വീട്ടിൽ സ്വർണ്ണം കായ്ക്കുന്ന മരമൊന്നുമില്ല, ആകെയുള്ളത് വിട്ടിട്ടു..

(രചന: Pratheesh)

വീട്ടിൽ സ്വർണ്ണം കായ്ക്കുന്ന മരമൊന്നുമില്ല, ആകെയുള്ളത് വിട്ടിട്ടു പോകില്ലെന്ന് ഉറപ്പുള്ളൊരു മനസു മാത്രമാണ്.

അതിരുധ പറഞ്ഞ ആ വാക്കുകൾ ആ സമയം എന്റെ മനസിൽ വല്ലാതെ വന്നു കൊണ്ടു.

അവളുടെ ആ നിസഹായതയേ കുറിക്കാൻ ഇതിനേക്കാൾ മനോഹരമായ വാക്കുകൾ വേറെയുണ്ടോയെന്നു എനിക്ക് പോലും സംശയമായിരുന്നു,

അതുകേട്ട ഞാൻ അവളുടെ മുഖത്തേക്ക് ഒന്നു കൂടി സൂക്ഷിച്ചു നോക്കി ഞാനവളെ ആദ്യമായി കാണുമ്പോൾ അവളുടെ മുഖത്തുണ്ടായിരുന്ന ആ നിഷ്ക്കളങ്കത അപ്പോഴും ആ മുഖത്തുണ്ടായിരുന്നു,

അഞ്ചു വർഷങ്ങൾക്കു മുന്നേ ഒരു മഴക്കാലത്താണ് ഞാനവളേ ആദ്യമായി കാണുന്നത്

മഴ കനത്തപ്പോൾ ബൈക്ക് നിർത്തി ഞാൻ ബസ്റ്റോപ്പിൽ കയറി നിന്നതായിരുന്നു,

മഴയൊരു ശല്യമായി തോന്നി മഴയേ ശപിച്ചു കൊണ്ടിരിക്കുന്ന നേരം റോഡിന്റെ മറുഭാഗത്ത് പെട്ടന്ന് പച്ച ചുരിദാറണിഞ്ഞ് കുട ചൂടി ഒരാൾ പ്രത്യക്ഷപ്പെട്ടു,

കുട താഴ്ത്തി പിടിച്ചിരിക്കുന്നതു കൊണ്ട് മുഖം കാണുന്നില്ലായിരുന്നു,

മഴയായതു കൊണ്ടും, ഒറ്റക്കായതു കൊണ്ടും, മറ്റൊന്നും അപ്പോൾ ചെയ്യാനില്ലാത്തതു കൊണ്ടും എന്റെ ശ്രദ്ധ അവളിൽ തന്നെയായി,

ആ മഴയൊന്ന് കുറഞ്ഞിരുന്നെങ്കിൽ
ആ മുഖമൊന്നു കാണാമായിരുന്നു എന്നു മനസിൽ തോന്നിയെങ്കിലും ആ സമയം മഴയുടെ കനം വല്ലാതെ കൂടുകയും കുട ചെറുതായി പോലും ഒന്നുയർത്തി പിടിക്കാനുള്ള അവസരം പോലും അവിടെ ഉണ്ടായില്ല,

അവൾ അവളുടെ മുഖം ഞാൻ കാണരുതെന്നു കരുതി മനപ്പൂർവ്വം കുട താഴ്ത്തി പിടിച്ചിരിക്കയാണോ എന്നു പോലും എനിക്കൊരു സംശയം തോന്നാതിരുന്നില്ല,

അവളെ പോലെ തന്നെ ആ മഴയും,
മഴക്ക് എന്നോട് എന്തോ വൈരാഗ്യമുള്ളതു പോലെ ആർത്തു പെയ്യുകയായിരുന്നു അപ്പോൾ,

അവളാണെങ്കിൽ റോഡ് ക്രോസ്സ് ചെയ്തു വന്നിട്ടും ബസ്റ്റോപ്പിനകത്തേക്ക് കയറാതെ ആ മഴയും കൊണ്ടു ബസ്റ്റോപ്പിനു പുറത്തു തന്നെ നിന്നു,

എനിക്കാണേൽ അവളുടെ മുഖമൊന്നു കാണാൻ പറ്റാഞ്ഞിട്ട് എന്റെ ക്ഷമ നശിക്കുകയും നല്ലോണം ദേഷ്യം വരുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു,

അവൾക്ക് മര്യാദക്ക് ആ ബസ്റ്റോപ്പിലേക്കൊന്ന് കയറി നിന്ന് ആ കുടയൊന്ന് ചുരുക്കിയാൽ മതി മനുഷ്യന് അവളെയൊന്ന് കാണുകയും ചെയ്യാം,

അവൾക്കാണേൽ മഴ കൊള്ളാതെ നിൽക്കുകയും ചെയ്യാം എന്നിട്ടും ആ പിശാച് അതൊന്നും ചെയ്യാതെ ബസ്റ്റോപ്പിനു മുന്നിൽ നിന്ന് കുടയും പിടിച്ച് മഴ കൊള്ളുവാണ്.

പണ്ടാരടങ്ങാൻ മഴയാണെങ്കിൽ ഉണ്ടായേപ്പിന്നെ ഇതു വരെ പെയ്തിട്ടില്ലാത്ത പോലെയാണ് പെയ്യുന്നതും.

ഇനി മഴയും അവളും കൂടി എന്നെ പറ്റിക്കാൻ ഒത്തു കളിക്കുന്നതാണോ ?
സംശയങ്ങൾ ഒന്നിനു പിറകേ ഒന്നായി വന്നു കൊണ്ടെയിരുന്നു,

അതിനിടയിലും എന്റെ മനസ്സെന്നോട് ചോദിക്കുന്നുണ്ട്, അവളുടെ മുഖം കണ്ടില്ലെങ്കിൽ ഇപ്പോഴെന്താ ?

ലോകം ഇടിഞ്ഞു വീഴുകയൊന്നുമില്ലല്ലോ ? ഈ മഴ പെയ്തില്ലായിരുന്നെങ്കിൽ നീയിപ്പോൾ അവളെ കാണുമായിരുന്നോ ?

എന്നിങ്ങനെയൊക്കെ വേറെയും,
ഒപ്പം തന്നെ എന്റെ ഹൃദയവും എന്നോടു പറയുന്നുണ്ട്, ആ മുഖമൊന്ന് കണ്ടേ മതിയാവൂയെന്നും.

ഞാനാണെങ്കിൽ ഒരു നിമിഷത്തേക്കെങ്കിലും അവളുടെ മുഖമൊന്നു കാണാനായി ആ കുടയൊന്നു വഴി മാറി തരാതിരിക്കില്ലെന്ന പൂർണ്ണ വിശ്വാസത്തിലൂന്നി അവളിൽ നിന്നു കണ്ണെടുക്കാതെ അവളെ തന്നെ നോക്കിയിരിക്കുകയും ചെയ്യുന്നു,

എന്നാലെന്റെ ആ പ്രതീക്ഷക്കളെയും അതെ മഴയിൽ കുതിർത്തു കൊണ്ട് അവൾക്കു പോകാനുള്ള ബസ്സ് അവളുടെ മുന്നിൽ വന്നു നിന്നു കൊണ്ട് ഡോർ തുറന്നതും

പൂർണ്ണമായും കുട മടക്കാതെ ചെറുതായൊന്നു ചുരുക്കുക മാത്രം ചെയ്തു കൊണ്ട് അവൾ ആ ബസിലേക്കു കയറിയതും അവൾക്കു പിന്നിൽ ആ ഡോറടഞ്ഞു,

മഴ കാരണം ബസ്സിന്റെ സൈഡ് ഷട്ടറുകളെല്ലാം അടഞ്ഞു തന്നെ കിടന്നിരുന്നതു കൊണ്ട് എനിക്കവളെ കാണാനുമായില്ല ബസ്സ് അവളെയും കൊണ്ട് മുന്നോട്ടു പോവുകയും ചെയ്തു,

അതോടെ ഇനി ഈ മഴയങ്ങു കൊള്ളാമെന്നുള്ള എന്റെ തീരുമാനം ഞാൻ പെട്ടന്നു തന്നെയെടുത്തു,
അങ്ങിനെ ആ പെരുംമഴയിൽ കുതിർന്ന് കൊണ്ട് ബൈക്കിൽ ബസ്സിനെ ഞാനും പിൻ തുടർന്നു,

നാലഞ്ചു സ്റ്റോപ്പുകൾക്കപ്പുറം കോളേജ് സ്റ്റോപ്പിൽ കുട മുന്നോട്ടു നിവർത്തി അവൾ ഇറങ്ങിയതും ഞാനവളെ വളരെ വ്യക്തമായി തന്നെ കണ്ടു.

അവളൊരുപാട് സുന്ദരിയൊന്നും ആയിരുന്നില്ലെങ്കിലും എന്തോ എനിക്കവളേ ഒരുപാടിഷ്ടമായി….

അന്നവളുടെ പിന്നാലെ കൂടിയതാണ്,
എനിക്കവളേ ഇഷ്ടമാണെന്നു പറഞ്ഞിട്ടും ഒരു വർഷം കഴിഞ്ഞിട്ടാണ് അവളെനിക്കു അനുകൂലമായൊരു മറുപടി തന്നതു പോലും.

എന്നാലിന്ന് എനിക്ക് ജോലിയായതും
എന്റെ വീട്ടുകാരെനിക്ക് മറ്റൊരുവളെ കണ്ടെത്തിയിരിക്കുന്നു,

വീട്ടുകാർ കണ്ടെത്തിയിരിക്കുന്നത് അമ്മയുടെ കൂടെ തന്നെ ജോലി ചെയ്യുന്ന ആരുടെയോ മകളെയാണ് ആ കൊച്ചിന് ഏതോ ബാങ്കിൽ ജോലിയുണ്ടെന്നതാണ് അവർ അതിൽ കാണുന്ന വലിയ പ്രത്യേകത,

രണ്ടു പേർക്കും ജോലിയുണ്ടെങ്കിൽ ജീവിതം എളുപ്പമാകും എന്നതാണ് ആ കണ്ടെത്തലിനു പിന്നിലെ വസ്തുതയും,

അവരത് ഏകദേശം ഉറപ്പിക്കാനുള്ള തീരുമാനത്തിലുമായിരുന്നു, എന്റെ കാര്യം ഞാനവരോട് പറഞ്ഞെങ്കിലും അതൊന്നും അത്ര ശരിയായി വരില്ല എന്നൊരു ഒഴുക്കൻ മറുപടിയാണവർ അതിനു പറഞ്ഞത്,

അവർ അവരുടെ നിലപാടുമായി മുന്നോട്ടു പോകാൻ തന്നെ തീരുമാനിച്ചതോടെ എന്തു തീരുമാനം എടുക്കുമെന്നത് എന്നെ സംബന്ധിച്ചും അപ്പോൾ വലിയൊരു പ്രശ്നമായി,

എന്റെ മുന്നിലേ ഈ പ്രശ്നം അതിരുധയോടു പറഞ്ഞപ്പോഴാണ് അവളെനിക്ക് സ്വർണ്ണം കായ്ക്കുന്ന മരത്തിന്റെ ആ മറുപടി തന്നത്. അതോടെ ഞാൻ പിന്നെയും എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി,

വീട്ടുകാർ എനിക്കു തീരുമാനമെടുക്കാൻ തന്നിരുന്ന സമയം ഏകദേശം തീരാറായി നാളെ രാവിലെ വരെയാണ് എനിക്കവർ അനുവദിച്ച സമയം, എനിക്കാണെങ്കിൽ എന്തു ചെയ്യണം എന്നൊരു പിടിയുമില്ല,

ഒരു തീരുമാനമെടുക്കാനാവാതെ
ആ രാത്രി ഞാനവളെ വീണ്ടും വിളിച്ചു
എന്റെ വിഷമസ്ഥിതി മനസിലാക്കിയിട്ടാണോ എന്നറിയില്ല അവൾ എന്നോടു പറഞ്ഞു,

‘എന്നെ ഒാർത്തു നീ വിഷമിക്കേണ്ടതില്ല അവരെയാരേയും പിണക്കേണ്ടതുമില്ല,
അവരുടെ ഇഷ്ടങ്ങൾക്കു സമ്മതം കൊടുത്തേക്കൂയെന്ന് ” അതും പറഞ്ഞവൾ ഫോൺ വെച്ചു,

അവൾ ഫോൺ വെച്ചതും ഞാൻ ആലോചിച്ചു എത്ര നിസാരമായാണ് അവളെല്ലാം പറഞ്ഞവസാനിപ്പിച്ചത്, അവൾ അതു പറഞ്ഞെങ്കിലും അതൊരു ആശ്വാസവാക്കായി എനിക്കപ്പോൾ തോന്നിയില്ല,

ഞാൻ പിന്നെയും ആലോചിച്ചു മറ്റെന്താണൊരു വഴിയെന്ന് ?
ഇവിടെ എല്ലാം വേണ്ടാന്നു വെക്കുക എന്നൊരു തീരുമാനം എടുക്കാൻ വളരെ എളുപ്പമാണ്,

എന്നാലത് ഈ പ്രശ്നത്തിന്റെ ഏറ്റവും എളുപ്പമുള്ള വഴിയുമാണത് . ആർക്കും എളുപ്പം തിരഞ്ഞെടുക്കാവുന്ന വളരെ എളുപ്പമുള്ള വഴി.

എന്നാലെന്നെ സംബന്ധിച്ചിടത്തോള്ളം
അവളും ഒപ്പം എനിക്കെന്റെ വീട്ടുകാരും വേണം അതിനുള്ള ഒരു വഴിയായിരുന്നു എനിക്കു വേണ്ടിയിരുന്നത്, നേരം വളരെ വൈകിയിട്ടും എനിക്കുറക്കം വന്നില്ല,

എന്നാലൊന്നും എങ്ങും എത്തിയതുമില്ല,
എന്നിട്ടും ആലോചനയുടെ ആഴങ്ങളിൽ കുടുങ്ങി ഞാനെപ്പോഴോ അറിയാതുറങ്ങി പോയി,

രാവിലെ ഉണർന്നപ്പോഴും ചിന്ത അതെ വിഷയത്തിൽ തന്നെ ചുറ്റി തിരിഞ്ഞു,
എന്റെ മുറിയുടെ വാതിൽ തുറന്നു ഞാൻ പുറത്തു വരുന്നതു വരെ മാത്രമാണ് ഇനി എനിക്ക് അവശേഷിക്കുന്ന സമയപരിധി,

ഫോൺ ഒന്നെടുത്തു വെറുതെ നോക്കിയതും അതിലവളുടെയോരു മെസേജ് വന്നു കിടക്കുന്നതു കണ്ടു പെട്ടന്നതെന്താണന്നറിയാൻ തുറന്നു നോക്കിയതും,

അവൾ അതിലെഴുതിയിരിക്കുന്നു,
‘എല്ലാം നല്ലതിനാണെന്നു കരുതി കഴിഞ്ഞതെല്ലാം മറന്നേക്കുക,
വീട്ടുകാരുടെ ഇഷ്ടങ്ങൾക്കു സമ്മതിക്കുക അവരെ വിഷമിപ്പിക്കണ്ട ”

അവളുടെ ആ വാക്കുകളും എനിക്കപ്പോൾ ഒരു ഭാരമായി മനസിൽ കയറി,

സമയം വളരെ വേഗത്തിൽ പോയി കൊണ്ടിരുന്നു എനിക്കാണെങ്കിൽ അവളുടെ മെസേജ് കൂടി വായിച്ചതോടെ ആകെ അസ്വസ്ഥതയായി,

പക്ഷേ എന്നിരുന്നാലും വാതിൽ തുറന്നേ പറ്റൂ അല്ലാത്ത പക്ഷം താഴേ നിന്നുള്ള വിളി ഏതു നിമിഷവും കടന്നു വരാം,
അങ്ങിനെ അവസാനം മറ്റു വഴിയില്ലാതെ വാതിൽ തുറന്നു ഞാൻ പുറത്തു വന്നു
താഴേ എല്ലാവരും എന്റെ വരവും നോക്കിയിരിക്കയാണ്,

എന്നെ കണ്ടതും അപ്പോൾ തന്നെ അമ്മയെന്നോടു ചോദിച്ചു, എന്തായി നിന്റെ തീരുമാനം ? ഞങ്ങൾ അവർക്കു വാക്കു കൊടുത്തോട്ടെ ? ഒപ്പം അച്ഛനും എന്നെ നോക്കി കൂടെ അനിയത്തിയും.

ഞാനുടൻ ചോദിച്ചു വാക്കു കൊടുത്താൽ ?

അതിനമ്മ പറഞ്ഞു, വാക്കു കൊടുത്താൽ പിന്നെ അതിൽ നിന്നു പിൻ മാറുക കുടുംബത്തിൽ പിറന്നവർക്കു ചേർന്ന പണിയല്ലായെന്ന്.

അതു കേട്ടതും പെട്ടന്നെനിക്ക് അവൾ പറഞ്ഞ വാക്കുകൾ ഒാർമ്മ വന്നതും.

ഞാനവരെ നോക്കി ചോദിച്ചു, വീട്ടിൽ സ്വർണ്ണം കായ്ക്കുന്ന മരമൊന്നുമില്ല ആകെയുള്ളത് വിട്ടിട്ടു പോകില്ലെന്ന് ഉറപ്പുള്ള ഒരു മനസ്സു മാത്രമാണുള്ളതെന്ന് നമ്മളെ ഒരുപാട് സ്നേഹിക്കുന്നൊരാൾ നമ്മളോടു പറഞ്ഞാൽ എന്താണ് അതിന്റെ അർത്ഥമെന്ന് ?

ഞാനത് ചോദിച്ചതും അച്ഛനുമമ്മയും പരസ്പരം നോക്കിയതല്ലാതെ അവരൊന്നും പറഞ്ഞില്ല,

എന്നാൽ അനിയത്തി മാത്രം അതു കേട്ട് എന്നെ നോക്കിയൊന്നു ചിരിച്ചു,
വീണ്ടും അവരെ നോക്കി ഞാൻ പറഞ്ഞു,
പൊന്നിനും പണത്തിനുമപ്പുറത്ത് സ്വർണ്ണം കായ്ക്കുന്ന മനസ്സുള്ളൊരു പെണ്ണിന് ഞാനും വാക്ക് കൊടുത്തിട്ടുണ്ട്.

ഞാൻ ആ പറഞ്ഞതിന്റെ പൊരുൾ അവർക്ക് വളരെ വ്യക്തമായി അപ്പോൾ മനസിലായി അതായിരിക്കാം അമ്മ എന്നെ നോക്കി അപ്പോൾ മറ്റൊന്നു പറഞ്ഞു,

ഭാവിയിൽ നിനക്കെന്ത് പ്രശ്നം വന്നാലും
ഒരു ഫിനാൻഷ്യൽ സപ്പോർട്ട് ഈ തീരുമാനം കൊണ്ട് നിനക്ക് ചിലപ്പോൾ നഷ്ടപ്പെട്ടെക്കുമെന്ന്.

അതിനു മറുപടിയായി ഞാൻ പറഞ്ഞു,
വിവാഹശേഷം ഇപ്പോൾ ഭാര്യവീട്ടുകാർക്ക് ഉണ്ടെന്നു പറയപ്പെടുന്ന സാമ്പത്തികഭദ്രത നഷ്ടമായാലും ജീവിതത്തിൽ ഇതേ പ്രശ്നങ്ങൾ കടന്നു വരില്ലെയെന്ന് ?

ഞാനതു പറഞ്ഞതും അനിയത്തി വീണ്ടും എന്നെ നോക്കി ചിരിച്ചു കൊണ്ട് തലയാട്ടി.

അതും കൂടി കണ്ടതോടെ അച്ഛൻ പെട്ടന്നു തന്നെ ഫോൺ എടുത്തു അച്ഛന്റെ പെങ്ങളെ വിളിച്ചു കൊണ്ടു പറഞ്ഞു,

” ബാലാ നീയൊന്ന് റെഡിയായി നിൽക്ക് നമുക്ക് ആര്യന്റെ കാര്യത്തിനു വേണ്ടി ഒരിടം വരെ ഒന്നു പോകാനുണ്ട് ”

അതും പറഞ്ഞ് അച്ഛൻ ഫോൺ അമ്മക്കു കൊടുത്തതും അമ്മ ഫോൺ വാങ്ങി അവരോടു പറഞ്ഞു.

“അവനവളെ തന്നെ മതിയെങ്കിൽ പിന്നെ നമ്മളെന്ത് പറയാനാ” ?

ഞാനതു കേട്ടതും പുറത്തേക്കിറങ്ങി ഫോണെടുത്ത് അതിരുധയെ വിളിച്ചു പറഞ്ഞു,

ആ ബസ്സിനു പിന്നാലെ മഴ നനഞ്ഞ് വന്നത് വെറുതെയായില്ല സ്വർണ്ണം കായ്ക്കുന്ന മനസ്സുള്ളൊരാളെ കാണാൻ വീട്ടുകാർ അങ്ങോട്ടു വരുന്നുണ്ട്ട്ടോന്ന്.

എനിക്കപ്പോൾ കാണാൻ കഴിയുന്നില്ലെങ്കിലും അറിയാൻ കഴിയുന്നുണ്ട്, ഞാൻ പറഞ്ഞതു കേട്ട് അവളുടെ ഉള്ളു നിറയുന്ന സന്തോഷം അവളുടെ ഉടലാകെ പരക്കുന്നത്…

Leave a Reply

Your email address will not be published. Required fields are marked *