പക്ഷെ സിദ്ധു അവളെ ശാരീരികമായി മാത്രമേ സ്നേഹിച്ചുള്ളു അതും അയാളുടെ ഒറ്റയാൾ പോരാട്ടത്തിലൂടെ, അബദ്ധത്തിലൂടെ..

സ്നേഹിത
(രചന: Nisha Pillai)

“അച്ചു മാമേ ” അഭിരാമി അയാൾക്ക് മുന്നിലെ കസേര നീക്കി അതിന്മേലിരുന്നു

“എന്താ അഭി പെട്ടെന്ന് കാണണമെന്ന് പറഞ്ഞത്.”

“മാമേ ഞാൻ സീരിയസ് ആയ ഒരു കാര്യം പറയാനാണ് വന്നത് .എനിയ്ക്കു സിധുവുമായിട്ടുള്ള വിവാഹത്തിൽ തീരെ താല്പര്യമില്ല .മാമ അച്ഛനോട് ഒന്നു പറയണം .”

“ബെസ്ററ് നിന്റെ അച്ഛനോട് !!!! പുള്ളി ഈ ലോകത്തു ആരുടെയെങ്കിലും അഭിപ്രായം കേട്ട ചരിത്രമുണ്ടോ ? സിധുവിനു എന്താ കുഴപ്പം .

എന്താ കല്യാണം വേണ്ടെന്നു പറഞ്ഞത് . അതൊന്നും ശരിയാകില്ല .നീയും സിധുവും തമ്മിലുള്ള നിശ്ചയം കഴിഞ്ഞിട്ട് മൂന്നു വർഷമായില്ലേ ? ഇനിയിപ്പോൾ എങ്ങനെ വേണ്ടെന്നു പറയും .”

അയാൾ രണ്ടു ജ്യൂസിന് ഓർഡർ കൊടുത്തു

“എനിക്ക് പറയാനുള്ളത് ഗൗരവമുള്ള കാര്യമാണ് .അതിനു ജ്യൂസ് പോരാ,ഒരു ചൂട് കാപ്പി തന്നെ വേണം .”

“ഞാനും സിധുവും തമ്മിൽ കുറേകാലം ഒന്നിച്ചു ഒരേ അപ്പാർട്മെന്റിൽ അല്ലായിരുന്നോ .ഞങ്ങൾക്ക് പരസ്പരം പൊരുത്തപ്പെടാൻ കഴിയുന്നില്ല .അവനു എന്നെയും ഇഷ്ടമല്ല .വീട്ടുകാരുടെ നിർബന്ധം കൊണ്ട് അവൻ സമ്മതിച്ചതാ.”

“നിങ്ങൾ രണ്ടു പേരും കൂടി ഇത്രനാളും ആളുകളെ വിഡ്ഢിയാക്കുകയായിരുന്നോ . ഇനിയിപ്പോൾ മാറ്റി പറഞ്ഞാൽ എങ്ങനാ .അവനു വേറെ വല്ല ഇഷ്ടം ഉണ്ടോ ? നിനക്കോ ?”

“മാമേ ,അവന്റെ കാര്യം എനിക്കറിയില്ല പക്ഷെ എനിക്കുണ്ട് .ക്ഷേമ ജോസഫ് മാമ അറിയില്ലേ .മുംബയിലെ എന്റെ റൂമേറ്റ് .തൊടുപുഴകാരി .ഞങ്ങൾ പരസ്പരം ഇഷ്ടത്തിലാണ് .”

“ഏഹ് അവളോ? അവളോടാണോ നിനക്കിഷ്ടം .എന്താ കുട്ടി ഈ പറയുന്നത് .അഭിമാനമുള്ള പെൺകുട്ടികൾ പറയുന്ന കാര്യമാണോ .

ഇതൊക്കെ നാട്ടു നടപ്പാണോ . ഇതൊക്കെയാണോ ഞാൻ നിന്റെ അച്ഛനമ്മമാരോട് പറയേണ്ടത് .എന്നെ കൊണ്ട് പറ്റില്ല കുട്ടി .”

“മാമ ഞാൻ കുറെ ആലോചിച്ചു എടുത്ത തീരുമാനമാണ് .ഒരു അമ്മാവനോട് എനിക്കെങ്ങനെ ഇത് തുറന്നു പറയാൻ പറ്റും .യാഥാർഥ്യത്തിൽ നിന്ന് ഒളിച്ചോടാൻ എനിക്ക് വയ്യ ”

“നിങ്ങളുടെ തലമുറയുടെ പ്രശ്നമാണിത് . കുടുംബം ,മാതാപിതാക്കൾ ,സമൂഹം എന്നൊക്കെ ഇല്ലേ .നമ്മൾ സമൂഹത്തെ പേടിക്കണം കുട്ടി .”

“സമൂഹത്തെ പേടിച്ചു നമ്മുടെ ഇഷ്ടങ്ങൾ മാറ്റി വയ്ക്കണോ .ജീവിതകാലം മുഴുവൻ ഒരു ജീവച്ഛവം പോലെ അയാളുടെ അടിമയായി കഴിഞ്ഞുകൂടാൻ എനിക്ക് വയ്യാഞ്ഞിട്ടാ.അമ്മു ചെറിയമ്മേടെ കാര്യം മാമക്ക് ഓർമയുണ്ടല്ലോ .

ഒരാണിന്റെ ഇഷ്ടപെട്ടിട്ടും ചെറിയമ്മക്ക് രക്ഷയുണ്ടായോ. ഈ പറഞ്ഞ മാതാപിതാക്കളും കുടുംബവും ഒക്കെ കൂടി ചെറിയമ്മയെ കൊലക്കു കൊടുത്തില്ലേ .നിവൃത്തിയില്ലാതെ പാവം കല്യാണ തലേന്ന് മണ്ണെണ്ണ ഒഴിച്ച് തീ കൊടുത്തത്.

പിന്നെ കുടുംബത്തിൽ സമാധാനം എന്നൊന്ന് ഉണ്ടായിട്ടുണ്ടോ ? നീനേച്ചിയുടെ കാര്യമോ പാവത്തിന് ഭ്രാന്തായില്ലേ .അതും പ്രേമനൈരാശ്യം ആയിരുന്നല്ലോ .ഇപ്പോഴും വലിയമ്മ കരച്ചില് തന്നെയാ പാവത്തിനെ ഓർത്തു .

മുസ്ലിം ആയിരുന്നെങ്കിലും വിവാഹം നടത്തി കൊടുത്താൽ മതിയായിരുന്നെന്ന് . അയാളിപ്പോഴും താടിയും മുടിയും വളർത്തി സൂഫിവര്യനെ പോലെ നടക്കുവല്ലേ .ഞാനും അങ്ങനെ ഒക്കെ ആവണമെന്നാണോ മാമേ.”

“ഈശ്വരൻ സ്ത്രീയെയും പുരുഷനെയും സൃഷ്ടിച്ചത് പരസ്പര പൂരകങ്ങളായിട്ടാണ് .ഒന്ന് മറ്റൊന്നിനു വേണ്ടി സൃഷ്ടിച്ചെടുത്തത് .അതൊരു പ്രകൃതി നിയമമാണ് .

പ്രകൃതിയുടെ താളമാണ് .അതിനെ മാറ്റി മറയ്ക്കാൻ നമുക്കാവില്ല കുട്ടിയെ .പാശ്ചാത്യ രാജ്യങ്ങളിൽ ഒക്കെ അതൊക്കെ നടക്കും .നമ്മുടെ നാട്ടിൻപുറങ്ങളിൽ ….

നിന്റെയമ്മ ഇതറിഞ്ഞാൽ ഹൃദയം തകർന്നു മരിക്കും .നിന്റെ അച്ഛൻ പുറമെ മുരടനാണേലും അയാളും ഒരു മനുഷ്യനല്ലേ .നിന്റെ വിവാഹത്തെ കുറിച്ച് അവർക്കൊരു സ്വപ്നം ഉണ്ടാകില്ലേ മോളെ. ”

“ഞാൻ തീരുമാനിച്ചു കഴിഞ്ഞു .വേണമെങ്കിൽ എല്ലാവർക്കും വേണ്ടി ജീവിതകാലം മുഴുവൻ അവിവാഹിതയായി നിൽക്കാം .വേറൊരാളെ ചതിക്കാൻ വയ്യ .

എന്റെ മനസ്സ് നിറയെ ക്ഷേമയാണ് . അവളില്ലാതെ എനിക്ക് ജീവിക്കാൻ വയ്യ . അവൾ മിടുക്കിയാണ് .എന്റെ സന്തോഷത്തിനു വേണ്ടി അവൾ എന്ത് ത്യാഗത്തിനും തയാറാകും.പക്ഷെ അവളെ ചതിക്കാൻ എനിക്കാവില്ല.

ഞങ്ങൾ അത്രമാത്രം അടുത്ത് പോയി.മാമന് മനസ്സിലാക്കാൻ കഴിയുന്നതിനും അപ്പുറം. പറഞ്ഞ് പറഞ്ഞ് എൻ്റെ സ്നേഹത്തിന്റെ പവിത്രതയില്ലാതാക്കാൻ ഞാൻ തയാറല്ല. രണ്ടു ശരീരവും ഒരു മനസ്സുമാണ് ഞങ്ങൾക്ക് . ”

“എന്താ അഭി നീ വന്ന മുതൽ കിടക്കുവാണല്ലോ ,എന്താ പറ്റിയെ ,നീ പറഞ്ഞതൊന്നും ആർക്കും മനസിലായില്ല അല്ലെ . പക്ഷെ നീ പറയാതെ തന്നെ എനിക്കെല്ലാം മനസിലാകും .”

അഭിയൊന്നും മിണ്ടാതെ കിടക്കുന്നതു കണ്ടു അവൾ പറഞ്ഞു.

“എന്നെയും ആരുമാദ്യം മനസ്സിലാക്കിയില്ല. പിന്നെ പിന്നെ പപ്പയും മമ്മയും മനസിലാക്കി അവരുടെ മകൾ സാധാരണ പെൺകുട്ടികളെ പോലെയല്ലെന്നു . അവരാണെന്റെ ധൈര്യം .നിന്നെയും എല്ലാവരും മനസിലാകുന്ന ഒരു ദിവസം വരും.

ക്ഷേമ വന്നു അവളോട് ചേർന്ന് കിടന്നു ,അവളുടെ മുടിയിൽ തഴുകി .അവളുടെ പുരികങ്ങൾക്കിടയിൽ അമർത്തി ചുംബിച്ചു.

“നീ എഴുന്നേറ്റു മുഖം കഴുകു .നമുക്ക് പുറത്തു പോയി ഫുഡ് കഴിച്ചിട്ട് വരം .നിനക്കിഷ്ടപെട്ട ചിക്കൻ ടിക്കയും കബാബും കഴിക്കാം .”

ക്ഷേമ അവളെ കട്ടിലിൽ നിന്നുയർത്തി . അവളുടെ കൂമ്പിയ മുഖത്ത് നാണം വിടർന്നു. ക്ഷേമയുടെ ബുള്ളറ്റിന്റെ പുറകിൽ അവളെ കെട്ടിപിടിച്ചു ഇരുന്നപ്പോൾ താൻ ഇപ്പോൾ ഭൂമിയിൽ ഏറ്റവും സുരക്ഷിതയാണെന്നു തോന്നി.

തണുത്ത കാറ്റിൽ ക്ഷേമയുടെ തോളറ്റം വെട്ടിയിട്ട മുടിയിഴകൾ അവളുടെ മുഖത്തു തട്ടിയപ്പോൾ അവൾക്കു ഇക്കിളി തോന്നി.അവൾ ക്ഷേമയുടെ ദേഹത്തേക്ക് ചാരിയിരുന്നു.ഇപ്പോൾ അവളാണെന്റെ ശക്തിയും ധൈര്യവും.

ഒരു രാഷ്ട്രീയ കാരനായ അച്ഛൻ വളരെ കണിശക്കാരനായിരുന്നു. അഭിരാമിയും അമ്മയും കൂട്ടിനകത്തു പെട്ട കിളികളെ പോലെയാണ് ജീവിച്ചത് .

മുംബയിൽ ഫാഷൻ ഡിസൈനിങ് അഡ്മിഷൻ കിട്ടിയപ്പോൾ അച്ഛൻ അവളെ പഠിക്കാൻ വിട്ടില്ല. വീട് വിട്ടു അവൾ പോകുന്നതിനെ അച്ഛൻ എതിർത്തു . അന്നവൾക്കു രക്ഷയായത് അച്ഛന്റെ സുഹൃത്തായ നമ്പ്യാർ മാമനായിരുന്നു. സിദ്ധാർഥ് അദ്ദേഹത്തിന്റെ മകനാണ്.

സോഫ്റ്റ്‌വെയർ എൻജിനീയറായ സിദ്ധാർത്ഥിന്റെ വക്കാലത്തിലാണ് അവളെ മുംബൈയിലേക്ക്‌ പഠിക്കാൻ അയച്ചത്.രണ്ടു പേരുടെയും കല്യാണ നിശ്ചയവും നടത്തി . ജാതക പ്രകാരം മൂന്നു വർഷം കഴിഞ്ഞേ കല്യാണം പാടുള്ളു എന്നേതോ ജ്യോത്സ്യന്മാർ വിധിച്ചു.

അതവൾക്കു തുണയായി. രണ്ടു വർഷം ഒന്നിച്ചുള്ള ജീവിതം ഒരു ഫ്ലാറ്റിൽ. ഹോസ്റ്റലിൽ ആയിരുന്നെങ്കിലും സിദ്ധു നിർബന്ധിച്ചു അവളെ ഫ്ലാറ്റിൽ കൂട്ടികൊണ്ടു പോകും. അവളയാളെ എത്ര സ്നേഹിക്കാൻ ശ്രമിച്ചിട്ടും പറ്റിയില്ല.

അയാളവളെ മനസ്സിലാക്കാൻ ശ്രമിച്ചതേയില്ല. അവൾക്കാണെങ്കിൽ അയാളെ ഇഷ്ടപ്പെടാനും കഴിഞ്ഞില്ല. അച്ഛനുൾപ്പടെ എല്ലാ പുരുഷന്മാരോടും അവൾക്കു കുഞ്ഞിലേ തൊട്ടേ ഒരു അകലമുണ്ടായിരുന്നു.

കാരണമറിയാത്ത ഒരു ഇഷ്ടക്കേട് . ഏറ്റവും അടുത്തറിയാൻ കഴിഞ്ഞ പുരുഷൻ സിദ്ധാർത്ഥ് ആണ്. അവൻ അടുത്ത് വരുമ്പോൾ തന്നെ പരിഭ്രമം തുടങ്ങും. ഉഷ്ണകാലത്ത് തീകുണ്ഠത്തിൻ്റെ അരികിലിരിക്കുന്ന പോലെ ഉരുകിയൊലിക്കും.

പലപ്പോഴും ഉന്മാദ അവസ്ഥയിലാണ് തിരിച്ചു ഹോസ്റ്റലിലേക്ക് മടങ്ങുന്നത്. അപ്പോഴൊക്കെ അവളെ സാധാരണനിലയിലേക്കു കൊണ്ട് വരുന്നത് ക്ഷേമയാണ്. അവളുടെ സ്നേഹവും കരുതലുമാണ് അഭിയെ തുണച്ചത്.

പുരുഷന്റെ സ്നേഹവും സ്ത്രീയുടെ സ്നേഹവും തമ്മിൽ എന്തൊരു അന്തരമാണ്.എല്ലാ പുരുഷന്മാരും അങ്ങനെയാവണമെന്നില്ല .

പക്ഷെ സിദ്ധു അവളെ ശാരീരികമായി മാത്രമേ സ്നേഹിച്ചുള്ളു. അതും അയാളുടെ ഒറ്റയാൾ പോരാട്ടത്തിലൂടെ. അബദ്ധത്തിലൂടെയാണെങ്കിലും ആദ്യമായി അമ്മയാകാൻ പോകുന്നുവെന്നറിഞ്ഞ നിമിഷം .

അതും എത്ര നിസാരമായി ഒഴിവാക്കാൻ അയാൾ പറഞ്ഞു. ഒഴിവാക്കേണ്ടതാണ് കാരണം അതിൽ അയാളുടെ ഡി എൻ എ രേഖപ്പെടുത്തിയിരിക്കുന്നു. ഒരിക്കലും അതും അവൾ വഴി ഭൂമിയിലേക്ക് പകർത്താൻ അവളിഷ്ടപ്പെട്ടില്ല.

അവസാനമായി അവൾ അയാളുടെ ഫ്ലാറ്റിലേക്ക് പോയത് അതാവശ്യപ്പെട്ടാണ്. സുഹൃത്തുക്കളെയും കൂട്ടി ആശുപത്രിയിൽ പൊയ്ക്കോളാനായിരുന്നു അയാളുടെ നിർദ്ദേശം.അന്നും അവളെ അയാൾ വെറുതെ വിട്ടില്ല.

അടിവസ്ത്രങ്ങളിൽ ഉണങ്ങി പിടിച്ച രക്തക്കറയുമായി ഹോസ്റ്റൽ മുറിയിലെ കിടക്കയിൽ വന്നു കിടന്നതേ അവൾക്കോർമയുള്ളു. അവളെ കോരിയെടുത്തു ആശുപത്രിയിലേക്കോടിയ ക്ഷേമ ഒരു നേരിയ ഓർമയാണ്.

പെണ്ണിന്റെ സ്നേഹം മാനസികവും ആത്മീയവുമൊക്കെയാണെന്നു ആ ദിവസങ്ങളിൽ ആണവൾ മനസിലാക്കിയത്. അവൾ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത വ്യത്യസ്തമായ ഒരു അടുപ്പമാണ് അവൾക്കു തോന്നിയത്.

ആദ്യമൊക്കെ ഒരു കാമുകിയെ പോലെ ക്ഷേമ അടുത്ത് വരുമ്പോൾ നെഞ്ചിടിപ്പ് കൂടുകയും വയറ്റിലൊക്കെ ചിത്രശലഭങ്ങളുടെ പറന്നുയരലുമൊക്കെ അനുഭവപെട്ടു.

മനസ്സിൽ തോന്നിയ ഇഷ്ടത്തെ തെറ്റായി കണ്ടു മറയ്ക്കാനാണ് ശ്രമിച്ചത് .പക്ഷെ അറിയാതെ തന്നെ ക്ഷേമയുടെ പുറകെയായിരുന്നു അവളുടെ മനസ്സ്.

തോന്നിയതൊന്നും പറഞ്ഞതുമില്ല.ക്ഷേമയ്ക്കു അപ്രിയം തോന്നാതിരിക്കാനായി പിന്നെ അവളുടെ ശ്രമം.

ഒരു വശത്തു സിധുവിന്റെ ശല്യവും ഭീഏഷണിയും., മറുവശത്തു സ്വന്തം മനസാക്ഷിയോട് കാണിക്കുന്ന വഞ്ചന . നാട്ടിലേക്കു തിരിച്ചു പോകാമെന്നു വച്ചാൽ മാതാപിതാക്കളെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ടും .

നിവൃത്തിയില്ലാതെയാണ് ഹോസ്റ്റൽ മുറിയിലെ ഫാനിൽ കുടുക്കിട്ടത്.ക്ഷേമ ജോലിക്കു പോയ സമയത്താണ് ഉദ്യമം നടത്തിയത്.സ്റ്റൂളിൽ കയറിയപ്പോഴേക്കും വാതിലിൽ ശക്തമായ മുട്ടുകേട്ടു.തുറന്നില്ലേൽ വാതിൽ തല്ലിപൊളിക്കും പോലെ.ആകെ നാണം കെടും.

മെല്ലെ അവൾ വാതിൽ തുറന്നു,മുന്നിൽ അക്ഷമയായി ക്ഷേമ .

“എന്തോ ഒരു വല്ലായ്മ ,മനസ്സിനൊരു സുഖക്കേട് .ഞാൻ ലീവെടുത്തിങ് പോന്നു.ഇന്നത്തെ ദിവസം നിന്റെ കൂടെ കൂടാമെന്നു വിചാരിച്ചു.”

അങ്ങനെ പറഞ്ഞവൾ തിരിഞ്ഞു നോക്കിയപ്പോഴാണ് ഫാനിൽ ദുപ്പട്ടയിൽ കുരുക്കിയ കുടുക്ക് കാണുന്നത് .അവളുടെ അടിയേറ്റു അഭിരാമി തറയിൽ വീണു.കണ്ണിൽ നിന്നും പൊന്നീച്ച പറന്നു.

കുറെ നേരത്തേക്ക് അവളുടെ കണ്ണിൽ ഇരുട്ടായിരുന്നു.ഇടത്തെ കവിളിൽ നിന്നും ഒരു തരം മരവിപ്പ് തലക്കുയിലേക്കു വ്യാപിച്ചു.

“എടീ കഴുതേ നീ എന്താ ചെയ്തത്? നീ എന്നെ ഓർത്തോ.അയർലണ്ടിലേക്ക് ജോബ് വിസ കിട്ടിയിട്ടും ഞാൻ കാത്ത് നിന്നതു നിന്റെ കോഴ്സ് കഴിയാനാണ്.നിന്നെയും കൊണ്ട് പറക്കാനാണ്.

മുപ്പതു വയസായിട്ടും ഞാൻ കല്യാണം കഴിക്കാത്തത് ഒരാളെ കിട്ടാഞ്ഞല്ല .എനിക്ക് ആണുങ്ങളോട് താല്പര്യം തോന്നാഞ്ഞിട്ടാണ്. നിന്നെ ആർക്കും ഞാൻ വിട്ടു കൊടുക്കില്ല .”

അഭിരാമിയെ നിലത്തുനിന്നും എഴുനേൽക്കാൻ സഹായിച്ചു കൊണ്ട് ക്ഷേമ തുടർന്നു.

“എനിക്ക് നിന്നെ അത്ര ഇഷ്ടമാണ് .നിനക്കും എന്നെ ജീവനാണെന്നു അറിയാം.നിന്നോളം എന്നെ ആരും സ്നേഹിച്ചിട്ടില്ല, മനസ്സിലാക്കിയിട്ടില്ല.

അതുകൊണ്ടല്ലേ നീ എന്നെ സ ഹിക്കുന്നത്.ഞാൻ ഓഫീസിലെത്തിയോ വീട്ടിലെത്തിയോ എനൊക്കെയുള്ള നിന്റെ ആകാംഷ നിറഞ്ഞ അന്വേഷണങ്ങൾ .

ചിലപ്പോൾ ഒരമ്മയെ പോലെ നിന്റെ ശാ സനകൾ .ഇതൊക്കെ കേവലം സൗഹൃദത്തിനപ്പുറമാണെന്നു എ നിക്ക് തോന്നിയിട്ടുണ്ട്.ഞാൻ നിന്നെ ആർക്കും വിട്ടു കൊടുക്കില്ല .

ഈ നാട്ടിൽ നമ്മളെ ആരും മനസിലാകില്ല. ഇവിടെയെല്ലാം സമൂഹത്തിനു വിട്ടു കൊടുത്തിരിക്കുവല്ലേ . മറ്റുള്ളവരുടെ കാര്യത്തിൽ ഇ ടപെടാനുള്ള നമ്മുടെ നാട്ടുകാരുടെ സ്വഭാവം അവിടെയാർക്കും കാണില്ല.നമ്മളവിടെ സുരക്ഷിതരായിരിക്കും. ”

അഭിരാമിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവളുടെ കണ്ണുകൾ തുടച്ചു കൊണ്ട് ക്ഷേമ തുടർന്നു.

“നീ കരയണ്ട. ഇനിയുള്ള ജീവിതത്തിനു ധൈര്യമാണ് വേണ്ടത്. അതിനാണ് നാ ട്ടിൽ പോയി അച്ഛനമ്മമാരെ കാര്യങ്ങൾ ധ രിപ്പിക്കാൻ ഞാൻ പറഞ്ഞത്, അവരുടെ അനുഗ്രഹം കിട്ടിയില്ലേലും ശാപം നമുക്ക് വേണ്ട.നീ ഒന്നും കൂടെ അവരെ പോയി കാണണം.

നീ മടങ്ങി വരുന്നത് എ ന്നോടുള്ള ഇഷ്ടം ഒരു തരി പോലും കുറവില്ലാതെയാണെങ്കിൽ ഞാൻ നിന്നെ കൊണ്ട് പോകും.നിന്നെ രണ്ടു കയ്യും നീട്ടി സ്വീകരിക്കാൻ എന്റെ പപ്പയും മമ്മയും കാത്തിരിക്കുകയാണ്.

ഇനിയുള്ള ജീവിതയാത്ര നമ്മൾ ഒന്നിച്ചാകും. നീയും ഞാനും ഒന്നായി ജീവിക്കും. നമുക്ക് നമ്മൾ മാത്രം മതി. ദൂരെ ഒരു നാട് ,നമ്മളെ കാത്തിരിക്കുന്നു …..

അതാകും ഒരു പക്ഷെ സ്നേഹത്തിന്റെ സ്വന്തം നാട്. ദൈവത്തിൻ്റേയും…….