(രചന: പ്രജിത്ത് സുരേന്ദ്രബാബു)
” അമ്മേ.. മാമൻ എന്നെ ബാഡ് ടച്ച് ചെയ്തു.. ”
മീനു മോള് വന്നു പറഞ്ഞത് കേട്ട് ഒരു നിമിഷം മുഖാമുഖം നോക്കി പോയി മീരയും ആനന്ദും.
” അത് കലക്കി.. എൽ കെ ജി യിൽ പഠിക്കണ മോൾക്ക് ഈ പ്രായത്തിലേ ഗുഡ് ടച്ച് ബാഡ് ടച്ച് എന്നും പറഞ്ഞു ക്ലാസ്സ് എടുപ്പ് അല്ലെ ജോലി.. എന്നിട്ടിപ്പോ കണ്ടില്ലേ സ്വന്തം അനിയനെ പറ്റി തന്നെ മോള് വന്നു പറയുന്നത്.”
ആനന്ദിന്റെ ആ വാക്കുകളിൽ ചെറിയൊരു പുച്ഛവും നിറഞ്ഞിരുന്നു.
” അവള് കുഞ്ഞല്ലേ ഏട്ടാ.. കാര്യങ്ങൾ പതിയെ അല്ലേ മനസ്സിലാകുള്ളൂ.”
മീരയും വിട്ടു കൊടുത്തില്ല.. അപ്പോഴേക്കും പ്രതിയായ മാമൻ വിഷ്ണുവും അവിടേക്ക് എത്തി.
” എന്താ ചേച്ചി എന്താ പ്രശ്നം മോള് കുരുത്തക്കേട് എന്തേലും കാട്ടിയോ ”
അവന്റെ ചോദ്യം കേട്ടിട്ട് മറുപടി പറയാൻ ഒന്ന് പരുങ്ങി മീര. ഒരു പക്ഷെ കേട്ടാൽ വിഷമം തോന്നിയേക്കാം എന്നോർത്തു സംഭവം അവനിൽ നിന്നും മറയ്ക്കാൻ ഉള്ള ശ്രമമാണ് അതെന്ന് മനസിലാക്കവേ ആനന്ദ് മുന്നിലേക്ക് കയറി.
“ഓ അതൊന്നും കാര്യമില്ലടാ.. സ്ഥിരമല്ലേ. അമ്മേം മോളും കൂടി.. നീ വാ നമുക്ക് പോകാം.. ”
ആനന്ദ് പുറത്തേക്ക് നടക്കവേ പിന്നാലെ വിഷ്ണുവും ചെന്നു.
ഒക്കെയും കേട്ട് എല്ലാവരുടെയും മുഖത്തേക്ക് മാറി മാറി നോക്കി നിന്നു മീനു. ശേഷം ആനന്ദിനു പിന്നാലെ ഓടി അവൾ..
“അച്ഛാ.. ഞാനും വരുന്നു.”
അതോടെ ആ സംഭാഷണം അവിടെ അവസാനിച്ചു. എന്നാൽ അന്നത്തെ ദിവസം മുഴുവൻ അസ്വസ്ഥയായിരുന്നു മീര..
“ഏട്ടാ.. മോള് ഇത്രമൊരു കാര്യം നമ്മളോട് അല്ലാതെ പുറത്ത് ആരോടേലും പറഞ്ഞാൽ അതൊരു വലിയ നാണക്കേട് ആകില്ലേ.. ഇതിപ്പോ ഞാൻ പറഞ്ഞു കൊടുത്തതൊക്കെ അല്പം ഓവർ ആയി പോയി എന്ന് തോന്നുന്നു.”
രാത്രി കിടക്കാൻ നേരം അവൾ പറഞ്ഞത് കേട്ട് ബെഡിലേക്ക് ഇരുന്നു ആനന്ദ്.
” എടോ കാര്യമാക്കേണ്ട.. കൊച്ചല്ലേ അവള്.. കാര്യങ്ങൾ മനസിലാക്കാൻ സമയം എടുക്കും.. താൻ ദയവ് ചെയ്ത് ഇനി മോളെ ഓവർ ആയി പഠിപ്പിക്കാൻ നിൽക്കരുത്. പാവം വിഷ്ണു ഇതറിഞ്ഞാൽ വല്ലാതെ വിഷമിക്കും. കോളേജിൽ രണ്ട് ദിവസം അവധി കിട്ടിയപ്പോൾ മോളെ കളിപ്പിക്കാൻ വേണ്ടി മാത്രം ഓടി വന്നതാ അവൻ. ”
ആ പറഞ്ഞതിൽ കാര്യമുണ്ടെന്ന് മീരയ്ക്കും തോന്നി അപ്പോഴേക്കും മീനുവിനെയും കൊണ്ട് വിഷ്ണുവും മുറിയിലേക്ക് വന്നു.
” മോൾക്ക് ഉറക്കം വന്നു തുടങ്ങി ചേച്ചി.. ”
” ആഹാ.. രാവിലെ മുതൽ നിന്നോടൊപ്പം ഓടിച്ചാടി നടന്നതല്ലേ ക്ഷീണം കാണും.. ഇനീപ്പോ ഉറങ്ങാം ”
മീര പതിയെ മോളെ വിഷ്ണുവിന്റെ കയ്യിൽ നിന്നും വാങ്ങി.
” ചേട്ടാ. ഞാൻ നാളെ രാവിലെ തന്നെ പോകും കേട്ടോ”
വിഷ്ണു പറഞ്ഞത് കേട്ട് സംശയത്തോടെ അവനെ നോക്കി ആനന്ദ്.
” നിനക്ക് ഒരാഴ്ച അവധി അല്ലെ.. പിന്നെന്തിനാ നാളെ തന്നെ പോണേ.. രണ്ട് ദിവസം നിൽക്ക്.. ”
” ഏയ്.. പോണം.. ഇവിടൊരു ഫ്രണ്ട് ഉണ്ട്. പഴേ ക്ലാസ് മേറ്റ് ആണ്. നാളെ അവനെ പോയെന്നു കാണണം പിന്നെ നേരെ തിരിച്ചു പോണം. തിരുവനന്തപുരം ഫാസ്റ്റ് പിടിച്ചാൽ വൈകിട്ട് വീടെത്തും.. ഇനി അടുത്ത അവധിക്കു വരാം ”
അവൻ മറുപടി പറയുമ്പോൾ ര്ൻഡ് ദിവസം കൂടി നിൽക്കുവാനായി പരമാവധി നിർബന്ധിച്ചു മീര. പക്ഷെ വിഷ്ണു എല്ലാം പ്ലാൻ ചെയ്ത് കഴിഞ്ഞിരുന്നു. അവൻ ഉറങ്ങാനായി പോകുമ്പോൾ വീണ്ടും അസ്വസ്ഥയായി മീര.
” ഏട്ടാ ഇനി മോള് അവനോടും ഇങ്ങനെ എന്തേലും പറഞ്ഞു കാണുമോ.. അതാകോ പെട്ടെന്ന് പോകാൻ തീരുമാനിച്ചത്. ”
” ഏയ്.. അതൊന്നും ആകില്ലടോ.. അവൻ പറഞ്ഞത് കേട്ടില്ലേ ഏതോ ഫ്രണ്ടിനെ കാണാൻ ഉണ്ടെന്ന്. അവരൊന്നും അടിച്ചു പൊളിച്ചു ചിൽ ആകാൻ ഉള്ള പ്ലാൻ ആകും താൻ ടെൻഷൻ ആകേണ്ട ”
ആനന്ദ് പറഞ്ഞു നിർത്തുമ്പോൾ പതിയെ മീനുവിനെ പിടിച്ചു മടിയിലേക്ക് ഇരുത്തി മീര.
” മോളെ.. മാമൻ മോളുടെ എവിടെ ടച്ച് ചെയ്തെന്നാ രാവിലെ അമ്മയോട് പറഞ്ഞത് ”
” അത് എന്റെ ബാക്കിലാ ”
മോളുടെ മറുപടി കേട്ട് ചിരിച്ചു ആനന്ദ്.
” അവൻ വന്നപ്പോൾ തൊട്ട് മോളേം എടുത്തോണ്ട് നടക്കുവാരുന്നു. അതാകും.. എന്നിട്ടിപ്പോ അവസാനം അവന്റെ പേരിലും പരാതി ”
അത്രയും പറഞ്ഞു ചിരിച്ചു കൊണ്ട് തന്നെ ആനന്ദ് പതിയെ ബെഡിലേക്ക് ചാഞ്ഞു.
” മോളെ.. അത് നിന്റെ മാമൻ അല്ലെ.. മാമനും അച്ഛനും അമ്മയും എല്ലാം മോളുടെ വീട്ടുകാർ ആണ്. അപ്പോ ഞങ്ങൾ എടുക്കാനൊക്കെ വരുമ്പോൾ ഒന്ന് ടച്ച് ചെയ്താൽ ഇങ്ങനൊന്നും പറയരുത് കേട്ടോ… മോള്. പറയേണ്ടത് പുറത്തൂന്ന് ആരേലും ഒക്കെ ഇങ്ങനെ ടച്ച് ചെയ്താൽ ആണ്. ”
വീണ്ടും പതിയെ മോളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു മീര.. അതോടെ ഒരിക്കൽ കൂടി ചിരിച്ചു ആനന്ദ്.
” ആഹാ.. വീണ്ടും തുടങ്ങിയല്ലോ ക്ലാസ്സ് എടുപ്പ്. ഒന്ന് കിടന്ന് ഉറങ്ങ് മീരേ.. ”
പരിഹാസത്തോടെയുള്ള ആ വാക്കുകൾ കേൾക്കെ പിന്നെ ഒന്നും പറഞ്ഞില്ല മീര. പതിയെ മോളെ ചേർത്തു കിടത്തി ലൈറ്റ് ഓഫ് ആക്കി അവൾ. അങ്ങിനെ ആ ദിവസം കടന്നു പോയി.
പിറ്റേന്ന് രാവിലെ തന്നെ വിഷ്ണു യാത്ര പറഞ്ഞിറങ്ങി. പതിവ് പോലെ മീര അടുക്കള ജോലികളിൽ മുഴുകി. ആനന്ദ് മോളുമായുള്ള കളികളിലും. സമയം ഉച്ചയോടുക്കുമ്പോൾ മീരയുടെ ഫോണിലേക്ക് ഒരു കോൾ വന്നു. പരിചയം ഇല്ലാത്ത നമ്പർ ആയതിനാൽ ഒന്ന് മടിച്ചാണവൾ കോൾ അറ്റന്റ് ചെയ്തത്. എന്നാൽ ഫോണിലൂടെ കേട്ട വിവരങ്ങൾ അവളെ അടിമുടി വിറപ്പിച്ചു.
” ഏട്ടാ.. ഏട്ടാ.. വെപ്രാളത്തിൽ മീര ഓടി വരുമ്പോൾ ആനന്ദും ഒന്ന് അമ്പരന്നു.
” എന്ത് പറ്റിയെടോ. ഏതാ ഇത്രക്ക് വെപ്രാളം.. ”
” അത് ഏട്ടാ.. വിഷ്ണു… വിഷ്ണുവിനെ പോലീസോ.. എക്സൈസോ ഒക്കെ പിടിച്ചെന്ന്. ദേ ഇപ്പോ അവരാ എന്നെ വിളിച്ചേ. ”
ആ കേട്ട വാർത്ത ആനന്ദിനും നടുക്കമായി.
” പോലീസോ.. എന്തിനു.. എന്താ കാര്യം ”
” അത് ഏട്ടാ.. ഏതാണ്ട് മയക്ക് മരുന്ന് കടത്തിയെന്നോ.. എന്തോ പേരും പറഞ്ഞു എം ടി എം എ ന്നോ മറ്റോ.. ”
അതും കൂടി കേൾക്കെ ആനന്ദിന്റെ നടുക്കം പൂർണ്ണമായി.
” ദൈവമേ.. ഇതെന്ത് കൂത്ത്. രാവിലെ ഇവിടുന്ന് പോയ ചെക്കൻ അല്ലെ.. ഇതിപ്പോ എന്താ കഥ.. അവർക്ക് ആള് മാറിയതാകും നീ വിഷ്ണുവിനെ ഒന്ന് വിളിച്ചേ നമുക്ക് കാര്യം തിരക്കാം ”
കേട്ടപാടെ മീര വിഷ്ണുവിന്റെ ഫോണിലേക്ക് വിളിച്ചു. എന്നാൽ കോൾ അറ്റന്റ് ചെയ്തത് എക്സൈസ് ഓഫീസർ ആയിരുന്നു. വ്യക്തമായി കാര്യങ്ങൾ അന്യോഷിച്ച ആനന്ദ് ഒടുവിൽ വലിയ നടുക്കത്തോടെ സെറ്റിയിലേക്ക് ചാരി ഇരുന്നു പോയി.
” ഏട്ടാ.. എന്താ..എന്താ പറഞ്ഞെ.എന്താ സംഭവം ”
ആകെ വെപ്രാളത്തിൽ മീര അവനരികിലേക്കിരിക്കുമ്പോൾ മറുപടി പറയുവാൻ വാക്കുകൾ കിട്ടിയില്ല ആനന്ദിന് ആദ്യം.
” മീരാ.. കേട്ടത് സത്യം ആണ്.. വിഷ്ണു നമ്മൾ വിചാരിച്ചത് പോലെ അല്ല.. അവൻ ഇടക്കിടക്ക് തിരുവനന്തപുരത്ത് ന്ന് ഇവിടെ കോഴിക്കോട്ടേക്ക് നമ്മളെ കാണാനെന്നും പറഞ്ഞു വന്നിരുന്നതിൽ ഇങ്ങനൊരു ഉദ്ദേശം കൂടി ഉണ്ടായിരുന്നു. ഇന്നവൻ കാണാൻ പോയ ആ ഫ്രണ്ടിന്റെന്ന് മയക്ക് മരുന്ന് വാങ്ങി തിരുവനന്തപുരത്ത് എത്തിക്കൽ ആണ് അവന്റെ പണി. ”
ഞെട്ടലോടെ ഒക്കെയും കേട്ടിരുന്നു മീര.
” നമ്മുടെ വിഷ്ണുവോ.. അവൻ.. ഇങ്ങനൊക്കെ ചെയ്യോ.. ”
അപ്പോഴും വിശ്വസിക്കുവാൻ കഴിയുമായിരുന്നില്ല മീരയ്ക്ക്.
” തെളിവോടെയാണ് പിടിച്ചത്. വേറൊന്ന് കൂടി ഉണ്ട്. ഇവിടെ ഏത് സമയവും എക്സൈസ് ടീം എത്തും.. ഇവിടെ അവന്റെ മുറിയിലും സാധനം സ്റ്റോക്ക് വച്ചിട്ടുണ്ട് ”
അത് കൂടി കേട്ട് അറിയാതെ തലയിൽ കൈവച്ചു പോയി മീര.
” ഭഗവാനെ.. ഇവിടെയോ.. ഈ ചെക്കൻ ഇതെന്തൊക്കെയാ കാട്ടി കൂട്ടുന്നെ.. ”
വൈകിയില്ല എക്സൈസ് ടീം എത്തി വീട്ടിൽ നിന്നും സാധനങ്ങൾ എടുത്തു പോയി. ചുറ്റും കൂടിയവർ ഒക്കെ അതിശയത്തോടെ ഒക്കെയും നോക്കി നിന്നു. വാർത്ത വേഗത്തിൽ പടർന്നു. നാട്ടിൽ നിന്ന് വിളിച്ചു അലമുറിയിട്ട് കരയുന്ന അമ്മയെ ഇങ്ങിനെ ആശ്വസിപ്പിക്കണം എന്ന് അറിയില്ലായിരുന്നു മീരയ്ക്ക്. കാരണം ആകെ തകർന്നു പോയ അവളെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നത് ആനന്ദ് ആണ്.
രാത്രിയിൽ ആകെ വിഷമത്തിൽ ആനന്ദിന്റെ ചുമലിൽ ചാഞ്ഞു കിടക്കുമ്പോൾ ആണ് മീര ഒന്ന് ആലോചിച്ചത്.
” ഏട്ടാ.. അവര് പറഞ്ഞത് വച്ചിട്ട് വിഷ്ണു ഇവിടെ ഈ വീട്ടിൽ വച്ചും അത്തരം ലഹരി ഉപയോഗിച്ചിട്ടുണ്ട്.. അങ്ങിനെയെങ്കിൽ മോള് പറഞ്ഞത്….. ”
അത്രമാത്രമേ അവൾ പറഞ്ഞുള്ളു ഉദ്ദേശിച്ചത് എന്താണെന്ന് ആനന്ദ് മനസിലാക്കി. ബെഡിൽ കിടന്നുറങ്ങുന്ന മീനുവിന്റെ നെറുകയിൽ ഒന്ന് തലോടി അവൻ.
” അറിയില്ല മീര.. ലഹരി മനുഷ്യനെ കൊണ്ട് എന്തൊക്കെ ചെയ്യിക്കും എന്ന്.. ചിലപ്പോൾ മോള് ആയിരിക്കാം ശെരി.. നീ കൊടുത്ത ക്ലാസൊക്കെ അവൾ. കൃത്യമായി മനസിലാക്കിയിട്ടുണ്ടാകാം. ”
വീണ്ടും മീരയുടെ മിഴികൾ തുളുമ്പി.
” ഭഗവാനെ.. എന്നാലും ഇവന് ഇങ്ങിനെ തോന്നി ഇത്തരമൊരു ചെയ്ത്ത് ചെയ്യാൻ…. ”
” കാശിനു വേണ്ടിയാണ്.. നല്ല കാശ് കിട്ടും ഇത് ചെയ്താൽ.. പണത്തോടുള്ള ആർത്തി തന്നെയാണ് പുതു തലമുറയെ ഇങ്ങനെ വഴി തെറ്റിക്കുന്നത്. പക്ഷെ ഇനീപ്പോ നാള് കുറെ എടുക്കും പുറത്ത് വരാൻ.. വന്നാലും ചീത്തപ്പേരു അത് അങ്ങിനെ തന്നെ ഉണ്ടാകും.. ”
ആനന്ദ് മീരയെ കൂടുതൽ തന്നോട് അടുപ്പിച്ചു.
” എന്തായാലും താൻ മോൾക്ക് ക്ലാസ്സ് കൊടുക്കുന്നത് നിർത്തേണ്ട.. അവളു കാര്യങ്ങൾ ഒക്കെ കൃത്യമായി മനസ്സിലാക്കുന്നുണ്ട് ”
അവൻ അത് പറയുമ്പോൾ മറുത്ത് ഒന്നും പറഞ്ഞില്ല മീര. അങ്ങിനെ ഏറെ വേദനയോടെ അവർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ആ ഒരു ദിവസം കൂടി അവസാനിച്ചു.
(ശുഭം )