ വീണ്ടും അടുത്ത ജന്മത്തിനായി കാത്തിരിക്കുന്നതും ഒരു നേരായ പ്രവൃത്തിയാണോ ?

ഇനി അതിനോടൊപ്പം മറ്റൊരു കാര്യം കൂടി പറയാം,

ചേച്ചി അവനു വേണ്ടി അടുത്ത ജന്മം വരെയും കാത്തിരിക്കാൻ തയ്യാറാക്കുന്നുണ്ട് എങ്കിൽ ഈ ജന്മത്തിൽ ചേച്ചി അവനെ അത്രമാത്രം ഇഷ്ടപ്പെടുന്നുണ്ടെന്നും ആഗ്രഹിക്കുന്നുണ്ടെന്നും കൂടിയല്ലെ ഇതിനോടൊപ്പം കൂട്ടി വായിക്കേണ്ടത് ?

അതു കൊണ്ടു തന്നെ ചേച്ചി ഈ പറഞ്ഞ കാരണം ഒരു താൽക്കാലിക ആശ്വാസത്തിനു വേണ്ടി മാത്രം സ്വയം സൃഷ്ടിച്ചെടുത്തതാണെന്ന് കൂടി വളരെ വ്യക്തമല്ലെ ?

ചേച്ചിക്കു തന്നെ അറിയാം ചേച്ചി ഈ പറഞ്ഞതെല്ലാം വെറും പാഴ് വാക്കുകൾ മാത്രമായിരുന്നു എന്ന് !

അടുത്ത ജന്മത്തിൽ ഇനി ഇങ്ങനെ ഒരു കാര്യം സംഭവിക്കണമെങ്കിൽ തന്നെ നിങ്ങളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്ന ഇതേ വികാരങ്ങൾ തുടർന്നും അടുത്ത ജന്മത്തിൽ അതു പോലെ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്,

അതിന്റെ ഭാഗമായി മാത്രമേ ഒരു തുടർ കണ്ടുമുട്ടലും തിരിച്ചറിയലും നഷ്ടമായ പ്രണയത്തെ തിരിച്ചറിഞ്ഞുള്ള വീണ്ടെടുക്കലും ഒപ്പം പഴയ പോലെ ഒരിക്കൽ കൂടി സ്നേഹിക്കപ്പെടുക എന്നതും സാധ്യമാവുകയുള്ളൂ,

അതിനും നിങ്ങളുടെ ജീവനിൽ പഴയ ഉണർവുകൾ ഒരിക്കൽ കൂടി നിങ്ങളിൽ ഉടലെടുത്തേ പറ്റൂ അതിനും നിങ്ങൾ ഇതേ സ്ഥലത്ത് ഇതേ അച്ഛനും അമ്മക്കും ഇതേ മക്കളാമായി ജനിച്ച്

ഇതേ അവനെന്ന കാമുകനെ കണ്ടെത്തേണ്ടതുണ്ട് അതു മറ്റെന്തിനേക്കാളും അതിശയകരമാം അസാധ്യമായ സാധ്യതയാണ് !

ഇതിൽ നിന്നെല്ലാം വീണ്ടും പരസ്പരം പഴയ പോലെ സ്നേഹിക്കാൻ കഴിയും വിധം ഒരു ജന്മം കൂടി ഉണ്ടാവുകയില്ലെന്ന് വളരെ വ്യക്തമാണ് !

ഇതെല്ലാം ചേച്ചിക്കും അറിയാവുന്ന വസ്തുതയാണ് അതു കൊണ്ടു തന്നെ ഈ ജീവിതത്തിനപ്പുറം അയാളെ ഇനി ഒരിക്കലും കാണാനോ, കേൾക്കാനോ, അറിയാനോ,

ആഗ്രഹിക്കാനോ സ്വന്തമെന്നു കരുതി ഒന്നു നോക്കുവാനോ പോലും കഴിയില്ലെന്നുള്ള സങ്കടമാണ് ചേച്ചിയിലുള്ളത് !

അതിനാണ് ഒരിക്കലും സംഭവിക്കാത്തതും എന്നാൽ ആഗ്രഹിക്കുമ്പോൾ അൽപ്പമെങ്കിലും ആശ്വാസം പകർന്നു നൽകിയേക്കാവുന്നതുമായ ഇത്തരം ഒരു വിദൂരസാധ്യതയെ സാധ്യതയായി സങ്കൽപ്പിച്ച് സ്വന്തം വിഷമങ്ങൾ ഉള്ളിൽ ഒളിപ്പിക്കാൻ ചേച്ചി ശ്രമിക്കുന്നത് !

അച്ഛനും അമ്മയും ജന്മം കൊണ്ടു കൈവരുന്ന സൗഭാഗ്യമാണ്,

ചിലപ്പോൾ നമ്മുടെ ചില വലിയ മോഹങ്ങളെ നേടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ആ ബന്ധത്തിനു ചില കൊട്ടങ്ങൾ തട്ടിയേക്കാം എന്നാലാബന്ധത്തെ തീർത്തും നഷ്ടപ്പെടുത്താനാവും വിധം ശക്തിയൊന്നും ഇത്തരം കാര്യങ്ങൾക്കില്ല,

എത്ര ശ്രമിച്ചാലും പരസ്പരം പൂർണ്ണമായും വേർപ്പെടുത്താനാവാത്ത ബന്ധങ്ങളിലൊന്നാണത് !

പിന്നെ എന്റെ കാര്യം ഒാർത്തു ചേച്ചി വിഷമിക്കണ്ട ചേച്ചി ഒാടിപോയി എന്നു പറഞ്ഞു എന്നെ കെട്ടാൻ വിസമ്മതിക്കുന്നവനെ കെട്ടാൻ എനിക്കും താൽപ്പര്യമില്ല,

എന്നെ ഞാനായി കാണുന്നവനു താലി കെട്ടാൻ കഴുത്തു നീട്ടി കൊടുക്കാനാണു എനിക്കിഷ്ടം !

അതു പോലെ എനിക്കും ഇനി ഇതു പോലെ ആരോടെങ്കിലും ഇഷ്ടം തോന്നിയാൽ ഞാൻ അവനോടൊപ്പം ഇറങ്ങി പോകില്ല എന്നതിന് ഒരു ഗ്യാരണ്ടിയും തരാനും എനിക്കു കഴിയില്ല !

ആർക്കെങ്കിലും ഒക്കെ വേണ്ടി വേണ്ടന്നു വെക്കേണ്ടതല്ല നമ്മുടെ ഇഷ്ടം കാരണം മനസിന്റെ അത്രയധികം ചോദ്യങ്ങളെയും കടമ്പകളെയും മറി കടന്നാണ് ഒരാളെ നമ്മുടെ മനസ്സു പൂർണ്ണ മനസ്സോടെ സ്വീകരിക്കുന്നത് അത് നമ്മൾക്കു മനസിലായില്ലെങ്കിൽ മറ്റാർക്കും അതു മനസിലാവില്ല,

അതിനു മറ്റൊരു കാരണം കൂടിയുണ്ട് നമ്മുടെ ഇഷ്ടങ്ങളും, ആഗ്രഹങ്ങളും, മോഹങ്ങളും, ആവശ്യങ്ങളും ഒക്കെ ചേർത്ത് ഏറ്റവും കൂടുതൽ സംസാരിക്കുന്നത് നമ്മൾ സ്വയം നമ്മളോടു തന്നെയാണ്,

അങ്ങിനെ വരുമ്പോൾ നമ്മളോള്ളം നമ്മളെ അറിയുന്നവരും മനസിലാക്കുന്നവരും വേറെയില്ല നമ്മുടെ ആവശ്യങ്ങളെയും ഇഷ്ടങ്ങളെയും അപ്പോൾ കൂടുതലായി അറിയാൻ കഴിയുന്നതും

നമ്മൾക്കു മാത്രമാണ് ആ നമ്മൾ നമ്മളെ സ്വയം ചതിക്കാൻ കൂട്ടു നിന്നാൽ നമുക്ക് നഷ്ടപ്പെടുന്നതും യദാർത്ഥ നമ്മളെ തന്നെയാണ് !

അതു കൊണ്ട് ശരിക്ക് ആലോചിക്കുക ആഗ്രഹിച്ച ജീവിതം തന്നെ വേണമോ വേണ്ടയോ എന്ന് !

കെട്ടാൻ വരുന്നവന് ചേച്ചിയേ അല്ലെങ്കിൽ മറ്റൊരുവളെ കിട്ടും ചേച്ചിയേ കിട്ടിയില്ലെന്നു കരുതി അവൻ വേറെ കെട്ടാതിരിക്കുകയൊന്നുമില്ല,

ഇഷ്ടമുള്ള ഒരാളെ നഷ്ട്ടപ്പെടുത്തി കഷ്ടപ്പെട്ട് ഒരാളെ ഇഷ്ടപ്പെടേണ്ട കാര്യമുണ്ടോ ?!

ഒരാളെ ജീവിതമായി കണ്ട് സ്നേഹിക്കാൻ സാധിക്കുന്നില്ലായെങ്കിൽ രണ്ടു പേർ ചേർന്ന് ഒരിക്കലും ഒരേ സ്വപ്നം കാണാൻ ശ്രമിക്കരുത് !

നമ്മളെ അന്തമായി സ്നേഹിക്കുന്നവരോടു നമ്മൾ ചെയ്യുന്ന ഏറ്റവും വലിയ പാപമാണത് !

അവസാന നിമിഷം വെച്ച് കാലുമാറിയെന്ന ചീത്തപേര് എന്തായാലും നമുക്കങ്ങ് മാറ്റാം,

ജീവിതമായാലും പ്രണയമായാലും അതിനി ഏതൊരു കാര്യമായാലും അവസാനം നല്ലതാവുമ്പോഴേ എല്ലാം നല്ലതാവുകയുള്ളൂ !

നമ്മൾ എടുക്കാൻ ഉദേശിക്കുന്ന തീരുമാനം ഏറ്റവും ഉത്തമമായ ഒന്നാണെങ്കിൽ എത്ര വൈകിയാലും അവസാന നിമിഷം വരെ നമുക്കതിനുള്ള സമയമുണ്ട് !

തുടർന്നാണ് ആ രാത്രി ഫോൺ എടുത്ത് ശ്രീഹൃദയ അവനെ വിളിച്ചത് എന്ന് ശ്രീമുദ്ര പറഞ്ഞു നിർത്തിയപ്പോൾ,

ഹൃദയം നിറഞ്ഞു തൂവിയ സന്തോഷം കൊണ്ട് മതിമറന്നവളെ നോക്കുന്ന അന്മയിനെയാണ് അവൾ കണ്ടത് ! തുടർന്ന് അവളിലേക്കു ചേർന്നിരുന്ന്
അന്മയ് അവളുടെ മുഖം തന്റെ ഇരു കൈകളിലുമായി ചേർത്തു പിടിച്ച് അവളുടെ നെറുകയിൽ ചുംബിച്ചു കൊണ്ട് ശ്രീമുദ്രയോടു പറഞ്ഞു,

ഇനി നീ നിന്റെ അനിയത്തിയെ കാണുമ്പോൾ ഈ മുത്തം നീ അവൾക്കു കൊടുക്കണമെന്ന് !

അതു കേട്ടതും അവന്റെ വാക്കുകൾക്കു സമ്മതമായി ഇനിയൊരിക്കലും മറ്റൊന്നിനു വേണ്ടിയും അവനെ വിട്ടു പോവില്ലെന്ന പൂർണ്ണമായ വിശ്വാസത്തോടെ അവളവനെ ഗാഢമായി പുണർന്നു.

Leave a Reply

Your email address will not be published. Required fields are marked *