വേണമെങ്കിൽ ഈസിയായി ഈ കല്യാണം മുടക്കി പ്രതികാരം ചെയ്യാമായിരുന്നു എനിക്ക്, കാരണം ഞാൻ ഉപ്പ് നോക്കിയതിനെയാണ്..

(രചന: പ്രജിത്ത് സുരേന്ദ്ര ബാബു)

” മോനെ.. നിനക്ക്‌ വേറൊന്നും തോന്നരുത്. സർക്കാർ ജോലിക്കാർക്ക് മാത്രമേ എന്റെ മോളെ ഞാൻ കെട്ടിച്ചു കൊടുക്കുള്ളു..

അച്ഛനില്ലാതെ വളർന്ന കുട്ടിയാ.. കഷ്ടപ്പെട്ടാ അവളെ ഞാൻ വളർത്തി ഇപ്പോൾ നഴ്സിങ്ങിന് പഠിപ്പിക്കുന്നെ.. നാട്ടിൽ കൂലിവേല ചെയ്ത് നടക്കുന്ന നിനക്ക്‌ ഞാൻ ഇവളെ തരില്ല.. ”

ഭാനുമതി മുഖത്തടിച്ച പോലെ പറഞ്ഞപ്പോൾ ഒന്ന് പരുങ്ങി പോയി അനീഷ്.

” അമ്മേ.. ഞാൻ സർക്കാർ ജോലിക്കായി പ്രിപ്പേയർ ചെയ്യുന്നുണ്ട്. ഒന്ന് രണ്ട് ടെസ്റ്റ്‌ എഴുതിയതിൽ റാങ്ക് ലിസ്റ്റിൽ വരാൻ ചാൻസുമുണ്ട്.

ഉറപ്പായും ജോലി കിട്ടും. പിന്നെ ഇപ്പോ ദിവസം ആയിരത്തി ഇരുന്നൂറ്‌ രൂപയോളം എനിക്ക് ശമ്പളം കിട്ടുന്നുണ്ട്. അനുവിനെ പൊന്നു പോലെ നോക്കിക്കോളാം ഞാൻ. ”

അവനെ അപേക്ഷയുടെ സ്വരം കേട്ടില്ല എന്ന് നടിച്ചു ഭാനുമതി.

” ഹെലോ.. ഡേയ് മതി പ്രസംഗം.. നീ പോ ചുമ്മാ പ്രശ്നത്തിന് നിൽക്കല്ലേ ഇവളെ എങ്ങിനെ ആർക്ക് കെട്ടിച്ചു കൊടുക്കണം എന്ന് ഞങ്ങൾക്ക് അറിയാം. ഞാൻ അവളുടെ ചേച്ചിയുടെ ഭർത്താവ് ആണ്. എനിക്കും ഉത്തരവാദിത്തം ഉണ്ട്. ചുമ്മാ പ്രശ്നത്തിന് നിൽക്കല്ലേ ”

അനുശ്രീയുടെ ചേച്ചിയുടെ ഭർത്താവ് രാജീവ്‌ കൂടി ഇടപെട്ടത്തോടെ പ്രശ്നം അല്പം സീരിയസ് ആയി.

” ചേട്ടാ ഞാൻ വഴക്കിനു വന്നതല്ല. നിങ്ങടെ അനിയത്തിയെ ഈ അനുശ്രീയെ എനിക്ക് ഇഷ്ടമാണ് അവൾക്ക് എന്നെയും. അന്തസായി പെണ്ണ് ചോദിക്കാൻ തന്നെ വന്നതാണ്. ”

അനീഷും വിട്ടുകൊടുക്കുവാൻ തയ്യാറല്ലായിരുന്നു. ഒക്കെയും കേട്ട് നിശബ്ദയായി തന്നെ നിന്നു അനുശ്രീ.

” മോനെ…. ജോലി മാത്രമല്ല പ്രശ്നം… മോന് വിഷമം തോന്നരുത്. അമ്മയില്ലാത്ത വീട്ടിലേക്ക് ഇവളെ കെട്ടിച്ചു വിടാൻ ഞങ്ങൾക്ക് താത്പര്യം ഇല്ല…”

ഭാനുമതി ആ പറഞ്ഞ ന്യായം കേട്ട് അനീഷിന്റെ ഉള്ളൊന്ന് നീറി

” അമ്മേ.. ഇതൊരു കാരണം ആണോ… എന്റെ അമ്മ മരിച്ചു പോയത് എന്റെ കുറ്റം കൊണ്ട് അല്ലല്ലോ.. തട്ടിപ്പറിച്ചു കൊണ്ട് പോയതാണ് ദൈവം ..

ഇന്നും അതോർക്കുമ്പോൾ മനസ്സിൽ ഒരു ശൂന്യതയാണ്. ദയവു ചെയ്ത് ആ കാരണത്താൽ ഞങ്ങളെ പിരിക്കാൻ നിൽക്കരുത്”

വേദന നിറഞ്ഞ അവന്റെ വാക്കുകൾക്കും ഭാനുമതിയേയും രാജീവിനേയും അനുനയിപ്പിക്കുവാൻ കഴിഞ്ഞില്ല .

” നീ ഒന്ന് പോകുന്നുണ്ടോ.. മര്യാദയുടെ സ്വരത്തിൽ പറഞ്ഞു ഞങ്ങൾ ഇനി പ്രശ്നത്തിന് നിൽക്കരുത് ”

രാജീവിന്റെ ഒച്ച കടുത്തതോടെ അനീഷിനും വാശിയായി.

” ചേട്ടാ നിങ്ങൾ ചുമ്മാ പേടിപ്പിക്കല്ലേ… ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ്. ഞാൻ വിളിച്ചാൽ അവൾ ഇറങ്ങി വരും.. ആ ഉറപ്പ് എനിക്ക് ഉണ്ട് എന്നിട്ടും മാന്യമായി വീട്ടിൽ വന്ന് ചോദിച്ചത് എന്റെ മര്യാദ.. ഇനീപ്പോ അത് വേണ്ട.. അനുശ്രീ.. നീ വാ എനിക്കൊപ്പം. പൊന്ന് പോലെ നോക്കാം ഞാൻ നിന്നെ. ”

അനീഷ് അനുശ്രീക്ക് നേരെ തിരിഞ്ഞു.അവൾ ആകെ പതറി പോയിരുന്നു.

” അത് ചേട്ടാ… ”

” എന്താ.. നമ്മൾ തീരുമാനിച്ചതല്ലേ.. വീട്ടുകാർ സമ്മതിച്ചില്ലേൽ നീ ഇറങ്ങി വരും എന്നത്.. എന്നിട്ട് ഇപ്പോ എന്താണ് ഒരു മടി. ”

” അ… അത് ചേട്ടാ.. ഇത്ര പെട്ടെന്ന് ഇറങ്ങി വരുക എന്നൊക്കെ പറയുമ്പോ. ചേട്ടൻ ഇപ്പോ പോ നമുക്ക് പിന്നെ തീരുമാനിക്കാം ”

അവളുടെ ഈ മാറ്റം അനീഷിനെ വല്ലാതെ അമ്പരപ്പിച്ചു

“പിന്നെ തീരുമാനിക്കാം എന്നോ.. എന്താണ് അനു നീ ഈ പറയുന്നേ.. എന്താ എനിക്കൊപ്പം വരാൻ തയ്യാറല്ലേ നീ.. ”

വല്ലാത്തൊരു കുരുക്കിലായി പോയി അനുശ്രീ അപ്പോൾ. എന്ത് പറയണം ന്ന് അറിയാതെ കുഴഞ്ഞു അവൾ.

” ചേട്ടാ ഇപ്പോ പോ.. ഇത് ശെരിയാവില്ല.. ”

വീണ്ടും വീണ്ടും അവൾ പതറിയപ്പോൾ അനീഷിന്റെ ഉള്ളിൽ ഒരു നീറ്റൽ അനുഭവപ്പെട്ടു.

” ടാ.. നീ ഇങ്ങനെ നിന്ന് വിയർക്കേണ്ട… അവള് വരില്ല.. നിന്റൊപ്പം വന്ന് ഭാവി തുലയ്ക്കാൻ അവള് തയ്യാറല്ല…. നല്ല ഒന്നാന്തരം ഒരു സർക്കാർ ജോലിക്കാരന്റെ ആലോചന വന്നപ്പോൾ അവൾക്ക് ബോധം വച്ചു. ”

ആ കേട്ടത് അനീഷിൽ വല്ലാത്തൊരു ഞെട്ടൽ ഉളവാക്കി. അനുശ്രീയിൽ അങ്ങിനെ ഒരു മാറ്റം പ്രതീക്ഷിച്ചതെ ഇല്ല അവൻ.

” അനു.. ഇവരെന്താ ഈ പറയുന്നേ.. നീ… നീ വരില്ലേ എനിക്കൊപ്പം ”

ദയനീയമായ ആ ചോദ്യത്തിന് മുന്നിൽ തല കുമ്പിട്ട ശേഷം മുഖം തിരിച്ച് വീടിനുള്ളിലേക്ക് ഓടി അവൾ.

അതോടെ അവളുടെ തീരുമാനം എന്തെന്ന് അനീഷിനും വ്യക്തമായി. നടുക്കം വിട്ടകലുമ്പോൾ പിന്നെ അവിടെ നിൽക്കുന്നതിൽ അർത്ഥമില്ല എന്ന് മനസിലാക്കിയ അവൻ പതിയെ തിരികെ നടന്നു.

റോഡിൽ വച്ചിരുന്ന ബൈക്കിലേക്ക് കയറുമ്പോൾ അവന്റെ ഉള്ളം നീറുകയായിരുന്നു. അത്രത്തോളം അവൻ സ്നേഹിച്ചിരുന്നു അനുശ്രീയെ..

വീട്ടിലെത്തിയിട്ടും പലവട്ടം വിളിച്ചു നോക്കിയെങ്കിലും മറുപടി ഉണ്ടായില്ല. ഒടുവിൽ രണ്ട് ദിവസങ്ങൾ കഴിഞ്ഞു അവന്റെ വാട്ട്സാപ്പിൽ അനുശ്രീയുടെ സന്ദേശം എത്തി.

‘ചേട്ടൻ ഇനി എന്നെ ഇങ്ങനെ വിളിച്ചു ശല്യം ചെയ്യരുത്. മറക്കണം. നമ്മൾ തമ്മിൽ ഒന്നാകാൻ പറ്റില്ല…

കഴിഞ്ഞത് കഴിഞ്ഞു എന്റെ വിവാഹം ഉറപ്പിച്ചു വരുന്ന ആഗസ്റ്റ് മാസം പത്തിനാണ് ഡേറ്റ്.. സിറ്റിയിലെ സുരഭി ഹാളിൽ വച്ചാണ്. ഇനി രണ്ട് മാസത്തിലേറെ സമയം ഉണ്ട്. പ്രശ്നമുണ്ടാക്കില്ല എന്ന് ഉറപ്പ് ഉണ്ടേൽ അന്ന് വരണം.’

നെഞ്ചിൽ തീ കോരിയിട്ട നീറ്റലാണ് അപ്പോൾ അനീഷിന് അനുഭവപ്പെട്ടത്. തിരികെ മെസേജ് അയക്കാൻ നോക്കിയെങ്കിലും നമ്പർ ബ്ലോക്ക് ചെയ്തിരുന്നു. വിളിച്ചപ്പോൾ ആ നമ്പർ നിലവിൽ ഇല്ല എന്നും മനസിലായി.

തന്നെ പൂർണ്ണമായും ഒഴിവാക്കി എന്ന സത്യം ഉൾക്കൊള്ളുവാൻ കഴിയാതെ ഉള്ളു പിടന്നു അവന്റെ. ആ നീറ്റൽ കാണാൻ ആരുമില്ലായിരുന്നു.

ദിവസങ്ങൾ അങ്ങിനെ ഓരോന്നായി കടന്നു പോയി. അനുശ്രീയുമായുള്ള വേർപാട് അവനെ കൂടുതൽ മാനസിക സംഘർഷങ്ങളിലേക്ക് കൊണ്ട് പോയി.

” നോക്കു അനീഷ് മദ്യപാനമോ ആത്മഹത്യയോ ഒന്നിനും ഒരു പരിഹാരം അല്ല. പോയവർ പോട്ടെ എന്ന് ചിന്തിക്കു നിനക്ക്‌ നിന്റേതായ ഭാവിയുണ്ട്. നല്ലൊരു ജോലി സമ്പാദിച്ചു അന്തസായി അവരുടെ മുന്നിൽ ജീവിച്ചു കാണിക്ക്. അതിൽ ആണ് നീ വാശി കാണിക്കേണ്ടത്.”

ഫേസ് ബുക്ക്‌ ഫ്രണ്ട്, ചേച്ചിയുടെ സ്ഥാനം അവൻ നൽകിയിട്ടുള്ള ആത്മമിത്രമായ സൈക്ക്യാട്രിസ്റ്റ് നീനയുടെ വാക്കുകളാണ് പിന്നീട് അവന് ആശ്വാസമായത്..

” ടാ നീ ഇങ്ങനെ ഗ്ലൂമി ആയി ഇരിക്കല്ലേ അനീഷ് .. ഒരു കാര്യം ചെയ്യ്. നീ ദൈവ വിശ്വാസി അല്ലെ അപ്പോ ഒരാഴ്ച ചേർത്ത് മുടങ്ങാതെ ക്ഷേത്രത്തിൽ പോയി തൊഴൂ..

മനസ്സിലെ വിഷമങ്ങൾ മുഴുവൻ ഭാഗവാനോട് പറയ്.. നിന്റെ മനസ്സ് ഒന്ന് തണുക്കട്ടെ.. ഉറപ്പായും നിനക്ക്‌ മാറ്റം ഉണ്ടാകും.”

അനീഷിന്റെ അവസ്ഥയിൽ വലിയ മാറ്റമൊന്നും കാണാനില്ല എന്ന് കണ്ടപ്പോഴാണ് നീന അങ്ങനൊരു നിർദ്ദേശം മുന്നോട്ട് വച്ചത്. ദൈവ വിശ്വാസി ആയതിനാലും നീനയോട് എതിർപ്പ് പറയുവാൻ കഴിയില്ല എന്നതിനാലും ആ നിർദ്ദേശം നിരസിച്ചില്ല അവൻ..

പിറ്റേന്ന് രാവിലെ തന്നെ കുളിച്ചൊരുങ്ങി അടുത്തുള്ള മഹാദേവ ക്ഷേത്രത്തിലേക്ക് പോയി. മനസ്സില്ലാ മനസ്സോടെയാണ് പോയതെങ്കിലും ക്ഷേത്ര പരിസരത്തു എത്തിയപ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി തോന്നി അവന്. അത്യാവശ്യം തിരക്ക് ഉണ്ടായിരുന്നു.

സ്ഥിരമായി ക്ഷേത്ര ദർശനം ഇല്ലാത്തതിനാൽ തന്നെ വഴിപാടുകളെ പറ്റിയൊന്നും അനീഷിന് വലിയ ബോധ്യമില്ലായിരുന്നു.
ക്ഷേത്രത്തിനു മുന്നിലേക്ക് നടന്നപ്പോൾ പല പല കച്ചവടക്കാർ അവനെ വിളിച്ചു തുടങ്ങി..

” മോനെ.. ദേ എണ്ണയും തിരിയും വാങ്ങൂ .. ”

“ഭഗവാന് ഏറ്റവും പ്രാധാന്യമുള്ള കൂവള മാല വാങ്ങൂ ചേട്ടാ.. ”

” ദേ പൂമാല വാങ്ങു മോനെ .. ”

അങ്ങിനെങ്ങിനെ പല പല കച്ചവടക്കാർ. എന്തേലുമൊന്ന് വാങ്ങണം ന്ന് തോന്നിയെങ്കിലും എന്ത് വാങ്ങും എന്നത് വീണ്ടും സംശയമായി.

‘ മഹാദേവന് ഏറ്റവും ഇഷ്ടം കൂവള ഇല്ല കൊണ്ടുള്ള മാലയാണ്.. ‘

പണ്ടെന്നോ അച്ഛമ്മ പറഞ്ഞ വാക്കുകൾ പെട്ടന്നാണ് അവന്റെ മനസിലേക്കോടിയെത്തിയത്. അതോടെ കൂവള മാല തന്നെ വാങ്ങാൻ ഉറച്ചു തിരിഞ്ഞു.

” ചേട്ടാ.. ഒരു മാല മതിയോ.. ”

മാല വിൽക്കാൻ നിന്ന പെൺകുട്ടിയുടെ ചോദ്യത്തിന് ‘മതി’ എന്ന് തലയാട്ടി കാശും കൊടുത്ത് മാല വാങ്ങി അവൻ ക്ഷേത്രത്തിനുള്ളിലേക്ക് പോയി.

ഭഗവാന്റെ മുന്നിൽ മനസ്സുരുകി പ്രാർത്ഥിച്ചു. ഉള്ളിലെ വേദനകൾ എല്ലാം തുറന്നു പറഞ്ഞപ്പോൾ വല്ലാത്ത ആശ്വാസം അനുഭവപ്പെട്ടു അനീഷിന്.

‘ നീന ചേച്ചി .പറഞ്ഞു തന്ന വഴി കൊള്ളാം മനസ്സ് ഒന്ന് തണുത്തു.. ‘

വല്ലാത്ത സംതൃപ്തിയോടെയാണ് അവൻ ക്ഷേത്രത്തിൽ നിന്നും തിരിച്ചത്.

വരും വഴി തന്നെ അവളെ വിളിച്ചു നന്ദി പറയുവാനും മറന്നില്ല അനീഷ്. അന്നത്തെ ആ അനുഭവം മനസ്സിനെ തണുപ്പിച്ചതിനാൽ തന്നെ പിറ്റേന്ന് മുതൽ സ്ഥിരമായി രാവിലെ അവൻ ക്ഷേത്രത്തിലേക്ക് പോയി തുടങ്ങി.

അതോടെ എന്നും രാവിലേ ഒരു കൂവള മാല അവനായി തയ്യാറാകുമായിരുന്നു. ആ മാല ദേവനു സമർപ്പിച്ചു മനസ്സുരുകി പ്രാർത്ഥിച്ചു അനീഷ്. അങ്ങിനെ ദിവസങ്ങൾ പതിയെ നീങ്ങി തുടങ്ങി.

ഒപ്പം അനീഷ് അനുശ്രീയുടെ വേർപാടിലുണ്ടായ വിഷമങ്ങളിൽ നിന്നും മുക്തനായി തുടങ്ങി. അങ്ങിനെ ഒരു ദിവസം പതിവ് പോലെ ക്ഷേത്രത്തിലേക്കെത്തിയെങ്കിലും അന്ന് അവനായി കൂവള മാല തയ്യാറല്ലായിരുന്നു.

” മാല വിൽക്കുന്ന മോള് ഇന്ന് വന്നിട്ടില്ല മോനെ… ആ കൊച്ചിന് ഒട്ടും സുഖമില്ല കിടപ്പിലാണ് ”

അടുത്ത് നിന്ന പൂക്കച്ചവടക്കാരിയുടെ മറുപടി കേട്ട അനീഷ് അപ്പോഴാണ് ആ പെൺകുട്ടിയെ പറ്റി ഓർത്തത്.

എന്നും രാവിലെ വന്ന് മാല വാങ്ങി പോകുമെങ്കിലും അത് വിൽക്കുന്ന പെൺകുട്ടിയുടെ മുഖത്തേക്ക് പോലും അവൻ നേരെയൊന്ന് നോക്കിയിരുന്നില്ല എന്നതാണ് സത്യം.

പക്ഷെ ഇന്നിപ്പോൾ അവൾ നിൽക്കുന്ന സ്ഥലം ഒഴിഞ്ഞു കിടന്നപ്പോൾ എന്തോ ഒരു വല്ലായ്മ അവന്റെ മനസ്സിൽ അനുഭവപ്പെട്ടു.

” ആ കുട്ടി ഇവിടെ അടുത്തുള്ളതാണോ ”

” അതേ മോനെ.. അതൊരു പാവം കൊച്ചാ.. അതിനു അച്ഛനും അമ്മയും ഒന്നുമില്ല ഒരു അപ്പച്ചിയുടെ വീട്ടിലാ താമസം. അവിടെ ഒരു വേലക്കാരി അത്ര തന്നെ..

സ്വന്തം ചിലവിനാവശ്യമായ തുക കണ്ടെത്താനാ പാവം പഠിത്തമൊക്കെ കളഞ്ഞു ഇവിടെ വന്ന് ഈ കച്ചവടത്തിന് നിൽക്കുന്നേ അല്ലേൽ മോൻ ഒന്ന് ഓർത്തു നോക്ക്യേ പത്തിരുപത്തഞ്ചു വയസ്സ് പ്രായമുള്ള ഏത് പെൺകുട്ടി വന്ന് നിൽക്കും ഇങ്ങനെ വഴിയോര കച്ചവടത്തിന്. ഗതികേട് കൊണ്ടാ പാവം. “.

പൂക്കാരി സ്ത്രീയുടെ വിശദീകരണം കേൾക്കെയാണ് അനീഷ് അവളെ പറ്റി കൂടുതൽ ഓർത്തെടുത്തത്.

‘ ശെരിയാണ്.. അവൾക്ക് ഏകദേശം ഇരുപത്തഞ്ചു വയസ്സോളം മാത്രമേ പ്രായം ഉള്ളു…

അതികം വണ്ണമൊന്നുമില്ലാത്ത കാണാൻ അതി സുന്ദരിയൊന്നുമല്ലെങ്കിലും ഒട്ടും മോശമല്ലാത്ത തനി നാട്ടിൻ പുറത്തു കാരി. താൻ ഒരിക്കൽ പോലും അവളെ ശ്രദ്ധിച്ചിട്ടില്ല എന്നാൽ പലപ്പോഴും മാല തരുമ്പോൾ അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചിരുന്നു.

അന്ന് സത്യത്തിൽ അവളുടെ മുഖം തന്നെയായിരുന്നു അനീഷിന്റെ മനസ്സിൽ. പ്രാർത്ഥനയിലും അവളെ ഉൾപ്പെടുത്തുവാൻ മറന്നില്ല അവൻ. പിന്നീടുള്ള ദിവസങ്ങളിൽ എന്നും രാവിലെ ആ മുഖത്തിനായി ക്ഷേത്ര മുറ്റത്ത് തിരഞ്ഞു അവൻ.

” കുറവില്ല മോനെ.. ആ കൊച്ചിനെ ഹോസ്പിറ്റലിൽ ഒക്കെ അഡ്മിറ്റ് ചെയ്തേക്കുവാ ”

പൂക്കാരി കാര്യങ്ങൾ കൃത്യമായി അപ്ഡേറ്റ് ചെയ്തിരുന്നു.

“ഇതെന്താ ചേച്ചി ഇങ്ങനെ.. അനുശ്രീയുടെ ഓർമകളിൽ നിന്നും മുക്തനാകാൻ വേണ്ടിയാണ് ഞാൻ ക്ഷേത്രത്തിലേക്ക് പോയി തുടങ്ങിയത്.

മനസ്സ് ശാന്തമല്ലാത്തതിനാൽ ഈ പെൺകുട്ടിയെ ഒരിക്കൽ പോലും ഞാൻ നേരെ ഒന്ന് ശ്രദ്ധിച്ചിട്ടു കൂടി ഇല്ല. എന്നിട്ടും ഇപ്പോൾ അവളെ മൂന്നു നാല് ദിവസം ചേർത്ത് കാണാതായപ്പോൾ വല്ലാത്ത മിസ്സിംഗ്‌ ഫീൽ ചെയ്യുന്നു ”

അനീഷിന്റെ ചോദ്യത്തിനു പുഞ്ചിരിയാണ് ആദ്യം മറുപടിയായി നൽകിയത് നീന.

“അതങ്ങനാ ടോ മാഷേ നമ്മൾ സ്ഥിരമായി കാണുന്ന ഒരാളുടെ സാമീപ്യത്തിനു വലിയ പ്രാധാന്യം ഒന്നും കൊടുക്കില്ല.

എന്നും കണ്ട് പോകും. എന്നാൽ സ്ഥിരം കാണുന്ന ഒരാളെ പെട്ടെന്ന് കാണാതായാൽ പിന്നെ ആ ഒരു മിസ്സിംഗ്‌ വല്ലാതെ തോന്നും മനസ്സിൽ.

സ്ഥിരമായി യാത്ര ചെയ്യുന്ന ബസ് ഒരു ദിവസം വന്നില്ലേൽ പകരം മറ്റൊരു ബസിൽ കേറിയാൻ നമുക്ക് യാത്ര അത്ര തൃപ്തി വരാറില്ലല്ലോ.. അതുപോലെ തന്നാ ഇതും ”

അവളുടെ വിശദീകരണം ശെരിയാണെന്ന് അനീഷിനും തോന്നി. ഇപ്പോൾ അഞ്ചു ദിവസം കഴിയുന്നു ആ പെൺകുട്ടിയെ കാണാതായിട്ട് താൻ അവളെ വല്ലാതെ മിസ്സ്‌ ചെയ്യുന്നുണ്ട്.

രാത്രികളിൽ പോലും അവന്റെ ചിന്ത ആ പെൺകുട്ടിയെ പറ്റിയായിരുന്നു..

‘ആരുമില്ലാത്ത പാവമാ മോനെ അവൾ.’

പൂക്കാരിയുടെ വാക്കുകൾ അവന്റെ മനസിനെ അസ്വസ്തമാക്കി. മനസ്സിൽ ആ പെൺകുട്ടിയുടെ രൂപം വീണ്ടും ഓർത്തെടുത്തു അനീഷ്. എവിടാണോ എന്തോ പാവം.

” ചേട്ടാ ദേ ചേട്ടന്റെ മാല.. ”

പതിവായി കേട്ടിരുന്ന ആ ആ ശബ്ദം അവന്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു .

അങ്ങിനെ ദിവസങ്ങൾ നീണ്ടു. ആ പെൺകുട്ടിയെ കാണാതായിട്ട് കൃത്യം എട്ടാം നാൾ രാവിലെ ക്ഷേത്രത്തിലേക്കെത്തുമ്പോൾ അനീഷ് കണ്ടു പുഞ്ചിരിച്ച മുഖവുമായി പഴേ സ്ഥാനത്ത് തന്നെ തിരിച്ചെത്തി അവൾ.

ആ കാഴ്ച അവന്റെ ഉള്ളിൽ ഏറെ ആശ്വാസമായി. വല്ലാത്ത ഒരു ആവേശത്തോടെ അവൾക്കരികിലേക്കെത്തി അവൻ.

” നല്ല ആളാ താൻ എവിടാരുന്നു. ഇത്രേം ദിവസം . ഞാൻ എന്നും വന്ന് നോക്കും.. പനിയൊക്കെ നല്ലോണം മാറിയോ.. ”

ചെന്ന പാടെ അവൻ ചോദ്യ ശരങ്ങൾ എയ്യവേ അവളും ആശ്ചര്യപ്പെട്ടുപോയി. അപ്രതീക്ഷിതമായതിനാൽ എന്ത് പറയണം ന്ന് അറിയാതെ പരുങ്ങി പോയി ആ പെൺകുട്ടി.

” എന്താടോ.. തനിക്ക് ഒന്നും പറയാൻ ഇല്ലേ. എന്നാൽ വിശേഷങ്ങൾ പിന്നെ പറയാം എന്റെ മാല ഇങ്ങട് തന്നേക്ക് ഞാൻ പോയി തൊഴുതു വരട്ടെ… ”

അവളുടെ കയ്യിൽ നിന്നും മാലയും വാങ്ങി ഏറെ സന്തോഷത്തോടെ അനീഷ് ക്ഷേത്രത്തിനുള്ളിലേക്ക് പോയി. ഒന്നും മനസിലാകാതെ അപ്പോഴും ആശ്ചര്യത്താൽ നോക്കി നിൽക്കുകയായിരുന്നു ആ പെൺകുട്ടി.

“അന്തം വിടേണ്ട.. നീ വരാണ്ടായേ പിന്നെ ആ മോൻ എന്നും വന്ന് നിന്നെ തിരക്കുമായിരുന്നു. വയ്യായ്ക മാറിയോ.. എന്ന് വരും എന്നൊക്കെ.. ”

പൂക്കാരിയുടെ വാക്കുകൾ കൂടി കേൾക്കവേ അവൾക്ക് കൂടുതൽ അതിശയമായി.

സത്യത്തിൽ സ്ഥിരമായി അവൻ വന്നു തുടങ്ങിയതോടെ അവളും അനീഷിനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു എന്നും രാവിലെ ക്ഷേത്രത്തിലെത്തിയാൽ ആദ്യം തയ്യാറാക്കുന്നത് അവന്റെ മാലയായിരുന്നു.

എന്നിട്ട് അവന്റെ വരവിനായി കാത്തു നിൽക്കും. പക്ഷെ ഒരിക്കൽ പോലും അവൻ തന്റെ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് കൂടിയില്ല. എന്നിട്ടിപ്പോൾ പെട്ടെന്ന് ഇങ്ങനെ ഒരു പെരുമാറ്റം.. അത് അവളെ വല്ലാതെ നടുക്കി.

വേഗത്തിൽ തൊഴുതു പുറത്തേക്കിറങ്ങിയ അനീഷ് തിരികെ അവളുടെ അരികിലേക്ക് ആണ് ചെന്നത്. അവന്റെ മുഖത്തു അപ്പോൾ വല്ലാതെ സന്തോഷം അലയടിച്ചു

” എടോ.. ഞാൻ അനീഷ് എന്താ തന്റെ പേര്.. അത് ചോദിക്കാൻ മറന്നു. ”

” രേവതി…. ”

അവളുടെ മറുപടി കേട്ട് വീണ്ടും പുഞ്ചിരിച്ചു അനീഷ്..

” കൊള്ളാം നല്ല പേരാ… പിന്നെ എന്നാ ഉണ്ട് വിശേഷം പനിയൊക്കെ നല്ലോണം മാറിയോ.. ”

അല്പസമയം ആ കുശലാന്യോഷണം നീണ്ടു. പതിയെ പതിയെ രേവതിയും സംസാരിച്ചു തുടങ്ങി.

അവളുടെ ജീവിതത്തിൽ ആദ്യമായിട്ട് ആകും ഒരാള് ഇത്രത്തോളം കാണാൻ കാതു നിന്നിട്ടുണ്ടാവുക ഒടുവിൽ യാത്ര പറഞ്ഞു അനീഷ് പോകുമ്പോൾ രേവതിയുടെ ഉള്ളിലും അവനോട് ഒരു ചെറിയ ഇഷ്ടം തോന്നാതിരുന്നില്ല.

പിന്നീടുള്ള ദിവസങ്ങളിൽ അനീഷ് കുറച്ചു കൂടി നേരത്തെ എത്തി തുടങ്ങി ക്ഷേത്രത്തിനകത്ത് ചിലവഴിക്കുന്നതിനേക്കാൾ കൂടുതൽ സമയം രേവതിക്ക് ഒപ്പം ചിലവഴിച്ചു തുടങ്ങി.മാല.

കച്ചവടം പോലും രണ്ടാളും ഒരുമിച്ചായി. അവളുടെ ഫോൺ നമ്പർ വാങ്ങി പിന്നെ നേരിട്ട് തന്നെ വിളിച്ചു തുടങ്ങി അങ്ങിനെ ആ ബന്ധം മറ്റൊരു തലത്തിലേക്ക് തിരിഞ്ഞു. അനീഷിന്റെ ഉള്ളിൽ രേവതിയുടെ മുഖം ആഴത്തിൽ പതിഞ്ഞു.

” എടോ.. നീ അതിനിടക്ക് അടുത്ത ആളിനെ കണ്ടെത്തിയോ.. ”

നിറ പുഞ്ചിരിയോടുള്ള നീനയുടെ ചോദ്യത്തിന് മുന്നിൽ തല കുമ്പിട്ടു അനീഷ്.

” ചേച്ചിയല്ലേ ക്ഷേത്രത്തിൽ പോകാൻ പറഞ്ഞെ. ഇതിപ്പോ ഭഗവാൻ തീരുമാനിച്ചതാ അതല്ലേ അവളെ അവിടെ വച്ച് കണ്ടതും ഞങ്ങൾ അടുത്തതും പാവമാ ചേച്ചി അതിനു ആരുമില്ല. കെട്ടി പൊന്നു പോലെ നോക്കും ഞാൻ ”

അവന്റെ ഉറച്ച തീരുമാനത്തിന് പൂർണ്ണ പിന്തുണ നൽകി നീനയും. ഒരു ദിവസം രാവിലേ ഇഷ്ടം പറയാൻ ഉറച്ചു തന്നെയാണ് അനീഷ് ക്ഷേത്രത്തിലേക്ക് പോയത്.

” എനിക്ക് നിന്നെ ഒരുപാട് ഇഷ്ടം ആണ്. ഞാൻ കെട്ടിക്കോട്ടേ നിന്നെ ഒരു കഷ്ടപ്പാടും വരുത്താതെ പൊന്ന് പോലെ നോക്കിക്കോളാം ”

അത് കേട്ടിട്ട് പൊട്ടിക്കരഞ്ഞു പോയി രേവതി. കാരണം ജീവിതത്തിൽ ഇങ്ങനെ ഒരു സന്ദർഭം ഒരിക്കലും ഉണ്ടാകില്ല എന്ന് തന്നെയാണ് അവൾ വിശ്വസിച്ചത്.

ഒരു കുടുംബ ജീവിതം അവൾ സ്വപ്നം പോലും കണ്ടിരുന്നില്ല എന്നതാണ് സത്യം. കരച്ചിലിനൊടുവിൽ ചെറു പുഞ്ചിരി ആ ചുണ്ടുകളിൽ വിരിഞ്ഞു ചെറിയ നാണത്തോടെ അവൾ സമ്മതം മൂളി.

അങ്ങിനെ അടുത്ത ബന്ധുക്കളുടെ മാത്രം സാന്നിധ്യത്തിൽ അതേ ക്ഷേത്രത്തിന്റെ തിരുനടയിൽ വച്ച് അനീഷ് രേവതിയുടെ കഴുത്തിൽ താലി ചാർത്തി. ഒരു പക്ഷെ ദൈവങ്ങൾ മുൻകൂട്ടി കണ്ടിരുന്ന നിമിഷമാകണം അത്.

” രണ്ടാളും നല്ലോണം അടിച്ച് പൊളിച്ചു ജീവിക്കണം ”

ആശിർവാദവുമായി നീനയും ഉണ്ടായിരുന്നു.

പിന്നീട് അങ്ങട് സന്തോഷത്തിന്റെ മാത്രം നാളുകളായിരുന്നു പുതിയ പുതിയ സന്തോഷങ്ങൾ അവരുടെ ജീവിതത്തിലേക്ക് കടന്നു വന്നു കൊണ്ടിരുന്നു.

അച്ഛനും അനിയത്തിയും അടങ്ങുന്ന അനീഷിന്റെ കൊച്ചു കുടുംബം രേവതിക്ക് സ്വർഗമായി. അവരെല്ലാവരും അവളെ സ്നേഹം കൊണ്ട് പൊതിഞ്ഞു. അങ്ങിനെ ഒടുവിൽ ആ ദിവസം വന്നെത്തി. അനുശ്രീയുടെ വിവാഹ ദിവസം.

കൃത്യമായി ആ ദിനം ഓർത്തു വച്ചിരുന്നു അനീഷ്. മണ്ഡപത്തിൽ താലി കെട്ട് കഴിഞ്ഞു ഫോട്ടോ ഷൂട്ടിന്റെ തിരക്കിലായിരുന്നു അനുശ്രീയും പ്രതിശ്രുത വരൻ പ്രശാന്തും ആ സമയം ആണ് അനീഷും രേവതിയും അവിടേക്ക് കടന്നു ചെന്നത്.

അവരെ കാണുമ്പോൾ അനുശ്രീയും ഭാനുമതിയും രാജീവുമെല്ലാം ഒരേ പോലെ നോക്കി നിന്നു. ഏവരുടെയും നോട്ടം രേവതിയിൽ ആയിരുന്നു. പരുങ്ങൽ മറച്ചു പിടിച്ചു മുഖത്തു പുഞ്ചിരി വരുത്തിയാണ് അനുശ്രീ അവരെ സ്വീകരിച്ചത്.

” വ.. വരൂ.. ഏട്ടാ ഇത് അനീഷ്.. എന്റെ ഫ്രണ്ട് ആണ്.. കൂടെയുള്ളത്… ”

ഒരു നിമിഷം അവൾ സംശയത്തോടെ അനീഷിന്റെ മുഖത്തേക്ക് നോക്കി..

” വൈഫ്‌ ആണ്. രേവതി.. എല്ലാം പെട്ടെന്ന് ആയിരുന്നു ആരെയും അറിയിക്കാൻ പറ്റിയില്ല ”

ആ മറുപടി അനുശ്രീയ്ക്ക് ഒരു നടുക്കമായിരുന്നു. ഒരു നിരാശാ കാമുകന്റെ കോലം പ്രതീക്ഷിച്ചാണ് അവൾ നിന്നിരുന്നത്. ഇതിപോലെ വലിയ ഞെട്ടൽ ആയി. അനുശ്രീ പെട്ടെന്ന് മൗനമാകവേ പ്രശാന്ത് സംസാരിച്ചു തുടങ്ങി.

“ഹായ് ..അനീഷ്.. ഞാൻ പ്രശാന്ത്. ഇവിടെ വില്ലേജ് ഓഫീസിൽ ക്ലർക്ക് ആണ്. താൻ എന്ത് ചെയ്യുന്നു.. ”

” ഞാൻ ഇപ്പോൾ ഒന്നും ചെയ്യുന്നില്ല … പക്ഷെ അടുത്ത ആഴ്ച മുതൽ ട്രൈനിങ്ങിന് ജോയിൻ ചെയ്യണം.. ഞാൻ എസ് ഐ ടെസ്റ്റ്‌ എഴുതിയിരുന്നു. അതിൽ സെലെക്ഷൻ കിട്ടിയിട്ടുണ്ട്.. ”

ആ മറുപടിയോടെ അനുശ്രീയുടെ പതനം പൂർണ്ണമായി. അവളുടെ മിഴികൾ തുറിച്ചു പോയി.

” ഓ കൺഗ്രാറ്റ്‌സ്.. അപ്പോ ഒരു വരുംകാല എസ് ഐ ഉണ്ട് ഞങ്ങൾക്ക് സുഹൃത്തായി അല്ലെ.. ”

പ്രശാന്ത് പുഞ്ചിരിയോടെ അനീഷിന് ഷേക്ക് ഹാൻഡ് നൽകവെ വിറളി വെളുത്തു നിന്നു പോയി അനുശ്രീ.

” വരൂ നമുക്ക് ഒരു ഫോട്ടോ എടുക്കാം ”

അവരെ സ്നേഹത്തോടെ ക്ഷണിച്ചു പ്രശാന്ത്. ഫോട്ടോയിൽ ആകെ വിമ്മിഷ്ടപ്പെട്ടു മുഖത്തേക്ക് ഒരു ചിരി വരുത്തിയാണ് അനുശ്രീ നിന്നിരുന്നത്.

” ആ പെൺകൊച്ചു നമ്മുടെ അനുവിനേക്കാൾ സുന്ദരിയാണല്ലോ രാജീവേ.. മാത്രമല്ല അവനിപ്പോ ജോലിയും ആയി.. അതും എസ് ഐ ആയിട്ട്.. ”

അല്പം നിരാശ നിറഞ്ഞിരുന്നു ഭാനുമതിയുടെ വാക്കുകളിൽ. രാജീവ്‌ ആകട്ടെ മറുപടിയൊന്നും പറയാതെ നിന്നു.

” അപ്പോൾ ശെരി ഞങ്ങൾ ഇറങ്ങുവാ വീണ്ടും കാണാം… ”

അനീഷ് യാത്ര പറയുമ്പോൾ അനുശ്രീ മാത്രമല്ല ഭാനുമതിയും രാജീവുമെല്ലാം നടുക്കത്തിലായിരുന്നു.

അവന് ഇത്തരമൊരു സൗഭാഗ്യം വന്നു ചേരുമെന്ന് സ്വപ്നത്തിൽ പോലും അവർ കരുതിയില്ല. അനീഷിനെ വീട്ടിൽ നിന്നും അപമാനിച്ചയച്ച ആ നിമിഷത്തെ അറിയാതെ ശപിച്ചുപോയി അവർ.

മണ്ഡപത്തിനു പുറത്തേക്കിറങ്ങിയിട്ട് രേവതിയെ അവിടെ നിർത്തി പതിയെ രാജീവിനരികിലേക്ക് ചെന്നു അനീഷ്

” അതേ ചേട്ടാ.. അന്ന് ഞാൻ വീട്ടിൽ വന്നപ്പോൾ നിങ്ങൾ എന്നെ വല്ലാതെ അപമാനിച്ചിറക്കി വിട്ടു.

അന്ന് ഒന്നും മിണ്ടാത്തെ തിരികെ പോയത് മനസ്സിൽ അത്രത്തോളം വിഷമം ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ്. അനുവും ഞാനും പ്രേമിച്ചിരുന്നവരാണ്. ആ സമയം ഞങ്ങൾ എന്തൊക്കെ ചെയ്തിട്ടുണ്ടാകുമെന്ന് ഊഹിച്ചൂടെ നിങ്ങൾക്ക്..

വേണമെങ്കിൽ ഈസിയായി ഈ കല്യാണം മുടക്കി പ്രതികാരം ചെയ്യാമായിരുന്നു എനിക്ക്.. കാരണം ഞാൻ ഉപ്പ് നോക്കിയതിനെയാണ് ആ പാവപ്പെട്ടവൻ താലി കെട്ടി കൂടെ നിർത്തിയേക്കുന്നത്.ബട്ട് അത്രക്ക് ചെറ്റത്തരം കാട്ടില്ല ഞാൻ… അപ്പോ പോട്ടെ… ബൈ.. ”

അത്രയും പറഞ്ഞുകൊണ്ടവൻ തിരികെ നടക്കുമ്പോൾ മറുപടിയില്ലാതെ നിന്നു പോയി രാജീവ്‌..

രേവതിയുടെ ചുമലിൽ കയ്യിട്ട് പുറത്തേക്ക് നടക്കുമ്പോൾ അനീഷിന്റെ മുഖത്തു ഒരു വിജയിയുടെ ഭാവമായിരുന്നു. നീന മുൻപ് പറഞ്ഞ പോലെ ഒരു ജോലി സമ്പാദിച്ചു നല്ലൊരു പെൺകുട്ടിയേയും വിവാഹം ചെയ്ത് അന്തസ്സായി അനുശ്രീയുടെ മുന്നിലേക്ക് ചെന്ന സന്തോഷം.

” ചേട്ടൻ പൊളിച്ചു കേട്ടോ..”

പുറത്തേക്കിറങ്ങുമ്പോൾ ഒന്ന് പ്രശംസിക്കാൻ മറന്നില്ല രേവതി. അത് കേട്ട് അവളെ ചേർത്ത് പിടിച്ചു ബൈകിനരികിലേക്ക് നടന്നു അനീഷ്

” ചേട്ടൻ ഇനിയല്ലേ മോളെ ഒരു പൊളി പൊളിക്കാൻ പോണത്.. “