പക്ഷെ കാര്യങ്ങളൊക്കെ പതിയെ പതിയെ കൈവിട്ടു പോയി, മാളവികയുടെ പൊസസീവ്‌ കാരക്ടർ അവനാരോടും മിണ്ടി കൂടാ..

ദൈവസ്പർശം
(രചന: Nisha Pillai)

മനുവിനോട് പിണങ്ങിയാണ് മാളവിക ഹോട്ടലിൽ നിന്നും ഇറങ്ങിയത്.നേരെ പോർച്ചിലേക്കു പോയി ,കാറും എടുത്തു പുറത്തിറങ്ങുമ്പോൾ എങ്ങോട്ടു പോകണമെന്ന് അവൾക്കൊരു നിശ്ചയം ഉണ്ടായിരുന്നില്ല.

മനസ്സ് പറഞ്ഞ വഴികളിലൂടെ അവൾ ഡ്രൈവ് ചെയ്തു. ഒടുവിൽ അവൾ ചെന്നെത്തിപ്പെട്ടത് അവളെ മനു ആദ്യമായി പ്രൊപ്പോസ് ചെയ്ത ഇടത്തേക്കാണ്.

പഴയ പള്ളിയുടെ സെമിത്തേരിക്കും റിസർവോയറിനും ഇടക്കുള്ള സ്ഥലം.അവിടെ നിന്ന് നദിക്കരയിലേക്കൊരു കാട്ടുപാതയുണ്ട്. അവൾ കാർ റോഡ് സൈഡിൽ ഒതുക്കി .ബാഗും പുറത്തെടുത്തു നദിക്കരയിലേക്കു നടന്നു .

ഭക്ഷണം പോലും കഴിച്ചില്ല.കയ്യിലൊരു കുപ്പി വെള്ളവും ബിസ്‌ക്കറ്റും കരുതിയിരുന്നു. അവളുടെ സെൽ ഫോൺ ഓഫ് ചെയ്തു ബാഗിലിട്ടു.

ഇപ്പോൾ സ്വസ്ഥമായി.ആരും ശല്യപെടുത്തില്ല. മനു എം ജോൺ അവളെ തെരഞ്ഞു നടക്കും.അവളുടെ ഉള്ളിലെ സാഡിസ്റ്റ് തല പൊക്കി.

പാലായിൽ എൻട്രൻസ് കോച്ചിങ്ങിനു ചേർന്നതു മുതലുള്ള അടുപ്പമാണ് മനു എം ജോണും മാളവിക നായരും തമ്മിൽ .

പിന്നെ ഒരേ എഞ്ചിനീയറിംഗ് കോളേജിൽ ഒരേ ക്ലാസ്സിൽ നാലു വർഷം.ക്യാമ്പസ് പ്ലേസ്‌മെന്റ് വഴി ഒരേ കമ്പനിയിൽ വീണ്ടും മൂന്നു വർഷം. ഒന്നിച്ചു വർക്ക് ചെയ്യാൻ അവൾക്കു ബുദ്ധിമുട്ടാണെന്നറിഞ്ഞു കൊണ്ടാണ് അവൻ മറ്റൊരു പ്രൊജക്റ്റ് തെരെഞ്ഞെടുത്തത്.

ഒരേ കമ്പനിയിലെ ,അടുത്തടുത്ത മുറികളിൽ അവർ ജോലി ചെയ്തു.ഇടയ്ക്കിടയ്ക്ക് കാണാം,ഒന്നിച്ചു വരാം, ഒന്നിച്ചു പോകാം.വളരെ സന്തോഷമായി പൊയ്ക്കൊണ്ടിരുന്ന അവരുടെ സൗഹൃദം.

അതിനിടയിലാണ് അവൻ നദിക്കരയിൽ വച്ച് ഒരു ചുവന്ന റോസാപൂ നീട്ടി അവളെ അവന്റെ ജീവിതത്തിലെ നായികയാവാൻ ക്ഷണിച്ചത്.അവൾക്കും വളരെ സന്തോഷമായി.

പക്ഷെ കാര്യങ്ങളൊക്കെ പതിയെ പതിയെ കൈവിട്ടു പോയി.മാളവികയുടെ പൊസസീവ്‌ കാരക്ടർ .

അവനാരോടും മിണ്ടി കൂടാ ,അവനാരുടെയും അടുത്തിരുന്നുകൂടാ . അവൾക്കാകെ സംശയം.ഒരേ പ്രൊജക്റ്റ് ആയിരുന്നേൽ അവൻ ഫുൾ ടൈം അവളുടെ കസ്റ്റഡിയിൽ ആയിരുന്നേനെ.

അവന്റെ കൂടെയുള്ള സിതാരയുടെ ബർത്ത്ഡേ ആഘോഷമായിരുന്നു ഇന്ന്.അവരുടെ പ്രൊജക്റ്റ് ടീം മുഴുവനുണ്ട്.ഗസ്റ്റ് ആയി പുറത്തു നിന്ന് അവൾ മാത്രം.ഹോട്ടലും ക്രമീകരണവും ഒക്കെ മനുവായിരുന്നു ഏർപ്പെടുത്തിയത് .

അതൊന്നും അവൾക്കു ഇഷ്ടപ്പെട്ടില്ല.കേക്ക് ആദ്യം വായിൽ വച്ച് കൊടുത്തതും പ്രൊജക്റ്റ് ലീഡറായ മനുവിനായിരുന്നു.അതും കൂടെ കണ്ടപ്പോളാണ് മാളുവിന്റെ കണ്ട്രോൾ പോയത്.

ഡാൻസ് കളിയ്ക്കാൻ മനു നിർബന്ധിച്ചെങ്കിലും അവൻ പിന്മാറി, മനുവും കൂട്ടുകാരും പാട്ടും ഡാൻസും ആയി മുഴുകിയപ്പോൾ അവൾ ആരും കാണാതെ പുറത്തേക്കിറങ്ങുകയായിരുന്നു. ആ വാശിക്കാണ് അവൾ അവനോട് പറയാതെ നദിക്കരയിൽ എത്തിയത്.

മാളവിക അവൾക്കു പരിചയമുള്ള വഴിയേ നടന്നു. വഴിയുടെ ഒരു വശം പഴയ സെമിത്തേരിയുടെ തകർന്ന ഭാഗമാണ്. മുള്ളുവേലി പലയിടത്തും തകർന്നു തുടങ്ങിയിരുന്നു. താഴോട്ടേക്ക് നദിക്കരയിലേയ്ക്കുളള ഇറക്കത്തിലായിരുന്നു അവൾ.

ചരൽ കല്ലുകൾ നിറഞ്ഞ വഴി . നടക്കുന്നതിനിടയിലാണ് അവളവരെ കണ്ടത്. ഒരു അപ്പാപ്പനും അമ്മാമ്മയും.നല്ല തൂവെള്ള നിറത്തിലെ വസ്ത്രങ്ങൾ.ഉജാലയുടെ പരസ്യ മോഡലുകളെ പോലെ.

അപ്പാപ്പൻ മുണ്ടും ജുബ്ബയും അണിഞ്ഞിട്ടുണ്ട്. അമ്മാമ്മയാണ് സുന്ദരി. ചട്ടയും മുണ്ടും നേരിയതും കഴുത്തിൽ കട്ടിക്കൊരു സ്വർണമാല, കാതിൽ മേക്കാമോതിരം. അവരവളെ കണ്ടിട്ടാകും കയ്യാട്ടി അടുത്തേക്ക് വിളിച്ചു.

“മോളെ സമയം എത്രയായി.” അപ്പാപ്പൻ അവളോട് ചോദിച്ചു.

“സമയം ഇപ്പോൾ പന്ത്രണ്ടര കഴിഞ്ഞു.എന്താ ഇവിടെ ഇരിക്കുന്നത് രണ്ടാളും.”

” ഇളയ ചെക്കനെ കാത്തിരിക്കുകയാ .ഇന്ന് വരാമെന്നു പറഞ്ഞിട്ടുണ്ട്.ഒന്നു കാണാൻ കൊതിയായി.”

“മോളെവിടെക്കാ ” അമ്മാമ്മ ചോദിച്ചു.

“ഞാൻ ആ നദിക്കരയിൽ വരെ.”

“ഒറ്റക്കോ ,സൂക്ഷിക്കണം,പെൺകുട്ടികൾ ഒറ്റക്കെങ്ങും അങ്ങോട്ട് പോകാറില്ല.ആരെയും കൂടെ കൂട്ടാത്തതെന്താണ്.”

“സുഹൃത്ത് വരും ,ഞാൻ വിളിച്ചാൽ മതി.”

“അത് ശരി,പിന്നെന്തിനാ താമസം,വിളിക്കൂ.കുറച്ചു കഴിഞ്ഞു ഞങ്ങൾ അങ്ങ് പോകും പിന്നെ മോൾ ഒറ്റക്കാകും.”

“നിങ്ങടെ പ്രായത്തിലുള്ള കുട്ടികൾ ഒറ്റയ്ക്ക് വരണേൽ ആത്മഹത്യ ചെയ്യാനാകും,മിക്കവാറും പ്രണയ നൈരാശ്യം.ഇതങ്ങനെങ്ങാനും ആണോ കൊച്ചെ ”

വീണ്ടും അപ്പാപ്പന്റെ ചോദ്യം.

“അയ്യോ അല്ല.”

“എന്തായാലും ഉടക്കി വന്നതാ ,സത്യമല്ലയോ മോളെ ” അമ്മാമ്മ

അവൾ തലയാട്ടി .സമ്മതം മൂളി.

“എന്നതാ കാര്യം.” അവൾ മനുവിന്റെ കാര്യം ചുരുക്കി അറിയിച്ചു.

“എടി ശോശന്നയെ ഇത് വെറും സൗന്ദര്യ പിണക്കം., കൊച്ചനു നിന്നോട് നല്ല സ്നേഹമുണ്ട്. അല്ലേൽ പിന്നെ ഏഴെട്ടു വർഷം കഴിഞ്ഞു നിന്നോടിങ്ങനെ കെഞ്ചാൻ പുറകെ വരുമോ അവൻ.”

“നീയൊരു കാര്യം ചെയ്യൂ.ആ ഫോണൊന്ന് എടുത്തു നോക്കൂ. ചെറുക്കൻ നിന്നെ തേടി നടക്കുകയാകും.”

അവൾ ഫോൺ ഓണാക്കി.നിറയെ മനുവിന്റെ മെസേജും മിസ്ഡ്കാൾ നോട്ടിഫിക്കേഷനുമായിരുന്നു. അവൾ ഫോൺ ബാഗിൽ തിരികെ വയ്ക്കാൻ തുടങ്ങിയപ്പോൾ മനുവിൻ്റെ വിളി വന്നു.

“മാളു നീ എവിടെയാ ,പേടിപ്പിച്ചു കളഞ്ഞല്ലോ, എത്ര നേരമായി ഞാൻ വിളിക്കുന്നു” അവൾ ഒന്നും മിണ്ടാതെ നിന്നു. അടുത്തിരുന്ന അമ്മാമ്മ അവളുടെ മുടിയിൽ തഴുകി,മുഖം കൊണ്ട് മിണ്ടാൻ ആംഗ്യം കാണിച്ചു.

“മാളു നിന്റെ ഫോൺ ഓഫ് ചെയ്തു വച്ചിരിക്കുകയായിരുന്നോ?.നീ എന്തിനാ പിണങ്ങിയത്. നിസാരകാര്യം മതിയല്ലോ പിണങ്ങി ഓടി പോകാൻ .” അവന്റെ സ്വരത്തിൽ വിഷാദം കലർന്നിരുന്നു.

“എന്റെ പൊന്നു മാളു,ഇത്രയും കാലമായിട്ടു തനിക്കെന്നെ മനസിലായിട്ടില്ലല്ലോ.നീ എവിടെയുണ്ടെന്നെങ്കിലും പറ.”

അപ്പാപ്പനും അമ്മാമ്മയും കണ്ണും കവിളും കൊണ്ടോരോ ആംഗ്യ വിക്ഷേപങ്ങൾ നടത്തി. അവരെ വിഷമിപ്പിക്കാൻ വയ്യാത്തത് കൊണ്ട് അവൾ സംസാരിച്ചു തുടങ്ങി.

“മനു ഞാൻ തന്നെ കാത്തു ഇവിടിരിക്കുകയാ. ഞാൻ എവിടെയുണ്ടാകുമെന്നു നിനക്ക് ഊഹിക്കാൻ കഴിയില്ലേ . എനിക്ക് വിശക്കുന്നു . ഞാൻ ഒന്നും കഴിച്ചിട്ടില്ല. നീ വേഗം ഇങ്ങോട്ടു വാ .” അവൾ ട്രാക്ക് മാറ്റി സംസാരിക്കാൻ തുടങ്ങി.

“നീ എവിടെ കാത്തിരിക്കുന്നു.ഞാൻ എങ്ങനെ ഊഹിക്കാനാ?”

“നീ എന്നെ ആദ്യമായി പ്രൊപ്പോസ് ചെയ്ത സ്ഥലത്തു.”

“അവിടെയോ,എന്റെ കർത്താവെ ,ഒറ്റയ്ക്ക് അവിടെ പോയിരിക്കുന്നു. ഞാനിതായെത്തി. സൂക്ഷിക്കണേ .അരമണിക്കൂറിനുള്ളിൽ ഞാനവിടെ എത്തും.”

അവൾ ഫോൺ കട്ട് ചെയ്തു.അപ്പാപ്പനെയും അമ്മാമ്മയെയും നോക്കി ചിരിച്ചു.

“ആ ചെറുക്കാനൊരു പാവമാണെന്നാ തോന്നുന്നത്,ഇവളാണ് വഴക്കാളി.” അമ്മാമ്മ ചിരിച്ചു

“അതെ അതെ ,നിന്നെ പോലെ ,പെണ്ണുങ്ങൾക്ക് ഇത്തിരി സംശയ രോഗമുണ്ട്.” അപ്പാപ്പൻ

അവളും അമ്മാമ്മയും ഒറ്റകെട്ടായി.

“ചെക്കൻ വരാൻ സമയമായി,അപ്പോൾ ശരി കൊച്ചെ ,പിന്നെ കാണാം.”

അമ്മാമ്മ നേരിയതൊക്കെ ശരിയാക്കി.അപ്പാപ്പൻ മുണ്ടൊന്നു അഴിച്ചു കുടഞ്ഞ് മുറുക്കിയുടുത്തു.

അവളവരോട് യാത്ര പറഞ്ഞു മുന്നോട്ടു നടവഴിയിലൂടെ നടന്നു. ദൂരെ നിന്നു നദിയുടെ ദൃശ്യം തെളിഞ്ഞു. അവൾ നദിക്കരയിലെത്തിയപ്പോൾ ചെരുപ്പൂരി കാല് നനച്ചു. നട്ടുച്ചയാണെങ്കിലും വെള്ളത്തിന് നല്ല തണുപ്പ് .

വെള്ളത്തിൽ കാലിട്ടു അവളവിടെ മനുവിനെ കാത്തിരിപ്പായി.ദൂരെ വെള്ളനിറത്തിൽ ഒരു പന്ത് പോലെയെന്തോ ഒരെണ്ണം അവളുടെ ദിക്കിലേക്ക് വരുന്നുണ്ടായിരുന്നു.അവൾക്കു ഒന്നും മനസിലായില്ല.വെള്ളത്തിലൊഴുകി വരുന്ന പോലെ .

അടുത്തടുത്ത് വരുംതോറും രൂപം വലുതായി .അതൊരു മനുഷ്യനാണെന്ന് മനസിലായി.പിന്നീട് അതൊരു വെള്ള ളോഹ അണിഞ്ഞ ഒരു പാതിരിയാണെന്നും അദ്ദേഹം വെള്ളത്തിന് മുകളിൽ വെറുതെ നിൽക്കുകയാണെന്നും മനസിലായി.

അതോ നടക്കുകയാണോ എന്നൊരു സംശയം തോന്നി .അവളയാളുടെ കാലിലേക്ക് തന്നെ നോക്കികൊണ്ടിരുന്നു.അപ്പോഴേക്കും അദ്ദേഹം അടുത്തേക്ക് എത്തി.അറിയാതെ മുഖത്തേക്ക് നോക്കി.

പിന്നെ അവൾക്കു ആ മുഖത്തു നിന്നും ദൃഷ്ടിയെടുക്കാനായില്ല. അവളെ അദ്ദേഹം ഹിപ്നോടൈസ് ചെയ്ത അവസ്ഥയിലാക്കി. ക്ഷണ നേരം കൊണ്ട് അദ്ദേഹം കരക്കെത്തി.

അദ്ദേഹത്തിന്റെ ആകർഷണ വലയത്തിൽ നിന്നുമവൾക്കു മുക്തി കിട്ടി. അദ്ദേഹം ഒട്ടു നനഞ്ഞിട്ടില്ലായെന്നവൾക്കു മനസിലായി.

അവളുടെ മുന്നിലെത്തിയ അദ്ദേഹം വെള്ളികുരിശു കൊണ്ട് അവളുടെ മൂർദാവിൽ സ്പർശിച്ചു.അവൾ തലകുനിച്ചു അനുഗ്രഹം സ്വീകരിച്ചു.

“കുട്ടിയെന്താ ഇവിടെ ഒറ്റയ്ക്ക് നില്കുന്നെ,ഈ സ്ഥലം അത്ര വെടിപ്പല്ല.വേഗം പൊയ്ക്കോളൂ.” അവൾ പേടിച്ചു പോയി. അദ്ദേഹം തിരിഞ്ഞു അവൾ വന്ന വഴിയിലൂടെ പോയി.റോഡിലേക്ക് ആകും .

അവൾ അവിടെ തന്നെ ഇരുന്നതോർമയുണ്ട്. ഇപ്പോൾ അവൾ മനുവിന്റെ മടിയിലാണ് .അവൻ അവളെ കുലുക്കി വിളിക്കുന്നു.

“മാളു കണ്ണ് തുറക്ക്,നിനക്കിതെന്തു പറ്റി. എങ്ങനെയാ വീണത്. ഭക്ഷണം കഴിക്കാഞ്ഞിട്ടു ആകും.”

അവനവളുടെ ചുണ്ടിലേക്കു കുപ്പിയിലുള്ള വെള്ളം പിടിപ്പിച്ചു കൊടുത്തു.അവൾ എണീറ്റിരുന്നപ്പോൾ അവൻ പറഞ്ഞു.

“നിന്നെ കെട്ടണോ വേണ്ടയോ എന്നാലോചിക്കണമെനിക്ക് .മൂക്കത്താ ശുണ്ഠി!!.ഒരു സ്വസ്ഥതയും തരില്ല.”

അവൾ സോറി പറഞ്ഞു.

“വേറെ ആരേലും നിന്നോട് മിണ്ടുമ്പോൾ എനിക്കാകെ ഭ്രാന്താകുന്നു.അതറിഞ്ഞു നീ പെരുമാറിയാൽ മതി.ഞാൻ ഓക്കേ ആകും.”

“അയ്യടി.അത്രയ്ക്ക് ബുദ്ധിമുട്ടുന്നില്ല.വേറെ പെണ്ണ് കിട്ടുമോന്നു നോക്കട്ടെ .ഹാപ്പി ആയി ജീവിക്കാൻ പറ്റിയില്ലേൽ എന്ത് കിട്ടിയിട്ടും ഒരു കാര്യമില്ല.ഏറ്റവും ഭാഗ്യം വേണ്ടത് പരസ്പരം മനസിലാക്കുന്ന പങ്കാളിയെ കിട്ടാനാണ്.”

“അതിനു നമ്മൾ തമ്മിലെന്ത് പ്രശ്നമാണ്.നീ വാ എനിക്ക് വിശക്കുന്നു..ഞാൻ എന്റെ വാശി മാറ്റും.പകരം നീയെന്നെ മറ്റുള്ളവരുടെ മുന്നിൽ വച്ച് കൂടുതൽ പരിഗണിക്കണം.ഓക്കേ ആണെങ്കിൽ കൈ കൊടുക്ക്.അല്ലെങ്കിൽ ഇപ്പോൾ പിരിയാം.”

അവൾ തിരഞ്ഞു നടന്നു .അവൻ പിറകെ നടന്നു .രണ്ടു പേരുടെയും മുഖത്തു ചെറുപുഞ്ചിരി തെളിഞ്ഞു .അത് പരസ്പരം കാണാതിരിക്കാൻ രണ്ടുപേരും ശ്രമിച്ചു.

“ഞാനിവിടെയുണ്ടെന്നു നിനക്കെങ്ങനെ മനസിലായി,നദിക്കരയിൽ.”

“റോഡിൽ വച്ച് ഒരു പാതിരിയെ കണ്ടു ,നിന്നെ കാത്തു ഒരു പെൺകുട്ടിയിരിക്കുന്നുവെന്നു പറഞ്ഞു .നീ അയാളെ കണ്ടിരുന്നോ ?.വല്ലോം പറഞ്ഞോ എന്നെ കുറിച്ച്.?”

“ഏയ് ഇല്ല ,ഒരു പക്ഷെ അയാളൂഹിച്ചതാകും.”

“ഉം ”

രണ്ടു പേരും കയറ്റം കയറി ക്ഷീണിച്ചു തുടങ്ങി.അപ്പാപ്പനെയും അമ്മാമ്മയെയും കണ്ട സ്ഥലത്തെത്തിയപ്പോൾ അയാൾ ചുറ്റും നോക്കി .

അവരെ കണ്ടില്ല. ഒരു പത്തമ്പതോളം വയസുള്ള ഒരു മനുഷ്യൻ നില്കുന്നത് കണ്ടു. അയാളൊരു കുഴിമാടത്തിനു മുൻപിൽ കണ്ണടച്ച് പ്രാർത്ഥിച്ചു നിൽക്കുകയാണ്.

അവളിരുന്ന കുഴിമാടമായിരുന്നു അത്.അവിടെ വൃത്തിയാക്കി അയാൾ പൂക്കൾ വിതറിയിരിക്കുന്നു. ഒരു മെഴുകുതിരി കത്തിച്ചു വച്ചിരിക്കുന്നു. അതിനടുത്തു തന്നെ ഒരു മദ്യ കുപ്പിയും ഒരു ചെറിയ പൊതിയും വച്ചിരിക്കുന്നു.

അവർ നടന്നപ്പോൾ കരിയിലകൾ പൊടിയുന്ന ശബ്ദം കേട്ടതിനാലാകും അയാൾ കണ്ണ് തുറന്നവരെ നോക്കി ചിരിച്ചു.അവർക്കു നേരെ തിരഞ്ഞു പറഞ്ഞു.

“അപ്പന്റെയും അമ്മയുടെയും കുഴിമാടമാണ്. മരിച്ചിട്ടു പതിമൂന്നു വർഷമായി.

ലോകത്തെവിടെയാണേലും ഞാൻ ഈ ദിവസം ഇവിടെയെത്തും. ചികിത്സ കിട്ടാതെ അപ്പൻ മരിച്ചത്, അതറിഞ്ഞാണ് അമ്മ പോയത്.അന്ന് എന്റെ കയ്യിൽ പൈസ ഇല്ലായിരുന്നു .ഇപ്പോൾ ധാരാളം പൈസയുണ്ട്.അപ്പനും അമ്മയും കൂടെയില്ല.”

അയാൾ കരയാൻ തുടങ്ങി.

“അപ്പന് കള്ളും പോർക്കുമാണ് ഏറ്റവുമിഷ്ടം. പോർക്ക് പ്രത്യേകം മറിയാമ്മേടത്തിയുടെ കടയിൽ പ്രത്യേകം പറഞ്ഞു ചെയ്യിച്ചതാണ് ,അതാ ലേറ്റ് ആയതു.

കള്ളടിക്കാതെ എന്ത് അച്ചായൻ .ഞാനും രണ്ടു നാടൻ അടിച്ചിട്ടാ വന്നത്‌ .അതും വർഷത്തിലൊരിക്കൽ മാത്രം .അപ്പനോട് ഇപ്പോൾ സംസാരിക്കാനും എനിക്കൊരു വിറയലാണ് .”

അവരാരാണെന്നോ എവിടെ നിന്നാണെന്നോ ചോദിക്കാതെ അയാൾ സംസാരിക്കാൻ തുടങ്ങി .പോക്കറ്റിൽ കിടന്ന ഫോണെടുത്തു വൃദ്ധ ദമ്പതികളുടെ ഫോട്ടോ കാണിച്ചു .

“ഇതാണെന്റെ അപ്പനും അമ്മയും.പഴയ ഫോട്ടോയാണ്.”

ആ ഫോട്ടോ കണ്ടു മാളവികയൊന്നു ഞെട്ടി. അമ്മാമ്മയുടെ ചിരി. അവൾ മനുവിനെ മുറുക്കി പിടിച്ചു.

“എന്നാൽ നിങ്ങൾ നടന്നോ .ഞാൻ അവരോടു കുറച്ചു വിശേഷം പറയട്ടെ.” അവർ റോഡിലേക്കുള്ള വഴിയിൽ നടന്നു…

“ഇനി ഇയാളും മരിച്ചതാണോ.”

മനു ഒന്ന് ഞെട്ടി.

“എന്താ മാളു നീ പറഞ്ഞത്.വട്ടായോ നിനക്ക്. എന്റെ ബൈക്കിനു പുറകിൽ കാറെടുത്തു പതിയെ വാ . റെസ്റ്റോറന്റ് വല്ലതും കാണുമ്പോൾ ഞാൻ നിർത്തും. അപ്പോൾ നിർത്തി നല്ല കുട്ടിയായി എന്റെ പിറകിൽ വന്നോണം.”

അവൾ പുഞ്ചിരിച്ചു തലകുലുക്കി.

റോഡിലെത്തി അവൻ ബൈക്ക് സ്റ്റാർട്ടാക്കി. അവൾ പിറകെ അവളുടെ കാറിലും. കാറിന്റെ റിയർ വ്യൂ മിററിൽ കണ്ട വെള്ള ളോഹയിട്ട രൂപത്തിലേയ്ക്കു അവളുടെ നോട്ടം പോയി. അദ്ദേഹം പുഞ്ചിരിച്ചു കൊണ്ട് അവളെ കൈ വീശി കാണിച്ചു.