രാത്രി കിടക്ക കണ്ടാൽ തന്നെ ഉറക്കം വരുന്ന ആൾ അന്നവൾ അടുക്കളയിലെ..

(രചന: Pratheesh)

ഭർത്താവായ സായ് പെട്ടന്നൊരു ദിവസം ഹൃദ്യതയോടു പറഞ്ഞു,

ഇക്കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടെ കുറഞ്ഞത് പതിനായിരം ഊണുകൾ എങ്കിലും നീയെനിക്ക് തയ്യാറാക്കി തന്നു കാണും അതെല്ലാം ഒന്നിന്നൊന്നു രുചികരവും വളരെ തൃപ്തികരവുമായിരുന്നു,

എനിക്കറിയാം അതിനെല്ലാം
വേണ്ടി ഒാരോ തവണയും നീ വളരെ കഷ്ടപ്പെട്ടിട്ടുണ്ടാവുമെന്നും നിന്റെ വളരെയധികം സമയം നീയതിനു വേണ്ടി ചിലവഴിച്ചിട്ടുണ്ടാവുമെന്നും,

അതിനെല്ലാം വളരെ സന്തോഷപ്പൂർവ്വം ഹൃദയത്തിന്റെ ഭാഷയിൽ ഞാൻ നിന്നോടു നന്ദി പറയുന്നു,

സായ് ആ പറഞ്ഞതൊന്നും
അവൾക്കത്ര മനസിലായതേയില്ല അതെല്ലാം കേട്ട് സത്യത്തിൽ ഹൃദ്യതയുടെ കിളിയാണു പോയത് .

എന്നാലവളുടെ പ്രതികരണത്തിനു കാത്തു നിൽക്കാതെ തന്നെ അതും പറഞ്ഞു കൊണ്ട് അവളെയൊന്നു നോക്കി പുഞ്ചിരിച്ച് സായും ഇറങ്ങി പോയി,

സായ് അവളെ വിട്ടകന്നതും അവൾ തന്നെ സ്വയം ചോദിച്ചു,

ഇങ്ങേർക്കിതെന്താ പറ്റിയത് ?

അന്നു രാത്രി ഡിന്നർ കഴിഞ്ഞതും
വീണ്ടും സായ് അവളെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു,

ഭക്ഷണം വളരെ നന്നായിരുന്നു നിന്റെ കൈപുണ്യം അപാരം തന്നെ. അതു കേട്ടും അവളാകെ വീണ്ടും കൺഫ്യൂഷനിലായി,

തുടർന്നും ഒരു എത്തും പിടിയും കിട്ടാതെ അവൾ വീണ്ടും സ്വയം ചോദിച്ചു,

ഇതിപ്പം ഇങ്ങേരെന്താ ഇങ്ങനെ?

രാത്രി കിടക്ക കണ്ടാൽ തന്നെ ഉറക്കം വരുന്ന ആൾ അന്നവൾ അടുക്കളയിലെ പണികൾ തീർത്തു വരും വരെ കാത്തിരുന്ന് അവളെ കണ്ട ശേഷം ചിരിച്ച മുഖത്തോടെ ഗുഡ്നൈറ്റ് പറഞ്ഞാണ് ആ രാത്രി ഉറങ്ങാൻ കിടന്നത്.

എന്നാൽ അന്നു രാത്രി ഹൃദ്യതയുടെ ഉറക്കത്തിനു ഭംഗം സംഭവിച്ചു,

അന്നേ ദിവസം സംഭവിച്ച പതിവിനു വിവരീതമായ കാര്യങ്ങളിലെ തെറ്റും ശരിയും വേർതിരച്ചെടുക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു അവൾ.

ഈ കഴിഞ്ഞ പതിനഞ്ചു വർഷത്തിനിടെ ആദ്യമായാണ് സായ് ഇങ്ങനെയൊക്കെ പറയുന്നതും പെരുമാറുന്നതും,

അവൾക്ക് എത്ര ആലോചിച്ചിട്ടും അതിന്റെയൊന്നും അർത്ഥമവൾക്കു മനസിലായില്ല ഒപ്പം ആ കാര്യങ്ങളിലെ അമ്പരപ്പ് അവളെ വിട്ടു മാറിയതുമില്ല,

അവൾക്കറിയാം ഒരിക്കലും ഇങ്ങനെയൊന്നും പറയുന്ന ഒരാളേ ആയിരുന്നില്ല സായ്. പലപ്പോഴും ഉണ്ടാക്കിവെച്ച ഭക്ഷണത്തിന്റെ കുറ്റവും കുറവുകളും മാത്രം പറഞ്ഞിരുന്ന ഒരാൾ പെട്ടന്ന് മാറുകയെന്നു പറഞ്ഞാൽ?

എല്ലാം കൂടി ആലോചിച്ചപ്പോൾ ഹൃദ്യതക്കെന്തോ വല്ലാത്ത ഭയം തോന്നി,

പിറ്റേ ദിവസം അതിരാവിലെ വീടിനു പുറത്തു വെച്ചു തമ്മിൽ കാണാനിടയായപ്പോൾ സായ് ഹൃദ്യതയേ നോക്കി വീണ്ടും ഒരു പുഞ്ചിരിയോടെ പറഞ്ഞു,

നമ്മുടെ മുറ്റത്തെ പൂന്തോട്ടം വളരെ മനോഹരമായിരിക്കുന്നു നിന്റെ വളരെ വലിയ അദ്ധ്വാനം അതിനു പിന്നിലുണ്ടെന്നു സമ്മതിക്കാതെ വയ്യാ,

പൂന്തോട്ടത്തിന്റെ ചുറ്റുപാടെല്ലാം നീ വളരെ തനിമയോടെ വെട്ടിയൊതുക്കി വളരെ സുന്ദരമാക്കി തന്നെ സൂക്ഷിക്കുന്നുണ്ട്,

നിന്റെ മേൽനോട്ടം നമ്മുടെ പൂന്തോട്ടത്തെ വളരെയധികം ഭംഗിയുള്ളതാക്കി തീർത്തിരിക്കുന്നു അതിൽ നീ തീർത്തും വലിയ അനുമോദനം അർഹിക്കുന്നുണ്ട്,

ഹൃദ്യത ശരിക്കും അതു കേട്ട്
അന്തം വിട്ടു പോകുന്നു എങ്കിലും സായിയേ മുഷിപ്പിക്കാതിരിക്കാൻ അതിനനുകുലമായി പാതി മുറിഞ്ഞ ഒരു ചിരിയോടെ ഒന്നു തലയാട്ടിയതല്ലാതെ അവൾ മറ്റൊന്നും പറഞ്ഞില്ല,

അവൾ പെട്ടന്നു തന്നെ അവിടുന്ന് സ്ഥലം കാലിയാക്കി അടുക്കളയിലേക്ക് മെല്ലെ വലിഞ്ഞു,

കുറച്ചു കഴിഞ്ഞതും കുളി കഴിഞ്ഞു അടുക്കളയിലേക്കു വന്ന മകൾ ത്രയ ഹൃദ്യതയോടു ചോദിച്ചു,

” അമ്മേ നമ്മുടെ അച്ഛനു എന്തെങ്കിലും കുഴപ്പമുണ്ടോ ? ” അതു കേട്ട് അവളെ ഒന്നു നോക്കിയതും ഹൃദ്യതയേ ഒന്നു നോക്കി കൊണ്ടു ത്രയ പറഞ്ഞു,

” അച്ഛൻ എന്നോടു പറയാ എന്നെ കാണാൻ നല്ല സുന്ദരിയായിട്ടുണ്ടെന്ന്, അതും ഞാൻ ഉറക്കത്തിൽ നിന്നു എഴുന്നേറ്റു വരുമ്പോൾ ”

അമ്മേ ഇതു നമ്മുടെ പഴയ അച്ഛനൊന്നുമല്ല അച്ഛനെന്തോ പറ്റിയിട്ടുണ്ട്.

മകളുടെ സംശയം കൂടി കേൾക്കാനായതോടെ തന്റെ ഭർത്താവിനെന്തോ വിചിത്രമായ അസുഖം പിടിപ്പെട്ടിട്ടുണ്ടെന്ന കാര്യം ഹൃദ്യതക്കു തീർച്ചയായി,

അന്നും വൈകിട്ടു ഒാഫീസ് വിട്ടു വീട്ടിലെത്തിയ സായ് ചായ കുടിച്ചു കൊണ്ടിരിക്കേ ഹൃദ്യതയോടു പറഞ്ഞു,

“നിന്നെയും നമ്മുടെ മകളെയും ഞാൻ ഒരുപാട് സ്നേഹിക്കുന്നു, നീയെന്റെ ഭാര്യയായി തീർന്നതിൽ ഞാൻ വളരെ അഭിമാനം കൊള്ളുന്നു,

നിങ്ങൾ ഇരുവരോടൊപ്പം ചിലവിടുന്ന ഒാരോ നിമിഷങ്ങളും എനിക്ക് ഏറേ പ്രിയമുള്ളവയാണ്.

നമ്മുടെ മകളെ പ്രസവിക്കാൻ നീ വളരെയധികം വേദന അനുഭവിച്ചിട്ടുണ്ടാകുമെന്നും ആ കാലം നിനക്ക് വളരെ ബുദ്ധിമുട്ടേറിയതുമായിരുന്നെന്നും ഞാൻ മനസിലാക്കുന്നു,

അതും കൂടി കേട്ടതോടെ ഹൃദ്യതക്കു കൂടുതൽ ഭയമായി അവൾ വേഗം തന്നെ അവളുടെ അമ്മയേ വിളിച്ചു കാര്യം പറഞ്ഞതും അമ്മ പറഞ്ഞു,

“ഏതായാലും കുറച്ചു ദിവസം കൂടി നമുക്ക് നോക്കാം എന്നിട്ടും വ്യത്യാസമൊന്നും ഉണ്ടായില്ലെങ്കിൽ നമുക്ക് ഡോക്ടറേ കാണാമെന്ന് അമ്മ പറഞ്ഞതോടെയാണ് അവൾക്കു കുറച്ചെങ്കിലും സമാധാനമായത്”

എന്നാൽ ദിവസങ്ങൾ മുന്നോട്ടു പോയതല്ലാതെ അസുഖം ഭേദമാകുന്ന ലക്ഷണമൊന്നും സായ് കാണിച്ചില്ല,

ഞായറാഴ്ച്ച പ്രഭാതഭക്ഷണത്തിനു ശേഷം കൈകഴുകാൻ എഴുന്നേൽക്കും മുന്നേ സായ് അവരോടായ് ചോദിച്ചു,

നിങ്ങൾക്കു വേണ്ടി ഇന്നത്തെ ലഞ്ച് ഞാൻ ഒരുക്കട്ടെ ? ”

സായിയുടെ ചോദ്യം കേട്ട് ഹൃദ്യതയും ത്രയയും അത്ഭുതത്തോടെ പരസ്പരം ഒന്നു നോക്കി,

എന്നാൽ സായ് അതു വെറുതെ പറഞ്ഞതായിരുന്നില്ല സായ് തന്നെ മാർക്കറ്റിൽ പോയി ഇറച്ചിയും മറ്റും വാങ്ങി വന്നു നല്ലൊരു ലഞ്ച് ഉണ്ടാക്കി അവർക്കു നൽകി അവരെ അത്ഭുതപ്പെടുത്തുകയും ചെയ്തു,

അതും കൂടി ആയതോടെ ഹൃദ്യതയുടെ സംശയങ്ങൾ സത്യങ്ങളായി അവളിൽ ബലപ്പെട്ടു തുടങ്ങി, കുറെ ആലോചിച്ചപ്പോൾ രണ്ടു സാധ്യതകൾ അവളിൽ വലിയ സംശയമുണർത്തി,

ഒന്ന് ജോലിയുടെ പ്രഷറും ടെൻഷനും കാരണം സായ്ക്ക് എന്തോ കാര്യമായ മാനസീക പ്രശ്നം സംഭവിച്ചിരിക്കുന്നു എന്നത്,

മറ്റൊന്ന് അവരിൽ നിന്നു മറച്ചു പിടിക്കത്തക്ക വിധത്തിൽ എന്തെങ്കിലും
രോഗമോ,

അതല്ലെങ്കിൽ മരണം പോലും സംഭവിച്ചേക്കാവുന്ന മറ്റെന്തെങ്കിലും അവസ്ഥയോ സായ് നേരിടുന്നുണ്ട് അതു മറച്ചു പിടിക്കാനായിരിക്കാം തികച്ചും നാടകീയമായ ഈ പെരുമാറ്റങ്ങൾ എന്നവൾ ഉറപ്പിച്ചു.

അതോടെ അന്നു രാത്രി അവൾ ചിലതെല്ലാം കണക്കുക്കൂട്ടി, പിറ്റേന്ന് രാവിലെ തന്നെ അമ്മയേ വിളിച്ച് കാര്യം പറഞ്ഞതും അവരും അങ്ങോട്ടേക്കെത്തി,

ഇക്കാര്യം സായിയോടു നേരിട്ടു ചോദിക്കുന്നതിലും നല്ലത് സായ് അത്യാവശ്യ ഘട്ടങ്ങളിൽ സന്ദർശിക്കാറുള്ള ഡോക്ടർ ആമോസ് ജോണിനെ കാണുകയാണെന്നവർ തീരുമാനിച്ചു,

അവരെ സഹായിക്കാൻ ഡോക്ടർക്കു സാധിക്കുമെന്നു അവർക്കറിയാമായിരുന്നു,

ഡോക്ടർക്കു മുന്നിലെത്തി
അവർ കാര്യങ്ങൾ വളരെ വിശദ്ധമായി അവതരിപ്പിച്ചതും ഡോക്ടർ അവരെ നോക്കി ചിരിക്കാൻ തുടങ്ങി, അവർക്കാണേൽ ഒന്നും മനസിലായതുമില്ല,

തുടർന്ന് ഡോക്ടർ അവരോടു പറഞ്ഞു,

എന്തായാലും നിങ്ങൾ ഭയപ്പെടുന്ന പോലെ സായിക്ക് മാനസിക പ്രശ്നങ്ങളോ, രോഗങ്ങളോ, ഭ്രാ ന്തോ അങ്ങിനെ ഒന്നുമില്ല.

ഒരു പ്രശ്നത്തിനു ഉത്തരം തേടി ഒരു ദിവസം സായ് എന്റെയടുത്തു വന്നിരുന്നു,

“വീട്ടിലെത്തുമ്പോൾ ഒാഫീസ് ടെൻഷനെല്ലാം മാറ്റിവെച്ച് മനസ്സു സന്തോഷമായിരിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ ?

എന്നന്വേഷിച്ചായിരുന്നു സായി വന്നത്,
അതിന് ഞാനയാളോടു പറഞ്ഞു,

നമ്മുക്ക് ലഭിക്കുന്ന എന്തിനും അതു നൽകുന്നവരോടു നന്ദി പറയുക,
നമുക്ക് മുന്നേ ലഭിച്ചതിനും നന്ദി പ്രകടിപ്പിക്കുക,

എല്ലാവരോടും എപ്പോഴും നന്ദിയുള്ളവരായിരിക്കുക,
മക്കളായാലും ഭാര്യയായാലും അമ്മയായാലും അവരേ കാണുമ്പോൾ അവരെക്കുറിച്ച് നല്ലതായി എന്തു തോന്നുന്നുവോ അപ്പോൾ തന്നെ അതവരോടു തുറന്നു പറയുക.

അങ്ങിനെ ചെയ്യുമ്പോൾ
അതു കേൾക്കുന്നവരുടെ ഒാരോ ചെറിയ പ്രയത്നങ്ങളും വളരെ വിലയുള്ളതായി അവർക്കനുഭവപ്പെടുകയും,

അവരുടെ ഒാരോ പ്രവൃത്തിയും തുടരുന്നതിൽ അവർ അഭിമാനം കൊള്ളുന്നവരായി മാറുകയും ചെയ്യും,

അതവരെ ഒരേ തരത്തിലുള്ള കാര്യങ്ങൾ തന്നെ വീണ്ടും വീണ്ടും ചെയ്യുന്നതിലെ മുഷിപ്പൊഴിവാക്കുവാൻ പ്രാപ്ത്തരാക്കുകയും ചെയ്യും.

അതുവഴി ഉണ്ടാകുന്ന അവരുടെ ആ സന്തോഷങ്ങൾ പതിയേ നിങ്ങളിലേക്കു പകരുകയും, നിങ്ങൾക്കൊപ്പം കുടുംബവും കുടുംബാന്തരീക്ഷവും മെല്ലെ മെല്ലെ വളരെ സന്തോഷവും സമാധാനവുമുള്ളതായി തീരുകയും,

പരസ്പരം ബഹുമാനിക്കാൻ
തുടങ്ങുമ്പോൾ ആ രണ്ടുപേർ തമ്മിലുള്ള അന്തർധാര ശക്തമാകുകയും അതുവഴി അവരിലെ സന്തോഷം ഇരട്ടിയാവുകയും ചെയ്യുമെന്നും

ഞാൻ പറഞ്ഞ ആ ആശയമാണയാൾ നടപ്പിലാക്കിയത്
അതാണ് നിങ്ങളിൽ തെറ്റിധാരണയുണ്ടാക്കിയതും.

ശരിക്കും അയാളോടു അതിനുള്ള നന്ദി പറയേണ്ടയിടത്ത് നിങ്ങളയാളെ സംശയിക്കുകയാണ് ചെയ്തത്,
അതും വെറും സംശയമല്ല ഒരു ഡോക്ടറുടെ വിദ്ധഗ്ദ ഉപദേശം വരെ തേടിയുള്ള സംശയം.

തന്റെ ഭർത്താവ് തന്റെ ബുദ്ധിമുട്ടുകളും, കഷ്ടപ്പാടുകളും, പ്രയാസങ്ങളും മനസിലാക്കി തന്നോട് വളരെ അനുതാപപ്പൂർവ്വം പെരുമാറണമെന്നും തന്നെ സ്നേഹിക്കണമെന്നുമൊക്കെ മിക്ക ഭാര്യമാരും ആഗ്രഹിക്കും,

എന്നാൽ അതെ ഭർത്താവ്
അങ്ങിനെ മാറാൻ ശ്രമിക്കുമ്പോൾ അവരെ ഭ്രാന്തനായോ മാനസീകരോഗിയായോ മാത്രേ അവരു പോലും കാണാൻ ശ്രമിക്കു,

അതിന്റെ കാരണം സ്വന്തം ഭർത്താവ് മാറി കാണാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും ആ മാറ്റം സംഭവിക്കില്ലെന്ന പൂർണ്ണവിശ്വാസത്തിൽ തന്നെയാണ് മിക്കവരും ആ മാറ്റം കാണാൻ ആഗ്രഹിക്കുന്നത്.

അതു കൊണ്ടു തന്നെ ആ മാറ്റത്തെ അംഗീകരിക്കുന്നതിനെ കുറിച്ച് അവർ ഒരിക്കലും ബോധവാന്മാരല്ല എന്നതാണു ഈ സംശയത്തിനുള്ള കാരണവും,

ഭർത്താവിൽ നിന്ന് എല്ലാം ആഗ്രഹിക്കുന്നതോടൊപ്പം അതൊന്നും നടക്കില്ലെന്ന അതിനേക്കാൾ ശക്തമായ വിശ്വാസവും അവർ ഉള്ളിൽ കൊണ്ടു നടക്കുന്നുണ്ട്,

അതു മാറി മറിയുമ്പോൾ
അതംഗീകരിക്കാൻ കഴിയാതെ അതിൽ രോഗവും, മാനസീകപ്രശ്നങ്ങളും,

മരണം പോലും കലർത്തി ചിന്തിപ്പിക്കാൻ ബലമുണ്ട് ആ വിശ്വാസങ്ങൾക്ക് എന്നു പറയുമ്പോൾ നിങ്ങൾക്കുള്ളിൽ അങ്ങിനെയൊരു മാറ്റം ഉണ്ടാവില്ല എന്നതിന്റെ ആഴം എത്രമാത്രം വലുതായിരിക്കും ?

അതാണല്ലോ ഒരു ഭർത്താവു കൂടുതലായി ഭാര്യയേ പരിഗണിക്കുമ്പോൾ അയാളിൽ ഭ്രാന്തു കാണാൻ പോലും അയാളുടെ ഭാര്യ ശ്രമിക്കുന്നത്.

നാളെ മുതൽ ഞാൻ മാറാൻ പോകുകയാണ് എന്നൊരു ഇൻഫോർമേഷൻ തന്നു കൊണ്ട് മാറുകയായിരുന്നെങ്കിൽ കാര്യങ്ങൾ കുറച്ചു എളുപ്പമായിരുന്നേനെ എന്നു നമുക്ക് തോന്നാം,

എന്നാൽ ആ മാറ്റം പൂർണ്ണമായും സാധ്യമാകുമോ എന്ന് അവർക്കു പോലും ഉറപ്പില്ലാതെ ആരംഭിക്കുന്ന ഒന്നു കൂടിയാണെന്നു കൂടി നമ്മൾ മനസിലാക്കണം.

ആരും ജീവിതത്തിൽ അങ്ങിനെ മുൻ കൂട്ടി നിശ്ചയിച്ചുറപ്പിച്ചു കൊണ്ട് മാറ്റങ്ങൾ വരുത്താറില്ല, മിക്കതും സാധ്യമാവുമോ എന്ന രീതിയിലുള്ള പരീക്ഷണങ്ങൾ മാത്രമാണ്,

അവരിൽ തന്നെ ഏതോ ഒരു നിമിഷത്തിൽ സംഭവിക്കുന്ന ചില ഉൾപ്രേരണകളുടെ പുറത്താണ് ഇത്തരം ചിന്തകൾ അവരിൽ പോലും ഉണ്ടാവുന്നത്.

നമ്മൾ ചിലത് ആഗ്രഹിക്കുകയും
എന്നാലതു തന്നെ സംഭവിക്കുമ്പോൾ അതിൽ വിശ്വാസം തോന്നാതിരിക്കുകയും ചെയ്യുന്നതെന്തു കൊണ്ടാണെന്നറിയോ ?

ഈ വിശ്വാസകുറവു കൊണ്ടു തന്നെയാണ്.

എന്തു കാര്യങ്ങളും നടന്നു കാണാൻ
നമ്മൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അങ്ങിനെ സംഭവിക്കും എന്ന വിശ്വാസത്തോടു കൂടി വേണം നമ്മൾ അതിനെ നോക്കി കാണാൻ

അല്ലാത്തപക്ഷം അതു സംഭവിക്കുമ്പോൾ അവിശ്വാസത്തിന്റെ പുറത്ത് നമ്മൾ അതിനെ നഷ്ടപ്പെടുത്താൻ സാധ്യതയുണ്ട്.

ഡോക്ടർ അതു പറഞ്ഞു നിർത്തി അവളെ ഒന്നു നോക്കിയതും,

സായ് അതു വരെ പ്രവർത്തിച്ചതും പറഞ്ഞതുമെല്ലാം യഥാർത്ഥ്യമായിരുന്നെന്നും താനാണ് അതിനെ തെറ്റിധരിച്ചതെന്നും മനസിലാക്കിയ ഹൃദ്യതയുടെ മുഖം ആകെ വിവർണ്ണമായി,

അതു കണ്ടതും ഡോക്ടർ അവളെ നോക്കി പറഞ്ഞു,, ഇതൊന്നും ഒരു പ്രശ്നമേയല്ല,

നിങ്ങൾ ധൈര്യമായി തിരിച്ചു പോകൂ,
എന്നിട്ട് ഭർത്താവിന്റെ നല്ല പ്രവൃത്തികൾക്ക് നിങ്ങളും തിരിച്ച് നന്ദി പറഞ്ഞു തുടങ്ങൂ തീർച്ചയായും നിങ്ങളിൽ ഇതു വരെ കാണാത്ത നല്ലൊരു ഹൃദയബന്ധം അത് സാധ്യമാക്കുക തന്നെ ചെയ്യും.

തുടർന്നു വീട്ടിൽ മടങ്ങിയെത്തിയ ഹൃദ്യത
വൈകിട്ട് ഒാഫീസ് വിട്ടു വന്ന ഭർത്താവിന് ചായ കൊണ്ടു കൊടുത്തു കൊണ്ട് പറഞ്ഞു,

സായ് ? ഞങ്ങൾക്കു വേണ്ടി രാപകലില്ലാതെ അദ്ധ്വാനിക്കുകയും കഷ്ടപ്പെടുകയും ചെയ്തു കൊണ്ട്

ഞങ്ങളുടെ ജീവിതം സുഖകരവും സന്തോഷകരവുമാക്കി തീർക്കുന്നതിനു വേണ്ടുന്നതൊക്കെ യഥാസമയം എത്തിച്ചു തരുന്നതിൽ ഞങ്ങളെന്നും നിങ്ങളോട് കൃതഞ്തയുള്ളവരായിരിക്കും.

ഹൃദ്യതയുടെ വാക്കുകൾ കേട്ട സായ്
തന്റെ സന്തോഷം പങ്കു വെച്ചത് ഡൈനിങ്ങ് ടേബിളിനു മേലേയിരുന്ന മറ്റൊരു ഗ്ലാസ്സെടുത്ത് തന്റെ ഗ്ലാസ്സിലെ ചായ പകുതി അതിലേക്കൊഴിച്ച് അവൾക്കു നേരേ നീട്ടികൊണ്ടായിരുന്നു,

അതു കണ്ടതും ഹൃദയത്തിലെ ഏറ്റവും മനോഹരമായ പുഞ്ചിരിയോടെ ആ ഗ്ലാസ്സ് വാങ്ങി അവളും അയാളോടു ചേർന്നു നിന്നു…

Leave a Reply

Your email address will not be published. Required fields are marked *