സ്വന്തം ഭർത്താവു പോലും അവളുടെ ഉള്ളിലെ അമ്മയേ മനസിലാക്കാൻ ശ്രമിച്ചില്ലായെന്നതു ഒരു ഞെട്ടലോടെയാണവൾ..

(രചന: Pratheesh)

ആത്മജാ.., നീയെന്തു പറഞ്ഞാലും ശരി നമുക്കീ കുഞ്ഞിനെ വേണ്ട ! നീയിതു മറന്നേക്ക് !

ഡോക്ടർ തന്നെ പറയുന്നു നിനക്ക് ഇതിനുള്ള ആരോഗ്യസ്ഥിതി ഇല്ലെന്ന് ! എനിക്ക് റിസ്ക്ക് എടുക്കാൻ പറ്റില്ല നമുക്കിത് ഒഴിവാക്കാം !

ആത്മജ എത്ര ശ്രമിച്ചിട്ടും
വിധേയ് തന്റെ തീരുമാനത്തിൽ തന്നെ ഉറച്ചു നിന്നു പ്രായവും ആരോഗ്യസ്ഥിതിയും ശരീരത്തിലെ ഷുഗറിന്റെ അളവിലുള്ള ക്രമാതീതമായ വർദ്ധനവും കാരണം

ഡോക്ടർ പോലും അതൊഴിവാക്കുന്നതാണ് നല്ലതെന്നു പറഞ്ഞപ്പോൾ സ്വന്തം ഭർത്താവു പോലും അവളുടെ ഉള്ളിലെ അമ്മയേ മനസിലാക്കാൻ ശ്രമിച്ചില്ലായെന്നതു ഒരു ഞെട്ടലോടെയാണവൾ തിരിച്ചറിഞ്ഞത് !

ഏതവസ്ഥയിലും താങ്ങും തണലുമായി മാറേണ്ടവർ തന്നെ വിലങ്ങുതടിയായി മുന്നിൽ നിവർന്നു നിന്നതോടെ അവളുടെ ആ മോഹവും തുടങ്ങിയയിടത്തു തന്നെ അവസാനിക്കാൻ തുടങ്ങുകയാണെന്ന യാഥാർത്ഥ്യം ഹൃദയത്തിന്റെ ഏറ്റവും ആഴത്തിലൂന്നിയ വേദനയോടെ അവൾ മനസിലാക്കി,

ആദ്യ പ്രസവത്തിനു ശേഷം പത്തു വർഷം കഴിഞ്ഞാണ് തീരാ പ്രതിസന്ധികളുടെ കടമ്പകൾ ഏറെ കടന്നവൾ വീണ്ടും ഗർഭിണി ആയതു തന്നെ, അതു ഭർത്താവായ വിധേയ്ക്കും വളരെ വ്യക്തമായി അറിയാവുന്നതാണ്,

എന്നിട്ടും തന്റെ ഉള്ളിൽ മൊട്ടിട്ട ആ ജീവന്റെ തുടിപ്പിനെ ഹൃദയം തൊട്ടറിഞ്ഞ് സ്നേഹിച്ച് വീണ്ടും അമ്മയാവാനുള്ള തന്റെ ആഗ്രഹത്തിനു സ്വന്തം ഭർത്താവു പോലും എതിരായത് അവൾക്കു സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു,

അവരുടെയൊക്കെ തീരുമാനങ്ങൾക്കു മുന്നിൽ എന്തു ചെയ്യണമെന്നറിയാതെ തകർന്നടിയാൻ തുടങ്ങുകയായിരുന്നു അവളപ്പോൾ,

പ്രഗ്നൻസി ടെസ്റ്ററിൽ രണ്ടു ചുവന്ന വരകൾ തെളിഞ്ഞപ്പോൾ മനസിലുണ്ടായ സന്തോഷത്തിനു ഇത്രയും വലിയൊരു തിരിച്ചടിയുണ്ടാവുമെന്നവൾ സ്വപ്നത്തിൽ പോലും കരുതിയതല്ല,

താൻ വീണ്ടും ഒരമ്മയാവുകയാണെന്നതിന് വെറും മണിക്കൂറുകളുടെ ആയുസേ ഉണ്ടായിരുന്നുള്ളുയെന്ന് അവൾക്കപ്പോഴും വിശ്വസിക്കാനെ കഴിയുന്നില്ലായിരുന്നു,

പക്ഷേ വിധി ഡോക്ടറുടെ രൂപത്തിൽ പോലും അവൾക്കെതിരായി, ഡോക്ടറേ കുറ്റം പറഞ്ഞിട്ടു കാര്യമില്ല പിറക്കാൻ പോകുന്നവരേക്കാൾ ജീവിച്ചിരിക്കുന്നവർക്കാണ് അവരെപ്പോഴും മുൻഗണന നൽകുക !

സ്വന്തം ഉദരത്തിൽ പിറവിയെടുത്ത ജീവനു വേണ്ടി ആവശ്യമെങ്കിൽ സ്വന്തം ജീവൻ പോലും പകരം കൊടുക്കാൻ ആത്മജ തയ്യാറായിരുന്നു എന്നാൽ ചുറ്റുമുള്ളവർ എതിരാവുമ്പോൾ അവൾക്കെന്തു ചെയ്യാനാവും ?

ജോലിയിൽ നിന്നു പോലും അടുത്ത കുറച്ചു കാലത്തേക്ക് പൂർണ്ണമായും ലീവെടുത്തു കൊണ്ട് പിറക്കാൻ പോകുന്ന ആ ജീവനു വേണ്ടി

സദാസമയവും എല്ലാ വിധ കരുതലോടെയും കാവലിരിക്കാമെന്നു പറഞ്ഞിട്ടും കേണപേക്ഷിച്ചിട്ടും അവൾ പറഞ്ഞ ആ വാക്കുകളൊന്നും തന്നെ വിധേയിയുടെ മനസിലോ കാതിലോ പതിഞ്ഞില്ല,

അതെ സമയം അവളുടെ അപേക്ഷകളെ വാക്കുകൾ കൊണ്ടു സമാധാനപ്പെടുത്തുന്നതിനു പകരം അവളെ ഭയപ്പെടുത്തുകയും മൗനിയാക്കുകയും ചെയ്യും വിധം അതിശക്തമായ നോട്ടങ്ങൾ കൊണ്ടവളെ കീറിമുറിക്കാൻ ആണു വിധേയ് അപ്പോൾ ശ്രമിച്ചത് !

വേണ്ടാ” എന്ന തീരുമാനത്തിൽ അത്ര ശക്തമായി തന്നെ വിധേയ് നിലകൊണ്ടിരുന്നു !

വിധേയ് തന്നെ തടയാൻ ശ്രമിക്കുന്നത് തന്നോടുള്ള സ്നേഹം കൊണ്ടാണോ അതോ ഇതുവഴി തനിക്കെന്തേങ്കിലും സംഭവിച്ചാൽ ഇതുപോലൊരു ജീവിതം വീണ്ടും കെട്ടിപ്പടുക്കുന്നതിന് സാധിക്കാതെ വരുമോയെന്ന ഭയം കൊണ്ടാണോ എന്നു പോലും അവൾക്കൊരു നിശ്ചയമില്ലായിരുന്നു,

എല്ലാം കണ്ടും കേട്ടും അറിഞ്ഞും മറ്റു വഴികളില്ലാതെ ആ ആശുപത്രി വരാന്തയിൽ ഉമിതീ കണക്കേ സ്വയം നീറി നീറി അവൾ ഒറ്റക്കിരുന്നു,

ആരും തന്നെ മനസിലാക്കാൻ തയ്യാറല്ലെന്നും ഒപ്പം തന്റെ നിലവിലെ ജീവിതത്തെ പോലും ഇതു ബാധിച്ചേക്കാം എന്നു മനസിലാക്കിയും,

തനിക്കു മുന്നിൽ ആ കുഞ്ഞിനെ ഒഴിവാക്കുക എന്നതു മാത്രമാണു ഏകവഴി എന്നതും തിരിച്ചറിഞ്ഞ് മനസ്സില്ലാ മനസ്സോടെ അവസാനം മറ്റുള്ളവരുടെ ആവശ്യത്തിനു മുന്നിൽ വഴങ്ങി കൊടുക്കാം എന്നവൾക്കു ആ ഹോസ്പ്പിറ്റൽ വരാന്തയിൽ വെച്ചു തന്നെ തീരുമാനിക്കേണ്ടതായും വന്നു,

എന്നാൽ തിരിച്ച് ഡോക്ടറുടെ മുറിയിലെത്തിയ അവൾക്ക് അതിലും കഠിനമായ ഒരു പരീക്ഷണത്തേയായിരുന്നു അടുത്തതായി നേരിടേണ്ടി വന്നത്,

വീണ്ടും ഒരാഴ്ച്ചയോള്ളം ആ ജീവനെ ഉദരത്തിൽ തന്നെ ചുമക്കണമെന്നും എന്നാൽ മാത്രമേ ആ ജീവനെ ഒഴിവാക്കുന്നതിനുള്ള വളർച്ച പോലും ആ ജീവനു കൈവരുകയുള്ളു എന്നു കൂടി ഡോക്ടർ പറഞ്ഞതും,

തന്റെ ഉദരത്തിൽ പിറവി കൊണ്ട ആ ജീവനെ വളർത്തി പാകമാക്കി കൊല്ലുക എന്ന ധാരുണമായ ഒരു നിന്ദക്കു കൂടി കൂട്ടു നിൽക്കണമെന്ന് അറിഞ്ഞതോടെ അവൾ ശരിക്കും തളർന്നു പോയി,

മുന്നിൽ മറ്റു മാർഗ്ഗങ്ങളൊന്നുമില്ലന്നും അതിനും അവൾ തയ്യാറായേ പറ്റുയെന്നും മനസിലായതോടെ വീണ്ടും പുതിയൊരു പാപകറയുടെ നീറ്റൽ കൂടി വേദനയായി അവളുടെ നെഞ്ചിൽ കത്തിയെരിയാൻ തുടങ്ങി,

അങ്ങിനെ കൊലപ്പെടുത്താനായി അവൾ ആ ജീവനെ പിന്നെയും ഉദരത്തിൽ ചുമക്കേണ്ടതായി വന്നു, അതായിരുന്നു അവൾക്ക് ഏറെ കഠിനവും, പ്രയാസകരവും !

ഡോക്ടറുടെ മുറിയിൽ നിന്നു പുറത്തിറങ്ങുമ്പോൾ സംഭവിക്കാൻ പോകുന്ന വിപത്തിനെയോർത്ത് അവളുടെ പെരുവിരൽ മുതൽ നെറുംതല വരെ വിറ കൊള്ളുന്നുണ്ടായിരുന്നു,

തുടർന്നു വന്ന ഒരോ ദിനവും താനെന്തിനീ ക്രൂരതക്കു കൂട്ടു നിൽക്കുന്നു എന്ന ചിന്ത ഒരോ നിമിഷവും അവളിൽ ഒരു തീയായി ആളിക്കത്തി, ആ നിമിഷങ്ങളിലൊക്കയും ആ തീയിൽ അവൾ സ്വയം വെന്തമരുകയായിരുന്നു,

പലപ്പോഴും ഉള്ളിലെ തുടിപ്പിനെ ശിഥിലമാക്കാൻ കാത്തിരിക്കുന്നവരിൽ നിന്നു എങ്ങോട്ടെങ്കിലും ഒാടി പോയാലെ എന്നുവരെ അവൾ ചിന്തിച്ചു,
പക്ഷേ ആ ചിന്തയുടെയൊന്നും അതേ ഊർജ്ജത്തോടെ അവൾക്കതിനൊന്നും സാധിച്ചതുമില്ല,

പത്തു വർഷത്തിന്റെ ഇടവേളക്കൊടുവിൽ സ്വപ്നതുല്യം വന്നു കയറായ ആ സ്നേഹനിധിയേ നഷ്ടപ്പെടാൻ പോകുന്നതിന്റെ ദു:ഖം താങ്ങാനാവാതെ ശരീരത്തിന്റെ ഒരോ സുഷിരങ്ങളിലും വേദനയുടെ സൂചികൾ തുളച്ചു കയറുന്നതവൾ അറിയുന്നുണ്ടായിരുന്നു,

ദിവസം ചെല്ലുന്തോറും വിശപ്പോ, ദാഹമോ, ക്ഷീണമോ ഒന്നും അവളെ ബാധിക്കാതെയായി, എന്നിട്ടും വിധേയ് അതൊന്നും കണക്കിലെടുക്കുകയോ ശ്രദ്ധിക്കുകയോ ചെയ്തില്ല,

അവളിലെ ഉറക്കം പോലും കുറഞ്ഞു കുറഞ്ഞില്ലാതെയായി, എപ്പോഴെങ്കിലും ഒന്നു തളർന്നുറങ്ങിയാൽ പോലും ഒരു ജീവനു വേണ്ടി വഴിപാടു നേർന്നു നടക്കുന്ന ഒരായിരം മുഖങ്ങൾ അവളുടെ സ്വപ്നങ്ങളിൽ സ്ഥിരം കാഴ്ച്ചയായി വന്നവളെ ഞെട്ടിയുണർത്തി കൊണ്ടെയിരുന്നു,

ആ ഒരോ ദിവസങ്ങളും ഒരോ പ്രസവകാലങ്ങൾക്കു തുല്യമായ കാലയളവായി അവൾക്കനുഭവപ്പെട്ടു,
ഏഴു ദിവസങ്ങൾ ഏഴു യുഗങ്ങളായും !

ആ ജീവന്റെ രക്ഷക്കായി എല്ലാ വിധത്തിലും അവൾ ഉള്ളുരുകി പ്രാർത്ഥിച്ചുവെങ്കിലും പക്ഷേ നിരാശയായിരുന്നു ഫലം !

ഏഴാം നാൾ ഒപ്പറേഷൻ തിയ്യേറ്ററിലെ ടേബിളിൽ ആ ജീവനു കത്തിവെക്കാനായി കിടന്നു കൊടുക്കുമ്പോൾ ചുട്ടുപ്പൊള്ളുന്ന മണൽത്തരികൾക്കു മേൽ കിടക്കും വിധം അവളുടെ മേലാസകലം പൊള്ളുന്നുണ്ടായിരുന്നു,

അനസ്തേഷ്യയുടെ ആലസ്യത്തിൽ പോലും ആ ജീവൻ അവളെ വിട്ടകന്നു പോകുന്നതിന്റെ വേദന അവളിൽ തളം കെട്ടി നിന്നു,

എല്ലാറ്റിനും ശേഷം വീണ്ടും തനതായ ഒാർമ്മകളിലെക്ക് പൂർണ്ണമായി എത്തിച്ചേർന്ന നിമിഷം വേദനയും സങ്കടവും കൊണ്ടവൾ പൊറുതിമുട്ടി ! ഹൃദയം തീർത്തും ശ്യൂന്യമായ അവസ്ഥയിലേക്കവൾ എത്തിപ്പെട്ടു,

എല്ലാവരുടെ മുഖത്തും സന്തോഷം കളിയാടിയപ്പോൾ അവളിൽ മാത്രം വേദനയുടെ തിരമാലകൾ മാത്രം അലയടിച്ചു കൊണ്ടെയിരുന്നു, കുഞ്ഞിനെ നഷ്ടപ്പെട്ടതിനേക്കാൾ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്താൻ കൂട്ടു നിന്നവൾ എന്നതാണവളെ ഏറെ വേദനിപ്പിച്ചത് !

വേദനകൾ മാത്രം പൂക്കുന്നൊരു പൂമരമായാണവൾ ആ ആശുപത്രി കിടക്ക വിട്ട് വീടെത്തിയത് ! നാളുകൾ ഏറെ കഴിഞ്ഞും ആ മനസ്താപം അവളെ വിട്ടകന്നില്ല, ആ നഷ്ടം അവളിൽ അത്ര ആഴത്തിൽ പതിഞ്ഞിരുന്നു,

ചുറ്റിലുമുള്ള ഒന്നിലും അവൾക്കു സന്തോഷം കണ്ടെത്താനായില്ല എന്നതിനേക്കാൾ ഒന്നിലും അവൾ അതു കണ്ടെത്താൻ ശ്രമിച്ചില്ല എന്നതും വലിയൊരു ശരിയാണ് !

ഇതിനിടയിൽ അതുവരെയും അവളെ ശ്രദ്ധിക്കാതിരുന്ന ഭർത്താവ് ഇതിനു ശേഷം അവളുടെ മനോഭാവങ്ങളിൽ വെറി പൂണ്ട് അവളെ പലപ്പോഴും ശകാരിച്ചെങ്കിലും അതൊന്നും അവളെ തെല്ലും വേദനിപ്പിക്കുകയോ പഴയ ആത്മജയാക്കി മാറ്റുകയോ ചെയ്തില്ല !

ആരോടും മിണ്ടാട്ടമില്ലാതെ ഒാഫീസിലും പോകാതെ എപ്പോഴും ഏകാകിനിയായി മാറി കഴിയാൻ തുടങ്ങിയതോടെ അവൾ മനോവിഷമത്തിന്റെ അങ്ങേയറ്റം വരെ ചെന്നെത്തി,

ദിവസം ചെല്ലും തോറും അതിന്റെ തോത് ഏറി വരുന്നത് അവളും സ്വയം അറിയുന്നുണ്ടായിരുന്നു,

ജീവിക്കാൻ ആശയില്ലാത്തവളെപ്പോലെ ആയിരുന്നു ആദ്യമൊക്കെ അവളതിനെ കണ്ടതെങ്കിലും പിന്നീട് അതവളിൽ മൊത്തത്തിൽ ഇരുട്ടു പരത്താൻ തുടങ്ങിയതോടെ ആ അവസ്ഥയും അവളിൽ ഭയം ജനിപ്പിക്കാൻ തുടങ്ങി,

എന്നാലതിൽ നിന്നു പുറത്തു കടക്കണമെന്നു മനസ്സവളോടു പറയുന്നുണ്ടായിരുന്നെങ്കിലും അതിനും അവൾക്കു സാധിക്കുന്നുണ്ടായിരുന്നില്ല,

ദിവസങ്ങൾ നീങ്ങിയതോടെ അവൾക്കു പോലും അവളെ അതിൽ നിന്നു മോചിപ്പിക്കാൻ സാധിക്കുന്നില്ലെന്നു വന്നതോടെ അവളിലെ ഭയം ഇരട്ടിയായി, അവളെ അവൾക്കു തന്നെ നഷ്ടപ്പെടുകയാണെന്നു മനസിലായതോടെ അവൾ മറുവഴികൾ തിരയാൻ തുടങ്ങി,

ഇപ്പോൾ അവൾ സഞ്ചരിക്കുന്ന വഴിയിലൂടെ ഇനിയും കുറെ ദൂരം കൂടി പോയാൽ എല്ലാം കൈവിട്ടു പോയേക്കുമെന്ന് ഉറപ്പായതോടെ ആത്മജ അവളുടെ കൂട്ടുകാരി ഇഷികയേ വിളിച്ച് ഈ അവസ്ഥയിൽ നിന്നു എങ്ങിനെയെങ്കിലും ഒന്നു പുറത്തു കടക്കുന്നതിനായി എന്തെങ്കിലും സഹായം ചെയ്യണമെന്നാവശ്യപ്പെട്ടു !

കൂട്ടുകാരിക്കും എന്തു ചെയ്യണമെന്ന് വലിയ പിടിയില്ലായിരുന്നു എന്നാലും ഏതു വിധേനയും ഒരു വഴി കണ്ടെത്താമെന്നു പറഞ്ഞതോടെ എവിടെയോ ഒരാശ്വാസം ആത്മജയിലും നിറഞ്ഞു !

സംഭവിച്ചു കൊണ്ടിരിക്കുന്നതിൽ നിന്നെല്ലാം എന്തെങ്കിലും ഒരു രക്ഷ വേണമെന്നു സ്വയം തോന്നി തുടങ്ങിയതോടെ അതുവരെയും ഒഴിവാക്കി വെച്ച ഫോണിലെ ഫേസ്ബുക്കും വാട്ട്സാപ്പും ഇൻറ്റായും ഒക്കെ പിന്നെയും അവൾ തുറന്നു,

ചുമ്മാ സ്ക്രോൾ ചെയ്തു പോകുന്നതിനിടയിലാണ് ഫേസ്ബുക്കിലെ ഒരു കഥ അവളുടെ ശ്രദ്ധയിൽ പെട്ടത് വായിച്ചു വന്നപ്പോൾ ആ കഥക്ക് തന്റെ ഇപ്പോഴത്തെ ജീവിതവുമായി നേരിയ സാമ്യമുണ്ടെന്നു തോന്നിയതോടെ അതെഴുതിയ ആളെ അവൾ ഫ്രണ്ടാക്കി,

ആ കഥയിൽ തോന്നിയ സംശയങ്ങളെന്ന പേരിൽ തന്റെ പ്രശ്നങ്ങളുടെ ചെറിയൊരു ഭാഗം അയാളുമായി അവൾ പങ്കുവെച്ചു സംസാരിച്ചതോടെ അതിനു പരിഹാരമായി അവൻ മുന്നോട്ടു വെച്ച ചില നിർദേശങ്ങൾ അവൾക്കു കുറച്ചാശ്വാസം ലഭിക്കുന്നവയായിരുന്നു,

അതിനേക്കാളൊക്കെ ഏറെ തന്നെ താനായി കേൾക്കാൻ ഒരാളുണ്ടായതിൽ അവൾക്കപ്പോൾ വലിയ ആശ്വാസം തോന്നുകയും ചെയ്തു,

അതിനിടയിൽ കുറച്ചു ദിവസത്തിനു ശേഷം കൂട്ടുകാരി വന്ന് ഒരു ഡോക്ടർ ഉണ്ടെന്നും അയാളെ കാണാമെന്നും പറഞ്ഞു, എന്നാൽ അയാൾ ഒരു പ്രത്യേക ടൈപ്പാണെന്നും മിക്ക ആളുകൾക്കും അയാളുടെ രീതികളെ ഉൾക്കൊള്ളാൻ കഴിയാറില്ലെന്നും,

അയാൾക്കു തോന്നുന്ന കാര്യങ്ങൾ പേഷ്യൻസ് ഏതു വിധത്തിൽ ഉൾക്കൊള്ളും എന്നൊന്നും നോക്കാതെ തുറന്നടിച്ചു പറയുന്ന ടൈപ്പാണെന്നും, എന്നാൽ അയാളുടെ രീതികളെ ആശ്രയിച്ച ചിലർക്ക് അതിന്റെ ഗുണം ഉണ്ടായിട്ടുണ്ടെന്നും കൂട്ടുകാരി പറഞ്ഞു !

എന്നിട്ടും സംശയം തീരാതെ ഈ ഡോക്ടറേ തന്നെ വേണമോ ? എന്നവൾ ചോദിച്ചതും,
ആത്മജ അവളെ ഒന്നു നോക്കിയതും കൂട്ടുകാരി പറഞ്ഞു,

എഫ്രോം ഫെലിക്സ് എന്നാണയാളുടെ പേരെന്നും എന്നാൽ അയാളുടെ ഇത്തരം രീതികൾ കൊണ്ട് നാട്ടുകാർ അയാളെ
“പ്രാന്തൻ ഡോക്ടറെന്നാണ് ”
വിളിക്കുന്നതെന്നും പറഞ്ഞപ്പോൾ ആത്മജ ഒന്നു ചിരിച്ചു,

തുടർന്നവരൊന്നിച്ച് ഡോക്ടറുടെ അടുത്തു ചെല്ലുമ്പോൾ ഡോക്ടറുടെ കൂടെ ജൂനിയർ ലേഡി ഡോക്ടർ ബെർണീസ് റൂബനും ഉണ്ടായിരുന്നു,

ആത്മജ അവളുടെ പ്രശ്നങ്ങളെല്ലാം ഡോക്ടറോടു തുറന്നു പറയുകയും അതോടൊപ്പം ആ സമയം ഒരു ഫെയ്സ്ബുക്ക് സുഹൃത്ത് അവളുടെ ജീവിതത്തിലേക്ക് കടന്നു വന്നതടക്കമുള്ള കാര്യങ്ങളും പറഞ്ഞു,

എല്ലാം കേട്ടു ഒന്നു വിലയിരുത്തിയ ശേഷം ഡോക്ടർ കുറച്ചു നേരം ആത്മജയേ തന്നെ നോക്കിയിരുന്ന ശേഷം വളരെ സ്ട്രെയിറ്റായി തന്നെ അവളോടു പറയുന്നു,

നിങ്ങൾ ഇപ്പോൾ ചെയ്യുന്നതെല്ലാം ഒരു വിധത്തിൽ തെറ്റാണ് !

കാരണം നിങ്ങൾ നിങ്ങൾക്കു ജനിക്കാതെ പോയ കുഞ്ഞിനെ ഒാർത്തു ദു:ഖിച്ചും വേവലാധിപ്പെട്ടും ഇരിക്കുക വഴി പത്തു വയസ്സു മാത്രം പ്രായമുള്ള നിങ്ങളുടെ മകനെയും കൂടിയാണ് ഇതുവഴി മറന്നു പോകുന്നത് !

നിങ്ങൾ സമ്മതിച്ചാലും ഇല്ലെങ്കിലും നിങ്ങൾ ഇപ്പോൾ വാശി തീർത്തു കൊണ്ടിരിക്കുന്നത് ആ കുഞ്ഞിനെ വേണ്ടന്നു വെച്ച നിങ്ങളുടെ ഭർത്താവിനോടാണ് !

നിങ്ങളുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താവും അയാൾ ചിലപ്പോൾ അതിനു തയ്യാറായിട്ടുണ്ടാവുക,
എന്നാൽ ആ കാര്യങ്ങൾ നിങ്ങളെ പറഞ്ഞു മനസിലാക്കുന്നതിൽ അയാൾ പരാജയപ്പെട്ടു ,

ഒപ്പം അയാൾ അതിനായി നിങ്ങളോടു നിലകൊണ്ട രീതിയും ഏകപക്ഷ തീരുമാനവും അതിന്റെ നേർവഴി ആയിരുന്നില്ല എന്നതും ശരിയാണ്,

അതിനു ശേഷവും അയാൾ നിങ്ങൾക്കു വേണ്ട പരിഗണന തന്നില്ലെന്നതും അയാളുടെ ഭാഗത്തു സംഭവിച്ച തെറ്റു തന്നെയാണ് !

എന്നാൽ അവിടെയും നിങ്ങളുടെ മകനെന്തു പിഴച്ചു ? അവൻ തീർത്തും നിരപരാധി അല്ലെ ?

നിങ്ങൾ രണ്ടു പേരിലും തെറ്റുണ്ട് നിങ്ങളുടെ അവശതയെ ഭർത്താവ് കണക്കിലെടുത്തില്ല എന്നതിനോടൊപ്പം നിങ്ങൾ സംഭോഗത്തിന്റെ ആലസ്യത്തിലും ആനന്ദത്തിലും അതിനെ തടയാനുള്ള മാർഗ്ഗം സ്വീകരിച്ചതുമില്ല,

പ്രായത്തിന്റെ പ്രശ്നങ്ങളും ശാരീരിക അവസ്ഥയും നിങ്ങൾക്കറിയില്ല എന്നു പറഞ്ഞാൽ അതൊരു വിശ്വാസ യോഗ്യതയുള്ള കളവായിരിക്കുകയും ഇല്ല.

കാര്യങ്ങളെ അതിന്റെ യഥാർത്ഥ അർത്ഥതലത്തിൽ നിങ്ങൾ സ്വയം മനസിലാക്കുക എന്നതാണ് ഈ കാര്യങ്ങൾക്കുള്ള ഒരു എളുപ്പവഴി അതിനു നിങ്ങൾ ഇനിയെങ്കിലും തയ്യാറാവുകയും വേണം !

ഒരു കാര്യം എപ്പോഴും ഒാർമ്മയിൽ വെക്കുക,
നമ്മൾ അനുഭവിക്കുന്ന കാര്യങ്ങളെയാണ് തലച്ചോർ ശരിക്കും വിശ്വസിക്കുന്നത് !
അതു കൊണ്ടു തന്നെ നിങ്ങളുടെ ഉള്ളിലുണ്ടായിരുന്ന കാര്യങ്ങൾ ഇപ്പോൾ നിങ്ങളുടെ കൂടെയില്ലെന്ന സത്യം നിങ്ങളും ഉൾക്കൊള്ളണം !

നിങ്ങൾ നിങ്ങളുടെ അകത്തേക്കു തന്നെ നോക്കുകയും സ്നേഹത്തിന്റെ ഇഴകൾ വീണ്ടും കൂട്ടിച്ചേർക്കാൻ ശ്രമിക്കുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ് !

നിങ്ങളെയും നിങ്ങളുടെ ജീവിതത്തേയും സ്നേഹിക്കാൻ നിങ്ങളൊരു കാരണം കണ്ടെത്തേണ്ടതും വളരെ ആവശ്യവുമാണ് ! അതുപോലെ ഇതുമായി ബന്ധപ്പെട്ട് ഇനിയും നിങ്ങളുടെ മനോവിഷമ വിഷയങ്ങളും നിങ്ങളും തമ്മിൽ ചേരാൻ ഒരിക്കലും അവസരം ഉണ്ടാക്കുകയുമരുത് !

ഇപ്പോൾ നിങ്ങളുടെ രക്ഷക്ക് എന്നെ സമീപിക്കാൻ തോന്നിയ പോലെ നിങ്ങൾ സ്വയം വിശ്വാസപ്പൂർവ്വം നിങ്ങളുടെ മുക്തിക്കു ശ്രമിച്ചാൽ സാധ്യതകളുടെ ഒരു പാലം തന്നെ നിങ്ങളുടെ മനസു നിങ്ങൾക്കു നിർമ്മിച്ചു നൽകും ആഗ്രഹവും വിശ്വാസവും ഉരുക്കു പോലെ കാഠിന്യമുള്ളതാവണമെന്നു മാത്രം !

നമ്മൾ ഒരോർത്തരുടെ ഹൃദയത്തിലും എപ്പോഴും ചിലതുണ്ടാവും ഒാർക്കുമ്പോൾ വിഷമം തോന്നുന്ന ഒന്ന് !

നിങ്ങളാണ് നിങ്ങളുടെ കുഞ്ഞിന്റെ കൊലപാതകി എന്ന ചിന്തയിൽ നിന്നു സർവ്വശക്തിയും ഉപയോഗിച്ച് നിങ്ങൾ പുറത്തു കടന്നേ മതിയാവൂ, കാരണം ജീവിതത്തിലെ കഴിഞ്ഞു പോയ ചില കാര്യങ്ങളെ ആരെക്കൊണ്ടും മാറ്റാനാവില്ല !!

ഒന്നു പറഞ്ഞു നിർത്തി ഡോക്ടർ അവരെ നോക്കി പിന്നെയും,

ഞാൻ കുറച്ചു മെഡിസിൻ തരാം അതിനോപ്പം ഞാൻ പറഞ്ഞ കാര്യങ്ങളും ശ്രദ്ധയോടെ പരിഗണിച്ചാൽ കുറച്ചു നാൾക്കുള്ളിൽ തന്നെ നിങ്ങൾക്ക് ആശ്വാസം ലഭിക്കുന്നതാണ് !

അതു കേട്ടതും ആത്മജ അയാളെ നോക്കി കൊണ്ട് പറഞ്ഞു,

ഡോക്ടർ നിങ്ങൾ പറഞ്ഞ പല കാര്യങ്ങളും എന്റെ FB ഫ്രണ്ടായ സുഹൃത്തും എന്നോട് നിർദേശിച്ചവ തന്നെയാണ്

പക്ഷേ എനിക്കു വേണ്ടത് ഇതിൽ നിന്നു പുറത്തു കടക്കാൻ എന്നു വെച്ചാൽ ഞാനിപ്പോൾ വീണു കിടക്കുന്നയിടത്തു നിന്ന് ഉയർത്തെഴുന്നേൽക്കാൻ ഉതകും വിധം ഒരു ഒറ്റമൂലിയാണ് എനിക്കാവശ്യം !

ആത്മജ അത്തരത്തിലൊരു സംസാരം നടത്തുമെന്ന് കൂട്ടുകാരി ഇഷികയോ ബെർണീസോ പോലും പ്രതീക്ഷിച്ചതല്ല,

അവളുടെ സംസാരം ഡോക്ടർക്ക് ഇഷ്ടക്കേടുണ്ടാക്കുമെന്ന് അവർ ഇരുവരും ഒരേ പോലെ വിചാരിച്ചെങ്കിലും ഡോക്ടറുടെ മുഖത്ത് അതുകേട്ടും വലിയ ഭാവവ്യത്യാസം ഒന്നും അവർ കണ്ടില്ല,

തുടർന്നു ആത്മജയേ തന്നെ ഒന്നുകൂടി സൂക്ഷ്മമായി നോക്കി വിലയിരുത്തിയ ശേഷം ഡോക്ടർ പറഞ്ഞു,

നിങ്ങൾക്കു ഇതിനു വളരെ പെട്ടന്നൊരു പരിഹാരമാർഗ്ഗം വേണമെങ്കിൽ അതിനൊരൊറ്റ വഴിയേയുള്ളൂ, ഡോക്ടർ അതു പറഞ്ഞതും ബെർണീസിന്റെയും കൂട്ടുകാരിയുടെയും ഒപ്പം ആത്മജയുടെയും പൂർണ്ണശ്രദ്ധ ഡോക്ടറുടെ മുഖത്തു പതിഞ്ഞതും അവളെ നോക്കി ഡോക്ടർ പറഞ്ഞു,

ഇപ്പോൾ നിങ്ങൾക്ക് ആശ്വാസം പകരും എന്നു തീർത്തും ഉറപ്പുള്ള ഏതെങ്കിലും കൈകളേ മുഖമോ, ബന്ധമോ നോക്കാതെ ചേർത്തു പിടിക്കുക !

ഡോക്ടർ പെട്ടന്നങ്ങിനെ പറഞ്ഞതും ഡോക്ടർക്കൊഴിച്ച് ബാക്കി മൂന്നു പേരിലും അത് വളരെ ആശ്ചര്യമുളവാക്കി,

ബർണീസ് പുതിയൊരു കാര്യം കേട്ട ആശ്ചര്യത്തിലും, കൂട്ടുകാരി ഇതെന്ത് പുതിയൊരു പുലിവാൽ ? എന്ന തരത്തിലും,

ആത്മജയാണെങ്കിൽ അതു തള്ളണമോ കൊള്ളണമോ എന്നു ഉൾക്കൊള്ളാനാവാതെ നോട്ടം ഡോക്ടറിലും മനസ്സ് ഡോക്ടർ പറഞ്ഞതിനോടൊപ്പവും സഞ്ചരിച്ചു കൊണ്ട് ഡോക്ടറെ തന്നെ നോക്കിയിരുന്നു,

അതേ തുടർന്ന് ഡോക്ടർ തന്റെ മുന്നിലിരിക്കുന്ന ആത്മജയുടെ ഫയൽ അടച്ചു വെച്ചു കൊണ്ട് അവളെ നോക്കി പറഞ്ഞു,

ഈ പറഞ്ഞതിൽ ഏതു വേണമെന്നത് നിങ്ങളുടെ മാത്രം തീരുമാനമാണ് ! ആ സമയം ഡോക്ടർ പറഞ്ഞ ആ വാക്കുകളുമായി മനസിന്റെ അകത്തളങ്ങളിലേക്ക് ആഴ്ന്നിറങ്ങി സഞ്ചരിക്കുകയായിരുന്നവൾ,

നമ്മുടെ മനസിലേക്ക് അപ്രതീക്ഷിതവും പുതിയതുമായി എന്തെങ്കിലും ഒരു കാര്യം പെട്ടന്നു വന്നു കയറിയാൽ ഉടൻ മനസ്സ് യാന്ത്രികമായി തന്നെ അതിനെ എവിടെ കണക്റ്റ് ചെയ്യണമെന്നറിയാതെ അതുമായി സഞ്ചരിക്കും അത്തരത്തിലൊരു സഞ്ചാരം ആ സമയം അവളിലും നടന്നു കൊണ്ടിരുന്നു,

അതേ തുടർന്നവൾ ഡോക്ടറോടു ചോദിച്ചു,
ഡോക്ടർ ഇത് എന്നെ ഒഴിവാക്കുന്നതിനായി മനപ്പൂർവ്വം പറയുന്നതാണോയെന്ന് ?

അതിന് ഡോക്ടർ പറഞ്ഞു,

എന്നിൽ വിശ്വാസം അർപ്പിച്ചു വരുന്ന ഒരു പേഷ്യന്റിനോട് യാതൊരു അർത്ഥവുമില്ലാത്ത കാര്യങ്ങൾ പറയാൻ മാത്രം ബുദ്ധിശ്യൂന്യത എന്തായാലും എനിക്കില്ല, മെഡിസിനായാലും ഉപദേശമായാലും വിശ്വാസത്തോടെ സ്വീകരിച്ചാൽ മാത്രമേ അതു ഫലം ചെയ്യൂ,

നിങ്ങൾ ഒരു പുതിയ ബന്ധത്തിൽ ചെന്നു പെടണമെന്നു ഞാൻ പറയില്ല, നിങ്ങൾ ആവശ്യപ്പെട്ടതിനു എനിക്കു കുറച്ചെങ്കിലും സാധ്യത തോന്നുന്ന ഒരു ഉത്തരം മാത്രമാണത് !

ആദ്യത്തെ വഴി തന്നെയാണ് ഒരു ഡോക്ടർ എന്ന നിലയിൽ എന്റെ നിർദേശം ! രണ്ടാമത്തെ വഴി നിങ്ങളുടെ മാത്രം ഉത്തരവാദിത്വമാണ് !

തുടർന്ന് തിരിച്ചു വരുമ്പോൾ കൂട്ടുകാരി ആത്മജയോടു പറഞ്ഞു, ഞാൻ അപ്പോഴെ പറഞ്ഞതല്ലെ അങ്ങേരു അത്ര ശരിയല്ലാന്ന് നിന്റെ നിർബന്ധം കൊണ്ടാ ഞാൻ വന്നത് അയാൾ പറഞ്ഞതു കേട്ട് വെറുതെ അങ്ങിനെയുള്ളതിലൊന്നും പോയി ചാടണ്ടാട്ടോയെന്ന് !

അതു കേട്ട് ആത്മജ ഒന്നു ചിരിക്കുക മാത്രമാണ് ചെയ്തത് ! എന്നാൽ ആ ചിരിയിൽ കൂട്ടുകാരി എന്തോ അപകടം മണക്കുന്നുണ്ടായിരുന്നു,

അവർ പോയതും ബർണീസ് ഡോക്ടറോടു ചോദിച്ചു,

എന്താ ഡോക്ടർ ഇങ്ങനെയൊരു നിർദേശം ?

ഡോക്ടർ പറഞ്ഞു, അതും അതിന്റെ ഒരു വഴിയാണ് ! പ്രാവർത്തികമാക്കാൻ ഒരൽപ്പം ബുദ്ധിമുട്ടും എന്നാലാർക്കും അത്ര താൽപ്പര്യം തോന്നാത്തതുമായ വഴി !

അവരെ ആരും കൂട്ടി കൊണ്ടു വന്നതല്ല, അവരുടെതായ പല വഴികളും പരീക്ഷിച്ചറിഞ്ഞ് ഫലമല്ലാതെ അവർ തന്നെ പുതിയ വഴി തേടി സ്വയം ഇങ്ങോട്ടു വന്നതാണ് , അതു കൊണ്ടു തന്നെ അവർക്കാവശ്യം ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു വഴിയാണ് അതിനുത്തമം ഇതു തന്നെയാണ് !

അതു കേട്ട് വീണ്ടും ബർണീസ് ചോദിച്ചു,
ഇത് ഇതിന്റെ ശരിയായ വഴി തന്നെയാണോ ഡോക്ടർ ?

അതു കേട്ട ഡോക്ടർ അവരോടു പറഞ്ഞു,
ആറു മാസം മുന്നേ ഇതിനു സാമ്യമുള്ള മറ്റൊരു കേസ്സ് ഇവിടെ വന്നിരുന്നു,

കുളിപ്പിക്കാൻ വെച്ച ബക്കറ്റ് വെള്ളത്തിൽ വീണു തന്റെ കുഞ്ഞു മരിച്ച് അതിന്റെ ഷോക്കിൽ മനോനിലയിൽ ചെറിയ തകരാറു സംഭവിച്ചൊരു സ്ത്രീ ! കുഞ്ഞു മരിച്ച് എട്ടു മാസത്തിനു ശേഷമാണ് അവർ ഈ ഹോസ്പ്പിറ്റലിൽ അഡ്മിറ്റാവുന്നത് !

അവർക്കു പൊതുവായി ഇത്തരം കാര്യത്തിൽ നൽകാവുന്ന എല്ലാ ട്രീറ്റ്മെന്റും നൽകിയെങ്കിലും അതൊന്നും ഫലവത്തായില്ല,

എന്നാലവരെ എങ്ങിനെയെങ്കിലും ആ അസ്ഥയിൽ നിന്നു രക്ഷപ്പെടുത്തേണ്ടത് ഒരത്യാവശ്യമായി തോന്നിയതിനാൽ ഞാൻ തന്നെയാണ് അവരെ പ്രത്യേകമായി ശ്രദ്ധിക്കുന്നതിന് മറ്റൊരു ജൂനിയർ ഡോക്ടറെ ഏർപ്പാടാക്കിയത്

എന്നാൽ എന്റെ ചികിത്സയേയും ചിന്തകളെയും മറി കടന്ന് അതിനു മറ്റൊരു വഴി തിരിവുണ്ടാവുകയും ഒപ്പം അപ്രതീക്ഷിതമായി അവിടെ ചില പുതിയ കാര്യങ്ങൾ സംഭവിക്കുകയും ചെയ്തു

ജൂനിയർ ഡോക്ടറുടെ കൃത്യമായ ഇടപെടലുകളും സമീപനരീതിയും സാന്ത്വനവും അവരിൽ വേറൊരു രീതിയിലാണ് പ്രവർത്തിക്കാൻ തുടങ്ങിയത്

ആശ്വാസമാകാൻ ശ്രമിച്ച ആ ഡോക്ടറോട് അവർക്കു മറ്റൊരു രീതിയിലുള്ള താൽപ്പര്യം ജനിച്ചു അതോടെ അവർക്കു ശരിക്ക് ആവശ്യം മരുന്നും മന്ത്രങ്ങളും ഒന്നുമല്ലെന്നും ആവശ്യാനുസരണമുള്ള സ്നേഹസാന്ത്വനവുമാണെന്ന് ബോധ്യപ്പെട്ടു,

അവർ ഈ നിലായതിന്റെ കാരണം കുഞ്ഞ് മരിച്ചതിനേക്കാൾ ഭർത്താവിന്റെയും വീട്ടുകാരുടെയും കുറ്റപ്പെടുത്തലായിരുന്നു, ആ സംഭവത്തിനു ശേഷം ഭർത്താവ് അവരെ ഒരു വിധത്തിലും പരിഗണിച്ചില്ല എന്നതും അവരെ ആത്മഹത്യയുടെ വക്കോളം എത്തിച്ചിരുന്നു അവരെയും ഏതോ ഒരു കൂട്ടുകാരിയാണ് ഇവിടെ എത്തിച്ചത് !

ഭർത്താവിൽ നിന്നോ ചുറ്റുപാടിൽ നിന്നോ അവർക്കു ലഭിക്കാതിരുന്ന സാന്ത്വനവും ഒപ്പം കൂടെ ഒരാൾ ഉണ്ടെന്ന തോന്നലും അവർക്കു വന്നതോടെ

അവർക്കാ ഡോക്ടറോടു പ്രണയത്തോടു ചേർന്നു നിൽക്കുന്ന വിധം ഒരു ഇഷ്ടമായതു മാറി പതിയേ അവർ ആ അവസ്ഥയേ മറികടന്നു ജൂനിയർ ഡോക്ടറും അതിനനുസരിച്ചു നിന്നതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമായി അതിൽ നിന്നു ഞാൻ പുതിയൊരു തിയ്യറിയും കണ്ടെത്തി !

ചിലതങ്ങിനെയാണ് നമ്മൾ കരുതുന്നതൊന്നുമാവില്ല രോഗരക്ഷക്കുതകുന്നത്, പലതും ഒരു പരീക്ഷണമാണ് രോഗിയുടെ താൽപ്പര്യത്തെ മുൻനിർത്തിയുള്ള പരീക്ഷണം !

മറ്റൊരു കൈ ചേർത്തു പിടിക്കുക എന്നതു കൊണ്ടു ഇവിടെ ഉദേശിക്കുന്നത് മറ്റൊരാളുടെ കൂടെ കയറി കിടക്കുക എന്നതല്ല !!

സാധാരണ ഒരാൾക്ക് ഇത്തരം ഒരു അഭിപ്രായം കേട്ടാൽ വരുന്ന ഏക ചിന്ത ഇതൊന്നു മാത്രമാണ്,

എന്നാലതിന് സാഹചര്യത്തിനനുസരിച്ച് മറ്റു അർത്ഥങ്ങളുമുണ്ട് ഇവിടെ അവർക്കു രക്ഷയായി തോന്നുന്നതു കൊണ്ടു മാത്രം ആ കൈപിടിക്കാനാണു ഞാൻ ഉദേശിച്ചത് അത് ആ സ്ത്രീക്കു മനസിലായിട്ടുമുണ്ട് !

സ്നേഹവും സാമീപ്യവും ഉത്തമമായ പരിചരണവും കൊണ്ട് മാറാത്ത രോഗങ്ങൾ കുറവാണ് എന്നാൽ പ്രതീക്ഷിക്കുന്ന കൈകളിൽ നിന്നു തന്നെ അതു കിട്ടണം എന്നാഗ്രഹിച്ചാൽ ചിലപ്പോൾ അതു ലഭിക്കണമെന്നില്ല,

അവിടെയാണ് ഇത്തരം അനർഹമായ കാര്യങ്ങളെ കൂട്ടിയിണക്കി കാര്യങ്ങളെ പരിഹരിക്കേണ്ടതത്യാവശ്യമായി വരുന്നത് !

മറ്റൊരു കൈ എന്ന വാക്കു കൊണ്ട് ഞാനവരെ ഭയപ്പെടുത്താണ് ശ്രമിച്ചത് ! എന്നാലിവിടെ ഭയത്തോടെയല്ല അവർ ആ വാക്കുകളെ നേരിട്ടത്, ഞാനെന്താണോ ഉദേശിച്ചത് അതേ ഉദേശത്തോടെ തന്നെയാണ് അവരത് ഉൾക്കൊണ്ടത് !

എല്ലായ്പ്പോഴും ശരി ചെയ്യുന്നത് ഒരാളുടെ സാഹചര്യങ്ങൾ അനുസരിച്ച് അയാൾക്ക് സന്തോഷവും സമാധാനവും നൽകണം എന്നില്ല ചിലപ്പോൾ ചില തെറ്റു ചെയ്യുമ്പോഴാവും ഒരാൾക്ക് കുറച്ചധികമായ അളവിൽ സന്തോഷവും സമാധാനവും അനുഭവിക്കാനാവുക !

ഒരാൾക്കു തെറ്റായി തോന്നുന്ന ഒരു കാര്യം മറ്റൊരാൾക്ക് ആശ്വാസമായും സംഭവിച്ചേക്കാം !

അവർ നിലവിലെ അവസ്ഥയിൽ നിന്ന് സ്വയം ഒരു മോചനം നേടാൻ ആഗ്രഹിക്കുന്നുണ്ട് അങ്ങനെയുള്ളപ്പോൾ അതിനുള്ള ഒരു വഴിയാണ് നമ്മൾ ആലോചിക്കേണ്ടത്,

അല്ലാതെ അതെല്ലാം നിലവിലെ വ്യവസ്ഥിതിക്ക് അനുയോജ്യമാവുമോ എന്നന്വേഷിച്ചാൽ അവരെ അവർ ഇപ്പോൾ തുടർന്നു പോരുന്ന അതേ അവസ്ഥയിലേക്ക് തന്നെ തള്ളിയിടേണ്ടി വരും !

ഒരു ഡോക്ടർക്ക് അത് അത്ര ശരിയായി തോന്നാനിടയില്ല അവരെ രക്ഷിക്കാൻ എന്താണോ വഴി അതു ട്രീറ്റ്മെന്റാക്കാനായിരിക്കാം മിക്ക ഡോക്ടറുമാരും അപ്പോൾ ശ്രമിക്കുക, !

ഇനി നിങ്ങൾക്കു മനസിലായിട്ടില്ലാത്ത ഒരു കാര്യം കൂടി ഞാൻ പറയാം !

അതു കേട്ടതും വീണ്ടും കുറച്ചാശ്ചര്യത്തോടെ ബെർണീസ് ഡോക്ടറേ നോക്കിയതും ഡോക്ടർ പറഞ്ഞു,

ആത്മജ ഇവിടെ വന്നത് ഒരു ട്രീറ്റ്മെന്റ് തേടിയല്ല !

ഒരു ഡോക്ടർക്കും പേഷ്യന്റിനും ഇടയിൽ മറ്റാർക്കും അത്ര പെട്ടന്നു മനസിലാകാത്ത അദൃശ്യമായ ഒരു സഞ്ചാരപാതയുണ്ട്,
അവർ നമ്മളോടു പറഞ്ഞു വെക്കുന്ന കാര്യങ്ങളിൽ നിന്ന് അവർ പറയാതെ തന്നെ അവർ മനസ്സിൽ കണക്കു കൂട്ടുന്ന ചില കാര്യങ്ങൾ കണ്ടെത്തി മനസിലാക്കി ആ പാലത്തിലൂടെ തന്നെ അവരിലേക്ക് നടന്നു കയറുക എന്നത് !

ആത്മജ വന്നത് നിലവിൽ അവർ ആശ്വാസമായി തുടരുന്ന ബന്ധം തുടർന്നു പോകുന്നതിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്നറിയുന്നതിനു വേണ്ടിയാണ് !

അവർ ഫേസ്ബുക്ക് സുഹൃത്തിനെ പറ്റി പറഞ്ഞപ്പോൾ തന്നെ അതെനിക്കു മനസിലായി, അതല്ലായിരുന്നുവെങ്കിൽ അവരത് ഒളിപ്പിക്കുമായിരുന്നു,

അവരുടെ പ്രശ്നങ്ങൾക്ക് പൂർണ്ണമായല്ലെങ്കിൽ പോലും എന്തൊക്കയോ തരത്തിൽ കുറച്ചാശ്വാസമാവാൻ ആ ബന്ധത്തിനാവുന്നുണ്ടെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നുണ്ട്, ഒപ്പം അതു തുടരാനും അവർ ആഗ്രഹിക്കുന്നുണ്ട് !

എന്റെ വാക്കുകളിൽ നിന്നു അവർക്കതിനുള്ള ഉത്തരം ലഭിച്ചതു കൊണ്ടാണ് അവർ മറ്റു ചോദ്യങ്ങൾക്കൊന്നും മുതിരാതെ തിരിച്ചു പോയത് !

ചിലപ്പോൾ അവരുടെ പ്രശ്നങ്ങൾക്ക് അതൊരു രക്ഷയാകാൻ സാധ്യതയുണ്ടെന്നു തോന്നിയതു കൊണ്ടാണ് ഞാനും അത്തരമൊരു നിർദേശം മുന്നോട്ടു വെച്ചത് !

പറയുമ്പോൾ ബുദ്ധിമുട്ട് തോന്നുമെങ്കിലും പലപ്പോഴും നമ്മൾ കുഞ്ഞു മരിച്ച വിവരം അച്ഛനമ്മമാരോടും, പിതാവോ മാതാവോ മരണപ്പെട്ട വിവരം മക്കളോടും, ഭർത്താവു മരിച്ചതു ഭാര്യയോടും ഭാര്യ മരിച്ചത് ഭർത്താവിനോടും,

അസുഖം ബാധിച്ച കൈയ്യോ കാലോ പോലുള്ള ശരീരാവയവങ്ങൾ മുറിച്ചു മാറ്റണമെന്ന് അതനുഭവിക്കുന്ന രോഗിയോടു നേരിട്ടു തന്നെയോ അവർ വിഷമിക്കും എന്നറിഞ്ഞോണ്ടു തന്നെ നമ്മുടെ ട്രീറ്റ്മെന്റിന്റെ ഭാഗമായി പറയാറില്ലേ ?
ഇവിടെ സംഭവിച്ചതും അത്തരത്തിൽ ഒന്നാണ് !

ആത്മജയേ ഭയപ്പെടുത്തുന്നത് അവർ ഒരു കൊലപാതകി ആണെന്ന വസ്തുതയാണ്, അത്തരമൊരവസ്ഥയേ നിസാരമായി തോന്നിയേക്കാവുന്ന എന്തെങ്കിലും ചില ഉപദേശങ്ങൾ കൊണ്ടു മാത്രം മറി കടക്കാനാവില്ല,

അതിനെ മറി കടക്കും വിധം മറ്റൊരു സംഭവം അവരുടെ ജീവിതത്തിൽ സംഭവിക്കാതെ അതിൽ നിന്നു മുക്തി നേടുക അത്ര എളുപ്പവുമല്ല, അതവർക്കും നന്നായറിയാം,

പുതിയൊരു സുഹൃത്ത് അവരിലേക്കു കടന്നു വന്നതോടെ കുറച്ചെങ്കിലും മാറ്റം അവർക്കുണ്ടായെന്ന് അവർക്കു തന്നെ ബോധ്യം വന്നിട്ടുണ്ട് ! അവനിൽ അവരൊരു രക്ഷ കണ്ടതു കൊണ്ടാണ് അവർ അതിൽ പിടി മുറുക്കിയത്,

കാരണം നിലവിലെ അവസ്ഥയിൽ നിന്നു രക്ഷപ്പെടണമെന്നത് മറ്റാരേക്കാളും ആവശ്യം അവർക്കു തന്നെയാണെന്ന് അവർക്കറായാം !

മറ്റൊരു വലിയ സത്യം എന്താണെന്നു വെച്ചാൽ ” ഒാർമ്മ അവസരത്തിനൊത്ത് മറവിയായി മാറും ” എന്നതാണ് !!

അതു കേട്ടും ബെർണീസ് ചോദിച്ചു,
എന്നാലും ഇത്തരമൊരവസ്ഥയിൽ ഇങ്ങനെ ഒരു കാര്യത്തിനു മുതിരാൻ ഭയം എന്നൊന്നുണ്ടാവില്ലെ ?

അതിനും ഡോക്ടർ പറഞ്ഞു, ഉണ്ടാവാം, എന്നാൽ അവർ അതിനേ ധൈര്യപ്പൂർവ്വം മറി കടന്നിരിക്കുന്നു എന്നു വേണം കരുതാൻ കാരണം അതിനേക്കാൾ അവർ ഭയപ്പെടുന്നത് നിലവിലെ അവരുടെ അവസ്ഥയേയാണ് !

പിന്നെ ഭയം അഥവ FEAR ഏതൊക്കെ വാക്കുകൾ ചേർന്നതാണെന്നറിയാമോ ?

ഇല്ലെന്നു ബർണീസ് തലയാട്ടിയതും ഡോക്ടർ പറഞ്ഞു,

” False Evidence Appearing Real ”

” യാഥാർത്ഥ്യമെന്നു തോന്നിപ്പിക്കുന്ന തെറ്റായ തെളിവ് ” ! ഇതവരും ഈ സമയം കൊണ്ട് മനസിലാക്കിട്ടുണ്ടാവും !

ഒരു കപ്പൽ ഏറ്റവും സുരക്ഷിതമായിരിക്കുക കരയിലാണ് എന്നാൽ അതു നിർമ്മിച്ചിരിക്കുന്നത് അതിനു വേണ്ടിയല്ല എന്നു മനസിലാക്കാൻ കഴിയുന്നിടത്ത് നമ്മൾക്കു പുതിയ അനുഭവങ്ങളും അറിവുകളും ലഭിക്കും !

ആർത്തിരമ്പുന്ന തീരമാലകളെയും, കൊടുങ്കാറ്റിനേയും, പേമാരിയേയും, സമുദ്രത്തിലെ മറ്റു അപകടങ്ങളെയും അതിജീവിച്ചാണ് ഒരോ കപ്പലും അതിന്റെ ലക്ഷ്യസ്ഥാനത്ത് ചെന്നെത്തുന്നത്,

ഭയമോ മാർഗ്ഗമോ അല്ല, എന്തിനേയും അതിജീവിക്കാനുള്ള കഴിവാണ് ജീവിതം സാധ്യമാക്കുന്നത് ! അതു കേട്ടതും ബെർണീസും ഒരു പുഞ്ചിരിച്ചു…

Leave a Reply

Your email address will not be published.