ഞാൻ ഗർഭിണി ആയ സമയത്തും ആളുടെ സ്വഭാവം മാറിയില്ല, അസമയത്തുള്ള കുളിയും മഞ്ഞുമൊക്കെ കാരണം എനിക്ക്..

സപത്നിയുടെ മകൾ
(രചന: Nisha Pillai)

പ്ലംബർ ഗോവിന്ദൻ സൈതാലിയുടെ ചായക്കടയിൽ കയറി. പതിവ് പോലെ പുട്ടും കടലയും കടുപ്പത്തിലൊരു ചായയും വിളിച്ചു പറഞ്ഞു. ആമിനതാത്തയുടെ കയ്യിലെ പുട്ടിന്റെ രുചി ഗംഭീരമാണ് .

ഉച്ചവരെ പിടിച്ചു നിൽക്കാൻ ഒരു കുറ്റി പുട്ടു മതി.കൂടെയുള്ള സഞ്ജു പൊറോട്ടയും ബീഫ് കറിയും കഴിക്കുന്നു. അച്ഛൻ കിടപ്പിലായതു മുതൽ രാത്രി ഭക്ഷണം മാത്രമേ വീട്ടിൽ നിന്ന് കഴിക്കു .

അമ്മക്ക് അച്ഛന്റെ കാര്യം നോക്കാൻ തന്നെ ഒറ്റയ്ക്ക് പറ്റില്ല. താനും കൂടെ ചെന്നാണ് രാത്രിയിലേക്കുള്ള കഞ്ഞിയും കറിയും തയാറാക്കുന്നത് .അച്ഛന് വീട്ടു ഭക്ഷണം മാത്രമാണ് പത്ഥ്യം .

സൈതാലിക്ക അമ്മ സൗദാമിനിയുടെ സഹപാഠിയായിരുന്നു.പ്രാരാബ്ധം കാരണം ഇക്ക ആറാം ക്ലാസ്സിൽ പഠനം നിർത്തി.

അമ്മ പ്രീഡിഗ്രി വരെ പഠിച്ചു.അപ്പോഴാണ് പട്ടാളക്കാരനായ കേശവൻ നായരുടെ ആലോചന വന്നതും ,കല്യാണം കഴിഞ്ഞു അമ്മ അച്ഛനോടൊപ്പം ജയ്‌പൂരിലേക്കു പോകുന്നതും.

പിന്നെ എന്നെ സ്കൂളിൽ ചേർക്കാനായിട്ടായാണ് നാട്ടിൽ താമസമാക്കുന്നതു.അച്ഛൻ കിടപ്പായിട്ടു പത്തു പന്ത്രണ്ട് വർഷമായി . അന്ന് തനിക്ക് 23 വയസ്സായിരുന്നു. ജോലിക്ക് വേണ്ടിയുള്ള ടെസ്റ്റ്‌ ഒക്കെ എഴുതി നടക്കുന്ന കാലം

.നല്ലൊരു തുക ചികിത്സക്ക് ചെലവായി .അതോടെ കുടുംബം ദാരിദ്രം എന്തെന്നറിഞ്ഞു.പിന്നെ ഒന്നും ആലോചിച്ചില്ല .നാട്ടിലെ പേരുകേട്ട കോൺട്രാക്ടർ ആയ ജോൺസൻ ചേട്ടനോടൊപ്പം പ്ലംബർ ആയി കൂടി.

മഴയത്തു അത്യാവശ്യം ചോർച്ചയുള്ള ഒരു ഓടിട്ട വീടും കുറച്ചു സ്ഥലവുമുള്ളതു കൊണ്ട് കയറി കിടക്കാം. നിശ്ചയിച്ചുറപ്പിച്ച കല്യാണം തെറ്റി പോയത് കൊണ്ട് കല്യാണം എന്നുകേൾക്കുന്നതേ പേടിയായി.

“അല്ല ഗോവിന്ദാ,കേശവന്റെ കാര്യം എന്തായി . നീ ഞാൻ തന്ന നമ്പറിൽ വിളിച്ചായിരുന്നോ ??”

“ഉവ്വല്ലോ ഇക്കാ,അവരുടെ ഒരു ഡോക്ടർ വന്നു പരിശോധിക്കുകയും ചെയ്തു.മുതുക് പൊട്ടി കിടക്ക പുണ്ണ് വരുന്നു .ഇടയ്ക്കു ചരിച്ചു കിടത്തുകയും അഡൾട്ട് ഡയപ്പർ ഇടയ്ക്കിടയ്ക്ക് മാറ്റണം എന്നൊക്കെ പറഞ്ഞു ഇക്കാ.അമ്മയെ കൊണ്ട് ഇതൊക്കെ ഒറ്റയ്ക്ക് പറ്റുമോ? ”

സങ്കടം മറക്കാനായി ഒരു കവിൾ ചായ കുടിച്ചിറക്കി .

“സൗദാമിനിയുടെ നടുവേദനയ്ക്ക് കുറവുണ്ടോ ചെക്കാ ” ആമിന താത്തയാണ്

“അതും അങ്ങനെ തന്നെ .തുണി അലക്കി അലക്കി അമ്മ ഒരു പരുവത്തിലാക്കി.ഇനി ഡയപ്പർ ഉപയോഗിക്കുമ്പോൾ അമ്മക്കൊരു ആശ്വാസം വരും.ഒരു അലക്കു മെഷിൻ വാങ്ങണം.”

” നിന്റെ കല്യാണം നോക്ക് മോനെ.സൗദാമിനിക്ക് ഒരു തുണയാകട്ടെ .ഒരു പാവപെട്ട വീട്ടിലെ കുട്ടീ മതി.ഇത്തിരി സ്നേഹവും നന്മയും ഒക്കെ ഉണ്ടാവണം.”

“ചക്കയല്ലല്ലോ ,തുരന്നു നോക്കാൻ മനുഷ്യ മനസ്സല്ലേ ഇക്കാ .ഒന്നും പ്രവചിക്കാൻ പറ്റില്ല.ഞങ്ങളുടെ വിധിയാണ് ഇതൊക്കെ.” അവന് കരച്ചിൽ വന്നു.

അവന്റെ കണ്ണുകൾ തൊട്ടടുത്ത കടയായ “സൈന ഫാൻസി ” യിലേക്ക് നീണ്ടു . സൈതാലിക്കയുടെ അകന്നൊരു ബന്ധുവാണ് സൈന .ഇപ്പോഴും പർദയിൽ പൊതിഞ്ഞു നടക്കുന്ന ഒരു മൊഞ്ചത്തി.കണ്ണുകൾ മാത്രം കാണാം .

സുറുമയിട്ട കണ്ണുകളും മൈലാഞ്ചി അണിഞ്ഞ കൈകളും മാത്രമേ കണ്ടിട്ടുള്ളു.എന്തൊരു ഭംഗിയാണ്. എപ്പോഴോ അവളവന്റെ ഹൃദയത്തിൽ ചേക്കേറിയതാണ്. ഭർത്താവു മരിച്ചു പോയെന്നാണ്‌ ഇക്കാ പറഞ്ഞത്.ഒരു അഞ്ചാറു വയസുള്ള മകളുണ്ട് സൈനുവിന്.

അച്ഛനുള്ള അഡൾട്ട് ഡയപ്പർ വാങ്ങാനാണ് സൈനുവിന്റെ കടയിൽ കയറുന്നതു.മിലിറ്ററി ക്യാന്റീനിൽ പോയാൽ ഇത്തിരി വിലക്കുറവിൽ കിട്ടും .എന്നാലും അവളെ കാണാനുള്ള ഒരു സാഹചര്യവും അവൻ മുടക്കാറില്ല.

അവളുടെ കടയിൽ കയറാനുള്ള ഒരേയൊരു കാരണം ഡയപ്പർ ആണ്.വേറെ തന്റെ കുടുംബത്തിന് പറ്റിയതൊന്നും ആ കടയിൽ ഇല്ലല്ലോ.

അച്ഛൻ ജീവിച്ചിരിക്കുന്ന കാലത്തോളം കടയിൽ കയറാം. സാധാരണ ആളുകൾ കുറവുള്ള സമയത്താണ് ചെല്ലുക .സാധനം മേടിച്ചു അവളുടെ മകളെയും കൊഞ്ചിച്ചു കുറെ നേരം ആ സാമീപ്യത്തിൽ നിൽക്കാം.

ഒരു ദിവസം പണിസ്ഥലത്തു നില്കുമ്പോളാണ് അമ്മയുടെ വിളി വന്നത്.” മോനെ അച്ഛൻ പോയെടാ,നമ്മളെ വിട്ടു പോയി.”

തന്നെ ഈ ലോകവുമായി ബന്ധിച്ച അച്ഛൻ എന്ന കണ്ണി ഇല്ലാതായി എന്നതിലുപരി ഡയപ്പർ എന്ന വസ്തു തന്റെ ജീവിതത്തിൽ നിന്ന് അപ്രസക്തമാകുന്നു എന്ന വസ്തുതയാണ് അവനെ ഉലച്ചത്.

ചടങ്ങുകളൊക്കെ ഗംഭീരമായി തറവാട്ടിന് യോജിച്ച രീതിയിൽ നടത്തി.ബന്ധുക്കളും നാട്ടുകാരും ഒക്കെ പിരിഞ്ഞു.അമ്മയും മകനും തനിച്ചായി.അയാൾ അന്ന് ആദ്യമായി അമ്മയെ കണ്ണ് നിറച്ചു കണ്ടു.മെലിഞ്ഞുണങ്ങിയ ഒരു പേക്കോലം .ഇനി അമ്മക്ക് വേണ്ടി ജീവിക്കണം എന്നയാൾക്ക്‌ തോന്നി.

അച്ഛന്റെ മരണശേഷം അയാൾ കടയിൽ നിന്നുള്ള ഭക്ഷണം ഉപേക്ഷിച്ചിരുന്നു.അമ്മയുടെ മടിയിൽ തല വച്ച് കിടന്ന ഒരു രാത്രിയിൽ അയാൾ അമ്മയോട് മനസിലെ ചെറിയ ഇഷ്ടം തുറന്നു പറഞ്ഞു.ആരാണെന്നു പറഞ്ഞതുമില്ല. പിന്നെ കടയിലൊട്ട് പോയതുമില്ല .

സൈനുവിന്റെ കടയും അവനു അന്യമായി മാറി .അവിചാരിതമായി ടൗണിലെ ബേക്കറിയിൽ വച്ച് കണ്ടപ്പോൾ അവൾ ഓടി വന്നു സംസാരിച്ചു.

“ഗോവിന്ദേട്ടൻ നാട് വിട്ടോ ,ഇപ്പോൾ കാണുന്നേയില്ലല്ലോ ,ഞങ്ങളെ ഒക്കെ മറന്നോ നിങ്ങൾ ?”

കുറേനേരം ഒന്നും മിണ്ടാതെ അവളുടെ കണ്ണുകൾ നോക്കിയിരുന്നു.ഇവൾ കോഫി കുടിക്കുമ്പോൾ മുഖാവരണം മാറ്റുമ്പോൾ അവളെ ഒരു നോക്ക് കാണാല്ലോ.

അവളുടെ മുന്നിൽ സ്ട്രോ ഇട്ട ഓറഞ്ച് ജ്യൂസ് ആണെത്തിയത്. അവൾ അതിവിദഗ്ധമായി ആവരണം മാറ്റാതെ തന്നെ ജ്യൂസ് കുടിച്ചു. കോഫീ തീരാറായപ്പോൾ അയാൾ മൗനം മുറിച്ചു.

“സൈനുവിന് ജാതി,മതത്തിൽ ഒക്കെ നല്ല വിശ്വാസമാണല്ലേ,എനിക്ക് മനുഷ്യരിൽ മാത്രമേ വിശ്വാസമുള്ളൂ ”

“എനിക്ക് വല്യ പഠിപ്പൊന്നുമില്ല.ആരും തുണയില്ലാത്ത കുട്ടി ആയതിനാൽ പതിനെട്ടിന് തന്നെ എൻ്റെ നിക്കാഹ് കഴിഞ്ഞു.അവർ വല്യ കുടുംബക്കാരായിരുന്നു.ആളുടെ രണ്ടാം കല്യാണം.ആദ്യ ഭാര്യ ആത്മഹത്യ ചെയ്തു .

പള്ളി കമ്മറ്റി ഒക്കെ ഇടപെട്ടു നടത്തിയ കല്യാണം ആയിരുന്നു.കല്യാണം കഴിഞ്ഞു എന്നേം ഗൾഫിൽ കൊണ്ട് പോയി.ആൾക്ക് ജോലിക്കു പോകുന്നതൊന്നും ഇഷ്ടല്ല.ഫുൾ ടൈം മുറിയിൽ തന്നെ.പലതരത്തിലുള്ള ശാരീരിക പീഡനം.

ഓരോ പ്രാവശ്യവും ഞാൻ കുളിച്ചു വൃത്തിയായി ആളുടെ മുന്നിൽ ചെല്ലണം . സഹിക്കാവുന്നതിന്റെ പരമാവധി സഹിച്ചു.നാട്ടിൽ അറിയിച്ചാൽ ഉമ്മാക്ക് എന്ത് ചെയ്യാൻ പറ്റും.ഞാൻ ഗർഭിണി ആയ സമയത്തും ആളുടെ സ്വഭാവം മാറിയില്ല.

അസമയത്തുള്ള കുളിയും മഞ്ഞുമൊക്കെ കാരണം എനിക്ക് ന്യൂമോണിയ പിടിപെട്ടു. അടുത്ത വീട്ടിലെ ചേച്ചി എന്നെ ഹോസ്പിറ്റലിൽ എത്തിച്ചു.ഞാൻ പറഞ്ഞതൊന്നും ആരും വിശ്വസിച്ചില്ല.ആൾ അത്ര മാന്യമായാണ് മറ്റുള്ളവരോട് പെരുമാറിയത് .”

അവൾ പിന്നെ കുറെ നേരം ഒന്നും മിണ്ടിയില്ല.അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

“ഒടുവിൽ ഒരു മലയാളി നഴ്സിനോട് ഞാൻ വിവരം പറഞ്ഞു.അവർ പോലീസിൽ അറിയിച്ചു . ഒടുവിൽ അവരുടെ വാപ്പയൊക്കെ നാട്ടീന്നു വന്നു പ്രശ്നം ഒത്തു തീർപ്പാക്കി .കുറേനാൾ ഞാൻ സുരക്ഷിതയായിരുന്നു

.ഞാൻ ആറാം മാസം സ്കാനിംഗ് നു പോകണം എന്ന് ഞാൻ പറഞ്ഞപ്പോൾ ആള് അക്രമാസക്തമായി. അടുപ്പിൽ തിളച്ചു കൊണ്ടിരുന്ന ചൂട് വെള്ളം എടുത്തു എന്റെ നേരെ ഒഴിച്ചു.ഞാൻ വീണ്ടും ഹോസ്പിറ്റലിൽ ആയി.”

അവൾ അവളുടെ മുഖാവരണം മാറ്റി.ഇടതു വശത്തെ കവിളില് താഴെ വലിയൊരു കുഴി പോലെ .കവിൾ പൊള്ളി നാശമായിരിക്കുന്നു.അവൻ ഒന്നേ നോക്കിയുള്ളൂ.നെഞ്ച് പിടഞ്ഞു പോയി.

“വീണ്ടും അതെ ആശുപത്രി.അതെ നേഴ്സ് . എനിക്കാരുമല്ലാഞ്ഞിട്ടും സൈദാലിക്കയുടെ ഇളയ മകൻ ബഷീറിന്റെ ഭാര്യ ആനി കുര്യൻ ആയിരുന്നു. അവരാണെന്നെ നാട്ടിൽ എത്തിച്ചത് .

എന്റെ ഈ രൂപം കണ്ടു അധികം കാലം എന്റെ ഉമ്മ ജീവിച്ചിരുന്നില്ല.എന്റെ കുഞ്ഞിനെ കാണുന്നതിന് മുൻപേ ഈ ലോകം വിട്ടു പോയി.ഞാൻ വീണ്ടും അനാഥയായി.അങ്ങനെയാണ് എന്റെ അച്ഛന്റെ നാട്ടിൽ വന്നത്.

അതിനു സൈദാലിക്കയുടെ കുടുംബം എന്നെ സഹായിച്ചു.ദൂരെ നിന്നെങ്കിലും കാണാല്ലോ.അങ്ങനെ കരുതിയാ വന്നത്.പക്ഷെ ഞാൻ വന്നപ്പോഴേക്കും ചെയ്ത തെറ്റിനുള്ള ശിക്ഷയാണോ എന്തോ അദ്ദേഹം കിടപ്പിലായി.

ഞാൻ ആമിനതാത്തയുടെ കൂടെ നിങ്ങളുടെ വീട്ടിൽ വന്നത് എന്റെ അച്ഛനെ കാണാനാണ്.എന്റെ അർദ്ധ സഹോദരനായ നിങ്ങളോടു എനിക്ക് സ്നേഹം മാത്രമേയുള്ളു.നമ്മളിൽ ഒഴുകുന്ന ചോര ഒന്നാണല്ലോ .”

അവന്റെ ഹൃദയം നുറുങ്ങുന്ന പോലെ തോന്നി.അപ്പോൾ അവളെന്റെ സഹോദരിയായിരുന്നോ.അങ്ങനെയാണെങ്കിൽ അവൾ എന്റെ വീട്ടിൽ അല്ലെ നില്കേണ്ടത്.

എനിക്ക് അവകാശപെട്ടതിന്റെ പകുതി അവൾക്കുള്ളതല്ലേ?.ഒരിക്കൽ മേശപ്പുറത്ത് ഓട്സും ആപ്പിളും കണ്ട് എവിടുന്നെന്ന് അമ്മയോട് അന്വേഷിച്ചപ്പോൾ “അത് ആമിനായുടെ കൂടെ വന്ന കുട്ടി കൊണ്ട് വന്നതാണെന്ന് ” അമ്മ മറുപടി പറഞ്ഞത് അവൻ ഓർത്തു.

തനിക്കാരെയും പേടിക്കാനില്ല.അമ്മ എങ്ങനെ പ്രതികരിക്കുമെന്നറിയില്ല.അമ്മയുടെ ജീവിതം അച്ഛനോടുള്ള സമർപ്പണം ആയിരുന്നു.അവള് തന്റെ സഹോദരിയാണ്.അവളുടെ അമ്മയുമായി അച്ഛനെങ്ങനെയാണ് ബന്ധം എന്നൊന്നും അറിയില്ല.അതൊക്കെ കണ്ടു പിടിക്കണം.

അവൻ അവളെയും കൂട്ടി പുറത്തിറങ്ങി.

“സഹോദരന്റെ ബൈക്കിൽ കയറാൻ ധൈര്യമുണ്ടോ .”

അവൾ തല കുനിച്ചു.അവനവളെ ബസ് സ്റ്റാൻഡിൽ കൊണ്ടാക്കി. നേരെ സൈദാലിക്കയുടെ കടയിൽ ചെന്നു.ചില സംശയങ്ങൾക്ക് കൂടി ഉത്തരം തേടേണ്ടതുണ്ടായിരുന്നു .

പട്ടാളക്കാരനായ അച്ഛന് അവളുടെ നാടുമായി എന്ത് ബന്ധം .എങ്ങനെ അവളുടെ അമ്മയെ പരിചയപെട്ടു.എന്നിങ്ങനെ നൂറു നൂറു ചോദ്യങ്ങൾ മനസിനെ അലട്ടാൻ തുടങ്ങി.

“സൈതാലിക്ക ,എന്റെ അച്ഛന്റെ മകൾ എന്റെ അച്ഛന്റെ വീട്ടിൽ അല്ലെ താമസിക്കേണ്ടത്.

ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ അച്ഛന്റെ ആത്മാവിന് ചെയ്ത തെറ്റിന് പശ്ചാത്തപിക്കാൻ അവസരം ഉണ്ടായേനെ . അച്ഛന് മോക്ഷം കിട്ടിയേനെ.അവളെ ഞാൻ കൊണ്ട് പോകുവാ .എന്റെ പെങ്ങളായിട്ടു.”

“മോനെ ,ഞാൻ അത് കേശവൻ നായരോടും സൗദാമിനിയോടും പറഞ്ഞിരുന്നു.അവളെ മനസ് നിറയെ കണ്ടു അനുഗ്രഹിച്ചിട്ടാണ് അയാള് പോയത്.

നിന്നോട് പറയാൻ അവർക്കു വിഷമം ഉണ്ടായിരുന്നു.എല്ലാം കലങ്ങി തെളിഞ്ഞ സ്ഥിതിക്ക് അവളെ ഞാൻ കൊണ്ട് ചെന്നാക്കും നിന്റെ അമ്മയുടെ അടുത്ത്.അവളുടെ കുഞ്ഞെങ്കിലും സനാഥനായി വളരട്ടെ .”

“കേശവൻ നായർക്ക് ചെറുപ്പത്തിൽ പറ്റിയൊരു അബദ്ധമാണ്.നാട്ടിൽ ലീവിന് വരുമ്പോൾ അയാൾ കൂട്ടുകാരൻ മുഹമ്മദിന്റെ വീട്ടിൽ പോയിട്ടേ സ്വന്തം വീട്ടിൽ പോകു.അത് സൗദാമിനിയെ കല്യാണം കഴിഞ്ഞും അയാൾ പതിവ് മുടക്കിയില്ല .

മുഹമ്മദിന്റെ പെങ്ങളുടെ മകളായിരുന്നു നബീസു.അവരെങ്ങനെയോ അടുത്ത് ഒരു കുട്ടിയും ഉണ്ടായി.അവളെ അയാൾ പരസ്യമായി സ്വീകരിച്ചില്ലെങ്കിലും അവളും അയാളുടെ ഭാര്യയായിരുന്നു.അയാൾ വീണു കിടപ്പിലാകുന്നവരെ അയാളുടെ ചെലവിലാണ് അമ്മയും മകളും കഴിഞ്ഞത് .

അയാൾ വീണതോടെ നബീസുവും തളർന്നു .വീട്ടൂപണിക്കൊക്കെ പോയി അവള് കുട്ടിയെ വളർത്തി. നാട്ടുകാരുടെ സഹായത്തോടെ മകളുടെ കല്യാണമൊക്കെ നടത്തി.”

അവൻ തലകുലുക്കി എല്ലാം കേട്ട് കൊണ്ടിരുന്നു.

“ഒരു മകനോട് പറയാമൊന്നു അറിയില്ല. നബീസുവിനെ കേശവന് അത്രയ്ക്ക് ഇഷ്ടമായിരുന്നു.” കൂടുതൽ കേൾക്കാൻ നില്കാതെ അവൻ എഴുന്നേറ്റു. വീട്ടിൽ ചെന്നുകയറുമ്പോൾ അമ്മ സന്തോഷത്തോടെ തൻ്റെ മുറിയൊക്കെ വൃത്തിയാക്കുന്നു.

“കേട്ടോ ഗോവിന്ദാ നമുക്കു രണ്ടാൾക്കും അച്ഛൻ്റെ മുറിയിൽ കൂടാം.ഈ മുറി സൈനുവിന് കൊടുക്കാം.” ഞെട്ടലോടെ അമ്മയുടെ മുഖത്തേക്ക് ഉറ്റു നോക്കി. അമ്മ പുഞ്ചിരിച്ചു.

“നബീസു എൻ്റെ സപത്നിയല്ലേ.അപ്പോൾ സൈനു എൻ്റെ മകൾ തന്നെയല്ലേ.കുറെ അനുഭവിച്ചില്ലേ പാവം .ചെറുപ്പമല്ലേ.ഇനിയുള്ള ജീവിതമെങ്കിലും സ്വസ്ഥമായിരിക്കട്ടെ.

നിൻ്റച്ഛൻ അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകൾക്ക് അനുഭവിച്ചു കഴിഞ്ഞു. ശിക്ഷ വിധിക്കാൻ നമ്മളാരുമല്ല.മറക്കാനും പൊറുക്കാനുമാണ് എൻ്റെ തീരുമാനം”

“ഉം”

“ഞാനും പന്ത്രണ്ട് വർഷമായി നാലു ചുവരുകൾക്കുള്ളിൽ. എനിക്കും പുറത്തിറങ്ങണം. ഒരു മാറ്റം എനിക്കുംവേണം. അവളുടെ കട വിപുലീക്കരികണം.ഞാനും അവളെ സഹായിക്കാൻ പോകാം.”

“എൻ്റെ അമ്മേ”. അവനമ്മയെ നെഞ്ചോട് ചേർത്തു.

“എൻ്റെ മോനു ചേരുന്ന ഒരു സാധു പെൺകുട്ടി എവിടെയോ ഉണ്ട്. അമ്മ കണ്ടു പിടിച്ചു കൊണ്ട് വരും” അമ്മയുടെ ശുഭാപ്തി വിശ്വാസം അയാളെ സന്തോഷവാനാക്കി.