ഇന്നവൾ ഉണരാത്തതെന്താകാം, സാധാരണ മനസ്സിൽ എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ അവൾ വല്ലാതെ മൗനിയാകും സന്തോഷം..

ആഴങ്ങളിലെ മീനുകൾ
(രചന: Nisha Pillai)

അഞ്ചു മണിയുടെ അലാറം കേട്ട് വിവേക് ഞെട്ടിയുണർന്നു. എന്നും അലാറം കേട്ടെണീക്കുന്ന അവനീബാല ചരിഞ്ഞു കിടക്കുകയാണ്.

ഇന്നിവൾക്കെന്തു പറ്റി?. സാധാരണ ടോയ്‌ലറ്റിൽ നിന്നും ബ്രഷുമായി ഓടി വന്ന് തന്നെ ഉണർത്തുന്നവൾ,ഇടയ്ക്കിടെ അടുക്കളയിൽ നിന്നും അവളുടെ ഒച്ച കേൾക്കാം.

ഇന്നവൾ ഉണരാത്തതെന്താകാം? സാധാരണ മനസ്സിൽ എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ അവൾ വല്ലാതെ മൗനിയാകും.സന്തോഷം കൂടുമ്പോൾ വല്ലാതെ വാചാലയാകും.അതിനാൽ അവളെ മനസ്സിലാക്കാൻ വളരെ എളുപ്പമാണ്.

“ബാലേ ” അവളുടെ നഗ്നമായ തോളുകളിൽ പിടിച്ച് വിവേക് അവളെ തന്നോട് അടുപ്പിച്ചു. നെറുകയിൽ അമർത്തി ചുംബിച്ചു. ഉണർന്നു കിടക്കുകയായിരുന്നു.കണ്ണുകൾ നനഞ്ഞിരുന്നു.

” വിവേകേട്ടാ,എനിക്ക് തറവാട്ടിൽ ഒന്ന് പോകണം. ഇന്നേട്ടൻ്റെ ഓർമദിനമാണ്. കുറെയായി ഏട്ടൻ്റെയോർമകൾ എന്നെ വേട്ടയാടുന്നു, ഞാനൊന്നു പോയി കണ്ടിട്ടു വരാം. ഇരുപത് വർഷങ്ങൾ…..”

അവൾ നെടുവീർപ്പിട്ടു.

“ഒറ്റയ്ക്കോ,ഇന്നെനിക്കൊരു മീറ്റിംഗ് ഉണ്ട്, അല്ലെങ്കിൽ ഞാനും കൂടി വരാമായിരുന്നു.രണ്ട് മണിക്കൂർ ഡ്രൈവ്, അതും നീയൊറ്റയ്ക്ക്?.”

അവനിബാലയവന് അത്ര പ്രിയപ്പെട്ടതാണ്. സ്വാർത്ഥനായ അവനെ എല്ലാവർക്കും പ്രിയങ്കരനാക്കി മാറ്റിയത് അവളുടെ ട്രെയിനിംഗാണ്.

“അത് സാരമില്ല, പക്ഷേ ആദിത്യൻ്റെ ഇന്നത്തെ കാര്യം വിവേകേട്ടൻ ഏറ്റോളണം. ഇന്നു ഞാൻ ടോട്ടലി ഫ്രീ. തറവാടിപ്പോൾ വിൽക്കണ്ട, എൻ്റേയും കാലശേഷം മതി. അമ്മയും അച്ഛനും ഏട്ടനും ഉറങ്ങുന്ന മണ്ണല്ലേ.”

“എന്നാൽ നീ പെട്ടെന്ന് റെഡിയായിക്കോ. നേരത്തെ പോയാൽ നേരത്തെ വരാമല്ലോ.ഞാൻ രാമേട്ടനെ വിളിച്ച് പറയാം താൻ വരുന്ന കാര്യം. വീട് തുറന്നു വൃത്തിയാക്കിയിടും.ഉച്ചയ്ക്ക് ഭക്ഷണം വേണമല്ലോ.”

“അതൊന്നും വേണ്ട, ഭാനുമതിചേച്ചി സ്ട്രോക്ക് വന്നതിൽ പിന്നെ രാമേട്ടൻ തറവാട്ടിലെ കാര്യസ്ഥപണിയൊക്കെ വിട്ടു. വെറുതെ ആ പാവത്തിനെ ബുദ്ധിമുട്ടിക്കണ്ട. ഞാൻ പോയി കണ്ടോളാം.താക്കോൽ മേടിക്കണമല്ലോ.”

തറവാട്ടിലേയ്ക്കുള്ള യാത്രയിൽ മുഴുവൻ ഏട്ടനായിരുന്നു മനസ്സിൽ. ഏട്ടന് താനെന്നു വച്ചാൽ ജീവനായിരുന്നു.

ഏട്ടനോടൊപ്പം ജീവിക്കാൻ പതിനൊന്ന് വർഷമേ കഴിഞ്ഞുള്ളൂവെങ്കിലും അതിന് ശേഷമുള്ള ഇരുപത് വർഷങ്ങളും ഏട്ടൻ്റെയോർമകൾ താലോലിച്ചാണ് കഴിഞ്ഞത്.

ഏഴു വർഷം മുൻപ് അവനിയുടെ ജീവിതത്തിലേയ്ക്ക് വന്ന വിവേകിനു പോലും അവളുടെ ഏട്ടൻ അത്രത്തോളം പരിചിതനാണ്. ഇന്ന് ജൂലൈ പന്ത്രണ്ട്, ഏട്ടൻ മരിച്ച ദിവസം.

അമർത്യൻ ,അങ്ങനെയായിരുന്നു മൂത്തമകനെ വക്കീൽ ബാലകൃഷ്ണൻ വിളിച്ചത്. “അനശ്വരനായവൻ”, എന്നർത്ഥത്തിൽ, പതിമൂന്നാം വയസ്സിൽ തൊടിയിലെ കുളത്തിൽ മുങ്ങാംകുഴിയിട്ടവൻ. എല്ലാവർക്കും മരണം വരെയുള്ള വേദന തന്നിട്ട് ആഴങ്ങളിലെ മീനുകളോടൊപ്പം അവൻ പോയി.

അച്ഛനും അമ്മയും ജീവിതകാലം മുഴുവൻ തൊടിയിലെ കുളത്തിൻ്റെ ഭാഗത്തേയ്ക്ക് പോയിട്ടില്ല. അച്ഛൻ വക്കീൽ പണി നിർത്തി,അമ്മ രോഗിയായി. അവനിയുടെ പുത്രൻ ആദിത്യനെ കയ്യിലേറ്റു വാങ്ങുമ്പോൾ അമ്മ അമർത്യയെന്ന് വിളിച്ചവൻ്റെ ചെഞ്ചുണ്ടുകളിലും കവിളുകളിലും ഉമ്മ വച്ചു.

അമ്മയുടെ തറവാട്,മരുമക്കത്തായം നിലനിൽക്കുന്നതിനാൽ തായ് വഴി അമ്മയ്ക്ക് കിട്ടിയ ഓഹരി.ആ അമ്മവഴിയിലെ ഒരേയൊരു പെൺകൊടി,അവനീബാല.

തറവാട്ടിലെ രാജകുമാരി.കാരണവരായി അമർത്യൻ. ജോലിക്കാരടക്കം എല്ലാവരാലും ഓമനിയ്ക്കപ്പെട്ട ബാല്യകാലം. മൂന്നേക്കറോളം വരുന്ന ഭൂമിയിൽ തെക്ക് കിഴക്കായി ഒരു യമണ്ടൻ കുളം.

അകത്തമ്മമാർക്ക് വേണ്ടി വീടിന്റെ പുറകുവശത്തൊരു കുളിമുറി പണിതു.അതിൽ പിന്നേ കുളം ഭാനുമതിയേച്ചിയ്ക്ക് തുണിയലക്കാനുള്ള താവളമായി.

ആ സമയത്ത് മാത്രം ഏട്ടനും അനിയത്തിയ്ക്കും കുളത്തിനടുത്തേയ്ക്ക് പോകാൻ അനുമതിയുണ്ടാകും.

കരയിലിരുന്ന് വെള്ളത്തിൽ കാലിട്ടടിക്കാം, ജലപരപ്പിൽ നീന്തിതുടിക്കുന്ന മീനുകളെ കാണാം, കല്ലിൻ്റെ ഇടയിൽ നിന്നും തലയിട്ടു നോക്കുന്ന തവളകളെ കാണാം, അതിനെ പിന്തുടരുന്ന നീർക്കോലികളെ കാണാം.

അച്ഛനും അമ്മയുമറിയാതെ രാമേട്ടൻ ഏട്ടനെ നീന്തൽ പഠിപ്പിക്കാൻ ശ്രമിച്ചു. തവളകളെ കൊന്ന് രഹസ്യമായി തവളയിറച്ചി വറുത്തു തന്നു.

അച്ഛനേക്കാൾ കരുത്തനായ, നീന്തലറിയാവുന്ന ,മരംകയറ്റം അറിയാവുന്ന, സൈക്കിൾ ചവിട്ടുന്ന,ചൂണ്ടയിട്ട് മീൻ പിടിക്കുന്ന രാമേട്ടനായിരുന്നു,ഏട്ടൻ്റെ എന്നത്തേയും ഹീറോ. രഹസ്യമായി ബാലയോട് രാമേട്ടൻ്റെ മകൾ മീനുവിനെ കല്യാണം കഴിക്കുമെന്ന് സത്യവും ചെയ്തു.

അമ്മയറിയാതെ ഭാനുമതിചേച്ചി അവരെ കുളത്തിൽ കുളിപ്പിച്ചു.കഥകൾ പറഞ്ഞു കൊടുത്തു.കാര്യസ്ഥൻ ആയിരുന്നെങ്കിലും രാമേട്ടൻ അമ്മയ്ക്ക് സ്വന്തം സഹോദരനെ പോലെയായിരുന്നു.

രാമേട്ടനും കുടുംബവും. പളനിയിൽ പോയ ഞായറാഴ്ച ദിവസം,അമ്മ കുളിക്കാൻ കയറിയ നേരം ഏട്ടനവളോട് കുളത്തിൽ പോകാമെന്ന് പറഞ്ഞു. അമ്മയെ പേടിച്ച് ഏട്ടൻ അവളെക്കൂട്ടാതെ ഒറ്റയ്ക്ക് പോകാൻ തുനിഞ്ഞു.

“നീ ഇവിടെ ഇരിയ്ക്ക്,ഞാൻ പോയിട്ട് പെട്ടന്നു വരാം.അമ്മ അറിഞ്ഞാൽ നമ്മളെ തല്ലും.”

അവൾ ചിണുങ്ങി

“ഞാനും വരും, ഒറ്റയ്ക്ക് പോയാൽ ഏട്ടൻ കുളത്തിൽ വീണ് ചത്തുപോയാൽ ആര് രക്ഷിക്കും. എന്നെയിട്ടിട്ട് പോയാൽ ഞാനമ്മയോട് പറഞ്ഞു കൊടുക്കും.”

“ഇത് ശല്യമാണല്ലോ, വേഗം വന്നേ ,അമ്മ കുളിച്ചിറങ്ങുന്നതിന് മുൻപ് മടങ്ങി വരണം.”

സ്വച്ഛമായി കിടക്കുന്ന ജലപരപ്പിൽ, അങ്ങിങ്ങ് മീനുകൾ. നല്ല തണുത്ത ജലം. അവൾ തണുത്ത വെള്ളത്തിൽ കാലിട്ടടിച്ചപ്പോൾ, ഏട്ടൻ കുപ്പായമൂരി നിക്കർ മാത്രമിട്ട് വെള്ളത്തിലേയ്ക്ക് ചാടി.

ചാട്ടത്തിൻ്റെ ഊക്കിൽ അവളുടെ പുറത്തേയ്ക്ക് തെറിച്ചു വീണ വെള്ളം അവളുടെ കുപ്പായത്തെ നനച്ചു. ഏട്ടൻ വശങ്ങളിൽ പിടിച്ച് നീന്താൻ തുടങ്ങി.

“നിനക്കറിയാമോ മീനുകൾ കണ്ണു തുറന്നാണ് ഉറങ്ങുന്നത്,കുളത്തിൻ്റെ ആഴത്തിൽ അവരുറങ്ങുകയാകും.താഴേയ്ക്ക് നീന്തി ചെന്നാൽ കാണാം ഉറങ്ങുന്ന മീനുകളെ.”

“അവരെയാരാണേട്ടാ താരാട്ടു പാടിയുറക്കുന്നത്.ആഴത്തിൽ ചെന്നാൽ നമുക്കും അതു കേൾക്കാൻ പറ്റുമോ? ”

” പിന്നെ കേൾക്കാലോ,ഞാൻ കേട്ടിട്ടുണ്ട്. ”

ഏട്ടൻ ആഴത്തിൽ മുങ്ങാംകുഴിയിട്ട് താരാട്ട് കേൾക്കാൻ പോയി.അനിയത്തി കരയിൽ കാത്തിരുന്നു. കുറെ കഴിഞ്ഞും ഏട്ടൻ പുറത്ത് വന്നില്ല.

പുറത്തെടുത്തപ്പോൾ മീനുകളെ പോലെ കണ്ണുതുറന്നുറങ്ങുന്ന ഏട്ടനെയാണ് അവൾ കണ്ടത്. അവൾ ഏട്ടനെ കാണാതിരിക്കാൻ ആരോ വെള്ളതുണി കൊണ്ടവൻ്റെ മുഖം മറച്ചു കളഞ്ഞു. പിന്നെയവൾ ഏട്ടനെ സ്വപ്നങ്ങളിൽ മാത്രം കണ്ടു.

“രാമേട്ടാ,വിവേകാണ്,ബാല തിരിച്ചുവോ, ഇങ്ങെത്തിയില്ല ഇതേവരെ.”

“ബാലകുഞ്ഞോ, ഇവിടെ വന്നില്ലല്ലോ മോനേ, ഞാനിന്ന് ഭാനുവിനേയും കൊണ്ട് ആശുപത്രിയിൽ പോയി.”

“രാവിലെ ഇവിടെ നിന്നിറങ്ങിയതാ രാമേട്ടാ, എനിക്കാകെ ടെൻഷനാകുന്നു.”

മോൻ വിഷമിയ്ക്കാതെ.ഞാൻ ഒന്നത്രടം വരെ പോയി നോക്കട്ടെ.”

ഗേറ്റു തുറന്നപ്പോൾ,തറവാട്ടിൽ മരപ്പട്ടികളുടെ കൂട്ടയോട്ടം,ആ ശബ്ദത്തിൽ,ഉത്തരത്തിൽ നിന്നും പ്രാവുകൾ പറന്നുയർന്നു. കാർ പോർച്ചിൽ നിർത്തിയിട്ടിരിക്കുന്ന കാർ. തൊടിയിലെ അമർത്യൻ്റെ കുടീരത്തിനു മുന്നിൽ നീളത്തിൽ കൊരുത്തിട്ട മുല്ലപ്പൂമാല.

കത്തിയെരിഞ്ഞ അഗർബത്തിയുടെ അവശേഷിപ്പുകൾ.മുന്നിൽ ഊരിയിട്ട ചെരുപ്പും ഹാൻഡ് ബാഗും. അവിടെയെങ്ങും ബാലയെ കണ്ടില്ല. കുളത്തിനടുത്തേയ്ക്ക് നടന്നു. വെള്ളത്തിൽ കമഴ്ന്നു കിടക്കുന്ന സ്ത്രീരൂപം.

ജലപരപ്പിൽ പരന്നു കിടക്കുന്ന മുടിയിഴകൾ. പൊത്തിൽ നിന്നും തല പുറത്തേയ്ക്കിട്ടു നോക്കുന്ന തവളകൾ. തലയിൽ കൈ വച്ച് നിലത്തിരുന്നു പോയി രാമേട്ടൻ. ഫോൺ ശബ്ദിച്ചു, വിവേകിനോട് എന്തു പറയണമെന്നറിയാതെ രാമേട്ടൻ കുഴങ്ങി.

പിറകിൽ നിന്നുമവളുടെ ചിരി കേൾക്കാം

“ആദ്യം ഞാൻ അച്ഛനേയും അമ്മയേയും കണ്ടു. ഏട്ടനെ ഞാൻ കാണാതിരിക്കാൻ അമ്മ കുറെ ശ്രമിച്ചതാ.ഞാൻ ചെന്നപ്പോൾ ഏട്ടൻ കണ്ണ് തുറന്ന് ഉറങ്ങുന്നു,താരാട്ട് കേട്ട്.എന്നെയും വിളിച്ചു.എത്ര നാളാ ഏട്ടനൊറ്റയ്ക്ക്.ഞാനെന്നു വച്ചാൽ ഏട്ടനിപ്പോഴും ജീവനാണ്.”

ആമ്പുലൻസ്സ് വന്നു അവനീബാലയുടെ ശരീരം അതിൽ കിടത്തിയപ്പോൾ രാമൻ നായർ തറവാട്ടിലെ ഉമ്മറത്ത് കിടക്കുകയായിരുന്നു.

അമർത്യനെ ഉറക്കാൻ അമ്മ പാടിയ “കണ്ണേ കൺമണിയേ ” എന്ന ഗാനം കേട്ടു കൊണ്ട്…ആ സമയത്ത് അവനിയുടെ വാർത്ത കേട്ട് ഭാനുമതിചേച്ചി കുഴഞ്ഞു വീണു…