ഇങ്ങനൊരാവശ്യം പറയുന്ന മാതാപിതാക്കളെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്, വളരെ അസാധാരണമായ പ്രശ്നം..

കൗൺസിലിങ്
(രചന: Nisha Pillai)

ഹരിസുതൻ വീട്ടിൽ വന്നു കയറിയപ്പോൾ സഹധർമിണി ജോളിയമ്മ പൂമുഖം വൃത്തിയാക്കുകയാണ് .

ഹരിസുതന്റെ അമിത വൃത്തിയും ,വീടിനുള്ളിൽ ചെരുപ്പിടാതെ നടക്കുന്നതൊന്നും ജോളിയമ്മക്കു അത്ര ഇഷ്ടമല്ല.അയാൾക്ക്‌ ആരും വീട് വൃത്തികേടാകുന്നത് ഇഷ്ടമല്ല.

എവിടെയെങ്കിലും പൊടിയോ അഴുക്കോ കണ്ടാൽ അയാൾ വെളിച്ചപ്പാടിന്റെ പോലെ വാളെടുത്തു തുള്ളാൻ തുടങ്ങും.

അപ്പോൾ നിങ്ങളെയാണ് കൗൺസിലിംഗ് വിധേയനാകേണ്ടതെന്നു പറഞ്ഞു ജോളിയമ്മ പരിചയുമായി ഇറങ്ങും പിന്നെ കുറെ നേരം വാ കൊണ്ടുള്ള യുദ്ധം .

പതിനാലു വർഷത്തെ പ്രേമസാഫല്യം . അന്യമതസ്ഥർ ആയിട്ടും എല്ലാ എതിർപ്പുകളെയും തരണം ചെയ്താണ് വിവാഹത്തിലെത്തിയത്.

ജോളിയമ്മ തന്നെ ചൂലുമായി മുന്നിട്ടിറങ്ങി വൃത്തിയാക്കും, സഹായിയായി ഹരിസുതനും കൂടെ കൂടും.ഇന്നിപ്പോൾ അവൾ യൂണിഫോം പോലും അഴിച്ചിടാതെയുള്ള ക്ലീനിങ് ആണ്.

“അല്ല ജോളിയെ,ഇന്ന് ഇടിവെട്ടി മഴ പെയ്യുമോ?ഞാൻ പറയാതെ താനിതൊന്നും ചെയ്യില്ലല്ലോ .”

“അതെ ഹരിയേട്ടാ ,എന്റെ ആശുപത്രിയിലെ മെറിൻ ഡോക്ടറും ഭർത്താവും ഇങ്ങോട്ടു വരുന്നുണ്ട്.അലങ്കോലമാക്കിയിട്ടാൽ അവർക്കെന്തു തോന്നും.”

“ആഹാ,അത് കൊള്ളാമല്ലോ ,ഡോക്ടർ ആദ്യമായിട്ടാകും ഒരു നഴ്സിനെ കാണാൻ വരുന്നത് കാര്യമെന്താ.”

“എന്നെ കാണാനല്ല ,നിങ്ങളെ കാണാനാ ഹരിയേട്ടാ ,സംഗതി ഇത്തിരി ഗൗരവമുള്ളതാ.

ഒരു കൗൺസിലിംഗാണ് ആവശ്യം. അവരിപ്പോൾ കയറിങ്ങിയിറങ്ങാത്ത സ്ഥലമില്ല.അവർ ഉറങ്ങിയിട്ട് ദിവസങ്ങളായി.ഇത് പരിഹരിക്കാൻ ഹരിയേട്ടന് കഴിയുമെന്ന് എന്റെ മനസ്സ് പറയുന്നു.”

ഒരു കറുത്ത ഹോണ്ട സിറ്റി അവരുടെ ഗേറ്റു കടന്നു വന്നു.അതിൽ നിന്നും നഗരത്തിലെ പ്രശസ്തനായ ഗൈനക്കോളജിസ്റ്റ് മെറിൻ ജോസഫും പ്രമുഖ ആർക്കിറ്റെക്ട്‌ സണ്ണികുട്ടിയും ഇറങ്ങി വന്നു.

അവരുടെ പ്രായത്തിൽ നിന്നും കുട്ടികൾക്ക് സ്കൂൾ പ്രായമേ ഉണ്ടാകൂ എന്നയാൾ ഊഹിച്ചു.

മിക്കവാറും വിലകൂടിയ ബൈക്ക് ,മൊബൈൽ എന്നിവ ആവശ്യപെടൽ ,മൊബൈലിന്റെ അമിതോപയോഗം ,മയക്കുമരുന്നുപയോഗം ,ക്ലാസ്സിലും പഠനത്തിലും ശ്രദ്ധക്കുറവ് ഇതൊക്കെയാണ് സാധാരണ അയാളുടെ അടുത്തെത്തുന്ന കൗമാര പ്രശ്നങ്ങൾ.

ചെറിയൊരു ആമുഖത്തിനു ശേഷം അവർ പ്രശ്നത്തിലേക്ക് കടന്നു

“സാർ ഞങ്ങളുടെ ഏകമകൻ എയ്ഡൻ സണ്ണി ,അവന്റെ വലിയൊരാഗ്രഹമാണ് ഐ ഐ ടി യിൽ പഠിക്കണമെന്ന്.”

“അതിനെന്താ നല്ല ആഗ്രഹമല്ലേ.ആർക്കാണ് എതിർപ്പ് ?നിങ്ങൾക്ക് ഇഷ്ടമല്ലേ ? ഓഹ് ഡോക്ടർ ആക്കാനാകും നിങ്ങൾക്ക് താല്പര്യം അല്ലേ?”

അവർ പരസ്പരം മുഖത്തോടു മുഖം നോക്കി .

“ഞങ്ങൾക്ക് പ്രത്യേകിച്ച് ഒരു ഇഷ്ടമില്ല .അവന്റെ ഇഷ്ടമാണ് ഞങ്ങളുടെയും ഇഷ്ടം.”

“പിന്നെന്താ ,അവൻ പഠിക്കുന്നില്ലേ നന്നായിട്ട്.”

“അതല്ല സാർ ഞങ്ങളുടെ പ്രശ്നം . അവനെപ്പോഴും വായനയാണ്. പഠിക്കാതിരിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ സാർ?”

ഹരിസുതൻ ഒന്ന് ഞെട്ടി .മൂന്നുപേർക്കും ചായയുമായി വന്ന ജോളിയമ്മയുടെ കയ്യിലിരുന്ന ട്രേയിലെ ചായക്കപ്പുകൾ അത് കേട്ട് വിറകൊണ്ടു,തുളുമ്പി .

“ഇങ്ങനൊരാവശ്യം പറയുന്ന മാതാപിതാക്കളെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്.വളരെ അസാധാരണമായ പ്രശ്നം.”

“സാർ ഉണരുന്നത് മുതൽ ഉറങ്ങുന്നത് വരെ അവന്റെ കയ്യിൽ പുസ്തകങ്ങളാണ്.ഭക്ഷണം കഴിക്കുന്ന സമയത്തു മാത്രം അവനതൊന്നു അടച്ചു വയ്ക്കും.

ആരോടും മിണ്ടാട്ടമില്ല. എന്തെങ്കിലും ചോദിച്ചാൽ തന്നെ ദേഷ്യമാണ്. തീരെ വിശ്രമിക്കാതെ അവൻ പഠിക്കുന്നത് കാണുമ്പോൾ ഞങ്ങൾക്ക് വിഷമമാണ്.എന്തെങ്കിലും അസുഖം വരുത്തി വയ്ക്കുമോയെന്നു പേടിയാണ്.”

എന്നിട്ട് പരീക്ഷകൾക്ക് പ്രതീക്ഷിക്കുന്ന മാർക്കു ഇല്ല അല്ലേ?അതല്ലേ നിങ്ങളുടെ മുഖ്യ പ്രശ്നം?”

“അതുമല്ല ഞങ്ങളുടെ പ്രശ്നം.അവനു എല്ലാ പരീക്ഷകൾക്കും ഫുൾ മാർക്കാണ്.സാധാരണ കുട്ടികളെ പോലെയല്ല അവൻ,യാത്രകൾ ചെയ്യില്ല,പാട്ട് കേൾക്കില്ല,സിനിമ കാണില്ല.ഫോൺ ഉപയോഗിക്കില്ല.

ആ പ്രായത്തിലുള്ള കുട്ടികളുടെ ഒരു വിനോദവും അവനില്ല . ഒരു പക്ഷെ അവനു ഐ ഐ ടി അഡ്മിഷൻ കിട്ടാതിരുന്നാൽ അവൻ തകർന്നു പോകില്ലേ സാർ ,ഞങ്ങൾക്ക് അവൻ മാത്രമേയുള്ളു.

അവനെന്തെങ്കിലും കടുംകൈ ചെയ്താലോയെന്നാണ് പേടി .ഞങ്ങൾക്ക് വേറെ ഒന്നും വേണ്ട.അവനെപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടായാൽ മതി.”

ഹരിസുതൻ ആലോചനയിലായി.അവനു ജയിക്കാനേ അറിയൂ ,അവനെ തോൽപിക്കാൻ പഠിപ്പിക്കണം.

“എന്നിൽ വിശ്വസിച്ചു അവനെ എന്നെ ഏല്പിക്കാമെങ്കിൽ ഞാൻ ഒന്നു ശ്രമിച്ചു നോക്കാം, ഒരു പരീക്ഷണമാണ്.

ഞാൻ പുതിയ ഫിസിക്സ് ട്യൂഷൻ മാഷ് ആണെന്ന് പറഞ്ഞു അവനെ ഇങ്ങോട്ടു പറഞ്ഞു വിടുക ,രണ്ടാഴ്ചത്തെ സമയം കൊണ്ട് വ്യത്യാസം വരുമെങ്കിൽ ഉറപ്പായിട്ടും മാറ്റം വരും.”

അടുത്ത ദിവസം മുതൽ ഏയ്‌ഡൻ പഠിക്കാനെത്തി.കുറെ ലോക കാര്യങ്ങളും കുറച്ചു പഠനവും.ആദ്യ ക്ലാസ്സിൽ കാറിൽ വന്നിറങ്ങിയ അവനോടു ,നാളെ മുതൽ സൈക്കിൾ ചവിട്ടി വരണമെന്നും.,അത് ഓർമശക്തി വർധിപ്പിക്കുമെന്നും പറഞ്ഞു.

സുഹൃത്തായ ഫിസിക്സ് അദ്ധ്യാപകൻ വഴി സംഘടിപ്പിച്ച അതികഠിനമായ ചോദ്യങ്ങൾ വച്ച് നടത്തിയ പരീക്ഷയിൽ അവന്റെ മാർക്ക് കുറയാൻ തുടങ്ങി.

അവനെ തോൽപിക്കാൻ തുടങ്ങി.അവൻ തോൽക്കാൻ പഠിച്ചു തുടങ്ങി.പരാജയം മെല്ലെ മെല്ലെ അവൻ രുചിച്ചറിയാൻ തുടങ്ങി.

“എന്താകും സാർ ,എനിക്ക് ഈയിടെയായി മാർക്ക് വല്ലാതെ കുറയുന്നത്.ഞാൻ നന്നായി പഠിക്കുന്നുണ്ട്.പക്ഷെ..”

“അതെങ്ങനാ ,തലയിൽ വെട്ടവും വെളിച്ചവും ഒക്കെ കയറേണ്ട.എപ്പോഴും ബുക്കുമായി മുറിയിൽ തന്നെ ഇരിക്കുവല്ലേ. നമ്മുക്ക് ഇനിയുള്ള ട്യൂഷനൊക്കെ ഔട്ട്ഡോർ ആക്കാം. ബീച്ചും പാർക്കുമൊക്കെയാ ഫിസിക്സ് പഠിക്കാൻ നല്ലത് .

പണ്ട് ഐസക് ന്യൂട്ടൻ തോട്ടത്തിലിരിക്കുമ്പോഴാ ആപ്പിൾ തലയിൽ വന്നത്.അങ്ങേരെങ്ങാനും മുറിയിൽ ഇരുന്നെങ്കിൽ നമ്മൾ ഗ്രാവിറ്റേഷണൽ ഫോഴ്സ് പഠിക്കുമോ.എല്ലാത്തിനും യോജിച്ച സമയവും സ്ഥലവും ഉണ്ടല്ലോ.”

എയ്‌ഡന്റെ മാറ്റം അവന്റെ മാതാപിതാക്കൾ ഹരിസുതനെ അറിയിച്ചു കൊണ്ടിരുന്നു.

അവരുടെ മകൻ സാധാരണ കുട്ടികളെ പോലെ ആകുന്നുവെന്നു നല്ലൊരു സൂചനയാണ്.പ്രധാന പരീക്ഷക്ക് ഒരാഴ്ച മുൻപ് ഹരിസുതൻ അവരെ മൂന്നാറിൽ ഒരു ചെറിയ ട്രിപ്പിന് പറഞ്ഞയച്ചു.

അതിനു മുൻകൈ എടുത്തത് ഏയ്‌ഡൻ തന്നെയായിരുന്നു. പരീക്ഷയിൽ ഉയർന്ന മാർക്കിൽ ജയിക്കാൻ കഴിയുമെന്ന പ്രതീക്ഷ അവൻ നിലനിർത്തി.

ജോളിയമ്മ ജോലിയിൽ നിന്നും വിരമിച്ച ശേഷം കുട്ടികൾക്കായി ഒരു ഡേ കെയർ വീട്ടിൽ തുടങ്ങി.ഹരിസുതൻ ചെറിയ രീതിയിൽ കൗൺസിലിങ് ഒക്കെയായി ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നു.

ഇപ്പോൾ മൾട്ടി സ്പെഷാലിറ്റി ആശുപത്രികളോട് ചേർന്ന് പുതിയ കൗൺസിലിങ് കേന്ദ്രങ്ങളുണ്ട്.മിക്ക ആൾക്കാർക്കും അതാണ് പഥ്യം.

ജോളിയമ്മ ഊണ് വിളമ്പാനായി വീട്ടിലേക്കു വന്നു കയറിയപ്പോൾ പുഞ്ചിരിച്ചു കൊണ്ടിരിക്കുന്ന ഹരിസുതനെയാണ് കാണുന്നത്.കയ്യിൽ ഫോണും പിടിച്ചിട്ടുണ്ട്.

“എന്താണാവോ ഈ വയസുകാലത്തു ഫോണും നോക്കി ഒരു ദിവാസ്വപ്നം.?”

“എടോ എന്നെ ഇപ്പോൾ സണ്ണിക്കുട്ടി ആസ്‌ട്രേലിയയിൽ നിന്ന് വിളിച്ചിരുന്നു. എയ്‌ഡന്റെ കല്യാണം ശരിയായെന്ന്.

നമ്മൾക്കുള്ള വിസയും ടിക്കറ്റും അയച്ചു തരാമെന്ന് .അവനു ഉടനെ ലീവ് കിട്ടില്ലെന്ന്‌ ,മണിക്കൂറിനല്ലേ ചെറുക്കൻ കാശ് വാങ്ങുന്നത്.അവൻ എത്തേണ്ട സ്ഥലത്തു തന്നെയെത്തിയല്ലോ.

ഒരാഴ്ച ഡേ കെയർ അവധി കൊടുക്കണമെന്ന്.അവന്റെ കല്യാണത്തിന് നമ്മൾ പോയില്ലേൽ പിന്നെങ്ങനെയാ.അവൻ നമ്മുടെ മോനല്ലേടോ ,ഇവിടെ കിടന്നു വളർന്ന ചെക്കനല്ലേ .

നമുക്ക് പോകാം.അവൻ ആദ്യമായി ഈ മുറ്റത്തു കാല് വച്ച ദിവസം ഓർത്തു പോയി.അവനെ കുറിച്ചോർക്കുമ്പോൾ എനിക്ക് ഭയങ്കര അഭിമാനം ആണ്.റെക്കോർഡ് സ്കോർ വാങ്ങിയല്ലേ അവൻ ജയിച്ചത് ”

സ്വന്തമെന്നു പറയാൻ മക്കളില്ലെങ്കിലും ധാരാളം മക്കളുള്ള ഒരച്ഛനും അമ്മയുമാണ് ഹരിസുതനും ജോളിയമ്മയും.ജീവിതത്തെയും ജോലിയെയും ഒരേപോലെ സ്നേഹിക്കുന്ന സാധാരണ ദമ്പതികൾ.

സ്നേഹം മാത്രമാണ് എല്ലാത്തിനും പരിഹാരമെന്ന് എന്ന് വിശ്വസിക്കുന്നവർ. എയ്‌ഡനെ പോലെ നൂറായിരം കുഞ്ഞുങ്ങളുടെ സ്നേഹത്തിന്റെ ചൂടിൽ ജീവിക്കുന്നവർ. പ്രത്യാശയോടെ … അവരിപ്പോഴും ജീവിക്കുന്നു…